/indian-express-malayalam/media/media_files/2025/01/10/MOAZkzYV0jZ81WSJ5vVH.jpg)
ഗായകൻ എന്ന നിലയിൽ ഒരു സമ്പൂർണ്ണ സംഗീത ജീവിതമായിരുന്നു ഭാവഗായകനെന്ന് മലയാളികൾ ഹൃദയപൂർവ്വം വിളിച്ചിരുന്ന പി. ജയചന്ദ്രൻ പാടിത്തീർത്തത്. കാലത്തിനനുസരിച്ച് ഗായക വ്യക്തിത്വത്തെ പുതുക്കിയ ഗായകനായിരുന്നു ജയചന്ദ്രൻ. തന്റെ ജീവിതകാലത്തിലെ എല്ലാ തലമുറയ്ക്കുമൊപ്പമോ അവർക്കു മുമ്പോ സഞ്ചരിച്ച ഗായകനായിരുന്നു അദ്ദേഹം. ആറ് പതിറ്റാണ്ടുകളിലെ തലമുറകൾക്കൊപ്പം അവരുടെ ഗാനശീലങ്ങൾക്കും പദങ്ങൾക്കുമൊപ്പം പുഴപോലെ അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളെ കടന്നൊഴുകി.
മലയാള ചലച്ചിത്ര സംഗീതത്തിന് ഒരു നിയതഘടന നൽകിയ സംഗീത സംവിധായകൻ ദേവരാജനാണ്, 'കളിത്തോഴൻ' എന്ന ചിത്രത്തിലെ "മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസചന്ദ്രിക വന്നു..." എന്ന ഗാനത്തിലൂടെ ജയചന്ദ്രനെ ഗായകനായി മലയാളികളുടെ മുന്നിലെത്തിച്ചത്. ആദ്യ ഗാനത്തിലൂടെ തന്നെ യേശുദാസിന്റേതടക്കം അതുവരെ പരിചിതമായിരുന്ന ഗായകസ്വരങ്ങളിൽ നിന്നും സ്വരരൂപത്തിലും സംഗീതശൈലിയിലും തന്റെ വ്യത്യസ്തത അടയാളപ്പെടുത്താൻ ജയചന്ദ്രന് കഴിഞ്ഞു.
ദേവരാജന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ജയചന്ദ്രന്റെ സിനിമാ സംഗീത ജീവിതം കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം. എസ്. ബാബുരാജ്, എം. കെ. അർജ്ജുനൻ, എം. ബി. ശ്രീനിവാസൻ, എൽ. പി. ആർ. വർമ്മ, എം. എസ്. വിശ്വനാഥൻ, സലിൽ ചൗധരി തുടങ്ങിയ അതിപ്രഗത്ഭരായ സംഗീത സംവിധായകരുടെ ഗാനങ്ങളിലൂടെ വളർന്ന് വികസിതമായി.
ഈ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ച കാലഘട്ടമാണ് ജയചന്ദ്രന്റെ ഗായക ജീവിതത്തിന്റെ ഒന്നാം ഘട്ടം. "കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ..." (സംഗീതം: കെ. രാഘവൻ), " ഹർഷബാഷ്പം തൂകി..." (സംഗീതം: വി. ദക്ഷിണാമൂർത്തി), "അനുരാഗഗാനം പോലെ..." (സംഗീതം : എം. എസ്. ബാബുരാജ് ) , " നിൻ മണിയറയിലെ..." (സംഗീതം: എം. കെ. അർജ്ജുനൻ), "ശരദിന്ദു മലർദീപനാളം..." (സംഗീതം: എം. ബി. ശ്രീനിവാസൻ), "ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന... " (സംഗീതം: എൽ. പി. ആർ. വർമ്മ), " നീലഗിരിയുടെ സഖികളെ..." സംഗീതം: എം. എസ്. വിശ്വനാഥൻ ), "നിശാസുരഭികൾ വസന്തസേനകൾ... " (സംഗീതം: സലീൽ ചൗധരി) തുടങ്ങിയ ഗാനങ്ങൾ ഈ കാലഘട്ടത്തിലാണ് ഉയിരെടുത്തത്. പ്രാതിനിധ്യസ്വഭാവമുള്ള ഈ ഗാനങ്ങൾക്കൊപ്പം പ്രശസ്തമായ ഒട്ടനവധി ഗാനങ്ങളും പി. സുശീല, എസ്. ജാനകി, മാധുരി, വാണി ജയറാം എന്നീ ഗായികമാർക്കൊപ്പമുള്ള യുഗ്മഗാനങ്ങളും ഈ കാലത്തുണ്ടായിട്ടുണ്ട്. പിന്നീട് വന്ന സംഗീത സംവിധായകരായ എ.ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയി, ജെറി അമൽദേവ്, ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ സംഗീത സംവിധായകർക്കു വേണ്ടിയും നിരവധി മനോഹര ഗാനങ്ങൾ ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.
ജയചന്ദ്രന്റെ ഗായക ജീവിതത്തിലെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 'നിറം' എന്ന ചിത്രത്തിൽ വിദ്യാസാഗറുടെ സംഗീതത്തിൽ ആലപിച്ച "പ്രായം നമ്മിൽ മോഹം നൽകി... " എന്ന ഗാനത്തോടെയാണ്. ഈ ഘട്ടത്തിൽ രൂപഭാവങ്ങൾ മാറിയ മലയാള സിനിമാ സംഗീതത്തിൽ ഏതാണ്ടെല്ലാ പുതു തലമുറ സംഗീതസംവിധായകർക്കൊപ്പവും ജയചന്ദ്രൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എം. ജയചന്ദ്രൻ, ഗോപിസുന്ദർ, ബിജിബാൽ , ദീപക് ദേവ് തുടങ്ങിയ പുതു തലമുറ സംഗീത സംവിധായകർക്കുവേണ്ടി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കാലത്തിനനുസരിച്ച് തന്റെ ഗായക വ്യക്തിത്വത്തെ പുതുക്കാൻ ജയചന്ദ്രന് കഴിഞ്ഞതുകൊണ്ടാണ് പുതുതലമുറ സംഗീതസംവിധായകരുടെ പ്രിയ ഗായകനാകാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
മലയാളത്തിന് സമാന്തരമായി തമിഴിലും തൻ്റെ ഗായകപ്രതിഭ തെളിയിക്കാൻ ജയചന്ദ്രന് അവസരം ലഭിച്ചു. ഇളയരാജയുടേയും, എ. ആർ. റഹ്മാൻ്റെയും എത്ര മികച്ച ഗാനങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്.
മൃദംഗ വാദനത്തിൽ പരിശീലനം നേടിയ ജയചന്ദ്രൻ വ്യവസ്ഥാപിതമായ സംഗീതശിക്ഷണത്തിന് വിധേയനായിരുന്നില്ല. അത് അദ്ദേഹത്തിൻ്റെ സംഗീതജീവിതത്തിൽ ഒരു പോരായ്മയായി അനുഭവപ്പെട്ടില്ല എന്നു മാത്രമല്ല സ്വന്തം ഗായക ജീവിതത്തെ വ്യതിരിക്തമാക്കാൻ സഹായിക്കുകയും ചെയ്തു. പാടിയ ഗാനങ്ങളിലത്രയും ഭാവപരതയ്ക്ക് മുൻതൂക്കം നൽകുന്ന രീതിക്ക് ഇത് കാരണമായി. കാവ്യഗുണമേറിയ ഗാനങ്ങളാലപിക്കുമ്പോൾ കവിതയുടെയും സംഗീതത്തിൻ്റെയും രസാവഹമായ ഒരു മിശ്രണം ഇതുമൂലം സാധ്യമായി. "രാജീവ നയനേ നീയുറങ്ങൂ..." ച്രിത്രം : ചന്ദ്രകാന്തം), "കല്ലോലിനി വന കല്ലോലിനി..." ( ചിത്രം : നീലക്കണ്ണു കൾ) തുടങ്ങിയ ഗാനങ്ങൾ ഇതിനുദാഹരണമാണ്.
"കുപ്പായ കീശമേൽ കുങ്കുമപ്പൊട്ടു കണ്ട്...", " നിൻ പദങ്ങളിൽ നൃത്തമാടിടും എൻ്റെ സ്വപ്നജാലം...", " നന്ത്യാർവട്ടപ്പൂ ചിരിച്ചു നാട്ടു മാവിൻ്റെ ചോട്ടിൽ..." എന്നിങ്ങനെ കുസൃതിയും തമാശയും നിറഞ്ഞ ഗാനങ്ങൾ ആലപിക്കുമ്പോൾ അവയ്ക്ക് അനുയോജ്യമായ ശബ്ദ, ഭാവങ്ങൾ നൽകാൻ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു.
പ്രണയം, വിരഹം, ദുഃഖം, ആനന്ദം, കുസൃതി, ആഘോഷാത്മകത എന്നിങ്ങനെ ഭാവങ്ങളോരോന്നും അയത്നലളിതമായി ആ ആലാപന വൈഭവത്തിൽ ഇണങ്ങി നിന്നു. അതുകൊണ്ടാണ് മലയാളികൾ നിറഞ്ഞ സ്നേഹത്തോടെ അദ്ദേഹത്തിന് ഭാവഗായകനെന്ന പട്ടം നൽകിയത്.
സിനിമാഗാനങ്ങളോടൊപ്പം ഭക്തിഗാനങ്ങളിലും ലളിതഗാനങ്ങളിലും അദ്ദേഹം തൻ്റെ പ്രതിഭ തെളിയിച്ചു. " വിഘ്നേശ്വരാ ജന്മനാളീകേരം നിൻ്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു...", "ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ..." തുടങ്ങിയ ഭക്തിഗാനങ്ങളും "ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ..." തുടങ്ങിയ ലളിതഗാനങ്ങളും ഇതിനുദാഹരണങ്ങളാണ്.
ജീവനാദം നിലച്ചെങ്കിലും മലയാളികളുടെ സ്വന്തം ഭാവഗായകൻ ജയചന്ദ്രൻ തൻ്റെ ശബ്ദത്തിലൂടെ, ഗാനങ്ങളിലൂടെ എന്നും അനശ്വരനായി തുടരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.