എദന്‍റെ സംവിധായകൻ സഞ്ജു സുരേന്ദ്രനും എനിക്കുമിടയിൽ സൗഹൃദത്തിന്‍റെ പാലം തീർത്തത് രേഖാരാജും എം ആർ രേണുകുമാറുമാണ്. രേണു പറഞ്ഞതനുസരിച്ച് ഒരു ദിവസം മണർകാട് കെ ആർ ബേക്കറിയിൽ വച്ച് ഞാൻ സഞ്ജുവിനെയും രേഖയേയും കണ്ടു. രേഖ എന്‍റെ ജൂനിയറായി കോളജിൽ പഠിച്ചതാണ്. പക്ഷേ, മൂത്ത ചേച്ചിയുടെ മട്ടിലാണ് പെരുമാറ്റം. ചെറിയ തമാശകൾ കേട്ട് രേഖ ഉച്ചത്തിൽ ചിരിക്കുന്നത് ചുറ്റുമിരുന്ന് ഇറച്ചിയും മീനും തട്ടുന്ന കോട്ടത്തെ അച്ചായത്തികൾ പരിഭ്രമത്തോടെ നോക്കി.
“നിര്യാതരായി” എന്ന കഥ സിനിമയാക്കാനായിരുന്നു സഞ്ജുവിന്‍റെ പദ്ധതി. കപില എന്ന കൂടിയാട്ട കലാകാരിയെ കുറിച്ച് ചെയ്ത ഡോക്യുമെന്‍ററിക്ക് ദേശീയ അവാർഡ് കിട്ടിയ ആളാണിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. (ഒരിക്കൽ സിനിമയ്ക്ക് കഥയുണ്ടോ എന്ന് അന്വേഷിച്ച ഒരു സംവിധായകൻ എന്‍റെ അജ്ഞത കണ്ട് വല്ലാതായിട്ടുണ്ട്. ലോകസിനിമാ നിരയിൽ കുറസോവ, കിം കിഡുക്ക് തുടങ്ങി രണ്ട് മൂന്ന് പേരുകളേ എനിക്ക് പിടിയുളളൂ) അത് മനസ്സിലാക്കിയ സഞ്ജു, കപിലയുടെയും വി. എം. ദേവദാസിന്‍റെ “ഗ്രാസ് ” സിനിമയാക്കിയതിന്‍റെയും സി ഡികൾ തന്നുവിട്ടു. ഒരിക്കൽ കൂടിയാട്ടം കണ്ട് സുഖസുഷുപ്തിയലായ അനുഭവമുളളതുകൊണ്ട് ഞാനത് പരണത്ത് വെച്ചു.
നമ്മൾ എത്ര ഉഴപ്പിയാലും വെട്ടിമാറിയാലും ക്ഷമയോടെ പിടി വിടാത്തയാളാണ് സഞ്ജു. അത് കപില കണ്ടാൽ മനസ്സിലാകും. അയാളുടെയും ക്യാമറാമാൻ മനേഷ് മാധവന്‍റെയും രണ്ടുവർഷത്തെ ജീവിതമാണ് ആ അര മണിക്കൂർ ഡോക്യുമെന്‍ററി. സംസ്കൃത നാടക പാരമ്പര്യത്തിൽ നിന്നെടുത്ത് ചാക്യാന്മാരുടെ ഇരുളറകളിൽ ഒളിപ്പിച്ചുവച്ച കൂടിയാട്ടമെന്ന പ്രൗഢകലയെ തന്‍റെ ഗുരു മണികൗളിനുളള സ്മരണാഞ്ജലിയാക്കി സഞ്ജു മാറ്റുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു.
“നിര്യാതരായി” എന്ന കഥയോടൊപ്പം “ചപ്പാത്തിലെ കൊലപാതകം”, “മാന്ത്രികവാൽ” എന്നീ കഥകളും കൂട്ടിച്ചേർത്ത് ഒരു ഫീച്ചർ ഫിലിം ചെയ്യുവാനായി സഞ്ജുവിന്‍റെ അടുത്ത നീക്കം. ഒരുപാട് കാലത്തെ വരൾച്ചയ്ക്കു ശേഷം എഴുതിയ “മാന്ത്രികവാൽ”. ചെറുപ്പം മുതൽ ചുറ്റം കാണുന്ന നിസ്സഹായതയിലും ചങ്കുറപ്പ് കൈവിടാത്ത ധൈര്യവതികളായ പെൺകുട്ടികൾക്കുമുളള അഭിവാദനമായിരന്നു “നിര്യാതരായി”. ജീവിതത്തോടും മരണത്തോടുമുളള സമീപനം കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ഒരാളുടെ കഥയാണ്. അതിലെ പീറ്റർ സാറിനെ കുറിച്ച് നോവലെഴുതിയാലും അധികമാവില്ല. “ചപ്പാത്തിലെ കൊലപാതകം” ഹൈറേഞ്ചിലെ കുടിയേറ്റ ജീവിതങ്ങളോടുളള ആദരവിൽ നിന്നുണ്ടായതാണ്. ഈ മൂന്ന് കഥകളെയും ബന്ധിപ്പിക്കുന്ന നൂലിഴകൾ സഞ്ജു കണ്ടെത്തി. “നിര്യാതരായി”യിലെ ഒരു അപ്രധാന കഥാപാത്രത്തെ മൂന്ന് കഥകളിലേയ്ക്കും വ്യാപിപ്പിച്ച് ഇണക്കി കണ്ണിയാക്കി.
ഏദന്‍റെ തിരക്കഥയുടെ നല്ല പങ്കും സഞ്ജുവിന്‍റെതു തന്നെയാണ്. ചില കാര്യങ്ങളിൽ എന്‍റെ സഹായമുണ്ടായെന്ന് മാത്രം. സഞ്ജുവിന് വഴക്കമില്ലാത്ത കോട്ടയം ഭാഷയിൽ സംഭാഷണമെഴുതാനായി ഞാനും സഞ്ജുവും രേഖയും ഒരു രാത്രി ഒന്നിച്ചിരുന്നു. ഉറക്കം തൂങ്ങിയിരുന്ന രേഖ “ചപ്പാത്തിലെ കൊലപാതക”ത്തിൽ രണ്ടു സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടാക്കി തെറിപറയുന്ന രംഗമെത്തിയപ്പോൾ ഉഷാറായി. ആ ഭാഗം കൊഴുപ്പിച്ചതിൽ പുളളിക്കാരിക്ക് മാത്രമാണ് പങ്ക്. ( പുതിയ സിനിമകളിൽ സംഭാഷണമെഴുതാൻ ആളെ ആവശ്യമുളളവർ ശ്രദ്ധിക്കുക)

സിനിമയുടെ പൂർണ്ണതയ്ക്കു വേണ്ടി സഞ്ജു ചെയ്യുന്ന പരിശ്രമങ്ങൾ അത്ഭുതകരമാണ്. പലവട്ടം കയറിയിറങ്ങി നീണ്ടൂരും പരിസരങ്ങളും എന്നെക്കാൾ പരിചയമായി സഞ്ജുവിന്. കഥയ്ക്ക് പ്രേരണയായ സ്ഥലങ്ങൾ മുഴുവൻ നടന്നു കണ്ടു. കഥയുമായി പരാമവധി യോജിക്കുന്ന അഭിനേതാക്കളും സ്ഥലവും വേണമെന്ന വാശി കണ്ട് എനിക്ക് പോലും ബോറടിച്ചു.
ഈ സിനിമ ചെയ്യുന്നതിൽ സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം മുരളി മാട്ടുമ്മൽ എന്ന നിർമ്മാതാവും പുണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച സുഹൃത്തുക്കളാണ്. ഒരു പുതിയ സംവിധായകന് ഇഷ്ടമുളള കഥ, പുതുമുഖങ്ങളെ വച്ച് മാത്രം ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത അത്ഭുതപ്രവർത്തകനാണ് മുരളിച്ചേട്ടൻ, ഇങ്ങനെയൊരാളെ കിട്ടാൻ യോഗം വേണം.
സഞ്ജുവിന്‍റെ സുഹൃത്തുക്കളുടെ പ്രവർത്തനങ്ങൾ അതിലും കൗതുകരമായിരന്നു. എല്ലാവരും സ്വന്തം പടം എന്ന ഉത്സാഹത്തിലായിരുന്നു. പെരുന്തുരുത്തും കല്ലറയും മണിയന്തുരുത്തും മുണ്ടാറുമൊക്കെ ലൊക്കേഷൻ തേടി അവർ അലഞ്ഞു തിരിഞ്ഞു. കൂട്ടിന് എന്‍റെ സുഹൃത്തും കഥാകൃത്തുമായ യേശുദാസും ടോം മാത്യുവുമുണ്ട്.
ഷൂട്ടിങ് നല്ല പങ്കും നീണ്ടൂരും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്. വലിയ ആളും ആരവും കാരവനും ലൈറ്റുമില്ലാതെ നടക്കുന്ന പിളളാരെ കണ്ട് വല്ല ടെലിഫിലിമും ആയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. നീണ്ടൂരൂകാരായ കുറേപ്പെരും അഭിനയിച്ചു. യേശുദാസ് നല്ലൊരു റോൾ ചെയ്തു. ജീവിതകാലം മുഴുവൻ സിനിമയിൽ അഭിനയിക്കാൻ നടന്ന രക്ഷപ്പെടാതെ പോയ മുരളിച്ചേട്ടൻ ഡെഡ് ബോഡിയായി തകർത്തു. ശവപ്പെട്ടിയിൽ കിടക്കുമ്പോൾ അങ്ങേർ ഉറങ്ങിപ്പോകുമായിരുന്നു. ചില സമയം തെറ്റിദ്ധരിച്ച് മണിയനീച്ചകളും ആ ശരീരത്തെ ആർത്തു. സംവിധായകൻ പൂർണ്ണതാവാദിയയതു കൊണ്ട് ഒരു കുലീന ക്രിസ്ത്യൻ കുടുംബക്കാരുടെ ഒഴിഞ്ഞു കിടന്ന വീട് മരണവീടാക്കി രൂപപ്പെടുത്തി. കുടയും കുരിശും പാനവായനക്കാരുമെത്തി. ഉത്സാഹികളായ ചില നാട്ടുകാർ ഉടമകളെ അമേരിക്കയിൽ വരെ വിളിച്ച് മരണം അന്വേഷിച്ചു.
ഷൂട്ടിങ് സ്ഥലത്ത് കഴിവതും പോകാതെ നിന്ന ഈയുളളവനും സംഭാഷണമില്ലാത്ത ഒരു ചെറിയ രംഗത്തിൽ മുഖം കാട്ടി. മരണ വീടിന് പിന്നിൽ നിന്ന് വെളളമടിക്കുന്ന ഭാഗം ഒറ്റ ടേക്കിൽ ശരിയായി. ദിവസവും ചെയ്യുന്ന കാര്യമായതിനാൽ അഭിനയിക്കുയല്ല, ജീവിക്കുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്.
ഏദൻ കഴിഞ്ഞതോടെ അതിലെ പലരും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സുഹൃത്തുക്കളുമായി. ഒന്നാന്തരം അഭിനേതാക്കളായ അഭിലാഷ്, പ്രശാന്ത്, ജോർജ്ജ് സാർ, എന്‍റെ പ്രിയ അധ്യാപകനായ രവി സാറിന്‍റെ അനന്തരവളായ നന്ദിനിയാണ് നായിക നീതുവിനെ അവതരിപ്പിച്ചത്.

സിനിമ പൂർണ്ണമായും സംവിധായകന്‍റെ കല മാത്രമാണ്. ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥകളെഴുതുന്നത്. കഥകളിൽ നിന്നുളള പ്രേരണയാണ് ഈ സിനിമയായത്. ആ അർത്ഥത്തിൽ സഞ്ജുവിന്‍റെ മാത്രമാണ് ഏദൻ. പക്ഷേ, സഞ്ജു സുരേന്ദ്രൻ എന്നാൽ ഈ സിനിമയിൽ അയാളുടെ സുഹൃത്തുക്കളും കൂടെയായിരുന്നു. സിനിമയുടെ തിളക്കമോ ആർഭാടമോ ഇല്ലാതെ ചുരുങ്ങിയ ഇടങ്ങിൽ ഒന്നിച്ചു കൂടി പരിമിതമായ മൂലധനവും വിഭവങ്ങളും കൊണ്ട് നല്ല സിനിമ നിർമ്മിക്കാമെന്ന് അവർ തെളിയിച്ചു. അതും ഒട്ടും സാങ്കേതിക വിട്ടുവീഴ്ചകളില്ലാതെ.
ഏദൻ, സഞ്ജു എന്ന സംവിധായകന്‍റെ ആദ്യ ചുവട്‌വെയ്പ് മാത്രമാണ്. അക്കാദമിക് ആയ ഒരാൾ ക്രിയേറ്റീവ് ആകാറില്ല എന്ന എന്‍റെ വിശ്വാസം അയാൾ പൊളിച്ചെഴുതി. ഏദൻ ഐ എഫ് എഫ് കെയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് അയാൾക്ക് കൂടുതൽ അവസരങ്ങളും ആത്മവിശ്വാസവും നൽകും. ഈ ബഹുമതി ഞങ്ങൾ നീണ്ടൂരുകാർക്കും അഭിമാനമാണ്. ലാറ്റിനമേരിക്കാരുടെയും കൊറിയക്കാരുടെയും ആഫ്രിക്കക്കാരുടെയും ജീവിതത്തിനൊപ്പം നീണ്ടൂരുകാരുടെ കഥകളും ഡെലിഗേറ്റുകൾ കാണട്ടെ.
സിനിമയിൽ എഴുത്തുകാരനുളളത് വളരെ സുരക്ഷിതമായ കസേരയാണ്. കാരണം സിനിമ മോശമായാൽ സംവിധായകനെ കുറ്റം പറയാം. നന്നായാൽ ഞാനും കടുവാച്ചാരും കൂടി എന്നും പറയാം. ഇനി ഏദന്‍റെ കാര്യത്തിൽ ഞാനും സഞ്ജുവും കൂടി എന്നാണ്.
—
എൻ ബി : ഐ എഫ് എഫ് കെയുടെ ചരിത്രത്തിൽ രണ്ടു തവണയേ ആ വഴിക്ക് പോയിട്ടുളളൂ. രണ്ടാം തവണ ബുദ്ധിജീവികൾ പറഞ്ഞു കേട്ട് ഞാനും ഒരു സിനിമയ്ക്ക് ഇടിച്ചു കയറി. സീറ്റ് കിട്ടി നോക്കുമ്പോൾ തൊട്ടടുത്ത സീറ്റിൽ സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുളള. നന്നായി വീശിയിട്ടുണ്ട്. സബ് ടൈറ്റിൽ ഇല്ലാതെ കട്ടി ഇംഗ്ലീഷ് സംഭാഷണങ്ങൾ, പരസ്പരബന്ധമില്ലാത്ത രംഗങ്ങൾ, പക്ഷേ ചുറ്റുമുളളവർ വളരെ ഗൗരവത്തിലിരിപ്പാണ്. കുറച്ചുകഴിഞ്ഞപ്പോൾ കുഞ്ഞബ്ദുളള അപരിചിതനായ എന്നെ ദയനീയമായി നോക്കി.
“വല്ലതും പിടികിട്ടുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു.
“ഇല്ല”
മൂപ്പർ അപ്പോൾ തന്നെ ഇരുട്ടിൽ തപ്പി പുറത്തേയ്ക്കിറങ്ങി. പിന്നാലെ ഞാനും.