/indian-express-malayalam/media/media_files/2025/06/03/5DydCqWssKRinKaZRklK.jpg)
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി രാജലക്ഷ്മിയുടെ കൃതികളിലൂടെ ഒരു യാത്ര
1956ൽ 'മകൾ' എന്ന നീണ്ട കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോൾ, അവർക്കു മുന്നേ ഇവിടെ ലളിതാംബിക അന്തർജനവും കെ. സരസ്വതി അമ്മയും ഉണ്ടായിരുന്നു. പക്ഷെ അവരിൽ നിന്നൊക്കെ വ്യത്യസ്തമായ പ്രമേയങ്ങളും കഥാരീതിയുമാണ് രാജലക്ഷ്മി സ്വീകരിച്ചത്.
സ്വസമുദായത്തിലെ ക്രൂശിക്കപ്പെട്ട ജീവിതങ്ങളെ അനാവരണം ചെയ്യാനാണ് ലളിതാംബിക അന്തർജനം വെളുക്കുവോളം കഥയെഴുതിയതെങ്കിൽ, സ്ത്രീ അബലയാണ് എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതി പുരുഷനെപ്പോലെ തന്നെ അവൾക്കും ഒരു വ്യക്തിത്വമുണ്ട് എന്ന വസ്തുത സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയെന്നതായിരുന്നു സരസ്വതി അമ്മയുടെ ലക്ഷ്യം.
എന്നാൽ രാജലക്ഷ്മിയുടെ വഴി വേറിട്ടതായിരുന്നു. മിക്കവാറും തന്നെ, മദ്ധ്യവർഗ കുടുംബങ്ങളിലെ സ്വരങ്ങളും സ്വരചേർച്ചയില്ലായ്മയുമാണ് അവർ ആവിഷ്കരിച്ചത്. ആ വേറിട്ട സ്വരം തന്നെയാണ് 'മകൾ' എന്ന കഥയ്ക്ക് ഏറെ സ്വീകാര്യത നൽകിയതും. 1959-ൽ പ്രസിദ്ധീകരിച്ച ' ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവൽ, സാഹിത്യ അക്കാദമി പുരസ്കാരം നേടിയതോടെ രാജലക്ഷ്മി എന്ന എഴുത്തുകാരി അവഗണിക്കാനാവാത്ത വിധം കരുത്തുനേടി.
1965 ജനുവരി 18ന് ആത്മഹത്യ ചെയ്യുമ്പോൾ ഒരു നീണ്ട കഥയും, മൂന്നു നോവലുകളും (അതിൽ ഒന്ന് അപൂർണ്ണം), 11 ചെറുകഥകളും രണ്ട് ഗദ്യകവിതയുമാണ് അവർ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത്. 34 വയസ്സായിരുന്നു അവർക്കന്ന് പ്രായം.
/indian-express-malayalam/media/media_files/2025/06/03/KhQMuDwtXDSWJwB8NQMc.jpg)
തെക്കെ മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു മദ്ധ്യവർഗ കുടുംബത്തിലെ വീർപ്പുമുട്ടലുകളാണ് 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവലിൻ്റെ പ്രമേയം. ഈ കഥയിലെ നായികയാണ് രമണി. വീട്ടിലെ പ്രത്യേകമായ സാഹചര്യവും അമ്മയോട് അനീതി ചെയ്തു എന്ന തോന്നലും അച്ഛനേയും ചെറിയമ്മയേയും അമ്മൂമ്മയേയും എന്നും രമണിയുടെ ശത്രുപക്ഷത്താക്കി. ഒടിയാനല്ലാതെ വളയാൻ താൻ സന്നദ്ധയല്ല എന്ന തരത്തിലൊരു സ്വഭാവം രമണി ആർജ്ജിച്ചെടുത്തിരുന്നു. ആരും അവളുടെ വികാരങ്ങളെ മാനിച്ചില്ല. തൻ്റെ വികാരങ്ങൾ ആരുമായി പങ്കിടാനും അവൾ തയ്യാറായില്ല.
ആർദ്രതയുള്ള ഒരു മാതൃബിംബത്തിൻ്റെ അഭാവം, കർക്കശക്കാരനായ ഒരു പിതൃബിംബത്തിൻ്റെ സാന്നിധ്യം- ഇതെല്ലാമാകാം അവളുടെ സ്വഭാവത്തിലെ പാളിച്ചകൾക്കു കാരണം. സ്നേഹത്തിൻ്റെ കണികകൾ പകർന്ന പിതൃസഹോദരിയുടെ കുടുംബത്തോട് അവൾക്ക് അടുപ്പമുണ്ടായിരുന്നു. പക്ഷെ അവരുടെ മകൻ വിക്രമൻ എന്ന അപ്പേട്ടനോടുള്ള അടുപ്പം പിന്നീട് രമണിയുടെ ദു:ഖഭരിതമായ ജീവിതത്തിലെ മറ്റൊരു വ്യഥയാകുന്നു എന്ന തോന്നൽ വരുമ്പോൾ മറ്റു നിഴലുകളുടെ ഇടയിലേയ്ക്ക് അവളതിനെ മാറ്റിനിർത്തുകയാണ്.
കോളേജ് ജീവിതം, അക്ഷര സ്നേഹിയായ മണിക്ക് വലിയൊരു ആശ്വാസമായിരുന്നു. പഠിപ്പിൻ്റെ മികവും എഴുത്തിൻ്റെ പക്വതയും അവൾക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പക്ഷെ അവളുടെ കടുത്ത പ്രണയം പതിച്ച വ്യക്തി സ്നേഹത്തിന് വിലപേശൽ നടത്തിയപ്പോൾ അവൾ ആകെ തകർന്നു.
ഏറ്റവും മിടുക്കിയായ കുട്ടിക്ക് ഓണേഴ്സ് ബിരുദമില്ലാതെ റെക്കമെൻ്റഡ് ബി. എ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വീണ്ടും പഠിച്ച് എം. എ നേടാനുള്ള അച്ഛൻ്റെ നിർദ്ദേശം, ഒരു സ്കൂളിൽ ജോലി തരപ്പെടുത്താമെന്നുള്ള അനിയൻ ഗോപുവിൻ്റെ വാഗ്ദാനം, എല്ലാം നിരസിച്ച് ഇതിനകം ക്ഷയരോഗിയായിത്തീർന്ന വിക്രമൻ്റെ അടുത്തേക്ക് അവൾ പോകുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
ജീവിതമെന്ന വിശാലമായ പാതയിൽ, തന്നെ വേട്ടയാടുന്ന നിരവധി നിഴലുകളിൽ നിന്ന് രക്ഷപെടാൻ വെമ്പി പരാജയപ്പെട്ട് മറ്റൊരു നിഴലായി മാറുന്ന രമണി എന്ന പെൺകുട്ടിയുടെ തേടലുകളാണ് 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവൽ.
"ഒരു പുതുതാരം എന്ന നിലയ്ക്ക് അവരുടെ മൂലധനം, നവാനുഭൂതികളുടെ തീവ്രതയും അനാദൃശത്വവുമത്രെ. സത്യസന്ധമായ ജീവിതാപഗ്രഥന തല്പരതകൊണ്ടാണ് ഈ നോവലിനു മാറ്റമുണ്ടായിട്ടുള്ളത്. ജീവിതത്തെ അതു നാമ്പെടുക്കുന്ന ശാർദ്ദൂലപ്പരപ്പിൽ വച്ചുകൊണ്ട് ഗ്രന്ഥികളുറുത്ത് കാണിക്കുകയാണ് ഈ കാഥിക" എന്നത്രേ ശ്രീ. എം. ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടിരിക്കുന്നത് (1959 മാർച്ച് 19).
'ഞാനെന്ന ഭാവ'ത്തിലെ അമ്മിണിയോപ്പോൾ ഞാനെന്ന ഭാവത്തെ ഊട്ടി വളർത്തിയവളാണ്. സൗന്ദര്യവും ഭാഗ്യം കൊണ്ട് വന്നു ചേർന്ന സമ്പത്തും അവരെ ഏതോ ഒരു ലോകത്തെത്തിക്കുന്നു. അതാകട്ടെ മനസ്സിലെ ആർദ്രതകൾ വറ്റിക്കുകയാണ്. കൂടപ്പിറപ്പിനെപ്പോലെയുള്ള കൃഷ്ണൻകുട്ടിയോടുപോലും ഒരുനില വിട്ടു പെരുമാറാൻ അവരുടെ അഹംബോധം അനുവദിക്കുന്നില്ല.
എന്നാൽ ഒടുവിൽ തൻ്റെ മനസ്സിൽ താൻ അടച്ചുകെട്ടി ഉണ്ടാക്കിയ ഇരുട്ട് കൃഷ്ണൻകുട്ടിയുടെ കുഞ്ഞിലൂടെ അകത്ത് വെളിച്ചം കൊണ്ടുവരുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. അത് അമ്മിണിക്കും കൃഷ്ണൻകുട്ടിക്കുമിടയിൽ പുതിയൊരു സ്നേഹബന്ധത്തിന് വഴിയൊരുക്കി (ഇത് പ്രസിദ്ധീകരിക്കുമ്പോഴാണ് അവർ ആത്മഹത്യ ചെയ്തത്).
മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നാകേണ്ടിയിരുന്ന 'ഉച്ച വെയിലും ഇളംനിലാവും' എന്ന നോവൽ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നത് അവിചാരിതമായ കാരണങ്ങളാൽ മാതൃഭൂമിക്ക് നിർത്തിവെക്കേണ്ടിവന്നു.
വിമല എന്ന യുവ ഡോക്ടറും കൂട്ടുകാരി മിനിയുടെ കുടുംബവും തമ്മിലുള്ള അടുപ്പവും അകൽച്ചയുമൊക്കെയാണ് നോവലിൻ്റെ പ്രമേയം. മിനിയുടെ കുടുംബാന്തരീക്ഷം വിമലയെ ആകർഷിച്ചിരുന്നെങ്കിലും വികലാംഗനായ ജ്യേഷ്ഠൻ്റെ വിവാഹാഭ്യർത്ഥന വിമലയ്ക്ക് ഉൾക്കൊള്ളാനായില്ല. അയാളുടെ ആത്മഹത്യാശ്രമം വിമലയെ ആ വീട്ടിൽ നിന്ന് അകറ്റി.
രാജലക്ഷ്മിയുടെ സുഹൃത്തുക്കളിൽ ഒരാളുടെ സഹോദരൻ വികലാംഗനാണെന്നും അവരുടെ കഥയാണിതെന്നും പറഞ്ഞ് അവർ ഭീഷണി മുഴക്കിയതാണ് നോവൽ പ്രസിദ്ധീകരണം നിർത്തിവെയ്ക്കാൻ കാരണമായതെന്നു പറയപ്പെടുന്നു.
"രാജലക്ഷ്മിയുടെ ഏറ്റവും മികച്ച കൃതി ഇടയ്ക്കുവെച്ച് പ്രസിദ്ധീകരണം നിർത്തിവെച്ച 'ഉച്ചവെയിലും ഇളംനിലാവും' ആണെന്നു ഞാൻ കരുതുന്നു. ഈ നോവൽ കൈയ്യെഴുത്ത്പ്രതിയിലൂടെ വായിച്ചപ്പോൾ എൻ്റെ ഹൃദയത്തിലുളവാക്കിയ പ്രഭാവം എനിക്ക് ഓർമ്മിക്കാൻ കഴിയുന്നതാണ്. ഒരു പക്ഷെ മലയാളത്തിലെ ഏറ്റവുമധികം വികാരോദ്സമ്പന്നങ്ങളായ കൃതികളിലൊന്നാണിത്" എന്നാണ് എൻ. വി. കൃഷ്ണവാരിയർ ഈ നോവലിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
/indian-express-malayalam/media/media_files/2025/06/03/XVE026qwn233wIYPAK8X.jpg)
രണ്ട് മുഴുനോവലുകളും ഒരു പകുതി നോവലും എഴുതിയ രാജലക്ഷ്മി അനുഭവങ്ങളിൽ നിന്നാണ് ആവശ്യമായ പ്രമേയങ്ങൾ കണ്ടെത്തിയത്. അനുഭവങ്ങൾക്ക് അസാധാരണമായ ഭാവതലങ്ങൾ കൈവരിക്കാൻ കഴിയുമ്പോഴാണ് കൃതി ശ്രദ്ധേയമാകുക. ഒരു വ്യക്തി അല്ലെങ്കിൽ സംഭവം തന്നിൽ ചലനങ്ങൾ സൃഷ്ടിക്കുക, ആ ചലനം തീക്ഷ്ണമായ വൈകാരിക ഭാവത്തോടെ മനസ്സിൽ കരടായി അടിഞ്ഞുകൂടി ആവിഷ്കരിക്കാതെ പക എന്ന തോന്നലിൽ കൊണ്ടു ചെന്നെത്തിക്കുക- ഏതു നല്ല സാഹിത്യ സൃഷ്ടിക്കും ഇതു ബാധകമാണ്.
ഒരു പുരുഷാധിപത്യ സമൂഹത്തിൽ തൻ്റെ ചുറ്റുമുള്ളവരിൽ നിന്നാണ് താൻ കഥാപാത്രങ്ങളെ കണ്ടെത്തിയത് എന്ന് എഴുത്തുകാരൻ പറയുമ്പോൾ അത് ശക്തിയാവുകയും എഴുത്തുകാരിയിൽ അതേ കാര്യമാരോപിച്ച് അവരെ പരിക്ഷീണയാക്കുകയും ചെയ്യുന്ന ഇരട്ട സമീപനത്തിൻ്റെ ഇരയാണ് രാജലക്ഷ്മി എന്നു പറയാം.
അതുകൊണ്ടാണ് "ജീവിതത്തിൻ്റെ കമ്പോളത്തിൽ സ്വപ്നങ്ങൾക്കു പകരം നാണയം കൈമാറ്റം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ, നമ്മെ ആവരണം ചെയ്യുന്ന ചൈതന്യത്തെ തനിമയോടെ കലർപ്പില്ലാതെ ആവിഷ്കരിക്കാനുള്ള സംരംഭത്തിൽ ആത്മപീഢനമേറ്റ് ദുരന്തത്തിലെത്തുന്ന മറ്റൊരു നായിക കാഥികയായ രാജലക്ഷ്മി തന്നെ" എന്ന് എം. ടി സൂചിപ്പിക്കുന്നത്.
കുരിശു ചുമക്കുന്നവർ തന്നെയാണ് രാജലക്ഷ്മിയുടെ ചെറുകഥകളിലെ നായികമാരും. നീണ്ട ചെറുകഥയായ 'മകളി'ലെ നായിക ശാരദ പുറത്ത് പുരോഗമനപരവും അകത്ത് പ്രതിലോമപരവുമായ സമീപനങ്ങൾ സ്വീകരിക്കുന്ന അച്ഛൻ്റെ മകളാണ്. അയാളുടെ കാർക്കശ്യത്തിനു മുന്നിൽ അവളുടെ പ്രണയത്തെപ്പോലും അവൾക്കു ത്യജിക്കേണ്ടിവന്നു. ഒടുവിൽ തൻ്റെ മൗലികമായ എല്ലാ വികാരങ്ങളെയും ഞെരിക്കുന്ന കുടുംബ വ്യവസ്ഥിതിയിൽ നിന്ന് ശാരദ രക്ഷപ്പെടുന്നത് ഗോപൻ സ്വാതന്ത്യസമരത്തിൽ ചേർന്നതു കൊണ്ടാണ്. ഒരു തരത്തിൽ ആ ഒളിച്ചോട്ടം ഒരു ആത്മഹത്യ തന്നെയാണ്.
'പരാജിത'യിലെ നിർമ്മല, 'തെറ്റുകളി'ലെ ഡോ. മാലതി, 'മാപ്പ്' എന്ന കഥയിലെ രമ, എല്ലാവരും സ്നേഹത്തിനായി കൊതിക്കുന്നവരാണ്. എന്നാൽ അതംഗീകരിക്കാൻ അവരുടെ അഹന്ത അനുവദിക്കുന്നില്ല. സ്ത്രീയുടെ അപകർഷം ഉയർത്തിക്കാട്ടുന്ന പുരുഷവീക്ഷണത്തെ അംഗീകരിക്കാതിരിക്കുമ്പോൾ തന്നെ സ്നേഹമൂല്യത്തെ നിരാകരിക്കാൻ രാജലക്ഷ്മിയുടെ സ്ത്രീ കഥാപാത്രങ്ങൾ തയ്യാറാകുന്നില്ല.
ആ സ്നേഹമൂല്യം തന്നെയാണ് 'ഒരു അധ്യാപിക ജനിക്കുന്നു' എന്ന കഥയിലെ ഇന്ദിരയിലൂടെ സൂചിതമാകുന്നത്. പഠിപ്പിക്കാൻ മുൻകൈയെടുത്തെന്ന കാരണത്താൽ ആ വ്യക്തിയുടെ മകളെ തൻ്റെ പ്രണയം ബലികഴിച്ച് വിവാഹം ചെയ്തിട്ട് ജീവിതം ദുരിതപൂർണ്ണമാക്കിയ വ്യക്തി ആ തെറ്റ്, തൻ്റെ മകളിലൂടെ മറ്റൊരാളിൽ അടിച്ചേൽപ്പിക്കരുത് എന്ന് തീരുമാനിക്കുന്നതാണ് 'ചരിത്രം ആവിഷ്കരിച്ചില്ല' എന്ന കഥ.
ഒരു പക്ഷെ രാജലക്ഷ്മിക്ക് നിരവധി ഒളിയമ്പുകൾ ഏറ്റ് തളരേണ്ടി വന്ന കഥയാണ് 'ആത്മഹത്യ' എന്ന കഥ. ടാഗോറിൻ്റെ 'മാലഞ്ചോ' എന്ന കഥയിലെ ഹതഭാഗ്യയായ നായികയെ ഓർമ്മിപ്പിക്കുന്ന നീരജ എന്ന അയൽക്കാരിയുടെ ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും വേദനകളുമാണ് ഇതിൽ ആവിഷ്കരിക്കുന്നത്. നീരജ ആത്മഹത്യ ചെയ്തു എന്ന് പറയുന്നില്ലെങ്കിലും അത് അനിവാര്യമായേക്കും എന്ന തോന്നൽ അവളുടെ അനുഭവങ്ങൾ നൽകുന്നു എന്ന് കഥാകാരി സൂചിപ്പിക്കുന്നു.
ഒരു കൗമാരാരാധനയുടെ കഥയും പരിണാമവുമാണ് 'ഹാൻഡ് കർചീഫ്' എന്ന കഥ. വളരെ ലാഘവമിയന്ന കഥയാണത്. അതുപോലെ തന്നെ 'സുന്ദരിയും കൂട്ടുകാരനും' എന്ന കഥ, നർമ്മരസവും നിഗൂഢതയും കലർത്തി രചനാതന്ത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനം കൈക്കൊള്ളുന്ന കഥയാണ്. ജീവിതത്തിൻ്റെ താഴെ തട്ടിലുള്ളവർ അനുഭവിക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളിലേക്കുള്ള പ്രതിഫലനമാണ് 'മൂടുവാൻ നാടൻ' എന്ന കഥ.
പ്രസിദ്ധീകരിക്കുന്ന കഥകളിലെല്ലാം അതിലെ യഥാർത്ഥ വ്യക്തികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ആളുകൾ നിരന്തരം രാജലക്ഷ്മിയെ വേട്ടയാടിയപ്പോൾ എവിടെയെങ്കിലും അഭയം കണ്ടെത്തിയേ തീരൂ എന്ന തോന്നലാണ് 'ദേവാലയത്തിൽ' എന്ന കഥയിലൂടെ ശക്തമായി അവർ അവതരിപ്പിക്കുന്നത്. "എൻ്റെ ആത്മാവിൻ്റെ ഊഷരഭൂമിയിൽ അടിഞ്ഞുകിടക്കുന്ന ഈ പാഴ്മണ്ണ് ഒലിച്ചുപോയി, ഇവിടെ ജീവിത്തിൻ്റെ പാഴ്നാമ്പുകൾ ഉടലെടുത്തു കാണണേ ഭഗവാനേ..." എന്ന പ്രാർത്ഥന അതിൽ നിന്നഭൂതമാകുന്നതാണ്.
/indian-express-malayalam/media/media_files/2025/06/03/A53AajntaRk16rpPAjuD.jpg)
കടുത്ത സംഘർഷത്തിലൂടെ കടന്നു പോകുന്ന ഒരു ലോലചിത്തത്തിൻ്റെ ഉൾത്തുടിപ്പുകൾ 'ദേവാലയത്തിൽ' എന്ന കഥയിൽ അനുഭവവേദ്യമാണ്. വിശുദ്ധ തേജസ്സിൻ്റെ മുന്നിൽ സ്വയം സമർപ്പിക്കാൻ തയ്യാറാകുന്ന വ്യക്തിയുടെ ആത്മഗതമാണ് 'കുമിള' എന്ന ഗദ്യ കവിത. 'ഉച്ചവെയിലും ഇളംനിലാവും' എന്ന നോവലിൻ്റെ പ്രസിദ്ധീകരണം നിർത്തിവെച്ചതിനു ശേഷമാണ് ഈ രണ്ടുരചനകളും വരുന്നതെന്നതു ശ്രദ്ധേയമാണ്. പ്രേമധാമത്തോടുള്ള ആരാധനയും അതു കൈവിട്ടു പോകുമ്പോഴുള്ള വ്യഥയും ആവിഷ്കരിക്കുന്ന 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന ഗദ്യ കവിത രാജേന്ദ്രൻ എന്ന തൂലികാ നാമത്തിലാണ് രാജലക്ഷ്മി പ്രസിദ്ധീകരിച്ചത്.
ഹൾ സായിപ്പിൻ്റെ 'Annals Of Amber' എന്നതിൽ പരാമർശിച്ചിട്ടുള്ള അജിത് സിംഗിൻ്റെ കഥയെ ആസ്പദമാക്കി രചിച്ചതാണ് 'ശാപം' എന്ന കഥ. ഭ്രാന്തമായ പ്രണയത്തിൻ്റെ നീറ്റലുകൾ യുഗങ്ങളിലൂടെ തുടരുന്നു, അത് ശാപമായി മാറുന്നു എന്ന ധ്വനിയാണ് ഈ കഥ ഓർമ്മിപ്പിക്കുന്നത്.
ജന്മനാ എഴുത്തുകാരിയായ രാജലക്ഷ്മിക്ക് എഴുതാതിരിക്കാൻ നിർവ്വാഹമില്ലായിരുന്നു. ജീവിച്ചിരുന്നാൽ ഞാൻ എഴുതും അത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കും അതുകൊണ്ട് ഞാൻ പോകുന്നു എന്നാണ് രാജലക്ഷ്മി ജ്യേഷ്ഠത്തി സരസ്വതി അമ്മക്കെഴുതിയ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. മനസ്സെന്ന അടികാണാത്ത കടൽ രാജലക്ഷ്മിക്ക് എന്നും വിസ്മയമായിരുന്നു. മുകൾ പരപ്പിൽ മാത്രം തങ്ങി നിൽക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. മനസ്സിൻ്റെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങി തനിക്ക് സംവദിക്കാൻ സാധിച്ച സ്ത്രൈണചിന്തകളെയാണ് അവർ ആവിഷ്കരിക്കാൻ ശ്രമിച്ചത്.
'മകൾ' എന്ന കഥ വായിച്ചിട്ട് അത് തൻ്റെ ജീവിതവുമായി സാമ്യമുണ്ടെന്നു സംശയിക്കുന്ന ഡോ. എം. ലീലാവതി, തന്നെ നേരിട്ടറിയാത്ത ഒരാളിൽ ഒരാരോപണവും ഉന്നയിച്ചില്ലെന്നു മാത്രമല്ല 'യജ്ഞതീർത്ഥം' എന്നാണ് ഈ കഥാലോകത്തെ വിശേഷിപ്പിക്കുന്നത്. പലരും അതല്ല അവരോട് ചെയ്തത്.
ഒരു നിമിഷത്തെ വൈരാഗ്യത്തിന് ഒരായുസ്സിലെ സുഖം നശിപ്പിക്കുക എന്നത് 'ഉച്ചവെയിലും ഇളംനിലാവും' എന്ന നോവലിലെ ഒരു അദ്ധ്യായത്തിൻ്റെ ശീർഷകമാണ്. വാസ്തവത്തിൽ ജെയിൻ ഓസ്റ്റിൻ്റെ നോവലുകളിൽ ആവിഷ്കരിച്ചു വരുന്ന പ്രമേയമാണിത്. 'മാൻസ് ഫീൽഡ് പാർക്ക്' 'പെർസുവേഷൻ, ത്രീ സിസ്റ്റേഴ്സ്' എന്നീ നോവലുകളിലെയും രാജലക്ഷ്മിയുടെ നോവലുകളിലെയും പ്രമേയപരമായ സാദൃശ്യങ്ങൾ പഠനാർഹമാണ്.
എന്നാൽ പ്രമേയപരമായ സാദൃശ്യങ്ങൾക്കപ്പുറം പ്രതിപാദന രീതിയിൽ അവർ രണ്ടു തലങ്ങളിലാണ് എന്നിരിക്കിലും കഥയിലെ കഥാപാത്രങ്ങൾ തങ്ങളല്ലേ എന്ന തോന്നൽ ഉളവാക്കാൻ ജെയിൻ ഓസ്റ്റിൻ്റെ പല നോവലുകൾക്കും സാധിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കൃതിയിലെ കഥാപാത്രങ്ങളെ യഥാർത്ഥ ജീവിത്തിൽ കണ്ടെത്താനുള്ള ആളുകളുടെ അമിത താല്പര്യത്തെ കളിയാക്കിക്കൊണ്ട് കിപ്ലിംഗ് 'ദി ജാനെറ്റ്സ്' എന്നൊരു കഥയെഴുതിയിട്ടുണ്ട്. ജെയിൻ ഓസ്റ്റിൻ്റെ കഥകളെ പഠന വിധേയമാക്കുമ്പോൾ ഈഡിത്ത് ഒനീലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/03/2SRAmzHNhOG7oReVLLqX.jpg)
എന്നാൽ രാജലക്ഷ്മിയുടെ കാര്യത്തിൽ അവർക്കെതിരെ നിരവധി തേജോവധങ്ങൾ നടന്നു. പക്ഷെ നിരവധി അപവാദശരങ്ങളിൽ കിടന്നാലും തന്നിലെ എഴുത്തുകാരിക്ക് മരണമില്ല എന്ന ധ്വനി അവരുടെ പൂർത്തിയാക്കാതെ വെച്ച കവിത ധ്വനിപ്പിക്കുന്നു.
മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ കാച(Lens)ങ്ങളെക്കുറിച്ചാണ് ഭൗതിക ശാസ്ത്ര അദ്ധ്യാപികയായ രാജലക്ഷമി പഠിപ്പിച്ചിരുന്നത്. 'Equivalent Lenses' എന്ന ഭാഗമാണ് പഠിപ്പിക്കാൻ അവർ തയ്യാറാക്കിവെച്ച നോട്ടുകളിൽ അവസാനത്തേത്. എന്നാൽ കാചങ്ങളുടെ സ്വഭാവം, അകലം എന്നിവ വലുപ്പത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കും എന്ന ശാസ്ത്രീയ നിയമം മനുഷ്യ ജീവിതത്തിലും ബന്ധങ്ങളിലും ഉണ്ടാകും എന്ന ധാരണ അവർക്ക് സ്വായത്തമാക്കാൻ കഴിഞ്ഞില്ല എന്നതാകണം അവരുടെ ജീവിതത്തിൻ്റെ ദുരന്തത്തിന് ഹേതു.
Read More: ഡോ. രതി മോനോൻ്റെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.