/indian-express-malayalam/media/media_files/2025/01/10/1eP5yZTUt5PSd25xXuiN.jpg)
ജയചന്ദ്രന്റെ ഏതു പാട്ട് എപ്പോൾ ആലോചിച്ചാലും പ്രണയമധു പുരണ്ട ആ മാസ്മര ശബ്ദം ചെവിക്കു പുറകിലിരുന്ന് ഉടനെ ആലപിച്ചു തുടങ്ങും. അദ്ദേഹം പാടി വെച്ച ഒരു പാട്ടു പോലും ഇഷ്ടമായില്ലെന്നു പറഞ്ഞ് മാറ്റിവെക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. "മഞ്ഞലയിൽ മുങ്ങിത്തോർത്തി" എന്ന പാട്ടു മുതൽ ഈയടുത്ത കാലത്ത് പാടിയ "പൊടിമീശ മുളക്കണ കാലം" വരെ എന്ന പാട്ടു വരെ ആ ഗണത്തിൽ വരും. നിത്യയുവത്വം പൂണ്ട ആ ശബ്ദത്തിന്റെ മുന്നിൽ കാലം തോറ്റു പോയിട്ടുണ്ട്. ജയചന്ദ്രന്റെ പാട്ടിനെക്കുറിച്ചു പറയുമ്പോൾ ഒരിക്കൽ എന്റെ ആത്മബന്ധുവായ ഇ ജയകൃഷ്ണൻ പറഞ്ഞു,'അത് അധികം എടുത്ത് ചെലവാക്കാത്ത മുതലാണ്.എത്ര വേണമെങ്കിലും ഇനിയും വാരിയെടുക്കാം' .
എഴുപത്തിമൂന്നിൽ എനിക്ക് എട്ടു വയസ്സാണ്. പാട്ടുകേൾക്കുക മാത്രമാണ് ജീവിതത്തിലെ പണി. തവനൂരിൽ അയങ്കലത്ത് അമ്മയുടെ വീട്ടിലേ റേഡിയോ ഉള്ളൂ. ഏതു വിധേനയും അവിടെ എത്തിപ്പെടലാണ് ജീവിതവ്രതം. ഒരു മണിക്കൂർ ചലച്ചിത്ര ഗാനപരിപാടിയിൽ മൂന്ന് ജയചന്ദ്രൻ ഗാനങ്ങളുണ്ടാവും. ഒരു പക്ഷേ 'കള്ളി തിരിയുന്ന ' പ്രായത്തിലെത്തിയ ശേഷമാണ് യേശുദാസിന്റെ പ്രണയഗാനങ്ങളിലെ 'ഹിക്മത് ' ശരിക്കും പിടികിട്ടിയിട്ടുള്ളത്. ഈ മനുഷ്യൻ,ജയചന്ദ്രൻ പാടിത്തുടങ്ങുമ്പോൾ,എട്ടൊൻപതു വയസ്സിൽത്തന്നെ മനസ്സിൽ തീവ്രമായി പിടയുന്ന ഒരു വെൺപിറാവുണ്ടായിരുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. 'കല്ലോലിനീ,വനകല്ലോലിനീ' എന്നാ മനുഷ്യൻ അലിഞ്ഞു പാടുമ്പോൾ ആ പാട്ടിന്റെ കൂടെ ഏതോ തേയിലത്തോട്ടത്തിന്റെ കാഴ്ചയിലേക്ക് ഞാൻ വീണു പോയിട്ടുണ്ട്. 'നീലഗിരിയുടെ സഖികളേ,ജ്വാലാമുഖികളേ' എന്നുയരുമ്പോൾ അമേയമായ ഒരു ചാരുത ഹൃദയത്തെ വന്ന് അന്നും പൊതിഞ്ഞിരുന്നു. എല്ലാ പാട്ടുകളിലും തൊണ്ട കൊണ്ടല്ല ഹൃദയം കൊണ്ട് പാടുന്ന ഒരു ഫീൽ നിറച്ചു വെക്കാൻ അവസാനം വരെയും അദ്ദേഹത്തിനായി. എം എസ് വിശ്വനാഥനെപ്പോലെ അസാമാന്യനായ ഒരു കമ്പോസർ ജയചന്ദ്രനു വേണ്ടി മാത്രം പാട്ടുകളുണ്ടാക്കി. 'മലരമ്പനെഴുതിയ മലയാള കവിതേ,മാലേയക്കുളിർ താവും മായാ ശില്പമേ,കവിതേ ... കവിതേ,കന്യകേ ' എന്ന ശ്രീകുമാരൻ തമ്പിയുടെ പാട്ടിന് എം എസ് വി ഒരുക്കിയ സംഗീതത്തെ ജയചന്ദ്രൻ മെഴുകിൽ ശില്പം കൊത്തും പോലെയാണ് പാടി വെച്ചിട്ടുള്ളത്. ആ പാട്ടിലെ കവിതേ എന്ന സല്യൂട്ടേഷനിൽ അലിഞ്ഞു പോകുന്ന അനുഭവത്തെ ഓർക്കുമ്പോൾ 'ശിലയുമലിഞ്ഞു പോം' എന്നത് വെറുതെയല്ലെന്നോർമ്മ വരും.
"മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ" എന്ന വയലാറെഴുതിയ പാട്ട് ഓർത്തുനോക്കുക,ശുദ്ധധന്യാസിയിലാണ് ദേവരാജൻമാഷ് ആ പാട്ട് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പാടുമ്പോൾ രാഗഭാവം മാത്രം കിനിഞ്ഞിറങ്ങുന്ന രീതിയിലാണ് മാഷ് ആ പാട്ടിനെ പരിചരിച്ചിട്ടുള്ളത്. കർണ്ണാടകസംഗീതത്തിന്റെ കനപ്പെട്ട ഈടുവെപ്പുകളിൽ നിന്ന് മാഷ് ഒരു പാട്ട് നെയ്തെടുക്കുമ്പോൾ രാഗം കസവു നെയ്ത പോലെ കിടക്കും. ജയചന്ദ്രൻ ആ കസവിനെ മിന്നിച്ചു.'കണ്ണുകൾ മാനത്തുകണ്ണികൾ മയങ്ങുന്ന കയങ്ങൾ,ഞാനാ കയങ്ങളിൽ ആവേശഭരിതനായി മുഖം നോക്കുന്നു ' പല്ലവിയിൽ വയലാറിങ്ങനെ എഴുതിവെക്കുന്നു. ഞാനിപ്പോൾ രണ്ടു കണ്ണുകൾ കാണുന്നു. ആ കണ്ണുകളുടെ അഗാധമായ കയങ്ങളിലേക്ക് ചാടി മരിക്കാൻ ഞാൻ വെറുതെ കൊതിച്ചു പോകുന്നു. ഈ പാട്ടും അതിന്റെ ആലാപനവും,അങ്ങേയറ്റം നിസ്വനായിരുന്ന,ഒരു നിലയ്ക്കും മിടുക്കുകൾ ഇല്ലാതിരുന്ന,രണ്ടു വലിയ കണ്ണുകൾ മാത്രമുണ്ടായിരുന്ന ഒരു ചെക്കന്റെയുള്ളിൽ ഒരു ചിരപ്രണയിയെ കൊത്തിവെക്കുകയായിരുന്നു. ആ പ്രണയിയാണ് ഇന്നീ നിമിഷം വരെ ഈ പാട്ട് ഉള്ളിൽ മൂളിയത്.
'പ്രണയോപനിഷത്തിലെ/കൈയ്യക്ഷരങ്ങൾ നിൻ/നുണക്കുഴിപ്പൂ മൂടും കുറുനിരകൾ/കാറ്റു വന്നവയുടെ രചനാ ഭംഗികൾ/മാറ്റുവാൻ നീയെന്തിനനുവദിച്ചൂ/കാറ്റിനെ ഞാൻ ശപിച്ചൂ ,അതു നിന്റെ/കാമുക ഹൃദയത്തിലൊളിച്ചൂ 'എന്ന് അനുപല്ലവി. ഏതനുഗ്രഹനിമിഷത്തിലാണാവോ വയലാറിന് ഇങ്ങനെ ഒരു പദം കോയിൻ ചെയ്യാനായത്,പ്രണയോപനിഷത്ത്! ആ ഒരൊറ്റ പദം കോയിൻ ചെയ്തതിന്റെ ആയത്തിലാണ് ബാക്കി മുഴുവൻ വാക്കുകളും പാട്ടിൽ വന്ന് ഫാൾ ഇൻ ആവുന്നത്. ഓരോ സ്വരത്തിന്റെയും ശബ്ദവിശേഷത്തിൽ,ഹോ,ആ കാമുക ഹൃദയത്തിന്റെ തീവ്രമായ സത്യസന്ധത, ആത്മാർത്ഥത,അഭിനിവേശം എല്ലാമെല്ലാം തുളുമ്പി നിൽക്കുന്നു. കാറ്റിൽ അലക്ഷ്യമായി ദൂരേക്ക് കണ്ണു പായിച്ചു നിൽക്കുന്ന,കുറുനിര ആ കാറ്റിൽ പാറി നിൽക്കുന്ന 'എന്റെ പെണ്ണ്' എന്ന തീവ്ര സങ്കല്പത്തിനൊപ്പം എന്റെ കാമുകഹൃദയത്തെ കെട്ടഴിച്ചുവിടാൻ ആ റെൻഡറിങ് എന്നെ നിർബന്ധിക്കുന്നു. 'പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ/മൃദുമന്ദഹാസത്തിൻ തിരുമധുരം/ആയിരം ചൊടികളാൽ മുകരാനെന്തിനീ/ആതിര ചന്ദ്രനെയനുവദിച്ചൂ/ചന്ദ്രനെ ഞാൻ ശപിച്ചൂ/അവൻ നിന്റെ ചെമ്പക മുഖശ്രീയിലൊളിച്ചൂ' ആയിരം ചൊടികളാൽ മുകരുന്ന ആതിരച്ചന്ദ്രൻ,ആ ചന്ദ്രനെ തിരഞ്ഞു ചെല്ലുന്ന ശാപം! ഇക്കാലയളവിനിടയിൽഎത്ര പേരെ,തന്റെ പെണ്ണിനെ ഒന്നാഞ്ഞു നോക്കിയതിന്റെ പേരിൽ ഒരിക്കലെങ്കിലും ശപിക്കാത്ത ഒരു കാമുകനെങ്കിലും ജനിച്ചു ജീവിച്ച് മണ്ണടിഞ്ഞു പോയിട്ടുണ്ടോ? ഉണ്ടോ?
ഈ പാട്ടിൽ വയലാറിനേക്കാൾ,ദേവരാജൻ മാഷെക്കാൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഞാനോർക്കുക ജയചന്ദ്രനെയാണ്. അൻപതു വയലിനെങ്കിലുമുണ്ടെന്ന ഫീലിൽ നിറഞ്ഞു നിൽക്കുന്ന കൊഴുത്ത വയലിൻ നാദത്തിനിടയിൽ പാറി വീഴുന്ന ഫ്ലൂട്ടിന്റെയും സിതാറിന്റെയും ജൈവസ്പർശത്തിനിടയിൽ അപാരമായ ടെംപോ സൂക്ഷിക്കുന്ന തബലയുടെ താളത്തിനിടയിൽ ശ്രുതി ശുദ്ധവും പ്രണയഭരിതവുമായി ഈ പാട്ടു പാടിയ, എന്നും ശബ്ദയൗവ്വനം ഹൃദയത്തിൽ കത്തിനിന്ന ആ യുവാവിന് ഹൃദയാഭിവാദനം,'മനോരമേ, നിൻ നയനങ്ങൾ!'
എഴുപത്തിരണ്ടിൽ ഇറങ്ങിയ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയിലെ 'തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ' എന്ന പാട്ട് എന്നെ എത്രമാത്രം വശീകരിച്ചിട്ടുണ്ട് എന്ന് എനിക്കെന്നോടുതന്നെ ചോദിക്കുക വയ്യ. എന്റെ ചേതന ഒരു പക്ഷേ അനേകശത സന്ദർഭങ്ങളിൽ ആവർത്തിച്ചു കേട്ട രണ്ടു ശബ്ദങ്ങൾ ഈ യുഗ്മഗാനത്തിലൂടെ പി ജയചന്ദ്രന്റെയും മാധുരിയുടെയും ആയിരിയ്ക്കും. ഞാനെത്ര തവണ ഈ പാട്ടു കേട്ടിരിക്കും? അറിഞ്ഞു കൂടാ.
ഞാൻ പതുക്കെ ഒരു കഥ പറയാം.2019 ജൂൺ 13ന് ഹൃദോഗം വന്ന് കലശലായി എടപ്പാൾ ആശുപത്രിയുടെയും പിന്നീട് കോഴിക്കോട് മെട്രോ ആശുപത്രിയുടെയും സി സി യുവിൽ പത്തിരുപതു ദിവസക്കാലം ഞാൻ തളച്ചിടപ്പെട്ടു. പ്രീ സർജിക്കൽ സി സി യുവിൽ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കലല്ലാതെ മറ്റു പണികളൊന്നുമില്ല. ജീവിക്കുമോ മരിക്കുമോ എന്ന ആധിയുമായി പത്തു പതിനാലു പേർ അവിടെ ചുറ്റും കിടപ്പുണ്ട്. ചിലർ പോകുന്നു, ഉടനെ പുതിയവർ വരുന്നു. മൊത്തം പാനിക്കായ ആ അന്തരീക്ഷത്തിൽ പാട്ടുകേൾക്കൽ പ്രായോഗികമല്ല. പക്ഷേ എന്റെ മിടുക്കിക്കുട്ടികൾ, കോഴിക്കോട് മെട്രോമെഡിലെയിലെ നഴ്സസ് കുട്ടിക്കൂട്ടം സി സി യുവിലേക്ക് എനിക്ക് ധാരാളം പുസ്തകങ്ങൾ വരുത്തിത്തന്നു. ബൈപാസ് കഴിഞ്ഞ് ജൂലായ് ആദ്യത്തോടെ റൂമിലെത്തിയതിനു ശേഷം വായന അത്ര എളുപ്പമല്ലാതായി. സർജിക്കൽ വൂണ്ട്ന്റെ പ്രയാസങ്ങൾ,ഹെവി ഡ്രഗ്സിന്റെ നിരന്തര ക്ഷീണം പിന്നെ സ്വന്തം ശരീരത്തോടു തോന്നുന്ന കടുത്ത അപരിചിതത്വം ഇവയെല്ലാം ചേർന്ന് വായനയെ ബ്ലോക്ക് ചെയ്തു. എന്റെ ഫോൺ പക്ഷേ തുറക്കലുണ്ടായില്ല. എന്നാൽ മിനിയുടെ ഫോൺ ഫുൾ ചാർജ്ജിൽ വിത് ഇയർഫോൺ കിടക്കയിൽ ഇരുന്നു. പിന്നീട് നവംബർ ഒന്നിന് കോളേജിൽ റീ ജോയിൻ ചെയ്യുന്നതു വരെ പാട്ടു മാത്രമായിരുന്നു ചുറ്റും. ചെവിയിലായിരുന്നില്ല,മറിച്ച് കീറിപ്പുറത്തെടുത്ത് കേടു തീർത്ത് നന്നാക്കി തിരിച്ചു വെച്ച ഹൃദയത്തിലേക്കായിരുന്നു രാപ്പകൽ ആ പാട്ടുകൾ കയറിച്ചെന്നത്. എത്ര പാട്ടുകൾ എന്നെനിക്കിപ്പോൾ അറിഞ്ഞുകൂടാ. എല്ലാ ഴോനറുകളിലുമുള്ള പാട്ടുകൾ,ക്ലാസിക്കൽ,ഫോക്, ലളിതസംഗീത ഭേദമന്യേ പാട്ടില്ലാതെ പോയ ഏകദേശം ഒരു മാസത്തെ വാക്വം പൂർണ്ണമായും നികന്ന ദിവസങ്ങൾ. ആ പാട്ടുകളിലൂടെ എന്റെ അക്കാലത്തെ ഏകാന്തവാസത്തിന്റെ മഹാസങ്കടങ്ങൾ മുഴുവൻ ഞാൻ മറന്നു. ഒരിക്കൽക്കൂടി കാണണം എന്ന് മോഹിച്ച,എന്നാൽ സന്ദർശകനുമതിയില്ലാത്തതിനാൽ കാണാൻ സാധിക്കാതെ പോയ പ്രിയമുഖങ്ങളെ മുഴുവൻ ഞാൻ ആ ദിവസങ്ങളിൽ കണ്ടു. മനസ്സിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ രണ്ടു വലിയ കണ്ണീർത്തുള്ളിയുടെ സുതാര്യ ചില്ലു പ്രതലത്തിനിടയിലൂടെയാണ് ഞാനവരെ കണ്ടത്. പാട്ടാണ് ദൂരദർശനകൃശങ്ങളായ എന്റെ ജന്മബന്ധുക്കളെ അടുത്തു നിർത്തിക്കാണിക്കാൻ ആ കണ്ണീർത്തുള്ളികളെ സമ്മാനമായി തന്നത്. എന്റെ വേവലാതികൾ,എന്റെ നിരാസങ്ങൾ, എന്റെ സങ്കടങ്ങൾ, എന്റെ തണലുകളായി ഇടത്തും വലത്തുമുള്ളവർ അവരെ പലപ്പോഴും എനിക്ക് ഓർത്തെടുക്കുന്നതു പോലെത്തന്നെ ചിലപ്പോഴൊക്കെ മറക്കേണ്ടിയിരുന്നു. എനിക്കാ നാളുകളിൽ അതിനൊക്കെയുള്ള ഏക മാർഗ്ഗം പാട്ടായിരുന്നു. നല്പത്തിയെട്ടു മണിക്കൂർ ഉറങ്ങാതിരുന്ന ഇനീഷ്യൽ ഡേകളിലൊന്നിൽ ഞാൻ ഏറെക്കുറെ ആയിരാമത്തെ തവണയും കേട്ടത് ദേവരാജൻ മാഷുടെ യുഗ്മഗാനങ്ങളായിരുന്നു. ജയചന്ദ്രനും മാധുരിയും, യേശുദാസും മാധുരിയും, ദേവരാജനും വയലാറും ,ദേവരാജനും പി ഭാസ്കരനും ,നിരന്തരം നിരന്തരം എന്നെ,എന്റെ അലമുറയിടുന്ന മനസ്സിനെ ശമിപ്പിച്ചു. അങ്ങനെ ആ പാട്ടുകൾക്ക് ശമനൗഷധങ്ങളാവാൻ സാധിച്ചത് അവ ഉണ്ടായ കാലം മുതൽ എന്നെ അവയുടെ വിരൽത്തുമ്പിൽ അവ ചേർത്തു നടത്തിയതുകൊണ്ടാണ്.
പറഞ്ഞാൽ നിങ്ങളോർക്കും,’തൊട്ടേനേ ഞാൻ മനസ്സുകൊണ്ട്’ എന്ന പാട്ട്. പഴയ പാട്ടുകളിലെ പ്രണയ മനസ്സിനെ ബാല്യം മുതൽ തന്നെ തോളിൽ കയ്യിട്ട് കൊണ്ടു നടക്കുന്നതാണ് ഞാൻ. 'താലിചാർത്തും ഞാനവൾക്കീ നീലരാവിൽ' എന്ന് പാടിയത് രണ്ടാം ക്ലാസിൽ ഭാനുമതി ടീച്ചർടെ മുന്നിലാണ്. ഒരു സിനിമാ പാട്ടു പാടുന്നു എന്ന കേവല നിഷ്കളങ്കമായ പാടലൊന്നും ആയിരുന്നില്ല അത്. എതിർലിംഗത്തിന്റെ സ്ഥാനത്ത് ഒരു മുഖമൊന്നും രൂപപ്പെട്ടു വന്നിരുന്നില്ലെങ്കിലും 'താലിചാർത്തും' എന്നു തന്നെയായിരുന്നു ചുണ്ടിനോടൊപ്പം ഹൃദയവും പാടിയിരുന്നത്. ഇന്നും അത് മൂളി നോക്കുമ്പൊ ഞാനാ ചെക്കനെ വെറുതെയൊന്ന് ഒളികണ്ണിട്ട് നോക്കും,ഒരു രസത്തിന്.
എന്നാൽസാഹിത്യം ഒട്ടും വ്യക്തമാവാതെ സംഗീതത്തിന്റെ ഹൃദയദ്രവീകരണശക്തി കൊണ്ട് ആജീവനാന്തം കീഴടക്കിയ പാട്ടാണ് 'തൊട്ടേനേ ഞാൻ'. ദേവരാജൻ മാഷ് ഡ്യുവറ്റ് പാടിക്കുമ്പോൾ അനുവർത്തിക്കുന്ന ഒരു നയമുണ്ട്. അത് രണ്ടു പാട്ടുകാർക്കും നൽകുന്ന ഒരു വെല്ലുവിളിയാണ്. ആരാണ് കൂടുതൽ ഭാവത്തിലേക്കലിഞ്ഞു പാടുക എന്ന വെല്ലുവിളിയാണത്. ഈ വെല്ലുവിളി സമസ്ത അർത്ഥത്തിലും ഏറ്റെടുത്ത യുഗ്മമാണ് മാധുരിയും ജയചന്ദ്രനും. ജയചന്ദ്രന്റെ കൂടെ ബി വസന്ത ചേരുമ്പോഴും ഇതേ അത്ഭുതം സംഭവിക്കാറുണ്ട്. പക്ഷേ പാട്ടിന്റെ ഫ്ലേവറിൽ നേർത്ത വ്യത്യാസം വരും.അതോടൊപ്പം രണ്ടു പേരും ചേർന്ന് എത്തേണ്ട അതിർത്തി അവർ തന്നെ പല്ലവിയുടെ ആലാപനത്തോടൊപ്പം പാടി നിശ്ചയിച്ചിരിക്കും. അനുപല്ലവിയും ചരണവും ആ നിശ്ചയത്തിന്റെ വൃത്തിക്കനുസരിച്ച് പാടി വെക്കലാണ് അവർ പതിവ്. മാധുരി ജയചന്ദ്രൻ ദ്വയം അങ്ങനെയല്ല,അവർ പാടിത്തുടങ്ങുമ്പോൾ അവർക്ക് അതിരുകളില്ല. പരസ്പരം ബഹുമാനിച്ച് കൊണ്ടും കൊടുത്തും പരസ്പരം പാട്ട് മികച്ചതാക്കാനുള്ള സപ്പോട്ട് കൊടുത്തുമാണ് അവർ പാടിയെത്തിക്കുക. ജാനകിയമ്മയുടെ കൂടെ പാടുമ്പോൾ പേടിയാണെന്ന് എസ് പി ബി പറഞ്ഞു കേട്ടിട്ടുണ്ട്. ടെയ്ക്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഇംപ്രൊവൈസേഷനുകൾ അവരിൽ നിന്നു വരാറുണ്ടെന്നും കൂട്ടു ഗായകൻ അതുവഴി 'തെണ്ടിപ്പോകു'മെന്നും അദ്ദേഹത്തിന്റെ ഒരിന്റർവ്യൂവിൽ കേട്ടിട്ടുണ്ട്. പക്ഷേ മാധുരി ജയചന്ദ്ര യുഗ്മം നൽകുന്ന റിസൾട്ട്,ഒരു പക്ഷേ ദേവരാജൻ മാഷുപോലും 'എന്റെ ഏറ്റവും മികച്ച പാട്ട് ' എന്ന് തൊട്ടേനേ ഞാൻ ' എന്ന പാട്ടിനു നൽകിയതിലൂടെ അടിവരയിടുന്നുണ്ട്.
നളചരിതത്തിലെ "തൊട്ടേനേ ഞാൻ" എന്ന പദം മനസ്സിലോർത്ത് വയലാർ ഒരുക്കിയതാണ് ഈ പാട്ടിന്റെ സാഹിത്യം. ഒരു വിരുത്തത്തിലാണ് പാട്ട് ആരംഭിക്കുക,ഏതോ അഭൗമലോകത്തിൽ നിന്നെന്ന പോലെ,മണ്ണിലും വിണ്ണിലുമല്ല മനുഷ്യപ്രജ്ഞയ്ക്ക് സങ്കല്പാതീതമായ ഒരു പ്ലെയിനിൽ നിന്നാണ് ആ വിരുത്തം ജയചന്ദ്രൻ പാടിത്തുടങ്ങുന്നത്. ശബ്ദം ഹൃദയത്തിൽ നിന്നു തന്നെ വരണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്ന പോലെ അനുമന്ദ്രസ്ഥായിയിലെന്നു പറയാൻ നിവൃത്തിയില്ലാതെ എന്നാൽ മന്ദ്രസ്ഥായിയിലും താഴെ നിന്നു കൊണ്ട്
'നീലക്കണ്ണുകളോ/ദിനാന്ത മധുരസ്വപ്നങ്ങൾ തൻ / ചന്ദനച്ചോലയ്ക്കുള്ളിൽ വിടർന്നുപാതിയടയും/നൈവേദ്യ പുഷ്പങ്ങളോ/കാലം കൊത്തിയെടുത്ത ഹംസ ദമയന്തീശില്പം/ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും/ സന്ദേശകാവ്യങ്ങളോ/ സന്ദേശകാവ്യങ്ങളോ'
ഓരോ പദത്തിനും മാഷ് നൽകുന്ന അതീവ മൃദുലമായ ട്രീറ്റ്മെന്റിനെ അതിന്റെ ഭാവ സന്നിവേശം വഴി പാടി വെച്ച് അടിമപ്പെടുത്തിക്കളഞ്ഞതിന്റെ പാട്ടു ചരിത്രമാണ് കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിന്റെ എന്റെ കേൾവി ജീവിതം. ഈ പറഞ്ഞത് ഒട്ടും അതിശയോക്തിയില്ലാതെയാണ്. ഞാനീ വിരുത്തത്തിൽ നിന്ന്,അതിന്റെ ആലാപനത്തിൽ നിന്ന്, അത് അലിയിച്ചു തീർത്ത എന്റെ കേൾവി നേരങ്ങളിൽ നിന്ന് ഒരിക്കലും മുക്തനായിട്ടില്ല, ഇന്നീ നേരം വരെ. 'തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് ,കെട്ടിപ്പിടിച്ചേനേ ഞാൻ 'എന്ന അന്യൂന സങ്കല്പംനൽകുന്ന പ്രണയാനുഭൂതിയെ, 'മുന്നിൽ മൃഗാംഗ ബിംബം മുഖം പാതി മൂടിയ സ്വർണ്ണമേഘത്തുകിൽ ഞൊറിത്തുമ്പിൽ ' എന്നും 'ചെഞ്ചൊടി കൊണ്ടൊരു നക്ഷത്ര ചിഹ്നത്തിൻ ചിത്രം വരച്ചേനേ' എന്നുമൊക്കെയുള്ള പ്രണയരതി ബോധത്തിന്റെ മാസ്മരികതയിലേക്ക് ,സത്യം, ഞാൻ ഇന്നുവരെ ഉള്ളറിഞ്ഞു പ്രക്ഷേപിക്കപ്പെട്ടിട്ടില്ല. ഞാനാ വിരുത്തത്തിന്റെ വഴിയിൽ മനസ്സ് പണയപ്പെട്ട് യാത്ര മുടങ്ങിപ്പോയ നിസ്വനാവുന്നു,പൊറുക്കുക.
ഓരോ തവണ കേട്ടു തീരുമ്പോഴും രചയിതാവിനെയും കമ്പോസറേയും ഇത്രമേൽ ആഴത്തിൽ സ്വാംശീകരിച്ചു പാടിയ ആ രണ്ട് മഹാഗായകരെ എന്നുമെപ്പോഴും എന്റെ രണ്ടു കൈകളും മനസ്സിലുയർത്തി ഞാൻ നമിക്കാറുണ്ട്. അസുഖം തല്ലി വീഴ്ത്തിയപ്പോൾ പരിക്കുകളോടെയാണെങ്കിലും ഞാനെഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചത് 'നീലക്കണ്ണുകളോ ' എന്ന് ചോദിച്ചിട്ടാണ്. ഏറ്റവും അനായാസമായി സന്തുഷ്ടചിത്തനായി ദൂര ദൂരങ്ങൾ കാൽനടയായി സഞ്ചരിച്ച കാലങ്ങളിലും ഇന്നിപ്പോൾ ഏറ്റവും അനായാസമായി സന്തുഷ്ടചിത്തനായി എനിക്കേറ്റവും കംഫർട്ടബിളായ സ്പീഡിൽ എന്റെ കാർ ഞാൻ അനായാസേന വളവുകൾ തിരിഞ്ഞു പോകുമ്പോഴും 'ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും' എന്ന് അങ്ങേയറ്റം ഭാവസാന്ദ്രതയോടെ ഞാൻ മൂളിപ്പോവും. എഴുതാൻ മറന്ന കൗമാരത്തിലെ പ്രണയ ലേഖനങ്ങളെ അപ്പോൾ നിരന്തരമായി ഓർമ്മിച്ചു പോവും,എന്റെ മൃതസഞ്ജീവനിയാകുന്നു ഈ പാട്ട്.
കരിമുകിൽ കാട്ടിലെ,യദുകുലരതിദേവനെവിടെ, മലരമ്പനില്ലാത്ത വൃന്ദാവനം, തൊട്ടേനെ ഞാൻ, രാഗം ശ്രീ രാഗം, ഏകാന്തപഥികൻ ഞാൻ, ഉപാസന, ഹർഷബാഷ്പം തൂകി, സ്വർണ്ണഗോപുര നർത്തകീ ശിൽപ്പം,മധുചന്ദ്രികയുടെ ചായത്തതളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു,രാജീവ നയനേ നീയുറങ്ങു രാഗവിലോലേ നീയുറങ്ങു,അനുരാഗഗാനം പോലെ,സന്ധ്യയ്ക്കെന്തിനു സിന്ദൂരം,മല്ലികാബാണന്‍ തന്റെ വില്ലെടുത്തു,കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്; എത്രയോയെത്രയോ പാട്ടുകൾ മനസ്സിലേക്ക് ഇരമ്പിയെത്തുന്നു ഞാനിതിൽ ഏതു പാട്ടിനെ ഉപേക്ഷിക്കും.
മനുഷ്യർ അനിവാര്യവും ആത്യന്തികവുമായ മരണത്തിന് കീഴ്പ്പെട്ട് പിരിഞ്ഞു പോകുന്നു. പക്ഷേ പിരിഞ്ഞു പോകുമ്പോൾ അവർ ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന വേദന അവരിവിടെ അവശേഷിപ്പിച്ച മഹത്തായ സംഭാവനകൾക്ക് ഒപ്പം തന്നെ ആഴമുള്ളതാണ്. അവരുടെ ഓർമ്മകളായി അവർക്കൊപ്പം സഞ്ചരിക്കാൻ പാകത്തിൽ അവർ സൃഷ്ടിച്ച കലാവസ്തുക്കൾ പെട്ടെന്ന് വിജനമായിപ്പോയ ഒരിടത്ത് അനാഥമെന്ന പോലെ കിടക്കുന്നു. ഒരു നീണ്ട കരച്ചിലിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന കുഞ്ഞിനെപ്പോലെ, ആ കുഞ്ഞു കണ്ടെടുക്കുന്ന കളിപ്പാട്ടങ്ങളിൽ ഒന്നുപോലെ, അവരുടെ സംഭാവനകളിൽ തൊട്ടും തലോടിയും നമ്മളിരിക്കുന്നു. മലയാള ചലച്ചിത്രഗാനത്തിന്റെ ഒരു യുഗം അവസാനിച്ചു തുടങ്ങുമ്പോൾ പാടിത്തുടങ്ങിയ കാലം മുതൽ പാട്ട് അവസാനിപ്പിക്കുന്ന ഈ നാളുവരെ എത്ര തലമുറകൾക്ക് വേണ്ടി പാടി എന്നതും ആ തലമുറകൾ ഓരോന്നും ഇത് തങ്ങളുടെ ഗായകനാണ് എന്ന് കരുതി കാത്തുസൂക്ഷിച്ചു പോന്നു എന്നതും മലയാളത്തിൽ ജയചന്ദ്രന് മാത്രം അവകാശപ്പെട്ട ക്രെഡിറ്റ് ആണ്.
എല്ലാ അമ്പുകളും ശൂന്യതയിലേക്ക് പറന്നു പോകുന്നു. അങ്ങനെ പറന്നുപോയ മറ്റൊരമ്പിനെ നോക്കിക്കൊണ്ട്,താന്തവും അശാന്തവുമായ മനോനേരങ്ങളിൽ ജന്മൗഷധം പോലെ വന്ന് കുളിർപ്പിച്ചിരുന്ന ആ നാദം നിലച്ചുപോയിയെന്ന്,മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഇന്നലെ രാത്രി. ഓരോരുത്തരായി മറഞ്ഞു പോകുന്ന മഹാമനുഷ്യരേ,നിങ്ങളിൽ ഇനി ആരെക്കുറിച്ചോർത്താണ് വരാനിരിക്കുന്ന രാത്രികളിൽ ഏകാന്തതയുടെയും സങ്കടത്തിന്റെയും ഒറ്റത്തോണി തുഴഞ്ഞു പോകേണ്ടതെന്ന നിസ്സഹായത ഇതാ ബാക്കിയാവുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.