/indian-express-malayalam/media/media_files/uploads/2017/04/s-nandagopal.jpg)
ചോളമണ്ഡലത്തിന്‍റെ വില്‍പ്പനകേന്ദ്രത്തില്‍ നിന്നും പി.എസ്.നന്ദന്‍ നിര്‍മ്മിച്ച ഒരു ടെറാക്കോട്ടയിലുള്ള മാല വാങ്ങി തിരിയുമ്പോഴാണ് അവര്‍ ഇരുവരും അങ്ങോട്ട് കയറി വന്നത്. നന്ദനും നന്ദഗോപാലും.
“ഒങ്ക പീസ് താന്‍ ഇവര്‍ വാങ്കിനാര്‍ സാര്‍.” നന്ദനോട് റിസപ്ഷനിസ്റ്റ് പറഞ്ഞു. വര്‍ഷം 1987 ആയിരുന്നു. ഞാന്‍ മദ്രാസിലെ ഐ.സി.എഫില്‍ ജോലി ചെയ്തിരുന്ന അമ്മാവന്‍റെ വീട്ടില്‍ വന്നതായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചോളമണ്ഡലസന്ദര്‍ശനങ്ങള്‍ ഒരു ഹരമായി കൊണ്ട് നടക്കുകയായിരുന്നു.
“നീങ്ക എങ്കേയിരുന്തു വാറെങ്ക?” നന്ദന്‍ കുശലം ചോദിച്ചു. കൊച്ചിയില്‍ നിന്നാണെന്നും, ഒരു ചിത്രകാരനാണെന്നും പറഞ്ഞപ്പോള്‍ ഇരുവരും എന്നെ നോക്കി ചിരിച്ചു. നന്ദഗോപാലിനെ തീവ്രമായ ആരാധനയോടെയായിരുന്നു ഞാന്‍ കണ്ടിരുന്നത്. കലാലോകത്ത് പ്രതിഭാശാലിയായ ഒരു ചെറുപ്പക്കാരന് ചെയ്യാന്‍കഴിയുന്ന കാര്യങ്ങളില്‍ പലതും ഏറെ ഇളംവയസ്സിലെ ചെയ്തു തീര്‍ത്ത ഒരു അനുഗ്രഹീതകലാകാരന്‍ ! പ്രശസ്തനും കലാകാരന്മാരുടെ മുഖ്യമാര്‍ഗദര്‍ശിയുമായ ഒരു ആചാര്യന്‍റെ മകന്‍ കലാസപര്യ തന്‍റെ കര്‍മ്മമണ്ഡലമായി തിരഞ്ഞെടുക്കുമ്പോള്‍ ആളുകള്‍ അയാളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ കൂടിയ തോതിലായിരിക്കും. കെ.സി.എസ്.പണിക്കരുടെ മകന്‍.... !! ഓരോ ചലനവും അതിസൂക്ഷ്മമായി ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യപ്പെടുന്ന ഒരു “വെണ്ണീര്‍ ആടൈ” ആയിരുന്നു ആ പദവി. ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍ കൊണ്ട് അനായാസമായി നന്ദഗോപാല്‍ അതൊക്കെ തരണം ചെയ്തു.
/indian-express-malayalam/media/media_files/uploads/2017/04/nandagopal-1-300x181.jpg)
ഏറെ മടിച്ചു നിന്ന ശേഷം, തെല്ല് ധൈര്യം സംഭരിച്ചു കൊണ്ട് ഞാന്‍ അദ്ദേഹത്തോട് 1983 ലെ മഹാരാജാസ് കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്നുവെന്നും, മാസികയുടെ മുഖചിത്രം അദ്ദേഹത്തിന്റെ പിതാവായ കെ.സി.എസ്.പണിക്കരുടെ “പഴം വില്‍പ്പനക്കാരന്‍” എന്ന പെയിന്റിംഗ് ആയിരുന്നുവെന്നും, അതിലെ വട്ടെഴുത്തിനോടൊത്തു പോകാനായി 1983 എന്നത് ൧൯൮൩ എന്നാക്കിയതുമൊക്കെ പറഞ്ഞു.
1982 ല്‍ ചോഴമണ്ഡലില്‍ നടത്തപ്പെട്ട ഒരു ദേശീയ ശില്പകലാക്യാമ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനെക്കുറിച്ചൊരു ചെറുവിവരണവും മാസികയില്‍ ലോകകലാചരിത്രത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചേര്‍ത്തിരുന്നു. ഇത് പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ സന്തോഷവാനാകുകയും, യുവാക്കള്‍ ഇതൊക്കെ ശ്രദ്ധിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു എന്ന് പറയുകയും ചെയ്തു. ഒരു വര്‍ക്കിന്റെ നടുവിലാണെന്നും, ഇനി വരുമ്പോള്‍ താനവിടെയുണ്ടെങ്കില്‍ കാണാന്‍ മറക്കരുതെന്നും പറഞ്ഞിട്ട് അദ്ദേഹം പോയി.
മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെയായിരുന്നു അദ്ദേഹത്തിന് ലളിത കലാ അക്കാദമിയുടെ ശില്‍പ്പകലയ്ക്കുള്ള ദേശീയപുരസ്ക്കാരം ലഭിക്കുന്നത്. പല അതികായന്മാര്‍ക്കും ലഭിക്കാതെ പോയിട്ടുള്ള ആ പുരസ്ക്കാരം അദ്ദേഹത്തിന് 1970ല്‍, തന്‍റെ ഇരുപത്തിനാലാം വയസ്സിലാണ് ലഭിക്കുന്നതെന്ന് ആലോചിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ശൈലിയുടെ ശക്തി നമുക്ക് ബോദ്ധ്യപ്പെടുക.
1978 നന്ദഗോപാലിന്റെ വര്‍ഷമായിരുന്നു. വിസ്മയകരമായ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് പ്രശസ്തനായിതീര്‍ന്നിരുന്ന അദ്ധേഹത്തിന് രണ്ടാമത്തെ ദേശീയ പുരസ്കാരം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഇനിയെന്ത് എന്ന് കരുതിയവര്‍ക്ക് തെറ്റി. ന്യൂഡൽഹിയില്‍ ആ വര്‍ഷം സംഘടിപ്പിക്കപ്പെട്ട നാലാം അന്താരാഷ്‌ട്ര ട്രിനാലെയിൽ ശില്‍പ്പകലയ്ക്കുള്ള സുവര്‍ണ്ണമെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. ബിനാലെയുടെ സമീപകാല ചരിത്രത്തിനുമുന്‍പ് ഇവിടെ ഒരു അന്താരാഷ്‌ട്ര ട്രിനാലെ ചരിത്രമുണ്ടായിരുന്നുവെന്നും കൂടി നമ്മുടെ ചെറുപ്പക്കാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
/indian-express-malayalam/media/media_files/uploads/2017/04/nandagopal-3-252x300.jpg)
ലോകത്ത് വാക്കിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ശില്‍പ്പിയും കൂടിയായിരുന്നു നന്ദഗോപാല്‍. അതിപ്രശസ്തമായ “ഹെന്റി മൂര്‍ ഫൗണ്ടേഷന്‍” അദ്ദേഹത്തെ തങ്ങളുടെ ഫെല്ലോഷിപ്പ് കമ്മിറ്റിയിലേക്ക് 1989ല്‍ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കിതന്നെയായിരുന്നു. ഇത് അദേഹത്തെ ഏറെ സന്തോഷവാനാക്കിയ ഒരു അംഗീകാരവുമായിരുന്നു.
ലോകശില്‍പ്പകലാചരിത്രത്തില്‍ തന്നെ നന്ദഗോപാല്‍ നടന്നുപോയ വഴി ഏറെ വ്യത്യസ്തമാണ്. പൂർവികതയെ ആധുനികമായ സങ്കേതവുമായി കൂട്ടിയിണക്കി രൂപത്തിലും ഭാവത്തിലും തികവ് നിലനിര്‍ത്തി കലാരൂപങ്ങള്‍ മെനയുകയെന്നത് ഏറെ ശ്രമകരവും, പലപ്പോഴും കലാകാരന്‍ പരാജയപ്പെട്ടുപോകുന്നതുമായ ഒരു കര്‍മ്മമാണ്.ഈ വിഷമഘട്ടം അനായാസമായാണ് നന്ദഗോപാല്‍ തരണം ചെയ്തത്.
/indian-express-malayalam/media/media_files/uploads/2017/04/nandagopal-2-300x181.jpg)
പ്രശസ്ത കലാതാത്വികനായ ജോസഫ് ജെയിംസ് എഴുതിയ “Contemporary Indian Sculpture : The Madras Metaphor” എന്ന ഗ്രന്ഥത്തില്‍ നന്ദഗോപാലിന്റെ ശില്പ്പങ്ങളിലെ “asymmetry in symmetry “ എന്ന വിസ്മയകരമായ പ്രതിഭാസത്തെക്കുറിച്ച് ഏറെ വായിച്ചുമനസ്സിലാക്കാനാകും. ദ്രാവിഡത്തനിമയുടെ ആധുനികകാലത്തെ പ്രയാണങ്ങളെക്കുറിച്ച് ഈ പുസ്തകം നമുക്ക് നല്‍കുന്ന വെളിച്ചം കുറച്ചൊന്നുമല്ല.
നന്ദഗോപാലും നമ്മെ വിട്ടു പോയിരിക്കുന്നു.
നമ്മുടെ മുന്‍പില്‍ ഒരു മാര്‍ഗം തുറന്നുതന്നിട്ടുള്ള ഒരു വിയോഗമാണ് ഇത്. ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അവരുടേതായ കണ്ടെത്തലുകളെയും കൂട്ടിയിണക്കി അര്‍ത്ഥവത്തായ ഒരു യാത്ര കൈവരട്ടെ. നന്ദഗോപാല്‍ സാര്‍, ഞങ്ങളുടെ ജീവിതം ആഹ്ലാദകരമാക്കിയതിനു ഏറെ നന്ദി. ഇനിയുള്ള താങ്കളുടെ വിശ്രമം സ്വസ്ഥതയുള്ളതാകട്ടെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.