Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

വേലുക്കുട്ടി അരയൻ പ്രതിഭയുടെ കടൽ

മനുഷ്യസാധ്യമായ സർവ്വ മേഖലകളിലും വ്യാപരിപ്പിച്ച കർമ്മനിരതമായ ജീവിതത്തിനുടമയായ ഡോ. വി.വി. വേലുക്കുട്ടി അരയന്റെ 52 ആം ചരമവാർഷികദിനം 2021 മെയ് 31 ന് ആചരിക്കുന്നു. അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും രാംകുമാർ രാമൻ എഴുതുന്നു

velukutty arayan, ramkumar raaman , iemalayalam

കടലോളം ആഴത്തിലുള്ള അറിവ്, കടൽപോലെ പരന്നൊഴുകിയ പ്രവർത്തന മേഖലകൾ, നീതിക്ക് വേണ്ടി അലയടിച്ച ശബ്ദം ഇതെല്ലാമായിരന്നു ഡോ വിവി.വേലുക്കുട്ടി അരയൻ. ചുരുക്കി പറഞ്ഞാൽ ജലത്തിൽ മീനെന്ന പോലെ കരയിൽ കടൽപോലെ ഒഴുകിയ മനുഷ്യനായിരുന്നു അദ്ദേഹം. അന്നത്തെ തിരു- കൊച്ചിയുടെ ജൈവ ഭൂപടത്തിൽ അദ്ദേഹം എത്താത്ത മേഖലകളോ വിരലടയാളം പതിപ്പിക്കാത്ത ഇടങ്ങളോ ഇല്ലായിരുന്നു.

ബഹുമുഖമായ പ്രതിഭാശാലിത്വം ഡോ: വി.വി. വേലുക്കുട്ടി അരയനോളം അവകാശപ്പെടാവുന്ന നവോത്ഥാന നായകർ കേരള ചരിത്രത്തിൽ വേറെ ഇല്ലെന്നുള്ളതാണ് വാസ്തവം. തന്റെ കർമ്മഭരിതവും സംഭവബഹുലവുമായ ജീവിതയാത്രയിൽ അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുത്തിയ പാദമുദ്രകൾ നിസ്തുലമാണ്. ഇടപെട്ട മേഖലകളിലെല്ലാം സവിശേഷമായ തന്റെ വ്യക്തിത്വം അടയാളപ്പെടുത്താൻ അദ്ദേഹത്തിനായി.

തന്റെ കഴിവുകളെല്ലാം ജാതീയമായും സാമൂഹികമായും സാമ്പത്തികവുമായ അടിച്ചമർത്തപ്പെട്ടിരുന്ന നിസ്വരായ ജനതയുടെ ഉന്നമനത്തിനായാണ് അദ്ദേഹം വിനിയോഗിച്ചത്. വർത്തമാന കാലത്ത് അദ്ദേഹത്തിന്റെ പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അദ്ദേഹത്തിന്റെ ബഹുമുഖമായ വ്യക്തിത്വം എഴുതപ്പെട്ട ചരിത്രത്താളുകളിൽ നിന്നും പൂർണ്ണമായും കണ്ടെടുക്കാനാവില്ല.

നവോത്ഥാനനായകൻ, രാജശാസനകളുടെയും വാറോലകളുടെയും ഭീഷണികളെ തൃണവൽഗണിച്ച്, സമൂഹത്തിൽ നടമാടിയിരുന്ന അനീതികൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും നിലകൊണ്ട നിർഭയനായ പത്രാധിപർ, മൂന്ന് വൈദ്യശാസ്ത്രമേഖലകളിലും അറിവ് സ്വായത്തമാക്കി നിസ്വരായ ജനങ്ങളുടെ കണ്ണീരൊപ്പിയ മനുഷ്യസ്നേഹിയായ ഭിഷഗ്വരൻ, വ്യക്തിമുദ്ര പതിപ്പിച്ച കൃതഹസ്തനായ സാഹിത്യകാരൻ, നിരക്ഷരതയുടെ ഇരുട്ട് തളംകെട്ടിനിന്ന പിന്നാക്കസമുദായങ്ങളിൽ അക്ഷരവെട്ടം കൊളുത്തിവെച്ച, പാഠപുസ്തകങ്ങളും വൈജ്ഞാനികപ്രബന്ധങ്ങളും രചിച്ച വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യസമരത്തിന്റെ ആഗ്നേയ സരണികളിൽ ആത്മാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും സമരഗീതികൾ പാടിയ സ്വാതന്ത്ര്യസമരസേനാനി, അവാന്തരവിഭാഗങ്ങളായി ഭിന്നിച്ചുനിന്നിരുന്ന സ്വസമുദായത്തെ ഒരു കുടക്കീഴിലാക്കി മുന്നോട്ട് ഗമിക്കാൻ പ്രേരണയേ കിയ സമുദായോദ്ധാരകൻ, ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി, ശാസ്ത്രഗവേഷകൻ, കലാകാരൻ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ്, തൊഴിലാളി നേതാവ് തുടങ്ങി നിരവധി മേഖലകളിൽ സവിശേഷമായ സംഭാവനകൾ നൽകിയ വേലുക്കുട്ടി അരയനെ അത്ഭുദാരവങ്ങളോടെയല്ലാതെ നോക്കിക്കാണാനാവില്ല.

കഥാവശേഷനായി അരനൂറ്റാണ്ട് പിന്നിടുമ്പോഴും വേലുക്കുട്ടി അരയന്റെ ജീവിതദർശനങ്ങളും ചിന്തകളും സംഭാവനകളും പുനർവായിക്കപ്പെടുന്നുവെന്നതാണ് അദ്ദേഹത്തെ ഇന്നും പ്രസക്തനാക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി അറബിക്കടലിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെ അനന്തരഫലമായി കേരളത്തിന്റെ തീരപ്രദേശത്തുടനീളം അതിശക്തമായ കടലാക്രമണം ഉണ്ടാവുകയും തീരഗ്രാമങ്ങളിൽ പലതും കടലെടുക്കുകയുമുണ്ടായി. കേരളത്തിന്റെ തീരങ്ങളിൽ നടക്കുന്ന സ്വാഭാവിക തീരശോഷണവും, അശാസ്ത്രീയ നിർമ്മാണ, വികസന പ്രവർത്തനങ്ങളും കരിമണൽ ഖനനവും മൂലമുണ്ടാകുന്ന മനുഷ്യനിർമ്മിത തീരശോഷണവും തീരഭൂമിയുടെ സ്വാഭാവിക ഘടനയെ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ കൂടെ അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരത്തിലുള്ള കടലാക്രമണങ്ങളും തീരഗ്രാമങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ഗ്രസിച്ചു തുടങ്ങിയിട്ട് നാളേറെയായി. അതോടൊപ്പം തന്നെ തീരസംരക്ഷണത്തിനുള്ള പല ഉപാധികളും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

velukutty arayan, ramkumar raaman , iemalayalam

പാറകൾ ഉപയോഗിച്ചു കൊണ്ടുള്ള പരമ്പരാഗത കടൽഭിത്തി നിർമ്മാണം പരാജയമാണെന്ന് നിരന്തരം തെളിയിക്കപ്പെട്ടിട്ടും ബദൽ മാർഗം പരീക്ഷിക്കാൻ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിലാണ് 66 വർഷം മുമ്പ് ഡോ .വേലുക്കുട്ടി അരയൻ വിഭാവനം ചെയ്ത ലാന്‍ഡ് റെക്ലമേഷന്‍ സ്കീം എന്ന തീരസംരക്ഷണ പദ്ധതി വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. ലോകത്തുള്ള പല രാജ്യങ്ങളും തങ്ങളുടെ ഭൂപ്രദേശത്തിന്റെ വിസ്തീര്‍ണ്ണം കൂട്ടുന്നതിനും തീരസംരക്ഷണത്തിനും സാമ്പത്തികമായ അഭിവൃദ്ധിക്കും പാരിസ്ഥിതിക ജാഗ്രതയിലൂന്നിയ വികസന പ്രവര്‍ത്തങ്ങള്‍ നടത്തുന്നുവെന്ന പാഠത്തില്‍ നിന്നാണ് കേരളത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനായി വേലുക്കുട്ടി അരയന്‍ ലാന്‍ഡ് റെക്ലമേഷന്‍ സ്കീം എന്ന പദ്ധതി ആവിഷ്കരിച്ചത്.

ശാസ്ത്രാഭിമുഖ്യമുള്ള മനസ്സിന്റെയും സഹജീവികളുടെ ദുരിതജീവിതങ്ങളില്‍ ആശങ്കപ്പെട്ട മനുഷ്യസ്നേഹിയുടെ നിരന്തര പഠന-നിരീക്ഷണങ്ങളുടെയും ഫലമായിരുന്നു വിപ്ലവകരമായ ലാന്‍ഡ് റെക്ലമേഷന്‍ സ്കീം എന്ന പദ്ധതി. തിരു-കൊച്ചി സർക്കാരന് മുന്നിലും, കേന്ദ്ര സര്‍ക്കാരിന് മുന്നിലും 1954 ജൂലൈ 12-ന് ഈ പദ്ധതി നൽകി. എന്നാൽ, ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, അന്നത്തെ കാലഘട്ടത്തില്‍ നിന്നും സാങ്കേതിക വിദ്യകള്‍ അത്യന്താധുനികവല്‍ക്കരിക്കപ്പെട്ടിട്ടും കേരളത്തിലെ തീരശോഷണത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പദ്ധതിയുടെ പ്രായോഗികതയെപ്പറ്റി പഠിക്കാനോ പരീക്ഷിക്കാനോ തയ്യാറാവാതെ ഇത്രയും നാള്‍ ചുവപ്പ്നാടകളില്‍ കുരുങ്ങി കിടക്കുകയാണ്.

പതിറ്റാണ്ടുകളായി തുടരുന്ന സാമ്പ്രദായിക കരിങ്കല്‍ കടല്‍ഭിത്തി അപ്രായോഗികമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിട്ടും പശ്ചിമഘട്ടത്തിലെ മലകളായ മലകളെല്ലാം തുരന്നു പാറകള്‍ കടലിലാഴ്ത്തിയതിലൂടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ സാമ്പത്തിക ലാഭം ആരൊക്കയോ നേടിയിട്ടുണ്ടാകം, എന്നാൽ , കടലില്‍ കല്ലിടുന്നതിനു വേണ്ടി മലകള്‍ തകര്‍ക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥികാഘാതവും നാശവും, കാലാകാലങ്ങളായി പാറകള്‍ കൊണ്ട് തീരത്ത് അടുക്കി വെച്ചിട്ടും നഷ്ട്ടപ്പെട്ടു പോയ ചതുരശ്ര കിലോമീറ്റര്‍ കണക്കിന് ഭൂമി, മത്സ്യത്തൊഴിലാളികള്‍ക്ക് അന്യമായിപ്പോയ പരമ്പരാഗത മത്സ്യബന്ധന മാര്‍ഗങ്ങളും ഉപാധികളും, ഇതൊക്കെയാണ് കരിങ്കല്‍ കടല്‍ഭിത്തിയുടെ പേരില്‍ കടലില്‍ കല്ലിട്ടിതിലെ അനന്തര ഫലങ്ങള്‍.

1950 കളില്‍ തിരുവനന്തപുരത്തെ കോവളം മുതല്‍ എറണാകുളത്തെ ചെല്ലാനം വരെയുള്ള തീരപ്രദേശത്തെ സ്വാഭാവിക കടലാക്രമണവും അതിന്റെ ആഘാതവും മറ്റും പരിഗണിച്ചു കൊണ്ടാണ് വേലുക്കുട്ടി അരയന്‍ ലാന്‍ഡ് റെക്ലമേഷന്‍ സ്കീം അവതരിപ്പിക്കുന്നത്. ആലപ്പാട് തീരഗ്രാമത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ നിന്നും വിഭിന്നമായി ഐ ആര്‍ ഇ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ ആറ് പതിറ്റാണ്ട് കാലത്തെ കരിമണല്‍ ഖനനം കാരണം 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരുന്ന നാടിനെ ഒമ്പത് ചതുരശ്ര കിലോമീറ്ററിലേക്ക് അതായത് 1/9 ആയി ചുരുക്കിയെങ്കില്‍ കരിങ്കല്‍ ഭിത്തി പോലെ ഇനിയും കടലില്‍ കായം കലക്കുന്ന ഏര്‍പ്പാടല്ല, പകരം ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടത്. ക്രോസ്സ്ബണ്ട് (FIELD GROINS/പുലിമുട്ട്), പതാറുകെട്ടല്‍ (EMBANKMENT/DIKE), ഫോര്‍ട്ട്‌റെസ്സ് കെട്ടല്‍ എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രായോഗികമല്ല എന്ന് വേലുക്കുട്ടി അരയന്‍ തന്റെ ലാന്‍ഡ് റെക്ലമേഷന്‍ സ്കീമിന്റെ വിശദീകരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ നറിഷ്മെന്റെ് ( ARTIFICIAL NOURISHMENT) എന്ന കടലാക്രമണ പ്രതിരോധനടപടിയെ കേരളതീരപ്രദേശത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് കുറച്ചു കൂടി പ്രായോഗികവും പൂര്‍ണമായ കരവീണ്ടെടുപ്പ് പദ്ധതിയായാണ് ഡോ:അരയന്‍ വിഭാവനം ചെയ്തത്. ലോകത്തെമ്പാടും കടൽ അതിർത്തി പങ്കിടുന്ന നിരവധി രാജ്യങ്ങൾ കടലിൽ നിന്നും കര വീണ്ടെടുത്ത് തീരസംരക്ഷണവും അതിർത്തി സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങൾ സംബന്ധിച്ച് നിരവധി കുറിപ്പുകൾ ഇതിനോടകം പുറത്ത്‌ വന്നിട്ടുണ്ട്. കേരള തീരത്ത് ഇത് നടപ്പാക്കാൻ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തന്നെ അത്‌ കുറച്ച് പ്രദേശത്തെങ്കിലും നടപ്പാക്കി നോക്കിയാൽ മാത്രമേ തിരിച്ചറിയപ്പെടുകയും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ടു ശാശ്വതമായ തീരസംരക്ഷണമാർഗമായി ഇതിനെ പരിവർത്തിക്കാനും കഴിയുകയുള്ളു.

ജാതീയമായ ഉച്ചനീചത്വങ്ങളും അവശതകളും അനാചാരങ്ങളുമാണ് പിന്നാക്കസമുദായങ്ങളുടെ സാമൂഹികോന്നമനത്തിന് വിഘാതമെന്ന് തിരിച്ചറിഞ്ഞാണ് കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കൾ സ്വസമുദായോന്നമനത്തിലൂടെ അന്നത്തെ സാമൂഹികാവസ്ഥയെ തരണംചെയ്യാൻ ശ്രമിച്ചത്. തമസ്സിലാണ്ട വിവിധ ജാതിസമൂഹങ്ങളിൽ നവോത്ഥാനനായകർ അറിവിന്റെയും മാനവസ്നേഹത്തിന്റെയും വെളിച്ചം പകർന്നതുകൊണ്ടാണ് പിന്നീട് ഇടത് പക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കേരള നവോത്ഥാനത്തിന്റെ തുടർച്ചയിൽ കണ്ണിചേരാൻ കഴിഞ്ഞത്.

നവോത്ഥാനമെന്നത് സമുദായോദ്ധാരണത്തിൽ ചുരുങ്ങുന്നതല്ലെന്നും അത് പുരോഗമനപ്രസ്ഥാനങ്ങളിലൂടെ തുടരേണ്ടുന്ന ഒന്നാണെന്നുമുള്ള ദീർഘവീക്ഷണം, വേലുക്കുട്ടി അരയനുണ്ടായിരുന്നു. നവോത്ഥാനത്തിലൂടെ സംജാതമായ സാമൂഹിക പരിഷ്കരണത്തിന്റെ തുടർച്ച സാധ്യമാക്കുന്നതെന്ന തിരിച്ചറിവിൽ, തൊഴിലാളിസംഘാടകനായി മാറിയ വേലുക്കുട്ടി അരയനെ ചരിത്രത്തിൽ കാണാം.

കമ്യൂണിസ്റ്റായി പരിവർത്തിക്കപ്പെട്ട നവോത്ഥാന നായകനാണ് ഡോ. അരയനെന്ന് നിസ്സംശയം പറയാം. അതിന്റെ അനന്തരഫലമായിരുന്നു അഖില തിരുവിതാംകൂർ നാവിക തൊഴിലാളിസംഘം. വർഗ്ഗബോധത്തിന്റെ സംഘടിതശക്തിയായി അവകാശസംരക്ഷണത്തിനായി തൊഴിലാളികൾ സംഘടിച്ചുതുടങ്ങിയതിന്റെ പ്രാരംഭദശയിൽ തിരുവിതാംകൂറിലെ കടലിലും കായലിലും ഉപജീവനം നടത്തുന്ന തൊഴിലാളികളെ ഒന്നിച്ചുചേർത്ത് ഒരു സംഘടിത ശക്തിയാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.

1908ൽ പതിനാലാമത്തെ വയസ്സിൽ തന്റെ ജന്മഗ്രാമമായ ചെറിയഴീക്കലിൽ ‘വിജ്ഞാന സന്ദായിനി’ എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ ഡോ. അരയന്റെ പൊതുപ്രവർത്തനം 1969ൽ 75 ആം വയസ്സിൽ വിരാമമിടുമ്പോൾ, അവിരാമം പ്രയത്നിച്ച അദ്ദേഹത്തിന്റെ പാദമുദ്രകൾ വിവിധ മേഖലകളിൽ പതിഞ്ഞിരുന്നു. ഒരു ബൃഹദ് ജീവചരിത്രത്തിനും ഉൾക്കൊള്ളാനാവാത്ത വിധം സംഭവബഹുലമായിരുന്നു ആ ജീവിതം എന്നുപറയുന്നതിൽ ഒട്ടും അതിശയോകതിയില്ല.

വിദ്യാഭ്യാസപരമായ പുരോഗതിയിലൂടെ മാത്രമേ സാമൂഹികോന്നമനം സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് കൗമാരക്കാരനായ വേലുക്കുട്ടി തന്റെ ഗ്രാമത്തിൽ ഗ്രന്ഥശാല സ്ഥാപിച്ചത്. ആ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു 1917ൽ ആരംഭിച്ച അരയൻ മാസിക. 1919ൽ അതൊരു പ്രതിവാരപത്രമായി പരിണമിച്ചു. അതിനുവേണ്ടി സ്വന്തമായി പ്രസ് സ്ഥാപിച്ചു. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പരിതാപകരവും പിന്നാക്കാവസ്ഥയിലും കഴിഞ്ഞുവന്നിരുന്ന ഒരു തീരദേശത്ത് ഇത്തരത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പന്തം പേറി സമുദായത്തിന്റെ ഇടയിലേക്കിറങ്ങുക എന്നത് അചിന്ത്യമായ കാര്യമായിരുന്നു. അരയൻ പത്രത്തിലൂടെ സ്വാതന്ത്ര്യ–പൗരാവകാശ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹമെഴുതിയ വിമർശനാത്മകമായ മുഖപ്രസംഗങ്ങൾ അധികാരകേന്ദ്രങ്ങളുടെ സിംഹാസനങ്ങളിൽ വിറയൽപടർത്തി.

സ്വാതന്ത്ര്യ പൗരാവകാശസമരങ്ങൾ നിരന്തരം നടന്നുവന്നിരുന്ന അന്നത്തെ സാമൂഹ്യ പരിതസ്ഥിതിയിൽ സ്വാഭാവികമായും ഡോ. അരയനും കണ്ണിചേർന്നു. 1924ലെ പൗരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിൽ ടി.കെ. മാധവനോടൊപ്പം ഡോ. അരയനും സുപ്രധാനമായ പങ്കുവഹിച്ചു.

കടലാക്രമണ പ്രതിരോധ പദ്ധതിയായ ലാൻഡ് റെക്ലമേഷൻ സ്കീം പോലെ തന്നെ ശാസ്ത്രീയ ഗവേഷകനായ ഡോ:അരയന്റെ പ്രധാന കണ്ടെത്തലുകൾ വേണ്ട വിധം ഉപയോഗിച്ചിരുന്നെങ്കിൽ അതാത് മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് നിദാനമാകുമായിരുന്നു. ലോകത്തെമ്പാടും പേപ്പറിന് ക്ഷാമമുണ്ടായിരുന്ന കാലത്ത് പ്രകൃതി,പാഴ് വസ്തുക്കളിൽ നിന്നും ന്യൂസ് പ്രിന്റ് നിർമ്മാണ പദ്ധതി അദ്ദേഹം ആവിഷ്കരിച്ചത് ഏറ്റവും ശ്രദ്ധേയമായിരുന്നു. തേങ്ങാവെള്ളത്തിൽ നിന്നും വിനിഗർ, ലെമണേഡ് തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന പദ്ധതി, കുളമത്സ്യ വ്യവസായ പദ്ധതി, കടലുല്പന്നങ്ങളിൽ നിന്നും അലങ്കാര വസ്തുക്കളും മരുന്നും നിർമ്മിക്കുന്ന പദ്ധതി തുടങ്ങി അദ്ദേഹത്തിന്റെ നിരവധി കണ്ടുപിടുത്തങ്ങൾ പിൽക്കാലത്ത് സർക്കാരുകൾ നടപ്പിലാക്കിയത് ഡോ:അരയന്റെ ദീർഘദൃഷ്ടിക്ക് ഉത്തമോദാഹരമാണ്.

velukutty arayan, ramkumar raaman , iemalayalam

സാഹിത്യത്തിൽ സമസ്തശാഖകളിലും ഈടുറ്റ കൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഭൂരിപക്ഷ കൃതികളും ഇന്ന് ലഭ്യമല്ല. എഴുതിയവയിൽ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചിട്ടില്ലെന്നതിനാലും ലഭ്യമല്ലെന്നതിനാലും അദ്ദേഹത്തിന്റെ സാഹിത്യമേഖലകളിലെ സംഭാവന ഇന്ന് പൂർണ്ണമായും വിലയിരുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലഭ്യമായവയിൽ പ്രധാനപ്പെട്ട പദ്യകൃതികൾ, കിരാതാർജ്ജുനീയം, ഓണം ഡേ, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി, ശ്രീ ചൈത്രബുദ്ധൻ, മാതംഗി തുടങ്ങിയവയാണ്. രസലക്ഷണസമുച്ചയം എന്ന രസവർണ്ണനയും വാസവദത്താനിർവാണം എന്ന ആട്ടക്കഥയും ഭാഗ്യപരീക്ഷകൾ എന്ന നോവലും ബലേഭേഷ്, ആൾമാറാട്ടം, ലോകദാസൻ, നന്ദകുമാരൻ തുടങ്ങിയ നാടകങ്ങളും പിന്തിരിഞ്ഞുനോക്കുമ്പോൾ എന്ന ആത്മകഥയും ലഘുകഥാകൗമുദി, തെരഞ്ഞെടുത്ത കഥകൾ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും കുറുക്കൻകഥകൾ, ബാലസാഹിത്യകഥകൾ തുടങ്ങിയ ബാലസാഹിത്യകൃതികളും തകഴിയുടെ ചെമ്മീനെ കുറിച്ചുള്ള ഏറെ പ്രശസ്തമായ നിരൂപണവും, സൗന്ദര്യം, മാധവി, ശാകുന്തളവും തർജ്ജമകളും മത്സ്യവും മതവും, അദ്ധ്യക്ഷപ്രസംഗം, തിരുവിതാംകൂറിലെ മത്സ്യവ്യവസായം, തുടങ്ങിയ ലേഖനസമാഹാരങ്ങൾ, ലഘുകലാകൗമുദി, സൂകതമുത്തുമാല, മലയാളസാഹിത്യത്തിൽ വരുത്തേണ്ട ഭാഷാപരമായ മാറ്റങ്ങൾ തുടങ്ങിയ പാഠ്യവിഷയകൃതികളും ഡോ. അരയന്റെ പ്രധാനപ്പെട്ട സംഭാവനകളാണ്.

നിരവധി പത്ര-മാസികകളുടെ പത്രാധിപരായിരുന്നു അദ്ദേഹം. അരയൻ പത്രം (1917), അരയസ്ത്രീജന മാസിക (1922), ചിരി മാസിക, ധർമ്മപോഷിണി പത്രം(1942), രാജ്യാഭിമാനി പത്രം (1943), ഫിഷറീസ് മാഗസിൻ (1948), സമാധാനം മാസിക (1950), കലാകേരളം മാസിക (1953), തീരദേശം വാരിക(1953), ഫിലിം ഫാൻ (1961) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. കേരളത്തിലെ ആദ്യകാല പ്രൊഫഷണൽ പ്രസുകളിലൊന്നായ ‘അരയൻ പ്രസ്’ സ്ഥാപിച്ചതും അദ്ദേഹം.

1921-ൽ തിരുവനന്തപുരത്ത് വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതിനെതിരെയും 1938 ൽ സ്റ്റേറ്റ് കോൺഗ്രസ്സിനുമേലുള്ള നിരോധനം നീക്കാത്തതിനെതിരെയും രാജഭരണത്തെ അതിനിശിതമായി വിമർശിച്ചു കൊണ്ട് മുഖപ്രസംഗ എഴുതിയതിനെ തുടർന്ന് രണ്ടു തവണ ‘അരയൻ’ പത്രവും പ്രസ്സും കണ്ടു കെട്ടുകയും നിരോധിക്കുകയും ഡോ.അരയനെ അറസ്റ്റുചെയ്യുകയും ശ്രീ മൂലം പ്രജാസഭയിലേക്കു ഡോ. വേലുക്കുട്ടി അരയനെ നോമിനേറ്റു ചെയ്യാൻ എടുത്തിരുന്ന തീരുമാനം റദ്ദുചെയ്യുകയും ചെയ്തു.

തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഓരോ മേഖലകളിലും വേലുക്കുട്ടി അരയൻ എണ്ണമറ്റ സംഭാവനകൾ നടത്തിയിട്ടുണ്ട്. അദ്ദേഹം വ്യാപരിച്ച ഓരോ മേഖലകളെയും പ്രത്യേകം പ്രത്യേകമായി പഠനം നടത്തി കേരളീയ പൊതുസമൂഹത്തിന് നൽകിയ സംഭാവനകളെ വേണ്ടവിധം അടയാളപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരിക്കലും നിശ്ചലമാകാത്ത കടൽ പോലെയാണ് വേലുക്കുട്ടി അരയന്റെ ജീവിതവും പ്രവർത്തനങ്ങളും. മരണമടഞ്ഞ് 52 വർഷങ്ങൾ പിന്നിടുമ്പോഴും ആ കർമ്മയോഗിയുടെ ദീർഘവീക്ഷണം ഇന്നും വിവധ മേഖലകളിൽ മലയാളിക്ക് വഴികാട്ടിയാകുന്നു. കരയിൽ ജീവിച്ച പ്രതിഭയുടെ കടലായിരുന്നു വേലുക്കുട്ടി അരയൻ.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Remembering social reformer dr velukutty arayan

Next Story
സ്വപ്നം കാണാനുള്ള പരിശീലനംsavitha n , memories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com