scorecardresearch
Latest News

സാറാ അബൂബക്കർ: സർഗാത്മകയുടെയും നീതിയുടെയും പുഴ

“സാറാ അബൂബക്കർ എന്ന എഴുത്തുകാരി എനിക്കാരായിരുന്നു? ഞാനും എൻ്റെ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അതേ സമുദായത്തിൽ പിറന്ന മലയാളി എഴുത്തുകാരും പിന്നാലെ വരുന്ന പ്രതിഭാശാലികളും എല്ലാം ഒരേ തുടർച്ച തന്നെ. ഒരേ ചങ്ങലയിലെ കണ്ണികൾ” അടുത്തിടെ വിടപറഞ്ഞ പ്രശ്‌സ്ത സാഹിത്യകാരി സാറാ അബൂബക്കറിനെ കുറിച്ചു ഖദീജാ മുംതാസ്

Sara Abubakar, Khadeeja Mumtaz, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പ്രിയപ്പെട്ട സാറാ അബൂബക്കറിന് വിട! അന്ത്യയാത്രയ്ക്കു മുമ്പ് ഒന്നോടിയെത്തി കാണാമായിരുന്നു എനിക്ക്. അല്ലെങ്കിൽ അതെൻ്റെ കടമയായിരുന്നു. മംഗലാപുരത്തെത്തുക എന്നത് ഏറെ പ്രയാസമാക്കിത്തീർത്ത ന്യായീകരണങ്ങൾ ഏറെയുണ്ടെൻ്റെ മനസ്സിൽ. അതെപ്പോഴും അങ്ങനെയാണല്ലോ.

പിറ്റേന്ന്, സ്വന്തം മക്കളെപ്പോലെ അവരെ സ്നേഹിച്ചു പരിചരിച്ച മരുമക്കളെ വിളിച്ചു സംസാരിച്ചപ്പോൾ ഒരു നിമിഷം ഇങ്ങനെയും ആലോചിച്ചു, പോവാതിരുന്നത് നന്നായി. പ്രായവും രോഗവും വികലമാക്കിയ ആ സുന്ദര മുഖത്തിൻ്റെ ഇപ്പോഴത്തെ കാഴ്ച വല്ലാത്തൊരു മുറിവായി മനസ്സിൽ നിന്നേനെ. ആ സുന്ദരരൂപം പഴയപോലെത്തന്നെ മനസ്സിൽ തുടർന്നോട്ടെ.

സാറാ അബൂബക്കർ എന്ന എഴുത്തുകാരി എനിക്കാരായിരുന്നു? ഞാനും എൻ്റെ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അതേ സമുദായത്തിൽ പിറന്ന മലയാളി എഴുത്തുകാരും പിന്നാലെ വരുന്ന പ്രതിഭാശാലികളും എല്ലാം ഒരേ തുടർച്ച തന്നെ. ഒരേ ചങ്ങലയിലെ കണ്ണികൾ. സാറാ അബൂബക്കർ കന്നട എഴുത്തുകാരിയല്ലേ എന്ന ചോദ്യമുയരുന്നത് ഞാൻ കാണുന്നു. തീർച്ചയായും അവരുടെ കഥകളും നോവലുകളുമൊക്കെ പിറന്നത് കന്നട ഭാഷയിലാണ്. ആ അർത്ഥത്തിൽ ആ ഭാഷയിലെ ബാനു മുഷ്ത്താക്കിനെപ്പോലെ പൊള്ളുന്ന കഥകളെഴുതുന്നവരും അവരിലേയ്ക്കു നീളുന്ന മറ്റൊരു ചങ്ങലയിലെ കണ്ണികൾ. അല്ലെങ്കിലെന്തിനാണ് സമുദായം തിരിച്ചും ഭാഷ തിരിച്ചുമൊരു ചിന്ത? നമ്മളെല്ലാം എഴുതുന്നത് ഒരേ നൈതിക ബോധത്തോടെയല്ലേ? സ്വന്തം പരിമിത സർക്കിളുകളിൽ നിന്ന് പുറമേക്ക് കുതറുന്നവയല്ലേ ഓരോ എഴുത്തുകാരിയുടെയും ചേതന?

എങ്കിലും,എൻ്റെ മനസ്സിൽ സാറാ അബൂബക്കർ മലയാളിയായ എഴുത്തുകാരി തന്നെ. എനിക്കേറെ പ്രിയമുള്ള ചന്ദ്രഗിരിപ്പുഴയോരത്തു പിറന്നു വളർന്ന കാസർഗോഡുകാരി. കോഴിക്കോട് ഇടയ്ക്കിടെ ഓടിയെത്തി സാഹിതൃ സാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് വടക്കൻ മലയാളത്തിൻ്റെ തനിമ അനുഭവിപ്പിക്കുമായിരുന്ന സൗമ്യയായ മുതിർന്ന തലമുറക്കാരി.

പരിചയപ്പെടുമ്പോൾ കാണുന്ന സൗമ്യഭാവമല്ല അവരുടെ എഴുത്തുകൾക്കെന്ന് ഏറെ പ്രസിദ്ധമായ ‘ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ‘എന്ന നോവൽ സാക്ഷി. ധീരയായിരുന്നു അവർ. സാമൂഹ്യ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന ‘ഗഡി നാട്ടിൽ’ (കേരള-കർണാടക അതിർത്തി പ്രദേശം) മുപ്പതുകളിൽ പിറന്ന മറ്റു മുസ്ലിം പെൺകുട്ടികൾക്ക് സാധ്യമാകാത്ത വിധം പതിനൊന്നാം ക്ലാസ് വരെ പഠിച്ചുയർന്നവൾ.

പ്രാഥമിക വിദ്യാലയത്തിൽ മലയാളം പഠിക്കാനായെങ്കിലും നാലാം ക്ലാസു മുതൽ ബാസൽ മിഷൻ സ്കൂളിൽ ചേർന്ന്, കന്നട മീഡിയത്തിലെങ്കിൽ അങ്ങനെ എന്നുറപ്പിച്ച് പഠനം തുടർന്നു, പുരോഗമന ചിന്താഗതിക്കാരനായിരുന്ന ഉപ്പയുടെ മിടുക്കിയായ മകൾ. മലയാളവും കന്നടയും ഒരു പോലെ വഴങ്ങുമായിരുന്നുവെങ്കിലും വിവാഹിതയായി കന്നട നാട്ടിലെത്തിയ സാറയ്ക്ക് തൻ്റെ സർഗജീവിതം അവിടെ കരുപ്പിടിപ്പിക്കാനായിരുന്നു നിയോഗം. മലയാളവുമായുള്ള ബന്ധം വായനയിലൂടെയും പിന്നെയേറെക്കഴിഞ്ഞ് സാംസ്കാരിക പരിപാടികളിലൂടെയും അവർ നിലനിർത്തിയത് ഏറെ ഗൃഹാതുരതയോടെയാണുതാനും.

ലങ്കേഷ് പത്രികയിലേക്ക്, അതിൻ്റെ സ്ഥിരം വായനക്കാരിയെന്ന നിലയിലേക്ക് അവരെത്തിച്ചേർന്നത് സ്വന്തം അന്വേഷണങ്ങളിലൂടെ തന്നെയാണ്. ആ വായന അവരെ എഴുത്തിലേക്ക് നയിച്ചതായിരിക്കണം. ആ പ്രസിദ്ധീകരണത്തിൻ്റെ സ്വാതന്ത്രൃ ബോധം, സാമൂഹ്യബോധം, സത്യസന്ധത, ധീരത തുടങ്ങിയ ഗുണങ്ങൾ സാറയെ ആകർഷിക്കാതിരിക്കുന്നതെങ്ങനെ? സാറയുടെ ആത്മസത്തയും വ്യത്യസ്തമായിരുന്നില്ലല്ലോ.

സാറ എഴുതാൻ തുടങ്ങി, കഥകൾ, ലേഖനങ്ങൾ, പിന്നെ, ‘ചന്ദ്രഗിരിയ തീരദല്ലി’ (ചന്ദ്രഗിരിപ്പുഴക്കരയിൽ) എന്ന നോവൽ, ഖണ്ഡശയായി. കുട്ടിക്കാലത്ത് ഉമ്മയെ കാണാനെത്തുമായിരുന്ന സ്ത്രീകൾ പറഞ്ഞ അനുഭവകഥകളിലൊന്ന് ആ മനസ്സിൽ കനൽ മൂടി കിടപ്പുണ്ടായിരുന്നു. വിവാഹ – വിവാഹമോചന – പുനർവിവാഹ വിഷയങ്ങളിൽ ഇസ്ലാമിൽ നിലനിൽക്കുന്ന അതൃന്തം സ്ത്രീവിരുദ്ധമായ ഒരാചാരത്തിനു നിർബന്ധിക്കപ്പെട്ടവൾ, തൻ്റെ ആത്മഹത്യയിലൂടെ മത പൗരോഹിത്യത്തെ വെല്ലുവിളിക്കുന്നതാണ് നോവലിൻ്റെ പ്രമേയം.

ഒരു വെറും സാധാരണ സ്ത്രീയുടെ ആത്മഹതൃ പൗരോഹിത്യത്തിന് എങ്ങനെയാണ് വലിയ വെല്ലുവിളിയാവുക! ചന്ദ്രഗിരിപ്പുഴയോരത്ത് വളർന്നവൾ ആ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാതെ, സ്ത്രീക്ക് പൊതുവേ അപ്രാപ്യമായ പള്ളിക്കുളത്തിൽ ചാടി മരിച്ചു എന്നതാണ് പൗരോഹിത്യത്തെ കഠിനമായി ഞെട്ടിച്ചത്. ലങ്കേഷ് പത്രികയിൽ അച്ചടിച്ചു വരവേ കന്നടയിലെ മുസ്ലിം മൗലികവാദികളാൽ അവർ ശകാരിക്കപ്പെട്ടു. ശാരീരികമായി ഒരു വട്ടം ആക്രമിക്കപ്പെടുകയും ചെയ്തു. ഒട്ടും തളർന്നില്ല സാറ. എഴുത്തിന് അതിനു ശേഷം ഊറ്റം കൂടിയതേ ഉള്ളു. പത്രാധിപരായ പി. ലങ്കേഷ് എപ്പോഴും അവർക്ക് ആത്മവീര്യം പകർന്നു നൽകുകയും ചെയ്തു. അച്ഛൻ്റെ മരണശേഷം മകളായ ഗൗരി, ലങ്കേഷ് പത്രത്തിൻ്റെ അമരത്തെത്തിയപ്പോഴും ആ ബന്ധം ശക്തമായി നിലനിന്നു. 2017ൽ ഗൗരി തീവ്രഹിന്ദുത്വയുടെ ഗുണ്ടകളാൽ വധിക്കപ്പെടും വരെ.

‘ചന്ദ്രഗിരിപ്പുഴയോരത്ത്‌’ കേരളത്തിൽ നടക്കുന്ന കഥയാണല്ലോ. മലയാളിയും കാസർഗോഡുകാരനുമായ ശ്രീ.രാഘവൻ അത് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ഒരു വാരികയിൽ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയപ്പോൾ ഉണ്ടായ സംഭവം രസകരമാണ്. വിവർത്തകനറിയാതെ പത്രാധിപർ കഥാനായിക മരിക്കുന്നത് ചന്ദ്രഗിരിപ്പുഴയിൽ ചാടിയാണ് എന്നു തിരുത്തി ആ ലക്കത്തിൽ ചേർത്തു. അതു നോവലിനുണ്ടാക്കാവുന്ന ആശയലോപം ഏറെ വലുതാണല്ലോ. വിവർത്തകനെപ്പോലെ നോവലിസ്റ്റും ശക്തമായ നിലപാടെടുത്ത് നോവൽ പ്രസിദ്ധീകരണം ആ ലക്കത്തോടെ നിർത്തിവെച്ചാണ് അന്നതിന് പ്രതിരോധം തീർത്തത്.

‘ബ്യാരി’ എന്ന പേരിൽ ആ കഥ എഴുത്തുകാരിയുടെ സമ്മതമില്ലാതെ സിനിമയാക്കി പിന്നീടൊരു മലയാളി സംവിധായകനും എഴുത്തുകാരിയോട് അനീതി കാട്ടി. നിയമപരമായി പൊരുതി ജയിച്ചു കൊണ്ടാണ് നോവലിസ്റ്റ് അതിനു മറുപടി കൊടുത്തത്. മലയാളിയായ എഴുത്തുകാരിയോട് സ്വന്തം നാട് പെരുമാറിയത് ഇങ്ങനെയൊക്കെയാണ്. അതേ നോവൽ ‘നാദിറ’ എന്ന പേരിൽ തമിഴിൽ സിനിമയായിറങ്ങി അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു.

മുസ്ലിം പശ്ചാത്തലമുള്ള എൻ്റെ നോവൽ ‘ബർസ’ കന്നടയിലേക്ക് വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു സാറാ അബൂബക്കർ പറഞ്ഞത് കോഴിക്കോട് ഞങ്ങളൊന്നിച്ചുണ്ടായിരുന്ന ഒരു വേദിയിൽ വെച്ചായിരുന്നു. ഞാൻ അമ്പരന്നത് രണ്ടു കാരണങ്ങൾ കൊണ്ട്. കന്നട നാട്ടിലിരുന്നു കൊണ്ട് ആ ഭാഷയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ മലയാളത്തിലെ പുതിയ എഴുത്തുകളെ എങ്ങനെ പിൻതുടരുന്നു എന്നോർത്തിട്ട്. രണ്ടാമത്തെ കാര്യം എന്നേക്കാൾ ഇരുപതു വയസ്സോളം മുതിർന്ന, കന്നടസാഹിത്യ അക്കാദമി അവാർഡുൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ നേടിയ ഒരാളാണ് അത് സ്വയം വിവർത്തനം ചെയ്യുന്നു എന്നു പറഞ്ഞത്. ആ സമയത്ത് സ്വന്തം പ്രസാധക സംരംഭം കൂടി ആരംഭിച്ച ആളായി മാറിയിരുന്നു അവർ. കന്നടയിലെ പ്രമുഖരായവരുടെ പലരുടെയും പുസ്തകങ്ങളും അതിലൂടെ പുറത്തിറങ്ങിയിട്ടുമുണ്ടായിരുന്നു.

ഒരു വിവർത്തകനെ വെച്ച് അവർക്ക് ആ നോവൽ മൊഴിമാറ്റം ചെയ്യിക്കാമായിരുന്നു. അവർ തന്നെ അത് ചെയ്യാമെന്നുറപ്പിച്ചത് ‘ബർസ’യുടെ തീമിനോടുള്ള ആത്മൈകൃം കൊണ്ടു തന്നെയാകണം. അത് അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏറെ ജുനിയർ ആയ ഒരാൾ താൻ നടന്ന പാതയിലൂടെ മുന്നേറുന്നത് കാണുന്നതിലെ ആഹ്ലാദം. ആ സൗഹാർദ്ദമുറപ്പിക്കൽ എത്ര ആനന്ദദായകമായി എന്നോ!

മാസങ്ങൾക്കുള്ളിൽത്തന്നെ വിവർത്തനം പൂർത്തിയായി. സാധാരണ വിവർത്തകർക്കുണ്ടാകാവുന്ന സന്ദേഹങ്ങളോ പരസ്പര ചർച്ചകളോ ഒന്നും വേണ്ടി വന്നില്ല. മംഗലാപുരത്തു വെച്ച് അതിൻ്റെ പ്രകാശനം കന്നട സാഹിത്യത്തിലെ അഞ്ചോ ആറോ എഴുത്തുകാരും സർവ്വകലാശാലാ വി സി യും അടങ്ങുന്ന ചടങ്ങിൽ വെച്ച് നടത്തുകയും ചെയ്തു. ‘മുമ്പെളക്ക്’ (മുൻ വിളക്ക് ) എന്നവരതിന് പുനർനാമകരണം ചെയ്തു. ബർസ (മുഖംമറയ്ക്കാത്തവൾ, ധീരയായവൾ )ക്ക് കൈയിലൊരു വിളക്കു കൂടി!

സാറാ അബൂബക്കറിൻ്റെ എഴുത്തുകളും പ്രതിരോധങ്ങളും കേവലം മുസ്ലിം സമുദായത്തിൻ്റെ അതിർത്തികളിൽ നിന്നുമില്ല. ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ലങ്കേഷ് / ഗൗരീ ലങ്കേഷ് പ്രസിദ്ധീകരണങ്ങളുടെ നിലപാടുകളോടൊപ്പം സാറയും തോളോടുതോൾ ചേർന്നുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യ അവരെ എത്രമാത്രം അസ്വസ്ഥയാക്കിയിരുന്നു എന്നതിന് ആർ.ബി.ശ്രീകുമാറിൻ്റെ ‘Behind the Curtain’ കന്നടയിലേക്ക് വിവർത്തനം ചെയ്തതിലൂടെ അവർ തെളിയിച്ചുവല്ലോ. ഗൗരീ ലങ്കേഷിൻ്റെ വൈവിധ്യമേറിയ സാംസ്കാരിക പ്രതിരോധ പ്രവർത്തനങ്ങളിലെല്ലാം ആശയപരമായെങ്കിലും കൈകോർക്കാൻ അവരുണ്ടായിരുന്നു എപ്പോഴും. ജനിച്ച നാടിൻ്റെ തീരാക്കണ്ണീരായ എൻഡോസൾഫാൻ പീഡിതരോടൊപ്പം സമരമുഖത്ത് ആവേശത്തോടെ പങ്കെടുക്കാൻ പ്രവർത്തകർ വിളിച്ചപ്പോഴൊക്കെ അവരോടിയെത്തി.

അടിസ്ഥാനപരമായി, നീതിബോധമാണ് അവരുടെ എഴുത്തിൻ്റെയും പ്രവർത്തനങ്ങളുടെയും പ്രചോദകം. പീഡിപ്പിക്കപ്പെടുന്നവരോട് അവരെന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അത് സ്ത്രീകളായാലും പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരായാലും കോർപ്പറേറ്റ് താൽപ്പര്യങ്ങളാൽ ജീവിതത്തിൻ്റെ ഓരങ്ങളിലേക്ക് മാറ്റപ്പെടുന്നവരായാലും സാറാ അബൂബക്കർ അവരോടൊപ്പമുണ്ടാവും.

മലയാളിക്ക് അവർ സ്വന്തം നാട്ടുകാരിയെന്നംഗീകരിക്കാൻ മടിയുണ്ടോ എന്ന സന്ദേഹമുയരുമ്പോൾ, കർണാടക സാംസ്കാരിക രംഗം അവരുടെ സപ്തതിയാഘോഷം ‘സാറായേണ’ (സാറായനം) എന്ന പേരിൽ വിപുലമായി ആഘോഷിക്കുകയുണ്ടായത്രെ! സംശയമില്ല, അവരുടെ എഴുത്തുകൾ, ഓർമ്മകൾ ഏറെക്കാലം ഏറെപ്പേർക്ക് പ്രചോദനമായി നിലനിൽക്കും. തമസ്കരണ ശ്രമങ്ങളെ അതിജീവിച്ചു കൊണ്ടു തന്നെ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering kannada writer sara abubakar and her work khadeeja mumtaz