Latest News

മലയാളി കാണാത്ത ഗൗരിയമ്മയും അറിയാത്ത ചരിത്രവും

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരും ജീവിതവും ഒരു സ്ത്രീയുടേതാണ്- കെ. ആർ ഗൗരിയമ്മ. സ്വന്തം ബുദ്ധിയും കഴിവും കാര്യക്ഷമതയും കൊണ്ട് കേരളത്തെ കൊത്തിയെടുത്ത കൈകൾ. ഗൗരിയമ്മയുടെ ജീവിതത്തിൽ അവരെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞ ചില നിമിഷങ്ങൾ. കാണാതെ പോയ യാഥാർത്ഥ്യങ്ങളിലേക്ക് അവർ വീശിയ വെളിച്ചം ഗുരുവരുൾപോലെ ഇന്നും മുന്നിൽ തിളങ്ങുന്നു

k r gouriyamma, sasikumar v ,iemalayalam

കേരളത്തെ അതിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അപ്പുറത്തേക്ക്, എത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച പലരുടെയും പേരുകൾ ആളുകൾ ആഘോഷത്തോടെ പറയുമ്പോഴും വിട്ടുപോകുന്ന ചില പേരുകളുണ്ട്. അങ്ങനെ കേരളം രൂപപ്പെടുത്തിയെടുത്തിൽ, കേരളാ മോഡൽ എന്ന പ്രചാരം നേടിയ മാതൃക സൃഷ്ടിച്ചതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചൊരു പേരുണ്ട്. കേരളത്തെ ആഘോഷിക്കുന്നവർ പോലും എക്കാലത്തും മറന്നുപോകുന്ന, അല്ലെങ്കിൽ മാറ്റിവെക്കുന്ന പേര്; കെ ആർ ഗൗരിയമ്മ. ഐക്യകേരളത്തിനെ എല്ലാ അർത്ഥത്തിലും മാറ്റിത്തീർത്ത നിരവധി നിയമങ്ങൾ തയ്യാറാക്കിയ തലച്ചോറും ഹൃദയവും കൈകളും ആ അമ്മയുടേതായിരന്നു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളുടെ ചുക്കാൻ പിടിച്ച ആ പേര് പക്ഷേ, ചരിത്രത്തിലെ അരങ്ങിൽ നിന്നും അടുക്കളയിലേക്ക് മാറ്റപ്പെട്ടു. പലപ്പോഴും കേരളത്തെ കുറിച്ചുള്ള ചർച്ചകളിൽ പോലും ആ പേര് ഉയർന്ന് വരാറില്ല. അല്ലെങ്കിൽ ഉയർന്ന് വരാതിരിക്കാനായിരുന്നു പലരുടെയും ശ്രദ്ധ.

ഭൂപരിഷ്ക്കരണം മുതൽ ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് വരെ കെ ആർ ഗൗരിയമ്മ എന്ന മന്ത്രിയുടെ കാര്യശേഷിയുടെ അടയാളപ്പെടുത്തലുകളാണ്. ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകാനുള്ള നിയമത്തെ അട്ടിമറിച്ച് നിയമം കൊണ്ടുവരാൻ കേരളത്തിലെ 139 എം എൽ എ മാരും ഒന്നിച്ചപ്പോൾ അതിനെ ഏകയായി എതിർത്തചരിത്രം മാത്രം മതി നൈതികതയുടെ ആൾരൂപമാണ് ഗൗരിയമ്മ എന്ന മലയാളിയെ ഓർമ്മപ്പെടുത്താൻ. കേരളത്തിലെ നേട്ട പട്ടികയുടെ നട്ടെല്ലായിരുന്ന ആ അമ്മ എന്തുകൊണ്ടാണ് കേരളം രൂപപ്പെടുത്തിയവരുടെ പട്ടികയിൽ ആദ്യ പേരുകളിൽ വരാതെ പോകുന്നത്. അട്ടിമറിക്കപ്പെട്ട കാഴ്ചപ്പാടുകൾ, ഉള്ളിലേക്ക് ഒതുക്കിയ ദുഃഖം, മാറ്റപ്പെട്ട മുഖംമൂടികൾ, തെളിഞ്ഞ മുഖങ്ങൾ ഇങ്ങനെ കാണാതെപോയ ചരിത്രത്തിലേക്കുള്ള കാഴ്ചകൾ അശ്വമുഖത്ത് നിന്ന് തന്നെ അറിയാനുള്ള അവസരമുണ്ടായ കുറച്ചു സമയം എനിക്കുണ്ടായി. ലോകം കണ്ട ഗൗരിയമ്മയിൽ കാണാതെ പോയ ഗൗരിയമ്മയെ അടുത്ത് നിന്ന് കാണാൻ, കേൾക്കാൻ കഴിഞ്ഞ സമയം. കേരള ചരിത്രത്തിലെ കാണാക്കാഴ്ചകളിലേക്ക് ടൈം മെഷീനിലെന്നപ്പോലെ ഒരു യാത്ര.

കെ ആർ ഗൗരിയമ്മയെ കുറിച്ച് കേരള സർക്കാരിന് വേണ്ടി പ്രമുഖ ചലച്ചിത്രകാരനായ കെ ആർ മോഹനൻ ഗൗരിയമ്മയോടു സംസാരിക്കാൻ എന്നെയാണ് ഏർപ്പാടാക്കിയത്. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ ഡോക്യുമെന്ററി എടുപ്പ് നടക്കുന്നത്. ഇതാരംഭിക്കുമ്പോൾ ഗൗരിയമ്മയും ജെ എസ് എസും യു ഡി എഫ് മുന്നണിയുടെ ഭാഗമാണ്.

മോഹനേട്ടനോടും, കെ ജി ജയനോടും, കെൽട്രോൺ തോമസ്സിനോടും ഒപ്പം എത്തിയ എന്നോട് ആദ്യം കടുപ്പിച്ചു ശുണ്ഠി പിടിച്ചിരുന്നങ്കിൽ കുറച്ചു കഴിഞ്ഞപ്പോൾ വളരെ സൗഹൃദമായി. പതുക്കെ, പാർട്ടി വിഷയത്തിലും, ആദ്യ കാർഷിക ബില്ലും, ടി വി യുമായുള്ള ബന്ധവും, വേർപിരിയലും, സി പി എമ്മിൽ നിന്നും പുറത്തേക്കു വന്നതുമായ സംഭവങ്ങൾ വന്നപ്പോൾ ഗൗരി അമ്മ പല വിവരങ്ങളും പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട സംഭാഷണം. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലെ പുറത്തു വരാത്തതും, പല രാഷ്ടീയ പ്രവർത്തകരെപ്പറ്റിയും അവർക്കുള്ള ബന്ധങ്ങളും, അനുഭവങ്ങളും അവർ പങ്കിട്ടു. വിവാദമുണ്ടാകാവുന്ന വെളിപ്പെടുത്തലുകളായിരുന്നു അവയിലേറെയും.

സർക്കാറിന് വേണ്ടിയുണ്ടാക്കിയ ആ ഡോക്യുമെന്ററിയിൽ നിന്നും വിവാദങ്ങൾക്ക് വഴിവെക്കുമായിരുന്ന ഭാഗങ്ങളൊക്കെ സംവിധായകനായ കെ ആർ മോഹനൻ ഒഴിവാക്കി. എങ്കിലും ഷൂട്ട് ചെയ്തതെല്ലാം ഹാർഡ് ഡിസ്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. മോഹനേട്ടൻ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ആ ഹാർഡ് ഡിസ്കിലെ ഉള്ളടക്കമെല്ലാം മായച്ചുകളഞ്ഞു. ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തു . ഷൂട്ട് ചെയ്ത ഉള്ളടക്കമൊക്കെ കളഞ്ഞ് ലോക ക്ലാസിക് സിനിമകൾ സൂക്ഷിക്കാൻ തയ്യാറാക്കി. ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തതിനെ കുറിച്ച് ചോദിച്ച ക്യാമറാമാൻ കെ ജി ജയനോട് മോഹനേട്ടൻ പറഞ്ഞത് ” സിനിമക്കാവശ്യമുള്ളതു എടുത്തു ബാക്കി സൂക്ഷിച്ചിട്ടെന്താണുപയോഗം, അതിലും നല്ലത് സിനിമ സൂക്ഷിക്കുന്നതല്ലേ?” എന്നായിരുന്നു. താൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല ഒരു മനുഷ്യന് പോലും ഒരുദോഷവും ഉണ്ടാകരുതെന്നു വിശ്വസിച്ചിരുന്ന കെ ആർ മോഹനൻ അതു ചെയ്തില്ലങ്കിലല്ലേ അതിശയിക്കേണ്ടൂ. വിവാദ പരാമർശങ്ങളിൽ കടന്നുവരുന്ന പലരും ഇപ്പോഴില്ല എന്നതും മോഹനേട്ടന്റെ തീരുമാനത്തിന് പിന്നിലെ കാരണമായിരിക്കാം.

വിവാദങ്ങളിൽ താൽപ്പര്യമില്ലാത്തുകാരണമായിരിക്കാം ഗൗരിയമ്മയുടെ ഡോക്യുമെന്ററി യു ഡി എഫ് സർക്കാരിന്റെ കാലത്ത് പറണത്ത് വച്ചപ്പോഴും മോഹനേട്ടൻ മൗനംപാലിച്ചത്. ഈ ഡോക്യുമെന്ററി പൂർത്തിയാകുന്ന സമയത്താണ് ഗൗരിയമ്മയും ജെ എസ് എസും യു ഡി എഫ് വിട്ട് എൽ ഡി എഫിനൊപ്പം പോകുന്നത്. അതോടെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഡോക്യുമെന്ററി വെളിച്ചം കാണാതെ പി ആർ ഡിയുടെ പെട്ടിയിലിരുന്നു.അപ്പോഴും ഗൗരിയമ്മയും മോഹനേട്ടനും ആരോടും പരാതിയോ പരിഭവമോ പറഞ്ഞില്ല.

ആ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ കേരള ചരിത്രത്തിന്റെയും കെ ആർ ഗൗരിയമ്മയുടെയും ഇതുവരെ കാണാത്ത ഒരുപാട് മുഖങ്ങൾ, ചരിത്രനിമിഷങ്ങളൊക്കെ തെളിഞ്ഞുവന്നു. അതെല്ലാം ഡോക്യുമെന്ററിയിൽ വന്നില്ല. പക്ഷേ, ഇന്നും മനസ്സിൽ അവർ കോറിയിട്ട ചരിത്രം കരയാത്ത ഗൗരിയും തളരാത്ത ഗൗരിയും മാത്രമല്ല, കാണാത്ത ഗൗരിയും കാണാത്ത ചരിത്രവും ഉണ്ടെന്ന് ആ നിമിഷങ്ങൾ എന്നെ അടിവരയിട്ട് പഠിപ്പിച്ചു.

പ്രായത്തെ വെല്ലുന്നതാണ് ഗൗരിയമ്മയുടെ ഓർമ്മയുടെ തെളിച്ചവും ജീവിതച്ചിട്ടകളും. രണ്ടിലും വിട്ടുവീഴ്ചയുടെ അംശമില്ല. വാതിലിനോട് ചേർന്ന കസേരയിലേ ഇരിക്കൂ. ഇടതുവശത്ത് കൃഷ്ണന്റെ രൂപവും വലതുവശത്ത് പാട്ടുകാരിയായിരുന്ന ചേച്ചിയുടെ ചിത്രവും. വെള്ളവും ചായയും കുടിക്കുന്ന ഗ്ലാസും ആഹാരം കഴിക്കുന്ന പാത്രവും മാറാൻ പാടില്ല. ഊണ് മുറിയിൽ ജനലിനോട് ചേർത്തിട്ടിരിക്കുന്ന കസേരയിലിരുന്നാണ് പത്രം വായന. ദിവസവും ശരീരത്തിൽ നന്നായി എണ്ണ തേച്ച്, കുളിച്ച് വൃത്തിയായി വെള്ള വസ്ത്രം ധരിക്കും. ചില ദിവസങ്ങളിൽ ഒന്നും രണ്ടും തവണ സാരി മാറിയെന്നിരിക്കും. അതിഥികൾ വന്നാൽ അവർക്ക് ആഹാരം കൊടുത്തേ വിടൂ. ഇങ്ങനെയുള്ള ചിട്ടവട്ടങ്ങളിലൊന്നും ആലപ്പുഴക്കാരുടെ കുഞ്ഞമ്മയ്ക്ക് ഒരു വിട്ടുവീഴ്ചയുമില്ല.

സാരിത്തുമ്പിലെ താക്കോൽ കൊണ്ട് തുറന്ന ചരിത്രം

ഗൗരിയമ്മയക്ക് 93 വയസ്സുള്ളപ്പോഴാണ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കെ ആർ മോഹനനും ക്യാമറാമാൻ കെ. ജി ജയനുമൊപ്പം ഞാൻ ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. അന്ന് അവരുടെ ഓർമ്മകളിൽ കുട്ടിക്കാലം മുതലുള്ള ഓരോ സംഭവവും കടന്നുവന്നു. ഓർമ്മകളിൽ നിന്നും ഗൗരിയമ്മ ചരിത്രത്തെ കൂടെ തൊട്ടെടുക്കുന്നുണ്ടായിരുന്നു. അന്നത്തെ സാമൂഹികവസ്ഥയിലേക്കും വിരൽ ചൂണ്ടിയാണ് പലപ്പോഴും അവർ കാര്യങ്ങൾ പറഞ്ഞത്. കേരളത്തിലെ ചരിത്രം കൂടി ഇതൾ വിരിയുന്നുണ്ടായിരുന്നു അവരുടെ ഓർമ്മകൾക്കൊപ്പം.

ഊണ് മുറിയിൽ നിന്നും കിടക്കമുറിയിലേക്കുള്ള വാതിൽ പൂട്ടിയിരുന്നു. എല്ലാ താക്കോലുകളും ഒന്നിച്ച് കോർത്ത് സാരിത്തുമ്പിൽ കെട്ടിയിരിക്കുന്നത് കണ്ട് എന്നിലൊരു കുസൃതി വിടർന്നു. വലിയ വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുകാരിയും ആയ ഗൗരിയമ്മയക്ക് എന്തിനാണ് ഈ പൂട്ടും താക്കോൽക്കൂട്ടവുമൊക്കെ? എന്നൊരു ചോദ്യം ഞാനെറിഞ്ഞു. അപ്പോഴേക്കും ഞങ്ങൾ തമ്മിൽ തമാശ പറയാവുന്ന അടുപ്പമൊക്കെ ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് കൂടെയാണ് ആ ചോദ്യം ചോദിച്ചത്.

k r gouri amma , iemalayalam

മറുപടി അതീവ രസരകരമായിരുന്നു. ” വീട് തുറക്കാൻ വരുന്ന കള്ളന്മാർക്ക് അറിയാമോ ഞാൻ കമ്മ്യൂണിസ്റ്റുകാരിയാണെന്ന്, അതൊക്കെ അറിയുന്നവരുണ്ടായിരുന്നെങ്കിൽ നാട്ടിൽ കള്ളന്മാരുണ്ടാകുമായിരുന്നില്ല.” എന്ന് ചെറിയ ചിരിയോടെ മറുപടി നൽകി. “എന്റെ വീടിന് വെളിയിൽ വച്ചിരിക്കുന്ന പാത്രങ്ങളൊക്കെ ആരെങ്കിലും എടുത്തുകൊണ്ട് പോകും. പാത്രത്തിന് ആവശ്യം വരുമ്പോൾ ഞാൻ കിടന്നോടും. കള്ളനിത് വല്ലതും അറിയണോ. മോഷണം കൂടിയപ്പോൾ ഞാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് ഇട്ടത്. സർക്കാർ നൽകിയതല്ല. ആലപ്പുഴ സ്റ്റേഷനിലുള്ളവരുടെ കനിവും സ്നേഹവും കൊണ്ട് പൊലീസിനെ ഡ്യൂട്ടിക്ക് ഇട്ടതാണ്.”

ചാത്തനാട്ടുള്ള ആ പഴയ വീട്ടിലെ സ്വീകരണ മുറിയിലും ഊണ് മുറിയിലും ടി.വി. തോമസിന്റെ ചിത്രങ്ങളുണ്ടായിരുന്നു. ആദ്യം കിടപ്പ് മുറിയിൽ ഷൂട്ട് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും പിന്നീട് ഞങ്ങളുമായി നല്ല അടുപ്പം തോന്നിയപ്പോൾ ഗൗരിയമ്മ സാരിത്തുമ്പിലെ താക്കോൽ എടുത്ത് കിടപ്പ് മുറി തുറന്നു. ആ മുറി കാണാൻ ഞങ്ങളെ അനുവദിച്ചു. അവിടെ പുസ്തകങ്ങളും സാരികളും വച്ചിരിക്കുന്ന വലിയൊരു കട്ടിൽ. പിന്നെ, അതിനോട് ചേർന്നൊരു ചെറിയ കട്ടിലും. ചുവരിൽ മുഴുവൻ ടി വി തോമസുമൊത്തുള്ള ചിത്രങ്ങൾ. എല്ലാം വിവാഹദിനത്തിൽ എടുത്തവ. ഓരോ ചിത്രവും അത് എടുത്ത സാഹചര്യവും സന്ദർഭവും ഒക്കെ ഗൗരിയമ്മ വ്യക്തതയോടെ പറഞ്ഞു തന്നു. തന്റെ ഏകാന്തവാസത്തിനിടയിൽ ടി വി തോമസിനെ മനസ് നിറയെ കണ്ട് കൊണ്ടാണ് ഗൗരിയമ്മ ജീവിക്കുന്നതെന്ന് തോന്നൽ ആ സംസാരത്തിൽ തെളിഞ്ഞു നിന്നു.

k r gouri amma , iemalayalam

മുൻകോപവും ‘ഗൗരിയമ്മാളും

ഗൗരിയമ്മ വലിയ മുൻകോപക്കാരിയും ശുണ്ഠിക്കാരിയും ആണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യം ഒരു അവസരം കിട്ടിയിപ്പോൾ ഗൗരിയമ്മയോട് തന്നെ ഞാൻ നേരിട്ട് ചോദിച്ചു. ചോദ്യത്തിനോട് നിശബ്ദമായ പുഞ്ചിരിയായിരുന്നു ആദ്യ മറുപടി. പിന്നെ പതുക്കെ ചോദിച്ചു. “തനിക്ക് തോന്നുന്നുണ്ടോ ഞാനൊരു മുൻകോപക്കാരിയും ശുണ്ഠിക്കാരിയും ആണെന്ന്? എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ആരോടാണെങ്കിലും പറയും. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർ ഏത് സ്ഥാനത്തുള്ളവരാണെങ്കിലും വിളിച്ച് കാര്യം പറയും. അഴിമതിക്കാരല്ലാത്ത ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കൊക്കെ എന്നെ ഇഷ്ടമാണ്. ഐ എ എസ് ഉദ്യോഗസ്ഥരായ പാലാട്ട് മോഹൻദാസും ജോണും ജ്യോതിലാലുമൊക്കെ ഇതുവഴി പോയാൽ എന്നെ വന്ന് കാണാറുണ്ട്. ജോസാണെങ്കിൽ സംശയമെന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കും. ഞാൻ മോശക്കാരിയായതുകൊണ്ടാണോ ഇവരൊക്കെ എന്നെ വിളിക്കുന്നത്. ഞാൻ ആദ്യം മന്ത്രിയായപ്പോൾ മുതൽ ഇത്തരം പ്രചരണം തുടങ്ങിയതാണ്. ഞാൻ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചിലരും ചില ഉദ്യോഗസ്ഥരും ചേർന്ന് പറഞ്ഞുണ്ടാക്കിയതാണിതൊക്കെ. ചിരിക്കാത്ത, ഗൗരവക്കാരിയായ ഗൗരിയമ്മയെപ്പറ്റി നിങ്ങൾക്ക് എന്ത് തോന്നുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ ഞാൻ പാവയല്ലല്ലോ, മനുഷ്യ സ്ത്രീയല്ലേ?”.

ഞങ്ങളുമായുള്ള ഗൗരിയമ്മയുടെ സംഭാഷണത്തിൽ പലപ്പോഴും അച്ഛനും അമ്മയും ജ്യേഷ്ഠനും കളത്തിൽപ്പറമ്പിൽ വീടുമൊക്കെ കടന്നുവന്നു. തിരുമല ദേവസ്വംകാർ തന്നത് ഉൾപ്പടെ അച്ഛന് ഇരുന്നൂറ്റിയമ്പത് ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു. ഞാൻ പഠിച്ച് വക്കിലും ജഡ്ജിയുമൊക്കെ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നാരായണഗുരുവും കുമാരനാശാനുമൊക്കെ കളത്തിപ്പറമ്പിൽ വീട്ടിൽ വരുമായിരുന്നു. കുമാരനാശാൻ കവിതകൾ ചൊല്ലും വീട്ടുകാരും കുട്ടികളും നാട്ടുകാരുമൊക്കെ എല്ലാവരുമൊത്തിരുന്നാണ് ഇത്. വീടിന്റെ തെക്ക് വശത്തെ ചാവടയിലാണ് സന്ദർശകർ ഇരിക്കുക. സന്ദർശകർ വരുമ്പോൾ അച്ഛൻ എന്നെ ‘ഗൗരി അമ്മാൾ’ എന്ന് ഉറക്കെ വിളിക്കും. അമ്മ എന്നെ അങ്ങനെ വിളിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നുവെങ്കിലും വിളിച്ചിട്ടില്ല. ഗൗരി അമ്മാൾ എന്ന് അച്ഛൻ വിളിച്ചതായിരിക്കും നാട്ടുകാർ പിന്നീട് ഗൗരിയമ്മ എന്നാക്കിയത് പേരിന് പിന്നിലെ കഥ ഗൗരിയമ്മ പങ്കുവച്ചു.

‘പത്താംതരം കഴിഞ്ഞ് മഹാരാജാസിൽ പഠിക്കാൻ ചേർന്നു. കണക്കായിരുന്നു എനിക്ക് ഇഷ്ടം. ഇംഗ്ലീഷിലാണേൽ മോശവും. എനിക്ക് അഡ്മിഷൻ കിട്ടിയത് ഇക്കണോമിക്സിലും. സെന്റ് തെരേസാസിൽ ബി എ പാസായി. ബി എ യ്ക്ക് പഠിക്കുമ്പോൾ പ്രസംഗക്കാരിയെന്ന നിലയിൽ അവിടുത്തെ സിസ്റ്റേഴ്സിന് ഒക്കെ എന്നെ ഇഷ്ടമായിരിന്നു. അവിടെ നിന്നും ബി എല്ലിന് ( നിയമം ) പഠിക്കാൻ തിരുവനന്തപുരത്ത് പോയി. ഇന്നത്തെ ഏജീസ് ഓഫീസ് ആണ് അന്നത്തെ ലോ കോളജ്. തിരുവനന്തപുരത്ത് വാൻറോസ് ജംഗ്ഷന് അടുത്തുള്ള എസ് എൻ വി സദനത്തിലായിരുന്നു താമസം. റോസമ്മാ പുന്നൂസും സി എം സ്റ്റീഫന്റെ ഭാര്യ തങ്കമ്മയും സഹപാഠികളായിരുന്നു. അവരിരുവരും വക്കീൽ പണിക്ക് വന്നില്ലെങ്കിലും അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ഞാൻ അഭിഭാഷകയായി. ചേർത്തലയിൽ താമസവും പ്രാക്ടീസും നടത്തി. സിവിൽ കേസിൽ മിടുക്കിയായിരുന്നുവെങ്കിലും ഒരൊറ്റ ക്രിമിനൽ കേസിൽ പോലും ജയിക്കാൻ എനിക്കായില്ല.

കമ്മ്യൂണിസവും കല്യാണവും

തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് നിരവധി നേതാക്കൾ എന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. അക്കാലത്ത് വൈക്കം വിശ്വന്റെ അച്ഛൻ ദിവസവും വീട്ടിൽ വരുമായിരുന്നു. ഒരു ദിവസം പി. കൃഷ്ണപിള്ള വീട്ടിലെത്തി. സഖാവ് ഒളിവിലായിരുന്നു. വീടായിരുന്നു ഒളിത്താവളം, രാത്രിയിൽ നിലവറയിൽ രാഷ്ട്രീയ ചർച്ചകളായിരിക്കും. ആ ചർച്ചകളിൽ പങ്കെടുക്കാൻ എന്നെയും ക്ഷണിക്കും. ഒരിക്കൽ ചെന്നു, അവിടെ കാറ്റ് കടക്കാത്ത മുറിയിൽ നിറഞ്ഞുനിന്ന ബീഡിപ്പുകയുടെ നാറ്റം സഹിക്കാനാവാതെ ഞാനിറങ്ങിപ്പോന്നു.

പാർട്ടി നിരോധനം നിലനിൽക്കുന്നതിനാൽ കമ്മ്യൂണിസ്റ്റുകാരനായ ജേഷ്ഠനെ സഹായിക്കുന്നതിനായി അക്കാലത്ത് ലഘുലേഖകൾ വിതരണം ചെയ്യാനുള്ള ചുമതല എനിക്കായിരുന്നു. ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായിരുന്ന ഭിക്ഷക്കാർ വഴിയാണ് ലഘുലേഖ വിതരണം ചെയ്തത്. അവർക്ക് ഭക്ഷണത്തിന് പണവും നൽകാറുണ്ടായിരുന്നു. എന്റെ സമുദായത്തിലെ ആദ്യത്തെ വനിത അഭിഭാഷകയായ ഞാൻ വക്കീൽപണി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി. അച്ഛന്റെ ആഗ്രഹം സഫലമാക്കിക്കൊടുക്കാൻ സാധിക്കാത്തതിൽ കുറ്റബോധമൊക്കെ തോന്നിയിരുന്നു. അന്ന് നാൽപ്പതുകളുടെ അവസാനത്തിലും അമ്പതുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സ്ത്രീകൾ കുറവായിരുന്നു. ഞാൻ, എ വി കുഞ്ഞമ്പുവിന്റെ ഭാര്യ ദേവയാനി അങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു സ്ത്രീകൾ.

മന്ത്രിയായിരിക്കെയാണ് വിവാഹം. പാർട്ടിയുടെ നിർദേശപ്രകാരമാണ് ടി വി തോമസും ഞാനും വിവാഹിതരാകുന്നത്. മന്ത്രിമന്ദിരത്തിൽ വച്ചായിരുന്നു വിവാഹം. ആദ്യ കാലത്ത് ടി വിയുടെ അച്ഛൻ ഞങ്ങളുടെ വിവാഹത്തിന് എതിരായിരുന്നു. എന്നാൽ, പിന്നീട് ഞങ്ങളുമായി ഇണക്കമായി, ഞങ്ങൾക്കൊപ്പം ജീവിക്കുകയും ചെയ്തു. ടി വിയുടെ അച്ഛനെ ശുശ്രൂഷിക്കാനും എനിക്ക് കഴിഞ്ഞു. മാനസിക പ്രശ്നമുള്ള ഒരാൾ വിവാഹദിവസം മന്ത്രിമന്ദിരത്തിന് പുറത്ത് വന്ന് നിന്ന് ബഹളമുണ്ടാക്കി. ഗൗരിയമ്മയെ വിവാഹം ചെയ്യണം എന്ന് പറഞ്ഞായിരുന്നു അയാൾ ബഹളമുണ്ടാക്കിയതെന്ന് ചെറുചിരിയോടെ ഗൗരിയമ്മ ഓർക്കുന്നു.

k r gouri amma , iemalayalam

പാർട്ടി രണ്ടായപ്പോൾ ഞാൻ സി പി എമ്മിലും ടി വി, സി പി ഐയിലുമായി. വിവാഹം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ആലപ്പുഴയിലെ വീട് വാങ്ങിയത് പാർട്ടി പിളർന്നപ്പോൾ രണ്ട് പാർട്ടിയിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നു. അങ്ങനെയായിരുന്നുവെങ്കിലും 1967ലെ മന്ത്രിസഭയിൽ അംഗങ്ങളായപ്പോൾ ഞങ്ങൾ രണ്ട് വീടുകളിലായി താമസം. രണ്ട് പേരും രണ്ട് വീടുകളിൽ താമസിക്കാനായിരുന്നു പാർട്ടികളുടെ തീരുമാനം. ആലപ്പുഴയിൽ നിന്നും ഒരു കാറിൽ തിരുവനന്തപുരേത്തേക്ക് പോകും, അവിടെ രണ്ട് വീട്ടിലായി താമസം, ടി വിയുടെ വീട്ടിൽ വെപ്പും കുടിയുമൊക്കയുണ്ടായിരുന്നു. ഞാൻ സെക്രട്ടേറിയറ്റിന് തെക്ക് വശത്തുള്ള ഹോട്ടലിൽ നിന്നും ആഹാരം വാങ്ങി വരും. ഒരേ മന്ത്രിവസതിയിൽ രണ്ട് പാർട്ടിയുടെ ആളുകൾ ഒന്നിച്ച് കൂടുന്നത് ഒഴിവാക്കാനായിരിക്കാം, ഇല്ലെങ്കിൽ പാർട്ടിരഹസ്യങ്ങളും ചോരാതിരിക്കാനായിരിക്കും. എന്തായാലും അധികം വൈകാതെ ഞങ്ങൾക്ക് പിരിയേണ്ടി വന്നു.

ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഒരു സി പി ഐ നേതാവിന്റെ ഭാര്യയായിരുന്നു. ടിവിയുടെ ദൗർബല്യങ്ങൾ എനിക്കറിയാമായിരന്നു. ഞങ്ങളുടെ ദാമ്പത്യത്തിൽ അത് മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ നശിപ്പിക്കാനും ഞങ്ങളെ വേർപ്പെടുത്താനും ആ സ്ത്രീ ഒത്തിരി ശ്രമിച്ചു. ഞങ്ങൾ വേർപെട്ടു. ടി വി ബോംബെയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ഞാൻ നോക്കാൻ പോയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ മരണസമയത്ത്, അടുത്തുണ്ടാകാൻ എനിക്ക് കഴിഞ്ഞില്ല. പഴയകാലത്തേക്ക് നടക്കുമ്പോൾ, പ്രത്യേകിച്ച വിവാഹം, കുടുംബം എന്നിവയെ കുറിച്ച് പറയുമ്പോൾ ഗൗരിയമ്മ ഇടയ്ക്കിടെ മൗനത്തിലേക്ക് വീഴുന്നുണ്ടായിരുന്നു. കണ്ണീര് വീഴാതിരിക്കാനുള്ള ഒരു മറ ആ മൗനം കൊണ്ട് ഗൗരിയമ്മ കെട്ടി ഉയർത്തുകയായിരുന്നു. ഉള്ളിലെ കണ്ണീർ പുറത്തുവരാതെയും ധൈര്യം ചോർന്നുപോകാതിരിക്കാനുമുള്ള ഒരു കരുനീക്കം.

ടിവിയുടെയും ഗൗരിയമ്മയുടെ ചിത്രങ്ങളുള്ള ആ കിടപ്പ് മുറിയിൽ നിന്നും പുറത്തുവരുമ്പോൾ ഞാനറിയാതെ ആ അമ്മയുടെ കൈകളിൽ ചേർത്തുപിടിച്ചു.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Remembering k r gouriamma

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com