കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ചരമദിനമാണിന്ന്. ഈ അവസരത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ ചില ഓര്‍മകളാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. എന്റെ അച്ഛന് യശ്ശശരീരനായ പിഎ. പരമേശ്വരന് നായരുടെ ഉത്തമ സുഹൃത്തായിരുന്നു വയലാര്‍. 1950 കളിലും അറുപതുകളിലും അദ്ദേഹം പലപ്രാവശ്യം യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ഞങ്ങളുടെ മറവന്തുരുത്ത് എന്ന ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ട്. യാതൊരു പ്രൗഢിയുമില്ലാതിരുന്ന ഞങ്ങളുടെ ഓലപ്പുരയുടെ പരിമിതമായ സൗകര്യത്തില്‍ പലദിവസം താമസിച്ചിട്ടുമുണ്ട്. അന്നത്തെ ഞങ്ങളുടെ വീട്ടിലെ ഏക ഫര്‍ണിച്ചറായ പത്തായത്തിന്റെ മുകളില്‍ കൈതോലപ്പായ വിരിച്ച് അദ്ദേഹം ഉറങ്ങിയിരുന്ന കഥയൊക്കെ വളരെ ചെറുപ്പത്തിലേ ഞങ്ങള്‍ സഹപാഠികളോട് അഭിമാനത്തോടെ വിവരിക്കാറുള്ളത് കൗതുകത്തോടെ ഇന്നും ഞാൻ ഓര്‍ക്കുന്നു.
വയലാറിനെക്കുറിച്ചുള്ള മറ്റൊരു കാതരമായ ഓര്മ മുതിര്‍ന്ന നാട്ടുകാരില്‍ ചിലരില്‍നിന്നു കുട്ടിക്കാലത്ത് കേട്ടറിഞ്ഞതാണ്. മൂവാറ്റുപുഴയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട്, ധാരാളം പാടങ്ങളും തോടുകളുമുണ്ടായിരുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഉള്ളറകളിലേയ്ക്ക് പുറത്തു നിന്ന് ഒരാള്‍ക്കും അനായാസം കടന്നുവരാനാകുമായിരുന്നില്ല. അതിനാല്‍, കമ്മ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന എന്റെ അച്ഛന്റെ സ്നേഹസ്വാധീനങ്ങള് ഉണ്ടായിരുന്ന ചില വീടുകളില്‍ പ്രസ്ഥാനത്തിന്റെ വൈക്കത്തെ സമുന്നതരായ നേതാക്കളില്‍ പലരും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. സഖാക്കള്‍ സി.കെ. വിശ്വനാഥന്, പിഎസ്. ശ്രീനിവാസന്, ഗൗരീദാസന്‍ നായര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിച്ചവരില്‍ ചിലരാണ്. അവരോടൊപ്പം പലപ്പോഴും വയലാര്‍ രാമവര്മയും വൈക്കം ചന്ദ്രശേഖരന് നായരും ഉണ്ടാകാറുണ്ടായിരുന്നു.
ഗ്രാമകവലയായ ചുങ്കത്തിലെ ഒരു ചായക്കടയില്‍ ഈ സംഘം ചിലപ്പോഴെല്ലാം ഒത്തുകൂടും. ആ കൂട്ടായ്മയില്‍ നടന്നിരുന്നത് ശരിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണമായിരുന്നു. ഈ കൂട്ടത്തില്‍ ഒരാള്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കും. അപ്പോള്‍ മറ്റുചിലര്‍ അതിനെ ശക്തമായി എതിര്‍ക്കും. അങ്ങിനെ കുറച്ചുനേരം കഴിയുമ്പോള്‍ അതൊരു വലിയ വാഗ്വാദമായി വളരുകയും ആ കടയില്‍ ചായ കുടിക്കാന്‍ വരുന്ന മറ്റുള്ളവരും വഴിയാത്രക്കാരുമൊക്കെയായി അധികമാളുകള്‍ ഇരുവശവും ചേര്‍ന്ന് അതൊരുഗ്രന്‍ പാര്‍ട്ടി പ്രചാരണ പരിപാടിയായി മാറുകയും ചെയ്യും. ഈ നാടകത്തിലെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളായി ഉണ്ടായിരുന്നത് കുട്ടനെന്നും ബേബിയെന്നും അറിയപ്പെട്ടിരുന്ന രണ്ടുപേരാണ്. ഇതിലെ കുട്ടന് വയലാറും ബേബി വൈക്കവുമായിരുന്നു എന്നതാണ് രസകരമായ വസ്തുത. മറ്റു കഥാപാത്രങ്ങള്‍ രാത്രികാലങ്ങളില്‍ മാറിമാറി വരാറുള്ള പാര്‍ട്ടിനേതാക്കളും. ഈ കൂട്ടായ്മയെ വേണമെങ്കില്‍ “Agit Prop “(Agitation Propaganda ) എന്ന പ്രശസ്തമായ കമ്യൂണിസ്റ്റ് പ്രചാരണതന്ത്രത്തിന്റെ പ്രാഗ് രൂപങ്ങളില്‍ ഒന്നായി കണക്കാക്കാം.
വയലാര്‍ രാമവര്‍മ കാവ്യ, ചലച്ചിത്രഗാന മേഖലകളില്‍ തിളങ്ങിനിന്ന കാലത്താണ് എന്റെ കോളേജ് വിദ്യാഭ്യാസം. സാഹിത്യവും സിനിമയും സ്പോര്ട്സുമല്ലാതെ മറ്റു യാതൊരു വിനോദാവസരങ്ങളും ഇല്ലാതിരുന്ന ഞങ്ങളുടെ തലമുറ ശരിക്കും അറിഞ്ഞഭിരമിച്ചിരുന്നത് ചലച്ചിത്ര ഗാനങ്ങളിലാണ്. അക്കാലത്തെ എല്ലാ ഗാനരചയിതാക്കളെയും ഞങ്ങള്‍ നെഞ്ചേറ്റിയിരുന്നെങ്കിലും അവരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് വയലാറും ഭാസ്കരന് മാസ്റ്ററുമായിരുന്നു. ഇവരുടെ ഗാനങ്ങളുടെ ആദ്യവരി ആദ്യമായി കേള്‍ക്കുമ്പോള്‍ തന്നെ ഇതാരുടെ ഗാനമാണെന്ന് പറയാന്‍ ഞങ്ങളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നു.
ലളിതകോമളങ്ങളായ മലയാളപദങ്ങള്‍ കോര്‍ത്തിണക്കി ഭാസ്കരന്‍മാസ്റ്റര്‍ സുന്ദര ഗാനങ്ങള്‍ തീര്‍ത്തപ്പോള്‍ വയലാര്‍ തന്റെ മനോഹരഗാനങ്ങള്‍ക്കായി പുരാണേതിഹാസ കഥാസന്ദര്‍ഭങ്ങളെയും സാധാരണക്കാര്‍ക്കുപോലും ആസ്വാദ്യങ്ങളായ സംസ്കൃത പദങ്ങളെയുമാണ് ധാരാളമായി ആശ്രയിച്ചിരുന്നത്. അന്ന് ഞങ്ങള്‍ ശബ്ദതാരാവലി നോക്കിയിരുന്നത് പാഠപുസ്തകങ്ങളിലെ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ മനസിലാക്കാനായിരുന്നില്ല. മറിച്ച് വയലാര്‍ ഗാനങ്ങളിലെ വാക്കുകളുടെ നാനാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
ഞാനും സുഹൃത്തുക്കളില്‍ പലരും ജോലി സംബന്ധമായി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും കുടിയേറിയപ്പോള്‍ മറക്കാതെ കൂടെ കൊണ്ടുപോയിരുന്നത് വയലാറിന്റെയും ഭാസ്കരന് മാസ്റ്ററുടെയും സിനിമാഗാന കാസറ്റുകളായിരുന്നു. അതൊക്ക ഇപ്പോഴോര്ക്കുമ്പോഴാണ് ആ ഗാനങ്ങള്‍ പ്രവാസജീവിതകാലത്ത് ഞങ്ങള്‍ക്ക് നല്കിയ സാന്ത്വനങ്ങളുടെ മഹനീയത മനസിലാവുന്നത്.
കവി എന്ന നിലയില്‍ ഭാസ്കരന് മാസ്റ്ററെക്കാള്‍ ഏറെ ആദരിക്കപ്പെട്ടത് വയലാറായിരുന്നുവെന്നു തോന്നുന്നു. വയലാറിന്റെ ‘അയിഷ’യും ചങ്ങമ്പുഴയുടെ ‘രമണനും’ കഥാപ്രസംഗ രൂപത്തില്‍ കേള്‍ക്കാത്ത ഒരു മലയാളിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. കെടാമംഗലം സദാനന്ദന് രമണന്റെ അവസാനഭാഗം ഭാവതീവ്രമായി ഒരു കഥാപ്രസംഗവേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ബോധം കെട്ട് അമ്പലപ്പറമ്പില്‍ വീണുപോയ ഒരു സഹപാഠിനിയെക്കുറിച്ച് ഒരു എഴുത്തുകാരി എഴുതിയത് ഓര്‍ത്തുപോകുന്നു.
പി.എ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എന്റെ അച്ഛൻ സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ജനയുഗം, കൗമുദി, മാതൃഭൂമി മുതലായ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അദ്ദേഹവും വയലാറുമായി ഉണ്ടായിരുന്ന സൗഹൃദത്തെ സൂചിപ്പിക്കുന്ന ഒരു അനുഭവം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു കരുതുന്നു.
1975ൽ തലയോലപ്പറമ്പ് ബോയ്സ് ഹൈ സ്കൂളിന്റെ ധനശേഖരണാർത്ഥം സ്കൂൾ മൈതാനത്തു ആദ്യ ദിവസം ജയഭാരതിയുടെ നൃത്തവും അടുത്ത ദിവസം യേശുദാസിന്റെ ഗാനമേളയുമായി രണ്ടു ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിരുന്നു. അതനുസരിച്ച് പോസ്റ്ററും നോട്ടീസുമൊക്കെയായി വിപുലമായ പരസ്യവും ടിക്കറ്റ് വില്പനയുമൊക്കെ തകൃതിയായി നടത്തുകയും ചെയ്തു. പക്ഷെ, എവിടെയോ സംഭവിച്ച ഒരു പിശക് മൂലം ഈ പരിപാടിയെക്കുറിച്ച് യേശുദാസ് അറിഞ്ഞിരുന്നില്ല. ഗാനമേളയ്ക്ക് കുറച്ചു ദിവസം മുൻപ് അദ്ദേഹം തലയോലപ്പറമ്പ് വഴി കാറിൽ യാത്ര ചെയ്യുമ്പോഴാണു പരിപാടിയുടെ പോസ്റ്റർ കാണുന്നത്. സ്വാഭാവികമായും ഇങ്ങനെ സംഭവിച്ചതിൽ തനിക്കുള്ള ശക്തമായ അനിഷ്ടം യേശുദാസ് സ്കൂൾ അധികൃതരെ അറിയിച്ചു. ഈ ദിവസം തനിക്ക് മറ്റൊരു പരിപാടിയുള്ളതിനാൽ തലയോലപ്പറമ്പിലെ ഗാനമേളയിൽ പങ്കെടുക്കാനാവില്ലെന്നും അറിയിച്ചു,
പരിഭ്രാന്തരായ സ്കൂൾ അധികൃതർ ഞങ്ങളുടെ വീട്ടിൽ വന്ന് അച്ഛനോട് സംസാരിച്ചു. ഈ പരിപാടിയുടെ സംഘാടകസമിതി അംഗം കൂടിയായിരുന്ന അദ്ദേഹം ഉടൻ എറണാകുളത്തുനിന്ന് റിസർവേഷൻ പോലുമില്ലാതെ ട്രെയിനിൽ മദിരാശിയിലെത്തി വയലാറിനെ വിവരം ധരിപ്പിച്ചു. ഇന്നത്തെ പോലെ വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഒരു ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ കേരളത്തിലായിരുന്ന യേശുദാസിനോട് വയലാർ ഫോണിൽ സംസാരിച്ചു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം രണ്ടാം ദിവസത്തിനു പകരം ആദ്യ ദിവസം ഗാനമേള ആകാമെന്ന് യേശുദാസ് സമ്മതിച്ചു. ഉടനെ, ജയഭാരതിയോടും സംസാരിച്ച് രണ്ടു പരിപാടികളും പരസ്പരം മാറ്റി ഞങ്ങളുടെ സ്കൂളിനോ പരിപാടിയുടെ സംഘടകർക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ പ്രശ്നം രമ്യമായി പരിഹരിച്ചു. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് അച്ഛനോടുള്ള സൗഹൃദവും ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള ജന്മവാസനയും കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ ഗാനമേളയിൽ യേശുദാസിനൊപ്പം പാടിയത് ഇന്നത്തെ പ്രശസ്ത ഗായിക സുജാതയായിരുന്നു.