scorecardresearch
Latest News

എം കെ പ്രസാദ് : മലയാളിയിൽ പരിസ്ഥിതി ബോധത്തെ നട്ടുനനച്ച് വളർത്തിയ മനുഷ്യൻ

കേരളത്തിൽ പരിസ്ഥിതിയുടെയും ശാസ്ത്രീയ സമീപനത്തിന്റെയും സുസ്ഥിര വികസന കാഴ്ചപ്പാടിന്റെയും ദർശനങ്ങളെ കോർത്തിണിക്കി നട്ടുനനച്ച് വളർത്തിയ ചിന്തകനും പ്രവർത്തകനുമാണ് എം കെ പി എന്ന എം കെ പ്രസാദ് കെ കെ കൃഷ്ണകുമാർ എഴുതുന്നു

Prof. M.K Prasad, M.K Prasad, Famous Environmentalist,k k krishnakumar

കേരളത്തിനെ പുതിയൊരു കാഴ്ചയുടെ ലോകത്ത് വേരുറപ്പിച്ച നിർത്തിയ ഗുരുവും വഴികാട്ടിയും സുഹൃത്തുമാണ് എം കെ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം കെ പ്രസാദ്. കാലത്തിന് മുമ്പേ പറന്ന ഒരു മനുഷ്യൻ. ചിന്ത കൊണ്ടും പ്രവൃത്തികൊണ്ടും പരിസ്ഥിതി ബോധത്തിലും ശാസ്ത്രീയ സമീപനത്തിനും അധിഷ്ഠതമായ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിന്റെ വേര് പടർത്തിയ മനുഷ്യൻ.

എം കെ പിയുമായി വ്യക്തിപരമായി പത്തമ്പത് കൊല്ലത്തോളം നീണ്ട വ്യക്തി ബന്ധമുണ്ട് എനിക്ക്. 1978 ൽപരിസ്ഥിതിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ നടന്ന സ്റ്റോക്ക് ഹോം കോൺഫറൻസിന് മുമ്പ് തന്നെ കേരളത്തിൽ പരിസ്ഥിതി അവബോധത്തിന്റെ വിത്തിട്ടതിൽ മുൻനിരക്കാരനായിരുന്നു എം കെ പി. പരിസ്ഥിതി എന്നത് കേട്ടുകേൾവി പോലുമല്ലാതിരുന്ന കാലത്ത് അതൊരു ജീവൽപ്രശ്നവിഷയമായി ജനങ്ങൾക്ക് മുന്നിലും ശാസ്ത്രസമൂഹത്തിന് മുന്നിലും ഒരുപോലെ അവതരിപ്പിച്ചവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. കേവല പരിസ്ഥിതി വാദത്തിന് അപ്പുറം പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായും ശത്തമായും സംസാരിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.

എം കെ പിയും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സൈലന്റ് വാലി വിഷയം ലോകശ്രദ്ധയിലേക്ക് വരുന്നത്. സൈലന്റ് വാലി വിഷയത്തെ പരിസ്ഥിതി, കാട്, മൃഗം എന്നിങ്ങനെ ചില കള്ളികളിലേക്ക് ചുരുക്കാതെ വികസനവും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ശാസ്ത്രീയമായ ബന്ധത്തിലെ കണ്ണികളെ ഇഴചേർത്ത് എം കെ പി അവതരിപ്പിച്ചപ്പോൾ ആ വിഷയത്തെ കുറിച്ചുള്ള സമീപനം തന്നെ മാറി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം കെ പി എഴുതിയ ലേഖനം കേരളത്തിന്റെ കണ്ണ് തുറപ്പിച്ചു.

പരിസ്ഥിതി എന്ന വിഷയം സാമൂഹിക, രാഷ്ട്രീയ ശാസ്ത്രീയ വിഷയമാക്കി ആ വേദികളിലൊക്കെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ വേദികളിലൊക്കെ എത്തുന്ന എം കെ പി ജനങ്ങളുടെ ഇടയിലും അതിലേറെ സജീവതയോടെ പ്രവർത്തിച്ചു.

വസ്തുതകളെ വിശകലനം ചെയ്യാനും അവതരിപ്പിക്കാനും അനന്യസാധാരണമായ കഴിവാണ് എം കെ പിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കൈവശം ചെറിയൊരു ഡയറിയുണ്ടാകും. അതിനുള്ളിൽ നിശ്ചിത വിഷയത്തെ കുറിച്ചുള്ള എല്ലാ ഡാറ്റയും ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്തും ആരും ശ്രദ്ധിക്കാത്തതുമായ വിഷയങ്ങൾ. എല്ലാവസ്തുതകളും നിരത്തി, കൃത്യമായും ശാസ്ത്രീയമായും അപഗ്രഥിച്ച് മാത്രമേ അദ്ദേഹം ഒരു വിഷയത്തിനെ കുറിച്ച് സംസാരിക്കുകയുള്ളൂ. അതുകൊണ്ടാണ് വലിയൊരു ജനവിഭാഗത്തെ പരിസ്ഥിതി അവബോധത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചത്.

സൈലന്റ് വാലി വിഷയം ആദ്യം ശാസ്ത്ര സാഹിത്യ പരിഷത്തിൽ പോലും എല്ലാവരും അംഗീകരിച്ചിരുന്നില്ല. എന്നാൽ പൊതുവിൽ കേരള സമൂഹത്തിലും പ്രത്യേകിച്ച് പരിഷത്തിലും ആ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരിലൊരാൾ എം കെ പി യായിരുന്നു.

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായിരുന്ന വി കെ മാധവൻ കുട്ടി, ഒ വി വിജയൻ പോലുള്ള വലിയൊരു വൃന്ദത്തെ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ദേശീയവും രാജ്യാന്തരവുമായ പല പരിസ്ഥിതി വേദികളിലും എം കെ പിയുടെ വേറിട്ട ശബ്ദം മുഴങ്ങി കേട്ടു. സൈലന്റ് വാലി മാത്രമല്ല, ചാലിയാർ മലിനീകരണം, മുണ്ടേരി വനസംരക്ഷണ മാർച്ച, കേരളത്തിലെ വനനശീകരണ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുടെ ഒക്കെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.

മലയാളിക്ക് മുമ്പിൽ മാത്രമല്ല, ലോകത്തെ പല തലങ്ങളിലും പരിസ്ഥിതിയെ ജീവൽപ്രശ്നമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പല തട്ടുകളിൽ നിന്നിരുന്ന പരിസ്ഥിതി പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. പലതലമുറകളിൽപ്പെട്ടവരെ പരിസ്ഥിതി അവബോധമുള്ളവരാക്കി മാറ്റുന്നതിലും സുസ്ഥിര വികസനം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് വളർത്തുന്നതിലും അദ്ദേഹം ശ്രദ്ധപൂലർത്തി. പരിസ്ഥിതി അവബോധം. വസ്തുതകളിലുള്ള കൃത്യത, ശാസ്ത്രീയ സമീപനം വേണമെന്ന നിർബന്ധം ഇങ്ങനെയുള്ള കടുംപിടുത്തങ്ങളൊക്കെ രസരകരമായ ഭാഷയിൽ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നർമ്മബോധത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് ഒക്കെ എം കെ പിയിൽ നിറഞ്ഞു നിന്നു.

ജീവിതത്തിലുടനീളം ശാസ്ത്രീയ സമീപനത്തോടെ തീക്ഷ്ണമായ അടുപ്പമാണ് അദ്ദേഹം പുലർത്തിയത്. അശാസ്ത്രീയയതിനെ ശക്തവും സൗമ്യവുമായി എതിർത്തിരുന്നത്. എം കെ പിയെ കേരളത്തിന് മറക്കാൻ കഴിയില്ല. നിരവധി വികസന പരിസ്ഥിതി പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ആ വിടവ് വളരെ വലുതാണ്. കേരളത്തിന്റെ സുസ്ഥിര വികസനം സംബന്ധിച്ച് ദീർഘവീക്ഷണത്തോടുള്ള കാഴ്ചപ്പാട് അദ്ദേഹം അവതപിപ്പിച്ചുണ്ട്. അത് പിന്തുടരാൻ കഴിഞ്ഞാൽ പുതിയൊരു കേരളത്തിലേക്കുള്ള വാതിലാകും അത്.

കേരളത്തിൽ ഇന്ന് ഏറെ വിവാദമായ കെ റെയിൽ (സിൽവർ ലൈൻ) സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് പുനരാലോചിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആദ്യം ഒപ്പിട്ടത് അദ്ദേഹമായിരുന്നു. ശാരീരികകമായ അവശതയിലായിരിക്കുമ്പോഴും കേരളത്തെ കുറിച്ച് ചിന്തിച്ച ഒരു മനുഷ്യന്റെ അവസാന വിരലടയാളം പോലും ഭാവികേരളത്തെ പുനർനിർവചിക്കുന്നതിനായിരുന്നുവെന്നത് അദ്ദേഹത്തിന് കേരളത്തോടും പരിസ്ഥിതിയോടും മനുഷ്യരോടും സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടിനോടുമുള്ള ആഴ്ന്നിറങ്ങിയ സമര്‍പ്പണത്തെയാണ് അടയാളപ്പെടുത്തുന്നത്.

കേരളത്തിൽ പരിസ്ഥിതിയുടെയും ശാസ്ത്രീയ സമീപനത്തിന്റെയും സുസ്ഥിര വികസന കാഴ്ചപ്പാടിന്റെയും ദർശനങ്ങളെ കോർത്തിണിക്കി നട്ടുനനച്ച് വളർത്തിയ ചിന്തകനും പ്രവർത്തകനുമാണ് എം കെ പി എന്ന എം കെ പ്രസാദ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering m k prasad and his contribution to ecological education in kerala