scorecardresearch

സിഗരറ്റ് കൂടിനു മുകളിലെ മ്ലാനമുഖങ്ങള്‍: തുപ്പേട്ടനെ ഓര്‍ക്കുമ്പോള്‍

"സിഗരറ്റ് കവറിനു മുകളിലാണ് അദ്ദേഹം അവരുടെയൊക്കെ ക്യാരിക്കേച്ചേഴ്സ് വരച്ചു വച്ചിരുന്നത്. ഈ ക്യാരിക്കേച്ചേഴ്സിന് ഒക്കെ തന്നെ ആ നാട്ടിലെ അന്തർമുഖികളായ, മ്ലാനത പേറുന്ന മുഖമുള്ള മനുഷ്യരുടെ  പ്രതിഫലനമുണ്ടായിരുന്നു," ചിത്രകാരനും നാടകസംവിധായകനുമായിരുന്ന തുപ്പേട്ടനെക്കുറിച്ച് ശ്രുതി നമ്പൂതിരി

"സിഗരറ്റ് കവറിനു മുകളിലാണ് അദ്ദേഹം അവരുടെയൊക്കെ ക്യാരിക്കേച്ചേഴ്സ് വരച്ചു വച്ചിരുന്നത്. ഈ ക്യാരിക്കേച്ചേഴ്സിന് ഒക്കെ തന്നെ ആ നാട്ടിലെ അന്തർമുഖികളായ, മ്ലാനത പേറുന്ന മുഖമുള്ള മനുഷ്യരുടെ  പ്രതിഫലനമുണ്ടായിരുന്നു," ചിത്രകാരനും നാടകസംവിധായകനുമായിരുന്ന തുപ്പേട്ടനെക്കുറിച്ച് ശ്രുതി നമ്പൂതിരി

author-image
Shruthi Namboodiri
New Update
സിഗരറ്റ് കൂടിനു മുകളിലെ മ്ലാനമുഖങ്ങള്‍: തുപ്പേട്ടനെ ഓര്‍ക്കുമ്പോള്‍

പാഞ്ഞാൾ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ പ്രതിനിധിയാണ് തുപ്പേട്ടൻ. തൃശൂരിനും പാലക്കാടിനും അതിരു കൽപ്പിക്കുന്നൊരിടം കൂടിയാണ് പാഞ്ഞാൾ. ഈ ഗ്രാമത്തിന്റെ പ്രത്യേകത എന്തെന്നാൽ, ബ്രാഹ്മണ്യത്തിന്റേതായ വളരെ വലുതായൊരു മ്ലാനത തളം കെട്ടിനിന്നിരുന്ന നാടാണ്. ആ മ്ലാനതയിൽ നിന്നാണ് തുപ്പേട്ടന്റെ സൃഷ്ടികളൊക്കെ ഉണ്ടായിട്ടുള്ളത്. അവിടെ നിന്നുമാണ് തുപ്പേട്ടൻ ജനിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. ബ്രാഹ്മണ്യത്തിന്റെ 'റിജിഡ് സ്ട്രെക്ചറി'ൽ നിന്നു പുറത്തു ചാടി അതിനപ്പുറം തനിക്ക് ഒരു സ്വത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ അപൂർവം ചില മനുഷ്യരിൽ ഒരാളായിരുന്നു തുപ്പേട്ടൻ.

Advertisment

അതിനു വേണ്ടിത്തന്നെയായിരിക്കണം അദ്ദേഹം എഴുത്തും വരകളും തുടങ്ങുന്നത്. അദ്ദേഹം എന്നോട് വ്യക്തിപരമായി പലപ്പോഴും പറഞ്ഞിട്ടുള്ളൊരു കാര്യമാണ്, 'ചട്ടക്കൂടുകൾക്ക് പുറത്തു കടക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്, ചട്ടക്കൂടുകൾ എന്നെ ശ്വാസം മുട്ടിക്കാറുണ്ട് ' എന്ന്. ആറു മാസം മുൻപ് 'വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ' സംഘടനയുടെ ബാനറിൽ അദ്ദേഹത്തെക്കുറിച്ചുള്ളൊരു ഡോക്യുമെന്ററിയുടെ ജോലികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാനും എന്റെ ടീമും. ഡോക്യുമെന്ററി ചിത്രീകരണത്തിനിടയിൽ അദ്ദേഹം വീണ്ടും പറഞ്ഞു. 'ഘടനകൾ ബന്ധനമാണ്. ഘടനകൾക്ക് പുറത്തു കടക്കാനാണ് ഞാനെപ്പോഴും ശ്രമിച്ചിട്ടുള്ളത്.'

അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകളിലായാലും ചിത്രങ്ങളിലായാലും നമുക്ക് കാണാൻ കഴിയുക. സാമ്പ്രദായിക ഘടനകളിൽ നിന്നുള്ള ഒരു പുറത്തുചാടൽ. നമ്മൾ അതു വരെ കണ്ടു ശീലിച്ചിരുന്ന കാഴ്ചാശീലങ്ങൾക്ക് പുറത്തേക്കുള്ളൊരു കടക്കൽ. 1940 കളുടെ അവസാനം- 50 കളുടെ തുടക്കം കാലഘട്ടത്തില്‍ അദ്ദേഹം എഴുതി തുടങ്ങിയിട്ടുണ്ട്. പ്രൊഫഷണൽ നാടകങ്ങളുടെ കാലമായിരുന്നു അത്. കെപിഎസിയുടേത് പോലുള്ള നാടക കാഴ്ചകള്‍ പരിചിതമായിട്ടുണ്ടായിരുന്ന കാലം. ആ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം അങ്ങേയറ്റം 'പോസ്റ്റ് മോഡേൺ' ആയിട്ടുള്ള, 'പോസ്റ്റ് സ്ട്രക്ചറലിസ്റ്റാ'യിട്ടുള്ള, ഉത്തരാധുനികമായിട്ടുള്ള ശൈലിയിലുള്ള നാടകങ്ങൾ എഴുതി തുടങ്ങുന്നത്. അതും പാഞ്ഞാൾ എന്നു പറയുന്ന ഇട്ടാവട്ടം ഗ്രാമത്തിൽ നിന്നു കൊണ്ട്.

Advertisment

പക്ഷേ അതിനും മുൻപേ അദ്ദേഹം ഒരു ആർട്ടിസ്റ്റ് ആയിരുന്നു. ജന്മനാ ചിത്രകാരനായിരുന്നു. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, വീട്ടിലെ ചുമരുകളിലായിരുന്നു വരച്ച് പഠിക്കുകയും കളിക്കുകയും ചെയ്തിരുന്നത് എന്ന്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കണം,  നമ്പൂതിരി സമുദായത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് ജീവിച്ച മനുഷ്യനായിട്ടു പോലും അദ്ദേഹത്തിന്റെ അച്ഛൻ ചിത്രരചന പഠിക്കാനായിട്ട് മകനെ മദ്രാസിലേക്ക് ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്സ്) കോഴ്സിന് വിട്ടത്. ജീവിതം ശരിക്കും ആരംഭിക്കുന്നത് മദ്രാസിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതും. 'ഫൊട്ടോഗ്രാഫിക് റിയാലിറ്റി' ഉൾപ്പെടുന്നൊരു ചിത്ര രചനാ രീതിയായിരുന്നു അതുവരെ കണ്ട് പരിചയിച്ചിരുന്നത്. ഫൊട്ടോഗ്രാഫിക് റിയാലിറ്റി കണ്ട് ശീലിച്ച ഒരാൾ മറ്റൊരു രചനാ രീതിയെ പരിചയപ്പെടുന്നതും വളരെ പോസ്റ്റ് മോഡേൺ സാധനങ്ങളെ കണ്ട് മനസ്സിലാക്കുന്നതും ചെന്നൈ കാലത്തായിരുന്നു. പിക്കാസോയുടെ പെയിന്റിങ്ങുകൾ, വാൻ ഗോങ്ങിന്റെ പെയിന്റിങ്ങുകൾ, ഇവയെല്ലാം അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ സ്ഥിരം വരുന്നതാണ്. അദ്ദേഹത്തിന്റെ വേറിട്ട രീതിയിലെ രചനകളുടെ ഉറവിടം ഒരുപക്ഷേ മദ്രാസ് തന്നെ ആയിരിക്കണം. അവിടെ നിന്നും അങ്ങോട്ട്, ഘടനയ്ക്ക് പുറത്തു കടക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി, എഴുതി തുടങ്ങിയതായിരിക്കണം.

പിന്നീട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു വരികയും പാഞ്ഞാളിൽ തന്നെയുള്ള സ്കൂളിൽ ചിത്ര രചനാ അധ്യാപകനായി.  ശേഷം നാടക രചനയിൽ വളരെയധികം വ്യാപൃതനായി. നാടകം മാത്രമല്ല, തുപ്പേട്ടനും അടുത്ത സുഹൃത്തുക്കളിലൊരാളായ ആറ്റൂർ രവി വർമ്മയും ചേർന്ന് തുള്ളൽ പാട്ടുകളും ധാരാളം എഴുതിയിട്ടുണ്ട്. സദസ്യർക്ക് മുൻപിൽ അതവർ അവതരിപ്പിച്ചിട്ടുമുണ്ട്.

സ്കൂൾ കുട്ടികൾക്ക് യൂത്ത് ഫെസ്റ്റിവലിന് അവതരിപ്പിക്കാനുള്ള നാടകങ്ങളിലാണ് അദ്ദേഹം തുടങ്ങുന്നത്. പക്ഷേ അന്ന് അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിരുന്ന കുട്ടികൾക്കൊന്നും അതിന്റെ പൊരുൾ മനസ്സിലായിക്കാണുമോ എന്ന് സംശയമാണ്. അത്രയ്ക്കും ആഴത്തിലുള്ള കഥാപാത്രങ്ങളെയാണ്, അത്രയ്ക്കും ഘടനയ്ക്ക് പുറത്തുള്ള കഥപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.

സ്ഥലകാല ബന്ധനങ്ങൾക്ക് അതീതമായിട്ടുള്ള, ഭാഷയ്ക്ക് അതീതമായിട്ടുള്ള കഥാപാത്രങ്ങളെയാണ് തുപ്പേട്ടന്റേത്. തമിഴ് കലർന്ന മലയാളത്തിലുള്ള ആഖ്യാനം പലതിലും കാണാന്‍ സാധിക്കും. മലയാളമാണോ തമിഴ് ആണോ സംസ്കൃതമാണോ ഇതിന്റെയൊക്കെ മിശ്രിതമാണോ എന്നൊക്കെ തോന്നും. അദ്ദേഹത്തിന് സ്വന്തമായൊരു ആഖ്യാന ശൈലിയും ഭാഷാ ശൈലിയും ഉണ്ടായിരുന്നു. വികെഎന്നിലൊക്കെ കണ്ടിട്ടുള്ളത് പോലെ. വികെഎൻ ഒക്കെ ആഘോഷിക്കപ്പെട്ടത് അദ്ദേഹം ഒരു ഫിക്ഷൻ എഴുത്തുകാരൻ ആയതുകൊണ്ടായിരിക്കണം. നാടകം എന്തു കൊണ്ടോ അത്തരത്തിൽ വായിക്കപ്പെടുന്ന ഒന്നല്ല. സാമാന്യ ഭാവനയ്ക്ക് അപ്പുറത്തായത് കൊണ്ടും സാധാരണ ആളുകൾക്ക് നാടകം കാണുന്നതു പോലെ വായിക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടും ആയിരുന്നിരിക്കണം തുപ്പേട്ടൻ അത്രകണ്ട് ആഘോഷിക്കപ്പെടാതെ പോയി. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രധാനിയും അറിയപ്പെടുന്ന നാടക സംവിധായകനുമായ രാജു നരിപ്പറ്റ എന്നോട് പറഞ്ഞിട്ടുള്ളൊരു കാര്യം 'തുപ്പേട്ടൻ വല്ല ഫ്രാൻസിലോ അല്ലെങ്കിൽ സ്പെയിനിലോ ഒക്കെയാണ് ജനിച്ചിരുന്നതെങ്കിൽ ഇന്ന് എത്രമാത്രം സെലിബ്രേറ്റഡ് ആയിട്ടുള്ള എഴുത്തുകാരനായി അറിയപ്പെട്ടേനെ. പാഞ്ഞാൾ എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒതുങ്ങി പോയ'തെന്ന്.

അദ്ദേഹം അനുഭവിച്ച അസ്തിത്വ ദുഃഖത്തിന്റേതായിട്ടുള്ള മ്ലാനതയുണ്ട് തുപ്പേട്ടന്റെ പല കഥാപാത്രങ്ങളിലും; പ്രത്യേകിച്ച് കുഞ്ഞമ്പു എന്ന കഥാപാത്രത്തിൽ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതും കുഞ്ഞമ്പു ആണ്. അതു കൊണ്ടു തന്നെ എന്റെ ഡോക്യുമെന്ററിയുടെ കഥാതന്തു തുടങ്ങുന്നത് കുഞ്ഞമ്പുവിൽ നിന്നാണ്. അകാലസ്ഥലിയിൽ ഇരിക്കുന്ന ഒരു വ്യക്തിയായിട്ടാണ് അദ്ദേഹം കുഞ്ഞമ്പുവിനെ കാണിച്ചിരിക്കുന്നത്. അകാലസ്ഥലി എന്നതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് സ്ഥലകാല ബന്ധനങ്ങൾക്ക് അപ്പുറത്ത് ഇരിക്കുന്ന ഒരു കഥാപാത്രം. അവനവൻ വായന തന്നെയാണ് കുഞ്ഞമ്പുവിലൂടെ അദ്ദേഹം നടത്തിയിട്ടുള്ളത്. അവനവൻ എന്താണോ അതിന്റെയൊരു പ്രതിഫലനം മാത്രമാണ് കുഞ്ഞമ്പു എന്നാണ് തോന്നിപ്പിച്ചിട്ടുള്ളത്. കുഞ്ഞമ്പു തന്നെയാണ് ഒരുപക്ഷേ തുപ്പേട്ടൻ. അതുപോലെ ഒരുപാട് കഥാപാത്രങ്ങള്‍. അവരുടെ പേരുകൾ പോലും വളരെ രസകരമായിട്ടുള്ളവയാണ് - നീലിസാലി, ശംഖുപുഷ്പ മഹാരാജാവ്, കുഞ്ഞമ്പു, അപ്പോത്തിക്കരി അങ്ങനെയുള്ള പ്രത്യേക തരത്തിലുള്ള പേരുകളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കുള്ളത്.

അദ്ദേഹം സൃഷ്ടിച്ചിരുന്ന കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും ഒരു പ്രത്യേകത,  വളരെ  പോസ്റ്റ് മോഡേൺ ആയ ഘടനയിലൂടെ സമകാലികമായിട്ടുള്ള സംഭവങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും അവ സംവദിച്ചിരുന്നു എന്നതാണ്. കുട്ടിക്കളികളിലൂടെയൊക്കെ കഥ പറയുന്നതു പോലെ, വളരെ ലളിതമായ ഒരു ആഖ്യാന രീതിയായിരുന്നു പല നാടകങ്ങളുടേയും.

എന്നാൽ ലളിതമല്ലാത്ത ഘടനയുള്ള, ഭാഷാഘടനയുള്ള നാടകങ്ങളും ധാരാളമുണ്ട്. ആദ്യകാലത്ത് കുട്ടികളുടെ നാടകമായി അരങ്ങേറിയിരുന്ന 'വേട്ടക്കാരപ്പയൽ' എന്ന നാടകമൊക്കെ. പക്ഷേ അത് കുട്ടികൾക്ക് ഉൾക്കൊള്ളാൻ പറ്റുന്ന ഭാഷ ആണോയെന്ന്  സംശയമുണ്ട്. അങ്ങനെയുള്ള ഭാഷാഘടനയും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. 'ഡബിൾ ആക്ട്' എന്ന നാടകത്തിലൊക്കെ പറഞ്ഞിരിക്കുന്ന സന്ദർഭം വളരെ ലളിതമാണ്. പക്ഷേ ആ ലളിതമായിട്ടുള്ള സന്ദർഭത്തിലൂടെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് വളരെ വലിയൊരു ഫിലോസഫി ആയിരിക്കും.

പാത്രസൃഷ്ടിയിലുള്ള പ്രത്യേകതകൾ എടുത്തു പറയേണ്ടതാണ്. ഓരോ കഥാപാത്രങ്ങളും പ്രത്യേക തരത്തിലുള്ള, പ്രത്യേക സ്വഭാവഘടനയുള്ളവരാണ്. നാട്ടിലെ അന്തർമുഖികളായ ആളുകളുടെ  പ്രതിഫലനം ഈ കഥാപാത്രങ്ങളിൽ കാണാൻ കഴിയുമെന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങളിൽപ്പോലും പാഞ്ഞാൾ എന്ന ഗ്രാമത്തിലെ അന്തർമുഖികളായ മനുഷ്യരെ തന്നെയാണ് നമുക്ക് കാണാൻ കഴിയുന്നത്. സിഗരറ്റ് കവറിനു മുകളിലാണ് അദ്ദേഹം അവരുടെയൊക്കെ ക്യാരിക്കേച്ചേഴ്സ് വരച്ചു വച്ചിരുന്നത്. ഈ ക്യാരിക്കേച്ചേഴ്സിന് ഒക്കെ തന്നെ ആ നാട്ടിലെ അന്തർമുഖികളായ, മ്ലാനത പേറുന്ന മുഖമുള്ള മനുഷ്യരുടെ  പ്രതിഫലനമുണ്ടായിരുന്നു.

നാടകമാണ് അദ്ദേഹം തിരഞ്ഞെടുത്ത മീഡിയം എന്നുള്ളതു കൊണ്ട് തന്നെ അധികമാരും അദ്ദേഹത്തെ വായിച്ചു കാണില്ല എന്നത് സങ്കടത്തോടെ ഓര്‍ക്കുന്നു. എങ്കിലും മലയാളത്തിലെ ഉത്തരാധുനിക നാടകരംഗത്ത് ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത പേരു തന്നെയാണ് തുപ്പേട്ടന്റേത്.

വേള്‍ഡ് മ്യൂസിക് ഫൌണ്ടേഷന് വേണ്ടി

തുപ്പേട്ടനെക്കുറിച്ച് ഡോകുമെന്ററി തയ്യാറാക്കുകയാണ്

സംവിധായികയായ ലേഖിക 

Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: