തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ആയിരുന്നു വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പതു സ്ത്രീകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് ദാനം. സാഹിത്യരംഗത്തു നിന്ന്, എനിക്കും ഉണ്ടായിരുന്നു അവാര്‍ഡ്. പക്ഷേ, വേദി കണ്ടതും എന്റെ അഭിമാനം വ്രണപ്പെട്ടു. മൂന്നോ നാലോ നിര കസേരകള്‍. അവാര്‍ഡ് ജേതാക്കള്‍ ഏറ്റവും പിന്നില്‍. സ്ത്രീകളെ ആദരിക്കുന്ന വേദി എന്നാണല്ലോ സങ്കല്‍പ്പം. ഇവിടെയെങ്കിലും മുന്‍നിരയില്‍ ഇരുത്തിയില്ലെങ്കില്‍ പിന്നെന്തു ‘വനിതാരത്‌നം’? ഇതേ സ്ഥാനത്തു പുരുഷരത്‌നങ്ങള്‍ ആയിരുന്നെങ്കിലോ ?
പ്രതിഷേധിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴാണു ലീലച്ചേച്ചിയെ കണ്ടത്. പിന്‍നിരയില്‍ ഒതുങ്ങി ഇരിക്കുകയായിരുന്നു, പത്രപ്രവര്‍ത്തന രംഗത്തുനിന്ന് അവാര്‍ഡിന് അര്‍ഹയായ ലീലച്ചേച്ചി. എന്നെ കണ്ടു സന്തോഷത്തോടെയും സ്‌നേഹത്തോടെയും കൈ നീട്ടിയപ്പോള്‍ അമര്‍ഷവും രോഷവും വിസ്മൃതമായി. പിന്‍നിരയില്‍ ഒതുങ്ങാന്‍ ലീലച്ചേച്ചിക്കു വിരോധമില്ലെങ്കില്‍ എനിക്കു തീരെയും പാടില്ല. ഞാന്‍ വിധേയത്വത്തോടെ ലീലച്ചേച്ചിയുടെ അടുത്തിരുന്നു. ലീലച്ചേച്ചി ഇരിക്കുന്ന നിരയാണ് എന്നെ സംബന്ധിച്ചിടത്തോളം മുന്‍നിര. ലീലച്ചേച്ചിക്ക് ഒപ്പം ഇരിക്കുമ്പോള്‍ കിട്ടുന്ന അന്തസ്സ് എത്ര മുമ്പില്‍ ഇരുന്നാലും കിട്ടുകയില്ല.
കാരണം, ലീല മേനോന്‍ എന്ന സ്ത്രീ എത്രയോ വര്‍ഷങ്ങള്‍ മുമ്പു മുതലേ ഇന്ത്യന്‍ എക്‌സ്പ്രസിലെ ബൈലൈനുകള്‍ കൊണ്ട് എന്നെ കൊതിപ്പിച്ചിട്ടുണ്ട്. എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എനിക്കു പ്രതീക്ഷയും ശക്തിയും പകര്‍ന്നിട്ടുണ്ട്. വളര്‍ച്ചയുടെ ഓരോ നിമിഷവും ‘നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ജോലികളേ സ്ത്രീകള്‍ക്കു സാധ്യമാകൂ’ എന്നു കേട്ടതു തെറ്റാണ് എന്ന് ആ ബൈലൈന്‍ എന്നെ ബോധവല്‍ക്കരിച്ചു.
അതൊരു ‘നേത്രോന്‍മീലന’മായിരുന്നു. അതൊരു പ്രലോഭനമായിരുന്നു. ഇങ്ങനെയും ഒരു ജോലിയുണ്ട്. അക്ഷരങ്ങള്‍ കൊണ്ടു ജീവിക്കാന്‍ കഴിയുന്ന ഒരു ജോലി.
അനുനിമിഷം സാഹസികത നിറഞ്ഞ ഒരു ജോലി. എനിക്ക് ഒരുപക്ഷേ, ഏറ്റവും ആഹ്ളാദിക്കാന്‍ സാധിക്കുന്ന ജോലി. ഡിഗ്രി പഠന കാലത്ത് ചിത്ര സുബ്രഹ്മണ്യത്തിന്റെ ബോഫോഴ്‌സ് റിപ്പോര്‍ട്ട് വായിച്ച ദിവസമാണ് അന്തിമ തീരുമാനം ഉണ്ടായത്, എന്റെ വഴി പത്രപ്രവര്‍ത്തനം തന്നെ. ഗാന്ധിഗ്രാമിലെ എം. എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിനു ചേര്‍ന്നത് അതില്‍ ഒരു പേപ്പര്‍ ജേണലിസം ആണെന്നതു കൊണ്ടു മാത്രമായിരുന്നു. നേരിട്ടു ജേണലിസം പഠിക്കാന്‍ അച്ഛന്‍ അനുവദിക്കുമായിരുന്നില്ല. ഏതായാലും എം.എ. കഴിഞ്ഞു റിസല്‍ട്ട് വരുന്നതിനു മുമ്പു തന്നെ ഞാന്‍ ജേണലിസ്റ്റ് ട്രെയിനിയായി. പക്ഷേ, ഞാന്‍ ലീല മേനോനോ അനിത പ്രതാപോ ചിത്ര സുബ്രഹ്മണ്യമോ ആയില്ല. ഇവരെ ഒക്കെ കണ്ട് പത്രപ്രവര്‍ത്തനത്തിലേക്ക് എടുത്തു ചാടി കാലുകള്‍ പല തവണ ഒടിഞ്ഞതു മാത്രം മിച്ചം.
ലീല മേനോനെ നേരില്‍ക്കണ്ടത് 1994-95 കാലത്ത് ബാംഗ്ലൂരില്‍ വച്ചാണ്. പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ചേര്‍ന്ന സീനിയര്‍ സഹപ്രവര്‍ത്തകന്‍ (ഇപ്പോള്‍ അമേരിക്കയില്‍ ഇ മലയാളി എഡിറ്റര്‍) ജോര്‍ജ് ജോസഫ് സാറാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കും വനിതാ അഭിഭാഷകര്‍ക്കും വേണ്ടി യു.എസ്.ഐ.എസ്. നടത്തിയ ആ വലിയ സിംപോസിയത്തിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചത്. യു.എസ്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് സാന്‍ഡ്ര ഒ’കൊണോര്‍ ആയിരുന്നു മുഖ്യാതിഥി. അതെന്റെ ആദ്യ വിമാനയാത്രയായിരുന്നു. ഫസ്റ്റ് ക്ലാസ് ടിക്കറ്റ്. അതെന്റെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ താമസവുമായിരുന്നു. ബാംഗ്ലൂര്‍ താജ്. ആദ്യത്തെ ബുഫെ പ്രാതല്‍, ആദ്യത്തെ ഫോര്‍മല്‍ ലഞ്ചിയന്‍, ആദ്യത്തെ ഹൈ ടീ, ആദ്യത്തെ സെവന്‍ കോഴ്‌സ് ഡിന്നര്‍. നളിനി ചിദംബരവും സുമതി ദണ്ഡപാണിയും തുടങ്ങി വെട്ടിത്തിളങ്ങുന്ന ഒട്ടേറെ അഭിഭാഷകരും പേരെടുത്ത പത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം. ചീളു കക്ഷി എന്നു പറയാന്‍ ഒരേ ഒരുവള്‍ ഈ ഞാന്‍.
ഞാന്‍ കൂട്ടിയാല്‍ ഇതു കൂടുമോ എന്നു വേവലാതിപ്പെട്ടു മുറിയിലിരിക്കുമ്പോഴാണ് ബെല്‍ മുഴങ്ങിയത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ലീല മേനോന്‍. ‘മീര വന്നിട്ടുണ്ട് എന്നു കേട്ടു. പരിചയപ്പെടാന്‍ വന്നതാണ്. ഞാന്‍ കുട്ടിയെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്.’ ഞാന്‍ അന്തം വിട്ടു നിന്നു. കേട്ടിട്ടുണ്ടെന്നോ? എന്നെക്കുറിച്ചോ? ട്രെയിനി ആയതിനാല്‍ ഒരു ബൈലൈന്‍ സ്റ്റോറി പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത എന്നെക്കുറിച്ച് എന്തു കേള്‍ക്കാന്‍? പേരു വയ്ക്കാത്ത ഒരു നല്ല സ്റ്റോറി കണ്ടപ്പോള്‍ അത് ആരെഴുതി എന്നു സ്ഥാപനത്തിലെ പരിചയക്കാരനോടു ചോദിച്ചതും അതു ഞാനാണ് എന്ന് കണ്ടെത്തിയതും ലീലച്ചേച്ചി പറഞ്ഞു. മറ്റൊരു സ്റ്റോറി വായിച്ചപ്പോള്‍ അതു ഞാനാണ് എന്നു പെട്ടെന്നു മനസ്സിലായെന്നും പറഞ്ഞു.
എനിക്ക് അവിശ്വാസം കൊണ്ടു കരച്ചില്‍ വന്നു. ആ വാക്കുകള്‍ ആ നേരത്ത് അമൃത് പോലെയായിരുന്നു. അതെന്നെ പുനരുജ്ജീവിപ്പിച്ചു.
സംസാരിച്ചിരിക്കെ ലീലച്ചേച്ചി പറഞ്ഞു: ‘ഈ മുറിയില്‍ എസി എത്ര കംഫര്‍ട്ടബിള്‍ ആണ്. എന്റെ മുറിയില്‍ ഇരുന്നാല്‍ കിടുകിടാ വിറച്ചു പോകും. തണുപ്പു കുറയ്ക്കാന്‍ ഒരു മാര്‍ഗവും കാണുന്നില്ല.’ ഈ പ്രശ്‌നം ഞാനും അനുഭവിച്ചിരുന്നു. അതു വരെ കണ്ടിട്ടുള്ള തരം സ്വിച്ചും ഇരമ്പലുമുള്ള എസി ആയിരുന്നില്ല ആ ഹോട്ടലില്‍. പക്ഷേ, എന്തെങ്കിലുമൊരു സംവിധാനം ഉണ്ടാകുമെന്ന് ഉറപ്പില്‍ ഞാന്‍ സൂക്ഷ്മമായ പരിശോധനയും പരീക്ഷണവും നടത്തുകയും ഭിത്തിയില്‍ പിടിപ്പിച്ച ഒരു റെഗുലേറ്റര്‍ കണ്ടെത്തി അതിന്റെ പ്രവര്‍ത്തന രഹസ്യം മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. അതു പറഞ്ഞു കൊടുത്തപ്പോള്‍ ഇതിലും വലിയ ഹോട്ടലുകളില്‍ ധാരാളം താമസിച്ചിട്ടുള്ള ലീലച്ചേച്ചി അദ്ഭുതം പ്രകടിപ്പിച്ചു. ‘യൂ ആര്‍ വെരി സ്മാര്‍ട്ട്’ എന്നു പ്രശംസിച്ചു. എന്റെ പാദങ്ങള്‍ നിലത്തുനിന്ന് ഉയര്‍ന്നു. സ്വയം മറന്നതു കൊണ്ട്, ലീലച്ചേച്ചിയെ യാത്രയാക്കാന്‍ ഇറങ്ങിയപ്പോള്‍ എനിക്കു പിന്നില്‍ വാതില്‍പ്പൂട്ടു വീഴുകയും പിന്നീട് ലീലച്ചേച്ചിയുടെ മുറിയില്‍നിന്ന് റിസപ്ഷനില്‍ വിളിച്ചു താക്കോല്‍ കൊണ്ടു വന്നു മുറി തുറക്കുകയും ചെയ്യേണ്ടി വന്നു.
പക്ഷേ, ആ കൂടിക്കാഴ്ച ഒരു ഊര്‍ജ്ജം തന്നു. അതിന്റെ ബലത്തില്‍ ഞാന്‍ പുറത്തിറങ്ങി. നല്ല വിശപ്പുണ്ടായിരുന്നു. താജില്‍ നിന്നു കഴിക്കാനുള്ള സാമ്പത്തിക ധൈര്യം ഉണ്ടായിരുന്നില്ല. ചോദിച്ചും പറഞ്ഞും രണ്ടു മൂന്നു ചെറിയ റസ്റ്ററന്റുകള്‍ കണ്ടെത്തി. അവയില്‍ ഒരെണ്ണം ആന്ധ്ര ഭക്ഷണശാലയായിരുന്നു. ഇരുപത്തിയഞ്ചു രൂപയ്ക്ക് വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ചു സംതൃപ്തിയോടെ മുറിയില്‍ തിരിച്ചെത്തി. പിറ്റേന്നു ഞങ്ങള്‍ക്ക് ഡിന്നര്‍ രാത്രി എട്ടു മണിക്കായിരുന്നു. വൈകിട്ട് ലീലച്ചേച്ചി പറഞ്ഞു: ‘വല്ലാതെ വിശക്കുന്നു. പക്ഷേ, ഇവിടെ ഹെവി ആയതൊക്കെയേ ഉള്ളൂ’. എന്റെ ആന്ധ്ര റസ്റ്ററന്റിലേക്ക് ഞാന്‍ ലീലച്ചേച്ചിയെ കൊണ്ടു പോയി. ലീലച്ചേച്ചി പിന്നെയും എന്നെ പ്രശംസിച്ചു. ഞാന്‍ പിന്നെയും പൊങ്ങിപ്പറന്നു.
സിംപോസിയത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്കാകെ സാധിച്ചതു മറ്റുള്ളവരെ നിരീക്ഷിക്കുകയായിരുന്നു. സംസാരിക്കാന്‍ അവസരം കിട്ടിയിട്ടു വേണ്ടേ? ഒരാള്‍ സംസാരിച്ചു തീരുമ്പോള്‍ അടുത്തയാളുടെ ചോദ്യം ഉയര്‍ന്നു കഴിഞ്ഞിരിക്കും. ഞാനൊരു ചോദ്യം ഉണ്ടാക്കിക്കഴിയുമ്പോഴേക്ക് അതു മറ്റൊരാള്‍ ചോദിച്ചു കഴിഞ്ഞിരിക്കും. ചോദ്യം ചോദിക്കുന്നതിനേക്കാള്‍ എനിക്ക് ആവശ്യം ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ പഠിക്കുകയായിരുന്നു. അതു ചോദിച്ചവരെ മനസ്സിലാക്കുകയായിരുന്നു.
ആ സ്ത്രീകളെല്ലാം ഉറച്ച വ്യക്തിത്വവും കടുത്ത ആത്മവിശ്വാസമുള്ളവരായിരുന്നു. നളിനി ചിദംബരത്തിന് കേന്ദ്ര മന്ത്രിയുടെ ഭാര്യ എന്ന പരിവേഷവും ഉണ്ടായിരുന്നു. എങ്കിലും ആള്‍ക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് എപ്പോഴും ലീലച്ചേച്ചിയാണ് എന്നാണ് എന്റെ വിശ്വാസം. ഉയരം കൊണ്ടാണോ ലേശം കൊഞ്ചലുള്ള സംഭാഷണം കൊണ്ടാണോ, വെട്ടിച്ചെറുതാക്കിയ മുടിയും വലിയ പൊട്ടും ചേര്‍ന്ന ദൃശ്യഭംഗി കൊണ്ടാണോ ലീലച്ചേച്ചി സ്വന്തമായ ഒരു പ്രകാശം പ്രസരിപ്പിച്ചു. കാന്‍സര്‍ ചികില്‍സയുടെ ഒരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല. പില്‍ക്കാലത്തും ലീലച്ചേച്ചിയെ തളര്‍ച്ചയോടെ കാണാന്‍ അവസരമുണ്ടായിട്ടില്ല.
ഹൃദ്രോഗമുണ്ടായി, കാര്‍ അപകടമുണ്ടായി. പക്ഷേ, അതൊക്കെ തൊലിപ്പുറത്തു തട്ടി തെറിച്ചതു പോലെയായിരുന്നു പെരുമാറ്റം. ഒരു തരം സ്ഥായിയായ കൈവല്യം.
ബാംഗ്ലൂര്‍ യാത്രയ്ക്കു ശേഷം അടുത്ത കുറേ വര്‍ഷങ്ങള്‍ ലീലച്ചേച്ചിയെ ബൈലൈനുകളിലൂടെ മാത്രമാണു കണ്ടത്. പ്രധാനമായും സൂര്യനെല്ലി കേസ്. അതു വെളിച്ചത്തു കൊണ്ടുവന്നതും ആ കുട്ടിയെ കണ്ടെത്തിയതും ലീലച്ചേച്ചിയായിരുന്നു. 1997ല്‍ ഭാസ്‌കര മേനോന്റെ മരണം. ലീലച്ചേച്ചി ഒരു മരണവാര്‍ത്ത ടൈപ്പ് ചെയ്തുകൊണ്ടിരിക്കെ ഭാസ്‌കര മേനോന്റെ ഫോണ്‍ വരികയും ‘സുഖം തോന്നുന്നില്ല, ഒരു കാര്യം പറയാനുണ്ട്, നിന്നെ ഞാന്‍ ഒരുപാടു സ്‌നേഹിക്കുന്നു’ എന്നു പറയുകയും സംഭാഷണം നിലയ്ക്കുകയുമായിരുന്നു. വീട്ടില്‍ പാഞ്ഞെത്തിയപ്പോഴേക്ക് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. എത്ര ഹൃദയഭേദകമായ അനുഭവം! എന്നിട്ടും ലീല മേനോന്‍ തളര്‍ന്നില്ല.
സങ്കടം തോന്നുമ്പോള്‍, തളര്‍ച്ച തോന്നുമ്പോള്‍ അടുത്ത സ്റ്റോറിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അതിജീവനത്തിന്റെ രഹസ്യം. രണ്ടായിരാമാണ്ടില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നു അന്നത്തെ മേലുദ്യോഗസ്ഥന്റെ പെരുമാറ്റം സഹിക്ക വയ്യാതെ രാജി വച്ചതായി കേട്ടപ്പോള്‍ ഞാനൊന്നു പേടിച്ചു. ലീലച്ചേച്ചിയുടെ കഥ ഇതാണെങ്കില്‍ നമ്മുടെയൊക്കെ ഭാവി ഭീകരമായിരിക്കും എന്നു ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. പിന്നെ, ഔട്ട്‌ലുക്കിലും ദ് വീക്കിലും ലീലച്ചേച്ചിയുടെ പംക്തികള്‍ വായിച്ചു സന്തോഷിച്ചു. അധികാരത്തിന്റെ ഒരു ലോകത്തോടു പോരടിച്ച് ഒരു സ്ത്രീ പിടിച്ചു നില്‍ക്കുന്നതില്‍ അഭിമാനിച്ചു.
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ലീലച്ചേച്ചിയെ വീണ്ടും കണ്ടത്. ആ കഥ രസകരമാണ്. ഞാന്‍ അന്നു മനോരമയില്‍ കോട്ടയം യൂണിറ്റിലെ പേരെടുത്ത വഴക്കാളിയായി വിരാജിക്കുന്നു. അന്നത്തെ ന്യൂസ് എഡിറ്റര്‍ എന്നെപ്പോലെയുള്ള കഴുതകളെ കാലു പിടിക്കുന്നതായി ഭാവിച്ച് അനുസരിപ്പിക്കുന്ന ക്രിസ് തോമസ്. ഒരു ദിവസം പകല്‍ പതിനൊന്നു മണിയോടെ ക്രിസ് സാറിന്റെ വിളി വന്നു : ‘അരുന്ധതി റോയി കോട്ടയത്തുണ്ട്. പക്ഷേ, വാര്‍ത്ത നമുക്കു മിസ് ആയി. മാതൃഭൂമിക്കു കിട്ടുകയും ചെയ്തു. രാവിലെ മുതല്‍ ഞാന്‍ നമ്മുടെ പല ആളുകളെയും വിട്ടു നോക്കി. ഒരു രക്ഷയുമില്ല. ഇതെന്റെ അഭിമാന പ്രശ്‌നമാണ്. ഇന്നു വൈകിട്ട് താന്‍ ഓഫിസില്‍ വരുമ്പോള്‍ അരുന്ധതിയുടെ ഇന്റര്‍വ്യൂവും കൊണ്ടേ വരാവൂ. ഈ സ്റ്റോറി തന്നാല്‍ താന്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാം. ‘
മറ്റെല്ലാവരും പരാജയപ്പെട്ടു എന്നു കേട്ടപ്പോള്‍ത്തന്നെ എനിക്കു താല്‍പര്യമായി. അരുന്ധതി റോയിയുടെ വാര്‍ത്തകള്‍ മിക്കതും അന്നു മാതൃഭൂമി ഫോട്ടോഗ്രഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി. സുനില്‍ കുമാര്‍ വഴി മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവുകള്‍ ആയിരുന്നു. മേരി റോയിയുടെയും അരുന്ധതിയുടെയും വിശ്വസ്തനായിരുന്നു സുനില്‍. അന്നും ഇന്നും എന്റെ കുടുംബാംഗവും. പക്ഷേ, ഞാന്‍ സുനിയുടെ സഹായം ചോദിച്ചില്ല. ഞങ്ങളുടെ പത്രത്തിന്റെ പേരു കേട്ടാല്‍ തുറക്കാത്ത ഏതു വാതിലാണു കോട്ടയത്ത്? അരുന്ധതിക്ക് അന്ന് അത്താഴം ഞങ്ങളുടെ എം.ഡിയുടെ വീട്ടിലാണ് എന്നു കൂടി കേട്ടപ്പോള്‍ എന്റെ ധൈര്യം ഇരട്ടിച്ചു. പക്ഷേ, ‘നോ ഇന്റര്‍വ്യൂ’ എന്ന മറുപടി ഫോണിലൂടെ എന്റെ ചെവിക്കല്ലു തകര്‍ത്തു.
ഞാന്‍ ഒന്നു പതറി. പത്രപ്രവര്‍ത്തകയെന്ന നിലയില്‍ അതൊരു അഭിമാനപ്രശ്‌നമായി. നേരെ മേരി റോയിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒരുപാടു പേര്‍ കാത്തു നില്‍ക്കുകയാണ്. ആരെയും അകത്തു കയറാന്‍ പോലും സഹായി സമ്മതിക്കുന്നില്ല. അവിടെ നില്‍ക്കെ സെക്യൂരിറ്റിയുമായി പരിചയം സ്ഥാപിച്ചു. അദ്ദേഹം എന്നോട് ഉച്ച കഴിഞ്ഞ് ഒരു മൂന്നരയോടെ വന്നു നോക്ക് എന്നു പറഞ്ഞു. ഞാന്‍ കൂടുതല്‍ ഖിന്നയായി. എന്നാല്‍പ്പിന്നെ അരുന്ധതിയുടെ ഇന്റര്‍വ്യൂവും കൊണ്ടേ ഇനി ഓഫിസിലേക്കുള്ളൂ എന്ന വാശിയായി.
ഉച്ചയ്ക്കു ശേഷം വീണ്ടും മേരി റോയിയുടെ വീട്ടിലെത്തി. അവിടെ ചെല്ലുമ്പോള്‍ ഏഷ്യാനെറ്റിന്റെ വാഹനം ജനറേറ്റര്‍ ഇരപ്പിച്ചു കൊണ്ടു നില്‍ക്കുന്നു. അരുന്ധതി അകത്ത് ഏഷ്യാനെറ്റിന് ഇന്റര്‍വ്യൂ കൊടുക്കുകയാണ് എന്ന് അറിഞ്ഞു. ഞാന്‍ നഖം കടിച്ചു കൊണ്ട് കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ലൈറ്റും സ്റ്റാന്‍ഡും ഒക്കെയായി ഏഷ്യാനെറ്റിന്റെ ക്യാമറാമാനും സഹായികളും പുറത്തു വന്നു. ഞാന്‍ അതിലൊരാളോടു ചോദിച്ചു: ‘ആരാണ് അരുന്ധതി റോയിയെ ഇന്റര്‍വ്യൂ ചെയ്യുന്നത്?’, ‘ലീല മേനോന്‍’ അയാള്‍ പറഞ്ഞു.
എന്റെ ശ്വാസം നേരെ വീണു. പിന്നെ ഒട്ടും സംശയിച്ചില്ല. നേരെ പോയി ബെല്ലടിച്ചു. മേരി റോയിയുടെ സഹായിയായ സ്ത്രീ കനപ്പിച്ച മുഖത്തോടെ വന്നു വാതില്‍ തുറന്നു. എന്താ എന്നു ചോദിച്ചു. ലീല മേനോനെ കാണാനാണ് ഞാന്‍ പറഞ്ഞു. അവര്‍ ഒന്നു പതറി. ‘കെ. ആര്‍. മീര വന്നിട്ടുണ്ട് എന്നു പറയൂ’ ഞാന്‍ ആത്മവിശ്വാസം അഭിനയിച്ചു. അവര്‍ ഒന്നു സംശയിച്ചെങ്കിലും ശരി എന്നു പറഞ്ഞ് അകത്തു പോയി. അടഞ്ഞ വാതിലിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ നെഞ്ചു പടപടാ മിടിക്കുകയായിരുന്നു. ഉല്‍ക്കണ്ഠ കൊണ്ടു ശരീരം തണുത്തു മരവിക്കുകയായിരുന്നു. ബാംഗ്ലൂരില്‍നിന്നു മടങ്ങിയതിനു ശേഷം ഒരിക്കല്‍പ്പോലും വിളിച്ചിട്ടില്ല, കണ്ടിട്ടില്ല. ‘ഏതു മീര എന്തു മീര’ എന്നു ലീലച്ചേച്ചി ചോദിച്ചാലോ? അതല്ലെങ്കില്‍ ‘മീരയോടു പിന്നെ വരാന്‍ പറയൂ’ എന്നു പറഞ്ഞാലോ?
അപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. അതു ലീലച്ചേച്ചി തന്നെയായിരുന്നു. ഇന്നലെ കണ്ടു പിരിഞ്ഞ സ്‌നേഹവായ്‌പോടെ എന്നെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. കാത്തിരിക്കുകയായിരുന്നു എന്ന മട്ടില്‍ എന്നെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അരുന്ധതിക്ക് എന്നെ പരിചയപ്പെടുത്തി. ഞാന്‍ വലിയ പത്രപ്രവര്‍ത്തകയാണെന്നും മറ്റും പ്രശംസിച്ചു. ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’നെ കുറിച്ച് മലയാളത്തില്‍ ആദ്യമായി ഒരു ലേഖനം എഴുതിയതു ഞാനായിരുന്നു. അത് അരുന്ധതിക്കും ഓര്‍മ്മയുണ്ടായിരുന്നു. വൈകാതെ ലീലച്ചേച്ചി പോകാന്‍ എഴുന്നേറ്റു. എനിക്ക് ഒരു അഞ്ചു മിനിറ്റ് സംസാരിക്കാമോ എന്നു ഞാന്‍ അരുന്ധതിയോടു ചോദിച്ചു. നോ പറയാന്‍ അരുന്ധതിക്കു സാധിക്കുമായിരുന്നില്ല.
വൈകിട്ട് ഞാന്‍ വിജിഗീഷുവായി ന്യൂസ് റൂമില്‍ കടന്നു ചെന്നു. ക്രിസ് സാറിനു സ്റ്റോറിയുടെ കോപ്പി സമ്മാനിച്ചു. ക്രിസ് സാര്‍ എന്നെ അസാധ്യ കാര്യങ്ങളുടെ തമ്പുരാട്ടി എന്നോ മറ്റോ വിളിച്ചു സന്തോഷിപ്പിച്ചു. ഞാന്‍ ലീലച്ചേച്ചിയെ മനസ്സില്‍ പ്രണമിച്ചു.
പക്ഷേ, ആ കഥ അവിടെ അവസാനിച്ചില്ല. എന്റെ ‘ആരാച്ചാര്‍’ നോവല്‍ ജെ. ദേവിക ‘ഹാങ് വുമണ്‍’ എന്ന പേരില്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതിന്റെ പ്രകാശനം തിരുവനന്തപുരത്തു നിര്‍വഹിച്ചത് അരുന്ധതി റോയി ആണ്. ‘ആന്‍ എക്‌സ്ട്രാ ഓര്‍ഡിനറി നോവല്‍’ എന്ന് അരുന്ധതി റോയി അതിനെ വിശേഷിപ്പിച്ചപ്പോള്‍ എന്റെ മനസ്സു കുളിര്‍ത്തത് ആ പഴയ കാത്തുനില്‍പ്പ് ഓര്‍മ്മയുള്ളത് കൊണ്ടാണ്. കഥ തീരുന്നില്ല. അതേ പുസ്തകം എറണാകുളത്തു പെന്‍ഗ്വിന്‍ ബുക് ഫെസ്റ്റിവലില്‍ വച്ചു പ്രകാശിപ്പിച്ചിരുന്നു. പുസ്തകം ഏറ്റുവാങ്ങാന്‍ പെന്‍ഗ്വിന്‍ ക്ഷണിച്ചതു ലീലച്ചേച്ചിയെ!
രണ്ടായിരത്തിയാറില്‍ ആണെന്നാണ് ഓര്‍മ്മ, മറ്റൊരു സ്റ്റോറിക്കു വേണ്ടി എറണാകുളത്ത് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ ചെന്നപ്പോള്‍ തൊട്ടടുത്താണ് ലീലച്ചേച്ചി താമസിക്കുന്നത് എന്ന് അറിഞ്ഞു. ഞാന്‍ അവിടെ പോയി. വിവാഹ ഫോട്ടോയിലെ പഴയ സുന്ദരിയുടെ ചിത്രവും, ഫേഷ്യൽ പാൾസി വന്നു ലേശം കോടിയ മുഖവും സങ്കടപ്പെടുത്തുന്നതായിരുന്നു. പക്ഷേ, ലീലച്ചേച്ചി ആശ്വസിപ്പിച്ചു : ‘എനിക്കും കമലയ്ക്കും (കമല സുരയ്യ) ഒരേ കാലത്താണു ഫേഷ്യല്‍ പാള്‍സി വന്നത്. എന്റെ മുഖം ഇങ്ങനെയായി. ബട്ട് കമല ബിക്കെയിം മോര്‍ ബ്യൂട്ടിഫുള്‍!’ ഫേഷ്യല്‍ പാള്‍സി ലീലച്ചേച്ചിയുടെ ചിരിയെ കൂടുതല്‍ നിഷ്‌കളങ്കമാക്കിയിരുന്നു. വാല്‍സല്യത്തോടെ ഞാന്‍ കണ്ടിരുന്നു. യാത്ര പറയുമ്പോള്‍ ഒരു നിസ്സഹായത അനുഭവപ്പെട്ടു. ലീലച്ചേച്ചിക്ക് വേണ്ടി എന്തോ ചെയ്യാന്‍ ഞാന്‍ കടപ്പെട്ടിരുന്നു. എന്താണ് എന്നു വ്യക്തമല്ലാത്തതെന്തോ.
വീണ്ടും കാണുന്നതു ജന്മഭൂമിയില്‍ ചേര്‍ന്നതിനുശേഷമാണ്. ‘എനിക്കു വെറുതെയിരിക്കാന്‍ വയ്യ കുട്ടീ, ജോലി ചെയ്യണം, ഇല്ലെങ്കില്‍ ഞാനില്ല’ എന്നു പറഞ്ഞു. ഞാനും ജോലി രാജി വച്ചു കഴിഞ്ഞിരുന്നു. ആ വാക്കുകള്‍ എന്റെ മനസ്സില്‍ തറഞ്ഞു. ലീലച്ചേച്ചിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ കണ്ടു. വാര്‍ധക്യത്തെ, അനാരോഗ്യത്തിന്റെ നിസ്സഹായതയെ ഞാന്‍ ഭയത്തോടെ സങ്കല്‍പ്പിച്ചു. ജന്‍മഭൂമിയെ കുറിച്ച് മതിപ്പു തോന്നിയത് അന്നാണ് ‘മേനോന്‍ വാല്‍’ കാരണമാകാമെങ്കിലും എഴുപതു പിന്നിട്ട രോഗാതുരയായ ഒരു പത്രപ്രവര്‍ത്തകയെ അവര്‍ ആദരവോടെ സ്വീകരിച്ചു മുഖ്യപത്രാധിപ സ്ഥാനം കൊടുത്തല്ലോ. മാതൃഭൂമിക്കും മനോരമയ്ക്കും മാധ്യമത്തിനും ഇംഗ്ലീഷിലെ അസംഖ്യം പത്രങ്ങള്‍ക്കും അങ്ങനെയൊരു കരുതല്‍ ഉണ്ടായില്ലല്ലോ.
രണ്ടായിരത്തിയെട്ടിലാണോ ഒമ്പതിലാണോ, അപ്രതീക്ഷിത സമ്മാനം പോലെ ലീലച്ചേച്ചി വീട്ടിലെത്തി. കോട്ടയത്ത് ഏതോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എന്റെയും ലീലച്ചേച്ചിയുടെയും അടുത്ത സുഹൃത്തും സീനിയര്‍ പത്രപ്രവര്‍ത്തകയുമായ ഗീതാ ബക്ഷിയും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു ലീലച്ചേച്ചിയുടെ പ്രതികരണം എന്തായിരിക്കും എന്നു തീര്‍ച്ചയില്ലാത്തതുകൊണ്ട്, ‘എനിക്ക് ഒരാളെ കാണാനുണ്ട്’ എന്ന മുഖവുരയോടെ സംശയിച്ചാണ് ഗീത ലീലച്ചേച്ചിയോട് എന്നെ കാണുന്ന കാര്യം അറിയിച്ചത്. ‘നമ്മുടെ മീരയെയോ? ഞാനും വരുന്നു’ എന്നായിരുന്നത്രേ, ലീലച്ചേച്ചിയുടെ മറുപടി. ലീലച്ചേച്ചി വന്നത് അറിഞ്ഞ് ഓഫിസില്‍ നിന്നു ദിലീപ് ഓടി വന്നു. ഞങ്ങള്‍ കുറേ നേരം സംസാരിച്ചിരുന്നു.
മാതൃഭൂമി ഓണ്‍ലൈനിലും മാധ്യമത്തിലും പംക്തികള്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ലീലച്ചേച്ചിയെ കുറിച്ച് എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതു നടന്നില്ല. കാണാനുള്ള അവസരം ഒത്തുവന്നില്ല. വിളിച്ചിട്ടു കിട്ടാതെയും കാണണമെന്ന് വിചാരിച്ച ദിവസം മറ്റു തിരക്കുകളില്‍ പെട്ടും കൂടിക്കാഴ്ച നീണ്ടു. പിന്നീട്, ‘ഹാങ് വുമണ്‍’ പ്രകാശനത്തിന് എറണാകുളത്തു വച്ചു കണ്ടപ്പോള്‍ ഞാന്‍ ലീലച്ചേച്ചിയോടു പറഞ്ഞു: എനിക്കു സംസാരിക്കാനുണ്ട്. ‘മീരയുടെ തിരക്കൊഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും’ എന്നായിരുന്നു മറുപടി. പിന്നീട്, കമല സുരയ്യയെക്കുറിച്ചും മറ്റും ലീലച്ചേച്ചിയുടെ വിവാദമുയര്‍ത്തിയ പ്രസ്താവനകള്‍ ഉണ്ടായി. ലീലച്ചേച്ചിക്കു നേരെ വിമര്‍ശനങ്ങളുണ്ടായി. അപ്പോഴും കാണണമെന്നും സംസാരിക്കണമെന്നും പ്ലാന്‍ ഇട്ടു. നടന്നില്ല.
‘നിലയ്ക്കാത്ത സിംഫണി’ എന്ന പുസ്തകത്തില്‍ ലീലച്ചേച്ചി സ്വന്തം ജീവിതത്തെ കുറിച്ചു കുറച്ചൊക്കെ എഴുതിയിട്ടുണ്ട്. എത്ര ഹൃദയസ്പര്‍ശിയായ ജീവിതകഥ. പെരുമ്പാവൂരില്‍ 1932ല്‍ ലീലാ മഞ്ജരിയായി ജനിച്ചു. പതിനെട്ടാം വയസ്സില്‍ ഹൈദരാബാദില്‍ പോസ്റ്റ് ഓഫിസില്‍ ജോലിക്കു ചേര്‍ന്നു. ടെലിഗ്രാഫി പഠിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടെലിഗ്രാഫിസ്റ്റായി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെ പല സുഹൃത്തുക്കള്‍ക്കും കഥകളുടെ ഭണ്ഡാരമായിരുന്ന മേജര്‍ ഭാസ്‌കര മേനോന്‍ എന്ന രസികന്റെ ഭാര്യയായി.
നാല്‍പത് പിന്നിട്ട ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്തു. ഇന്ത്യന്‍ എക്‌സ്പ്രസിലെ രാംനാഥ് ഗോയങ്ക സെക്രട്ടറിക്കു വേണ്ടി പരസ്യം ചെയ്തപ്പോള്‍ അപേക്ഷിച്ചു. ഗോയങ്കയുടെ സെക്രട്ടറിയായി ജോലി ചെയ്തു. പിന്നീട് പത്രപ്രവര്‍ത്തകയായി. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോട്ടയം, ഇടുക്കി ജില്ലകളിലെ ലേഖികയായി. ആദ്യമായി മലയാളികള്‍ കണ്ട മലയാളി വനിതാ റിപ്പോര്‍ട്ടര്‍ ആയി. ഒട്ടേറെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലീലച്ചേച്ചിയോടു ചോദിച്ചറിയാന്‍ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. രേഖപ്പെടുത്താന്‍ ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നു.
പക്ഷേ, സാധിച്ചില്ല. ഒടുവില്‍ കണ്ടതു വനിതാരത്‌നം അവാര്‍ഡ് വേദിയിലാണ്. അന്നും ഞാന്‍ ഓര്‍മ്മിപ്പിച്ചു :’നമ്മുടെ ഇന്റര്‍വ്യൂ നീണ്ടു പോകുകയാണല്ലോ. മീരയുടെ തിരക്കു ഞാന്‍ കാണുന്നുണ്ട്’ എന്നു ലീലച്ചേച്ചി ആശ്വസിപ്പിച്ചു. വയ്യാത്തതുകൊണ്ട് ലീലച്ചേച്ചി അന്നു പെട്ടെന്നു പോയി. പിന്നീടു കണ്ടില്ല. ഓള്‍ഡ് ഏയ്ജ് ഹോമില്‍ ആയത് അറിഞ്ഞില്ല. പോയി കാണാന്‍ ഒരിക്കല്‍ പോലും സാധിച്ചില്ല.
ലീലച്ചേച്ചി പെട്ടെന്നു പോയി. എണ്‍പത്തിയാറാം വയസ്സില്‍ ആണെങ്കിലും, പെട്ടെന്നു പോയി. ഒരു വലിയ കടം വീട്ടാന്‍ സമ്മതിക്കാതെ, ഇങ്ങോട്ടു തന്നതിലേറെ സ്‌നേഹം അങ്ങോട്ടുണ്ടായിരുന്നു എന്നു തെളിയിക്കാന്‍ അനുവദിക്കാതെ പോയി.
ഒരാശ്വാസം മാത്രം : നന്ദികെട്ട ജോലിയാണു പത്രപ്രവര്‍ത്തനം എന്ന് അനുഭവിച്ചറിഞ്ഞ ഒരു സ്ത്രീ മരണശേഷം ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുകയില്ല. അറിവില്ലാത്തവര്‍ കുപ്പിച്ചില്ലെന്നു ധരിച്ചാലും രത്‌നം രത്‌നമല്ലാതാകുകയുമില്ല.