ആദര്‍ശശാലിയായ രാഷ്ട്രീയനേതാവ്, അടിയുറച്ച സോഷ്യലിസ്റ്റ്, വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, ഒരു ദേശീയ ദിനപത്രത്തെ ശക്തമായി നയിച്ച സാരഥി, സാമ്പത്തിക വ്യാപാര മേഖലകളിലെ അധിനിവേശം കൃത്യതയോടെ തിരിച്ചറിഞ്ഞു പോരാടിയ വ്യക്തി, അതിപ്രഗത്ഭനായ ഒരു സാമാജികന്‍, ഭരണകര്‍ത്താവ്, മനുഷ്യസ്നേഹി, കലാസാഹിത്യ മേഖലകളില്‍ പ്രവീണന്‍, പാരിസ്ഥിതിക സാമൂഹ്യനീതിക്കായുള്ള പോരാളി… ഇത്രയൊക്കെ വ്യത്യസ്തമായ പ്രതിഭകള്‍ ഒത്തൊരുമിച്ചു കാണാവുന്ന ഒരാളാണ് ഇക്കഴിഞ്ഞ ദിവസം നമ്മെ വിട്ടു പോയ എംപി വീരേന്ദ്രകുമാര്‍ എന്ന എം.പി.
അടിയന്തരാവസ്ഥക്കെതിരെ പോരാടി മുഴുവന്‍ സമയവും തടവില്‍ കഴിഞ്ഞ ഒരു സോഷ്യലിസ്റ്റ് എന്ന രീതിയിലാണ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിക്കെതിരെ ഇഎംഎസ് അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു സെമിനാറിലാണ് ആദ്യം കാണുന്നത്. ആഴത്തില്‍ വിഷയങ്ങള്‍ പഠിക്കുന്ന ഒരു നേതാവ് എന്ന നിലയില്‍ ഏറെ ബഹുമാനം തോന്നി. പക്ഷേ നേരില്‍ പരിചയപ്പെടാനുള്ള അവസരം ഉണ്ടായില്ല. വായനയിലൂടെയുള്ള പരിചയം മാത്രം. 1987ല്‍ കേവലം ഒരു ദിവസം മാത്രം വനം മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ (വനങ്ങളില്‍ നിന്നും മരം മുറിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കുന്ന) ഒരു ഉത്തരവ് അദ്ദേഹത്തിലെ പാരിസ്ഥിതിക വിവേകം സംബന്ധിച്ച് ഒരു അറിവ് കേരളത്തിന് നല്‍കി. അപ്പോഴും നേരില്‍ പരിചയപ്പെടാനുള്ള അവസരമോ ധൈര്യമോ ഉണ്ടായില്ല.
ഒന്നിലേറെ തവണ പാര്‍ലമെന്റ് അംഗമായി. ആഗോളവല്‍ക്കരണം ആഞ്ഞടിക്കാന്‍ തുടങ്ങുന്ന സമയത്ത് തന്നെ ‘ഗാട്ടും കാണാച്ചരടുകളും’ എഴുതിയ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനം തോന്നി. എങ്കിലും നേരില്‍ കണ്ടു സംസാരിക്കാന്‍ കഴിഞ്ഞത് പിന്നെയും ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു, 2002ല്‍ ആണ്. പ്ലാച്ചിമടയിലെ കൊക്ക കോള യുണിറ്റിനെതിരായ് സമരം ശക്തിപ്പെട്ട കാലം. പെരുമാട്ടി പഞ്ചായത്തിന്റെ ഭരണം വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാ ദളിനാണ്. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണനുമായി സംസാരിച്ചപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടി നേതാക്കളുമായി സംസാരിക്കണം എന്ന് പറഞ്ഞു. അങ്ങനെയാണ് സ്ഥലം എം എല്‍ എയും ജനതാ ദളിന്റെ നേതാവുമായ ഇപ്പോഴത്തെ ജലസേചനമന്ത്രി കൃഷ്ണന്‍കുട്ടിയെയും അത് വഴി സംസ്ഥാന അദ്ധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനേയും ബന്ധപ്പെട്ടത്.
കേവലം അഞ്ചു മിനുറ്റ് സംസാരിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായി. സാധാരണഗതിയില്‍ ഒരു വ്യവസായം വരുന്നതിനെ വികസനമായിട്ടാണ് നാട്ടുകാര്‍ കാണുക. നിരവധി പേര്‍ക്ക് തൊഴില്‍ കിട്ടും, പ്രത്യക്ഷമായും പരോക്ഷമായും എന്നതിനാല്‍ അഴിമതിയൊന്നുമില്ലാത്ത നേതാക്കള്‍ പോലും അതിനെതിരാകാന്‍ ഏറെ ചിന്തിക്കും. ഈ വ്യവസായസ്ഥാപനത്തിലെ ഏറ്റവും വലിയ യുണിയന്‍ ജനതാ ദളിനാണ്. അപ്പോള്‍ അതിനെതിരാകുക എന്നത് ചിന്തിക്കാന്‍ കൂടി കഴിയില്ല. പക്ഷേ മറ്റൊരു രാഷ്ട്രീയ നേതാവും ചിന്തിക്കാന്‍ മടിക്കുന്ന രീതിയില്‍ ഇദ്ദേഹം തന്‍റെ തീരുമാനം പറഞ്ഞു. ജനങ്ങളുടെ കുടിവെള്ളവും കര്‍ഷകരുടെ കൃഷിയും സമൂഹത്തിന്റെ ആരോഗ്യവും നഷ്ടപ്പെടുത്തുന്ന ഒരു വ്യവസായവും നമുക്ക് വേണ്ട. അത് പൂട്ടിക്കുന്നതിനു വേണ്ടി എല്ലാ നിലയിലും പ്രവര്‍ത്തിക്കും എന്നുറപ്പിച്ചു പറഞ്ഞു.
എം പി വീരേന്ദ്രകുമാര്‍ ഒരു പ്രമുഖ പത്രത്തിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തിയും കൂടിയാണ്. കൊക്ക കോള പോലെ ഉദാരമായി പരസ്യം നല്‍കുന്ന ഒരു വ്യവസായതിനെതിരായി നില്‍ക്കാന്‍ അങ്ങനെയുള്ള ഒരാള്‍ ധൈര്യപ്പെടുകയില്ല. എന്നാല്‍ അവിടെയും ഒരു തരം പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു പുതിയ ഗണിതശാസ്ത്രം അദ്ദേഹം കൊണ്ടു വന്നു. സമൂഹത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടത്തിന്റെ ഒരു പങ്കാണ് തങ്ങള്‍ക്കു ലഭിക്കുന്ന ലാഭം എന്ന അടിസ്ഥാനസത്യം ഇന്നും മിക്ക നേതാക്കളും തിരിച്ചറിയുന്നില്ല.

2004ല്‍ പ്ലാച്ചിമടയില്‍ വച്ച് നടത്തിയ ലോകജല സമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ | ഫൊട്ടോ: മധുരാജ്, മാതൃഭൂമി
അദ്ദേഹം ആ സമരത്തിന് നല്‍കിയ പിന്തുണക്കു ഒട്ടനവധി മാനങ്ങളുണ്ട്. അധികാരവികേന്ദ്രീകരണം വഴി പഞ്ചായത്തിനു ലഭിച്ചിട്ടുള്ള വിഭാവാധികാരം പ്രയോഗിക്കാന്‍ അവര്‍ക്ക് ധൈര്യമായി. അതാണ് സുപ്രീം കോടതി പോലും അനുകൂലമായിട്ടും ആ ഫാക്ടറി എന്നെന്നേക്കുമായി അടച്ചു പൂട്ടാന്‍ കാരണമായത്. എന്നാല്‍ അന്ന് വരെ പുറം ലോകം അറിയാതിരുന്ന പ്ലാച്ചിമട എന്ന ഗ്രാമത്തിലെ ജനങ്ങള്‍ നടത്തി വന്ന ഒരു സമരത്തിനു സംസ്ഥാന ദേശീയ തലത്തിലും പിന്നീട് അന്തര്‍ദേശീയ തലത്തിലും അംഗീകാരം കിട്ടാന്‍ സഹായകമായത് വീരേന്ദ്രകുമാറും അത് വഴി മാതൃഭൂമിയും നല്‍കിയ പിന്തുണയാണ്.
ഈ സമരം ഉന്നയിക്കുന്ന വിവിധ വിഷയങ്ങള്‍ അവര്‍ പൊതുസമൂഹത്തിനു മുന്നിലെത്തിച്ചു. മേധാ പട്കര്‍, വന്ദന ശിവ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക പരിസ്ഥിതി സാമൂഹ്യ-നീതിപ്പോരാളികളും പ്ലാച്ചിമടയിലെത്തുമ്പോള്‍ എംപി വീരേന്ദ്രകുമാര്‍ നടത്തിയ ഇടപെടലിനെ കുറിച്ചു സംസാരിക്കുമായിരുന്നു. തന്നെയുമല്ല കേരളത്തില്‍ ഇത്തരം ജനകീയസമരങ്ങളെപ്പറ്റി സംസാരിച്ചാലും അക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായി സംസാരിച്ചില്ലേ എന്ന് മേധാ പട്കര്‍ അന്വേഷിക്കുമായിരുന്നു. നീതിക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് ഉറച്ച പിന്തുണ അദ്ദേഹത്തില്‍ നിന്നും കിട്ടും എന്നവര്‍ക്കറിയാം.
2004 മാര്‍ച്ച് 21 മുതല്‍ 24 വരെ പ്ലാച്ചിമടയില്‍ വച്ച് നടത്തിയ ലോകജല സമ്മേളനത്തിന്റെ സംഘാടകര്‍ വീരേന്ദ്രകുമാറും മാതൃഭൂമിയുമായിരുന്നു. ആ സമ്മേളനത്തില്‍ ജലവ്യാപാരത്തിനെതിരെ ആഗോളതലത്തില്‍ പോരാടുന്ന മോഡ് ബാര്‍ളെ (ബ്ലു ഗോള്‍ഡ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്), ഹോസെ ബുവേ തുടങ്ങിയവരും ഇന്ത്യയിലെ ഒട്ടു മിക്ക പരിസ്ഥിതി പോരാളികളും പങ്കെടുത്തു. ആ വര്‍ഷം മെയ് മാസത്തില്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഒരു ഘടകം ഈ സമ്മേളനം കൂടിയായിരുന്നു എന്ന് പറയാം.
ആഗോളവല്‍ക്കരണത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ഇടതു രാഷ്ട്രീയകക്ഷിനേതാക്കള്‍ പോലും വികസനത്തിന്റെ മറവില്‍ മൂലധനശക്തികള്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെതിരെ ശബ്ദിക്കാറില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ജലവില്പനയേയോ ടോള്‍ കൊള്ളക്കായി പൊതു നിരത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെയോ എതിര്‍ക്കാറില്ല. ഈ വൈരുധ്യമില്ലാത്ത അത്യപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു എം പി വീരേന്ദ്രകുമാര്‍. ഏതു വിഭവങ്ങളും സേവനങ്ങളും സ്വകാര്യവല്കരിക്കുന്നതിനെതിരെ അദ്ദേഹം കൃത്യമായ നിലപാടെടുത്തു. ദേശീയ പാതകളിലെ ടോള്‍ കൊള്ളക്കെതിരെയും ആ ടോള്‍ പാതക്കു വേണ്ടി ജനങ്ങളെ കുടിയൊഴിക്കുന്നതിനെതിരെയും എന്നും സംസാരിച്ച നേതാക്കള്‍ വീരേന്ദ്രകുമാറും വി എം സുധീരനും മാത്രമായിരുന്നു.
മനുഷ്യനെ സ്നേഹിക്കുക എന്നാല്‍ മനുഷ്യനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്നത് കൂടിയാണെന്നുള്ള ഏറ്റവും ശരിയായ നിലപാടുള്ള അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു എം പി വീരേന്ദ്രകുമാര്‍. പുഴകളെ മലിനമാക്കുന്നതിനെതിരെയും സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും ഒരു പോലെ പ്രതിഷേധിക്കാന്‍ അദ്ദേഹം മുന്നില്‍ ഉണ്ടായിരുന്നു. നദീബന്ധനം പോലുള്ള വിനാശ പദ്ധതികള്‍ക്കെതിരെ അദ്ദേഹം കൃത്യമായ നിലപാടെടുത്തു. ‘ഹൈമവതഭൂവില്‍’ എന്ന ഗ്രന്ഥം ഒരു യാത്രാവിവരണത്തിനപ്പുറം ഹിമാലയസാനുക്കളിലെ പാരിസ്ഥിതിക പാഠപുസ്തകം കൂടിയാണ്. അദ്ദേഹം തന്നെ പറഞ്ഞത് പോലെ തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ ശക്തമായി സമൂഹത്തോട് പറഞ്ഞ ആത്മസംതൃപ്തിയോടെ തന്നെയാണ് അദ്ദേഹം വിട പറഞ്ഞത്. തീര്‍ത്തും സഫലമായ ജീവിതം.