scorecardresearch
Latest News

മലയാളിയുടെ മങ്ങുന്ന ഗൾഫ് സ്വപ്നങ്ങള്‍

കേരളത്തിന്റെ ഗൾഫ് സ്വപ്നം അവസാനിച്ചിട്ടില്ല, കാരണം ഇപ്പോഴും വിദഗ്ദ്ധരും വിദ്യാഭ്യാസമുള്ളവരുമായ വ്യക്തികൾക്ക് ഗൾഫിൽ അവസരങ്ങളുണ്ട്

മലയാളിയുടെ മങ്ങുന്ന ഗൾഫ് സ്വപ്നങ്ങള്‍

ഫെബ്രുവരി ആയിട്ടേ ഉണ്ടായിരുന്നുള്ളു, എന്നാലും അന്തരീക്ഷം ഉഷ്ണം നിറഞ്ഞതായിരുന്നു. കോട്ടക്കലിലെ, ഒരു ഹോട്ടലിലെ എയർ കണ്ടിഷണർ ഇല്ലാത്ത കോണ്‍ഫറന്‍സ് ഹാളിൽ ആളുകൾ വേഗത്തിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. സമയം രണ്ടുമണിയോട് അടുത്തപ്പോൾ മൂന്നുറോളം മനുഷ്യർ, കുടുതലും ആണുങ്ങൾ, അതിന്റെ പകുതി ആളുകളെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ആ ഹാളിൽ തിങ്ങി ഞെരുങ്ങി ഇരുക്കുന്നുണ്ടായിരുന്നു.

ഹംസ അഞ്ചുമുക്കിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, “നിങ്ങളെ ഇങ്ങനെ നിർത്തിയിരിക്കുന്നതിൽ ക്ഷമിക്കണം. ഞങ്ങൾ അൻപതു മുതൽ നൂറ് പേരെയാണ് പ്രതീക്ഷിച്ചത്. അവർക്കുള്ള കസേരകളാണ് ഒരുക്കിയിട്ടത്. ഇങ്ങനെയൊരു പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നല്ല ചൂടുള്ള ദിവസമാണ് എന്നെനിക്ക് അറിയാം. അതിനാൽ ദയവായി സഹകരിക്കുക.”

പ്രാസംഗികനും, സ്വപ്രയത്നം കൊണ്ട് വളർന്നു വന്ന ബിസിനസ്സുകാരനുമാണെന്നതിൽ അഭിമാനിക്കുന്ന ഹംസ വിളിച്ചു ചേർത്ത ബിസിനെസ്സ് സെമിനാറിൽ പങ്കെടുക്കാനാണ് ആളുകള്‍ അവിടെ എത്തിച്ചേര്‍ന്നത്. കുറച്ചു നാളുകൾക്കു മുൻപ് ഹംസ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ, ഒരു കച്ചവടം നടത്താനുള്ള അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചും, അതിന്റെ ലാഭം നേടുന്നതിനെക്കുറിച്ചും, സമൂഹ മാധ്യമത്തിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ മനസിലാക്കി കൊടുക്കാനായി താനൊരു സൗജന്യ വ്യവസായ സെമിനാർ നടത്താൻ പോകുന്നുവെന്നു പ്രഖ്യാപിക്കുകയുണ്ടായി.

“ഗൾഫിൽ നിന്നും തിരികെ കേരളത്തിൽ വന്നു സംരംഭങ്ങള്‍ ആരംഭിക്കുന്ന പല പ്രവാസി മലയാളികളും പരാജയപ്പെടുകയാണ്. അതിനാൽ ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ് അതിൻ്റെ അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്”  ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടക്കലിൽ ഇത്രയധികം ആളുകൾ എത്തിയത് ഹംസയെ തന്നെ അതിശയിപ്പിച്ചു. അദ്ദേഹത്തെ കേൾക്കാനായി എത്തിയവരിൽ ഭൂരിപക്ഷം പേരും പ്രവാസി മലയാളികൾ ആയിരുന്നു എന്നത് ഒരു യാദൃച്ഛികമായ കാര്യമല്ല. മറ്റെന്തിനേക്കാളും പ്രധാനം, കേരളം ഇതുവരെ അഭിമുഖീകരിക്കാന്‍ ഭയന്നിരുന്നൊരു പ്രശ്നത്തെ ഇത് അടിവരയിട്ട് വ്യക്തമാക്കി എന്നുള്ളതാണ്. പ്രവാസി മലയാളിയുടെ മടങ്ങിവരവും, ശരിയായ, തിരുത്തൽ നടപടികളുടെ അഭാവം മൂലം സംഭവിക്കാനിരിക്കുന്ന ദുരന്തവും.gulf migration ,vishnu varma

ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള ബന്ധം കേരളത്തിന് ഗൾഫ് രാജ്യങ്ങളുമായിട്ടുണ്ട്. യൂറോപ്പ് അറബ് രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി കേരളം സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടം നടത്തിയിരുന്നു. മധ്യകാലഘട്ടത്തിൽ കേരളത്തിന്റെയും അറബ് രാജ്യങ്ങളുടെയും സാമൂഹിക സാംസ്‌കാരിക മേഖലകളെ വരെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ ദൃഢമായ കച്ചവട ബന്ധങ്ങൾ നിലനിന്നിരുന്നു എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വരികയും, അതേ ചുവട് പിടിച്ച് ലന്തക്കാരും, ബ്രിട്ടീഷുകാരും വന്നതോടെയാണ് ഈ കച്ചവട ബന്ധം നഷ്ടപ്പെട്ടത്.

സ്വാതന്ത്ര്യാനന്തരം, അറുപതുകളുടെ ആദ്യം പാവപ്പെട്ടവരും അവിദഗ്‌ദ്ധരായ തൊഴിലാളികളും, കടൽ കടന്നു തൊഴിൽ തേടി പോകാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ നിന്നുമുള്ള കുടിയേറ്റ തരംഗമുണ്ടായത്. വലിയ സംഘം ആളുകള്‍ പത്തേമാരികളില്‍ കയറി കേരളതീരത്തുനിന്നും ഗൾഫിലേക്ക് കുടിയേറുന്നതിനെക്കുറിച്ചാണ് ആദ്യ വിവരണങ്ങൾ. അപകടാവസ്ഥ ഒരുപാട് അധികമായിരുന്നതിനാൽ പലരും കടലിൽ മരണപ്പെട്ടു. എന്നാലിത് മറ്റുള്ളവരുടെ പ്രതീക്ഷകളിൽ മങ്ങലേൽപ്പിച്ചില്ല, കാരണം യാത്രയുടെ അവസാനം ലഭിക്കുന്ന പ്രതിഫലം അമൂല്യമായിരുന്നു.

എഴുപതുകളിൽ ഗൾഫിലുണ്ടായ “ഓയിൽ ബൂം”, സ്വന്തം നാട്ടിലെ തൊഴിലില്ലായ്‌മയിലും പട്ടിണിയിലും നിന്നും രക്ഷപ്പെടാൻ മലയാളിക്ക് അവസരമുണ്ടാക്കി കൊടുത്തു. പകരം GCC രാജ്യങ്ങൾക്ക് വിലകുറഞ്ഞ, കഠിനാധ്വാനികളായ മലയാളി തൊഴിലാളികളെ ലഭിച്ചു. അവരത് ഉപയോഗിച്ച് വ്യവസായങ്ങൾ തുടങ്ങുകയും  അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എണ്പതുകളും തൊണ്ണൂറുകളുമായപ്പോൾ പലരും തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്ത്കളെയും  ഗൾഫിലേക്ക് കൊണ്ടുപോയി.

2013- കൂടെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 2.4 കോടി എത്തുകയും ഇതിൽ 85 ശതമാനം പേരും ഗൾഫിൽ ജീവിക്കുകയും ജോലിചെയുകയുമാണ്. കുടിയേറ്റത്തിനായി  തിരഞ്ഞെടുത്ത അടുത്ത് സ്ഥലമായ അമേരിക്കയില്‍ വെറും മൂന്ന് ശതമാനം മാത്രം മലയാളികളാണ് ഉള്ളത്.gulf migration,vishnu varma

അതിനേക്കാളുപരി, അവർ ഗൾഫിൽ നിന്നുമയക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകിയത്‌. 2014-ലെ കേരളത്തിന്റെ ആഭ്യന്തര ഉത്പ്പന്നാദായത്തിന്റെ 36.3 ശതമാനം വിദേശത്തുനിന്നുള്ള പണമായിരുന്നു. കഴിഞ്ഞ വര്ഷം എൺപത്തിയയ്യായിരം കോടി രൂപയാണ് വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തിയത്. എഴുപതുകളിലും എൺപതുകളിലും തൊഴിലില്ലായ്‌മ മാനംമുട്ടെ ഉയർന്നപ്പോൾ പെട്ടെന്നുണ്ടായ ഈ സമൃദ്ധിയാണ് സർക്കാരിനോട് തോന്നുമായിരുന്ന വെറുപ്പും അമർഷവും മയപ്പെടുത്തിയത്.

മാറിമാറി വന്ന സര്‍ക്കാറുകള്‍ ഗൗരവമായ വ്യാവസായിക നിക്ഷേപങ്ങൾ നടത്താത്ത, ട്രേഡ് യൂണിയനുകള്‍ക്കും, പണിമുടക്കിനും പേരുകേട്ട സംസ്ഥാനത്തിന് വിദേശത്തു നിന്നും ലഭിക്കുന്ന ഈ പണം, അടിസ്ഥാന സൗകര്യ വികസനത്തിനും, ആരോഗ്യവും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിട്ടുള്ള ക്ഷേമ പദ്ധതികൾക്ക് മൂലധനമായി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം പ്രവാസി ജനസംഖ്യ കുടുതലുള്ള കണ്ണൂരിൽ കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളം ജനങ്ങൾക്കുവേണ്ടി തുറന്നപ്പോൾ, സേവനം തുടങ്ങുവാനായി ഗൾഫ് എയർലൈനുകളുടെ ഒരു നീണ്ട നിരതന്നെ തയ്യാറായി വന്നു.

മലപ്പുറം പോലൊരു ജില്ലയില്‍ ഏതാണ്ട് 70 ശതമാനത്തിലധികം വീടുകളിലും ഒന്നുകിൽ ഗൾഫിലേക്ക് കുടിയേറിയ ഒരു വ്യക്തിയോ പ്രവാസി ജീവിതം അവസാനിപ്പിച്ചെത്തിയ ഒരു വ്യക്തിയോ കാണാതിരിക്കില്ല. വൈവിധ്യമാർന്ന ഷോപ്പിംഗ് കോംപ്ലക്സുകളും, അത്യാകര്‍ഷകമായ ആഭരണ കടകളും ചെറിയ ഗ്രാമങ്ങളിലും ടൗണുകളിലും നിറഞ്ഞത് ഗൾഫിലെ പണം കൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടാണ്. കോട്ടക്കൽ, തീരുർ, മഞ്ചേരി, പൊന്നാനി എന്നീ ടൗണുകളിലൂടെ നടന്നാൽ അറബ് സ്വാധീനം പ്രകടമാണ്. മനോഹരമായ സ്‌ഫടികകുപ്പികളില്‍ വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങളും “അത്തറും” വിൽക്കുന്ന കടകളും,  ‘കുബ്ബുസ്” മുതൽ “ഷവർമ” വരെ വിൽക്കുന്ന ഭക്ഷണശാലകളും, ഈന്തപ്പഴവും മുന്തിരിങ്ങയും കശുവണ്ടിയും വിൽക്കുന്ന വിപുലമായ സ്റ്റോറുകളും കാണാം. gulf migration, vishnu varma

 

2013- 2018 കാലഘട്ടത്തിൽ പ്രവാസികളുടെ എണ്ണത്തിൽ മൂന്ന് ലക്ഷം വരെ കുറവുണ്ടായി, ഇത് 2013-ലെ പ്രവാസികളുടെ പത്തിലൊരു ശതമാനമാണ്. കേരളത്തിൽ നിന്നുമുള്ള കുടിയേറ്റം കുറയുകയാണെന്നും, തിരികെ എത്തുന്ന പ്രവാസികളുടെ എണ്ണം വർഷം തോറും കുടുകയാണെന്നും, ‘കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള കുടിയേറ്റത്തിന്റെ ആ നീണ്ട ചരിത്രം അതിന്റെ അവസാന ഘട്ടത്തിലാണെന്നും’, കഴിഞ്ഞ  സെപ്റ്റംബറില്‍ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ്  പ്രസിദ്ധീകരിച്ച റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്.

കുടിയേറ്റം കുറയാന്‍ അഞ്ചു പ്രധാന കാരണങ്ങൾ പറയുന്നുണ്ട്. ഒന്ന്, 1987 -ാടുകൂടി കേരളം മാറ്റി സ്ഥാപിക്കാൻ കഴിയുന്ന പ്രത്യുല്പാദന തലത്തിൽ എത്തിക്കഴിഞ്ഞിരുന്നു, ഇത് കുടിയേറിപ്പാർക്കാൻ സാധ്യതയുള്ള പ്രായത്തിലുള്ള ആളുകളുടെ എണ്ണം കുറച്ചു. രണ്ട്, റിയല്‍ എസ്റ്റേറ്റ്‌, നിർമ്മാണം എന്നി പ്രധാനപ്പെട്ട മേഖലകളെ ബാധിക്കുന്ന രീതിയിൽ 2010 മുതൽ ഗൾഫിലെ എണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മൂന്ന്, സൗദി അറേബ്യയിലെയും മറ്റു സ്ഥലങ്ങളിലെയും നിതാഖത് പോലെയുള്ള നിയമങ്ങള്‍ കാരണം, ഒരിക്കൽ കുടിയേറ്റക്കാർ പ്രബലമായിരുന്ന മേഖലകളിലെല്ലാം അന്നാട്ടുകാരായ യുവാക്കൾ ജോലിചെയുന്നുവെന്ന് ഉറപ്പ് വരുത്തി. നാല്, 2008-ൽ ഗൾഫിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കരണമുണ്ടായ ശമ്പളത്തിലെ കുറവ് ആളുകളെ കുടിയേറുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. അഞ്ച്, അനൗപചാരിക മേഖലയിൽ ഏറ്റവും ഉയർന്ന നിരക്ക് നൽകുന്നതോടെ കേരളത്തിൽ വേതനം വർധിക്കുകയും ചെയ്തുവെന്ന്, 1998-ൽ ആരംഭിച്ച കുടിയേറ്റ പഠന പരമ്പരയില്‍ പറയന്നു.

“..ദീർഘകാല ഭാവിയില്‍ കേരളം കുടിയേറ്റത്തിലും വിദേശപണത്തിലും ആശ്രയിക്കുന്നത് കുറയുമെന്നത് തീർച്ചയാണ്. പ്രതികൂലമായ ജനസംഖ്യാപരമായ ഓഹരി കാരണം, കേരളത്തിന് ഗൾഫിലേക്ക് മുൻപുണ്ടായിരുന്ന കുടിയേറ്റത്തിന്റെ മേല്‍ക്കൈ തിരികെ നേടാൻ സാധിക്കുമെന്നത് നടക്കാത്ത കാര്യമാണ്. കുടിയേറ്റ മാതൃകയിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യുന്നതിനായുള്ള ഏക പരിഹാരം ഊർജ്ജസ്വലമായ ആഭ്യന്തര സമ്പദ് വ്യവസ്ഥയുണ്ടാക്കുക എന്നതാണ്,” സിഡിഎസിന്റെ എട്ടാമത്തെ പഠനം പറഞ്ഞു നിർത്തുന്നു.

പഠനത്തിന്റെ ശില്‍പികളില്‍ ഒരാളായ എസ്. ഇരുദയ ജയരാജനെ സംബന്ധിച്ച് കേരളത്തിന്റെ ഗൾഫ് സ്വപ്നം അവസാനിച്ചിട്ടില്ല, കാരണം ഇപ്പോഴും വിദഗ്ദ്ധരും വിദ്യാഭ്യാസമുള്ളവരുമായ വ്യക്തികൾക്ക് ഗൾഫിൽ അവസരങ്ങളുണ്ട്.

“ഗൾഫ് (സ്വപ്നം) മരിച്ചിട്ടില്ല, അതിപ്പോഴും അതിജീവിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

അസംഘടിത മേഖലയിലെ വേതനം കുറഞ്ഞ തൊഴിലിനു വേണ്ടി ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുടിയേറ്റക്കാരുമായി ഒരു മത്സരത്തിനായി കേരളത്തിലുള്ളവർ നിർബന്ധിതരാകുന്നു എന്നതാണ് കാര്യം.

“ഗൾഫിലെ സാമ്പത്തികനിലയ്ക്ക് ഇനിയും അവിദഗ്‌ധരായ തൊഴിലാളികളെ ആവശ്യമാണ്. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം തൊഴിലാളികള്‍ക്ക് മുൻപ് ലഭിച്ചിരുന്നതിനേക്കാൾ ശമ്പളം കുറവാണു. ഉത്തർ പ്രദേശ്, ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ളദേശ് പോലെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും ഇത് ഒരുപക്ഷേ മികച്ച വേതനമായിരിക്കാം, എന്നാല്‍ മലയാളികളെ ആകര്‍ഷിക്കുന്നൊരു വരുമാനമല്ല ഇത്.”

ഗുരുവായൂരിലെ  നിയമസഭാംഗവും, പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതിയുടെ ചെയര്‍മാനുമായ കെ വി അബ്ദുൾ ഖാദർ, ഇതേ ആശങ്ക തന്നെ പങ്കുവയ്ക്കുന്നു. “ഞങ്ങളുടെ കണക്ക് പ്രകാരം തിരികെ വരുന്നവരെല്ലാം അവിദഗ്ദ്ധരോ, അര്‍ദ്ധ വിദഗ്ദ്ധരോ ആയ തൊഴിലാളികളോ വ്യവസായികളോ ആണ്. സൗദിയിലും ഓമനിലുമായി വീടുകളിൽ സഹായിയായും, കാർ ഓടിക്കാനും, തുണിക്കട നടത്താനും, സെൽ ഫോണുകൾ വിൽക്കാനും, നിന്നവർ ആകാം. നിതാഖത് വന്നതോടെ അവരുടെ ജോലി നഷ്ടപ്പെട്ടു,” ഖാദർ പറഞ്ഞു.

“അപ്പോൾ സാങ്കേതികപരമായി യോഗ്യതയുള്ളതും ഉന്നത വിദ്യാഭ്യാസം നേടിയതുമായ മലയാളികൾ ഇപ്പോഴും അവിടെ ജോലിയിൽ തുടരുന്നുണ്ട്. അതുപോലെ തന്നെ ഇപ്പോൾ കുടിയേറുന്ന ഭൂരിപക്ഷം പേരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വിദഗ്ദ്ധരായവരാണ്.”

എല്ലാരും തിരികെ വരേണ്ടി വരുന്നൊരു സാഹചര്യത്തെ കുറിച്ച് ആലോചിക്കാൻ കൂടെ കഴിയില്ലായെന്നു ഖാദർ പറയുന്നു.

“കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നുതന്നെയാണ് ഇത്. നമുക്കെന്താണ് ചെയ്യാൻ സാധിക്കുക എന്നതിന് സത്യസന്ധമായി പറഞ്ഞാൽ എനിക്കൊരുത്തരമില്ല.”

കോട്ടക്കലിലെ ബിസിനസ്‌ സെമിനാറിലേക്ക് തിരികെ വരാം, ഗൾഫിൽ നിന്നും മടങ്ങി വന്ന താൻ എങ്ങനെയാണ് കേരളത്തിൽ സുസ്ഥിരമായൊരു സംരംഭം കെട്ടിപ്പടുത്തതെന്നുള്ളത് സദസ്സിനു വിവരിച്ചു കൊടുക്കുകയാണ് ഹംസ. അദ്ദേഹത്തിൻ്റെ നര്‍മ്മം കലര്‍ന്ന വിവരണം അവിടെക്കുടിയവരേ ഏറെ രസിപ്പിക്കുനുണ്ട്.

“തൊണ്ണൂറുകളിൽ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി ഇവിടെ എത്തിയിരുന്ന പണക്കാരായ അറബികൾക്ക് മൊബൈൽ ഫോൺ വാടകയ്ക്ക് കൊടുക്കുന്ന ഒരു ചെറിയ കട, ഈ ഹോട്ടലിന് സമീപം ഞാൻ തുറന്നു. എല്ലാം വാടകയ്ക്ക് നൽകിയിരുന്ന സമയമായിരുന്നു അത്, കാർ, ഫോൺ, ബൈക്ക്, ക്യാമറ അങ്ങനെയെല്ലാം,” ഹംസ പറഞ്ഞു.

വാടകയ്ക്ക് കൊടുക്കുന്നതിൽ നിന്നും തുടർന്ന് മൊബൈൽ ഫോണിന്റെ കേടുപാടുകൾ തീർക്കുന്ന ജോലിയിലേക്ക് നീങ്ങുകയും അതിൽനിന്നു യുവാക്കളെ മൊബൈൽ ഫോണ്‍ റിപെയര്‍ ചെയ്യാന്‍ പരിശീലിപ്പിക്കാനും തുടങ്ങി. ഇന്നദ്ദേഹം, മൊബൈൽ ഫോണുകള്‍ റിപെയര്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന വലിയൊരു കമ്പനിയുടെ തലവനാണ്. അതിന്റെ വെബ്‌സൈറ്റിൽ കമ്പനിക്ക് കേരളത്തിലും, ഡൽഹിയിലും, വിദേശത്തുമടക്കം പതിനെട്ട് സ്ഥാപനങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്നു.

അനുകരിക്കാൻ ശ്രമിക്കാതെ നിരന്തരമായി നവീനമായ ആശയങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് പ്രധാനമെന്ന് ഹംസ പറയുന്നു. “അതാണ് നിങ്ങളുടെ എല്ലാരുടെയും പ്രശ്നം,” അദ്ദേഹം ശാസന രൂപേണ പറഞ്ഞു.

“ഒരാള് ഒരു കുഴിമന്തി ഭക്ഷണശാല തുറക്കുകയാണെങ്കിൽ അതുപോലെ അതെ തെരുവിൽ പിന്നെയും ഒരു അഞ്ചു പേര് അതെ സംരംഭം തുടങ്ങും. ഈ പതിവ് കാഴ്ച കാണാതെ റോഡിലൂടെ നടക്കാൻ സാധിക്കില്ല. നിങ്ങളിൽ പലരും എന്നേക്കാൾ കഴിവുള്ളവരാണ്. എന്നേക്കാൾ വളരെ ഉയരത്തിലെത്താൻ സാമര്‍ത്ഥ്യമുള്ളവരാണ്,” നിലയ്ക്കാത്ത കയ്യടികൾക്കിടയിൽ അദ്ദേഹം പറഞ്ഞു.

gulf migration, vishnu varma

ഹംസയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ്‌ പുനലൂരിൽ നിന്നും നാല്പത്തിരണ്ട്‌ വയസുകാരനായ രാജ്‌കുമാര്‍ അദ്ദേഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനും വിലപിടിപ്പുള്ള നൂതന ആശയങ്ങള്‍ സ്വായത്തമാക്കാനുമാണ്.

പന്ത്രണ്ടാം തരത്തിൽ പഠിത്തം മതിയാക്കിയ രാജ്‌കുമാർ 2009ലാണ് തൊഴിലിനായി ഒരു സുഹൃത്ത് മുഖാന്തിരം ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്ക് കുടിയേറിയത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെങ്കിൽ കൂടി ഒമാനിലും മറ്റു ജിസിസി രാജ്യങ്ങളിലും അവിദഗ്ദ്ധരായ തൊഴിലാളികൾക്ക് ഒരുപാട് ജോലി സാദ്ധ്യതകൾ ഉണ്ടായിരുന്നു. താമസിക്കാതെ തന്നെ അദ്ദേഹത്തിനു കംപ്യൂട്ടർ സേവനങ്ങൾ നൽകുന്നൊരു കമ്പനിയിൽ, 250 ഒമാൻ റിയാൽ (46,000 രൂപയടുപ്പിച്ച് ) കിട്ടുന്നൊരു ജോലി ലഭിച്ചു.

“എനിക്ക് താമസമൊരുക്കിയത് എൻ്റെ അറബി ഉടമസ്ഥനായിരുന്നു. ദുബൈയിലെ പോലെ ജീവിതച്ചെലവ്‌ മസ്കറ്റിൽ കുടുതലില്ലാത്തതിനാൽ സമ്പാദിക്കാൻ സാധിച്ചു. ജീവിതം ദുഷ്‌കരമായിരുന്നു, എന്നാല്‍ കുറച്ചു പണം മിച്ചം പിടിക്കാന്‍ സാധിക്കുകയും വീട്ടിലേക്ക്‌ പണമയയ്ക്കുകയും ചെയ്തത് നല്ലതാണ്. എല്ലാ മാസവും എന്റെ ചിലവുകൾക്കായി ഞാനൊരു അൻപത് ഒമാൻ റിയാൽ ചിലവാക്കുകയും ബാക്കി വീട്ടിലേക്ക് അയക്കുകയും ചെയ്യുമായിരുന്നു” അദ്ദേഹം പറഞ്ഞു.

അടുത്ത എട്ടു വർഷത്തേക്ക് രാജ്‌കുമാർ മറ്റു മൂന്ന് മലയാളികളോടൊപ്പം ഇതേ കമ്പനിയിൽ കംപ്യൂട്ടറുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും നന്നാക്കികൊണ്ടിരുന്നു. ശമ്പളത്തിൽ വ്യത്യാസമൊന്നുമുണ്ടായില്ല, ജോലി മാറാൻ ശ്രമിച്ചാലും വിദ്യാഭ്യാസ യോഗ്യത വെച്ച് വലിയതോതിലുള്ള വർദ്ധനവൊന്നുമുണ്ടാകില്ല എന്നദ്ദേഹത്തിനു ഉറപ്പാപ്പയിരുന്നു.

എന്നാൽ 2018- ൽ കാര്യങ്ങൾ മാറിമറിഞ്ഞു, ഒമാനിലെ തൊഴിലില്ലായ്‌മയും ആഭ്യന്തര മാന്ദ്യവും മറികടക്കാനായി അന്നാട്ടുകാരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന ‘ഒമാനൈസേഷന്റെ’ ഭാഗമായി കുടിയേറ്റക്കാരായ അദ്ദേഹത്തെപോലുള്ള ജോലിക്കാരെ പിരിച്ചുവിടുകയാണെന്ന് അദ്ദേഹത്തിന്റെ അറബി ഉടമസ്ഥൻ പറയുകയുണ്ടായി. ഈ നയം നടപ്പാക്കിയോ എന്നറിയാൻ ഓമനിലെ ഉദ്യോഗസ്ഥര്‍ കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും.

“പ്രക്ഷുബ്ധമായ സാഹചര്യമായിരുന്നു. ഓമനികൾ തന്നെ പതിവായി കടകളിൽ നിന്നും മോഷണം നടത്തുമായിരുന്നു. അവർക്ക് സംരക്ഷിക്കുവാനായി വലിയ കുടുംബങ്ങൾ ഉണ്ടായിരുന്നു, എന്നാൽ തൊഴിലില്ലായ്‌മ ഒരു വലിയ പ്രശ്നമായിരുന്നു” രാജ്‌കുമാർ പറഞ്ഞു.

“കടയുടമസ്ഥർക്ക് മറ്റൊരു വഴിയില്ലായിരുന്നു. ഞങ്ങളെ പോലെ ആത്മാർത്ഥതയോടെ അന്നാട്ടുകാർ തൊഴിലെടുക്കില്ലായെന്നു അവർക്കറിയാമായിരുന്നു, എന്നാൽ അവർക്ക് നിയമം പാലിക്കുകയും വേണമായിരുന്നു. ഞാൻ മറ്റു ജോലികൾക്കായി ശ്രമിച്ചു, എന്നാൽ വിദേശികൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ടായി” അദ്ദേഹം തുടർന്നു. ആറു മാസം മുൻപ് വിസ പുതുക്കാതെ മരവിച്ച മനസുമായി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തി.

കേരളത്തിൽ വന്നതിൽ പിന്നെ താനെന്താണ് ചെയ്യേണ്ടത് എന്നതിൽ രാജ്‌കുമാറിന് ഒരു വ്യക്തത വന്നിട്ടില്ല. ഭാര്യയും മകളും, വയസ്സായ മാതാപിതാക്കളുമുള്ള, നാല്പതുകളിലെത്തിനിൽക്കുന്ന രാജ്‌കുമാറിന് പരാജയപ്പെടാൻ സാധ്യതയുള്ളൊരു സംരംഭത്തില്‍ തൻ്റെ സമ്പാദ്യം നിക്ഷേപിക്കാൻ താല്പര്യമില്ല. സൗദി അറബ്യായിലും, ഒമാനിലും, കുവൈറ്റിലും നിന്നും മടങ്ങി വന്ന തന്റെ സുഹൃത്തുകൾക്ക് ഉള്ളപോലെ തിരിച്ചടയ്ക്കാനായി ലോണുകളോ ബാധ്യതകളോ ഭാഗ്യവശാൽ അദ്ദേഹത്തിന് ഇല്ല. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയവർ നടത്തുന്ന ഭക്ഷണശാലകളും, തട്ടുകടകളും അദ്ദേഹത്തിന് ചുറ്റും ഒരുപോലെ തുടങ്ങുന്നുമുണ്ട് എന്നാൽ അധികം താമസിക്കാതെ അവ പൂട്ടിപോകുന്നുമുണ്ട്. “വിപണനം നല്ലതാണ്, സുരക്ഷിതമാണ്. ഞാൻ അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു” അദ്ദേഹം പറഞ്ഞു.

മാർച്ച് പകുതിയോടെ ഹംസ നയിക്കുന്ന ഒരു സംഘത്തിനോടൊപ്പം മലേഷ്യയിലേക്ക് പോകാൻ അദ്ദേഹം പദ്ധതിയിടുകയാണ്. അവിടെ നിന്നും തെക്ക് കിഴക്ക് ഏഷ്യൻ പ്രദേശത്തു നിന്നും മാത്രം ലഭിക്കുന്നതും എന്നാല്‍ കേരളത്തിൽ ചൂടപ്പം പോലെ വിറ്റുപോകാൻ സാധ്യത ഉള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ചു മനസിലാക്കാനും അതിന്റെ വിപണന സാധ്യത അന്വേഷിക്കാനുമാണ് യാത്ര.

“ഇലക്ട്രോണിക് ഉലപന്നങ്ങളുടെ ഒരു കേന്ദ്രമാണ് മലേഷ്യ. അവിടെ നിന്നും കേരളത്തിലേക്ക് ഒരു വിപണനം കണ്ടെത്താൻ സാധിച്ചാൽ, തീർച്ചയായും അത് പ്രാവർത്തികമാകുമെന്ന് എനിക്കുറപ്പാണ്. സാങ്കേതികവിദ്യകൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ കേരളമൊരു ഉപഭോക്തൃ സംസ്ഥാനമാണ്,” അദ്ദേഹം പറഞ്ഞു.

ആയിരകണക്കിന് മലയാളികൾക്ക് ഗൾഫ് എന്ന സ്വപ്നം മങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, തൊഴിൽ കണ്ടെത്താനായി പുതിയ അതിർത്തികൾ തേടുന്നതിൽ നിന്നും അവരെ ആരെയും തടസ്സപ്പെടുത്തുന്നില്ല എന്നുള്ളതിന് തെളിവാണ് രാജ്കുമാറിനെ പോലെയുള്ള മനുഷ്യർ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Return of gulf malayali naturalisation economic slowdown declining remittances