ജീവിതത്തിന്റെ പ്രയാണപഥങ്ങളില്‍ നാം കണ്ടുമുട്ടുന്ന ബഹുഭൂരിപക്ഷം പേരും ഏറിയും കുറഞ്ഞും നമ്മോടൊപ്പം സഞ്ചരിക്കുകയും കാലാന്തരത്തില്‍ വഴിതിരിഞ്ഞു പോവുകയും ചെയ്യും. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. ആ അനിവാര്യത കൊണ്ടുതന്നെയാണ് ഒരോ ഓര്‍മ്മയുടെയും നിഴല്‍പോലെ മറവിയും ഒപ്പത്തിനൊപ്പം യാത്ര ചെയ്യുന്നത്.
പക്ഷെ ചില ഓര്‍മ്മകള്‍ ആയുഷ്ക്കാല സ്ഥിരനിക്ഷേപം പോലെയാണ്. പരസ്യചിത്രത്തിലെ പഗ് നായക്കുട്ടിയെപ്പോലെ അത് നമ്മെ സദാ പിന്തുടര്ന്ന് കൊണ്ടിരിക്കും. ചാക്കിലാക്കി എത്ര അകലേയ്ക്ക് കൊണ്ടുപോയി ഉപേക്ഷിച്ചാലും സ്നേഹത്തോടെ കരഞ്ഞുകൊണ്ട് മടങ്ങിവരുന്ന പൂച്ചക്കുട്ടിയെ പോലെ നമ്മെ വന്നു തൊട്ടുരുമ്മി വിളിച്ചുകൊണ്ടിരിക്കും. അപ്പോഴൊക്കെയും നമുക്ക് ചുറ്റും പിന്നിട്ട കാലത്തിന്റെ സ്നേഹനിര്‍ഭരമായ വാങ്കുവിളി ഉയരും. നിമിഷനേരം കൊണ്ട് ഒരു യന്ത്രഗോവണിയിലൂടെ എന്നവണ്ണം ഊര്‍ന്നിറങ്ങി നാം ഗതകാല സ്മൃതികളുടെ ചാവുകടലില്‍ പതിക്കും. നനയും. കുതിരും. എത്ര നേരം കാത്തിരുന്നാലും നനവുണങ്ങാന് വിസ്സമ്മതിക്കുന്ന ജലച്ചായാച്ചിത്രമാവും. ഇന്നിന്റെ ഭ്രമണപഥങ്ങളില്‍ നിന്നൂം തെന്നിമാറി ദിശതെറ്റി അലയുന്ന ഒരു ബഹിരാകാശപേടകമാവും. അങ്ങനെ എല്ലാവര്‍ഷവും ഞാനലയുന്ന ഒരു ദിവസമാണ് ജൂലൈ ഒന്‍പത്. ജീവിതത്തിന് ഷട്ടറിട്ട് വിക്ടര്‍ ജോര്‍ജ് എന്ന പ്രിയ സുഹൃത്ത് വിടവാങ്ങിയ ദിവസം.
1999ല്‍ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ദേശീയ ഫുട്ബാള്‍ ലീഗ് മത്സരവേദിയില്‍ വച്ചാണ് വിക്ടര്‍ ജോര്‍ജിനെ പരിചയപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ ഇരുന്ന ഗാലറിയില്‍ വച്ച് മനോരമ ലേഖകന്‍ എന്‍. ജയചന്ദ്രനെ പരിചയപ്പെട്ടപ്പോള്‍ ഒപ്പം ഫോട്ടോഗ്രാഫര്‍ വിക്ടറും ഉണ്ടെന്നറിഞ്ഞ് തെല്ല് അവിശ്വസനീയതോടെയും അമ്പരപ്പോടെയും ഞാന്‍ ചോദിച്ചു – ‘വിക്ടര്‍ ജോര്‍ജോ?’ അതെയെന്ന മറുപടി എന്നെയേറെ ആഹ്ലാദിപ്പിച്ചു. ഫോട്ടോഗ്രഫി വലിയ അഭിനിവേശ മായിരുന്ന കാലമായിരുന്നത്.

ഞൊടിയിടക്കുള്ളില്‍ ഒരു ഫ്ലാഷ്ബാക്കില് എന്നവണ്ണം ചില വിക്ടര്‍ ചിത്രങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു. ഏതോ കാമ്പസില്‍ നാണപ്പുടവ ചുറ്റിയ ഒരു കൗമാരക്കാരിയോട് വോട്ട് ചോദിക്കുന്ന പയ്യന്മാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ആദ്യം ഓര്മ വന്നത്. മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച ആ ചിത്രം അമൂല്യ നിധിപോലെ വെട്ടിയെടുത്ത് സൂക്ഷിച്ച ഒരു കൌമാരക്കാരനായിരുന്നു ഞാനും. സ്വന്തം മകളുടെ ഉജ്വല പ്രകടനത്തില്‍ ആവേശഭരിതയായി പ്രോത്സാഹിപ്പിക്കുന്ന നീന്തല്‍താരം അനിത സൂദിന്റെ അമ്മയുടെ ചിത്രവും മിഴിവാര്‍ന്നു വന്നു.

മത്സരശേഷം പരിചയപ്പെടുകയും അവര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോവുകയും ആദ്യദിനം തന്നെ ഒരുമിച്ചത്താഴം കഴിച്ചശേഷം പിരിയാന്‍ തുടങ്ങുമ്പോള്‍ വിക്ടര്‍ പറഞ്ഞു ‘ഇനിയുള്ള ദിവസങ്ങള്‍ നമുക്ക് ഒരുമിച്ച് സ്റ്റേഡിയത്തില്‍ പോകാം. സുനില്‍ ഹോട്ടല്‍ റൂമിലേക്ക് വന്നാല്‍ മതി.’ പിന്നീട് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന ദിവസങ്ങളത്രയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ബൈക്കിലും ടാക്സിയിലുമായി ഒഴിവുനേരങ്ങളില്‍ കൊല്‍ക്കത്ത നഗരത്തില്‍ ചുറ്റിക്കറങ്ങി. ചില്ലറ ഷോപ്പിംഗ് നടത്തി.
ഒരു ദിവസം മടിച്ചുമടിച്ച് എന്റെയൊരു ഫോട്ടോ എടുത്തു തരാമോയെന്നു ചോദിച്ചതും സ്വതസിദ്ധമായ ചിരിയോടെ ക്യാമറയേന്തി ചുമരില്‍ ചാരിനില്ക്കുന്ന എന്റെ നേര്‍ക്ക് ഫ്ലാഷ് മിന്നിച്ചു. കോട്ടയത്ത് തിരിച്ചെത്തിയ ഉടന്‍ വിക്ടര്‍ എടുത്ത ചിത്രത്തിന്റെ ഏതാനും പ്രിന്റുകളും നെഗറ്റീവും അയച്ചു തന്നു. ഒപ്പം മനോഹരമായ കൈപ്പടയില്‍ ഒരു കുറിമാനവും ഉണ്ടായിരുന്നു. പിന്നീട് ഇടയ്ക്കിടെ വിളിച്ച് സൗഹൃദം നിലനിര്‍ത്തി.
പുതിയ സഹസ്രാബ്ദപ്പിറവിയോടടുപ്പിച്ച് കൊല്‍ക്കത്തയില്‍ നിന്നും സ്ഥലമാറ്റം വാങ്ങി കൊച്ചിയില്‍ സ്ഥിരതാമസമാക്കിയശേഷവും ഞങ്ങള്‍ ബന്ധം തുടര്‍ന്നു. എന്റെ വിവാഹത്തലേന്ന് ജയനേയും കൂട്ടി വിക്ടര്‍ വന്നു. ചിരി തമാശകള്‍ പങ്കിട്ട് കുറെ ചിത്രങ്ങള്‍ എടുത്ത് മടങ്ങുകയും ചെയ്തു. രണ്ടായിരമാണ്ട് സെപ്തംബറില്‍ ആയിരുന്നത്.
മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാവിലെ വിളിച്ച് എറണാകുളത്ത് മഴയുണ്ടോ എന്ന് വിക്ടര്‍ കൗതുകപ്പെട്ടു. മഴയെ മുന്‍നിര്‍ത്തി ഒരു പുസ്തകം ചെയ്യുന്നുണ്ടെന്നും നല്ല മഴയുണ്ടെങ്കില്‍ എറണാകുളത്തേയ്ക്ക് വരുമെന്നും പറഞ്ഞു. കാണണമെന്നും. എന്നാല്‍ അന്ന് ഏറണാകുളത്ത് കാര്യമായി മഴ പെയ്തില്ല. വിക്ടര്‍ വന്നതുമില്ല.
ഏതാനും മാസങ്ങള്‍ക്ക് ശേഷം മഴയുടെ മിഥുനപ്പെയ്ത്തില് ഇടുക്കിയിലെ വെണ്ണിയാനി മലയില്‍ മഴച്ചിത്രം തേടിപ്പോയ വിക്ടര്‍ പിന്നീടൊരിക്കലും മടങ്ങിവന്നില്ല. അപ്രതീക്ഷിതമായി സംഭവിച്ച ഉരുള്‍പൊട്ടലിന്റെ അപൂര്‍വചിത്രം പകര്‍ത്തുന്നതിനിടെ വിക്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഒടുവില്‍ കാണക്കാരി പള്ളിമുറ്റത്ത് ഒരു സുഹൃത്തിനോടൊപ്പം പ്രിയ വിക്ടറിന് യാത്രാമൊഴി നല്കി പിടഞ്ഞ മനസ്സുമായി മടങ്ങിയത് ഇന്നലെയെന്നപോലെ ഞാനോര്‍ക്കുന്നു, അനുഭവിക്കുന്നു.
ഇന്നും ജൂലൈ ആദ്യവാരമെത്തിയാല്‍ മനസ്സ് പിടയും. മഴപ്പെയ്ത്തില്‍ അപശകുനം നിറയുന്നുണ്ടോ എന്ന് ആധിപൂണ്ട് ഉറക്കം മുറിയും. മനസ്സില്‍ വിക്ടര്‍ നിറയും. ഓര്‍മ്മകളുടെ നിര്‍ത്താപ്പെയ്ത്തില്‍ ഞാന്‍ നിന്നു നനയും. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ഞാന്‍ നനയുകയാണ്. ഇന്നാണ് ജൂലൈ ഒന്‍പത്. ഓര്ക്കാനിഷ്ട്പ്പെടാതിരുന്നിട്ടും ഓര്‍ത്തോര്‍ത്തു പോകുന്ന ഓര്‍മ്മദിനം.