ദാ, നാമിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് മലയാളികൾ പിറകോട്ട് മാർച്ച് ചെയ്യുന്നതിന്റെ ബാൻഡ് വാദ്യമാണ്. ഇതൊരു അപചയ ഘട്ടമാണെന്നു തിരിച്ചറിയാൻ സാമാന്യ വിവേകം മാത്രം മതിയാകും.
വലിയ വലിയ മനുഷ്യർ ജീവിച്ചിരുന്ന വലിയൊരു കാലത്തുനിന്ന് അവരുടെയെല്ലാം സുഹൃദ് വലയത്തിൽനിന്നാണ് ഡോ .എം ഗംഗാധരൻ വരുന്നത്: എം ഗോവിന്ദൻ, പി കെ ബാലകൃഷ്ണൻ, കെ കേളപ്പൻ, അയ്യപ്പപ്പണിക്കർ, സി ജെ തോമസ്, അനന്തമൂർത്തി, സി എൻ ശ്രീകണ്ഠൻ നായർ, എം പി ശങ്കുണ്ണി നായർ, എം വി ദേവൻ, ആറ്റൂർ രവിവർമ, കടമ്മനിട്ട രാമകൃഷ്ണൻ…
ഇവരിൽ പി കെ ബാലകൃഷ്ണനും ആറ്റൂരിനും കടമ്മനിട്ടയ്ക്കും മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു വരെ അവതാരിക എഴുതിയിട്ടുണ്ട് ഗംഗാധരൻ മാഷ്. എം ഗോവിന്ദനും കക്കാടും അയ്യപ്പപണിക്കരും മുതൽ സച്ചിദാനന്ദനും കെജി ശങ്കരപ്പിള്ളയും വരെയുള്ള ആധുനിക കവികളുടെ ആദ്യ സമാഹാരങ്ങൾ വന്നത് കേരള കവിത എന്ന പരമ്പരയിൽ മധുവനം, പരപ്പനങ്ങാടി എന്ന വിലാസത്തിൽ നിന്നായിരുന്നല്ലോ. ആധുനിക കവിതയുടെ തലസ്ഥാനം എന്നാണക്കാലത്ത് മാഷുടെ വിലാസമറിയപ്പെട്ടിരുന്നതു തന്നെ…
1970 കൾ മുതലാണ് ചരിത്രകാരനും സാമൂഹിക ചിന്തകനും സാഹിത്യ- സാംസ്കാരിക വിമർശകനുമായ ഗംഗാധരൻ മാഷുമായുള്ള അടുത്ത സൗഹൃദം. എഴുത്തോ കഴുത്തോ എന്നു ചോദിച്ച മാഷടക്കമുള്ള എഴുത്തുകാർ പക്ഷേ, എന്തേ രാഷ്ടീയാടിയന്തിരാവസ്ഥയെ തിരിച്ചറിയുകയും അതിനെതിരായ ചെറുത്തുനിൽപ്പിന് നേതൃത്വം നല്കുകയും ചെയ്യാതിരുന്നത് എന്ന സങ്കട ഹർജിക്കുള്ള മറുപടിയിൽ കുഞ്ജരവീര്യം എന്ന വാക്കുപയോഗിച്ചതിനെതിരെ വഴക്കിട്ടായിരുന്നു ഞങ്ങളുടെ ബന്ധം തുടങ്ങിയതു തന്നെ എന്നു പറയാം.
ആന തിരിയാൻ സമയമെടുക്കുമല്ലോ എന്നായിരുന്നു മാഷുടെ ന്യായം. ആന സമയമെടുത്ത് തിരിഞ്ഞു വരുമ്പോഴേക്കും പക്ഷേ ചരിത്രം സംഭവിച്ചു കഴിഞ്ഞിരിക്കും. പിന്നെ അതിനിടയിൽ വാരിക്കുന്തവുമായി തീവ്രവാദികൾ ചാടിവീണെന്നു പരിതപിച്ചിട്ടൊന്നും കാര്യമില്ല. കിളികളും കവികളും നേരത്തെ ഉണരുന്നുവെന്നാണല്ലോ നിങ്ങൾ നേരത്തെ അവകാശപ്പെടാറുണ്ടായിരുന്നത്. ചരിത്രം ആവശ്യപ്പെട്ട നിർണായകമായൊരു സമയത്ത് തോറ്റുപോയ തലമുറയിൽനിന്നുള്ളൊരാൾ എന്നൊരു കുറ്റബോധം ഉടനീളം തുടർന്നുള്ള ഞങ്ങളുടെ ബന്ധത്തിലുണ്ടായിരുന്നു. ഇത്തിരി കൂടുതൽ വാത്സല്യം, പരിഗണന, ഇഷ്ടം, പ്രതീക്ഷ…

സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള തലമുറയിൽനിന്നാണ് മാഷ് വരുന്നത്. ഞാനാവട്ടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ തലമുറയിൽ നിന്നും. ഞങ്ങൾക്ക് ഇണങ്ങാനും പിണങ്ങാനും ഒരുമിച്ചു പ്രവർത്തിക്കാനും സംവാദങ്ങളിലേർപ്പെടാനും ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ക്ഷുബ്ധ യൗവനത്തിന്റെ എഴുപതെൺപതുകളിലും ആ തലമുറയിലെ പലരും ജീവിച്ചിരുന്നല്ലോ. അവരുടെ തന്നെ കാലത്തിന്റെ തുടർച്ചയും കുതിപ്പുമായിരുന്നു ഞങ്ങളെന്ന് അംഗീകരിക്കാനും കൂടെ നിന്ന് ഞങ്ങളുമായി അനുഭവങ്ങൾ കൈമാറാനും മിക്കവർക്കും കഴിഞ്ഞില്ലെന്നതായിരുന്നു സത്യം. എന്നാൽ ജനകീയ സാംസ്കാരിക വേദിയുടെ ‘പ്രേരണ’ മാസികയുടെ പേജുകളിൽ ഒ വി വിജയനെയും പി കെ ബാലകൃഷ്ണനെയും ആറ്റൂരിനെയും ഒപ്പം നിർത്തി മാഷ്, ‘ഭജ ബ്രഷ്നേവം മൂഢമതേ’ തുടങ്ങിയ ലേഖനങ്ങൾ എഴുതി പി ഗോവിന്ദപിള്ളയുടെയും സി പി നാരായണന്റെയും മറ്റും വ്യവസ്ഥാപിത ഇടതുപക്ഷ പ്രതിരോധത്തെ നിശിതമായി നേരിട്ടു.
അതിന്റെ തുടർച്ചയായായിരുന്നു കേരള ദേശീയതയുടെ മുഖപത്രമായി ‘ജയകേരളം’ പുനാരംഭിച്ചപ്പോൾ മാസികയുടെ പത്രാധിപസ്ഥാനം മാഷ് ഏറ്റെടുത്തത്. പിന്നീട്, സിവിൽ സമൂഹ -സ്വത്വ രാഷ്ടീയം സവിശേഷമായി ഉയർന്നുവന്നപ്പോൾ മാഷ് നിരുപാധികമായി അതിന്റെ കൂടെ നിന്നു. വീട്ടിനടുത്തുള്ള വയലിൽനിന്ന് മണ്ണെടുക്കുന്നത് എതിർക്കുന്നതു മുതൽ നീര ചെത്താനുള്ള കർഷകരുടെ അവകാശത്തിനൊപ്പം നിൽക്കുന്നതു വരെ ആ സമരസൗഹൃദം നീണ്ടു.
സ്വന്തം തെങ്ങിൽനിന്ന് നീര ചെത്തിയിറക്കാനുള്ള കർഷകരുടെ അവകാശം അംഗീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ടുകണ്ട് സംസാരിച്ചു നിവേദനം നൽകിയ സംഘത്തിൽ ഫാർമേഴ്സ് റിലീഫ് ഫോറം അധ്യക്ഷൻ എ സി വർക്കിയോടൊപ്പം കെ വേണുവും മാഷും ഞാനുമാണുണ്ടായിരുന്നത്. നീര ചെത്താനനുവദിക്കപ്പെട്ടിരുന്ന കർണാടകത്തിലേക്കു മദ്യനിരോധന സമിതിക്കാരായ ഗാന്ധിയന്മാരെ കൊണ്ടുപോയതും പിന്നീട് പരസ്യമായി നിയമം ലംഘിച്ച് നീര ചെത്താൻ നേതൃത്വം നൽകിയതുമായ മുൻകൈകളിൽ മാഷുമുണ്ടായിരുന്നു.
‘സ്ത്രീയവസ്ഥ കേരളത്തിൽ’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്ന ലൈംഗിക സദാചാരത്തിനു വേണ്ടി വാദിച്ചു. ലൈംഗിക തൊഴിലാളിയെന്ന നിലയിൽ തന്റെ ആത്മകഥ എഴുതിയ നളിനി ജമീലയെ എഴുത്തുകാരിയെന്ന നിലയിൽ പുനത്തിലിനും സക്കറിയക്കുമൊപ്പം സുഹൃത്തുക്കളാക്കിയ അപൂർവം പേരിൽ മാഷുമുണ്ടായിരുന്നു.
തുറന്ന സ്ത്രീ- പുരുഷ സൗഹൃദങ്ങളിലൂടെ മലയാളികളുടെ സദാചാര യാഥാസ്ഥികത്വത്തെ വെല്ലുവിളിക്കണമെന്ന് മാഷ് വാദിച്ചു .ഐസ്ക്രീo പാർലർ കേസ് ‘അന്വേഷി’യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ, പ്രസംഗിക്കാൻ പോകുന്നിടത്തു നിന്നെല്ലാം യാത്രപ്പടി ചോദിച്ചുവാങ്ങി മാഷ്, അത് ‘അന്വേഷി’ക്ക് കൃത്യമായി എത്തിക്കുമായിരുന്നത് ഓർക്കുന്നു.

ദളിതരുടെയും ആദിവാസികളുടെയും സ്വത്വത്തിനും ജീവിതത്തിനും വേണ്ടിയുള്ള സമരങ്ങൾക്കൊപ്പവും മാഷ് നിരുപാധികം നിന്നു. മനുസ്മൃതി കത്തിക്കുന്നതു മുതൽ മുത്തങ്ങാ സമരം വരെ. പശ്ചിമഘട്ടം രക്ഷായാത്രയുടെ സംഘാടകരിലൊരാളായി മാത്രമല്ല, ചാലിയാർ സംരക്ഷണ സഹായ സമിതി അദ്ധ്യക്ഷനായും മാഷുണ്ടായിരുന്നു. അക്കാലത്ത് കേരളത്തിൽ നടന്ന ജനകീയ പ്രതിരോധ പ്രവർത്തനങ്ങളുടെയെല്ലാം മുൻനിരയിൽ നിശ്ചയമായും ഉണ്ടാകുമായിരുന്നത് മറ്റാരുമല്ല.
പ്രാഥമികമായും മാഷറിയപ്പെടുന്നത് മലബാർ/മാപ്പിള കലാപത്തെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ പേരിലാണ്. കേരളത്തിനു വെളിയിൽനിന്നു വരുന്ന ഗവേഷകരുടെ ഗൈഡുമായിരുന്നല്ലോ മാഷ്. വാസ്കോ ഡി ഗാമയുടെ, പോർച്ചുഗീസുകാരുടെ വരവ് അറബിക്കടലിലും കേരള തീരത്തുമുണ്ടാക്കിയ ആഘാതങ്ങളുടേയും സംഘർഷങ്ങളുടേയും ഡോക്യുമെന്റേഷൻ തന്നെയായിട്ടുള്ള ‘വാണിജ്യകേരളം’ തുടങ്ങിയ പുസ്തകങ്ങളും മാഷുടേതായിട്ടുണ്ട്. മലബാർ മുസ്ലിങ്ങളുടെ സവിശേഷ മത-സാംസ്കാരിക വ്യക്തിത്വം പ്രത്യേകം പഠിച്ചിട്ടുള്ള മാഷ് എഴുതിയ മാപ്പിളപഠനങ്ങൾ എന്നൊരു പ്രത്യേക പുസ്തകം തന്നെയുണ്ട് .
പതിവ് ഗാന്ധി ജീവചരിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ രണ്ട് വാല്യങ്ങളിലുള്ള ഗാന്ധിചരിത്രവും മാഷുടേതായുണ്ട്. യാഥാസ്ഥിക ഭാഷ്യങ്ങളിൽനിന്ന് ഗാന്ധിയെ മോചിപ്പിക്കാനും പുതിയ കാലത്തെ പ്രതിരോധബിംബമായി പ്രവർത്തനക്ഷമമാക്കാനും കുറച്ചൊന്നുമല്ല മാഷ് ശ്രമിച്ചിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ വിവർത്തകനും കൂടെയാണദ്ദേഹം.
കോവിഡ് കാലം വരെ തുടർച്ചയായി കാണാനും സംവാദത്തിലേർപ്പെടാനും ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഇയാൾ സിവിക് ചന്ദ്രനല്ല, അൺസിവിൽ ചന്ദ്രൻ, സൂക്ഷിക്കണം എന്നായിരുന്നു എപ്പോഴും എന്നെക്കുറിച്ച് പറയാറുണ്ടായിരുന്നത്. കേരളത്തിലെ നവസമൂഹ പ്രസ്ഥാനങ്ങൾക്കു മാത്രമല്ല ‘പാഠഭേദ’ത്തിനും വ്യക്തിപരമായി എനിക്കും ഏറ്റവുമടുത്തൊരു രക്ഷാകർത്താവിനെയും സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചിന്തയിൽ മാത്രമല്ല പ്രവൃത്തിയിലും ഒരേപോലെ ക്ഷുഭിതനായ മറ്റൊരാൾ ആ തലമുറയിലിനി വേറെയില്ലല്ലോ.
ഇത്രയും കൂടെ: മാഷൊരിക്കൽ പാരിസിൽ പോയി വന്നപ്പോൾ സമ്മാനിച്ച മൊബൈൽ ഫോണായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്: താനെന്താണ് ഫോണൊന്നും ഉപയോഗിക്കാത്തത്? പാരിസിലെ ശിഷ്യ തന്ന ഈ ഫോൺ എന്റെ പേരിൽ തന്നെ നമ്പറെടുത്ത് തനിക്ക് തരുന്നു. എനിക്കെങ്കിലും തന്നെ ഇടയ്ക്ക് കിട്ടണം . തീവ്രവാദി പ്രവർത്തനങ്ങളിലൊന്നും ഇടപെട്ട് എന്നെ കൊഴപ്പത്തിലാക്കല്ലേ!