ആറ്റൂര്‍ രവി വർമ 13 വര്‍ഷം മുമ്പ് എഴുതിയ കത്തില്‍ (അക്കാലത്ത് അദ്ദേഹവുമായി എനിക്ക് കത്തിടപാടുകള്‍ ഉണ്ടായിരുന്നു) കവിതയെ ഇങ്ങിനെ നിര്‍വ്വചിച്ചു: കാടാണ് കവിത, തോട്ടമല്ല. അക്കാലമാകുമ്പോഴേക്കും തൊട്ടു മുമ്പുള്ള ദശകത്തില്‍ പരിസ്ഥിതി വാദികള്‍ ഉന്നയിച്ചിരുന്ന മലയാളിയുടെ ഏകവിളത്തോട്ട സംസ്കാരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ക്ഷയിച്ചു തുടങ്ങിയിരുന്നു. ഏക വിളത്തോട്ടങ്ങള്‍ പല കുറി ചതിച്ചിട്ടും അവയ്ക്കു പിന്നാലെ തന്നെയായി കേരളം. അടുക്കളത്തോട്ടങ്ങളടക്കമുള്ളവ നിത്യ ജീവിതത്തിനരിവാര്യമാണെന്നറിയാത്ത കവിയായിരുന്നില്ല ആറ്റൂര്‍.
നിത്യ ജീവിതത്തിനാവശ്യമായ തോട്ടങ്ങള്ക്കല്ല, കാടായി പരിണമിക്കാന്‍ കഴിയുന്ന കവിതയ്ക്കാണ് കൂടുതല്‍ പ്രസക്തി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാല്‍ തന്നെ ആറ്റൂര്‍ കവിതകളില്‍ നിത്യജീവിത സങ്കല്‍പ്പവും അനശ്വരതാ സങ്കല്‍പ്പവും എല്ലായ്പ്പോഴും സംഘര്‍ഷത്തിലേര്‍പ്പെട്ടു. അതു കൊണ്ടാണ് ‘മേഘരൂപ’നില് ‘എനിക്ക് കൊതി നിന് വാലിന് രോമം കൊണ്ടൊരു മോതിരം’ എന്നദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ പള്ളയോ തുമ്പിയോ തൊട്ടുഴിഞ്ഞ് സന്തോഷിച്ചേക്കാം, പക്ഷെ ഞാനതിനില്ല എന്നാണ് കവി വ്യക്തമാക്കുന്നത്. ആറ്റൂര്‍ കവിത അഭിസംബോധന ചെയ്യാന്‍ ശ്രമിച്ച പ്രധാന ജീവിത-കാവ്യ പ്രതിസന്ധിയെ ഈ വരികള്‍ അടയാളപ്പെടുത്തുന്നു. കാവ്യ സങ്കല്‍പ്പവും ജീവിത യാഥാര്‍ഥ്യവും ഇടയുന്നുണ്ട് ‘മേഘരൂപ’നില്. ആറ്റൂര്‍ അവസാന നാള് വരെ കവിതയുടെ പ്രവര്‍ത്തനം നിത്യജീവിത പരിസരങ്ങള്‍ക്ക് പുറത്തു കൂടിയാണെന്ന് ഉറച്ചു വിശ്വസിച്ചു. തോട്ടങ്ങളില്‍ നിന്നും എന്തും സ്വീകരിക്കാം, പക്ഷെ കവിത കാടായി മാറണമെന്ന് അതു കൊണ്ടാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചതും.
കേരളത്തെ കാടുകള്‍ക്കാണ് സംരക്ഷിക്കാന്‍ കഴിയുക, അഥവാ പ്രകൃതിയുടെ ബഹുസ്വരത നില നിര്‍ത്താതെ ഒരു നാടിന് സന്തുലിതമായ നിലനില്‍പ്പില്ല. നാടിനും അതിന്റെ കവിതയ്ക്കും കാടാകാതെ അതിജീവിക്കാന്‍ കഴിയില്ല. കൃഷിക്കിടെ പിഴുതു കളയുന്ന കള തോട്ട നിര്മിതിക്കുളളതാണ്. എഴുത്തിനിടെ വെട്ടിക്കളഞ്ഞ വാക്കുകളും അടിക്കാടോ മേല്ക്കാടോ ആയി കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവനയുടെ കാട്ടില്‍ ആ വാക്കുകളും മേഞ്ഞു നടക്കും. കവിതയ്ക്ക് നല്ല മുറുക്കം വേണമെന്ന് ശഠിച്ചിരുന്നപ്പോഴും വെട്ടിക്കളഞ്ഞ വാക്കുകളും ഭാവനകളും കൂടി അബോധത്തില്‍ ചേരുന്നതായുള്ള തോന്നല്‍ ആറ്റൂരിനുണ്ടായിരുന്നു.
കാട് ഒന്നിനേയും പുറത്താക്കുന്നില്ല. കാടിന്റെ ഇക്കോളജിയും തോട്ടത്തിന്റെ ഇക്കോളജിയും രണ്ടാണ്. രണ്ടിന്റേയും സൗന്ദര്യ ശാസ്ത്രവും രാഷ്ട്രീയ ഭാവനയും വേറെ വേറെയാണ്. ആറ്റൂര്‍ തീര്‍ച്ചയായും അക്കാര്യം ആഴത്തില്‍ തിരിച്ചറിഞ്ഞിരുന്നു. ജൈവ കാടല്ല, ജൈവ കൃഷി. ജൈവം എന്ന പ്രയോഗം അതിനാല്‍ തന്നെ ഈ കൃഷി രീതിയില്‍ നിന്നും വെട്ടി മാറ്റേണ്ടതുമാണ്. ആ തിരിച്ചറിവിലേക്ക് ഇന്നും ആറ്റൂര്‍ കവിത വെളിച്ചം പായിക്കുന്നു. ഒറ്റ വൈക്കോല്‍ വിപ്ലവം ആവേശത്തോടെ കൊണ്ടു വരികയും അതേ ആവേശത്തോടെ ഉപേക്ഷിക്കുകയും ചെയ്ത് തോട്ടം/കാട് എന്ന ദ്വയത്തെ ഒന്നാക്കുകയും ചെയ്ത മലയാളി സങ്കല്പത്തെ കവിതാ കാട് എന്ന ആശയത്താല്‍ ആറ്റൂര്‍ കവിത സ്വാശ്രിതമായ നിലയില്‍ നേരിടുകയായിരുന്നു.
നേരത്തെ പറഞ്ഞ കത്തില്‍ അദ്ദേഹം ഇങ്ങിനെ ഒരു വാദഗതി കൂടി ഉന്നയിക്കുന്നുണ്ട്. ‘ സമകാലീനത ഗുണമാണ്- എന്നും സമകാലീനമായി തോന്നുന്നതാണ് വേണ്ടത് (സ്ഥല നാമങ്ങള്‍ നില്ക്കും, ആള് പേരുകള്‍ നില നില്‍ക്കില്ല). പുതിയ കവിതയിലുള്ള ഒരു പ്രശ്നത്തെക്കുറിച്ച് (പേരുകളുടെ ആധിക്യം) പ്രതികരിക്കുകയായിരുന്നു ആറ്റൂര്‍. (എന്നാല്‍ ചരിത്രം ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത മനുഷ്യരുടെ പേരുകളാണ് പുതിയ കവിതകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നതെന്ന വാദം ഇപ്പോഴുണ്ട്, അതിനെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുകയുമില്ല). ഒരേ കവി എഴുതുന്ന കവിതകളില്‍ മൊഴി, ക്രമം, തരം എന്നിവയില്‍ വ്യത്യാസമുണ്ടാകണമെന്നും അതേ കത്തില്‍ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഈ വാദങ്ങള്‍ കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് തന്നെയായിരുന്നു.
ആറ്റൂര്‍ എഡിറ്റ് ചെയ്ത ‘പുതുമൊഴി വഴികള്‍’ മലയാള കവിതയുടെ പുതുമൊഴിയല്ലെന്ന് കരുതുന്ന നിരവധി കവികള്‍ ഉണ്ട്. അദ്ദേഹത്തിന്റെ കവിത പൂരപ്പറമ്പുകളില്‍ വിശ്രമിക്കുകയാണെന്ന് വിമര്‍ശിച്ചവരുണ്ട്. ആറ്റൂര്‍ എന്റെ കവിയല്ല എന്നു തുറന്നു പറഞ്ഞ യുവ കവികളുണ്ട്. അയാള്‍/അവള് ആറ്റൂര്‍ സ്കൂളില്‍ പെട്ടയാള്‍ എന്ന് പരിഹസിക്കപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്. പക്ഷെ, ഈ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മീതെ ആറ്റൂര്‍ കവിത എന്തു കൊണ്ട് വായിക്കപ്പെട്ടു, അത് ഏതെല്ലാം തരത്തില്‍ നമ്മുടെ ഭാഷക്കുള്ളില്‍ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതും ഒരു പ്രധാന പ്രവര്‍ത്തനമാണെന്ന് തോന്നുന്നു.
2
രാഷ്ട്രീയ നിലപാടുകള്‍ കവിതയില്‍ എങ്ങിനെ എന്ന ചോദ്യത്തിന് ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ‘പുറത്തു കാണിക്കണമെന്നില്ല, പക്ഷെ അതു വേണം. നിശ്ചയമായും. അത് കവിതക്കുള്ളില്‍ ലയിച്ചു കിടക്കണം.’ ഇങ്ങിനെ പറഞ്ഞ് അദ്ദേഹം വലത്തെ കയ്യിലേക്ക് ഇടത്തേ കയ്യിലെ വിരലുകള്‍ വെച്ച് ഉരച്ചു കാണിച്ചു. ലയിക്കല് ഇങ്ങിനെ എന്ന് പറഞ്ഞ് ചിരിച്ചു. പാര്‍ട്ടി കാര്‍ഡുണ്ടായിരുന്ന, പുരോഗമന സാഹിത്യത്തില്‍ കടുത്ത തോതില്‍ വിശ്വസിച്ചിരുന്ന ആറ്റൂര്‍ ആ സമീപനങ്ങളെല്ലാം വളരെ വൈകാതെ ഉപേക്ഷിച്ചു. കവിതയില്‍ രാഷ്ട്രീയം സന്നിവേശിപ്പിക്കുന്നത് എങ്ങിനെ എന്നതിനെക്കുറിച്ച് ആലോചിച്ചു. കൊമ്പും ചെണ്ടയും ചേങ്ങിലയും ഇലത്താളവും മുഴങ്ങിയ സ്ഥലങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ് കവിത എഴുതിയ ആ കവിയെ ‘മൗനത്തിന്റെ മുഴക്കം’ എന്ന് കള്ളിയിലിട്ട് നിരൂപകര്‍ സമാധാനിച്ചു. സത്യത്തില്‍ ആ പ്രയോഗം സൂത്രപ്പണിയായിരുന്നു. ഒരു കവിയുടെ ബഹുസ്വര വഴികള്‍ തുടച്ചു മാറ്റി ജനപ്രിയമായ ഒറ്റത്തലക്കെട്ടിനു കീഴിലൊതുക്കല്. ആറ്റൂര്‍ കവിത മൗനം, നിശ്ശബ്ദത, നിലപാട്, സംഘര്‍ഷം, പൊട്ടിത്തെറി എന്നിങ്ങനെ വിവിധ മനുഷ്യ സ്വഭാവത്തേയും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കാവ്യ ലോകത്തിലൂടെ കടന്നു പോകുമ്പോള്‍ മനസ്സിലാകും. 1974ല്‍ എഴുതിയ ഉദാത്തം എന്ന കവിതയുടെ അവസാന വരികള്‍ തന്നെ ഇതിനുള്ള മുഖ്യ ഉദാഹരണം.
‘ഇനിയൊട്ടുമില്ലല്ലോ
ഹേ, കിശോരക! നിന്റെ
പൊക്കണത്തിലെ-
യുച്ചക്കഞ്ഞി പാത്രത്തില്പ്പകര്ന്നീടുവാന്:
ഇളയ നിന് കൈകളാല്‍
പൊക്കിയെറിഞ്ഞീടുകീ പെരുംവാര്‍പ്പ്
നൂറായി നുറുങ്ങട്ടെ
ക്ഷീരപഥത്തിന് തിളപ്പുകള്‍’
3
ആറ്റൂര്‍ സ്വയം അനുകരിക്കാത്ത കവിയാണെന്ന അഭിപ്രായം നില നില്‍ക്കുന്നുണ്ട്. മലയാളത്തിലെ ഏത് എഴുത്തുകാരനേയും എന്ന പോലെ സ്വയം അനുകരിക്കുന്നതിലെ പ്രതിസന്ധി ആറ്റൂരിനുമുണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളാണ് അദ്ദേഹത്തെ വിവര്‍ത്തനത്തിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ സംഗീത കച്ചേരികള്‍ക്ക് നിരന്തരമായി പോയി വെറുതെയങ്ങിനെ, സ്വാഭാവികമായി തമിഴ് പഠിച്ചു എന്നാണ് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത്. സ്വയം അനുകരിക്കുകയാണോ, അനുകരിക്കേണ്ടി വരുമോ എന്ന സര്‍ഗാത്മക ഭയം ആറ്റൂരിനുണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ആശ്വാസമായി. സുന്ദരരാമസ്വാമിയുടെ നോവലുകള്‍ (ജെ.ജെ.ചില കുറിപ്പുകള്‍, പുളിമരത്തിന് കഥ), സല്‍മയുടെ ‘രണ്ടാം യാമങ്ങളുടെ കഥ’ എന്നിവയുടെ വിവര്‍ത്തനം മലയാള-തമിഴ് സാംസ്കാരിക ബന്ധത്തിന്റെ സമീപ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളായി മാറി. സല്‍മയുടെ നോവല്‍ അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തിയിരുന്നു. വിവര്‍ത്തന വേളയില്‍ മുസ്ലിം പദങ്ങളും പ്രശ്നങ്ങളും അദ്ദേഹം കൂടുതലായി ചര്‍ച്ച ചെയ്തിരുന്നത് എം.എന്‍. കാരശ്ശേരിയുമായിട്ടായിരുന്നു. ചില വേളകളില്‍ ചില പദങ്ങള്‍, മുസ്ലിംകള്‍ക്കിടയിലെ വിവിധ സെക്ടുകള് എന്നിവയെക്കുറിച്ച് എന്നോടും ചോദിച്ചിരുന്നു. ഒരിക്കല്‍ ഒരു ഇ-മെയില്‍: ഇശാ എന്ന വാക്കിന്റെ അര്‍ഥമെന്താണ്? അത് ഇശാ നമസ്ക്കാരത്തെക്കുറിച്ചാണ്. ഒരു ദിവസത്തെ അഞ്ചാം നേരത്തെ, അവസാനത്തെ നമസ്ക്കാരം. അങ്ങിനെ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഇ-മെയില്‍ ഉടന്‍ വന്നു. ‘ഞാന്‍ യേശു പോലെ സമാനമായ ഒരു പ്രവാചക പദം എന്നാണ് ധരിച്ചത്. തലശ്ശേരിയില്‍ പഠിപ്പിച്ചിട്ടും, അവിടെ നോമ്പു തുറകള്ക്കു പോയിട്ടും ഇതൊന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ഒരു മുസ്ലിം വീട്ടിലെ ദൈനംദിന ജീവിത രീതികളെക്കുറിച്ച് ഇന്നും എനിക്ക് ഒന്നുമറിയില്ല. സല്‍മയുടെ നോവല്‍ വിവര്‍ത്തനം ചെയ്യാന്‍ ഈ അറിവ് അനിവാര്യമായിരുന്നു’.
എല്ലാവരും കൂടിക്കഴിഞ്ഞു, ഒന്നായി നിന്നു എന്നൊക്ക പ്രസംഗത്തില്‍ പറയുകയല്ലാതെ അങ്ങിനെയൊന്നും വാസ്തവത്തില്‍ പൂര്‍ണ്ണാര്‍ഥത്തില്‍ ഒരിക്കലും നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലല്ലോ, നമ്മള് ഒന്നായിക്കഴിഞ്ഞത് സാഹിത്യത്തില്‍ മാത്രമായിരുന്നുവെന്നും സമാധാനിക്കാമല്ലേ എന്ന് പറഞ്ഞപ്പോള്‍ അതില്‍ കുറച്ചു ശരിയുണ്ടെന്ന് ആറ്റൂര്‍ മാഷ് പറഞ്ഞു. മുസ്ലിംകള്ക്ക് മറ്റു സമൂഹങ്ങളുടെ ദൈനംദിന ജീവിത രീതിയെക്കുറിച്ചും അറിയില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ അത് വളരെക്കൂടിയിട്ടുമുണ്ട്. അതിനൊരു കാരണം ആറ്റൂര്‍ ‘ഓട്ടോവിന് പാട്ടില്‍’ പറയുന്നതാണ്.
ഊണിന്നും ചിലവായി,
ഉടുപ്പിന്നും ചിലവായി
മരുന്നിന്നും ചിലവായി
വിരുന്നിന്നും ചിലവായി
ചിലവും ചിലവാക്കലും മാന്യതയുടെ അടയാളമായി മാറിയ ഒരു സമൂഹത്തിന് പാരസ്പര്യം ഏറെക്കുറെ അസാധ്യമാകും. അത് കേരളത്തില്‍ സംഭവിച്ചിട്ടുമുണ്ട്. അക്കാര്യത്തില്‍ തര്‍ക്കമേതുമില്ല.
തമിഴ് ബന്ധം ആറ്റൂരിന്റെ കവിതയെ കൂടുതല്‍ കുറുക്കി, മുറുക്കി. അതില്‍ ഗുണവും ദോഷവും കണ്ടവരുണ്ട്. കവി വിവര്ത്തകനാകുമ്പോള് എന്ന ചര്‍ച്ചയിലേക്ക് ആറ്റൂര്‍ ഇതു വഴി നമ്മെ ക്ഷണിക്കുന്നു.
4
ആറ്റൂരിന്റെ സംഗീതം തേടിയുള്ള യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ‘മോക്ഷമു’ എന്ന അദ്ദേഹത്തിന്റെ കവിതയാണ് ഓര്‍മ്മയില്‍ വരിക. ചെന്നൈയിലും തിരുവയ്യാറിലും പിന്നെ മറ്റു പലയിടങ്ങളിലും സംഗീത കച്ചേരികള്‍ക്ക് പോയതിന്റെ ഓര്‍മകളും അനുഭവങ്ങളും പുരണ്ട ആ കവിത ഒരു വായനക്കാരന് എന്ന നിലയില്‍ ഏറെ പ്രിയപ്പെട്ടതാണ്.
കാവേരിയൊഴുകുന്നു,
പട്ടമേഞ്ഞ മണ്‍കുടിലുകള്‍,
ഒഴിഞ്ഞ കടവുകള്‍,
ഒറ്റപ്പെട്ട മരങ്ങള്‍,
ഓരത്തു പറ്റിച്ചേര്‍ന്നു
കാവേരിയൊഴുകുന്നു
എന്ന വരികളുമായാണ് ആ കവിത തുടങ്ങുന്നത് കവിത അവസാനിക്കുന്നത്-
കാവേരി തുടരുന്നു
തിരുച്ചിയില്‍, തഞ്ചാവൂരില്‍, കുംഭകോണത്തില്‍
തെന്നാഫ്രിക്കയില്‍, ശ്രീലങ്കയില്‍
കാവേരിയലയുന്നു.
‘ശുദ്ധ സംഗീത’ത്തിന്റെ (അങ്ങിനെയൊരു സംഗീതമുണ്ടോ) വഴി തേടി നടക്കവേ പെട്ടെന്ന് വിവിധ നാടുകളില്‍ തുടരുന്ന കാവേരിയെ കവി കണ്ടെത്തുകയാണ്. ഒരു പക്ഷെ ആറ്റൂര്‍ കവിതകളില്‍ ഏറെ അടിക്കുറിപ്പുകളുള്ള കവിത കൂടിയാണിത്. അവസാന വരികള്‍ക്ക് കവിയുടെ അടിക്കുറിപ്പ് ഇങ്ങിനെ- പല ദിക്കിലും കുടിയേറിയ തമിഴരുടെ പ്രവാസദുഃഖത്തിന്റെ അടയാളം.
കവിത എങ്ങിനെ രാഷ്ട്രീയമായി മാറുന്നു എന്നതിന് ആറ്റൂരിന്റെ കാവ്യ ലോകത്തു നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മറുപടി കൂടിയാണ് ‘മോക്ഷമു.’ കര്‍ണാടക സംഗീതത്തിലെ വിവിധ കാര്യങ്ങള്‍ പറയുന്നു, കീര്‍ത്തനങ്ങളും രാഗങ്ങളും കടന്നു വരുന്നു, പ്രധാന സംഗീത കച്ചേരികള്‍ നടക്കുന്ന സ്ഥലനാമങ്ങള്‍ വരുന്നു. അങ്ങിനെ അതില്‍ തന്നെ അവസാനിക്കാനുള്ള എല്ലാ സാധ്യതയുമുള്ള കവിതയാണ് ‘മോക്ഷമു.’ പക്ഷെ ആ കവിത എങ്ങിനെ തമിഴ് പ്രവാസത്തിന്റെ ദുഃഖത്തെക്കൂടി സ്പര്‍ശിച്ചു എന്നത് പ്രധാനമാണ്. 1985ലാണ് ആറ്റൂര്‍ ഈ കവിതയെഴുതുന്നത്. ഇന്നും തമിഴ് പ്രവാസത്തിന്റെ ക്ലേശങ്ങളും ദുഃഖങ്ങളും അപമാനങ്ങളും അവസാനിച്ചിട്ടില്ല. തന്റെ തമിഴ് ബന്ധത്തില്‍ ആറ്റൂര്‍ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തി ശുദ്ധ സംഗീതവും ശുദ്ധ സാഹിത്യവും മാത്രമല്ല തേടിയത് എന്നതിന് ഈ വരികള്‍ വിചാരണകളില്‍ സാക്ഷി പറയുന്നു.
1989ല്‍ ആറ്റൂര്‍ ‘മറുവിളി’ എഴുതി. ആ കവിതയുടെ തമിഴ് വിവര്‍ത്തനം ലോകമെങ്ങുമുള്ള തമിഴ് ഡയസ്പോറകളിലെ വായനക്കാര്‍ക്കിടയില്‍ അക്കാലത്ത് ‘ വൈറലായി.’
തമിഴ് ഈഴ/സ്വത്വ പ്രശ്നത്തെ അക്കാലത്ത് മലയാളത്തില്‍ ഈ വിധത്തിൽ എഴുതിയവര്‍ വളരെക്കുറവ്. എല്‍.ടി.ടി.ഇ ഭീകരപ്രസ്ഥാനമോ വിമോചക പ്രസ്ഥാനമോ എന്ന കാര്യത്തില്‍ നമ്മുടെ എഴുത്തുകാര്‍ക്ക് തീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനോടാണ് ആറ്റൂര്‍ ഇങ്ങിനെ പ്രതികരിച്ചത്.
നിങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്
ഞാന്‍ കേള്‍ക്കുന്നുണ്ട്.
പറയാതിരിക്കുന്നത്
എന്നില്‍ മാറ്റൊലിക്കുന്നുണ്ട്.
നമുക്ക് ഒരേ സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍
ഒരേ മൗനം.
ഊരു മുറ്റങ്ങളില്‍,
പൊങ്ങല് വഴികളില്‍
കോലമിടുവാന്‍
നമ്മുടെ വിരലുകള്‍
ഒപ്പം മടങ്ങി നിവരുന്നു.
ഒരേ കടലിന്റെ
ഇരുവക്കിലും
നാം ബലിയിട്ടു.
മുണ്ഡനം ചെയ്തു
നാം കാണുന്നത്
ഒരേ ആഴം.
ഇക്കരെ ഒരൂര്
ഒരു മുത്തശ്ശി,
ഒരു ദൈവം
നിങ്ങളെ കാത്തിരിക്കുന്നു.
നിങ്ങളുടെ പേരുകള്‍
എനിക്കു സുപരിചിതം
സ്ഥലങ്ങള്‍ സുപരിചിതം
റീഗല്‍ സിനിമ.
വീരസിംഹം ഗ്രന്ഥശാല,
ബസ്സ്റ്റാൻഡ്
എല്ലാം എന്റെ കാണാത്ത
കാഴ്ചകള്‍.
പോസ്റ്റാപ്പീസു റോഡിലൂടെ
നീ നടന്നു പോകുമ്പോള്‍
പാതയില്‍ ഒരു കുടന്ന
ചോരയായി മാറുന്നു
ഒരു കുടന്ന ചോര
കൈപ്പടം പോലെ പരന്ന്
എന്നോടാവലാതിപ്പെടുന്നു.
എന്നോടട്ടഹസിക്കുന്നു.
എന്നെ പിടിയ്ക്കാന്‍ വരുന്നു
കടലിലേയ്ക്കിറങ്ങി
കരയിലേയ്ക്കു കയറി,
എന്റെ പിന്നാലെ വരുന്നു.
അതിനോടു ഞാന്‍ പറയുന്നു
ഇരക്കുന്നു, കെഞ്ചുന്നു
ഞാന്‍ കാഞ്ചിയോ ഉണ്ടയോ അല്ല.
വാനരനോ വാല്മീകിയോ അല്ല.
മുഴുക്കഷണ്ടിയായ
മുന്‍പല്ലുകള്‍ പോയ,
അരമുണ്ടു മാത്രമുടുത്ത
വെടിത്തുളപെട്ട
ഒരു ചോദ്യ ചിഹ്നം മാത്രം.
5
വൈലോപ്പിള്ളി സ്കൂളില്‍ പെട്ടു പോകരുതെന്ന് ആറ്റൂര്‍ തീരുമാനിച്ചിരുന്നു. എല്ലാ നിലയിലും അതിനു വലിയ സാധ്യത നില നിന്നിരുന്നു. വൈലോപ്പിള്ളിയുടേയും ആറ്റൂരിന്റേയും രാഷ്ട്രീയ സമീപനങ്ങള്‍ക്കും വിഛേദനങ്ങള്ക്കും ചില സമാനതകളുണ്ട്. പുരോഗമന സാഹിത്യത്തോടുള്ള അടുപ്പവും പില്ക്കാല അകല്‍ച്ചയും തന്നെ പ്രധാന ഉദാഹരണം. അത് കാവ്യ സ്വരൂപത്തെ എളുപ്പത്തില്‍ സ്വാധീനിക്കാവുന്നതുമാണ്. മലയാളത്തില്‍ അതിന് പല ഉദാഹരണങ്ങള്‍ ഉണ്ടു താനും. എങ്കിലും ഒരു കാര്യത്തില്‍ മാത്രം വൈലോപ്പിള്ളി തുടര്‍ച്ച ആറ്റൂരിലുണ്ട്. ജീവിക്കാനായി കേരളം വിട്ടു പോയവരെക്കുറിച്ചുള്ള അടയാളപ്പെടുത്തല്‍. വൈലോപ്പിള്ളി ‘ആസാം പണിക്കാര്,’ ‘ഗള്‍ഫ് സ്റ്റേറ്റുകളോട്,’ ‘കേരളത്തിലെ യഹൂദര്‍ ഇസ്രയേലിലേയ്ക്ക്’ തുടങ്ങിയ കവിതകളിലൂടെ ഈ പ്രമേയത്തോട് പ്രതികരിച്ചു. ആറ്റൂര്‍ ‘നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്,’ ‘പാണ്ടി,’ ‘നഗരത്തില്‍ ഒരു യക്ഷന്,’ ‘മൊട്ട,’ ‘മടക്കം’ എന്നീ കവിതകളിലൂടെ ഇതേ പ്രമേയത്തെ കൂടുതല്‍ വിശദമാക്കാന്‍ ശ്രമിച്ചു. അത് വൈലോപ്പിള്ളി മട്ടിലേ അല്ല. അങ്ങിനെയാകാതിരിക്കാന്‍ ആറ്റൂര്‍ അതീവ ശ്രദ്ധ കാണിച്ചു. വൈക്കം മുഹമ്മദ് ബഷീന്റെ ‘പൂവമ്പഴവും’ കാരൂരിന്റെ ‘പൂവമ്പഴവും’ പോലെ.
‘പാണ്ടി’യില്‍ ആണ് ജോലി തേടി നാടുവിടേണ്ടി വന്ന മലയാളിയെ ആറ്റൂര്‍ പൂര്‍ണ്ണമായും അവതരിപ്പിക്കുന്നത്. തൊഴില്‍ പ്രവാസത്തിന്റെ ചെറിയ നേട്ടങ്ങളും യഥാര്‍ഥ ജീവിതത്തിലെ നഷ്ടങ്ങളും ആ കവിതയില്‍ ഒരേ പോലെ വിളക്കി ചേര്‍ത്തിരിക്കുന്നു. 1987ല്‍ രചിച്ച ആ കവിതയിലെ വരികള്‍ ഇന്നും മനഃപാഠമായി പിന്തുടരുന്നു.
മുപ്പതിറ്റാണ്ടിന്നു മുമ്പ്,
കിഴക്കോട്ട്
മാവും പുളിയും പറമ്പും
നിലാവുമിരുളും
കളഞ്ഞയാള്‍ പോയിരുന്നു.
പട്ടണത്തിന്റെ നടുക്ക്
വലിയോരു ഹോട്ടലില്‍
ജോലിയ്ക്കു ചേര്‍ന്ന നാള്
ഭോജനശാലയിലൂടെ
പൊങ്കലുമിഡ്ഡലിയും
കറികളും വെച്ച തട്ടേന്തി തിരക്കിട്ടു
പുലര്‍ച്ചെ മുതലേ നടക്കുവാനും
ഹിതം പോലെയോരോന്നു
വിളമ്പുവാനും പണിതീര്‍ന്നു
കൊട്ടകയ്ക്കുള്ളിലോ
കോവിലിന്നുള്ളിലോ
കടലിന്റെ വക്കിലോ ചെല്ലുവാനും
തന്നൊറ്റയാമങ്ങളി-
ലൂരിലെ പൂക്കളെ ഓര്‍ത്തോര്‍-
ത്തിരിക്കുവാനും രസം
നോക്കി നിന്നിട്ടുണ്ടയാളരികത്തു
നിത്യവും പത്രങ്ങളില്‍ ചിത്രം വരുന്നവര്‍,
തെരുവിലാള്ക്കൂട്ടമുണ്ടാക്കിടുന്നവര്,
നാവുകളില്‍ വിളയാടിടുന്നവര്,
മുന്നിലിരുന്നു കുശലം മൊഴിവതും
പുഞ്ചിരിക്കുന്നതുമോരോ-
ന്നെടുത്തു രുചിച്ചിടാറുള്ളതും
കൂടുതല്‍ വേഗത്തിലോടുന്നു
വണ്ടികളെങ്കിലും
പോകാതെയായി താനോണത്തിനും
കാവിലെ പൂരത്തിനും
ചാവടിയന്തിരത്തിനും
നാവില്‍ വിളയുന്നതില്ല
പണ്ടെന്നുമുരുവിട്ട വാക്കുകള്‍,
വറ്റീ കിനാക്കള്‍
പിന്നെ ജീവിച്ചിരുന്ന കസേലയില്‍
തന്നെ മരിച്ചു മുതലാളി,
ഇല്ല മുമ്പുള്ള പോലെ വസ്തുക്കള്‍-
ക്കെരിയോ പുളിയോ മധുരമോ;
പോയീ പഴയ പതിവുകാര്;
പുതുതായി ഭോജന ശാല,
വിഭവങ്ങള്‍, വിളമ്പുകാര്‍
കൈയിലെ ശാപ്പാടു തട്ടുമായ്
മുപ്പതിറ്റാണ്ടു നടന്നു,
തളര്‍ന്നു, വേച്ചുവേച്ചൂരിലെത്തുമ്പോള്
അവിടത്തിലില്ല തന്
ചങ്ങാതിമാരുമടുത്ത ബന്ധുക്കളു-
മയല്ക്കാരുമെതിരാളികള് കൂടിയും
തന്നെയറിഞ്ഞീല സസ്യ-
മൃഗാദി ജന്മങ്ങളിലൊന്നുമേ.
ഒന്നുമോര്ക്കുന്നീല
മൊട്ടച്ച കുന്നോ
വരണ്ടുള്ള തോടോ
പകച്ച നക്ഷത്രമോ
പോയതെന്തെന്നു
പരതുന്ന വേളയില്‍
തേമ്പുന്നു കോവിലില്‍ നിന്നും
പഴയൊരു മേളം
കോലും കുഴലും ചെവികളും
വേറെയാണെങ്കിലും.
ഇന്ത്യക്കകത്തുള്ള മലയാളിയുടെ തൊഴില്‍ പ്രവാസത്തെ (പ്രത്യേകിച്ചും മറുനാട്ടിലെ ഹോട്ടല്‍ തൊഴില്‍ ജീവിതത്തെ) ഇങ്ങിനെ രേഖപ്പെടുത്തിയ കവിതകള്‍ നമ്മുടെ ഭാഷയില്‍ അധികമില്ല.
1989ല്‍ എഴുതിയ ‘മടക്കം’ എന്ന കവിത പ്രവാസിയുടെ നേരുകളെ അതി തീക്ഷ്ണമായി അവതരിപ്പിക്കുന്നു. കവിതയിലെ വരികള്‍:
അലയും മലയും കടന്നോരെ,
നിങ്ങള്‍ മടങ്ങി വരുന്നില്ലേ?
കൃഷ്ണയും ഗോദയും ഗംഗയും താണ്ടി
നിങ്ങള്‍ മടങ്ങി വരാറില്ലേ?
പാലാറ്റുവക്കത്തു ചെന്നാലും
തേനാറ്റുവക്കത്ത് നിന്നാലും
പൊന്നു തുരുത്തിന്മേലായാലും
നിങ്ങള്‍ മടങ്ങി വരാറില്ലേ?
നടക്കാറാവുമ്പോഴേക്കും
നാലു വഴിയ്ക്കും പോയോരേ,
കുടിയായി കുട്ടിക്കുടുംബമായി
തെരുവക്കില് തിങ്ങിക്കഴിവോരേ
ഒരു പക്കം പാര്ക്കുവാനായാലും
നിങ്ങള്‍ മടങ്ങി വരാറില്ലേ?
പുലരിക്കുളിരൊടുങ്ങും മുന്നെ,
കടവിലെ വെള്ളം കെടും മുന്നെ,
കാവിലെ വേല പിരിയും മുന്നെ,
നിങ്ങള്‍ മടങ്ങി വരികയില്ലേ?
എല്ലാ നിലങ്ങളും പോയാലും
അങ്ങാടിയിലൊക്കെ തോറ്റാലും
ഒരു കളം മാറ്റുവാന്‍ നിങ്ങള്‍ക്ക്
നോക്കി വെച്ചിട്ടുണ്ട് ഞാനെന്നും
ഒരു തുണ്ടം പച്ച ഞാന്‍ നിങ്ങള്‍ക്ക്
കരുതിയിരിക്കുകയാണിന്നും,
ഒരു ചട്ടി മാനവും നിങ്ങള്‍ക്ക്
കമഴ്ത്തിപ്പിടിക്കുകയാണിന്നും
ഒരു പിടി വാക്കുകള്‍ നിങ്ങള്‍ക്ക്
പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാനിന്നും
ഉപ്പിട്ട വെള്ളം തിളപ്പിച്ച്
കണ്ണില്‍ കരുതിയിട്ടുണ്ടിന്നും.
6
ആറ്റൂര്‍ ധാരാളമായി യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ യാത്രാ സാഹിത്യം എഴുതിയിട്ടില്ല. ഒരിക്കല്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. യാത്രകള്‍ കവിതക്കുള്ള ഇന്ധനമാണ്, ഇംപ്രഷന്‍സ് വരാനുള്ള പല വഴികളില്‍ ഒന്നാണ് എന്നായിരുന്നു പ്രതികരണം. ഇങ്ങിനെ പറഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പെന്ഷന് പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളും ലേഖനങ്ങളും വരുന്ന സംഘടനാ പ്രസിദ്ധീകരണത്തില്‍ ആറ്റൂരിന്റെ ആന്ഡമാന്സിനെക്കുറിച്ചുള്ള ഒരു യാത്രാ ലേഖനം കണ്ടു. മാഷും കുടുംബവും പോര്‍ട്ട് ബ്ലെയറില്‍ നില്ക്കുന്ന ചിത്രം സഹിതം. മാഷോട് ചോദിച്ചു, അതിരഹസ്യമായി സഞ്ചാര സാഹിത്യവും ഉണ്ടല്ലേ? ആന്ഡമാന്സിനെക്കുറിച്ചാണ് ലേഖനം, ആ സ്ഥലം ഇപ്പോഴുണ്ടോ എന്ന് തിട്ടമില്ല- മാഷ് പറഞ്ഞു. സുനാമി കഴിഞ്ഞ് അധികനാളായിരുന്നില്ല. ലേഖനം കൊടുത്തിട്ട് കുറച്ചു കാലമായി. ഇപ്പോള്‍ സുനാമിക്കാലത്താണ് വന്നത് എന്നു മാത്രം. സഞ്ചാര സാഹിത്യം വൈകിപ്പോയാല്‍ ഇങ്ങിനെയാണ്, അതിന് എന്റെ ലേഖനം ഒരു മാതൃക!- അതായിരുന്നു ആറ്റൂരിന്റെ പ്രതികരണം.
7
അദ്ദേഹത്തിന് എഴുത്തച്ഛന് പുരസ്ക്കാരം കിട്ടിയപ്പോള്‍ അഭിനന്ദനമറിയാക്കാന് വിളിച്ചു. പ്രതികരണം ഇങ്ങനെ. ‘മന്ത്രിയും പരിവാരങ്ങളുമൊക്കെ വന്നു, എന്റെ വീട്ടിലേക്കുള്ള വീതി കുറഞ്ഞ വഴി ആകെ ബ്ലോക്കായി. വഴി ബ്ലോക്കായത് ഞാന്‍ കാരണമെന്നായി. അയല്ക്കാര്ക്ക് നീരസമായി.’ സംസ്ഥാനത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരം തന്റെ അയല്ക്കാര്ക്കു പോലും ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞ് അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു.
8
ആറ്റൂര്‍ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒറ്റക്കവിത ഏത് എന്നു ചോദിച്ചാല്‍ ‘മൊട്ട’ എന്നാണ് വായനക്കാരന് എന്ന നിലയിലുള്ള മറുപടി. കേരളീയ ജീവിതത്തെ, അതിന്റെ നിരവധി പ്രശ്നങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന കവിത എന്നതു തന്നെയാണ് ആ കവിതയോടടുപ്പിക്കുന്നത്. നാം കേരളീയര്‍ അറിഞ്ഞോ അറിയാതെയോ അടിപ്പെട്ടു പോയ കീഴടക്കപ്പെടല് യുദ്ധത്തെക്കുറിച്ചാണ് ‘മൊട്ട’ സംസാരിക്കുന്നത്. ഈ കവിത ഉള്ളിലേക്ക് വളരുകയും ഒരാന്തരികാവയവമായി മാറുകയും അതിന് പഴുത്താലെന്ന പോലെ നമ്മെ നിരന്തരമായി വേദനിപ്പിക്കുന്നു. ആ വേദന നിത്യമായ ഒരോര്‍മ്മയായി നില നില്‍ക്കുകയും ചെയ്യുന്നു.
നാം വെയിലറിയാതെ കയറിക്കൊണ്ടിരിക്കുന്ന കഴുകന് മലയെക്കുറിച്ച് പറഞ്ഞാണല്ലോ കവിതയുടെ തുടക്കം. ആ കയറ്റത്തിനിടയില്‍ കണ്ണില്‍ തടയുന്ന ആദ്യ കാഴ്ച നരി തിന്ന പശുവിന്റെ എല്ലിന് ബാക്കികളാണ്. ഇതാണ് ‘മൊട്ട’ വായിക്കുന്ന വായനക്കാരിന്റെ ഉള്ളില്‍ നിത്യമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ബിംബം. പശുവിനെ പുല്ല് തിന്നാനെന്ന മട്ടില്‍ കഴുമലയില് കയറ്റുകയും അതിനു ശേഷം നരി തിന്ന എല്ലു കണ്ട് മൂക്കത്തു വിരല്‍ വെച്ച് അടുത്ത ചതിക്കുഴി നോക്കി പോവുകയും ചെയ്യുന്ന കേരളീയ സാമൂഹിക ജീവിത പരിസരത്തെ തന്നെയാണ് ഈ കവിത ചോദ്യം ചെയ്യുന്നത്.
‘ പള്ളകള്‍ വീര്‍ത്ത് നില്ക്കുന്ന കരിംപാറകള്‍ തന്മുതുകത്ത് കവച്ച് കാലിട്ടിരുന്ന നാം കാണും പുക വണ്ടിയും’ എന്ന വരി മലയാളി അറിയാതെ പോയ യുദ്ധ കരുനീക്കങ്ങളെക്കുറിച്ചാണ്. പ്രച്ഛന്നമായ യുദ്ധവും പടയങ്കികള്‍ ധരിച്ച അരൂപികളുടെ വാള്തലപ്പും മൂക്കിനു താഴെ വന്നു നില്ക്കുന്നു. പക്ഷെ കഴുമലയില് നിന്ന് രംഗ വീക്ഷണം നടത്തി എന്തൊരുയരം എന്ന ടൂറിസ്റ്റ് കമന്റുമായി കഴിഞ്ഞ മലയാളികളെ ആറ്റൂര്‍ ഈ കവിതയില്‍ വെളിച്ചത്തേക്കു നിര്‍ത്തുന്നു. യാത്ര കഴിഞ്ഞ് ഞാന്‍ ‘വീട്ടു വരമ്പ് കാണുന്നത്’ കമ്പി കിട്ടിയ ശേഷം ചിത വെളിച്ചത്തിലും. അന്നപ്പാച്ചിലില് പെറ്റ മണ്ണിനെ വിട്ട് തിരികെ വരുമ്പോഴെല്ലാം ചിത വെളിച്ച മാത്രം കാണാന്‍ വിധിക്കപ്പെട്ട മലയാളി പ്രവാസിയെക്കുറിച്ചുള്ള ഈ ചിത്രം മലയാളിയുടെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളേയും ഒരേ പോലെ ഉള്‍ക്കൊള്ളുന്നു.
എല്ലാം കഴിയുമ്പോള്‍ കവിതയില്‍ കഴുമല ദൃശ്യമാകുന്നു. ആ ദൃശ്യപ്പെടലിനെ കവിതയില്‍ ഇങ്ങിനെ അടയാളപ്പെടുത്തുന്നു.
ആള്ച്ചൂരൊഴിഞ്ഞ പഴകിയ
വീടിന്റെ പിന്നാമ്പുറത്ത് നില്ക്കുമ്പോള്
വയസ്സായി ദണ്ണംപിടിച്ചു മുടിപറ്റെ
വെട്ടിയ മുത്തശ്ശി തന് തല പോലെ
വഴി മറവില്ലാതെ കാണായി കഴുമല.
ഓര്മിപ്പിക്കലിന്റെ കവിയാണ് താനെന്ന്, നയിക്കുന്ന കവിയല്ലെന്ന്, ആറ്റൂര്‍ ഈ കവിതയിലൂടെ തന്റെ കാവ്യ നയം സുതാര്യമാക്കുന്നു. ‘വടിവെച്ച് കുഴിവെട്ടി മൂടിയ കൊമ്പനെണീറ്റു നില്ക്കുന്നതു പോലെ, മാനംമുട്ടി മിണ്ടാത്തിരുള് തങ്കത്തലേക്കെട്ട് മേലോട്ടെറിഞ്ഞ് നില്ക്കുന്നു’ എന്നതാണ് കവിതയുടെ അവസാന വരികള്‍. ഈ അവസാന വരികളില്‍ നിന്നും വായിച്ചു തുടങ്ങാവുന്ന കവിത കൂടിയാണ് ‘മൊട്ട.’ ഇരുട്ടിനെ നേരിടാനുറച്ച് ഉള്ളിലേക്ക് വളരുന്നതാണ് ഈ കവിത എന്നതാണ് പ്രിയ ആറ്റൂര്‍ കവിതയായി ഈ രചന മാറാന്‍ കാരണം. വാക്കിലെ സുഷിരങ്ങളില്‍ നിന്ന് ബിംബങ്ങളും ബിംബങ്ങളുടെ വലിയ ആകാശത്ത് നിന്ന് വാക്കുകളും ഒരേ പോലെ പിറവിയെടുത്ത കവിതയാണിതെന്നാണ് വായനാനുഭവം. 1993ല്‍ ഈ കവിത വായിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അതേ തീവ്രതയോടെ ആ കാവ്യാനുഭവം നില്ക്കുന്നു, ഒട്ടും മാറ്റമില്ലാതെ, മെലിയാതെ. തോട്ടത്തിലല്ല, കാട്ടില്‍ തന്നെയാണ് പ്രവേശിച്ചത് എന്ന ഉറപ്പോടെ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook