നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഒരു ദിവസം കാലത്ത് ജനാലയിലൂടെ പുറത്തെ തോരാത്ത ചാറ്റൽ മഴ കണ്ടു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ പഴയകാലത്ത് നിന്ന് ഒരൊച്ച കേട്ടു -*മാടത്തകളുടെ കൂട്ടക്കരച്ചിൽ.തൊട്ടു പിന്നാലെ പടിഞ്ഞാറ് നിന്ന് വലിയൊരു കൂട്ടം മാടത്തകൾ പറന്ന് വന്ന് കൺമുന്നിലെ പ്ലാവിന്റെ കൊമ്പുകളിൽ ചിതറിയിരുന്നു. പിന്നെക്കുറെ നേരം അവരുടെ കോലാഹലമായിരുന്നു. പ്ലാവിൻമേൽ ഏതോ നിധി കണ്ടെത്തിയത് പോലുള്ള ആഹ്ലാദപ്രകടനങ്ങൾ. ഉച്ചത്തിൽ ചിലച്ച് ചിലച്ച് പറന്നു നടന്ന അവയിൽ പലതും ഉണക്കക്കൊമ്പുകൾ തോറും ചാടിച്ചാടി നടന്ന് പോടുകളിൽ കണ്ടതെന്തൊക്കെയോ കൊത്തിക്കൊത്തി തിന്നാൻ തുടങ്ങി. വലിയവയിൽ ചിലത് ഇടയ്ക്കിടെ മാറി മാറി വന്ന് പഴുത്തു കിടന്ന ഒരു ചക്ക കൊത്തിത്തുളച്ച് സ്വാദ് നോക്കുന്നതും കണ്ടു. അര മുക്കാൽ മണിക്കൂറോളം നീണ്ടു നിന്നു -അവരുടെ കോലാഹലവും കൊത്തിപ്പെറുക്കലും. അപ്പോഴേക്ക് മഴ കനത്തു. മറ്റൊരു കൂട്ടക്കരച്ചിലോടെ അവരൊന്നിച്ച് കിഴക്കോട്ട് പറന്നു പോയി.

ഒത്തിരിക്കാലം കൂടിയായിരുന്നു അത്ര മാത്രം മാടത്തകളെ അങ്ങനെ അടുത്ത് കാണാൻ കിട്ടിയത്. ഒത്തിരിക്കാലം എന്ന് വച്ചാൽ ഒത്തിരി വർഷങ്ങൾ തന്നെ .അക്കാലയളവിൽ നേരം കിട്ടുമ്പോൾ വല്ലപ്പോഴുമൊക്കെ പാടശേഖരങ്ങളിലേക്ക് നടക്കാൻ പോകുമ്പോൾ മാത്രമെ മാടത്തകളെ അങ്ങനെ കൂട്ടമായി കണ്ടിരുന്നുള്ളൂ. വയലുകളിലും പരിസരങ്ങളിലും മാത്രം. ചുരുക്കം പറഞ്ഞാൽ മാടത്തകൾ. ചുറ്റുവട്ടത്തെ പുരയിടങ്ങളിലോ പറമ്പുകളിലോ പണ്ട് കണ്ടിരുന്നത് പോലെ കാണാൻ കഴിയാത്ത പക്ഷികളായി മാറിയിട്ട് കാലം കുറെ കഴിഞ്ഞിരുന്നു.

aymanam john malayalam writer,

മാടത്തകൾ ഞങ്ങൾക്ക് കുട്ടിക്കാലത്തിന്റെ പക്ഷികളാണ്. അന്ന് മറുപേരായ കവളംകാളികൾ എന്നാണ് ഞങ്ങളുടെ നാട് അവയെ വിളിച്ചിരുന്നത്. ഞങ്ങൾ കുട്ടികൾ കാളി എന്ന ഓമനപ്പേരും വിളിച്ചു. കാളിപിടുത്തം ഞങ്ങൾ കളിക്കൂട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല വിനോദവുമായിരുന്നു. അന്നൊക്കെ വീടിനടുത്തുള്ള വെളിമ്പറമ്പുകളിൽ അവിടവിടെ ഒറ്റയ്ക്ക് നിന്ന തെങ്ങുകളിലെ -പ്രത്യേകിച്ചും മണ്ട പോയ ഉണക്കത്തെങ്ങുകളിലെ -പൊത്തുകളിൽ ആയിരുന്നു കാളിക്കൂടുകൾ കൂടുതലും കണ്ടിരുന്നത്. സമർത്ഥന്മാരായ കൂട്ടുകാർ, തള്ളക്കിളികൾ മാറുന്ന തക്കത്തിന് തെങ്ങുകളിൽ വലിഞ്ഞു കയറി കുഞ്ഞുങ്ങളെ കട്ടെടുത്തു. കാളിവേട്ടകൾക്കിടയിൽ -പൊത്തിലേക്ക് കൈയിടുന്നു നേരം ഞങ്ങൾക്ക് മുൻപെ കാളിക്കുഞ്ഞിനെ പിടിക്കാൻ പൊത്തിൽ കയറിയിരുന്ന പാമ്പുകൾ പെട്ടെന്നിറങ്ങി വന്ന് പ്രാണനെടുത്ത് പോകും വിധം പേടിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാളിക്കുഞ്ഞുങ്ങൾ കൈപ്പിടിയിലായാലുടൻ ഞങ്ങൾ ആർത്തുല്ലസിച്ച് അവയെയും കൊണ്ട് വീടുകളിലേക്കോടി .എന്നിട്ട് ഉമ്മറക്കോണിലെ കിളിക്കൂടുകളിൽ കച്ചി കൊണ്ട് കിടക്ക വിരിച്ച് കൊടുത്ത് അരുമയോടെ പാർപ്പിച്ചു. തള്ളമാരെ പിരിഞ്ഞതിന്റെ സങ്കടം സഹിക്കാനാവാതെയാവാം കുഞ്ഞുങ്ങൾ പലതും ഞങ്ങൾ കൊടുത്ത മണ്ണിരകളെയും മറ്റും തിന്നാൻ വിസമ്മതിച്ച് ഉപവാസമനുഷ്ഠിച്ച് ചത്തു. സങ്കടത്തെ അതിജീവിച്ച് ഞങ്ങളോട് ഇണങ്ങിയവയാവട്ടെ വീട്ടുകാരുടെയും അയൽക്കാരുടെയും അടുത്ത കൂട്ടുകാരായി. അവരെ ഓരോരുത്തരെയും പേരെടുത്ത് വിളിച്ചു.അവരോട് വർത്തമാനം പറഞ്ഞു .

എല്ലാം അര നൂറ്റാണ്ട് മുൻപത്തെ സംഭവങ്ങൾ !

പിന്നെന്തേ മാടത്തകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെ മടങ്ങി വരാൻ കാരണമായത്?

മാടത്തകൾ മാത്രമല്ല മടങ്ങി വന്നത്. മലവെള്ളവും നാലഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്ര മാത്രം മദിച്ചൊഴുകി വന്നത്. നാടിന്റെ പാതിയോളം മുക്കിക്കളഞ്ഞത്. അഞ്ചാറ് പറമ്പുകൾക്കപ്പുറത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ് കവിഞ്ഞൊഴുകിയ വെള്ളം ഇടവഴിയിലൂടെ ഒഴുകി ഞങ്ങളുടെ പുരയിടത്തിന്റെ അരികോളം വന്നിട്ടുള്ളതും ഇതിനു മുൻപ് ആ ‘മാടത്ത’ക്കാലത്ത്’ മാത്രമായിരുന്നു .

അപ്പോൾ കാരണമത് തന്നെ. നാട്ടിലെ പാടങ്ങളായ പാടങ്ങളും അവയെച്ചുറ്റിയ പുരയിടങ്ങളും വെള്ളത്താൽ മൂടപ്പെട്ടപ്പോൾ മനുഷ്യർക്കൊപ്പം മാടത്തകൾക്കും അവിടങ്ങളിലെ പാർപ്പിടങ്ങൾ വിട്ട് കിഴക്ക് കര കാണുന്നിടത്തേക്ക് പലായനം ചെയ്യേണ്ടി വന്നു .

അതെ. അങ്ങനെ തന്നെ വന്നതായിരുന്നു ആ മാടത്തക്കൂട്ടം .

പിറ്റെ ദിവസം കാലത്ത് അതെ നേരത്ത് ഞാൻ ജനാല തുറന്നിട്ട് മാടത്തകൾക്കായി കാത്തിരുന്നു. അന്നും വരികയുണ്ടായി മാടത്തകൾ. പക്ഷെ തലേന്നത്തെ പോലെ കൂട്ടമായി ട്ടായിരുന്നില്ല. പാതിയോളം പേര് പോലും ഉണ്ടായിരുന്നില്ല. അത്കൊണ്ട് കലപിലകൾക്ക് ആ കുട്ടിക്കാലത്ത് കേട്ടിരുന്നത്ര കരുത്തും ഉണ്ടായിരുന്നില്ല.എവിടൊക്കെയോ വെള്ളമിറങ്ങി യതായി ഞാൻ മനസ്സിലാക്കി -ഒരു പക്ഷെ ആ പൗരാണിക പ്രളയകാലത്ത് ആ പിതാമഹൻ നോഹ മനസ്സിലാക്കിയത് പോലെ.

അടുത്ത ദിവസവും അതെ നേരത്ത് ഞാൻ ജനാല തുറന്നിട്ട് മാടത്തകളെ കാത്തിരുന്നു. പക്ഷെ ഒരെണ്ണം പോലും വന്നില്ല.

ഇപ്പോൾ അടുത്തുള്ളത് ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിലെ മാടത്തകൾ മാത്രം.

ഞാൻ പുസ്തകമെടുത്ത് താളുകൾ മറിച്ചു. 1958 ൽ എഴുതപ്പെട്ട പുസ്തകമാണ്. അന്ന് ഞാൻ ഒരഞ്ചുവയസുകാരനാണ്.

പുസ്തകത്തിൽ പക്ഷികളുടെ ക്രമനമ്പറിൽ രണ്ടാം സ്ഥാനമാണ് മാടത്തകൾക്ക് നൽകിയിട്ടുള്ളത് (ഒന്നാം സ്ഥാനം കാക്കകൾക്കാണെന്ന് പറയേണ്ടതില്ലല്ലോ )
പക്ഷെ പക്ഷിച്ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് -മാടത്തകൾ .
ഞാൻ വിവരണം വായിച്ചു തുടങ്ങി :

“പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൃഷിസ്ഥലങ്ങളിലും ധാരാളം കാണാറുള്ള പക്ഷിയാണ് മാടത്ത. പതിവായി മരങ്ങളിൽ കയറി ഇരിക്കുമെങ്കിലും ആഹാരം സമ്പാദിക്കുന്നത് നിലത്തു നടന്നാണ്.”

എനിക്കൊരു തിരുത്തൽ നിർദ്ദേശം തോന്നി. അതിങ്ങനെയായിരുന്നു.
“നെൽപ്പാടങ്ങളിലും ചുറ്റുവട്ടത്തെ താഴ്ന്ന നിലങ്ങളിലും അവിടവിടെ കാണാറുള്ള പക്ഷിയാണ് മാടത്ത. പ്രളയകാലത്ത് കരപ്രദേശങ്ങളിലേക്കും പട്ടണങ്ങളിലേക്ക് തന്നെയും പറന്നു വന്നേക്കാം .സാധാരണ നിലത്തു നടന്നാണ് ആഹാരം സമ്പാദിക്കുന്നതെങ്കിലും ഗതി കെട്ടാൽ മരങ്ങളിലും ഭക്ഷണം കണ്ടെത്തിയേക്കാം ”

* മാടത്ത- മൈന

Read More: ‘സ്വപ്ന സംവാദം’ അയ്മനം ജോൺ എഴുതിയ കഥ

Read More: ഒറ്റ വാചകത്തിൽ ഒരു കഥ ‘പരവേശം’ അയ്മനം ജോൺ

Read More: മൗലിനോങ്ങും മാടായിപ്പാറയും: അയ്‌മനം ജോൺ എഴുതുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ