scorecardresearch

കവി മുളയ്ക്കുന്ന വേര്

മനുഷ്യന്റെ നിലനിൽപ്പും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നിടങ്ങളിൽ അതിനെതിരെയാണ് ആ കവിയുടെ വേരുകൾ ആഴ്ന്നത്. ആ കവി മുളച്ചത്, സർവ്വജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ കുറിച്ച് ശ്രീകുമാർ കക്കാട് എഴുതുന്നു

മനുഷ്യന്റെ നിലനിൽപ്പും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നിടങ്ങളിൽ അതിനെതിരെയാണ് ആ കവിയുടെ വേരുകൾ ആഴ്ന്നത്. ആ കവി മുളച്ചത്, സർവ്വജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ കുറിച്ച് ശ്രീകുമാർ കക്കാട് എഴുതുന്നു

author-image
Sreekumar Kakkad
New Update
Vishnu Narayanan Namboothiri

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തി കടൽ കടന്നു; ക്ഷേത്രപൂജാരിയായ കവി വിഷ്ണുനാരായണൻ നമ്പൂതിരി ആചാരലംഘനം നടത്തി എന്നൊക്കെ പത്രത്തിൽ അച്ചുനിരന്നു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അനുവാദം നിഷേധിച്ചു. വിശദീകരണം ചോദിച്ചു.  ദേവസ്വം ബോർഡ് മെമ്മോ നൽകി. ചില സമുദായ സംഘടനകളും എതിർത്തുനിന്നു.  

Advertisment

ഒരു അനുവാദത്തിനും കാത്തുനിൽക്കാതെ ഇൻറർനാഷണൽ കോൺഫറൻസ് ഓൺ കോൺഷ്യസ്നസ്സിൽ ഭാരതീയ ദർശനത്തെക്കുറിച്ച് സംസാരിക്കാൻ കവി ലണ്ടനിലേക്ക് പോയി. തിരിച്ചുവന്നു. വാദകോലാഹലങ്ങൾക്കിടയ്ക്ക് മേൽശാന്തിവൃത്തിയിൽ തിരിച്ചുകയറി.  മൂന്നു കൊല്ലത്തെ നിഷ്ഠ പൂർത്തീകരിച്ചു. അതിരറിയാത്ത കവിത്വസിദ്ധി പണ്ടേ കടലുകടന്നു കഴിഞ്ഞിരുന്നു. ധിഷണയ്ക്കും പ്രതിഭയ്ക്കും എവിടെയാണ്, ആരാണ് അതിര് വരച്ചിട്ടുള്ളത്.

Vishnu Narayanan N amboothiri

ബിരുദം എടുത്തത് ഭൗതികശാസ്ത്രത്തിൽ.  ഉപരിപഠനം ഇംഗ്ലീഷ്  സാഹിത്യത്തിൽ. എഴുതിയതും സംസാരിച്ചതും ഏറിയകൂറും മലയാളത്തിലും പിന്നെ സംസ്കൃതത്തിലും. പഠിച്ച ശാസ്ത്രമാകട്ടെ കവിയെ കൈവിട്ടു പോയതുമില്ല. അമേരിക്കയിലെ വ്യത്യസ്ത സർവ്വകലാശാലകളിൽ ഏതാണ്ട് ഒരേ കാലത്ത് തന്നെ  ശാസ്ത്രജ്ഞരായിരുന്ന ബന്ധുക്കൾ, എം. എസ്. ടി നമ്പൂതിരിയും എം. എൻ. നമ്പൂതിരിയുമായി  സജീവസൗഹൃദം പുലർത്തി. കവിതയും ശാസ്ത്രവും മൂന്നുപേരുടെയും താൽപര്യങ്ങളെ കൂട്ടിയിണക്കി. കവികൂടിയായ എം.എൻ.നമ്പൂതിരി പിന്നീട് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ,  'Nights and Days in Ujjain' എന്ന പേരിൽ നിർവഹിച്ചു. 

Advertisment

Vishnu Narayanan Namboothiri

ലോകപ്രശസ്ത ഫിസിസിസ്റ്റ് ഇ. സി. ജോർജ് സുദർശന്റെ ചിന്താപ്രപഞ്ചം കവിയെ ഏറെ ആകർഷിച്ചിരുന്നു. എഴുത്തുകളിലൂടെ അടുപ്പം പുലർത്തുകയും ആശയസംവാദം നടത്തുകയും ചെയ്തു. 1992ഇൽ അമേരിക്ക സന്ദർശിച്ചതിനു ശേഷം  വിഷ്ണുനാരായണൻ നമ്പൂതിരി ഗ്രീസ് സന്ദർശിക്കാൻ ഇടയാകുന്നത് ഈ സൗഹൃദത്തിൻ്റെ പശ്ചാത്തലത്തിലാണ്.  അവിടെ, ജോർജ് സുദർശന്റെ പ്രത്യേകതാൽപര്യപ്രകാരം യുവ ഗ്രീക്ക് ഭൗതികശാസ്ത്രജ്ഞൻ ബാസിയോസ് വെസിലിയോസിനെയും ആതൻസിലെ  ശ്രദ്ധേയവ്യക്തിത്വങ്ങളെയും പരിചയപ്പെടുകയും ചെയ്തു. 

ഏതൻസിൽ വച്ച്  തന്നെ ഗ്രീക്ക് ഫിലോസഫറും 'സയൻസ്, ഒബ്ജക്ടിവിറ്റി ആൻഡ് കോൺഷ്യസ്നെസ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ എമിലിയോസ്  ബുറാറ്റിനോസുമായി ആഴത്തിലുള്ള ദീർഘകാലസൗഹൃദത്തിൻ്റെ  ആഹ്ലാദകരമായ ആരംഭം കുറിച്ചു. ഇരുവരും അന്യോന്യം ആത്മീയസഹോദരന്മാർ ആണ് എന്ന് കരുതി. ഇരുവരുടെയും സർഗജീവിതത്തിൽ ഈ സൗഹൃദം അളവറ്റ സ്വാധീനം ചെലുത്തി. ഇഷ്ടവിഷയങ്ങൾ ആയ തത്ത്വചിന്ത, ശാസ്ത്രം, ഇൻ്റർ ഡിസിപ്ലിനറി കോൺഷ്യസ്നെസ് എന്നീ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. തുടർന്നാണ് തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തി  ആയിരുന്ന കാലത്ത് കവി കടൽ കടക്കുന്നത്. കവി എന്നേ കടല് കടന്നിരുന്നു.

Vishnu Narayanan Namboothiri

1992ലെ അമേരിക്കൻ സന്ദർശന വേളയിൽ പ്രിൻസ്ടനിലെ ഐൻസ്റ്റൈൻ ഭവനം സന്ദർശിച്ചത് കവിയെ സംബന്ധിച്ച് ഒരു തീർത്ഥാടനമായിരുന്നു. ആ സന്ദർശനത്തിന് മുൻപ് തന്നെ 1991ൽ 'ഐൻസ്റ്റൈൻ്റെ അതിഥി' എന്ന കവിത രചിച്ചിരുന്നു. ജർമ്മൻ ഭൗതികശാസ്ത്രജ്ഞൻ വെർണർ ഹൈസൺ ബർഗ് ഗുരുവിനെ കാണുന്നതിനായി പ്രിന്‍സ്ടനിലെ ഭവനത്തിൽ എത്തുന്നതാണ് സന്ദർഭം. സാപേക്ഷതാ സിദ്ധാന്തവും ക്വാണ്ടം ഫിസിക്സും മറ്റും ആഴത്തിൽ ചർച്ച ചെയ്യുന്നു ഈ കൃതി. ഒപ്പം ഭൗതികസത്യങ്ങളുടെ ആഴത്തിൽ പ്രതിഷ്ഠിതങ്ങളായ  അധിഭൗതിക സങ്കല്പനങ്ങളിലേക്ക്  വായനക്കാരെ ആനയിക്കുകയും ചെയ്യുന്നു.  

ഗുരു സംഭ്രമിക്കുന്നൂ:-
"നിയമം പ്രകൃതിക്കു
പലമട്ടാകാൻ വയ്യ!
നിർണ്ണീതം ഒന്നേ സത്യം

പകിട കളിക്കാറി-
ല്ലീശ്വരൻ - മറക്കേണ്ട!"
ഭരിതാദരം വൈജ്ഞാ-
നികനോതുന്നു:-" പക്ഷേ

ഈശ്വരൻ പകിടകൊ -
ണ്ടെന്തു ചെയ്യുകെന്നു നിർ ദ്ദേശിക്കാൻ നമുക്കാമോ
പ്രജ്ഞമായ് അപ്രജ്ഞമായ്

പ്രമേയമാ, യല
ക്ഷണമാ, യനിയത-
തത്വമാ,യനുഭവ
മാത്രമായഖണ്ഡമായ്,

ഈശനും നിയാമക
ധർമ്മമൊന്നല്ലീ സത്യം!
ശാശ്വതം?"...

നാസയും സന്ദർശിച്ച  കവി   തുടർന്ന്  ആവേശപൂർവ്വം പുറപ്പെട്ടത്  അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തേക്കാണ്. സാൻഫ്രാൻസിസ്കോയിലെ റെഡ് വുഡ്  നാഷണൽ പാർക്കിലെ വൃക്ഷപിതാമഹന്മാരെ നമസ്കരിക്കുന്നതും ശാന്തസമുദ്രക്കരയിൽ സന്ധ്യാവന്ദനം ചെയ്തു ആചമിക്കുന്നതും ഈ യാത്രയിൽ തന്നെ.

"അഞ്ചുമുറിവിൽ ഉടക്കും ഇരുമ്പാണി

തൻ നെഞ്ചിലേറ്ററിഞ്ഞോർ എൻ പുരാണരേ

നിങ്ങളെ ഭക്ത്യാ നമസ്കരിക്കായ്‌കിലെൻ

ചുണ്ടിലെ ഗായത്രി നിഷ്ഫലം..." 

ചെമ്മരക്കാട്ടിലെ ചില മരങ്ങൾ ക്രിസ്തുവിനും മുൻപ് ഉണ്ടായിരുന്നവയാണത്രെ.

സമകാലികരായ മറ്റു കവികൾക്കോ വായനക്കാർക്കോ പരിചിതമല്ലാത്ത തീർഥസ്ഥാനങ്ങളിലൂടെയും വൻകരകളിലൂടെയും ഒക്കെ ആയിരുന്നു കവിയുടെ പരിക്രമണം. 

ധിഷണയുടെയും  ചിന്തയുടെയും വികാസപരിണാമത്തിന്റെ വഴികളിൽ മനുഷ്യൻ കടന്നുപോന്നിട്ടുള്ള വൈജ്ഞാനികവും ആധ്യാത്മികമായ ഏതൊരു അനുഭവത്തെയും ദാർശനിക തലത്തിൽ ഗാഢമായി ഉൾക്കൊള്ളാൻ ഉത്സുകമായ മനസ്സാണ് കവിയുടേത്. പ്രാക്തനമായ റെഡ് ഇന്ത്യൻ സംസ്കൃതിയും യവന- ഭാരതീയ ക്ലാസിക്കൽ  സംസ്കൃതിയും ഒരുപോലെ തന്റെ പൈതൃകമായി തിരിച്ചറിഞ്ഞു. അവ ഉൾക്കൊള്ളുന്ന ശാശ്വതമൂല്യങ്ങളെ അറിഞ്ഞ് ആദരിച്ചു.

"നമ്മുടേതല്ലാത്ത കുന്നിനെ , ചോലയെ
നമ്മുടേതല്ലാത്ത കാറ്റിനെ പൂക്കളെ
നമ്മുടേതല്ലാത്ത മാടിനെ പക്ഷിയെ
നമ്മൾ പരസ്പരം വിൽക്കുന്നതെങ്ങിനെ"

കാളിദാസകൃതികളുടെ ഭൂമികയായ ഹിമാലയവും യേറ്റ്സിയൻ കവിതകളുടെ സൗന്ദര്യഭൂമിയായ ഇന്നസ്ഫ്രീയും ബലിലെയും  ഒരുപോലെ പ്രിയങ്കരം. തന്റെ പൂർവികഗ്രാമങ്ങളായ വിളക്കൂരും ഗുണവന്തേശ്വരവും പോലെ തന്നെ  ആതൻസും കോറിന്തും കവിയിൽ  ഗൃഹാതുരത്വം ഉണർത്തുന്ന ഇടങ്ങൾ. കുടുംബദേവതയായ അറത്തിൽ ഭഗവതിയും അക്രോപോളിസിലെ  അഥീനാദേവിയും സ്വന്തം തട്ടകത്തെ ആരാധനാമൂർത്തികൾ.

"അഥീനാംബേ നമസ്തുഭ്യം
അധീനാ തേ മതിർമ്മമ
യാ സുധാസ്യന്ദ സർവ്വാംഗാ
പുരാ തേനേ തിറേഷ്യസ്സേ"

ഏസ്കിലെസും വൈലോപ്പിള്ളി മാസ്റ്ററും സച്ചിദാനന്ദ വാൽസ്യായനും  കാളിദാസനും എല്ലാം തനിയ്ക്ക് വഴികാട്ടികളായ ഗോത്രവൃദ്ധരും കൂടപ്പിറപ്പുകളും. ആകുന്നു. ഉജ്ജയിനിയും വിദിശയും പിപ്പലകോടിയും ഉത്തരാഖണ്ഡവും ശ്രവണമാത്രയിൽ ഉദ്ദീപകങ്ങളായ സംജ്ഞകൾ ആകുന്നു.

Vishnu Narayanan Namboothiri

സൈലൻറ് വാലിയിലും തെഹരിയിലും അട്ടപ്പാടിയിലും മൺവെട്ടി പതിക്കുമ്പോൾ മനസ്സ് പ്രക്ഷുബ്ധമാകുന്നു. സുഗതകുമാരിക്കും മേധയ്ക്കും സുന്ദർലാൽ ബഹുഗുണക്കും ഒക്കെ ഒപ്പം സർവ്വജീവജാലങ്ങൾക്കും വേണ്ടി അണിചേരുന്നു. 

മനുഷ്യൻ്റെ നിലനിൽപ്പും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നിടത്ത് ജെപിയുടെയും ദലൈലാമയുടെയും ശബ്ദങ്ങൾ മുക്തിമന്ത്രം ആണെന്ന് തിരിച്ചറിയുന്നു.  ഇവിടങ്ങളിലെല്ലാം ആണ് കവിയുടെ വേരുകൾ ആഴുന്നത്. കവി മുളയ്ക്കുന്നത്.

കവി എന്നേ കടല് കടന്നിരുന്നു. കീഴ് വഴക്കങ്ങളുടെ, സാംസ്കാരികജീർണ്ണതയുടെ, മൂല്യശോഷണത്തിൻ്റെ  എല്ലാം സമുദ്രാതിർത്തികൾ എന്നേ പിന്നിട്ടു കഴിഞ്ഞിരുന്നു. വിശ്വസംസ്കൃതിയുടെ തീരങ്ങൾ കണ്ടെത്തിയിരുന്നു. അവിടങ്ങളിലെല്ലാം വേരാണ്ട്  മുളപൊട്ടി തഴച്ചു നിന്നിരുന്നു.

"ആമ്നായസിന്ധുപ്രലംഘി" എന്ന്  വിഷ്ണുരചനകളുടെ പ്രഗൽഭനായ വ്യാഖ്യാതാവും പ്രശസ്തകവിയുമായ ആത്മാരാമൻ ഗുരുനാഥനെ തൻ്റെ കവിതയിൽ വർണ്ണിക്കുന്നു; ഒരു സ്വതന്ത്രപരിഭാഷയ്‌ക്ക് ശ്രമിച്ചാൽ, ജ്ഞാനത്തിൻ്റെ കടൽ കടന്നവൻ എന്ന് പറയാം, കൃത്യമല്ലെങ്കിലും. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു.

Vishnu Narayanan N amboothiri

കവി മുളയ്ക്കുന്ന വേര്

-ശ്രീകുമാർ കക്കാട്

മണ്ണാഴങ്ങളിൽ ഉണ്മ തേവുമുറവേ
റ്റേതേതു   ദേശങ്ങളിൽ
ചെന്നെത്തുന്നു കവിയ്ക്കു വാക്കുമുള
പൊട്ടീടുന്ന തായ് വേരുകൾ.
ഏതാണാ രചനോപചാരനിരതം
 നീരോടിടും  മൺനിലം?
എങ്ങാണക്കവനാനുകൂലമസൃണം
 വേരോടുവോരുർവരം.

തുംഗം ഗോമുഖഗഹ്വരത്തിലുണരും ഗംഗാതരംഗത്തിലോ
കൈലാസേശമഹാവിഹാരഗിരിയാം കേദാരനാഥത്തിലോ
സല്ലീലം യമുനോത്തരിയ്ക്കു നികടം മേളിയ്ക്കുമോളത്തിലോ
മാനാ , ജോഷിമഠം വണങ്ങുമവിടം ബദ്രീശധാമത്തിലോ .

വർഷം നിന്നു മദിച്ചിടും വിദിശതൻ
 പാടത്തിലോ? നീറ്റിലാ -
ചേറ്റിൽ പൂണ്ടുകളിമ്പമോടെ നിവരും ഞാറ്റിന്റെയൂറ്റത്തിലോ,
കാലേശാലയവാടമുജ്ജയിനിയോ.
ഹാ!  മേഘദൂതം മഹാ -
കാവ്യം പെയ്തു നുരഞ്ഞുകുത്തി മറിയും
 ശിപ്രാ തടത്തിങ്കലോ.

ഇന്നിസ്ഫ്രീ ഹ്രദ വർണ്ണ ഭൂവിനഴകാ
മേതോ നികുഞ്ജത്തിലോ
ഗാൽവേ ഗ്രാമ വിശുദ്ധികൊണ്ട ബലിലേ
വിശ്രാന്ത സൗധത്തിലോ.
ആസ്ടെ,ക്കിൻക പുരാതന സ്മൃതിപെറും നേർച്ചൊല്ലിലാമോ , മഹാ-
ദേവേശൻ യവനേതിഹാസ ചരിതൻ
സ്യൂസിന്റെ തേർച്ചാലിലോ?

Sreekumar Kakkad

അഞ്ചാകും മുറിവിൽ തുളഞ്ഞു കയറും നീറ്റത്തിനാൽ  ചോന്നതാം
ആണിക്കൂർപ്പിനു സർവ്വസാക്ഷി തരു
വൃദ്ധർ വാണ ചെങ്കാട്ടിലോ.
ശാന്താഗാധഗഭീരയാം ഉദധിതൻ
ആഴങ്ങളെ തൊട്ടു തൻ
കൈക്കുമ്പിൾക്കകമാചമിക്കെയുളവാം
അദ്ധ്യാത്മ ബോധത്തിലോ.

ശ്രീവല്ലീപരിവാര മൂലസവിധം
കർണ്ണാടക ഗ്രാമമോ
കല്യശ്രീ ഗുണവന്തമാകുമഥവാ
ശ്രീലം വിളക്കൂരുമാം!
ദുർഗാദേവിയറത്തിലമ്പലമമർന്നീടും കരയ്ക്കാകൃതം
ഗേഹത്തിന്നിറയത്ത് ദീപമെരിയും തൂവെട്ടവട്ടത്തിലോ.

കോലസ്സും, വഴിയേ,  നടന്നു  തിരുവ
ല്ലാഖ്യംപുരം  ചേർന്നവർ
വേദജ്ഞർ , കുലധർമ്മപാലനപരർ
പൂജിച്ച പാദത്തിലോ!
എങ്ങാണക്കവിതാവസന്തവിപിനം
വേരോടിടും നാടുകൾ
ഏതാണാ കുതുകം വിതച്ച് വിളയും
ചേലാർന്ന നല്ലോരിടം.

മണ്ണേതിൽ നനവും നറും പശിമയും കാരുണ്യമാവുന്നുവോ
ഏതെല്ലാം ദിശി പാറ്റിടുന്നു പവനൻ
സൗന്ദര്യ രേണുക്കളെ,
ശാന്തം രാത്രികൾ പോന്നുവന്നു കനിവിൽ ചുംബിപ്പതെങ്ങാർത്തരെ
എങ്ങെല്ലാം സവിതാവുണർമിഴികളാൽ
കാക്കുന്നു സത്യം ചിരം.

വേരാഴുന്നവിടങ്ങളിൽ  കവിവരൻ
നിസ്തന്ദ്രനായ് പൂർണ്ണനായ്
പൊന്തുന്നൂ തിടമാർന്നു പൂക്കളണിവൂ
സമ്മോഹകം മാധവം.
നമ്മൾ വാമനരൂപികൾക്കരുത്
ദൂരക്കാഴ്ച കണ്ടീടുവാൻ
താഴെ നോക്കി നടന്നിടാവു മുതുകിൽ
കൂനല്ലയോ തോഴരേ.

Poem Memories Features Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: