/indian-express-malayalam/media/media_files/uploads/2022/03/Madhu-Mash-feature.jpg)
ഒൺലി വൺ സൊലൂഷൻ, ഇറ്റ്സ് റെവല്യൂഷൻ: അത് നാം നാടകക്കാർക്കുമറിയാം. പക്ഷേ ... വയനാട്ടിലെ മീനങ്ങാടിയിൽ, അപ്പോൾ പിൻവലിക്കുക മാത്രം ചെയ്തിട്ടുള്ള അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പുതിയ നാടകം അവതരിപ്പിക്കാനൊരുങ്ങുന്ന വയനാട് സാംസ്കാരിക വേദിയിലെ ചെറുപ്പക്കാരോട് സംസാരിക്കുകയാണ് എൻ എൻ പിള്ള: വിപ്ലവം ആർക്കാണോ പെട്ടെന്നാവശ്യമുള്ളത്, അവർ തന്നെ അതിനു മുന്നിട്ടിറങ്ങണം. വിപ്ലവം നടത്തുന്ന പണിയും നാം നാടകക്കാർ ഏറ്റെടുത്തേക്കരുത്. നമുക്ക് നാടകം കളിക്കാം.
അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസം കഴിഞ്ഞ് മധുമാഷ് പുറത്തിറങ്ങുന്നത് ജയിലിൽ വച്ചെഴുതിയ ഒരു നാടകവുമായി. പടയണി എന്നു പേരിട്ട ആ നാടകവുമായാണ് പിന്നീട് ക്ഷുബ്ധ യൗവനത്തിൻ്റെ ദശകം എന്നു വിളിക്കപ്പെട്ട ആ തിളയ്ക്കുന്ന കാലത്തിലേക്ക് ഞങ്ങളിറങ്ങുന്നത്. തുടർന്ന് ഹോളിലെ സ്റ്റേജിലവതരിപ്പിക്കുന്നതും പുറത്തെ തുറന്ന ആ കാശത്തിനു കീഴിലവതരിപ്പിക്കുന്നതുമായ നൂറുകണക്കിനു ചെറുതും വലുതുമായ നാടകങ്ങൾ. അവയിലേറ്റവും ശ്രദ്ധിക്കപ്പെട്ട നാടകങ്ങളിലൊന്നായ അമ്മ എഴുതിയതും സംവിധാനം ചെയ്തതും മധു മാഷ് തന്നെ.
മാക്സിം ഗോർക്കിയുടെ അമ്മ, ബ്രെഹ്തിന്റെ അമ്മ, മഹാശ്വേതാദേവിയുടെ അമ്മ, മധു മാഷുടെ അമ്മ- ഇങ്ങനെ താളത്തിൽ പറയാവുന്ന വിധം എഴുപതുകളിൽ നന്നായി ശ്രദ്ധിക്കപ്പെട്ടു കോഴിക്കോട് രണചേതനയുടെ ബാനറിലുള്ള ആ നാടകം. അമ്മയുടെ മകനായ പാവേൽ, സാർവദേശീയ ഗാനം ആലപിച്ച് ചെങ്കൊടി ഉയർത്തിയെന്ന രാജ്യദ്രോഹക്കുറ്റത്തിൻ്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. കോടതി മുറിയിൽ അയാൾ നടത്തുന്ന പ്രസംഗം, അരങ്ങിൽ നാടകം നടക്കുമ്പോൾ തന്നെ കാണികൾക്കിടയിൽ വിതരണം ചെയ്തത് അന്ന് വലിയൊരത്ഭുതമായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/03/Madhu-master-old.jpg)
ജനങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തിലെ ഒരംഗമെന്ന നിലയ്ക്ക് ഞാൻ ജനങ്ങളുടെ വിധി മാത്രമേ അംഗീകരിക്കുന്നുള്ളൂ. അതിനാൽ ഞാനെന്തിന് ഈ പാവക്കാടതിയിലെ കോമാളി ന്യായാധിപനു മുമ്പിൽ എന്റെ നിരപരാധിത്തം തെളിയിക്കണം? - ഏതാണ്ടിങ്ങനെ തുടങ്ങുന്ന പാവേലിൻ്റെ പ്രസംഗം തുടരുന്നതിങ്ങനെ: ഞങ്ങൾ തൊഴിലാളികളാണ്, അതിനാൽ തന്നെ കമ്യൂണിസ്റ്റുകാരുമാണ്. ഒരു കൂട്ടർ ആജ്ഞാപിക്കാൻ മാത്രവും മറ്റൊരു കൂട്ടർ പണിയെടുക്കാൻ മാത്രവുമുള്ള കാലത്തോളം ഞങ്ങൾ വിപ്ലവകാരികളായി തുടരുകയും ചെയ്യും. നിങ്ങൾ തകർത്ത ലോകത്തെ മഹത്തായ ലോകമാക്കി ഞങ്ങൾ പുതുക്കിപ്പണിയും. അത് സംഭവിക്കുക തന്നെ ചെയ്യും. സംഭവിക്കുക തന്നെ ചെയ്യും ...
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ തുടക്കത്തിൽ മകൻ രാഷ്ട്രീയത്തിലിറങ്ങുന്നതിൽ ഒട്ടും താല്പര്യമില്ലാതിരുന്ന അമ്മ നാടകാവസാനത്തിൽ മകന്റെ കോടതി പ്രസംഗം പൊലീസുകാരുടെ കണ്ണു വെട്ടിച്ച് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന ദൗത്യം ഏറ്റെടുക്കുന്നു: എൻ്റെ മകൻ്റെ വാക്കുകൾ ആത്മാർഥതയുള്ള ഒരു തൊഴിലാളി സഖാവിന്റേതാണ്. പ്രിയമുള്ളവരേ, ഒന്നിക്കുക. നിങ്ങളെ ഭയപ്പെടുത്താൻ ആരെയും അനുവദിക്കരുത്. നിങ്ങൾ ജീവിക്കുന്ന ജീവിതത്തേക്കാൾ മോശമായ മറ്റൊന്നുമില്ല.
/indian-express-malayalam/media/media_files/uploads/2022/03/Amma-drama-poster.jpg)
പൊലീസിന്റെ തല്ലേറ്റ് വീഴുമ്പോഴും അമ്മ അലറുന്നു: നിങ്ങൾക്കെന്റെ ആത്മാവിനെ കൊല്ലാൻ കഴിയില്ല, ജീവിക്കുന്ന ആത്മാവിനെ ... ജനങ്ങളുടെ മനസ്സിനെ നിങ്ങൾക്ക് ചോരയിൽ മുക്കാനാവില്ല, രക്തത്തിൻ്റെ മഹാസമുദ്രത്തിനു പോലും സത്യത്തെ മുക്കിക്കൊല്ലാനാവില്ലെന്ന കോറസ്സോടെ അവസാനിക്കുന്ന ഈ നാടകത്തിന്നടിസ്ഥാനമായ മാക്സിം ഗോർക്കിയുടെ നോവൽ റഷ്യൻ വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിലെഴുതപ്പെട്ടതാണ്. ജർമനിയിൽ കൂടുതൽ സ്ത്രീകളെ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിലെത്തിക്കാനുള്ള കാമ്പയിനാരംഭിച്ചപ്പോൾ ബ്രെഹ്ത് ആ നോവൽ നാടകമാക്കി .ഇവ രണ്ടും അവലംബിച്ചാണ് മധു മാഷ് മലയാളത്തിൽ നാടകമൊരുക്കിയത്. പാവേലായി അഭിനയിച്ചത് പിന്നീട് ചലച്ചിത്രകാരനായി മാറിയ ജോയ് മാത്യുവായിരുന്നു. അമ്മയായി, പിന്നീട് നടിയും ഡബ്ബിങ് ആർടിസ്റ്റുമായി മാറിയ സ്റ്റെല്ലയും ...
മലയാളത്തിലെ എക്കാലത്തേയുo മികച്ച 25 നാടകങ്ങളിലൊന്നാണ് അമ്മ .അതർഹിക്കുന്ന പരിഗണന ,രാഷ്ടീയ കാരണങ്ങളാൽ അക്കാദമിക വൃത്തങ്ങളിൽ നിന്നു പോലും ലഭിച്ചില്ലെങ്കിലും.
ശനിയാഴ്ച നമ്മോട് വിട പറഞ്ഞ മധു മാഷെക്കുറിച്ച് പ്രചരിക്കുന്ന ഒരു തമാശ കൂടെ പങ്കുവെക്കട്ടെ. പിന്നീടൊരിക്കൽ ആൽബർട് കമ്യുവിൻ്റെ കലിഗുല മധു മാഷ് അരങ്ങിലെത്തിച്ചു. തിരുവനന്തപുരത്തെ പ്രസിദ്ധമായൊരു നാടകോത്സവക്കാർ രചനയ്ക്കുള്ള സമ്മാനമാണ് ഈ നാടകത്തിനു നല്കിയത്. മാഷ്ടെ പ്രതികരണം ഇങ്ങനെയായിരുന്നു: ഫ്രഞ്ച് ഭാഷയിൽ കമ്യു എന്ന പേരിലാണ് ഞാനെഴുതാറുള്ളത് . മലയാളത്തിൽ മധു എന്ന പേരിലും. നന്ദി ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.