Latest News

വി കെ എസ്: സ്വരസ്ഥാനം തെറ്റാത്ത സ്നേഹഗായകൻ

സിനിമാ ലോകത്തെ പേരും പെരുമയും കൈവിട്ട് ജനങ്ങൾക്കിടയിൽ ഒഴുകി പടര്‍ന്ന രാഗമായിരുന്നു വി കെ. എസ് എന്ന വി കെ ശശിധരൻ. വി കെ എസിനെ സുഹൃത്തും സഹപ്രവർത്തകനുമായ കെ കെ കൃഷ്ണകുമാർ ഓർമ്മിക്കുന്നു

v k s , iemalayalam, kk krishnakumar

സ്നേഹവും ലാളിത്യവും ഒത്തുചേർന്ന സ്വരസ്ഥാനം തെറ്റാത്ത നിലപാടുകൾ കൊണ്ട് ജനങ്ങൾക്കിടയിൽ ഒഴുകിപടർന്ന രാഗമായിരുന്നു വി കെ എസ് എന്നറിയപ്പെട്ടിരുന്ന വി കെ ശശിധരൻ. സംഗീതം പോലെ തന്നെ ജൈവികവും സർഗാത്മകവുമായ ജീവിതമായിരന്നു വി കെ എസ്സിന്റേത്. ഓരോ വ്യക്തിയോടുമുള്ള ബന്ധം അദ്ദേഹം വിളക്കിച്ചേർത്തത് താളവും രാഗവും നിറഞ്ഞ സ്നേഹം കൊണ്ടായിരുന്നു.

സിനിമാ സംഗീതത്തിലെ വെള്ളിവെളിച്ചത്തിൽ നിന്നുമാണ് അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് റിലീസ് ചെയ്യാത്ത ‘കാമുകി’ എന്ന ചലച്ചിത്രത്തിലെ പാട്ടുകൾ സംഗീത സംവിധാനം നിർവഹിച്ചത് വി കെ. എസും സുഹൃത്ത് പി.കെ ശിവദാസുമായിരുന്നു. 1967 ൽ ഏറ്റുമാനൂർ സോമദാസൻ രചിച്ച പാട്ടുകൾക്കാണ് അദ്ദേഹവും സുഹൃത്തും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചത്. പിന്നീട് 1978 ൽ ‘തീരങ്ങൾ’ എന്ന പേരിൽ രാജീവ്നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ ഈ ഗാനങ്ങളിൽ ചിലത് ഉൾപ്പെടുത്തി. ജി അരവിന്ദനുമായും അടുത്ത സൗഹൃദമായിരുന്നു വി കെ എസിന് ഉണ്ടായിരുന്നത്.

സിനിമയുടെ ലോകം നൽകുന്ന പേരും പെരുമയും സൗഭാഗ്യങ്ങളുമൊക്കെ ഉപേക്ഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ വി കെ എസ് സന്യാസ തുല്യമായ ജീവിതമാണ് നയിച്ചത്. വ്യക്തിപരമായി എനിക്ക് അദ്ദേഹം ഒരു വല്യേട്ടനായിരന്നു. എന്റെ പല പാട്ടുകളും അദ്ദേഹം ട്യൂൺ ചെയ്തിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം പല പാട്ടുകളും ഞാൻ എഴുതിയിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും ശാസ്ത്രബോധം വളർത്തുന്നതിലും സാക്ഷരതാ പ്രവർത്തനം സജീവമാക്കുന്നതിലും വലിയ പങ്ക് വഹിച്ച ശാസ്ത്രകലാജാഥകൾ രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പ്രധാനപ്പെട്ട വ്യക്തികളിലൊരാൾ വി കെ എസ് ആയിരുന്നു.

വശ്യമായ സംഗീതാവിഷ്‌ക്കാരവും വ്യതിരക്തമായ ആലാപന ശൈലി കൊണ്ടും മാസ്മരികമായ ഗാനലോകം തീർത്ത വി കെ എസ് കേരളത്തിലങ്ങോളമിങ്ങോളം പ്രായഭേദമന്യേ ജനമനസുകളിൽ നിറഞ്ഞ സ്വരമാധുരിയാണ്. കേരളത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടഗാനങ്ങളിൽ ഒരുപോലെ വി കെ എസ്സിന്റെ ശബ്ദഗാഭീര്യം കേൾക്കാനാകും.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംബന്ധിച്ചടത്തോളം സമുന്നതായ സംഘാടകരിലൊരാളായിരുന്നു വി കെ എസ് എന്ന ത്രയക്ഷരി. പരിഷത്തിനെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഒരാൾ. ഇന്ത്യയില്‍ തന്നെ ആദ്യമായി ശാസ്ത്രകലാപരിപാടകിളലൂടെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ശാസ്ത്രകലാജാഥ നേതൃത്വം നൽകിയത് അദ്ദേഹമാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ആകെ ജനകീയ സാംസ്കാരിക ആയുധം ആയി ശാസ്ത്ര കലാജാഥയെ മാറ്റിയെടുത്തതിലെ അച്ചുതണ്ട്. ഇന്ത്യയിൽ സാക്ഷരതാ പ്രസ്ഥാനം സജീവമായപ്പോൾ ആ സന്ദേശം ജനങ്ങളിലെത്തിക്കാൻ ശാസ്ത്രകലാജാഥയക്ക് രൂപം നൽകിയ മനീഷി. കലാജാഥകളിൽ വി കെ എസ് നിർവഹിക്കാത്ത റോളുകളില്ല. പാടും അഭിനയിക്കും ജാഥയുടെ നേതൃത്വം വഹിക്കും എല്ലാ പണികളും ഒരു മടിയുമില്ലാത്തെ ചെയ്യും.

1980ലാണ് ശാസ്ത്രകലാജാഥ ആരംഭിക്കുന്നത്. അന്ന് മുതൽ അതിലെ നേതൃത്വത്തിൽ വി കെ എസ് ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഗായകനോ സംഗീത സംവിധായകനോ മാത്രമല്ല, പരിഷത്തിനെ വളർത്തിയെടുത്തതിൽ വലിയ പങ്ക് വഹിച്ച സംഘാടകൻ കൂടെയായിരന്നു. 1977 മുതൽ 79 വരെ പരിഷത്തിന് നേതൃത്വം നൽകിയ ശക്തനായ ജനറൽ സെക്രട്ടറിയായിരുന്നു വി കെ എസ്. ഇന്നത്തെ പോലെ യാത്രാ സൗകര്യമോ വാർത്താവിനിമയോ സംവിധാനങ്ങളെ ഒന്നുമില്ലാത്ത കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ഓടിയെത്തി അദ്ദേഹം. വി കെ എസ് അന്ന് പോസ്റ്റ് കാർഡിൽ മനഹോരമായ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതി അയച്ച കത്തുകൾ നിരവധി പ്രവർത്തകർ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. വ്യക്തിപരമായ അടുപ്പവും സംഘടനാപരമായ അച്ചടക്കവും ഒരുപോലെ കാത്തുസൂക്ഷിച്ച മനുഷ്യനാണ് അദ്ദേഹം.

പരിഷത്ത് നടത്തുന്ന ശാസ്ത്ര കലാജാഥകൾ നടക്കുന്നത് ഒക്ടോബർ രണ്ട് മുതൽ മുതൽ നവംബർ ഏഴ് വരെയാണ്. അതിന് തൊട്ട് മുമ്പുള്ള ഒരു മാസത്തെ പരിശീലനം ഇതിനുണ്ടാകും. സാമ്പത്തികമായി കടുത്ത പരിമിതകളിലായിരിക്കും പരിശീലന ക്യാമ്പ് നടക്കുക. ആ സമയത്ത് കലാജാഥയുടെ വേഷമായ മുണ്ട് മാത്രം ധരിച്ച്, പായയിൽ കിടന്ന്, കഞ്ഞിമാത്രം കുടിച്ച് വി കെ എസ് നേതൃത്വത്തിൽ സന്യാസം സ്വീകരിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. ലാളിത്യം കാത്ത് സൂക്ഷിക്കുന്ന, കഠിനമായി പ്രയത്നിക്കുന്ന വി കെ എസിനെ എപ്പോഴും കാണാനാകും.

പ്രവർത്തകരുമായി ഇടപഴകുന്നതിൽ എപ്പോഴും ഒരു അതിരോ അകൽച്ചയോ ഇല്ലാത്ത വ്യക്തിയായിരന്നു വി കെ എസ്. ആളുകളെ കാണുമ്പോൾ അദ്ദേഹം ആവേശ ഭരിതനാകും ജനങ്ങളെ കാണുമ്പോഴാണ് താളവും രാഗവും ഉണ്ടായിവരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാഴ്ചക്കാരുടെയും കേൾവിക്കാരുടെയും മൂഡ് അനുസരിച്ച് വി കെ എസ് പാട്ടുകൾ ഇംപ്രൊവൈസ് ചെയ്ത് മനോഹരമാക്കുന്നത് പല തവണ അനുഭവപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ആ പാട്ട് ശൈലിയോട് ചേർന്നൊഴുകുന്നത് അനുഭവേദ്യമാകും.

കുട്ടികൾക്ക് വേണ്ടി പാടുമ്പോൾ വി കെ എസ് ഒരു കുട്ടിയായി മാറുന്നത് കാണാം. പണ്ട് കുവേരിയിൽ നിന്ന് ആരംഭിച്ച് പൂവ്വച്ചലിൽ സമാപിച്ച ബാലശാസ്ത്ര ജാഥയുടെ ഓർമ്മ ആരുടെയും മനസ്സിൽ നിന്നും മാഞ്ഞുപോകില്ല. പൂവച്ചലിൽ ജാഥ സമാപനത്തിൽ അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണി ഉൾപ്പെടെ കാഴ്ചക്കാരായിട്ടുണ്ടായിരന്നു. സമാപനത്തിൽ ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത് എന്ന ഗാനം കുട്ടികളുമായി ചേർന്ന് വി കെ എസ് അവതരിപ്പിച്ചത് കണ്ട് മുഖ്യമന്ത്രി ആന്റണി അത്ഭുതപ്പെട്ടത് ഇന്നും ഓർമ്മയിലുണ്ട്.

ആലുവ പറവൂർ സ്വദേശിയായ വി കെ എസ് ജോലിയുമായി ബന്ധപ്പെട്ട് കൊട്ടിയം പോളി ടെക്നിക്കിൽ എത്തിയത് മുതൽ കൊല്ലത്തായി സ്ഥിരതാമസം. കലാപ്രവർത്തനങ്ങളിലൂടെയും സംഘാടനത്തിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ശാസ്ത്ര സാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വി കെ എസ്. ഇലക്ട്രിക്കൽ എൻജനിയറിങ് അധ്യാപകനായിരുന്ന അദ്ദേഹവും ഭാര്യ വസന്തലത ടീച്ചറും മകൾ ദീപ്തിയുമെല്ലാം പരിഷത്ത് പ്രവർത്തകരായിരുന്നു. ജീവിതവും കുടുംബവും സാംസ്കാരികപ്രവർത്തനവുമൊക്കെ അദ്ദേഹത്തിന് ഒരുപോലെയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിനെ വേർതിരിച്ച് മാറ്റിനിർത്തിയില്ല.

വിശ്വമുണർത്തിയ വിപ്ലവഗാനങ്ങളെന്ന പോലെ വിശ്വമാനവികതയുടെ സ്നേഹ ഗീതികകളും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. നിരവധി ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്യതു. രബീന്ദ്രനാഥ ടാഗോറിന്റ ‘ഗീതാഞ്ജലി’യുടെ ആലാപനം, ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ന്‍റെ സംഗീതാവിഷ്ക്കാരം, തുടങ്ങിയവ അദ്ദേഹം മലയാളത്തിന് നൽകിയ പകരം വെക്കാനില്ലാത്ത സംഭാവനകളാണ്.

അദ്ദേഹം വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല. അവസാന നിമിഷം വരെ സജീവമായിരുന്നു. വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം കാണുമായിരുന്നു. കോവിഡ് കാലത്തിന് മുമ്പ് തോട്ടപ്പള്ളിയിൽ വച്ച് പഴയ കലാജാഥാ പ്രവർത്തകരൊക്കെ ഒന്നിച്ച് കൂടി കണ്ടിരുന്നു. അപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഒരു ദിവസം പോലും വി കെ എസിനെ ഓർമ്മിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് വാസ്തവം.

Also Read: ഇ എം എസിനെ ‘ആനുകാലിക’നാക്കിയ യേശുദാസൻ

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Remembering vk sasidharan kerala shastra sahitya parishath kk krishnakumar

The moderation of comments is automated and not cleared manually by malayalam.indianexpress.com