scorecardresearch

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം 12

“പബ്ലിക് പെർസപ്‌ഷനു വേണ്ടിയുള്ള ഓഫീസ് എന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. എന്തായിരിക്കും കവി ഉദ്ദേശിച്ചത്? കമ്മ്യൂണിസത്തെ കുറിച്ചുള്ള പബ്ലിക് പെർസപ്‌ഷൻ മാറ്റാനുള്ള ഓഫീസ് എന്നോ? എന്തായാലും ഞങ്ങൾ ചെറുകിട ടാങ്കികൾക്ക് കുളിരു പകരാൻ മറ്റെന്തുവേണം?” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം "മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ" പന്ത്രണ്ടാം ഭാഗം

“പബ്ലിക് പെർസപ്‌ഷനു വേണ്ടിയുള്ള ഓഫീസ് എന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. എന്തായിരിക്കും കവി ഉദ്ദേശിച്ചത്? കമ്മ്യൂണിസത്തെ കുറിച്ചുള്ള പബ്ലിക് പെർസപ്‌ഷൻ മാറ്റാനുള്ള ഓഫീസ് എന്നോ? എന്തായാലും ഞങ്ങൾ ചെറുകിട ടാങ്കികൾക്ക് കുളിരു പകരാൻ മറ്റെന്തുവേണം?” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം "മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ" പന്ത്രണ്ടാം ഭാഗം

author-image
G Sajan
New Update
Sajan G | Travelogue

വിട, കിർഗിസ്താൻ

പിറ്റേന്ന് അതിരാവിലെ മാർക്കറ്റിൽ നിന്ന് പുറപ്പെടുന്ന മഷ്‌റൂക്കയിൽ ഞങ്ങൾ ഫെർഗാന (Fergana) താഴ്വരയിലെ ഓഷ് എന്ന പട്ടണത്തിലേക്ക് പുറപ്പെട്ടു. ചെറിയ തണുപ്പുണ്ട്. എന്നാൽ രാവിലെ തന്നെ സ്കൂളിലേക്ക് പോകുന്ന കുട്ടികളും ജോലിക്ക് പോകുന്ന സ്ത്രീകളും വണ്ടിയിലുണ്ട്. രാവിലെ മീറ്റ് റോൾ കടിച്ചു പറിച്ചു തിന്നുകൊണ്ട് യാത്രക്കൊപ്പം തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്ന പെൺകുട്ടി ഞങ്ങളെ കൗതുകത്തോടെ നോക്കുന്നു.

Advertisment

മഷ്രൂക്ക യാത്ര ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുൻപ് ഒരു ആൺകുട്ടിയും പെൺകുട്ടിയും വണ്ടിയിലേക്ക് ഓടിക്കയറിവന്നു. ഞങ്ങളുടെ തൊട്ടുപിറകിലുള്ള സീറ്റാണ് അവരുടേത്. എന്നാൽ ഞങ്ങളെ കണ്ടപ്പോൾ ഇരുവരും ഒരു മിനിറ്റ് നിന്നു. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് കൈകൂപ്പി ഇരുവരും പറഞ്ഞു:

“നമസ്തേ...”

ഒരു നിമിഷം ഞങ്ങൾ വിസ്മയ തരളിതരായി. എവിടെയാണ് ഞങ്ങൾ? ഭൂമിയുടെ ഏതു ഭാഗത്ത്? ആരാണ് ഇന്ത്യൻ ഭാഷയിൽ സ്നേഹത്തോടെ ഞങ്ങളെ വണങ്ങുന്നത്?

റഷ്യയിൽ നിന്ന് യാത്രയാരംഭിച്ചു എത്രയോ കാലമായി ഏതൊക്കെയോ രാജ്യങ്ങളിൽ സഞ്ചരിക്കുന്ന  യുവ ദമ്പതികളാണ് സാഷയും ബാഗ്‌ദനും  കണ്ടാൽ കഷ്ടി ഇരുപതു വയസ്സ് തോന്നും. ഇപ്പോൾ അവർ പഴയ സോവിയറ്റ് സ്ഥാനുകളിലൂടെ സഞ്ചരിക്കുകയാണ്. അവർ ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരുന്നു.

Advertisment

ചെറിയ ഈ യാത്രയ്ക്കിടയിൽ തന്നെ ഞങ്ങൾക്ക് അന്യോന്യം വലിയ അടുപ്പം തോന്നി. അവരുടെ അടുത്ത ലക്ഷ്യം ഇന്ത്യയാണ് എന്ന് പറഞ്ഞപ്പോൾ അബു ഫോൺ നമ്പറുകൾ കൈമാറി. ഇന്ത്യയിൽ വന്നാൽ കേരളത്തിലേക്ക് വരൂ. അബു ക്ഷണിച്ചു. ഇങ്ങനെ യാത്രയിൽ ധാരാളം കൊടുക്കൽ വാങ്ങലുകൾ ഉണ്ടാവാറുണ്ട്. എങ്കിലും ഇവരോട് പിന്നീട് വലിയ ആത്മബന്ധം ഉണ്ടാവും എന്നോ ഈ രണ്ടു കുട്ടികൾ ഞങ്ങളുടെ ചിന്തകളെയും ജീവിതത്തെയും ഇത്രയേറെ സ്വാധീനിക്കുമെന്നോ  ഞങ്ങൾ അപ്പോൾ കരുതിയതേയില്ല. ആ കഥ വിശദമായി പിന്നീട് പറയാം.

നവംബർ മാസം ശൈത്യത്തിന്റെ തുടക്കമാണ്. ഇംഗ്ലീഷിൽ autumn, fall എന്നൊക്കെ പറയും. മലയാളത്തിൽ ഹേമന്തം, ശരത്കാലം എന്നീ ഋതുക്കൾ ഇതാണ് പ്രതിപാദിക്കുന്നത് എന്ന് തോന്നുന്നു. എന്തായാലും മലയാളിക്ക് വളരെ അപരിചിതമായ ഒരു ഋതുവാണിത്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിലും സിനിമ പാട്ടിലും മാത്രമാണ്  നമുക്ക് ഈ ഋതു പരിചയം. പേര് മാത്രമല്ല ഈ ഋതുവിന്റെ മാസ്മരികമായ അനുഭവവും നമുക്കില്ല.  അത്തരമൊരു കാലപ്പകർച്ച  നേരിട്ട് കണ്ടപ്പോഴുള്ള വിസ്മയം വിവരിക്കുക പ്രയാസം.

Sajan G | Travelogue

ഇംഗ്ലീഷിൽ പറയുന്നത് പോലെ riot of colours. നിറങ്ങളുടെ കലാപം. പച്ച ഏതാണ്ട് ഇല്ലാതാവുന്നു. മഞ്ഞയും ചുവപ്പും ഓറഞ്ചും പിങ്കും കലർന്ന വർണങ്ങൾ പ്രകൃതിയെ കീഴടക്കുന്നു. പ്രകൃതിയുടെ അപൂർവമായ വർണ്ണക്കാഴ്ച. ഞങ്ങൾ സഞ്ചരിക്കുന്ന റോഡിനിരുവശവും വിശാലമായ തവിട്ട് പാടങ്ങളുടെ പശ്ചാത്തലത്തിൽ മരങ്ങളിൽ പച്ച നിറം മാറി നിറങ്ങളുടെ മഹാപ്രവാഹമാണ്.

“ഫാളിനെ കുറിച്ച്  ബിൽ ബ്രൈസൺ എഴുതിയത് അച്ഛൻ ഓർക്കുന്നുണ്ടോ?” അബു ചോദിച്ചു.

എങ്ങനെ മറക്കാനാണ്? അമേരിക്കയിലൂടെ ഉള്ള  യാത്രയിലാണ് ബ്രൈസൺ തന്നെ ഒരു ജോൺ ഡെൻവർ ആക്കി മാറ്റാൻ കഴിവുള്ള ശരത്കാലത്തേക്കുറിച്ചു എഴുതുന്നത്. വർഷത്തിൽ  ഒരിക്കൽ ഒന്നോ രണ്ടോ ആഴ്ച ന്യൂ ഇംഗ്ലണ്ടിൽ നിറങ്ങളുടെ ഒരു വിസ്ഫോടനം ഉണ്ടാവും. ഓരോ നിറത്തിനും ഓരോ മരത്തിനും പ്രത്യേക വ്യക്തിത്വം കൈവരുന്ന കാലം. സാധാരണ ഗതിയിൽ തറയിലെ വെള്ളം തുടച്ചെടുക്കാവുന്നത്ര ഉണങ്ങിയ ഭാഷയിൽ എഴുതുന്ന പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞൻ പോലും പ്രകൃതിയുടെ ഈ മഹാ മാസ്മരികതയിൽ തലകുത്തി വീണു പോകും എന്നാണ് ബ്രൈസൺ പറയുന്നത്.

സാധാരണ ഗതിയിൽ “തടിച്ച ശിഖരങ്ങളും പഞ്ച കോണാകൃതിയിലുള്ള ഇലകളും ചെതുമ്പലുകൾ പോലുള്ള തൊലിയും…” എന്ന മട്ടിൽ എഴുതിയിരുന്ന ഇദ്ദേഹം ശരത്കാലത്തിന്റെ മാസ്മരികത കണ്ടപ്പോൾ “സമുദ്രത്തിന്റെ സംഗീതാത്മകമായ തിരമാലകൾക്ക് മുകളിലൂടെ ഉഗ്ര പ്രതാപിയായി സഞ്ചരിക്കുന്ന ഗാനം പോലെ...” എന്നൊക്കെയാണ് ഈ ഋതുവർണ്ണന നടത്തുന്നത്.

ആർസലാൻബോബിൽ (Arsalanbob) നിന്ന് മലയിറങ്ങി താഴ്വരയിലൂടെ മഷ്രൂക്ക മുന്നോട്ട് നീങ്ങുകയാണ്. പുറത്തുനിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. ചെറിയ തണുത്ത കാറ്റുണ്ട്. യാത്രക്കാർ ചെറിയ മയക്കത്തിലാണ്. ഇടയ്ക്കൊക്കെ വണ്ടിയിൽ നിന്ന് ചിലർ ഇറങ്ങുന്നുണ്ട്. ചിലർ കയറുന്നുമുണ്ട്. കൂടുതലും സ്ത്രീകളാണ് എന്നത് കൗതുകമായി തോന്നി. അതിരാവിലെ ഇവരെല്ലാം പണിസ്ഥലങ്ങളിലേക്ക് പോവുകയാണ്.

Sajan G | Travelogue

അടുത്ത ലക്ഷ്യം ഓഷ് (Osh) എന്ന അതിർത്തി പട്ടണമാണ്. ഓഷിനെക്കുറിച്ച് വലിയ പ്രതീക്ഷയുമായാണ് ഞങ്ങൾ പോകുന്നത്. ബിഷ്കെക്കിൽ വച്ച് കണ്ട പാകിസ്താനി സുന്ദരി സൈറ ആണ് അബുവിൽ ഓഷിനെക്കുറിച്ചുള്ള വർണ ചിത്രങ്ങൾ വിതറിയത്.

“ ബിഷ്കെക്കിനേക്കാൾ സുന്ദരമാണ് ഓഷ്. “ അവൾ പറഞ്ഞു: “നിറയെ അരുവികളും പൂന്തോട്ടങ്ങളും വിശാലമായ മൈതാനങ്ങളും നിറഞ്ഞ ഒരു താഴ്വര.”

അങ്ങനെ വലിയ പ്രതീക്ഷയിൽ യാത്ര തുടർന്ന ഞങ്ങളെ  ആദ്യനോട്ടത്തിൽ ഓഷ് നിരാശപ്പെടുത്തി.  

"ഒരു ഗാസിയാബാദ് ലുക്ക്," ബിന്ദു പറഞ്ഞു.

സത്യം, ആകെ കാണുന്നത് ഒറ്റ മരം പോലുമില്ലാത്ത വലിയ അപാർട്മെന്റ് കോംപ്ലക്സുകളും പണി പൂർത്തിയാകാത്ത വലിയ റോഡുകളും കൂറ്റൻ പാലങ്ങളും മാത്രം.

"ഇതാണോ നിന്റെ പാകിസ്താനി സുന്ദരി പറഞ്ഞ മനോഹര നഗരം?" ബിന്ദു അബുവിനെ കളിയാക്കി. എന്തായാലും കിർഗിസ്ഥാനിലെ അവസാനത്തെ നഗരമാണ്. യാത്രയുടെ ലഹരി മുഴുവൻ ഞങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ഏത് അനുഭവത്തേയും മുഴുവനായും ഉൾക്കൊള്ളുക എന്നതാണ് യാത്രയുടെ സാഫല്യം.

Sajan G | Travelogue

ഓഷ് ബസ് സ്റ്റേഷനിൽ ഞങ്ങൾ ബാഗ്‌ദനോടും സാഷയോടും യാത്ര പറഞ്ഞു. "കേരളത്തിലേക്ക് വരൂ," ബിന്ദു അവരെ വീണ്ടും ക്ഷണിച്ചു.

ടാക്സിയിൽ  ഹോംസ്‌റ്റേയിൽ എത്തിയതോടെ ഞങ്ങളുടെ അഭിപ്രായം മാറിത്തുടങ്ങി എന്ന് തോന്നുന്നു. ഞങ്ങൾ ആദ്യം എത്തിയത് നഗരത്തിന്റെ ഇപ്പോഴും വളരുന്ന പ്രാന്ത പ്രദേശങ്ങളിൽ എവിടെയോ ആവണം. എന്നാൽ നഗരത്തിന്റെ പഴയ ഭാഗം വലിയൊരു നദിയുടെ ഇരുവശത്തുമാണ്.  നദിക്കു ചുറ്റും വലിയ ഒരു പാർക്കുണ്ട്. അതിനിരുവശവുമായി വിശാലമായ റോഡുകളും നടപ്പാതകളും. പാർക്കിൽ നിന്ന് നടക്കാനേ ഉള്ളൂ ഹോംസ്റ്റേയിലേക്ക്.

ഇവിടെയും നടത്തിപ്പുകാരി ഗുൽഷാദാ എന്ന  ഒരു ഉസ്ബക്ക്  വനിതയാണ്. ഗുൽഷാദാ എന്നാൽ പൂന്തോട്ടം എന്നാണ് അർഥം. ഹോംസ്റ്റേയുടെ പേര് 'Lovely Place for You.' താമസക്കാരാകട്ടെ ഏഴോളം റഷ്യക്കാരും. വലിയ മതിലിനോട് ചേർന്നാണ് മുറ്റവും പഴയ ശൈലിയിലുള്ള വീടും. മുറ്റത്തു ചെറിയ അടുക്കളയുണ്ട്. നമുക്ക് വേണമെങ്കിൽ ഇവിടെത്തന്നെ പാചകം ചെയ്യാം.

വിശാലമായ മുറ്റം നിറയെ മുന്തിരിക്കുലകൾ വളർന്നു പടർന്നുനിൽപ്പുണ്ട്. ഗുൽഷാദാ എന്ന പേര് അന്വർത്ഥമാക്കും വിധം വീട് മുഴുവൻ പൂന്തോട്ടങ്ങൾ. മുറ്റത്തിട്ടിരിക്കുന്ന വലിയ കട്ടിലുകളിലും ബെഞ്ചുകളിലും കസേരകളിലും അതിഥികളായ റഷ്യക്കാർ ചായയും കുടിച്ചു സൊറ പറഞ്ഞിരിക്കുന്നു.

ഗുൽഷാദാ ഞങ്ങൾക്കെല്ലാം വേണ്ട പലതരം പഴങ്ങൾ അരിഞ്ഞു തുടർച്ചയായി വിതരണം ചെയ്യുന്നുണ്ട്. ചിലർ തുടർച്ചയായി ചായയുണ്ടാക്കി വിതരണം ചെയ്യുന്നു. ഞങ്ങൾ ഇതേവരെ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ റഷ്യൻ കുടുംബങ്ങളാണ് താമസിക്കുന്നത്. ഏറ്റവും മുതിർന്നയാളിന് എഴുപതു വയസ്സിൽ കൂടുതലുണ്ടാവും. അദ്ദേഹം പൊതുവെ നിശബ്ദനായി, ഇടയ്ക്ക് മാത്രം പുറത്തിറങ്ങി എന്തോ ആലോചിച്ചു പുകവലിച്ചുനിൽക്കുന്നത് മാത്രം കാണാം.

ചെറുപ്പക്കാരായ ദമ്പതിമാർ വീട്ടുടമസ്ഥയുമായി ഏറെ അടുത്തുകഴിഞ്ഞു. ഏറെക്കാലമായി അവർ ഇവിടെ താമസിക്കുകയാണല്ലോ. കുട്ടികൾ ലോകത്ത് എവിടെയും എന്നപോലെ കുന്നായ്മകൾ കാട്ടി കറങ്ങി നടക്കുന്നു. ഈ ചെറിയ വീടിന് പുറത്തുള്ള വലിയ ലോകമോ അതിലും വലിയ യുദ്ധങ്ങളോ ഒന്നും ഈ കുട്ടികൾക്ക് ബാധകമല്ല. കിർഗിസ്ഥാനിലെ ഞങ്ങളുടെ അവസാനത്തെ താമസസ്ഥലമാണ്. രണ്ടുദിവസത്തിനുള്ളിൽ തൊട്ടടുത്തുള്ള അതിർത്തിചെക്പോസ്റ്റിൽ നിന്ന് ഞങ്ങൾ ഉസ്ബക്കിസ്ഥാനിലേക്ക് കടക്കും.

Sajan G | Travelogue

കിർഗിസ്താനെ വിട്ടുപോകാൻ എന്തോ ഒരു വിഷമം പോലെ. കഴിഞ്ഞ കുറച്ചുകാലം ജീവിതത്തിന്റ വലിയൊരു ഭാഗം കടന്നുപോയതുപോലെ ഒരു തോന്നൽ. ഇത്രയേറെ ആളുകൾ, എത്ര വീടുകൾ, അനുഭവങ്ങൾ. ഞങ്ങൾ കേട്ട കിർഗിസ്താനല്ല ഞങ്ങൾ കണ്ടതും അനുഭവിച്ചതും. യാത്രകളേക്കാൾ വലിയ പാഠപുസ്തകമില്ല.

വൈകിട്ട് ഞങ്ങൾ വീണ്ടും നടക്കാനിറങ്ങി. ഇപ്പോഴാണ് ഓഷിന്റെ യഥാർത്ഥ സൗന്ദര്യം കാണുന്നത്. അക് ബുറാ നദിയോട് ചേർന്നാണ് അലിഷർ നവോയി എന്ന സംഗീതജ്ഞന്റെ പേരിലുള്ള പാത. ഇപ്പോഴുള്ള പാർക്ക് തികച്ചും ആധുനികമാണ്. ജയന്റ് വീലും ത്രീ ഡി സിനിമയും കരാക്കെ സംഗീതവും കബാബ് കടകളും ആയി സായാഹ്ന മേളത്തിന് പറ്റിയ സ്ഥലം. ഞങ്ങളുടെ കയ്യിൽ കുറച്ചു ചാച്ചാ ബാക്കിയുണ്ടായിരുന്നു. ഒരു രസത്തിന് അതൊന്ന് മൊത്തി ഞങ്ങൾ മുന്നോട്ട് നടന്നു. നഗരം മുഴുവൻ വലിയ കളിസ്ഥലങ്ങളാണ്. പ്രധാനമായും ഫുട്ബോൾ. ഒപ്പം വലിയ മ്യൂസിയങ്ങൾ, വാസ്തുശില്പങ്ങൾ, പ്രതിമകൾ. കളി കഴിഞ്ഞു വരുന്ന കുട്ടികൾ അബുവിന്റെ തലമുടി പിടിച്ചു വലിക്കുകയും അവനെ കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

നദിയുടെ കുറുകെ പണിത പാലത്തിന്റെ വശങ്ങളിലുള്ള ഒഴിഞ്ഞ ഭിത്തികളിൽ ലെസ്ബിയൻ  തീമുകളിലുള്ള ഗ്രാഫിറ്റി അബു ഞങ്ങൾക്ക് കാണിച്ചുതന്നു.

Sajan G | Travelogue

വീണ്ടും മുന്നോട്ട് നടന്നപ്പോൾ അതാ കാണുന്നു അരിവാൾ ചുറ്റിക പതിപ്പിച്ച ചിഹ്നങ്ങളുള്ള ഒരു കെട്ടിടം. ഞങ്ങളിലെ ക്യൂബ മുകുന്ദൻ ഉണർന്നു.

കെട്ടിടത്തിന്റെ മുൻപിലുള്ള ഫലകത്തിൽ എന്താണ് എഴുതിയിരിക്കുന്നത്? ഞങ്ങൾ ഗൂഗിൾ തർജമ ചെയ്തുനോക്കി.

പബ്ലിക് പെർസപ്‌ഷനു വേണ്ടിയുള്ള ഓഫീസ് എന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. എന്തായിരിക്കും കവി ഉദ്ദേശിച്ചത്? കമ്മ്യൂണിസത്തെ കുറിച്ചുള്ള പബ്ലിക് പെർസപ്‌ഷൻ മാറ്റാനുള്ള ഓഫീസ് എന്നോ? എന്തായാലും ഞങ്ങൾ ചെറുകിട ടാങ്കികൾക്ക് കുളിരു പകരാൻ മറ്റെന്തുവേണം?

കിർഗിസ്ഥാനിൽ വന്നിട്ട് ഇതേവരെ കിമിസ് കഴിച്ചില്ല എന്ന ദുഃഖം ബാക്കിനിൽക്കുകയാണ്. ഗുൽഷാദയോട് ബിന്ദു ഇതൊന്നു സ്വകാര്യമായി സൂചിപ്പിച്ചു. ചേച്ചിക്ക് ബഹു സന്തോഷം. വൈകിട്ട് തന്നെ രണ്ടു കുപ്പി കിമിസ് റെഡി. സത്യത്തിൽ നമ്മുടെ ഇളംകള്ളിന്റെ സ്വാദാണ്. രണ്ടു കുപ്പി മൂന്നു പേര് കുടിച്ചാൽ ചെറിയൊരു തരിപ്പ് തോന്നും. എങ്കിലും കിർഗിസ് ഗോത്ര സംസ്കൃതിയുടെ സൗന്ദര്യം ഞങ്ങളിലേക്ക് ആണ്ടിറങ്ങിയ പോലെ ഒരു തോന്നൽ.

അന്ന് രാത്രി ഭക്ഷണത്തിന് കയറിയ സ്ഥലത്ത് ബോഷ് എന്നോ മറ്റോ പേരുള്ള ബീറ്റ്‌റൂട്ട് സൂപ്പ് എന്നൊരു ഐറ്റം കണ്ടു സന്തുഷ്ടരായ സസ്യാഹാരികൾ അതാവട്ടെ ഇന്ന് എന്ന് നിശ്ചയിച്ചു. ആദ്യത്തെ സ്‌പൂണിൽ തന്നെ എന്തോ പന്തികേട്. കുഴപ്പമൊന്നുമില്ല, ബീഫ് ഇട്ട സസ്യ  സൂപ്പ് ആണ്. ഓർഡർ ചെയ്ത സൂപ്പത്രയും എനിക്ക് തന്നെ തീർക്കേണ്ടി വന്നു. വിശന്നുവലഞ്ഞു തിരിച്ചു വീട്ടിലെത്തിയ അവർക്ക് തങ്ങളുടെ കൈവശമുണ്ടായിരുന്ന പലതരം ക്യാൻ ചെയ്ത ഭക്ഷണം നൽകി റഷ്യൻ കുടുംബം സഹായിച്ചു.

രാത്രിയിൽ ഞാൻ തളർന്നുറങ്ങിപ്പോയി. രാവിലെ തുടങ്ങിയ യാത്രയല്ലേ. അബു രാത്രി മുഴുവൻ റഷ്യക്കാരുമായി ഇരുന്ന് കമ്മൂണിസം, ലോക രാഷ്ട്രീയം, ഭാഷകൾ എന്നിവ സംസാരിച്ചു. അവർ അവന് സിഗരറ്റ് ചുരുട്ടിക്കൊടുത്തു. വോഡ്കയും ചാച്ചയും കൊടുത്തു. എന്തായിരുന്നു റഷ്യക്കാർ പറഞ്ഞിരുന്നത്? ഞങ്ങൾ അബുവിനോട് ചോദിച്ചു. ആശങ്കയും നിരാശയുമായിരുന്നു അവരുടെ സ്വരത്തിന്. എന്നാൽ പ്രതിസന്ധികളിൽ അവർ തികച്ചും ഒറ്റപ്പെട്ടുപോയതുമില്ല. ഇന്ത്യക്കാരുമായി സംസാരിക്കാൻ അവർക്ക് വലിയ ഇഷ്ടമാണ് എന്നും അബുവിന് തോന്നി.

കിർഗിസ്താനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് ഓഷ്. തെക്കൻ കിർഗിസ്താന്റെ തലസ്ഥാനം എന്നും ചിലർ പറയാറുണ്ട്. മൂന്നു ലക്ഷമാണ് ജനസംഖ്യ. പാമീർ ഹൈവെയിൽ  ട്രെക്കിങ് നടത്തുന്ന സാഹസിക സഞ്ചാരികളുടെ വിശ്രമ കേന്ദ്രമാണിത്. ഇവിടെനിന്നാണ് മറ്റു പല സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്ക്കായി  സഞ്ചാരികൾ എത്തിച്ചേരുന്നത്.

Sajan G | Travelogue

ഓഷിന്റെ വിശാലമായ തെരുവുകളിലൂടെ ഞങ്ങൾ വെറുതെ നടന്നു.  നഗരത്തിന്റെ സമതലത്തിനു പശ്ചാത്തലമായി അകലെ സുലൈമാൻ ടൂ എന്ന വലിയ മലനിരകൾ കാണാം. ഖുറാനിൽ പറയുന്ന പ്രവാചകരിൽ ഒരാളാണ് സുലൈമാൻ. അദ്ദേഹത്തിന്റെ ഖബർ ഈ മലനിരയിലാണ്.

 ലോകമെങ്ങും നിന്നുള്ള വിശ്വാസികൾ ഇവിടെയെത്തി പ്രാർത്ഥിക്കുന്നു. വലിയ കൽപ്പടവുകൾ കയറി തുരങ്കം നൂണാൽ ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കും എന്നാണ് വിശ്വാസം. 1510 ൽ ബാബറാണ് ഈ മന്ദിരം പണിതത്. ഈ അടുത്ത കാലത്ത് പുതുക്കിപ്പണിതു.

മലനിരകൾക്ക് മുകളിലുള്ള ഖബറിലേക്ക് ഞങ്ങൾ കുറേ നടന്നുനോക്കി. കുത്തനെയുള്ള കയറ്റമാണ്. ധാരാളമാളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഇവിടെ ഞങ്ങൾക്ക് ഏറെ സമയമില്ല. ധാരാളം മറ്റു സ്ഥലങ്ങൾ കാണാനുമുണ്ട്. അകലെനിന്ന് സുലൈമാന്റെ ഖബറും പ്രതീക്ഷ നിർഭരരായി നടക്കുന്ന വിശ്വാസികളെയും ഞങ്ങൾക്ക് കാണാം. എത്ര സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന വിശ്വാസ പരമ്പരയുടെ ഈ തുടർച്ച ഞങ്ങൾ നിർന്നിമേഷരായി കണ്ടുനിന്നു.

ഇന്ന് ഈ പ്രദേശം യുനെസ്കോയുടെ ഹെറിറ്റേജ് സൈറ്റുകളിൽ കിർഗിസ്താനിലുള്ള ഏക സ്ഥലമാണ്. ഫെർഗാന താഴ്വരയെ പാമീർ മലനിരകളുമായി ബന്ധിപ്പിക്കുന്ന സ്റ്റോൺ ടവർ എന്നാണ് ടോളമി ഇതിനെ വിശേഷിപ്പിച്ചത്.

ഖബറിലേക്ക് കയറാൻ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്തുള്ള സുലൈമാൻ നാഷണൽ മ്യൂസിയം ഞങ്ങൾ നടന്നുകയറി. വിശാലമായ മൈതാനം പിന്നിട്ട് ചുറ്റും ഹേമന്തത്തിന്റെ കുളിർ കാറ്റ് വീശിനിൽക്കുന്ന വലിയ വൃക്ഷങ്ങൾ പിന്നിട്ട് മുകളിലേക്ക് നല്ലൊരു നടത്തമാണ്. മുകളിൽ ആണ് സോവിയറ്റ് കാലത്ത് സജ്ജമാക്കിയ ദേശീയ മ്യൂസിയം.

വലിയ പോരാട്ടങ്ങളും സംഘർഷങ്ങളും നടന്ന സ്ഥലമാണ് ഓഷ്. നൂറ്റാണ്ടുകൾ നീണ്ട  പോരാട്ടങ്ങൾ. ശാക, പേർഷ്യൻ, ഗ്രീക്ക്, ടർക്കിക്, അറബ്, കുഷാൻ സാമ്രാജ്യങ്ങൾ തുടർന്ന് വന്ന മംഗോൾ കൊക്കൻഡ് ഓഫ് ഖാനേറ്റ് യുദ്ധങ്ങൾ ഉസ്ബെക്ക്, കിർഗിസ് അതിർത്തി യുദ്ധങ്ങൾ, സോവിയറ്റ് കാലത്തെ കലാപങ്ങൾ, കഴിഞ്ഞ രണ്ടു ദശകമായി തുടരുന്ന ഗോത്ര യുദ്ധങ്ങൾ ഇതെല്ലാം ഇവിടെ രേഖപ്പെടുത്തുന്നുണ്ട്.

Sajan G | Travelogue

മ്യൂസിയത്തിന് മുകളിലുള്ള കൽപാത്തിയിൽ നിന്ന് ഞങ്ങൾ താഴെ താഴ്വരയിലെ പുരാതനമായ ചന്തകൾ കണ്ടു. വലിയ പള്ളിഗോപുരങ്ങളും ഖബറുകളും കണ്ടു. സോവിയറ്റ് അപാർട്മെന്റ് ബ്ലോക്കുകൾ നഗരത്തിലെല്ലാം കാണാം. പാമീർ മലനിരകളുടെ വിദൂര ഛായ കാണാം. ചരിത്രം സിൽക്ക് റോഡിലൂടെ എന്നപോലെ ഞങ്ങൾക്ക് മുന്നിലൂടെ ഒഴുകി.

"ഭക്ഷണത്തിന് എന്തുചെയ്യും?" സസ്യാഹാരികൾ വിവശമായ ശബ്ദത്തിൽ ചോദിച്ചു. എന്തായാലും താഴേക്കിറങ്ങാം. വഴിയുടെ ഇരുവശത്തുമുള്ള പച്ചപ്പടർപ്പുകളിൽ ഒളിച്ചിരുന്ന് സല്ലപിക്കുന്ന പ്രേമികളെയും കടന്ന് ഞങ്ങൾ ജയ്‌മാ ബസാറിലെ തിരക്കുപിടിച്ച ഒരു ഭക്ഷണ ശാലയിൽ കയറി.

 ഞാൻ സമർത്ഥമായി ഒരു ലഗ്‌മാൻ ഓർഡർ ചെയ്തു. നൂഡിൽസും മട്ടണും ധാരാളം പച്ചക്കറികളും ചേർത്ത ഒരു സൂപ്പാണിത്. സംഗതി കൊള്ളാം. എന്നാൽ രണ്ടുപേർക്കു വേണ്ടത്ര അളവുണ്ട്. ഭക്ഷണം മുഴുമിക്കാതെ വിടുന്നത് സങ്കടം തന്നെ.

സസ്യാഹാരികൾ ഒരു മാറ്റത്തിന് ബ്രെഡും ഉരുളക്കിഴങ്ങ് പുഴുങ്ങിയതും കഴിച്ചു. അവർ എന്നെ ക്രൂരമായി നോക്കി. ഞാൻ മറ്റെന്തോ ആലോചിച്ചെന്നതുപോലെ അകലേക്ക് നോക്കിയിരുന്ന് അടുക്കളയിൽ നിന്ന് വരുന്ന കബാബിന്റെ മണം പിടിച്ച് ലഗ്‌മാൻ കഴിച്ചുതീർത്തു.

ബസാറിലൂടെ വീണ്ടും വെറുതെ നടന്നു. വേണമെങ്കിൽ ചില സ്കാർഫുകളോ സുഗന്ധതൈലമോ വാങ്ങിക്കാം. ഞങ്ങൾ യാത്രയിൽ വലുതായി വാങ്ങിക്കൂട്ടുന്ന പതിവില്ല. ഞങ്ങളുടെ യാത്രകൾ ഈ രാജ്യങ്ങളുടെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ അനക്കമൊന്നും ഉണ്ടാക്കാൻ പര്യാപ്തമല്ല.

ഞങ്ങൾ പൊതുവെ നിശബ്ദരായി കടന്നുപോകുന്ന സഞ്ചാരികളാണ്. എന്നാൽ ഈ ഓർമ്മകൾ ഞങ്ങൾ പുറംലോകത്തേക്ക് പ്രസരിപ്പിക്കും. അങ്ങനെ വൈവിധ്യമാർന്ന ചിന്തകളും ആശയങ്ങളും തമ്മിൽ കൊള്ളക്കൊടുക്കലുകളുണ്ടാവും. ഒരുപക്ഷേ ഈ കൈമാറ്റങ്ങളാവാം സമൂഹത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാക്കുന്നത്.

ഈ  രാജ്യത്തെ അവസാന ദിവസമാണ്. ഇവിടെ സംഭവിച്ച പട്ടിണി യാത്രയ്ക്ക് പകരം വീട്ടണം എന്ന് നമ്മുടെ പാവം സസ്യാഹാരികൾ തീരുമാനിച്ചു.  അങ്ങനെ കുറച്ചു വിലകൂടിയതെങ്കിലും സസ്യാഹാരം കിട്ടുന്ന ഒരു ഹോട്ടൽ ഗൂഗിൾ ചെയ്തു കണ്ടെത്തി..സാമാന്യം സ്റ്റൈലുള്ള  ഒരു സ്ഥലമാണ്. കാശ് ഇത്തിരി കത്താൻ സാധ്യതയുണ്ട്. സാരമില്ല. ജീവിതത്തിൽ ചെറിയ ചില ആഡംബരങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്.

ഞാൻ ഒരു മന്തി ഓർഡർ ചെയ്തു. മലയാളികൾക്ക് ഈ അടുത്ത കാലത്താണ് മന്തി ഇത്ര പരിചയമായത്. കുഴി മന്തി എന്ന വാക്ക് കേരളത്തിന്റെ വഴിയോര കാഴ്ചകളിൽ പ്രചാരമായതോടെ അതൊരു വലിയ സർഗ സംവാദത്തിന് സാധ്യത തുറന്നു. വി കെ ശ്രീരാമനും പിന്നാലെ സുനിൽ പി ഇളയിടവുമൊക്കെ ഇടപെട്ട് "ഭാഷാഭക്ഷണ" വിവാദമായി മാറി മന്ത്രി. എന്നാലും മന്തിയുടെ സാംസ്കാരിക രഥ്യകൾ കുറെ ചർച്ച ചെയ്തു.

എന്തായാലും ഓഷിൽ എനിക്ക് കിട്ടിയ മന്തി നാട്ടിൽ നമുക്ക് പരിചയമുള്ളതല്ല. അത് നമ്മുടെ മോമോയുടെ ഒരു ചിറ്റപ്പനായി വരും. ചിലപ്പോൾ സമോസയുടെ ഒരു ചേട്ടനായും വരും. ടൊമാറ്റോ പെപ്പർ സോസും ചേർത്ത് ഞാൻ കുശാലായി മന്തി തിന്നു. വിലയേറിയ ഒരു കുപ്പി വൈനും വാങ്ങി. അബുവിനും ബിന്ദുവിനും എന്താണ് കിട്ടിയത്? ഏതൊക്കെ പച്ചക്കറികൾ ആണ് അവർ കഴിച്ചത്? അവർക്ക് കിട്ടിയ റൊട്ടികൾ എന്തൊക്കെയായിരുന്നു? വെജിറ്റബിൾ പിലാഫ് എന്ന ഓക്സിമോറൻ അവരെ എങ്ങനെ സ്വാധീനിച്ചു? അതോ ഒടുവിൽ എല്ലായ്‌പ്പോഴും എന്നപോലെ റൊട്ടിയും പച്ചയിലകളും കടിച്ച് അവർ നിർവൃതി അടഞ്ഞോ? ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഇനിയും ആരും കണ്ടെത്തിയിട്ടില്ല.

Sajan G | Travelogue

എന്നാൽ മനോഹരമായ ഹോട്ടലിൽ ചുറ്റുമിരുന്നു പലതരം വിഭവങ്ങൾ കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ഹുക്ക വലിക്കുകയും ചെയ്യുന്ന യുവതരംഗത്തെ കണ്ടപ്പോൾ  അബുവിനും ഒരാഗ്രഹം. ഒന്ന് ഹുക്ക വലിച്ചുനോക്കിയാലോ?

ആഗ്രഹങ്ങൾ വന്നാൽ അപ്പോൾത്തന്നെ അത് സാധ്യമാക്കണം. അതാണ് ഞങ്ങളുടെ പോളിസി. അബു ഒരു ഹുക്ക ഓർഡർ ചെയ്തു.  കുറച്ചു കഷ്ടപ്പെട്ടു. അവൻ  പുക വലിച്ചുകയറ്റാൻ തുടങ്ങി.  ക്രമേണ അവൻ അത് ആസ്വദിച്ചുതുടങ്ങി എന്ന് തോന്നി. ഞങ്ങളെയും  ഇതൊന്ന് പ്രാക്റ്റീസ് ചെയ്യാൻ പഠിപ്പിച്ചു.

പണ്ട് ഡൽഹി ദൂരദർശനിലെ ഹർമോഹൻ ശർമയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഹരിയാനയിലെ വീട്ടിൽ പോയത് ഞങ്ങൾക്ക് ഓർമ്മ വന്നു. അത് വലിയൊരു കർഷക കുടുംബമായിരുന്നു. നൂറുകണക്കിന് അംഗങ്ങൾ. വൈകിട്ട് എല്ലാവരും കൂട്ടമായിരുന്നു വെടിപറയുകയും ഹുക്ക വലിക്കുകയും ചെയ്യും. അതിൽ കുടുംബത്തിലെ മുതിർന്ന വ്യക്തി കാരണവർ ഞങ്ങളെ ഹുക്ക വലിക്കാൻ പ്രേരിപ്പിച്ചു.

ഞാൻ ഹുക്കയിൽ ആഞ്ഞുവലിച്ചു പരാജയപ്പെട്ടത് കണ്ട് അവരെല്ലാം ചുറ്റും നിന്ന് അട്ടഹസിച്ചു ചിരിച്ചു. നഗരത്തിൽ നിന്ന് വന്ന ഉദ്യോഗസ്ഥന്റെ കഴിവില്ലായ്‍മ കണ്ട് ഗ്രാമവാസികൾ ചിരിച്ചുല്ലസിച്ചു. 'ഹും, ഹുക്ക വലിക്കാൻ പോലും അറിയില്ല!' ഹരിയാൻവി ഗ്രാമീണ ജീവിതത്തിന്റെ നൈർമല്ല്യ നിഷ്ക്കളങ്കത അന്ന് ഞങ്ങളെ വല്ലാതെ വശീകരിച്ചത് ഓർക്കുന്നു.

എന്തായാലും ഓഷിൽ ഞങ്ങൾക്ക് ചുറ്റും നിന്ന് ആരും ചിരിക്കുകയോ കളിയാക്കുകയോ ചെയ്തില്ല. പലതരം സുഗന്ധ വ്യഞ്ജനങ്ങൾ ചേർന്നതാണ് ഇതിൽ പുകയ്ക്കുന്നത്. പുകയില ധാരാളമില്ല  എന്നും തോന്നി. എന്തായാലും ഊഷ്മളമായ ഒരു സുഗന്ധം പടർന്നു. ഒപ്പം വീഞ്ഞിന്റെ ലഹരിയും.

റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി വിശാലമായ ഒഴിഞ്ഞ തെരുവിലൂടെ രാത്രിയിൽ ചെറിയ നിലാവിൽ നടക്കുമ്പോൾ എന്തോ ഒരു വിഷാദം വന്നുപെട്ടതുപോലെ തോന്നി. ഇന്ന് ഈ രാജ്യത്തിൽ ഞങ്ങളുടെ അവസാനത്തെ രാത്രിയാണ്. എന്നാണ് ഈ യാത്ര തുടങ്ങിയത്? പണ്ടെങ്ങോ ആയിരുന്നു എന്നൊരു തോന്നൽ. പതിനെട്ടോളം ദിവസങ്ങളിൽ സഹസ്രാബ്ദങ്ങൾ നീണ്ട അനുഭവ പരമ്പരകളുടെ തുടർച്ച ഉൾച്ചേർന്നുവെന്ന് ഞങ്ങൾക്ക് തോന്നി.

ഈ വഴിയിലൂടെ ആരൊക്കെ സഞ്ചരിച്ചിരുന്നിരിക്കണം? ഏതൊക്കെ സാമ്രാജ്യങ്ങൾ ഇവിടെ ഉയരുകയും വീഴുകയും ചെയ്തു? ഏതൊക്കെ സംസ്കാരങ്ങൾ ഇവിടെ കൊടുക്കൽ വാങ്ങലുകൾ നടത്തി. എത്ര മാത്രം രക്തം ചൊരിഞ്ഞു. ഏതൊക്കെ കമാനങ്ങൾ ഉയർന്നു? ആരെയൊക്കെ വെടിവച്ചുകൊന്നു? മനുഷ്യ ജീവിതം എത്ര മാത്രം മാറി. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച മനുഷ്യരേക്കാൾ സന്തോഷമുള്ള മനുഷ്യരാണോ ഇപ്പോൾ? എന്താണ് സന്തോഷം?

തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും വീഞ്ഞിന്റെ ലഹരി പോയി. സാധാരണത്വത്തിന്റെ ഊഷ്മളതയിൽ നന്നായി ഉറങ്ങി. നാളെ അടുത്ത യാത്ര തുടങ്ങുകയാണ്.

-തുടരും

Features Memories Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: