സാറാ ആന്റിയും വിട പറഞ്ഞിരിക്കുന്നു.

അവരെക്കുറിച്ച് എഴുതാത്ത പത്രങ്ങളും അവരുടെ തിളക്കമാർന്ന ജീവിതം ചർച്ച ചെയ്യാത്ത ചാനലുകളോ ഇല്ലായെന്ന് തന്നെ പറയാം. ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശിയരാൽ ഫൊട്ടോഗ്രാഫ് ചെയ്യപ്പെട്ട വ്യക്തി സാറാ കോഹനാകാൻ തന്നെയാണ് സാധ്യത.

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെ സിനഗോഗിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഒരു നാൾ മടങ്ങവെയാണ് ആ നക്ഷത്ര അടയാളങ്ങളുള്ള ജനാലയിലൂടെ നിലാവിന്റെ പ്രഭയുള്ള ഒരു മുഖം പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നത്.
നിമിഷനേരം കൊണ്ട് ആ മുഖത്ത് വിഹ്വലതയുടെ ഒരു മിന്നായം പടരുന്നതും വീണ്ടും അത് ശാന്തമാകുന്നതും കണ്ടതോടെ ഞാൻ അകത്തേയ്ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

വീടിനോട് ചേർന്നിരുന്ന കടയെക്കുറിച്ച് അറിയാമായിരുന്നത് കൊണ്ടും കൂടിയാകാം അകത്ത് പോകണമെന്ന അതിയായ ആഗ്രഹം ഉണ്ടായതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ലോകപ്രശസ്തമായ ‘സാറാസ് എംബ്രോയ്‌ഡറി ഷോപ്’ ആയിരുന്നു അത്. മട്ടാഞ്ചേരിയിലെ സിനഗോഗ് കാണാനെത്തുന്ന ആയിരക്കണക്കിനുള്ള വിദേശീയരായവർ ഈ ചെറിയ ഒറ്റമുറിയുള്ള കടയിലും കയറി, അവിടെനിന്നും ഒരു കിപ്പയോ (ജൂതരുപയോഗിക്കുന്ന ഒരു പ്രത്യേകതരം തൊപ്പി) തുന്നൽ വേലകൾ ചെയ്തിട്ടുള്ള ഒരു തൂവാലയോ വാങ്ങുകയെന്നത് ഒരു ശീലമാക്കിയിരുന്നു. സാറാ ആന്റിയുടെ എംബ്രോയ്‌ഡറി ലോകമെങ്ങുമുള്ള ജൂതരുടെയിടയിലും അതല്ലാത്തവരുടെയിടയിലും അത്രകണ്ട് പ്രശസ്തിയാർജ്ജിച്ചിരുന്നു.

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

അന്ന്, വീടിനുള്ളിൽ ആന്റിയോടൊപ്പം മറ്റൊരു പ്രായം ചെന്ന സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെ കണ്ടതും നിഷ്ക്കളങ്കമായ ഒരു ചിരിയോടെ അവർ ചോദിച്ചു, “ആന്റിയെ കാണാൻ വന്നതായിരിക്കും , അല്ലെ?”

“അതെ…പിന്നെ, എനിക്ക് കുറച്ച് ഫോട്ടോസുമെടുത്താൽ കൊള്ളാമെന്നുണ്ട്.”

അവർ ഒന്ന് സംശയിച്ചതായി തോന്നി.

“അയ്യോ… അത് സാറൊന്ന് താഹയോട് ചോദിക്കണല്ലോ. താഹ ഒരാവശ്യത്തിനായി എറണാകുളത്ത് പോയിരിക്കയാണ്. ഞാൻ നമ്പർ തരാം. സാറൊന്ന് വിളിച്ച് നോക്ക്. ”

അവർ തന്ന നമ്പറിൽ വിളിച്ച് താഹയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ബോട്ടിലാണെന്നും അരമണിക്കൂറിനുള്ളിൽ അവിടെയെത്തുമെന്നും അറിയിച്ചു.

“സാറൊരുപക്ഷെ പോയിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. എവിടുന്നാ?” പാലക്കാട് നിന്നുമാണെന്നും റയിൽവേ തൊഴിലാളിയും ഫൊട്ടോഗ്രാഫറും ആണെന്നും ആന്റിയുടെ കുറച്ച് ഫോട്ടോസ് എടുക്കണമെന്നുണ്ടെന്നും ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ അകത്തേയ്ക്ക് ആനയിച്ചു.

“ആന്റി … ദേ… ആന്റിയെ കാണാൻ വന്നേക്കണേയാണ് ഈ സാറ്. പാലക്കാട് റയിൽവേയിലാണ് ജോലി.”

ആന്റി എന്നെ നോക്കി വളരെ മധുരതരമായി ചിരിച്ചു. അവരുടെ മുഖത്തെ നിലാവലയുടെ പ്രകാശത്തിന് മാറ്റ് കൂടി.

” ഓ… യൂ ഹാവ് കം ആൾ ദ വേ ഫ്രം പാലക്കാട്? ഗ്രേറ്റ് …!! യൂ ആർ ഇൻ ദ റയിൽവേസ്?”

“യെസ്, ആന്റി … ഐ ആം എ ഫൊട്ടോഗ്രാഫർ ടൂ ആൻഡ് വുഡ് ലൈക് ടു ടേക്ക് ഏ കപ്പിൾ ഓഫ് യുവർ പിക്ച്ചർസ്…”

താഹ ഇടയ്ക്ക് കയറി പറഞ്ഞു .

“സാറെടുത്തോ … ആന്റി ഏതുസമയവും ഉറക്കം തുടങ്ങും.”

sara cohen, iemalayalamതാഹ പറഞ്ഞത് നേരായിരുന്നു. ഫോട്ടോസെടുത്ത് കൊണ്ടിരുന്നതിനിടയിലെപ്പോഴോ ആന്റി ഉറക്കത്തിലേയ്ക്ക് വഴുതിയിരുന്നു.

താഹയും സെലിനേടത്തിയും കൂടി ആന്റിയെ ഉണർത്തി. രണ്ട് കൈകളും വളരെ ലോലമായി പിടിച്ച്‌ ആന്റിയെ അവർ കട്ടിലിലേയ്ക്ക് കിടത്തി.

താഹയുമായി സംസാരിച്ച് തീർന്നപ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു.

“എൻ്റെ സാറേ…ഈ സാറാ ആന്റി പണ്ട് ഞാനുമായി എത്ര വഴക്ക് കൂടിയിട്ടുണ്ടെന്ന് അറിയാവോ ? അയ്യോ… സാറത് പറഞ്ഞാ വിശ്വസിക്കില്ല…”

താഹയുമായി ഒരു കാലത്ത് നിരന്തരമായി വഴക്കിട്ടിരുന്ന സാറയുടെ നിദ്ര അപ്പോഴും തുടർന്നു.

“വാപ്പയുടെ പേര് ഇബ്രാഹിം എന്നായിരുന്നു. ആളൊരു തയ്യൽക്കാരനായിരുന്നു. തയ്യൽ പഠിച്ചത് ഒരു ആംഗ്ലോ ഇന്ത്യനിൽ നിന്നുമായിരുന്നതിനാൽ കൊച്ചിയിലെ പണക്കാരിൽ പലരും തങ്ങളുടെ വസ്ത്രങ്ങൾ തയ്ക്കുവാനായി വാപ്പയെ സമീപിച്ചിരുന്നു. വാപ്പയുടെ അനിയനായിരുന്ന ഉമ്മറിന് മട്ടാഞ്ചേരിയിൽ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരമുണ്ടായിരുന്നു. മൂപ്പരാണ് എന്നെ മട്ടാഞ്ചേരിയിലേയ്ക്ക് ആദ്യമായി കൂട്ടിവരുന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സേയുള്ളു.”

ജൂതത്തെരുവിൻ്റെ അത്ഭുതങ്ങളിലേയ്ക്ക് എത്തിപ്പെട്ട ആ പന്ത്രണ്ടുകാരൻ്റെ കൗതുകം താഹയ്ക്ക് വിട്ടുപോയിട്ടില്ലെന്നു തോന്നിപ്പിക്കും വിധമാണ് ഓരോ തവണയും വ്യത്യസ്തരായ പലരോടും അയാൾ ഈ കഥകളൊക്കെ പറയുകയെന്നത് എൻ്റെ ഒരു പിൽക്കാല അനുഭവവും കൂടിയായി മാറി.

“സിനഗോഗിലേയ്ക്ക് പോകുന്ന ഈ തെരുവിലൊരു പ്ലാസ്റ്റിക്കിന്റെ ഷീറ്റും വിരിച്ച് അതിൽ ഞാൻ പോസ്റ്റ് കാർഡുകളും സ്‌പൈസസും വിൽക്കാൻ തുടങ്ങി. സാമാന്യം ഭേദപ്പെട്ട കച്ചവടമൊക്കെ ഉണ്ടായിരുന്നു. നാളുകൾക്കുള്ളിൽ തെരുവിൽ പാർത്തിരുന്ന ജൂതർ എന്നോട് അവിടെയിരുന്ന് കച്ചവടം ചെയ്യാനാകില്ലെന്നും ഉടൻ സ്ഥലം വിട്ടുകൊള്ളണമെന്നും പറഞ്ഞു. അവരിലൊരാളായ ഇസാക്ക് അസ്ക്കിനാസി എന്നോട് പലപ്പോഴും കുശലം ചോദിക്കുകയും സൗഹൃദപരമായി സംസാരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. അയാൾ എന്നോട് തൻ്റെ വീടിൻ്റെ മുൻപിലുള്ള സ്ഥലത്ത് കച്ചവടം ചെയ്യാനുള്ള അനുമതി നൽകി. പക്ഷെ മഴക്കാലത്ത് അവിടെ ഒരു സംരക്ഷണവും ഉണ്ടായിരുന്നില്ല. മാത്രമല്ല ഒരു ടെൻറ്റോ മറ്റോ കെട്ടാനുള്ള സ്ഥലവും അവിടെയുണ്ടായിരുന്നില്ല.”

sara kohan, memories, hariharan subrahmaniyan

താഹ ഇബ്രാഹിമും ഭാര്യ ജാസ്മിനും സാറാ കൊഹനോടൊപ്പം | ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

“ഈ വിവരം കുറച്ച് കഴിഞ്ഞപ്പോഴായിരുന്നു ഡാഡി അറിയുന്നത്. അദ്ദേഹം എന്നെ വിളിച്ച് ഏറെ കാര്യങ്ങൾ സംസാരിച്ചു. തൻ്റെ വീട്ടുമുറ്റത്ത് ഒരു പന്തലിട്ട് അവിടെ വ്യാപാരം ചെയ്തുകൊള്ളാനുള്ള അനുമതിയും അദ്ദേഹം തന്നു.”

താഹയുമായി കാര്യങ്ങൾ സംസാരിച്ചിട്ടുള്ള പല വേളകളിലും അദ്ദേഹം സാറാ കോഹെൻ എന്ന സ്ത്രീയെ മമ്മിയെന്നും എനിക്ക് കാണാനായിട്ടില്ലാത്ത അവരുടെ മരിച്ചുപോയ ഭർത്താവായ ജേക്കബ് കോഹെന്നിനെ ഡാഡിയെന്നും വിളിക്കുന്നത് പിന്നീടും ഞാൻ കേട്ടിട്ടുണ്ട്.

“ആറ് മാസക്കാലം മഴയുള്ള നമ്മുടെ നാട്ടിലൊക്കെ അല്ലാതെ എങ്ങനെ കച്ചവടം ചെയ്യാനാണ് സാറെ? ഒരു ദിവസം പത്തഞ്ഞൂറ് വിദേശീയരുമായി ഒരു യാത്രാക്കപ്പൽ കൊച്ചിയിലെത്തി. കച്ചവടം കഴിഞ്ഞാൽ ഞാൻ സാധനങ്ങളൊക്കെ മാമന്റെ പരിചയത്തിലുള്ള ഒരാളുടെ ഗോഡൗണിലെ ഒരു മൂലയിലാണ് വയ്ക്കുക പതിവ്. അവിടത്തെ വാച്ച്മാനിന്‌ എന്റെ കച്ചവടം മെച്ചപ്പെട്ട് വരുന്നത് സഹിക്കാനാകുമായിരുന്നില്ല. അസൂയമൂത്ത് അയാൾ ആ ഞായറാച്ച ഒരു വല്ലാത്ത പണി തന്നു. ആ ഗോഡൗണും പൂട്ടി അയാൾ സ്ഥലം വിട്ടു.”

“സാധനമെടുക്കാനാകാതെ വിഷമിച്ച് അതിനു പുറത്ത് നിന്നിരുന്ന എന്നെ അവിചാരിതമായി ആ വഴി അപ്പോൾ വന്ന ഡാഡി കാണുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു. വെറുതെ അവിടെ നിന്ന് സമയം കളയാതെ വീട്ടിൽ പോകാനും പിറ്റേന്ന് കച്ചവടമൊക്കെ കഴിഞ്ഞയുടനെ തന്നെയൊന്ന് കാണാനും ഡാഡി എന്നോട് പറഞ്ഞു. പിറ്റേന്ന് വൈകുന്നേരം എൻ്റെ സാധനങ്ങളൊക്കെ കെട്ടിപ്പൊതിഞ്ഞു ഞാൻ ഈ വീടിനുമുൻപിൽ ഡാഡിയെയും കാത്ത് അങ്ങനെ നിക്കയാണ്. ഡാഡിയെന്നോട് ഈ സാധനങ്ങളൊക്കെ വീടിൻ്റെ പുറകുവശത്ത് കൊണ്ടുപോയിവയ്ക്കുവാനും എപ്പോൾ വേണമെങ്കിലും എടുത്തുകൊള്ളുവാനും പറഞ്ഞു. ഞാൻ കെട്ടുമായി അകത്ത് കയറി…”

താഹ ഒന്ന് സംസാരം നിർത്തി. അപ്പുറത്ത് കിടന്നുറങ്ങുന്ന ആന്റിയെ ഒന്ന് നോക്കിയ ശേഷം അയാൾ തുടർന്നു .

“സാറെ .. ഞാനൊരു മുസൽമാനാണ് … ഞങ്ങളുടെ ആഹാരരീതികളും ഇവരുടെയും തീരെ ഒത്തുവരുന്നതല്ല… പിന്നെ സാറാ ആന്റിയാണെങ്കിൽ വല്ലാത്ത ഒരു ദേഷ്യക്കാരിയും ആയിരുന്നു. വീട്ടിനുള്ളിൽ കടന്ന് ഒരു അഞ്ചടി വച്ചതും പുറകിലെ വാതിലിലൂടെ ആന്റി അകത്തേയ്ക്ക് വന്നു. ഞാൻ അങ്ങനെ തന്നെ നിന്നുപോയി. സ്തബ്ധയായി എന്നെ ഒരു നിമിഷം നോക്കിയിട്ട് വളരെ പരുഷമായി ഒരു മുസ്ലിമായ നിനക്ക് എങ്ങനെ എൻ്റെ വീട്ടിനുള്ളിൽ കടക്കാനുള്ള ധൈര്യമുണ്ടായി എന്ന് ചോദിച്ചു. ബഹളം കേട്ട ഡാഡി അവിടേയ്ക്ക് വരികയും താനാണ് അനുമതി നൽകിയതെന്നും പറഞ്ഞു. ആന്റിയ്ക്ക് കലശലായ ദേഷ്യം വന്നു. ഒരു “ഗോയി” (ഹീബ്രൂ ഭാഷയിൽ അന്യജാതിക്കാരൻ)യിനെ എങ്ങനെ ഈ വീട്ടിൽ കടത്താനാകുമെന്ന് അവർ ഡാഡിയോട് ചോദിച്ചു. ഞാൻ കാരണം അവരുടെയിടയിൽ ഒരു വഴക്കുണ്ടാകേണ്ട എന്ന് കരുതി ഞാൻ പോകാനൊരുങ്ങി. ഡാഡി അപ്പോൾ ദേഷ്യപ്പെട്ട് എൻ്റെ നേർക്ക് തിരിഞ്ഞു. ഇപ്പോഴിറങ്ങിയാൽ പിന്നീട് കച്ചവടം ചെയ്യാൻ ഈ തെരുവിലേയ്ക്ക് വരണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഞാനാകെ വിഷമത്തിലായി. എന്തുകൊണ്ടോ മമ്മി വഴക്ക് നിർത്തി അവിടുന്ന് പോയി. ഡാഡി പറഞ്ഞതനുസരിച്ച് ഞാൻ എൻ്റെ കെട്ട് വീടിൻ്റെ പിറകിൽ വച്ചു . സാറിനൊരു കാര്യമറിയുവോ ? അതിന് ശേഷം ഏകദേശം ഒരു വർഷം മമ്മിയെന്നോട് സംസാരിച്ചിട്ടില്ല.”

ഇത്തവണ ഞങ്ങൾ ഇരുവരും ഒരുമിച്ചാണ് ആന്റിയെ നോക്കിയത്. താഹ സംസാരം തുടർന്നു.

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

“ഈ സിനഗോഗിലെ ഒരു ചടങ്ങിന് അവിടത്തെ ‘പുൾപ്പിട്ട്’ മൂടാനായി ഒരു നേർത്ത തിരശ്ശീല തയ്‌ക്കേണ്ടതായി വന്നു. അതിനായി കൊണ്ടുവരപ്പെട്ട തയ്യൽക്കാരനെക്കൊണ്ട് അതിനായില്ല. ഇവരെല്ലാവരും ആകെ വിഷമത്തിലായി. ഒരു ദിവസം ഞാൻ കച്ചവടമൊക്കെ കഴിഞ്ഞ് കെട്ട് വയ്ക്കാനായി അകത്ത് പോകുമ്പോൾ മമ്മി എന്നോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഞാനങ്ങട് ആകെ ബേജാറായി.  മമ്മി എന്നോട് ഒരു പരിഭവവുമില്ലാതെ തിരശ്ശീലയുടെ കാര്യവും അത് തുന്നാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും പറഞ്ഞു. നല്ലൊരു തയ്യൽക്കാരനായ എൻ്റെ വാപ്പയ്ക്ക് അത് തുന്നാനാകുമെന്നും അത് അങ്ങേരോട് സംസാരിച്ച് ഞാൻ വേണം ശരിയാക്കാനെന്ന് ആന്റി പറഞ്ഞപ്പോൾ എനിക്ക് തോന്നിയ സന്തോഷം പറയാൻ പറ്റില്ല സാറെ.”

“ഈ മമ്മി എന്നോട് എൻ്റെ വാപ്പയും വലിയ ഇക്കയും നല്ല തയ്യൽക്കാരല്ലേ … അവരോട് ഇതൊന്ന് തുന്നിത്തരാൻ പറയുമോ എന്ന് ചോദിച്ച് കാര്യം ഞാൻ വീട്ടിപ്പോയി പറഞ്ഞപ്പോ നജീബിക്കയ്ക്ക് (വലിയ ഇക്ക) സംഗതി സുഖമായില്ല. വാപ്പയ്ക്കും സിനഗോഗിലേയ്ക്ക് വന്ന് അളവെടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ തന്നെ സിനഗോഗിൽ പോയി അളവൊക്കെയെടുത്തു. അപ്പോഴാണ് ആന്റി മറ്റൊരു ബോംബിട്ടത്…”

താഹാ ഒരു നിമിഷം സംസാരം നിർത്തി.

“ആന്റി എന്നോട് അത് തയ്‌ക്കാൻ കഴിയുമോ എന്ന് ചോദിച്ചു. ദാ.. ഈയിരിക്കുന്ന തയ്യൽ മെഷീനിലാണ് ഞാൻ അത് തയ്ച്ചത്.”

മുറിയിലെ രണ്ട് ജനാലകൾക്കുമിടയിലെ ഒരു വളരെ പഴയ തയ്യൽ മെഷീൻ താഹ ചൂണ്ടിക്കാട്ടി.

” ഈ തയ്യൽ മെഷീനിന് ഒരു കഥ പറയാനുണ്ട് സാറെ… ഈ സാറാ ആന്റിയുടെയും ഡാഡിയുടെയും ആദ്യ വിവാഹ വാർഷികത്തിന് ആന്റിയ്ക്ക് ഡാഡി സമ്മാനമായി കൊടുത്തതാണ് ഈ മെഷീൻ. സമ്മാനമായി എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ആന്റി “സിംഗർ ” കമ്പനിയുടെ ഈ മോഡൽ കിട്ടിയാൽ കൊള്ളാമെന്ന് പറഞ്ഞു. അന്നിത് ഇവിടെയൊന്നും കിട്ടുകയില്ല. അമേരിക്കയിൽ നിന്നും കപ്പൽ കയറി വന്നതാണിവൻ. ആന്റിയുടെ പല തുന്നൽ വേലകളും ചെയ്തിരുന്നതും ഈ മെഷീനിലാണ്.”sara kohan, memories, hariharan subrahmaniyan

ആ തയ്യൽ മെഷീനിനെക്കുറിച്ച് മറ്റൊരു ഓർമ്മയും ഇവിടെ പങ്ക് വയ്ക്കുന്നത് പ്രസക്തമായിരിക്കും . മറ്റൊരു അവസരത്തിൽ ആന്റിയുടെ വീട്ടിലെത്തിയ സമയത്ത് താഹ ആ മെഷീനിലിരുന്ന് തുന്നുകയായിരുന്നു. മുറിയ്ക്കുളിലെ അരണ്ട വെളിച്ചത്തിലപ്പോഴെടുത്ത അദേഹത്തിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഫൊട്ടോഗ്രാഫ് ഞാൻ പിന്നീട് ഇന്ത്യൻ എക്സ്‌പ്രസിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്ററ് ശ്രീ . ഇ.പി. ഉണ്ണിയ്ക്ക് വാട്‍സ് ആപ്പിൽ അയച്ചുകൊടുക്കുകയുണ്ടായി. അതിന് ഉണ്ണി വളരെ രസകരവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു അഭിപ്രായം തിരിച്ചയച്ചു.

‘ബിൽ ബ്രൈസൺ എന്ന എഴുത്തുകാരന്റെ ‘At Home: A Short History of Private Life’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്താവുന്ന ഫൊട്ടോ ആണിത്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സാധാരണ മനുഷ്യർ തങ്ങളുടെ കൊച്ച് ഭവനങ്ങളിലും തൊഴിലിടങ്ങളിലുമിരുന്ന് ലോകത്ത് വരുത്തിയ അസാധാരണ മാറ്റങ്ങളെക്കുറിച്ച് നമ്മളോട് ബിൽ ബ്രൈസൺ ആ പുസ്തകത്തിൽ പറയുന്നു.

ജൂതത്തെരുവിലെ ആ ചെറിയ വീടിൻ്റെ അകത്തളത്തിലെ ഒരു പഴയ സിംഗർ ഹെംസ്റ്റിച്ചർ  തയ്യൽ മെഷീനിൽ ജൂതരുടെ സിനഗോഗിലെ പുൾപ്പിറ്റിലണിയാനായി ഒരു മുസ്ലിം യുവാവിരുന്ന് തിരശ്ശീല തയ്ച്ചപ്പോഴുണ്ടായതും ഈ പറഞ്ഞ രീതിയിലുള്ള ഒരു അസാധാരണ മാറ്റമായിരുന്നു.
സ്പർദ്ധയുടെ നിഴൽ പരന്ന ഏതൊരു ഇരുണ്ട കാലത്തും മട്ടാഞ്ചേരിയിലെ ഈ കൊച്ചുവീട്ടിൽ പ്രകാശിതമായിരുന്ന സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും വെളിച്ചം നമുക്ക് ഉയർത്തിക്കാട്ടാമായിരുന്നു.

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

“അങ്ങനെ ഞാൻ തന്നെ അത് തുന്നാൻ തുടങ്ങി. പണിയിലുള്ള എൻ്റെ ഉത്സാഹം കണ്ടിട്ട് ആന്റിയ്ക്ക് സന്തോഷമായി. അവസാനം അത് സിനഗോഗിലെ പുൾപ്പിറ്റിലണിഞ്ഞപ്പോൾ എല്ലാവരും പ്രശംസിച്ചു. ആന്റിയ്ക്ക് സന്തോഷം താങ്ങാനായില്ല. എന്നോടുള്ള പെരുമാറ്റത്തിനൊക്കെ നല്ല അയവ് വന്നു. അപ്പോഴാണ് എൻ്റെ ഒരു വലിയഇക്കയായ അസീസിന്റെ നിക്കാഹ് ഉറപ്പിക്കുന്നത്. നിക്കാഹിന് ഡാഡിയെയും മമ്മിയെയും ഞാൻ വിളിക്കുകയുണ്ടായില്ല. അതിൻ്റെ കാരണമെന്താണെന്ന് വച്ചാൽ ഞങ്ങൾ ഹലാൽ രീതിയിലാണല്ലോ ഇറച്ചി പാകം ചെയ്യുന്നത്. ഇവരാണെങ്കിൽ കോഷർ മീറ്റേ കഴിക്കൂ. നിക്കാഹിന് വിളിച്ചിട്ട് ആന്റിയ്ക്ക് പിന്നെയും ദേഷ്യം വന്നാലോ എന്ന് കരുതി വിളിക്കാതിരുന്നതാണ്. ഞാനാണെങ്കി ഒരു അഞ്ചാറ് ദിവസം കച്ചവടത്തിന് വന്നുമില്ല. ആരോടോ ഡാഡി കാര്യങ്ങൾ തിരക്കിയറിഞ്ഞു. കച്ചവടത്തിന് വീണ്ടുമിവിടെയെത്തിയപ്പോൾ ഞങ്ങളെയെന്തേ നിന്റെ ഇക്കാന്റെ നിക്കാഹിന് വിളിക്കാത്തെഎന്നും ചോദിച്ച് രണ്ടുപേരും എൻ്റെ കഴുത്തിന് പിടിച്ചു . ആന്റിയപ്പോൾ വളരെ വാത്സല്യത്തോടെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിക്കാഹിന് വന്ന് പച്ചക്കറിയെന്തെങ്കിലും കഴിക്കുമായിരുന്നു എന്ന് പറഞ്ഞു. ആന്റിയുടെ മനസ്സിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതും എന്നോട് വാത്സല്യം നിറയുന്നതും എനിക്ക് ബോധ്യപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് ശേഷം എൻ്റെ പെങ്ങളായ ഷംസുമ്മയുടെയും മറ്റൊരു വലിയ ഇക്കയായ നജീബിന്റേയും നിക്കാഹുകൾ നടത്താൻ വീട്ടുകാർ തീരുമാനിച്ചു. ഡാഡിയും മമ്മിയും വളരെ ഉത്സാഹത്തോടെ പങ്കെടുത്ത നിക്കാഹുകളായിരുന്നു അവ. തലേ ദിവസം ഇരുവരും എൻ്റെ വീട്ടിൽ വരികയും എല്ലാവരുമായി ഏറെ സ്നേഹത്തോടെ ഇടപഴകുകയും ചെയ്തു. എൻ്റെ സാറെ … പക്ഷെ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ കാര്യം എന്താണെന്ന് വച്ചാൽ ഇവർ തങ്ങളുടെ സുഹൃത്തുക്കളും അയൽവാസികളുമായ ഏറെ ജൂതരെ നിക്കാഹിന് പങ്കെടുക്കാൻ സമ്മതിപ്പിച്ചു എന്നതാണ്. ഇവർക്ക് ഒരു കുറവും വരരുതെന്ന് നിർബന്ധമുണ്ടായിരുന്ന വാപ്പ നല്ലവണ്ണം സസ്യാഹാരം പാകം ചെയ്യുന്ന ഒരാളെയും കൂടി ഇവർക്ക് പ്രത്യേകമായ ഒരു സദ്യ ഒരുക്കുവാനായി ഏർപ്പാട് ചെയ്തു. കൊച്ചിയിൽ അതുവരെ അങ്ങനെ ഒരു നിക്കാഹ് നടന്നിട്ടില്ല. ഞാൻ ജൂതത്തെരുവിൽ കച്ചവടം ചെയ്യുന്നതും അവരുടെ വീട്ടിൽ കയറി ഇടപഴകുന്നതും തീരെ പിടിക്കാത്ത അവരുടെ ചില ബന്ധുക്കൾ നിങ്ങൾക്കെങ്ങനെ ഒരു “ഗോയ്” (അന്യമതവിശ്വാസക്കാരൻ) നെ വീട്ടിൽക്കയറ്റാൻ കഴിയുന്നു എന്ന് ചോദിച്ച് നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. ആന്റിയിൽ ഇത് ആദ്യമൊക്കെ വല്ലാത്ത കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാൽ എൻ്റെ വീട്ടുകാരുമായുള്ള ഇടപഴകൽ ഏത് മതത്തിൽപ്പെടുന്നവരായാലൂം അവരുടെ മതം അനുശാസിക്കുന്ന രീതികൾ പിന്തുടരുമ്പോഴും മറ്റൊരു വിഭാഗത്തിൽപ്പെടുന്നവരുമായി സാഹോദര്യം സ്ഥാപിക്കാനാകുമെന്ന് ആന്റിയെ ബോധ്യപ്പെടുത്തി. ഞാനിതുവരെ ഈ വീട്ടിൽ നിന്നും കോഷർ ഇറച്ചിയോ അവരിരുവരും ഞങ്ങടെ അവിടെനിന്നും ഹലാൽ ഇറച്ചിയോ കഴിച്ചിട്ടില്ല. എത്രയോ തവണ ഞാൻ ഇവിടെ നിന്ന് ഓംലെറ്റും മുട്ടക്കറിയും ചേർത്ത് കഴിച്ചിട്ടുണ്ട്. എൻ്റെ വീട്ടിൽ നിന്നും അവർ പച്ചക്കറിയും.”

ആന്റി ഉറക്കം വിട്ട് എഴുന്നേൽക്കുകയായിരുന്നു. താഹയും സെലീനേടത്തിയും അവരെ പിടിച്ച് നടത്തി ജനാലയ്ക്കരികെയുള്ള കസേരയിലിരുത്തി. സാറാ ആന്റി എന്നെ സൂക്ഷിച്ച് നോക്കിയിട്ട് താഹയോടായി ചോദിച്ചു.
“ഇതാരാ?”

“അത് ശരി. അപ്പോ ഉറങ്ങണേന് മുമ്പ് ആളെക്കണ്ടതൊക്കെ മറന്നു അല്ലെ? പാലക്കാട് നിന്നാണെന്നും റയിൽവേയിലാണെന്നുമൊക്കെ പറഞ്ഞതോ”?

ആന്റി ഒന്നും മനസ്സിലാകാതെ എന്നെ പകച്ച് നോക്കി.

“മൊത്തം മറവിയാണ് ആന്റിക്ക്. അഞ്ച് നിമിഷം മുമ്പ് കണ്ട ആളെ തിരിച്ചറിയൂല. ഈ ആന്റിയും ഡാഡിയും ലവ് മാര്യേജ്‌ജാണ് സാറെ. ആന്റി അപ്പോഴും വലിയ വിപ്ലവമുണ്ടാക്കി. വീട്ടുകാരുടെ എതിർപ്പൊന്നും വകവെയ്ക്കാതെയാണ് ഡാഡിയെ കെട്ടിയതും.”

ആന്റി ഞങ്ങളിരുവരെയും മാറി മാറി നോക്കുന്നത് കണ്ട് താഹ അവരോട് പറഞ്ഞു.

“ഞാനേ .. ഈ സാറിന് ആന്റിയുടെയും ഡിക്കിയുടെയും കല്യാണത്തിന്റെ കാര്യം പറഞ്ഞുകൊടുക്കട്ടെ?”

“ഓ…അതിനെന്താ… നടന്ന കാര്യവല്ലേ? അത് നമ്മ ഒളിച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ. താഹ അത് പറഞ്ഞോ.”

“ആന്റി അങ്കിളിനെ ഡിക്കിയെന്നാണ് വിളിച്ചിരുന്നത്. ആന്റിയൊക്കെ വളരെ മതാചാരങ്ങളൊക്കെ പാലിച്ചിരുന്ന ഒരു കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. അങ്ങനെയുള്ള ആന്റിയോടാണ് ഡാഡി പ്രേമത്തിന്റെ കാര്യമൊക്കെ പറയുന്നത്. ഈ ആന്റിയ്ക്കുള്ള ഒരു കാര്യം പറയട്ടെ സാറെ … ഒരു കാര്യം ബോധ്യപ്പെട്ടാപ്പിന്നെ പടച്ചോൻ എതിര് പറഞ്ഞാലും പിന്മാറൂല. എന്തുകൊണ്ടോ ആന്റിയ്ക്ക് ഡാഡിയെ അങ്ങ് ഇഷ്ടപ്പെട്ടുപോയി. ഒരിക്കൽ വെളിയിൽവച്ച് ഇരുവരും കണ്ടുമുട്ടിയത് കണ്ട ഒരു പരിചയക്കാരൻ ആന്റിയുടെ വീട്ടിൽ ഈ കാര്യം പറയുകയും വലിയ ബഹളമാവുകയും ചെയ്തു.
ആന്റിയെ വീട്ടിൽ നിന്നും ബോംബെയിലേക്ക് മാറ്റിനിർത്തുക വരെയുണ്ടായി. പക്ഷെ ഭയമോ സംശയമോ ഉണ്ടായിരുന്നില്ല.  ബോംബെയിലുള്ള ആന്റിയുടെ വീട്ടിലെത്തുകയും ആന്റിയെ തനിക്ക് വിവാഹം ചെയ്ത് തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഡിക്കിയെയേ (ജേക്കബ് കോഹൻ) താനും വിവാഹം ചെയ്യൂ എന്ന് ആന്റി ഉറപ്പിച്ച് പറഞ്ഞതോടെ ആന്റിയുടെ അച്ഛന് വേറെയൊരു വഴിയുണ്ടായിരുന്നില്ല. വിവാഹത്തിന് സമ്മതം മൂളിയെങ്കിലും ജേക്കബുമായി ആന്റിയുടെ അച്ഛൻ രമ്യതയിലാവാൻ വിസമ്മതിച്ചു. അച്ഛന്റെ സ്വത്തുവകകൾ യാതൊന്നും തന്നെ വേണ്ടെന്ന് വച്ചിട്ടാണ് ആന്റി ഡാഡിയോടൊപ്പം ഈ വീട്ടിലേയ്ക്ക് വരുന്നത്. “sara kohan, memories, hariharan subrahmaniyan

സന്ധ്യയോടടുത്തിരുന്നു സമയം.

“ബാക്കി പിന്നീട് വരുമ്പോൾ പറയാം സാറെ. എനിക്ക് ഒരാളെ അത്യാവശ്യമായി കാണേണ്ടതുണ്ട്. സാറിനിനി എപ്പോ വരാൻ കഴിയും?”

ഞാനുമെഴുന്നേറ്റു.

“താഹയുടെ നമ്പറൊന്ന് തരൂ. ഞാനിനി വരുമ്പോൾ വിളിക്കാം.”

“അപ്പോ … സാറ് പോണേയാണ് കേട്ടോ ആന്റി. ഇനിയും വരാമെന്നാ പറയുന്നേ. ഞാനെന്തുപറയണം ? വരാൻ പറയട്ടെ?”
താഹ എന്നെ കണ്ണിറുക്കി കാണിച്ചു.

“ങാ… വരാൻ പറ… നമുക്ക് കാര്യങ്ങൾ സംസാരിച്ച് ഇരിക്കാലോ… അതിനിപ്പോ കൊഴപ്പമില്ലല്ലോ… അല്ലേ ?”

സാറാ ആന്റി താഹയോടും എന്നോടുമായി പറഞ്ഞു.

ആന്റിയുടെയും താഹയുടെയും പാരസ്പര്യത്തിൻ്റെ വലിയ ഒരു അംശം അവർതമ്മിലുള്ള നിരുപദ്രവമായ ഈ സംഭാഷണങ്ങളിൽ നമുക്ക് കാണാം. പിന്നീടവിടെ പോയിട്ടുള്ള എത്രയോ അവസരങ്ങളിൽ ഈ നർമ്മ സംഭാഷണത്തിന് സാക്ഷിയാകാനും അതിൽ പങ്ക് കൊള്ളാനുമായിട്ടുണ്ട് എനിക്ക്.

തിരികെ പാലക്കാട്ടേയ്ക്കുള്ള യാത്രയിൽ എനിക്കേറെ രസകരമായി തോന്നിയ ഒരു കാര്യം താഹയുടെ അഭിസംഭോധനകളാണ്. സാറയെ ആന്റിയെന്നും മമ്മിയെന്നും വിളിക്കുമ്പോൾ തന്നെ ജേക്കബ്ബിനെ ഡാഡിയെന്നും അങ്കിളെന്നും വല്ലപ്പോഴുമൊക്കെ ഡിക്കിയെന്നുമാണ് അയാൾ സംബോധന ചെയ്തിരുന്നത്.sara cohen, hariharan subrahmaniyan, iemalayalam

ഒരാഴ്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ വച്ച് എൻ്റെയടുത്ത സുഹൃത്തും റെയിൽവേ ഉദ്യോഗസ്ഥയും സാംസ്ക്കാരിക പ്രവർത്തകയുമായ സുധയോട് (തമിഴിലെ ഒരു ശ്രദ്ധേയനായ യുവ സംവിധായകനായ അരുൺ കാർത്തിക്കിന്റെ അടുത്ത് തന്നെ റിലീസ് ചെയ്യാൻ പോകുന്ന “നസീർ” എന്ന സിനിമയിൽ ഇവർ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്) സാറാ ആന്റിയെക്കുറിച്ച് സംസാരത്തിന്റെയിടയിൽ ഞാൻ പറയുകയുണ്ടായി. അടുത്ത തവണ പോകുമ്പോൾ തീർച്ചയായും തന്നെയും കൂട്ടണമെന്ന് അവർ നിർബന്ധം പിടിച്ചു.

സ്ഥിരമായി ബിനാലെകൾക്ക് പോയിട്ടുള്ളത്കൊണ്ട് കൊച്ചി സുധയ്ക്ക് അപരിചിതമായ നഗരമേ ആയിരുന്നില്ല. ഈ ഓർമ്മക്കുറിപ്പിൽ സുധയും കൂടി കടന്ന് വരുന്നതിന് കാരണവുമുണ്ട്. ഒന്നാമതായി ഇത് ആന്റിയുടെ ഒരു ജീവചരിത്രമല്ല. അതിനേക്കാളുപരിയായി അവരോടും അവരെ ഒരു മകനെ പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ള താഹാ ഇബ്രാഹിം എന്ന മനുഷ്യനുമായുള്ള ഇടപഴകലുകളുടെ തിളങ്ങുന്ന സ്മരണകളാണ്. ആ ഇടപഴകലുകളുടെ മുഹൂർത്തങ്ങളിൽ ഞങ്ങൾ തമ്മിലുണ്ടായ സംഭാഷണശകലങ്ങളിലൂടെയാണ് സാറാ എന്ന തൊണ്ണൂറ്റിയഞ്ച് വയസ്സ് കഴിഞ്ഞ മുതുമുത്തശ്ശിയുടെയുള്ളിലുണ്ടായിരുന്ന നക്ഷത്രക്കണ്ണുകളുള്ള ജിജ്ഞാസ നിറഞ്ഞ ഒരു പെൺകുട്ടി ഇപ്പോഴുമുള്ളത് കണ്ടെത്താനായതും ജീവിതത്തിൽ പല നിർണ്ണായക ഘട്ടങ്ങളിലും ഉറച്ച തീരുമാനമെടുക്കാൻ സഹായിച്ച അവരുടെ അനുഭവങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞതും. ഈ സംഭാഷണങ്ങളിൽ പലതിലും സുധ ഒരു സജീവ പങ്കാളിയായിരുന്നു.

സുധയുമായി ആദ്യതവണ ആന്റിയുടെ വീട്ടിലെത്തുമ്പോൾ ആന്റി പതിവുപോലെ തോറയും വായിച്ച് ജനലരികിലുള്ള കസേരയിലിരിക്കുകയായിരുന്നു. ഗുഡ് മോർണിംഗ് ആന്റി എന്നും പറഞ്ഞുകൊണ്ട് പരിചിതഭാവത്തിൽ അകത്തേയ്ക്ക് കടന്ന എന്നെ അവർ തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല സമീപത്ത് ചിരിച്ചുകൊണ്ട് നിന്ന താഹയോട് എന്നെ ചൂണ്ടി ഇയാളാരാ എന്ന് ചോദിക്കുകയും ചെയ്തു.

“എൻ്റെ ആന്റി… ഇത് കുറച്ച് നാള് മുൻപ് പാലക്കാട് നിന്നും ആന്റിയെ കാണാൻ വന്നയാളല്ലേ…? റയിൽവേയിൽ ജോലിയുള്ള ആള്. അന്ന് കുറെ ഫോട്ടോയൊക്കെ എടുത്തില്ലേ?”

ആന്റിയ്ക്ക് സന്തോഷമായി. ഇതിനോടകം സുധ തൻ്റെ സഞ്ചിയിൽ നിന്നും ആന്റിയ്ക്ക് വാങ്ങിക്കൊണ്ട് വന്നിരുന്ന വിങ്കിൾസ് എന്ന പേരുള്ള ഏറെ മൃദുവായ ചോക്കളേറ്റ് റോൾ പുറത്തെടുത്ത് ആന്റിയ്ക്ക് കൊടുത്തു.
ആന്റിയുടെ മുഖം കാണേണ്ടതായിരുന്നു.

“ഡിഡ് യൂ ബേക്ക് ദിസ്‌ ഫോർ മി?”

“നോ…ആന്റി .. ഐ ബോട്ട് ഇറ്റ് ഫോർ യു. ഇറ്റ്സ് വെരി സോഫ്റ്റ്.”

സുധ കോയമ്പത്തൂരിൽനിന്നുമാണ് വന്നതെന്നറിഞ്ഞപ്പോൾ ആന്റിയ്ക്ക് ഏറെ സന്തോഷമായി. ആദ്യമേ താഹയോട് ആന്റിയുടെ പ്രമേഹാവസ്ഥയെക്കുറിച്ച് ഞാൻ ആരാഞ്ഞിരുന്നു. ആന്റിക്ക് ഷുഗർ തീരെയില്ല എന്ന ധൈര്യപ്പെടുത്തുന്ന മറുപടിയാണ് ഞങ്ങളെ മധുരം കൊടുക്കാൻ പ്രേരിപ്പിച്ചതും.

ഒരു മൂന്ന് തവണയെങ്കിലും ആന്റി ഞങ്ങളോട് എവിടെനിന്നാണ് വരുന്നതെന്ന് അന്വേഷിച്ചു . ഊണിന്റെ സമയം ആകാറായിട്ടുണ്ടായിരുന്നു. അടുക്കളയിൽ നിന്നും സെലിനേടത്തിയും ജാസ്മിനും (താഹയുടെ ബീവി) മീൻ വറുക്കുന്നതിന്റെ മണം ഞങ്ങളിരുന്നയിടത്തും പരന്നു. ഞാൻ മണം പിടിച്ചത് കണ്ട ആന്റി പെട്ടെന്ന് അസ്വസ്ഥയാവുകയും താഹയോട് ഒച്ചയുയർത്തി പറയുകയും ചെയ്തു.

“താഹാ … ഇവരൊക്കെയാരാ ? ഇവരോട് പോകാൻ പറ.”

ചിരിച്ച് കൊണ്ട് താഹ പറഞ്ഞു ..

“സാറും മാഡവും കൂടി മീനൊക്കെ തിന്നുകളയുമോ എന്ന പേടിയാണ് സാറേ… ആന്റിക്ക് മീൻ വല്യ ഇഷ്ടവാണ്. ”

ആന്റി പിടിക്കാത്ത ഭാവത്തിൽ ഞങ്ങളെ നോക്കിയിരുന്നു.

” അതേ, ആന്റി…ഇവര് രണ്ടുപേരും കഴിച്ചിട്ടാ വന്നേ… അത് കൊണ്ട് ഇവിടുന്ന് കഴിക്കുന്നില്ലാത്രേ…”

താഹ പറഞ്ഞത് അത്രയ്ക്ക് ബോധ്യപ്പെടാത്തത് പോലെ ആന്റി മുഖം ചുളിച്ചിരുന്നു. ജാസ്മിൻ വന്ന് ആന്റിയെ പിടിച്ച് അകത്ത് തീന്മേശയുടെ അരികിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴും ആന്റി തിരിഞ്ഞ് താഹയോട് ഞങ്ങളെ യാത്രയാക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

ആന്റി ഊണ് കഴിക്കുന്ന സമയത്ത് ഞങ്ങൾ താഹയുമായി സംസാരിച്ചിരുന്നു.

“വീട്ടിലെ പണികളൊക്കെ കഴിഞ്ഞാ ജാസ്മിൻ ഇവിടെ വന്ന് ആന്റിയെ നോക്കും. സെലിൻ ചേച്ചിയ്ക്ക് എല്ലാം ഒറ്റയ്ക്കാവാതായി. പിന്നെ അവര് തയ്യൽപണികളും ചെയ്യുന്നുണ്ടല്ലോ.”

“ഡാഡിയുടെ കൂടെ ഇവിടെവന്ന് താമസമാക്കിയ ശേഷം ആന്റി തയ്യൽ വേലകളിൽ മുഴുകുകയും ഉണ്ടാക്കുന്ന പീസുകൾക്ക് ആളുകളുടെയിടയിൽ പ്രിയമേറുകയും ചെയ്തു. ഇതിനോടകം തന്നെ ഇസ്രായേലിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും ഞങ്ങളുടെ നാട് ഈ മട്ടാഞ്ചേരി ആണെന്നും ഇവിടം വിട്ട് ഞങ്ങളെങ്ങോട്ടുമില്ലെന്നും പറഞ്ഞ ഡാഡിയ്ക്കും മമ്മിയ്ക്കും ആളുകളുടെയിടയിൽ നല്ല മതിപ്പ് ലഭിച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സിനഗോഗ് സന്ദർശിക്കാൻ എത്തിയിരുന്ന ജൂതരും അല്ലാത്തവരുമായ വിദേശീയരും ഇവിടെ വരികയും ആന്റിയുണ്ടാക്കിയ കിപ്പകളും തൂവാലകളും വാങ്ങാൻ തുടങ്ങി.”

“ഈ കൊച്ചുതെരുവിലുളള ഈ ചെറിയ കട പെട്ടെന്ന് ലോകപ്രശസ്തമായി” എന്ന് താഹ പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ബിൽ ബ്രൈസൺ പറഞ്ഞ കൊച്ചു മുറികളിലരങ്ങേറുന്ന വലിയ വിപ്ലവങ്ങളെക്കുറിച്ച് ഓർമ്മ വന്നു.

“1997 ലെ ഒരു ഞായറാഴ്ച ദിവസമായിരുന്നു ഞാനും ജാസ്മിനും തമ്മിലുള്ള നിക്കാഹ് നടന്നത്. തലേ ദിവസത്തെ ഷബ്ബാത്തിന് ശേഷം ഡാഡിയും മമ്മിയും നേരെ എൻ്റെ വീട്ടിലെത്തി. പച്ചക്കറികളും കൂട്ടി വയറുനിറച്ച് ആഹാരം കഴിച്ച് ഏറെ നേരം എല്ലാവരുമായി ചിലവഴിച്ച് രാത്രി വൈകിയാണന്ന് അവർ മടങ്ങിയത്. ഇതിനോടകം ഞാൻ അവരുടെ വീട്ടിലെ ഒരു കുടുംബാംഗം പോലെയായി തീർന്നിരുന്നു. ഡാഡിയ്ക്ക് എന്നെ എല്ലാ കാര്യങ്ങളിലും വിശ്വാസമായിരുന്നു. ഡാഡി മരിക്കുന്നത് 1999 ലാണ്. മരണസമയത്ത് അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. ഡാഡിയ്ക്കും മമ്മിയ്ക്കും മക്കളുണ്ടായിരുന്നില്ല. ഡാഡി എന്നെ ഒരു മകനെപ്പോലെയാണ് കണ്ടിരുന്നതെന്നും ഞാൻ വേണം ഇനി ആന്റിയെ കട നടത്തിക്കൊണ്ട് പോകാൻ സഹായിക്കാനെന്നും പറഞ്ഞു. തീർച്ചയായും എന്നെക്കൊണ്ടാകുന്ന എല്ലാ സഹായങ്ങളും ഞാൻ ചെയ്യുമെന്ന് ഞാൻ ഡാഡിയോട് സത്യം ചെയ്തു.”

sara kohan, memories, hariharan subrahmaniyan

ലേഖകന്‍ സാറാ കോഹനോടൊപ്പം

ഇതിനോടകം ഊണ് കഴിച്ച് തിരിച്ചെത്തിയ ആന്റി കസേരയിലിരുന്ന് വീണ്ടും ഞങ്ങളിരുവരും ആരാണെന്ന് ആരായുകയും താഹയുടെ മറുപടി കേട്ട് ഇത്ര ദൂരെനിന്നും തന്നെ കാണാൻ വന്നതിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

“ആന്റി…ഒരു കുക്കി തരട്ടെ?”

സുധ നൽകിയ പാക്കറ്റിൽ നിന്നും താഹ ഒരെണ്ണം ആന്റിയ്ക്ക് കൊടുത്തു. കുക്കി കഴിച്ചുകൊണ്ട് ഇതെവിടെ നിന്നാണെന്ന് ആന്റി തിരക്കി.

“ഇത് ദേ .. ഈ മാഡം കൊണ്ടുവന്നതാ.”

കുക്കി കഴിച്ച് അല്പം കഴിഞ്ഞപ്പോൾ ആന്റി ഉറങ്ങണമെന്ന് പറയുകയും താഹയും ജാസ്മിനും കൂടെ അവരെ കൈപിടിച്ച് നടത്തിച്ച് കട്ടിലിൽ കിടത്തുകയും ചെയ്തു.

“കട നടത്തിക്കൊണ്ട് പോകാൻ എല്ലാ രീതികളിലും ഞാൻ ആന്റിയെ സഹായിക്കാൻ തുടങ്ങി. വിദൂരസ്ഥലങ്ങളിലൊക്കെ പോയി ആന്റി നിഷ്‌കർഷിക്കുന്ന പ്രത്യേകതരം തുണികളും ലേസുകളും ഞാൻ വാങ്ങി വരുമായിരുന്നു. ആന്റിയുടെ എന്നോടുള്ള വാത്സല്യം അനുദിനം വർദ്ധിച്ച് വന്നു. എനിക്കും ഇവർ ശരിക്കും മറ്റൊരു മമ്മിയായി മാറിയിരുന്നു. ഞാനീ സംസാരിക്കുമ്പോ പോലും മമ്മി വിളിയും ആന്റി വിളിയും മാറി മാറിയങ്ങുവരും എൻ്റെ സാറെ.”

നേരത്തേയെനിക്കുണ്ടായ സംശയമോർത്ത് ഞാൻ ചിരിച്ചു.

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

“മമ്മിയ്ക്ക് വയസ്സായി വന്നപ്പോൾ കട നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. ഒരു ദിവസം മമ്മി എന്നോട് വിൽപ്പത്രം എഴുതാൻ പോകുകയാണെന്നും അതിൽ എന്നെയും ഉൾപ്പെടുത്തുമെന്നും പറഞ്ഞു.
ഒരു “ഗോയ്”ന് ഒരു കാരണവശാലും ഒന്നും കൊടുക്കരുതെന്ന് ചിലയാളുകൾ ശഠിച്ചെങ്കിലും ആന്റി അത് വകവയ്ക്കാതെ എൻ്റെ വീട് നന്നാക്കുവാനായി മൂന്ന് ലക്ഷം രൂപ തന്നു. ഇതിനിടയിലെപ്പോഴോ വിൽപ്പത്രമെഴുതാനുള്ള തീരുമാനം ആന്റി ദൃഢപെടുത്തുകയും ഈ ലോകപ്രശസ്‌തമായ കട എൻ്റെ പേരിൽ എഴുതിവയ്ക്കുകയും ചെയ്തു.”

സെലിനേടത്തി കൊണ്ടുതന്ന ചായ കുടിച്ചിട്ട് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. എന്റെയൊപ്പം ഇനിയുമെന്തായാലും വരുമെന്ന് സുധ അവരോട് പറഞ്ഞു. തീവണ്ടിയിൽ സംസാരിച്ചിരുന്നപ്പോഴും തൊണ്ണൂറ്റിയഞ്ചിലും നമ്മളിൽ വിസ്മയം വിതറുന്ന സാറാ കോഹെൻ എന്ന കരുത്തുറ്റ സ്ത്രീയെക്കുറിച്ചാണ് സുധ കൂടുതലും പ്രതിപാദിച്ചത്.

ഇതിനോടകം മറ്റൊരു ബിനാലെയ്ക്ക് തുടക്കമായിരുന്നു. എല്ലാ ആഴ്ചയിലും ഞങ്ങൾ കൊച്ചിയും മട്ടാഞ്ചേരിയും സന്ദർശിച്ചിരുന്നു.ആന്റിയും താഹയും ജാസ്മിനും സെലിനേടത്തിയുമെല്ലാം ഞങ്ങൾക്ക് ഇതിനോടകം ഏറെ പ്രിയപ്പെട്ടവരായി കഴിഞ്ഞിരുന്നു. ജേക്കബിനോടൊപ്പം ഈ വീട്ടിൽ കയറി വന്ന് ജീവിതം പങ്കിട്ട സാറാ അദ്ദേഹവുമായി ഇടപഴകിയ അനേകം മനോഹരങ്ങളായ നിമിഷങ്ങൾ ആ വീട്ടിലെ ഭിത്തികളിൽ ഫ്രെയിം ചെയ്യപ്പെട്ട ഫൊട്ടോഗ്രാഫുകളായി തൂക്കപ്പെട്ടിരുന്നു.

അതിലൂടെ ഞങ്ങൾ ആന്റിയുടെ ഭൂതകാലത്തിലൂടെ സഞ്ചരിച്ചു. തൻ്റെ പുരുഷനെ അളവറ്റ് സ്നേഹിക്കുന്ന, കൂട്ടുകാരികളുടെ കൂടെയിരുന്ന് ഒരു ചെറിയ റൗഡിയുടെ ഭാവത്തോടെ റമ്മി കളിക്കുന്ന, ഗാഢ ആലിംഗങ്ങളാലും ചുംബനങ്ങളാലും തന്റെ ഡിക്കിയോടുള്ള പ്രണയം പ്രകടിപ്പിക്കുന്ന, വിശേഷവേളകളിൽ ജൂതരുടെ പാരമ്പരാഗതങ്ങളായ പലഹാരങ്ങൾ പാകം ചെയ്യുന്ന, ഹെംസ്റ്റിച്ചറിലിരുന്ന് കിപ്പകളും തൂവാലകളും തുന്നുന്ന ഒരു അത്ഭുതപ്പെടുത്തുന്ന സ്ത്രീയെയാണ് ആ ഭൂതകാല ഛായാബിംബങ്ങൾ ഞങ്ങൾക്ക് അനാവൃതമാക്കിത്തന്നത്. പലപ്പോഴും സാറാ ആന്റിയെ കാണുമ്പോൾ ടൈറ്റാനിക് സിനിമയിലെ റോസ് ഡോസണ്ണിനെ ഓർത്തുപോയിട്ടുണ്ട് ഞാൻ. കാരണം തൻ്റെ ഡിക്കിയെക്കുറിച്ച് സംസാരിക്കുമ്പോൾ അത്രയ്ക്ക് ആർദ്രത അവർക്ക് കൈവരുമായിരുന്നു.
ടൈറ്റാനിക്കിന്റെ അവസാന നിമിഷങ്ങളിലെ തനിക്ക് ജീവിതമെന്താണെന്ന് കാട്ടിതന്നിട്ട് കടലിന്റെ ആഴങ്ങളിലേയ്ക്ക് പതുക്കെ മറഞ്ഞുപോയ ജാക്കിനെക്കുറിച്ച് ഓർത്തിരിക്കുന്ന റോസിന്റെ കണ്ണുകളിലെ അതേ ആർദ്രത.sara cohen, hariharan subrahmaniyan, iemalayalam

ഞങ്ങളുടെ അവസാന രണ്ട് സന്ദർശനവേളകളിലും ആന്റി പരിക്ഷീണയായി കാണപ്പെട്ടു. അടുത്തടുത്ത ആഴ്ചകളിൽ നടന്ന ആ സന്ദർശനങ്ങളിൽ ആന്റി ഞങ്ങളോടെല്ലാവരോടും ഏറെ കാര്യങ്ങൾ സംസാരിച്ചു.

പതിവ് പോലെ പതിനൊന്ന് മണിയോടെ എത്തിയ ഞങ്ങളെ എതിരേറ്റത് സോഫയുടെ അടുത്തുള്ള ചാരുകസേരയിലിരിക്കുന്ന ആന്റിയായിരുന്നു. ചാരുകസേരയുടെ കൈപ്പിടികളിൽ വച്ചിരുന്ന ഇരുകൈകളും ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്നു. സ്ത്രീസഹജമായ കഴിവുകൊണ്ടായിരിക്കണം സുധയാണ് അത് കണ്ടുപിടിച്ചത്.

“ലുക്ക് അറ്റ് ദി വേ ഷീ മൂവ്‌സ് ദി ഫിംഗേഴ്‌സ് ഓഫ് ഹേർ റൈറ്റ് ഹാൻഡ്…”

ആന്റിയുടെ വലതുകൈയ്യിന്റെ തള്ളവിരലും ചൂണ്ടുവിരലും ഒരു സൂചിക്കുഴിയിലേയ്ക്ക് നൂല് കടത്തുന്ന രീതിയിലാണ് പിടിക്കപ്പെട്ടിരുന്നത്. സൂചിയിൽ നൂല് കോർക്കാനെന്ന ഭാവത്തിൽ അവ ചലിച്ച് കൊണ്ടിരുന്നു.
മറവി പിടികൂടുന്ന വേളകളിലും ഏതോ ഒരു അജ്ഞാതശക്തി സാറാ കോഹെൻ എന്ന ലോകമറിയുന്ന ആ വലിയ തുന്നൽക്കാരിയുടെ കൈവിരലുകളെ അവരുടെ കർമ്മത്തെക്കുറിച്ച് നിരന്തരമായി ബോധ്യപ്പെടുത്തിയിരുന്നു. ആ പ്രേരണയിൽ അവരുടെ കൈവിരലുകൾ ആയിരമായിരം കിപ്പകളിലും തൂവാലകളിലും നൂലുകൊണ്ടുള്ള ചിത്രപ്പണികൾ ചെയ്തുകൊണ്ടേയിരുന്നു.

താഹ എന്തോ ഒരു ആവശ്യത്തിന് എറണാകുളത്തേക്ക് പോയിരിക്കുകയായിരുന്നു. അതിന്റെ രസക്കേടിൽ ആന്റി സെലിനേടത്തിയുമായി വഴക്ക് കൂടിക്കൊണ്ടിരുന്നു. ഏടത്തി സ്പൂണിൽ വാരിക്കൊടുത്ത ചോറ് രണ്ട് വായമാത്രം കഴിച്ചിട്ട് ആന്റി നിർത്തി. എത്ര നിർബന്ധിച്ചിട്ടും കഴിക്കാൻ വിസ്സമ്മതിച്ചിരുന്ന ആന്റിയോട് പൊടുന്നനെയായിരുന്നു സുധ ചോദിച്ചത്.

“മേ ഐ ഫീഡ് യൂ ?”

സുധയെ ഒന്ന് തുറിച്ച് നോക്കിയ ശേഷം ആന്റി പരുഷമായി ചോദിച്ചു.

“ഹൂ ആർ യൂ ?”

“ഐ ആം യുവർ ഡോട്ടർ.”

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

സുധ കൈകൊണ്ട് വാരിക്കൊടുത്ത ചോറ് ആന്റി കഴിച്ചു. സെലിനേടത്തി ഒരു തെളിഞ്ഞ ചിരിയോടെ ആന്റി കഴിക്കുന്നതും നോക്കി നിന്നു .

പുറത്തൊരു ബൈക്ക് വന്ന് നിന്നു . നിമിഷങ്ങൾക്കകം താഹ അകത്തേയ്ക്ക് കടന്നു വന്നു. താഹയെ കണ്ടതും ആന്റിയുടെ മുഖം പ്രകാശമയമായി. മകൻ ഉമ്മയുടെ അടുത്തിരുന്നു. ചോറ് കഴിക്കുന്നത് നിർത്തിയിട്ട് ഉമ്മ മകനോട് ഇത്രയും നേരമായി അവനെ കാണാത്തതിന്റെ പരിഭവം പറഞ്ഞു.

“ഞാൻ പറഞ്ഞേച്ചും പോയതല്ലേ വൈകിയേ വരുവൊള്ളൂന്ന്. എന്നിട്ടിപ്പം എന്നെ ചീത്ത പറഞ്ഞാലോ?”

നിമിഷനേരം കൊണ്ട് അവർ അക്ഷരാർത്ഥത്തിൽ ഉമ്മയും മകനുമായി മാറുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്.

ആന്റി ചോറ് കഴിക്കുന്നത് മതിയാക്കി. പ്ളേറ്റ് അടുക്കളയിൽ കൊണ്ടുപോയി വച്ച ശേഷം കൈകഴുകിയിട്ട് സുധ മടങ്ങിവന്നു.

ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം ആന്റി താഹയോടായി ചോദിച്ചു.

“ഇവളേതാ?”

“അയ്യോ… ഞാനന്ന് തൊപ്പി തുന്നാൻ ഒരു പെൺകുട്ടിയെ കൊണ്ടുവരാമെന്ന് പറഞ്ഞില്ലേ? അവളാണിത്.”

ആന്റി താഹയെ ഒന്നുകൂടി അടുത്തുവരാനായി കൈ കാണിച്ചു.

ഉമ്മയും മകനും സുധയെക്കുറിച്ച് എന്ത് രഹസ്യമായിരിക്കും പറയുക എന്നറിയാനുള്ള ജിജ്ഞാസ എന്നെ പിടികൂടി.

“താഹേ … ഒരു തൊപ്പിയ്ക്ക് ഇവൾക്ക് നമ്മൾ എത്ര കൊടുക്കേണ്ടി വരും?”

സാറാ കോഹെൻസ് എംബ്രോയിഡറി ഷോപ്പ് പ്രൊപ്രൈറ്ററായിരുന്നു അപ്പോൾ താഹയോട് സംസാരിച്ചിരുന്നത്.

“ആന്റി.. ഞാൻ നേരത്തെ ചോദിച്ചു. ഒരു തൊപ്പിയ്ക്ക് അവൾക്ക് പതിനഞ്ചു രൂപ വേണമത്രേ…”

പ്രൊപ്രൈറ്റർ അക്ഷരാർത്ഥത്തിൽ ഞെട്ടി.

“പതിനഞ്ച് രൂപയോ… ഒരു തൊപ്പിക്കോ ? എൻ്റെ താഹാ… ഇതെങ്ങനെ നമുക്ക് മുതലാവാനാ? നീ അവളോട് ഒരു തൊപ്പിക്ക് രണ്ട് രൂപ വച്ച് തരാമെന്ന് പറ.”

” അയ്യോ… ഇവള് പറ്റില്ലാന്നാ പറയണേ… അത് മാത്രമല്ല പെണ്ണായത് കൊണ്ട് ഇവിടെത്തന്നെ താമസിച്ച് ജോലിയെടുക്കാമെന്നും പറഞ്ഞു. മൂന്ന് നേരം മീനും കൂട്ടി ചോറൊക്കെ വേണമത്രേ.”

ഗാംഭീര്യമുള്ള പ്രൊപ്പറേറ്റർ ഒരു നിമിഷം കൊണ്ട് വീണ്ടും ഞങ്ങടെ പാവം സാറാ ആന്റിയായി മാറി. അവർക്ക് കരച്ചിൽ വന്നു. ഏറെ ഗദ്ഗദത്തോടെയാണ് ആന്റി താഹയോട് സംസാരിച്ചത്.

“പതിനഞ്ച് രൂപേം മൂന്ന് നേരം മീനുംകൂട്ടിയുള്ള ഊണുവോ? എൻ്റെ താഹാ.. നീ പറ .. നമ്മളെങ്ങനെ കട നടത്തിക്കൊണ്ട് പോകും? അവളോട് എന്തേലും കൊറയ്ക്കാൻ പറ.”

sara kohan, memories, hariharan subrahmaniyan

ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

കാശൊക്കെ നോക്കിയും കണ്ടും കൈകാര്യം ചെയ്യണമെന്നും എല്ലാവരെയും വിശ്വസിക്കരുതെന്നും ആന്റി താഹയോട് പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനോടകം താഹ ആന്റിയുടെ നേരെ എതിർവശത്തുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്നു. സാറയുടെ നിലാവല പോലെയുള്ള വലതുകരം താഹാ തൻ്റെ നന്നേ കറുത്ത വലതുകരം കൊണ്ട് കുറെയേറെ നേരം പിടിച്ചു.

ഒരു വല്ലാത്ത പാരസ്പര്യത്തിൻ്റെ കുളിരുമായിട്ടായിരുന്നു അന്ന് ഞങ്ങളുടെ മടക്കയാത്ര.

“ഡസിന്റ് ഷി ലുക്ക് എ ബിറ്റ് ടയേർഡ്?” സുധയുടെ ചോദ്യത്തിന് മറുപടിയായി തീവണ്ടിയുടെ ഗർജ്ജനം മുഴങ്ങി നിന്നു. ഞാനൊന്നും മിണ്ടിയില്ല.

ആന്റിയും താഹയും സെലീനേടത്തിയുമായി ഒരു സമാഗമം കൂടിയുണ്ടായി.

ഇത്തവണ ഞങ്ങളെത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. ആന്റി ഉച്ചയുറക്കത്തിലായിരുന്നു. താഹയും സെലീനേടത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏടത്തി ജനാലയുടെയരികിൽ  തുന്നൽപ്പണിയിലേർപ്പെട്ടിരിക്കുകയായിരുന്നു. ജനാലയിലൂടെ അരിച്ചെത്തിയ വെളിച്ചം പുറകിലുള്ള ഇരുളിന്റെ ഘനത്തിൽ അവരുടെ ശരീരത്തിന്റെ മുൻഭാഗത്തിനും മുഖത്തിനും വല്ലാത്ത മിഴിവേകി. ഹെംസ്റ്റിച്ചർ മെഷീനിൽ മറ്റൊരാൾ ജോലിയെടുക്കുന്ന ഒരു മനോഹര ചിത്രവും കൂടി എനിക്ക് ലഭിച്ചു.

ഉറക്കത്തിൽ നിന്നും ആന്റിയെഴുന്നേറ്റു. ആന്റിയെ സെലീനേടത്തിയും സുധയും കൂടി ചാരുകസേരയിൽ കൊണ്ടുവന്നിരുത്തി. ശബ്ദം കേട്ട് കടയിലുണ്ടായിരുന്ന താഹ അകത്തേയ്ക്ക് വന്നു.
ആന്റി ഒന്നുകൂടെ സുധയെ സൂക്ഷിച്ച് നോക്കിയ ശേഷം താഹയോട് ഇതാരാണെന്ന് ചോദിച്ചു.

” ആന്റി… ഞാൻ രണ്ടാമത് കെട്ടിയതാണിവളെ. ഞാനന്ന് പറഞ്ഞില്ലേ? ആന്റി ഇതും മറന്നു… കണ്ടോ .”

“എപ്പ പറഞ്ഞു? ഇതുള്ളതാ ?”

” ആണെന്റെ ആന്റി. അങ്ങനെ പറ്റിപ്പോയി. ഇപ്പൊ എന്ത് ചെയ്യാനൊക്കും? കൂടെ കൂട്ടാതെ കഴിയ്യോ?”

ഉമ്മ മകനെ വീണ്ടും അടുത്തേയ്ക്ക് വിളിച്ചിട്ട് തഞ്ചം ഉപദേശിച്ചു.

“ഡാ…ഇതിപ്പോ ജാസ്മിനിന് അറിയ്യോ ?”

” ഇല്ല… ഞാനിതുവരെ പറഞ്ഞിട്ടില്ല.”

“ഓ.. അപ്പൊ നീ ഇന്നിവളെ വീട്ടിലേയ്ക്ക് കൂട്ടീട്ട് പോണ്ടാ… ജാസ്മിൻ കണ്ടാ വഴക്കാവും. നീ അവളോട് കാര്യമൊക്കെ പറഞ്ഞ് മനസ്സിലാക്കിയിട്ട് പതുക്കെ രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് അങ്ങോട്ട് കൊണ്ടുപോയാ മതി… അതാണല്ലോ ബുദ്ധിയും…”

സെലീനേടത്തിയ്ക്ക് ചിരി പൊട്ടി.

“സൂത്രം പറഞ്ഞു കൊടുക്കണ കേട്ടോ…”അവർ സുധയോടായി പറഞ്ഞു.

ഏറെ നേരം സംസാരിച്ചിരുന്ന ശേഷം സന്ധ്യയോടെയാണ് അന്ന് ഞങ്ങൾ അവിടെ നിന്നുമിറങ്ങിയത്.

sara kohan, memories, hariharan subrahmaniyan

സെലിന്‍ സാറാ കോഹനോടൊപ്പം | ഫൊട്ടോ : ഹരിഹരന്‍ സുബ്രഹ്മണ്യന്‍

കഴിഞ്ഞ മാസം , ആഗസ്റ്റ് രണ്ടിന് പ്രസിദ്ധ ചിത്രകാരൻ ടി. കെ. ഹരീന്ദ്രൻ്റെ ഏകാങ്കപ്രദര്ശനത്തിന്റെ ഉദ്ഘാടനത്തിന് എറണാകുളത്തിൽ വന്നപ്പോൾ ആന്റിയെയും കാണണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അടുത്തദിവസം മട്ടാഞ്ചേരിയിൽ ഉച്ചകഴിഞ്ഞെത്തിയപ്പോൾ സാറാസ് എംബ്രോയിഡറി ഷോപ്പിന്റെ വാതിൽ അടച്ചിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ കട്ടിലിൽ ആന്റിയും സോഫാസെറ്റിയിൽ സെലീനേടത്തിയും ഗാഢനിദ്രയിലാണ്ട് കിടക്കുന്നതാണ് കണ്ടത്.

ഇതിനോടകം സുധ തന്റെ സഞ്ചിയിൽ നിന്നും ആന്റിയ്ക്കുള്ള ചോക്ലേറ്റ് കുക്കീസിന്റെ പാക്കറ്റും പ്രമേഹമുള്ള സെലീനേടത്തിയ്ക്കുള്ള സാൾട്ട് ബിസ്‌ക്കറ്റിന്റെ പാക്കറ്റുമെടുത്ത് കയ്യിൽ പിടിച്ചിരുന്നു.

അകത്ത് കയറി അവരെയുണർത്താൻ ഞങ്ങളിരുവർക്കും തോന്നിയില്ല.

“ഐ ഗെസ്സ് വീ മൈറ്റ് ഹാവ് ടു ഈറ്റ് ദീസ് അവർസെൽവ്‌സ് ഓൺ അവർ ജേർണീ ബാക്ക് .”

പാക്കറ്റുകൾ തിരികെ ബാഗിൽ വയ്ക്കുമ്പോൾ സുധ എന്നോട് പറഞ്ഞു.

ജൂതതെരുവും കടന്ന് ഞങ്ങൾ ഇന്ദ്രിയം ആർട്ട് ഗാലറിയിലുള്ള പ്രദർശനം കാണാനായി റോഡിലേയ്ക്ക് കടന്നു.

“ഇഫ് വീ ഹാഡ് എ പ്രീമോണിഷൻ ദാറ്റ് വീ വുഡ്ൻട്ട് ബീ സീയിങ് ഹേർ അലൈവ് എഗെയ്ൻ വുഡ് വീ പെർഹാപ്പ്സ് ഹാവ് വോക്കൺ ദെം അപ്പ് ?”

ആന്റിയുടെ മരണവാർത്തയറിയിക്കാനായി സുധയെ മൊബൈലിൽ വിളിച്ച് സംസാരിച്ചപ്പോൾ ഞാനിതാണ് ചോദിച്ചത്.

“മേ ബീ വീ സ്റ്റിൽ വുഡ്ൻട്ട് ഹാവ്. ദേ വേർ സ്ലീപ്പിങ് ലൈക് ബേബീസ്.”

സംസ്കാരത്തിന്റെയന്ന് രാവിലെ ജാസ്മിനോട് അവരെയിരുവരെയും ഉണർത്താതെ പോയ കാര്യം പറഞ്ഞപ്പോൾ തുളുമ്പുന്ന കണ്ണുകളോടെ അവൾ പറഞ്ഞു.

“ഛെ …അവരെയുണർത്തി ആ ബിസ്ക്കറ്റും കൊടുത്തിട്ട് സംസാരിച്ചിട്ട് പോകാമായിരുന്നു.”

സംസ്കാരത്തിന് ഞാൻ തനിച്ചാണ് പോയത്. സുധയ്ക്ക് വരാനായില്ല. തിരികെയുള്ള യാത്രയിൽ തീവണ്ടിചക്രങ്ങളുടെ താളത്തിനൊത്ത് ഒരു കവിതയുടെ നാല് വരികൾ മനസ്സിലിട്ട് ഞാൻ പലയാവൃത്തി ഉരുവിട്ടുകൊണ്ടേയിരുന്നു.

“മന്ദമർത്യാ
നീ തടുക്കായ്ക
ദൈവേച്ഛയാമീ
സുന്ദര സമാഗമങ്ങൾ.”

എന്തുകൊണ്ടോ അതുരുവിടുമ്പോൾ ഒരാശ്വാസം കിട്ടുന്നുണ്ടായിരുന്നു.

Read More ഹരിഹരൻ സുബ്രഹ്മണ്യൻ എഴുതിയ ലേഖനങ്ങൾ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook