scorecardresearch
Latest News

ഒറ്റച്ചിറകിൽ പറന്ന വ്യഥകൾ

നടന്നു തളർന്ന് വീണ്ടുകീറിയ ആ പാദങ്ങളുടെ വിളർത്ത ഉള്ളനടി എന്റെ മനസ്സിൽ തെളിയുന്നു. സ്നേഹത്തിന്റെ വിരാട് രൂപം പോലെ ആ പാദങ്ങൾ മാത്രം കൺമുന്നിൽ ഇപ്പോൾ തെളിയുന്നു

sugatha kumari,സുഗതകുമാരി, sugathakumari,സുഗതകുമാരി, poet sugatha kumari, കവയിത്രി സുഗതകുമാരി, poet sugathakumari, കവയിത്രി സുഗതകുമാരി, poet sugatha kumari dead, കവയിത്രി സുഗതകുമാരി അന്തരിച്ചു, poet sugathakumari dead, കവയിത്രി സുഗതകുമാരി അന്തരിച്ചു, padma shri sugatha kumari, പത്മശ്രീ സുഗതകുമാരി, sugatha kumari awards, സുഗതകുമാരി പുരസ്‌കാരങ്ങള്‍, sugatha kumari profiles, സുഗതകുമാരി ജീവചരിത്രം, sugatha kumari poems, സുഗതകുമാരി കൃതികള്‍, സുഗതകുമാരി കവിതകള്‍, sugatha kumari poem rathri mazha, സുഗതകുമാരി കവിത രാത്രിമഴ, sugatha kumari poem ambala mani, സുഗതകുമാരി കവിത അമ്പലമണി, sugatha kumari poem pathirappokkal, സുഗതകുമാരി കവിത പാതിരാപ്പൂക്കള്‍, sugatha kumari poem manalezhuthu, സുഗതകുമാരി കവിത മണലെഴുത്ത്, sugatha kumari saraswati samman, സുഗതകുമാരി സരസ്വതി സമ്മാന്‍, sugatha kumari social activist, സുഗതകുമാരി സാമൂഹ്യപ്രർവത്തക, sugathakumari social activist, സുഗതകുമാരി സാമൂഹ്യപ്രർവത്തക, sugatha kumari silent valley protest, സുഗതകുമാരി സൈലന്റ് വാലി പ്രക്ഷോഭം, sugatha kumari abhaya, സുഗതകുമാരി അഭയ, sugatha kumari prakriti samrakshana samithi, സുഗതകുമാരി പ്രകൃതി സംരക്ഷണ സമിതി, sugatha kumari family, സുഗതകുമാരി കുടുംബം, ie malayalam, ഐഇ മലയാളം

സുഗതകുമാരി എന്ന കവിജന്മം ഭൗതികമായ അടയാളങ്ങൾ മാഞ്ഞു കഴിഞ്ഞ്, വ്യഥകളുടെ എല്ലാ തൂവലുകളും പൊഴിച്ചുകഴിഞ്ഞ് ശൂന്യമായ രാത്രിയിലാണ് ഇതു കുറിക്കുന്നത് . കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അകലെയകലെയാണെങ്കിലും ആ ജീവന് കൂട്ടിരിക്കും പോലെയാണ് ഞാൻ കഴിഞ്ഞുകൂടിയത് . ആ ധർമം അവസാനിപ്പിയ്ക്കാൻ വിരൽ നീട്ടി അനുവദിച്ച് അവർ മരണത്തിനു കീഴടങ്ങി.

മാനവികതയുടെ വികസ്വര ലോകങ്ങളെക്കുറിച്ച് മലയാളത്തിന്റെ കവിത ആവർത്തിച്ചു പറയുന്ന കാലത്താണ് സുഗതകുമാരി എഴുതി നിറയുന്നത്. അനേകങ്ങളായ വഴികളിലേക്ക് കവിതയുടെ സ്വരൂപം അടിമുടി മാറിമറിയുന്ന ഘട്ടവുമായിരുന്നു അത്. മലയാളത്തിൻ്റെ കവിതയിൽ സ്ത്രീക്കുവേണ്ടി സ്ത്രീ ശബ്ദമുയർന്ന ആദ്യ സന്ദർഭവുമായിരുന്നു സുഗതകുമാരിക്കവിത .

അനുരാഗമായിരുന്നു സുഗതകുമാരിക്കവിതയുടെ പ്രാണസ്പന്ദം . അവനവനോടു തന്നെയുള്ള ആഴമേറിയ അനുരാഗമായിരുന്നു അത്. രാധാ-കൃഷ്ണസങ്കല്പത്തെ ആത്മാനുരാഗത്തിൻ്റെയും സ്വേച്ഛാരതിയുടെയും ആവിഷ്കരണത്തിനുള്ള മൂർത്ത സങ്കല്പങ്ങളായി കവിതകളിലവർ നിർലോഭം ഉപയോഗിച്ചു. രതിയായിരുന്നില്ല ഈ സങ്കല്പ വിശേഷത്തിനു പിന്നിൽ, മറിച്ച് മൃതിയോടുള്ള സത്യസന്ധമായ കാല്പനികാഭിവാഞ്ഛയായിരുന്നു മുൻനടന്നത്. മൃതിയെ, അനുരാഗമഞ്ജനം ചാർത്തി ആസക്തമായി നോക്കി നിൽക്കുന്ന, ഏതു നിമിഷവും വെളിയിലേക്കു കുതിക്കാൻ വെമ്പുന്ന ഒരു പ്രാണനെ സുഗതകുമാരിയുടെ കവിതയിൽ നിങ്ങൾക്കു കാണാം.sugathakumari, memories, viju nayarangadi

കവിത വായിച്ചും കവിതയെഴുതിയും ഞാനൊക്കെ സജീവമായിരുന്ന ഒരു കാലം എൺപതുകളുടെ തുടക്കമാണ്. ഒ.എൻ.വിയും വിഷ്ണുനാരായണൻ നമ്പൂതിരിയും അയ്യപ്പപണിക്കരും സച്ചിദാനന്ദനും കടമ്മനിട്ടയും കക്കാടും കെ.ജി.എസും കുഞ്ഞുണ്ണി മാഷും ബാലചന്ദ്രനും അയ്യപ്പനും കുരീപ്പുഴയും ജയപ്രകാശ് അങ്കമാലിയും സച്ചിദാനന്ദൻ പുഴങ്കരയുമെല്ലാം കവിതയുടെ പ്രാണനാളവുമായി എന്നും അത്ഭുതങ്ങൾ തീർത്ത കാലമായിരുന്നു അത്. അക്കാലത്തൊരിക്കൽ ‘നിന്റെ കയ്യൊന്നീ നിറുകയിൽ വെക്കുക ,സങ്കടം പോലെ പതുക്കെ ‘ എന്ന് സുഗതകുമാരി എഴുതി. പിറവി തൊട്ട് സങ്കടം മറുപിള്ളയായി തീർന്നവരെല്ലാം ജന്മദുരിതത്തിന് ഒരുവാക്കു കിട്ടിയതായി സ്വസ്ഥരായി. എത്രയോ കാലം മനസ്സിൻ്റെ ചുവരിലെ സ്റ്റാറ്റസ് ആയി ആ വരികൾ!

Read Also: സുഗതകുമാരി: മലയാള കവിതയിലെ ഒരുകുടന്ന വെളിച്ചം

നമ്മൾ ആരിൽനിന്ന് നമ്മളെ ഒളിക്കുന്നു എന്ന് സുഗതകുമാരി കവിതയിൽ നിരന്തരം ആവർത്തിച്ചു ചോദിച്ചു. ഒളിക്കുന്നുണ്ടെന്നും ഒളിക്കുന്നത് പ്രാണസത്തയായ പ്രണയത്തിൽ നിന്നാണെന്നും പറയാതെ പറഞ്ഞു. ‘ആ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ തീരാത്ത തേടലാവുന്നു ജന്മം’ എന്ന് അടിവരയിട്ട് എഴുതി അത് തെളിയിച്ചു. കൃഷ്ണൻ കൊണ്ടു നടന്ന ആ രാധിക ആയിരുന്നില്ല താനെന്നും താൻ വെറുമൊരു ആരാധികമാത്രമായിരുന്നുവെന്നും ആവർത്തിച്ചെഴുതി. നാരായണീയം ദശമസ്കന്ദത്തിലെ രാധാകൃഷ്ണസങ്കല്പത്തെ വീണ്ടും വീണ്ടും അവർ വിവിധങ്ങളായ ആംഗിളുകളിൽ നോക്കിക്കണ്ട് ചിത്രീകരിച്ചു. അവരുടെ കൃഷ്ണൻ ഗീതഗോവിന്ദകാരൻ്റെ ഗോപീ പീനപയോധര മർദ്ദകനായ കൃഷ്ണനായിരുന്നില്ല. അവൻ കണ്ണീരുറന്ന കലങ്ങിച്ചുവന്ന കണ്ണുമായി നിയോഗങ്ങൾക്കടിമപ്പെട്ടവനാണ്. ജന്മങ്ങൾക്കപ്പുറത്തു നിന്ന് കാണുവാൻ വിധിക്കപ്പെട്ടവൾക്കു വേണ്ടി ഉടൽ പൂണ്ടവനാണ്.sugathakumari, memories, viju nayarangadi

വളരെച്ചെറിയകാലത്തെ എൻ്റെ കവിജന്മജീവിതത്തിൽ നിരന്തരം കണ്ടുമുട്ടിയിരുന്ന വലിയ സാന്നിധ്യങ്ങളിലൊന്നായിരുന്നു സുഗതകുമാരി. ഒരാൾ കവിതയെഴുതുന്നു എന്നതിനേക്കാൾ അയാൾ മറ്റൊരാളുടെ തുണയാകുന്നുണ്ടോ, അയാളുമായി അന്നം പകുക്കാൻ തയ്യാറാവുന്നുണ്ടോ, വസ്ത്രവും മറ്റുള്ള അവശ്യവസ്തുക്കളും പങ്കിടാനും ഇല്ലായ്മയിലേക്ക് മനസ്സ് തുറക്കാനും തയ്യാറാവുന്നുണ്ടോ എന്നാണ് അവരെന്നും അന്വേഷിച്ചു പോന്നത്. ലോകജീവിതം വിമർശന കാലുഷ്യങ്ങൾ കൊണ്ട് നിറഞ്ഞതാണെന്നും പച്ചയ്ക്ക് കത്തിക്കാൻ ആളുകൾ കാത്തുനിൽക്കുന്നുവെന്നറിഞ്ഞു കൊണ്ടേ മനുഷ്യൻ എന്ന പദം ഉച്ചരിച്ചു കൊണ്ട് തെരുവിലിറങ്ങാവൂയെന്നും അവർ പല പാട് പറഞ്ഞുതന്നിരുന്നു. അവസാന ദശകത്തിൽ അവരെത്തി നിന്ന പൊതുവായ അഭിപ്രായങ്ങളോടും പരിവാര രാഷ്ട്രീയത്തോടുള്ള അവരുടെ ഒളിഞ്ഞുനിന്നുള്ള ബാന്ധവത്തോടും അടപടലം കലഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവർ അന്നം നൽകി, വിദ്യാഭ്യാസം നൽകി സമൂഹത്തിലേക്കയച്ച ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയശേഷം ഞാനവരോട് എല്ലാ കലഹങ്ങളിൽനിന്നും രാജിയായിട്ടുമുണ്ട്. ഇന്നുവരെ ഒരന്യജീവനുതകിയിട്ടില്ലാത്ത എൻ്റെ ജന്മത്തെ താരതമ്യം ചെയ്തു നോക്കിയാൽ , എത്രയോ എത്രയെത്രയോ അനാഥജന്മങ്ങളെ, തെരുവിൽ അലയുമായിരുന്ന അന്യജീവനുകളെയാണ് സമൂഹത്തിനു മുന്നിൽ ശിരസ്സുയർത്തി നിൽക്കാൻ അവർ പ്രാപ്തരാക്കിയത്! ഞാൻ കണ്ടുമുട്ടിയ ആ പെൺകുട്ടി ഇന്ന് എഫ് ബി യിൽ എഴുതിക്കണ്ടു,’ ഞങ്ങടെ ടീച്ചറമ്മ പോയി, ഞാൻ നുറുങ്ങുന്നു ‘ ഞാനവളുടെ ചുവരിൽ ‘നിന്നെ ഞാനോർത്തിരിക്കുന്നു’ എന്ന് എഴുതി നിർത്തി.

Read Also:പ്രിയ കവയിത്രിയുടെ നിര്യാണത്തിൽ വിതുമ്പി മലയാള സാഹിത്യലോകം

‘ആകെയിരുണ്ടു തണുത്തൊരിക്കാട്ടി ലെൻ താപമിറക്കി വെക്കുന്നു ‘എന്ന് അവരെഴുതുന്നത് തൊണ്ണൂറ് ജൂണിലാണ്. രണ്ട് ദശാബ്ദംമുമ്പ്. കാടിനെ ഓർത്തുകൊണ്ട്, ജന്മത്തിൻ്റെ ഏതു വിളുമ്പിലും അവർ ചവിട്ടി നിന്നു. മരണത്തിൻ്റെ ഇരുണ്ടു തണുത്ത കാട്ടിലും അവർ അതു പോലെയൊരു നിൽപ്പു നിൽക്കുന്നു. പക്ഷേ, ‘അടുത്തു ചെല്ലുവാൻ വയ്യ ‘ ഞാൻ പിൻമടങ്ങുന്നു.
അപ്പോഴും ജന്മംകൊണ്ടും ജീവിതം കൊണ്ടും ആഴത്തിൽ അടയാളപ്പെടുത്തി, അസ്തമയപർവത്തിൽ ശ്യാമ സുന്ദരമൃത്യുവിൻ്റെ ‘ചന്ദനം മണക്കുന്ന മാറിൽ സങ്കടങ്ങൾ ഇറക്കിവച്ച് ‘, നിത്യ നിതാന്തമായി ഇളവേൽക്കുന്ന ആ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ കണ്ണു നനയുന്നു. നടന്നു തളർന്ന് വീണ്ടുകീറിയ ആ പാദങ്ങളുടെ വിളർത്ത ഉള്ളനടി എന്റെ മനസ്സിൽ തെളിയുന്നു. സ്നേഹത്തിന്റെ വിരാട് രൂപം പോലെ ആ പാദങ്ങൾ മാത്രം കൺമുന്നിൽ ഇപ്പോൾ തെളിയുന്നു. സ്നേഹാർത്ഥം, ‘ ആത്മസമർപ്പണാർത്ഥം നന്ദി എന്നും വിട എന്നും ഞാനിവിടെ കുറിക്കുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering sugathakumari and her poems viju nayarangadi