scorecardresearch
Latest News

എന്റെ അഭയം, അത്താണി, ദൈവം

കോവിഡ് കാലത്ത് ടീച്ചര്‍ ജോലി നിന്നു പോയപ്പോൾ, ഓട്ടോറിക്ഷയിലും ഓൺലൈനായും കൈത്തറി ഒറ്റമുണ്ടുകൾ വിറ്റ് അതിജീവനത്തിൻ്റെ മാതൃകയായ ശ്രീലക്ഷ്മി, പതിമൂന്നാം വയസ്സിൽ താൻ ചെന്നു ചേർന്ന സുഗതകുമാരി ടീച്ചറുടെ ‘അഭയ’യാണ് തനിക്ക് വേരും വളവും ചില്ലയും പൂവും കായും തന്നതെന്ന് സ്വയം ‘നുറുങ്ങി’ ഓർമ്മിക്കുന്നു

എന്റെ അഭയം, അത്താണി, ദൈവം

ടീച്ചറമ്മ മരിച്ചു പോയെന്ന് വിശ്വസിക്കാൻ എനിക്കു തോന്നുന്നില്ല; പ്രത്യേകിച്ച് എന്റെ വീടിന്റടുത്ത് ‘കൃഷ്ണവനം’ നിലനിൽക്കുമ്പോൾ.

തിരുവനന്തപുരത്തെ ‘അത്താണി’യിൽ കയറിച്ചെല്ലുമ്പോൾ, വലതു വശത്തു കാണുന്ന നിറയെ ജനലുകളുള്ള മുറിയിൽ കാറ്റത്ത് കർട്ടന്‍ അനങ്ങുന്നുണ്ടാവും. അപ്പോൾ ഒരു സാരിത്തുമ്പു കാണാം. കസേരയിൽ ഏതെങ്കിലും പുസ്തകങ്ങൾ മറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സുഗതകുമാരി എന്ന ഞങ്ങളുടെ ടീച്ചറമ്മയിരിക്കും അത്. ടീച്ചറമ്മയോട് ഒരിക്കലും മരിക്കരുതെന്ന് അത്താണിയിലെ കുട്ടികൾ ഒരിക്കൽ പറഞ്ഞുവത്രേ. അന്നൊക്കെ ‘ഞാനവർക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്, മരിക്കില്ലെന്ന്,’ എന്നു പറഞ്ഞ് ഭംഗിയായി ചിരിക്കുമായിരുന്നു ടീച്ചറമ്മ.

ജീവിച്ചിരിക്കാൻ വളരെ ബുദ്ധിമുട്ടിയ എന്നെപ്പോലെയുള്ള ഒരുപാട് ജീവനുകൾക്ക് ഒരു ജീവിതം കരുപ്പിടിപ്പിച്ചു തരാൻ ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി ടീച്ചറമ്മ ചെയ്തു തന്നു. ഞാൻ ‘അഭയ’യിൽ വളർന്ന കുട്ടിയാണ്. അട്ടപ്പാടി സ്വദേശി. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അട്ടപ്പാടിയെ നടുക്കിയ ഒരു സംഭവമുണ്ടായി. എന്റെ വീടിന്റെ തൊട്ടടുത്തുള്ള പാടവയൽ ഊരിലെ ഒരു സ്ത്രീയെ നാല് പുരുഷന്മാർ ചേർന്ന് ബലാത്സംഗം ചെയ്തു കൊന്നു. വളരെ ക്രൂരമായി മുറിവേൽപ്പിച്ചാണ് അവരെ കൊന്നത്. മരുതി എന്ന പേരായ അവരുടെ കുട്ടികൾ അനാഥരായി. ആ കുട്ടികളെ ടീച്ചറമ്മ ഏറ്റെടുത്തു. ആ കാലത്ത് ‘തായ്കുല സംഘ’ത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അട്ടപ്പാടിയിൽ വന്നപ്പോഴാണ് ഞാൻ ടീച്ചറമ്മയെ ആദ്യമായി കാണുന്നത്. ശേഷം പത്രങ്ങളില്‍ മരുതി വധവുമായി ബന്ധപ്പെട്ട് ടീച്ചറമ്മ എഴുതുന്നത് വായിക്കാറുണ്ടായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം എന്റെ അച്ഛമ്മയും മുത്തശ്ശിയും എന്നെ പത്താം ക്ലാസു കഴിഞ്ഞാൽ കല്യാണം കഴിപ്പിക്കണമെന്ന് പരസ്പരം പറയുന്നത് കേട്ടു. സത്യത്തിൽ എനിക്കു മാത്രമല്ല അവർക്കും ജീവിതം ഭയാശങ്കകൾ നിറഞ്ഞതായിരുന്നു. എട്ടാം ക്ലാസു കഴിയുവോളം എന്താണു ചെയ്യേണ്ടതെന്നാലോചിച്ചാണ് എൻ്റെ ഓരോ രാവും പുലർന്നത്. എന്തായാലും കല്യാണം കഴിക്കാനൊന്നും വയ്യ. എത്തും പിടിയും കിട്ടാത്ത അത്തരമൊരാലോചനയിൽ നിന്നാണ് ‘അഭയ’യിലേക്കു പോകാൻ ഞാൻ തീരുമാനിക്കുന്നത്. എന്നെ അവിടെ കൊണ്ടു പോയിവിടാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ വീട്ടിലുള്ളവരോട് ഞാൻ തന്നെയാണ് പറഞ്ഞത്. ഞാൻ ധൈര്യത്തോടെയെടുത്ത എൻ്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ആദ്യത്തെ തീരുമാനം. മാറിമറിയുന്ന ബോധാബോധങ്ങളുള്ള അമ്മ ആ തീരുമാനത്തിനൊപ്പം നിന്നു. അങ്ങനെയാണ് ഞാൻ പതിമൂന്നാം വയസ്സിൽ ‘അഭയ’യിലെത്തിയത്.

sugathakumari, memories, sreelakshmi

Read Here: ഒറ്റച്ചിറകിൽ പറന്ന വ്യഥകൾ

‘അഭയ’യിലെത്തിയപ്പോൾ അവിടെയുള്ള കുട്ടികളിൽ കാൽ ഭാഗവും അട്ടപ്പാടിക്കാർ. എന്റെ കൂടെ ഒൻപതാം ക്ലാസ്സിൽ അഞ്ച് പേർ കൂടിയുണ്ടായിരുന്നു. ഞാൻ ഡിഗ്രിക്ക് എത്തിയപ്പോഴേക്ക് അത് രണ്ടു പേരായി ചുരുങ്ങി. അക്കാലത്താണ് ഞാൻ ടീച്ചറമ്മയോട് കൂടുതൽ അടുത്തു തുടങ്ങിയത്. ഓരോ സന്ദർഭങ്ങളിലും നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സാരവത്തായ പലതും അക്കാലത്ത് പറഞ്ഞു തന്നു. പഠിച്ച് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ പ്രാപ്തിയുണ്ടാകുമ്പോഴാണ് കല്യാണത്തെക്കുറിച്ചാലോചിക്കേണ്ടതെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. അവനവന്റെ അഭിമാനം പണയം വയ്ക്കേണ്ടി വരുന്ന ഒരു പരിപാടിക്കും പോകരുത്. സങ്കടങ്ങൾ വരുമ്പോൾ തളർന്നു പോകരുത്. ബുദ്ധി കൊണ്ട് ചിന്തിച്ച് വേണ്ട നേരത്ത് തീരുമാനങ്ങളെടുക്കണം. എല്ലാം സ്വന്തമായി ചെയ്യാനുള്ള പ്രാപ്തിയുണ്ടായിരിക്കണം. ആരേയും ആശ്രയിക്കരുത്. ജീവിതാവസാനം വരെ പൊരുതി പിടിച്ചു നില്‍ക്കേണ്ടതിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഓരോ കാണലിലും ഓരോ ഫോൺ വിളിയിലും ടീച്ചറമ്മ പകർന്നു തന്നു. എനിക്കത് കേൾക്കാൻ അത്രയേറെ ഇഷ്ടമായിരുന്നു.

ശരീരം പോലെ തന്നെ മനസും ആരോഗ്യമുള്ളതായിരിക്കണം. കാരണം ഞാനുള്‍പ്പെടെ ‘അഭയ’യിലെ കുട്ടികളില്‍ ഭൂരിഭാഗവും മാനസികപ്രശ്‌നങ്ങളുള്ള അമ്മമാരുടെ മക്കളാണ്. ഞങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും പേടിപ്പെടുത്തുന്ന, അസ്വസ്ഥതപ്പെടുത്തുന്ന അവസ്ഥ ഭ്രാന്താണ്. മാനസികവൈകല്യമുള്ളയാളുടെ മക്കളെയും ലോകം കാണുന്നത് അതേ മുദ്രകുത്തിയാണ്. കുറച്ചു നേരം ആലോചിച്ചിരുന്നാൽ, സങ്കടം സഹിക്കാൻ കഴിയാതെ വരുമ്പോൾ പൊട്ടിക്കരഞ്ഞാൽ, സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചാലൊക്കെ ലോകം സംശയത്തോടെ ഞങ്ങളെ നോക്കിയിട്ടുണ്ട്. എന്നാൽ ‘അഭയബാല’യിൽ വന്നതിനു ശേഷം പൊട്ടിച്ചിരികളും തമാശകളുമല്ലാതെ കരച്ചിലോ വഴക്കുകളോ ഒന്നുമുണ്ടാകരുതെന്ന് ടീച്ചറമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം ഞങ്ങളെ കാണാൻ വരും. പുതുതായി പഠിച്ച പാട്ടുകളോ ഡാൻസോ കരാട്ടെയോ ഞങ്ങൾ കാണിച്ചു കൊടുക്കും. ടീച്ചറമ്മ എന്തെങ്കിലും കഥകൾ പറയും. ‘അഭയ’യുണ്ടായ കഥയും ഞങ്ങൾ ടീച്ചറമ്മയിൽ നിന്നു തന്നെയാണ് കേട്ടിട്ടുള്ളത്.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കണ്ട് സഹിക്കവയ്യാതെ ആകെ തളർന്നു പോയ ടീച്ചറമ്മ അവർക്കു വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തീരുമാനിക്കുകയും അധികൃതരുടെ ശ്രദ്ധ തിരിച്ച് അവിടുത്തെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കുകയും ചെയ്തു. അതിലൂടൊണ് മാനസിക രോഗികൾക്കു വേണ്ടി ഒരു സ്ഥാപനം തുടങ്ങണമെന്ന തീരുമാനത്തിൽ എത്തുന്നത്. അതിൻ്റെ തുടർച്ചയായാണ് മാനസികരോഗികളായ സ്ത്രീകളുടെ മക്കളെ താമസിപ്പിക്കുവാനായി ‘അഭയബാല’ തുടങ്ങിയത്. പിന്നീട് പലതരം പ്രശ്നങ്ങളനുഭവിക്കുന്ന കുട്ടികളെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും മുഖേന ‘അഭയബാല’യിലെത്തിച്ചു. അതൊരിക്കലും ഒരനാഥാലയമായിരുന്നില്ല. ഒരു അനാഥാലയത്തിന്റെ പ്രതീതി വരാതിരിക്കാൻ ടീച്ചറമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഞാനൊക്കെ വയറു നിറയെ ഭക്ഷണം കഴിച്ച്, നല്ല വസ്ത്രങ്ങൾ ധരിച്ച്, ശ്രദ്ധയോടെ പുസ്തകങ്ങൾ വായിച്ച് സമാധാനമായി കിടന്നുറങ്ങിയത് അവിടെയെത്തിയിട്ടാണ്. അന്നു മുതൽ ടീച്ചറമ്മ എനിക്ക് അഭയവും അത്താണിയും ദൈവവുമായി.

sreelakshmi, memories, sugathakumari, iemalayalam

Read Here: മഴ നനഞ്ഞു കൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടി

പ്ലസ് ടു കഴിഞ്ഞതിനു ശേഷമാണ് ഞാനും ടീച്ചറമ്മയും തമ്മിൽ കാര്യമായ വ്യക്തിബന്ധം രൂപപ്പെടുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായ ചില തീരുമാനങ്ങളുണ്ടായിരിക്കണമെന്ന് ടീച്ചറമ്മ പറഞ്ഞതിന്റെയടിസ്ഥാനത്തിൽ ഞാൻ എന്തു പഠിക്കാൻ ഉദ്ദേശിക്കുന്നു, എവിടെയാണ് പഠിക്കേണ്ടത് എന്നൊക്കെ തീരുമാനിച്ചു. അതെല്ലാം ടീച്ചറമ്മയെയറിയിച്ചു. അഡ്മിഷനെടുക്കാനോ ജോലിക്കോ വേണ്ടി ടീച്ചറമ്മയാരോടും ശിപാർശ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അതു കൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിലാണ് എല്ലാം ചെയ്തത്.

താൽക്കാലികമായിട്ടാണെങ്കിലും ഞാൻ അട്ടപ്പാടിയിൽ ഒരു ട്രൈബൽ സ്കൂളിൽ ടീച്ചറായത് ടീച്ചറമ്മയെ വളരെ സന്തോഷിപ്പിച്ചു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. കുട്ടികളെ നന്നായി നോക്കാൻ പറഞ്ഞു. ഇടയ്ക്ക് ‘കൃഷ്ണവനം’ പോയിക്കാണാനും പറഞ്ഞു. പഠനം പാതിയിലുപേക്ഷിക്കാതെ തുടർന്നു പഠിച്ചതും ധൃതിപ്പെട്ട് കല്യാണം കഴിക്കാതിരുന്നതും ജോലി നേടിയതും ടീച്ചറമ്മയ്ക്ക് സന്തോഷം നൽകിയെന്നോർത്തപ്പോൾ ഞാനൊക്കെ ജീവിച്ചിരുന്നിട്ടും കാര്യമുണ്ടെന്ന് തോന്നി. അന്നൊരിക്കൽ ‘ഒരു ടീച്ചറെക്കാളുമപ്പുറം കുട്ടികൾക്ക് ആശ്രയമായിരിക്കണം നീ’ എന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ എന്നോടതു പറയേണ്ട കാര്യമില്ലല്ലോയെന്ന് ഞാന്‍ തേങ്ങി.

ടീച്ചറമ്മയ്ക്ക് പ്രായമാകുന്നതും കിടപ്പിലാകുന്നതും എന്നെയലട്ടിയിരുന്നു. ഇനിയാര്, ഇനിയാരുമില്ലാതെയെങ്ങനെ, എന്നൊക്കെ ഞാനെന്നോടു തന്നെ സങ്കടപ്പെട്ടു. പക്ഷേ ഏതു സങ്കടവും, ഏതു വഴിയിൽ നിന്നു വരുന്ന സങ്കടവും ധൈര്യമായി നേരിടണമെന്ന് ഉപദേശിച്ചത് ടീച്ചറമ്മയാണ്. അതു കൊണ്ട് ഞാനീ അവസ്ഥയേയും മറികടക്കും. അങ്ങനെയൊരാളില്ലായിരുന്നെങ്കിൽ ഞാനില്ല. ഞങ്ങളിൽ പലരുമില്ല. ആർക്കും കടിച്ചു പറിക്കാൻ കൊടുക്കാതെ, ഒരടുക്കളയിലും പണിയെടുത്തു കഴിയാൻ വിടാതെ പൊതിഞ്ഞു നിർത്തിയ കൈകളായിരുന്നു അത്. എന്നെ ജീവിതം കൊണ്ട് പൊതിഞ്ഞു പിടിച്ച ആ കൈകളെപ്പോലെ നാളെ ഞാനും ആർക്കെങ്കിലും തണലാകേണ്ടതുണ്ടെന്ന അമൂല്യമായ ജീവിതബോധം പകർന്നിട്ടാണ് ടീച്ചറമ്മ പോയത്. അനാഥമായ ഒരു ജീവിതം മുന്നിൽ വന്നു പെട്ടാൽ ആ ജീവിതത്തെ ഏതു വിധേനയും കൈപിടിച്ചു കയറ്റാൻ പാകത്തിലുള്ള ഒരു മനസ്സായി ഞാൻ ഇക്കാലത്തിനിടയിൽ മാറിയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ആ ഗുണമാണ് ടീച്ചറമ്മ തന്നു മടങ്ങിയത് .

ടീച്ചറമ്മ ഞങ്ങൾക്കെങ്കിലും മരിക്കുന്നില്ല, ജീവിച്ചു കൊണ്ടേയിരിക്കുന്നു. അതല്ലാതെ, അങ്ങനെ ഒരാലോചനയല്ലാതെ മറ്റേതാണ് എനിക്കൊക്കെ ഒരത്താണി.

  • തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ  ബിരുദാനന്തര ബിരുദവും ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്ന് ബിഎഡും നേടിയ ശ്രീലക്ഷ്മി  ഇപ്പോള്‍  നൂലുണ്ട.കോം എന്ന കൈത്തറി സംരംഭത്തില്‍ സജീവമാണ് 

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering sugathakumari abhaya athani