മനോരാജ്യം വാരികയിൽ 1968 ൽ അച്ചടിച്ചു വന്ന “ചുവന്ന മനുഷ്യൻ” എന്ന നോവലിൽ തുടങ്ങിയ കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക സാഹിത്യ ചരിത്രത്തിന് ഇന്ന് രാവിലെ പത്ത് മണിക്ക് വിരാമചിഹ്നമിട്ടു.
മലയാള സാഹിത്യത്തിൽ അമ്പത് വർഷംകൊണ്ട് പുഷ്പനാഥൻ പിളള എന്ന കോട്ടയം പുഷ്പനാഥ്, മലയാളികൾക്ക് നൽകിയത് ഏതാണ്ട് 300 അപസർപ്പക നോവലുകളാണ്. ഇന്ന് മൊബൈൽ ഫോണിൽ തലകുനിച്ചിരിക്കുന്ന പുതിയ തലമുറയെ പോലെയായിരുന്നു ഇന്നത്തെ അറുപതുകാരനും എഴുപതുകാരനും അന്ന് കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലേയ്ക്ക് തലകുനിച്ചിരുന്ന് വായിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ അതിശയപ്പെട്ടിട്ടു കാര്യമില്ല. അത് സത്യമായിരുന്നു.
1970 മുതൽ എനിക്ക് പുഷ്പനാഥിനെ അറിയാം. അദ്ദേഹത്തിന്റെ 32 പുസ്തകങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രാധ്യാപകൻ എന്ന നിലയിൽ വായിച്ചുണ്ടാക്കിയ ചരിത്രവിജ്ഞാനം നോവലുകളിലേയ്ക്ക് പകർത്തിയപ്പോൾ വായനക്കാരന് അതൊരു പുതിയ അനുഭവമായി.
ലണ്ടനിലെ തെരുവീഥികളും ബ്രസീലിലെ ഇടവഴികളും അമേരിക്കയിലെ സുഖവാസ കേന്ദ്രങ്ങളും ഡിക്ടറ്റീവ് മാർക്സിനിലൂടെയും കാമുകി എലിസബത്തിലൂടെയും പുഷ്പനാഥ് വരച്ചു കാണിച്ചപ്പോൾ ജനം അത് ചലച്ചിത്രത്തിലെന്ന പോലെ ആസ്വദിച്ചു.
Read More:ഡ്രാക്കുളയുടെ നിഴൽ – കോട്ടയം പുഷ്പനാഥ് എഴുതുന്നു
ഒറാങ്ങ് ഒട്ടാൻ കുരങ്ങിന്റെ മസ്തിഷ്ക്കം മനുഷ്യനിലേയ്ക്ക് മാറ്റിപിടിപ്പിച്ച് ശാസ്ത്രജ്ഞനൊക്കെ അന്ന് വലിയ പുളളികളായിരുന്നു. കേരളത്തിലെ കേസ് അന്വേഷണം പുഷ്പരാജും മോഹനിയും കൂടി ഏറ്റെടുത്തു. പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും എന്തിന് ജഡ്ജിമാർവരെ കേസുകളിലൂടെ സഞ്ചരിക്കാനും വിധിപറയാനും പുഷ്പനാഥിന്റെ നോവലുകളെ ആശ്രയിച്ച ഒരു കാലഘട്ടം വരേണ്യവർഗ സാഹിത്യ തമ്പുരുക്കാന്മാരും അവരുടെ മാധ്യമങ്ങളും പുഷ്പനാഥിന് അയിത്തം കൽപ്പിച്ചുവെങ്കിലും ജനം പുഷ്പനാഥിനെ നെഞ്ചോട് ചേർത്തു പിടിച്ചു.
1980കളുടെ തൊട്ടുമുമ്പ് കോട്ടയത്ത് നിന്നും പതിനാല് വാരികകൾ ഇറങ്ങിയിരുന്നു. പതിനാല് വാരികകളുടെയും അവിഭാജ്യ ഘടകകമായിരുന്നു അന്ന് കോട്ടയം പുഷ്പനാഥ്. ബി. ജി. കുറുപ്പും നീലകണ്ഠൻപരമാരയും അനുജൻ തിരുവാങ്കുളവും പോലുളള എഴുത്തുകാരുടെ അപസർപ്പക കൃതികൾ വന്നിരുന്ന 1970കളിൽ വളരെ വ്യത്യസ്തമായ രീതിയിൽ അപസർപ്പക സാഹിത്യത്തിലെ ആദ്യത്തെ ആളും പുഷ്പനാഥായിരിക്കും. ‘ഡ്രാക്കുള,’ ‘കടൽക്കഴുകൻ, ‘ഡ്രാഗൺ.’
‘ട്രിപ്പൾ എക്സ്,’ ‘കാട്രിജ്,’ ‘പ്രൊജക്ട് 90,’ ‘ഡിറ്റക്ടീവ് മാർക്സിൻ,’ ‘യുവതികളെ വിൽക്കുന്ന കൊലയാളി,’ ‘ലേഡീസ് ഹോസ്റ്റലിലെ മരണം,’ ‘ദി ജീപ്പ്,’ ‘റിട്ടേൺ ഓഫ് ഡ്രാക്കുള,’ ‘ഡ്രാഗൺ, ബർമുഡാ ട്രയാങിൾ,’ ‘കംപ്യൂട്ടർ ഗേൾ,’ ‘ഡ്രാക്കുള ഏഷ്യയിൽ,’ ‘മറൈൻ ഡ്രൈവ്’ തുടങ്ങിയ അദ്ദേഹത്തിന്റെ നിരവധി നോവലുകൾ അനേകം പതിപ്പുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ജനപ്രീതിയുളള നോവലുകൾ ചേർത്ത് ‘ബെസ്റ്റ് ത്രില്ലേഴ്സ് ഓഫ് കോട്ടയം പുഷ്പനാഥ്,’ ‘മെഗാഹിറ്റ് ക്രൈം നോവൽസ് ഓഫ് കോട്ടയം പുഷ്പനാഥ്’ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കാലഘട്ടത്തിൽ മലയാളി നെഞ്ചോട് ചേർത്തു പിടിച്ച ജനപ്രിയ സാഹിത്യം നല്ലതാണെന്ന് ഇന്നുവരെ ഒരു നിരൂപകനും എഴുതിയിട്ടില്ല. ഒരു കോളജ് അധ്യാപകനും ഇതിനെകുറിച്ച് പറഞ്ഞിട്ടില്ല. മറിച്ച്, വായിക്കാൻ പാടില്ല എന്ന് നിരന്തരമായി പറഞ്ഞിട്ടുപോലും ഇന്നും കോട്ടയം പുഷ്പനാഥ് എന്ന പേരുകേട്ടാൽ അങ്ങനെ ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ ജനപ്രിയത.
പാട്ടിൽ യേശുദാസ് എന്നപോലെയാണ് എഴുത്തിൽ കോട്ടയം പുഷ്പനാഥ്. എത്രമാത്രം ആരൊക്കെ ഇകഴ്ത്തിയാലും കോട്ടയം പുഷ്പനാഥിനെ മലയാളം മറക്കില്ല. വിട, പ്രിയപ്പെട്ട പുഷ്പനാഥ് വിട.