scorecardresearch

Latest News

രാജ്യം പോയ രാജകുമാരന്മാർ: സാണ്ടൂരിൽ നിന്നും പന്തളത്തെത്തുമ്പോൾ

“ദൈവം ലിംഗനീതിയിൽ വിശ്വസിക്കുന്നു. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല,”കുമാരസ്വാമി ക്ഷേത്രട്രസ്റ്റിന്റെ ചെയർമാനും കൂടിയായ ഘോർപഡെ തന്നെ കാണാനെത്തിയ പത്രക്കാരെ അറിയിച്ചു

m y ghorpade, photographer, wild life, hariharan subrahmaniyan

ഏഴ് വർഷങ്ങൾക്കു മുൻപ്, ഇതേ തിയതിയിലാണ് മുരാരിറാവു യശ്വന്ത്റാവു ഘോർപഡെ എന്ന ഇന്ത്യൻ പൗരൻ നമ്മെ വിട്ട് പോയത്. തന്റെ പ്രവർത്തന മേഖലകളിലെല്ലാം കാലത്തിന് മായ്ച്ചുകളയാനാകാത്ത കൈമുദ്രകൾ പതിപ്പിച്ച ശേഷം വിടവാങ്ങിയ അപൂർവ്വജന്മങ്ങളിൽ ഒന്നായിരുന്നു ഘോർപഡെയുടേത്. പക്ഷെ ഇങ്ങനെയുള്ളവരെയൊന്നും ഭൂരിഭാഗം ആളുകൾ പല കാരണങ്ങൾകൊണ്ടും അറിയാതെയും മനസ്സിലാക്കാതെയും പോകുന്നു എന്നത് ഏറെ ദുഃഖകരമാണ്.

അപ്പോൾ ആരാണീ എം.വൈ. ഘോർപഡെ?
സത്യമായും ഈ വ്യക്തിയെ ഏത് മേഖലയിലാണ് കൃത്യമായി തളയ്ക്കാനാവുക എന്ന് ഒരു പക്ഷെ എളുപ്പത്തിൽ പറയാനാകില്ല.

ഏറെ കാലം കർണാടകത്തിലെ മന്ത്രിയായിരുന്നു ഈ മനുഷ്യൻ എന്നാണ് ഇന്‍റര്‍നെറ്റിൽ നിന്നും നമുക്ക് ആദ്യം കിട്ടുന്ന ഒരു വിവരം. പിന്നീട് നാം മനസ്സിലാക്കുക ഇദ്ദേഹം കർണാടകയിലെ ബെല്ലാരി ജില്ലയിൽപ്പെട്ട ഒരിക്കൽ നാട്ടുരാജ്യമായിരുന്ന സാണ്ടൂരിന്റെ രാജ്യം നഷ്ടപ്പെട്ട രാജകുമാരനാണ് എന്ന വിവരമാണ്. വളരെക്കുറച്ച് പേർക്ക് മാത്രം അറിയാവുന്ന മറ്റൊരു കാര്യമുണ്ട് ഈ മനുഷ്യന്റെ തൊപ്പിയിലെ മറ്റൊരു തൂവലായി.

ലോകം കണ്ട വിഖ്യാതരായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാളും കൂടിയാണ് ഈ ഘോർപഡെ.

അധികാരം കയ്യാളാനുള്ള ഒരു മാർഗ്ഗമായി മതവിശ്വാസവും ആചാരവും ഏറെ തരംതാണുപോയ ദിവസങ്ങളിലാണ് ജീവിതം ഇന്ന് കടന്നുപോകുന്നത്. മനുഷ്യരെ ഒരുമിക്കാൻ സഹായിക്കുന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെക്കാൾ അവർക്കിടയിൽ സ്പർദ്ധ ജനിപ്പിക്കുന്ന മതങ്ങളുടെ ആചാരങ്ങളെ കൂട്ടുപിടിച്ച് അതിലൂടെയുണ്ടാ കുന്ന സാമൂഹികഭിന്നതകളെ മുതലെടുത്ത് അധികാരം തങ്ങളുടെ കയ്യിലൊതുക്കാൻ പാടുപെടുന്ന രാജകുമാരന്മാരുടെയും തന്ത്രികളുടെയും മതമൗലികവാദികളായ രാഷ്ട്രീയക്കാരുടെയും കൂത്തരങ്ങായി മാറിയ കാലമാണിത്.
ശബരിമലയും അതിനെചുറ്റിയുള്ള സ്ത്രീപ്രവേശനവിവാദവും കത്തിയാളുന്ന ഈ ദിവസങ്ങളാവും ഒരു പക്ഷെ ഈ ഘോർപഡെ എന്ന മനുഷ്യനെ നാം ഒരിക്കലെങ്കിലും സ്മരിക്കേണ്ട ഏറ്റവും നല്ല സമയം. ഇന്നാകട്ടെ അദ്ദേഹം മരിച്ചിട്ട്‌ ഏഴ് വർഷം തികയുകയുമാണ്.

നമ്മുടെ പന്തളം പോലെയുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു ഒരിക്കൽ സാണ്ടൂരും. 1713ൽ സിദ്ധോജി റാവു ഘോർപഡെ എന്ന മറാട്ട രാജാവ് സ്ഥാപിച്ച ഒരു ചെറിയ നാട്ടുരാജ്യം. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള, ചാലൂക്യന്മാരാൽ നിർമ്മിക്കപ്പെട്ട കുമാരസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും അങ്ങനെ ഘോർപഡെമാരുടെ കൈകളിലെത്തി.സ്ത്രീകൾക്ക് ആരാധാനാവിലക്ക് ഉണ്ടായിരുന്ന ഒരു ക്ഷേത്രവും കൂടിയായിരുന്നു കുമാരസ്വാമി ക്ഷേത്രം. ആ ആചാരം അതേപടി അനുഷ്ഠിക്കുന്നതിൽ ശ്രദ്ധാലുക്കളായി ഘോർപഡെമാരും.

കുമാരസ്വാമി ക്ഷേത്രം | കടപ്പാട് : വിക്കിപീഡിയ

ഈ ആചാരത്തിന് പുറകിലുള്ള ഐതിഹ്യം കുമാരസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായ തൊണ്ണൂറു വയസ്സോടടുത്ത ശങ്കര ഭട്ട് ജോഷി പറയുന്നതിങ്ങനെയാണ്:

“കുമാരസ്വാമി ശിവപെരുമാളിന്റെ മകനാണ്. ഒരിക്കൽ കുമാരസ്വാമിക്ക് അമ്മയായ പാർവതി ഒരു വധുവിനെ കണ്ടെത്തി. വധുവിനെ നേരിട്ട് കണ്ട കുമാരസ്വാമിക്ക് പാർവതിയോടുള്ള അവളുടെ രൂപസാദൃശ്യം കണ്ട് അസ്വാസ്ഥ്യം നേരിട്ടു. ആ ഞെട്ടലിന്റെ ഫലമായി ആ വിവാഹം തന്നെ വേണ്ടെന്ന് വച്ച കുമാരൻ ഇനി താൻ ഒരു പെണ്ണിനെയും നോക്കുകയില്ലെ ന്ന് പ്രതിജ്ഞ ചെയ്തു.”

കുമാരസ്വാമിയുടെ പ്രതിജ്ഞ നിറവേറാൻ വേണ്ടി പുരാതന കാലം മുതൽക്കേ ഇവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. വിശ്വാസം നിലനിർത്താൻ വേണ്ടിയുള്ള കഥകൾക്കും പഞ്ഞമുണ്ടായില്ല. പുരുഷന്മാരായി വേഷം മാറിയിവിടെ എത്തുന്ന സ്ത്രീകൾ കടുത്ത അസുഖം ബാധിച്ച് രക്തം ഛർദ്ദിച്ച് മരിക്കുമെന്ന് ഒരു വിശ്വാസം കാലക്രമേണ ഉടലെടുത്തു.

സാണ്ടൂർ രാജാവ് 1930ൽ ഏറെ പുരോഗമനപരമായ ഒരു വിളംബരം രാജ്യത്ത് നടത്തുകയുണ്ടായി. സാണ്ടൂർ കുമാരസ്വാമി ക്ഷേത്രം അദ്ദേഹം കീഴാള ജനവിഭാഗങ്ങൾക്കായി തുറന്ന് കൊടുത്തു. ഗാന്ധിജി പോലും ഈ വാർത്തയറിയുന്നത് നാല് വർഷങ്ങൾക്ക് ശേഷം സാണ്ടൂർ സന്ദർശിച്ച പ്പോൾ മാത്രമാണ്. പിന്നീടുള്ള ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തന്റെ പല പ്രസംഗങ്ങളിലും അദ്ദേഹം സാണ്ടൂരിൽ കീഴാളജനവിഭാഗങ്ങളെ ക്ഷേത്രത്തിൽ കയറ്റിയപ്പോൾ മാനമിടിഞ്ഞു വീണില്ലെന്നും ഇനിയും അത് ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്നും പറയുമായിരുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈവന്നിട്ടും കുമാരസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് എടുത്ത് മാറ്റപ്പെടുകയുണ്ടായില്ല. ഇതിനിടെ കേംബ്രിഡ്ജിൽ പോയി പഠിച്ച് ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്ന മുരാരി റാവു തന്റെ കഴിവുകൾ സമൂഹനന്മയ്ക്കായി വിനിയോഗിക്കണം എന്ന് തീരുമാനിക്കുകയും രാഷ്ട്രീയപ്രവർത്തനത്തിനായി ഇറങ്ങിത്തിരി ക്കുകയും ചെയ്തു. വിദ്യാഭ്യാസമേഖലയിലും സാണ്ടൂർ രാജകുടുംബം പല പുരോഗമനപരമായ നടപടികളും എടുത്തിരുന്നു. സാണ്ടൂരിലെ പൊതുതിരഞ്ഞെടുപ്പുകളിൽ മുരാരി റാവു തുടർച്ചയായി തിരഞ്ഞെടുക്ക പ്പെടുകയും കർണാടകത്തിന്റെ പ്രധാനപ്പെട്ട മന്ത്രിമാരിൽ ഒരാളാവുകയും ചെയ്തു. പിതാവ് (സാണ്ടൂർ രാജ്യത്തിന്റെ അവസാന രാജാവ് ) മരണപ്പെട്ട അവസരത്തിൽ മുരാരി റാവു പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവും നടത്തി. തെല്ലും സംശയമില്ലാതെ, ഒരു ബഹളത്തിനും ഇടം കൊടുക്കാതെയായി രുന്നു കുമാരസ്വാമി ക്ഷേത്രട്രസ്റ്റിന്റെ ചെയർമാനും കൂടിയായ അദ്ദേഹം ഇനി മുതൽ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന അതിപ്രധാനമായ പ്രഖ്യാപനം തന്നെ കാണാൻ വന്ന പത്രക്കാരെ അറിയിച്ചത്:

“ദൈവം ലിംഗനീതിയിൽ വിശ്വസിക്കുന്നു. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല.”

നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ഒരു ദുരാചാരത്തെയായിരുന്നു കാലത്തിനൊപ്പമോ അതിന് മുൻപേയോ നടന്ന ആ മനുഷ്യൻ തുടച്ചുനീക്കിയത്. മാറിയ ഒരു വ്യവസ്ഥയെ സ്വീകരിക്കുകയും, അതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമായ സമത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ആ മുൻ രാജകുടുംബാംഗത്തിൽ നിന്നും ഒരു പാഠവും അത്രയും തന്നെ ചെറിയ ഒരു രാജ്യമായിരുന്ന പന്തളം രാജകുടുംബാംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർക്ക് ഗ്രഹിക്കാൻ കഴിയാതെ പോയതിന്റെ പാർശ്വഫലമാണ് ശബരിമലയിലെ സംഘർഷം.

മുരാരി റാവു യശ്വന്ത് റാവു ഘോർപഡെ എന്ന മുൻ രാജകുമാരനും ഒരു സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രിയുമായ ഒരു മനുഷ്യനെ അധികാര ത്തിന്റെ സ്വഭാവദൂഷ്യങ്ങളിൽ നിന്നും അകറ്റിനിർത്താൻ ഒരു പക്ഷെ അദ്ദേഹത്തിന് വിദേശത്ത് നിന്നും ലഭിച്ച ഉന്നത വിദ്യാഭ്യാസം സഹായിച്ചിരിക്കാം. പക്ഷെ പിന്നീട് ഇതേ യോഗ്യതയുള്ള പലരുടെയും അഴിമതി നിറഞ്ഞ കഥകൾ വെളിയിൽ വന്നതുകൊണ്ട് അത് മാത്രമല്ല ഇതിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അന്വേഷിച്ചു പോകുമ്പോ ഴാണ് മുരാരി റാവുവിനെ ലോകമറിയുന്നത് അദ്ദേഹം മറ്റൊരു മേഖലയിൽ പുലർത്തിയിരുന്ന അതിമികവിന്റെ കാരണത്താലാണെന്ന് നാം തിരിച്ചറിയുന്നത്. ഇന്ത്യയിലെ വന്യജീവി ഫൊട്ടോഗ്രാഫിയുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെ തലതൊട്ടപ്പന്മാരായ നാല് പേരുകൾ നമ്മെ തേടിയെത്തും. എം.കൃഷ്ണൻ,ഇ. ഹനുമന്ത റാവു. ടി.എൻ.എ. പെരുമാൾ, എം.വൈ .ഘോർപാഡെ
ഇന്ത്യയിലെ പ്രകൃതി, വന്യജീവി ഫോട്ടോഗ്രാഫിയുടെ സാന്നിധ്യം ഇത്രയധികം വിദേശരാജ്യങ്ങളിൽ അറിയിച്ച ഫോട്ടോഗ്രാഫർമാർ നെറ്റില്ലാത്ത ആ കാലത്ത് വേറെയുണ്ടാകില്ല.

ഇങ്ങനെയുള്ള നാലുപേർ ഒരേ കാലഘട്ടത്തിൽ ഒരു രാജ്യത്ത് ജീവിച്ചിരുന്നു എന്നത് തന്നെ അത്ഭുതമുണർത്തുന്നു .നൂറുകണക്കിന് ബഹുമതികളാണ് വിദേശത്തുനിന്നും ഇവരെ തേടിയെത്തിയത്. അതും ഫൊട്ടോഗ്രാഫിയെ ഏറ്റവും ഗൗരവമായി സമീപിച്ചിരുന്ന രാജ്യങ്ങളിലെ പ്രധാനപ്പെട്ട അക്കാദമികളിൽ നിന്നുമുള്ളവ. ഇവിടെയും ഘോർപഡെയ്ക്ക് മാത്രം അവകാശപ്പെട്ട സവിശേഷമായ ഒരു ഇടമുണ്ട്.

1983ൽ പാരിസ് ആസ്ഥാനമായുള്ള Federation Internationale’ de l’ Art Photographique അപൂർവമായി മാത്രം നൽകാറുള്ള “മാസ്റ്റർ ഓഫ് ഫൊട്ടോഗ്രാഫി” എന്ന വലിയ ബഹുമതി നേടുന്ന ആദ്യത്തെ വന്യജീവി ഫോട്ടോഗ്രാഫർ ആണ് ഘോർപാഡെ. വന്യജീവി ഫൊട്ടോഗ്രാഫിയിലെ അതികായനായ എറിക് ഹോസ്‌ക്കിങ് ജീവിച്ചിരുന്ന കാലഘട്ടവും കൂടിയായിരുന്നു അത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ മഹത്വം ഗ്രഹിക്കുക. ലോകത്തിന്നോളം എടുക്കപ്പെട്ട ആനകളുടെ ഫൊട്ടോകളിൽ ഏറ്റവും മനോഹരവും പ്രശസ്തവുമാണ് അദ്ദേഹമെടുത്ത “Tusker in the Rain” . എഴുപതുകളിലും എൺപതുകളിലുമായി ഈ ഫോട്ടോവിന് അന്താരാഷ്‌ട്രതലത്തിൽ എത്ര പുരസ്‌ക്കാര ങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കണക്കെടുക്കുക തന്നെ പ്രയാസമാണ്. എങ്കിലും ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം പരാമർശിക്കാതിരിക്കാനാവില്ല.

ഫൊട്ടൊ : മുരാരിറാവു യശ്വന്ത്റാവു ഘോർപഡെ | കടപ്പാട് :സാന്ക്ച്വറി നേച്ചര്‍ ഫൗണ്ടേഷന്‍

1977ൽ റോട്ടറി ക്ലബ്ബിന്റെ സംഘാടനത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന രാജ്യാന്തര ഫൊട്ടോഗ്രാഫിയുടെ പ്രദർശനത്തിൽ ഓസ്ട്രേലിയൻ മ്യൂസിയത്തിന്റെ സ്വർണ്ണ മെഡൽ ഈ ഫൊട്ടോയ്ക്കായിരുന്നു. 1988ൽ ഹെൽസിങ്കിയിൽ അന്താരാഷ്‌ട്രതലത്തിൽ പ്രശസ്തരായ ഏറെ ഫോട്ടോഗ്രാഫർമാർ പങ്കെടുത്ത വളരെ വിപുലമായ പ്രകൃതി സംബന്ധമായ ഫൊട്ടോഗ്രാഫി പ്രദർശനം നടന്നു. മത്സര വിഭാഗത്തിൽ സ്വർണ്ണ മെഡലും ഘോർപ ഡെയുടെ “മഴയത്ത് നിൽക്കുന്ന ആന”യ്ക്കായിരുന്നു.

കലാപ്രവർത്തനം, പ്രത്യേകിച്ചും പ്രകൃതിയോടിണങ്ങിയാണ് നടത്തുന്നതെങ്കിൽ ഹൃദയത്തെയും മനസ്സിനെയും നിർമ്മലമാക്കും. ഈ നൈർമല്യമാകണം അധികാരം കൈയാളുമ്പോഴും ഏറെ ഉപകാരപ്രദവും പുരോഗമനപരവുമായ കാര്യങ്ങളിൽ വ്യാപൃതനാകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. പരമ്പരാഗതമായി ലഭിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് വനനിർമ്മാണത്തിന് മാത്രമായി അദ്ദേഹം നീക്കിവച്ചത്. കർണാടകയിൽ അദ്ദേഹം ഗ്രാമവികസനമന്ത്രിയായിരിക്കുമ്പോഴാണ് അവിടെയുള്ള ജനത പഞ്ചായത്തി രാജ് നിയമത്തെക്കുറിച്ച് അറിയുന്നത് തന്നെ. ഏറെ എതിർപ്പുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് പ്രാബല്യത്തിൽ വരുത്തുകയും പല സംസ്ഥാനങ്ങളേക്കാൾ മികവുറ്റ രീതിയിൽ അത് പ്രാവർത്തികമാക്കുകയും ചെയ്യുകയുണ്ടായി. കർണാടകയിലെ പ്രധാനപ്പെട്ട ഒരു ലോക പൈതൃക കേന്ദ്രമായ ഹാംപിയ്ക്കടുത്തുള്ള ദരോജി കരടി സങ്കേതം ഘോർപഡെയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 1994ൽ ആരംഭിച്ചത്.

പരിചാരകരോടൊപ്പം സണ്ടൂരിലെ രാജകുമാരന്‍ 1880ലെ ചിത്രം | കടപ്പാട് : വിക്കിപീഡിയ

സാണ്ടൂരിനടുത്തുള്ള കാടുകളിലും മലനിരകളിലും റെഡ്‌ഢി സഹോദരന്മാർ മാറിയ രാഷ്ട്രീയ ചുറ്റുപാടുകൾ മുതലെടുത്ത് തങ്ങളുടെ താണ്ഡവം തുടങ്ങിയപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും അവരുടെ പക്ഷത്തേക്ക് മാറുന്നത് കണ്ട ഘോർപഡെ പകച്ചുപോയി. “ഈ അഴിമതിയും ഈ ഖനനവും നമ്മളെ നശിപ്പിക്കും, ” എന്ന് അദ്ദേഹം പാർട്ടി ഹൈക്കമാണ്ടിനെ അറിയിച്ചുവെങ്കിലും വലിയ ഫലമൊന്നും കണ്ടില്ല.

ഘോർപഡേമാർ ചരിത്രത്തിൽ നിന്ന് മായ്ക്കപ്പെടുകയും, അഹങ്കാരവും കപടവിശ്വാസവും മാത്രം കൈമുതലായുള്ള, മതേതരമൂല്യങ്ങളിൽ ഒരൽപ്പം പോലും വിശ്വാസമില്ലാത്ത സ്വയം പ്രഖ്യാപിത രാജാക്കന്മാരും രാഷ്ട്രീയ ക്കാരും കാര്യസാധുതയ്ക്കായി അവരുടെ പിണിയാളുകളായി മാറിയ കലാകാരന്മാരെന്ന് ഭാവിക്കുന്ന ചിലരും അവിടേയ്ക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. മുൻപും ചരിത്രത്തിൽനിന്നും കലാകാരന്മാരെ ഏകാധിപതികളും ഫാഷിസ്റ്റുകളും കൊല്ലുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.  അവർക്ക് പകരമായി ആ ഏകാധിപതികളുടെ ജനവിരുദ്ധതയെ പ്രകീർത്തിക്കുന്ന കോമാളികളെ കുടിയിരുത്തിയിട്ടുമുണ്ട് . കാലം വീണ്ടും അതിന്റെ നന്മയെ തിരികെ പിടിച്ചിട്ടുള്ള അവസരങ്ങളിലെല്ലാം കോമാളികൾ ചവറ്റുകൊട്ടയിലേയ്ക്കും നാടുകടത്തപ്പെട്ടവർ ചരിത്രത്തിലേയ്ക്കുമാണ് എത്തിപ്പെട്ടിട്ടുള്ളത്. ഏകാധിപതികളാകട്ടെ ജനങ്ങളാൽ കൊല്ലപ്പെടുക വരെ ചെയ്യപ്പെട്ടിട്ടുണ്ട്.

ഓർമ്മകളുണ്ടായിരിക്കണം എന്ന് നാം വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയത് കൊണ്ട് മാത്രമായില്ല. ഓർമ്മകൾ ഉണ്ടാകാൻ നാം ചരിത്രത്തിലേയ്ക്ക് ഉറ്റുനോക്കി അതിൽനിന്നും ഘോർപഡെയെപ്പോലെയുള്ള മുത്തുകൾ തപ്പിയെടുത്ത് അവരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരി ക്കണം.

പ്രകാശത്തിന് ഇരുൾ കസേരയൊഴിഞ്ഞുകൊടുക്കും വരെയും നാം അതുചെയ്യാൻ ബാദ്ധ്യസ്ഥരാണ്. ഈ നാടും ഈ കാലഘട്ടവും ഉച്ചത്തിൽ നമ്മളോടത്‌ ആവശ്യപ്പെടുന്നുണ്ട്. നാം അത് കേൾക്കാതെ പോകരുത്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering my ghorpade wild life photographer sandur