scorecardresearch
Latest News

ജനപ്രിയസിനിമയുടെ അമരക്കാരന്‍

മുഖ്യധാരാസിനിമക്കകത്ത് തനതുശൈലി സൃഷ്ടിച്ചെടുക്കുകയും ആ ശൈലിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഇണക്കിനിര്‍ത്തുകയും ചെയ്ത ഐ.വി.ശശി പക്ഷേ, ഓരോ മേഖലയിലെയും കൃതഹസ്തരായ പ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം തന്റെ സിനിമകളില്‍ ഉറപ്പു വരുത്തിയിരുന്നു

ജനപ്രിയസിനിമയുടെ അമരക്കാരന്‍

സിനിമ ആത്യന്തികമായി സംവിധായകന്റെ സ്വപ്‌നമാണ്. അയാളുടെ മനസ്സിലാണ് സിനിമയുടെ സങ്കല്പം രൂപം കൊള്ളുന്നതും വികസിക്കുന്നതും. പിന്നീടുള്ള അതിന്റെ പരിണാമതലങ്ങളില്‍ അനേകം പങ്കാളിത്തങ്ങളും ഇടപെടലുകളും സംഭവിക്കുന്നുണ്ടെങ്കിലും ആദ്യാവസാനം അത് സംവിധായകന്റെ കലയാണ്. സിനിമയെ കുറിച്ചുള്ള ഇങ്ങനെയൊരു നിര്‍വചനത്തിലേക്ക് നയിക്കുന്നതാണ് ഐ.വി.ശശിയുടെ സിനിമകള്‍. ഐ.വി.ശശി പൂര്‍ണ്ണതയുടെ സംവിധായകനായിരുന്നു. തന്റെ സിനിമാപ്രപഞ്ചത്തിലെ ഏകഛത്രാധിപതി അദ്ദേഹം തന്നെയായിരുന്നു. ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. അത്തരം സാക്ഷാത്ക്കാരങ്ങളിലേക്കുള്ള യാത്രകളായാണ് തിരക്കഥ മുതല്‍ ചിത്രസംയോജനം വരെയുള്ള സിനിമയുടെ ഘടകപങ്കാളിത്തങ്ങളെ അദ്ദേഹം കണ്ടിരുന്നത്.

സിനിമയുടെ സമസ്തതലങ്ങളെയും നിയന്ത്രിക്കുന്നൊരു ‘ഏകാധിപതി’ യായിരിക്കുമ്പോഴും തന്റെ സിനിമകളുടെ സമഗ്രസൗന്ദര്യത്തെ പൂരിപ്പിക്കുന്ന ഓരോ സര്‍ഗ്ഗാത്മപങ്കാളിത്തത്തെയും സ്വതന്ത്രവും ഫലപ്രദവുമായ രീതിയില്‍ വിനിയോഗിക്കുന്നതില്‍ ഒരു സൂക്ഷ്മദൃക്കായിരുന്നു അദ്ദേഹം. കലാസംവിധായകനെന്ന പൂര്‍വാനുഭവമായിരിക്കാം ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. എഴുത്തിന്റെയും ഛായാഗ്രഹണത്തിന്റെയും ചിത്രസംയോജനത്തിന്റെയും തലങ്ങളില്‍ അതത് മേഖലകള്‍ കൈയാളുന്നവരില്‍ നിന്നും തന്റെ അപ്രമാദിത്തം അടിച്ചേല്‍പ്പിക്കാതെ തന്നെ തനിക്കാവശ്യമുള്ളത് രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ ആദ്യസിനിമയായ ‘ഉത്സവം’ (1975) മുതല്‍ അവസാന ചിത്രമായ ‘വെള്ളത്തൂവല്‍’ (2008) വരെയുള്ള ഓരോ സിനിമയുടെയും അന്തിമമായ കൈയൊപ്പ് അദ്ദേഹത്തിന്റെതായിത്തീര്‍ന്നു. മുതിര്‍ന്ന എഴുത്തുകാരുടെ രചനകളായിട്ടു പോലും ഐ.വി.ശശിസിനിമകളെന്നാണ് അവയെല്ലാം അറിയപ്പെട്ടത്. പ്രസ്തുത സിനിമകളുടെ ബലദൗര്‍ബല്യങ്ങളത്രയും ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന്റെ പ്രതിഭക്കുണ്ടായിരുന്നു താനും.i v sasi , memories, films, suneesh k, iemalayalam

സിനിമ സംവിധായകന്റെ കലയായിരിക്കുമ്പോഴും അതില്‍ നിര്‍മ്മാതാവു മുതല്‍ വിതരണക്കാരന്‍ വരെയുള്ളവരുടെ ഇടപെടലുകളുടെ സ്വാധീനമുണ്ടായിരിക്കുമെന്നുള്ളത് അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ ഇവിടെ എഴുത്തുകാരനോ സംവിധായകനോ സര്‍ഗ്ഗാത്മകമായി പൂര്‍ണ്ണസ്വതന്ത്രനല്ല താനും. പ്രത്യേകിച്ച് കമ്പോളവിപണിയുടെ സാധ്യതകളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കുന്ന മുഖ്യധാരാസിനിമയെ സംബന്ധിച്ചിടത്തോളം. വിവിധ വിഭാഗങ്ങളുടെ അനുബന്ധമായുള്ള കൂട്ടായ്മകളും ചര്‍ച്ചകളും സിനിമയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചേക്കാം. പ്രേക്ഷകന്റെ മാറി മാറി വരുന്ന അഭിരുചികളെ എങ്ങനെ സംബോധന ചെയ്യാം എന്നുള്ളതു മാത്രമാണ് നിര്‍ണ്ണായകം. എന്നാല്‍, തന്റെ ആശയങ്ങളുടെയും സ്വപ്‌നങ്ങളുടെയും ആവിഷ്‌കാരം മാത്രമാണ് തന്റെ സിനിമകളെന്ന പ്രഖ്യാപനങ്ങളായിരുന്നു ഐ.വി.ശശി സിനിമകള്‍ മിക്കവയും.

തന്റെ സിനിമാസങ്കല്പങ്ങളിലേക്ക് പ്രേക്ഷകാഭിരുചികളെ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ ഈ സംവിധായകന്‍ ഒരുപാട് വിജയിച്ചിട്ടുണ്ട്. കുറച്ചൊക്കെ പരാജയപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ആ പരാജയങ്ങള്‍ക്കു പോലും വിജയത്തോളം ചാരിതാര്‍ത്ഥ്യമുണ്ട്. കാരണം അവയെല്ലാം മലയാളം അന്നേ വരെ കണ്ടിട്ടില്ലാത്ത ധീരമായ പരീക്ഷണങ്ങള്‍ കൂടിയായിരുന്നു. കാലത്തിനു മുമ്പേ നടന്ന ഒരു സംവിധായകന്റെ പ്രൗഢോജ്ജ്വലമായ ആഭിജാത്യം പതിഞ്ഞവയായിരുന്നു ആ സിനിമകളില്‍ ഭൂരിഭാഗവും. സിനിമയെ ഒരു വികാരത്തേക്കാളുപരി ജീവശ്വാസമായി കണ്ടൊരാളുടെ ഉന്മാദത്തിന്റെ കൈയൊപ്പുകളായിരുന്നു ഐ.വി.ശശി സിനിമകളില്‍ കൂടുതലും. മുഖ്യധാരാസിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി ജനപ്രീതിയായിരുന്നുവെങ്കില്‍, ഐ.വി.ശശി തന്റെ സിനിമകളിലേക്ക് പ്രേക്ഷകാഭിരുചിയെ വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അതു വരെ കണ്ട കഥാപ്രപഞ്ചങ്ങളോ ആവിഷ്‌കാരശൈലിയോ ആയിരുന്നില്ല ശശി സിനിമകളുടെത്. അത് നിലംതൊടാ സ്വപ്‌നങ്ങളായിരുന്നില്ല, രണ്ടുകാലും മണ്ണില്‍ ഉറപ്പിച്ചു നില്‍ക്കുന്ന മനുഷ്യകഥകളായിരുന്നു. അവന്റെ വിയര്‍പ്പും വികാരങ്ങളും സ്വപ്‌നങ്ങളും ആരവങ്ങളുമായിരുന്നു അതില്‍. തന്റെ സിനിമകളുടെ കപ്പിത്താന്‍ താന്‍ തന്നെയാണെന്ന സംവിധായകന്റെ ഉത്തമബോധ്യം ഈ സിനിമകളില്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെന്ന് സാരം.

മുഖ്യധാരാസിനിമക്കകത്ത് തനതുശൈലി സൃഷ്ടിച്ചെടുക്കുകയും ആ ശൈലിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഇണക്കിനിര്‍ത്തുകയും ചെയ്ത ഐ.വി.ശശി പക്ഷേ, ഓരോ മേഖലയിലെയും കൃതഹസ്തരായ പ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം തന്റെ സിനിമകളില്‍ ഉറപ്പു വരുത്തിയിരുന്നു. കഥയുടെയും അഭിനയത്തിന്റെയും കാര്യത്തില്‍ മാത്രമല്ല സാങ്കേതികതലങ്ങളില്‍ പോലും. ഭാവോജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളും സംഘര്‍ഷാത്മകവും നാടകീയത നിറഞ്ഞതുമായ കഥാപരിസരങ്ങളുമാണ് തനിക്കിണങ്ങുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാവശ്യമായ തിരക്കഥകള്‍ സ്വയം സൃഷ്ടിക്കാന്‍ മുതിരാതെ മികച്ച എഴുത്തുകാരെക്കൊണ്ടു തന്നെ നിര്‍വഹിപ്പിക്കുവാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഇതിന്റെ പ്രധാന കാരണം പൂര്‍ണ്ണതയോടുള്ള ഒത്തുതീര്‍പ്പില്ലാത്ത താത്പര്യം തന്നെയാണ്.i v sasi , memories, films, suneesh k, iemalayalam

Read Here: ശശിയേട്ടന്റെ ഓർമ്മദിനത്തിൽ, എനിക്കൊരു ഖേദകരമായ കാര്യം കൂടി പറയാനുണ്ട്; രഞ്ജിത്

മലയാളസിനിമയില്‍ തിരക്കഥയുടെ അപ്രമാദിത്വം കാത്തുസൂക്ഷിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ഐ.വി.ശശി സജീവമാകുന്നത്. അന്ന്, സിനിമക്ക് ശക്തമായ സാഹിത്യപശ്ചാത്തലമോ അടിത്തറയോ ഉണ്ടായിരുന്നു. പി.ഭാസ്‌കരനും ഉറൂബും പാറപ്പുറത്തും തോപ്പില്‍ ഭാസിയും എം.ടി.വാസുദേവന്‍ നായരും അക്കാലത്തെ സാഹിത്യപശ്ചാത്തലമുള്ള തിരക്കഥാകാരന്മാരായിരുന്നു. എസ്.എല്‍.പുരം സദാനന്ദനും പി.പത്മരാജനുമൊക്കെ അന്നത്തെ സിനിമകളെ സര്‍ഗ്ഗാത്മകമായി പിന്തുണച്ചിട്ടുള്ളവരാണ്. ഐ.വി.ശശിയും ഈ എഴുത്തുകാരുമായി പങ്കുചേര്‍ന്നു. പലരുടെയും ഒന്നിലധികം തിരക്കഥകള്‍ക്ക് സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

സാഹിത്യപരമായി പ്രതിഭാധനനായ ഒരാളുടെ രചനയെ സിനിമയാക്കുമ്പോള്‍ സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി തന്നെയാണ്. എഴുത്തുകാരന്‍ തന്റെ രചനയില്‍ സൂക്ഷിക്കുന്ന നിശ്ചിതമായ പൂര്‍ണ്ണതയെ സംവിധായകന്‍ എങ്ങനെ വ്യാഖ്യാനിച്ച് അനുവര്‍ത്തിക്കുമെന്നിടത്താണ് ഈ വെല്ലുവിളി കൂടുതല്‍ സജീവമാകുന്നത്. എഴുത്തുകാരനും സംവിധായകനും ഒരേ തൂവല്‍പക്ഷികളാകുകയെന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണല്ലോ. എന്നാല്‍, സ്വന്തമായി സിനിമയെടുക്കുകയും വ്യക്തമായ സിനിമാകാഴ്ച്ചപ്പാടുകള്‍ പുലര്‍ത്തുകയും ചെയ്യുന്ന, അന്നത്തെ മികച്ച എഴുത്തുകാരോടൊപ്പം നിരവധി സിനിമകള്‍ ഐ.വി.ശശി ചെയ്തിട്ടുണ്ട്. ആ സിനിമകളെല്ലാം ഐ.വി.ശശി സിനിമകളായി പ്രേക്ഷകര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

നല്ല കഥക്കും കഥാകാരനുമൊപ്പം നില്‍ക്കാന്‍ ഐ.വി.ശശിയിലെ സംവിധായകന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. നൂതനവും സൂക്ഷ്മവുമായ ശൈലികളില്‍ ഈ കഥകളെ സാക്ഷാത്ക്കരിക്കുവാനും അദ്ദേഹം മുതിര്‍ന്നിരുന്നു. അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും വ്യക്തിത്വവുമെല്ലാം സൂക്ഷ്മമായി വിലയിരുത്തിയിരുന്ന ഐ.വി.ശശി മിന്നി മറഞ്ഞു പോകുന്ന ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും പൂര്‍ണ്ണമായൊരു വ്യക്തിത്വം നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു.

i v sasi , memories, films, suneesh k, iemalayalam
ആലപ്പി ഷെരീഫ്

ഐ.വി.ശശിയുടെ ആദ്യതിരക്കഥാകാരന്‍ ആലപ്പി ഷെരീഫായിരുന്നു. ശശിക്കു വളരെ മുമ്പേ സിനിമയില്‍ സജീവമായിരുന്ന ഷെരീഫ് മലയാളിയുടെ സിനിമാരുചികളെ കൃത്യമായി അളന്നെടുത്ത ഒരു ജനപ്രിയ എഴുത്തുകാരന്‍ കൂടിയായിരുന്നു. ഇവര്‍ തമ്മിലുള്ള ആദ്യസംരംഭത്തിന്റെ പുതുമ അത് കഥക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടിയുള്ള സിനിമയായിരുന്നുവെന്നുള്ളതാണ്. പരിചിത നായകമുഖങ്ങളില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ക്കിണങ്ങുന്നവരെ മാത്രം തെരഞ്ഞെടുത്ത് താരസങ്കല്പത്തെ അട്ടിമറിച്ചു കൊണ്ടാണ് ‘ഉത്സവം’ വെള്ളിത്തിരയിലെത്തുന്നത്. കുറേക്കാലത്തേക്ക് ആലപ്പി ഷെരീഫ് തന്നെയായിരുന്നു ശശിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. ഇരുപതില്‍പരം സിനിമകള്‍ക്കായി ഇവര്‍ ഒത്തുചേര്‍ന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും മലയാളി അനുഭവിച്ച തീക്ഷ്ണവികാരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിഫലനം കൂടിയായിരുന്നു ഈ സിനിമകള്‍. ഭരതനും മോഹനും സൃഷ്ടിച്ച ഒരു ഭാവുകത്വത്തിന്റെയും സൗന്ദര്യസങ്കല്പത്തിന്റെയും അനുശീലനങ്ങളില്‍ നിന്നും വേറിട്ടു നിന്ന ഐ.വി.ശശി സിനിമകളുടെ പ്രധാന പ്രത്യേകത അത് നിത്യജീവിതത്തിന്റെ അനുഭവക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നുള്ളതായിരുന്നു. മാനുഷികവികാരങ്ങളെ സൗന്ദര്യാത്മകമായ അനുഭൂതിയാക്കി മാറ്റുന്ന ‘ഭരതന്‍ടച്ചി’ല്‍ നിന്നും വ്യത്യസ്തമായി വികാരങ്ങളുടെ യഥാർത്ഥപ്രതിഫലനത്തിലൂടെ ക്യാമറ ചലിപ്പിക്കുന്നതിനാണ് ശശി മുതിര്‍ന്നത്. പലപ്പോഴും അതിവൈകാരികതയിലേക്കും അതിഭാവുകത്വത്തിലേക്കും വീണു പോകാനുള്ള സാധ്യതകളുണ്ടായിരുന്നിട്ടും ആഖ്യാനകൗശലത്തിന്റെ സാമര്‍ത്ഥ്യവും നൂതനതന്ത്രങ്ങളും കൊണ്ട് അദ്ദേഹം അവയെ റിയലിസ്റ്റിക്‌ സിനിമാതലങ്ങളിലേക്ക് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ശശി-ഷെരീഫ് കൂട്ടുകെട്ടിന്റെ മികച്ച ചിത്രം ‘അവളുടെ രാവുകള്‍’ തന്നെ. ഏറെ തെറ്റിദ്ധാരണകളും പഴികളും ഏറ്റുവാങ്ങിയ ഈ സിനിമ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീപക്ഷസിനിമ കൂടിയായിരുന്നു. പ്രണയത്തിന്റെ വിലോലഭാവങ്ങളും രതിയിലേക്ക് വഴുതിയിറങ്ങുന്ന കാമനകളുടെ തീക്ഷ്ണസ്പര്‍ശവും അശ്ലീലമാകാതെ അവതരിപ്പിച്ച ശശി സംവിധായകനെന്ന നിലയിലുള്ള തന്റെ പ്രാപ്തി തെളിയിച്ച സിനിമയായിരുന്നു ഇത്. സീമ അവതരിപ്പിച്ച രാജിയും കവിയൂര്‍ പൊന്നമ്മയുടെ ലക്ഷ്മിയും മികച്ച കഥാപാത്രസൃഷ്ടികളായിരുന്നു. ജീവിതം വെട്ടിപ്പിടിക്കാനുള്ള സാഹസികതയും അതിനിടയിലെ സംഘര്‍ഷങ്ങളും സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന പ്രണയകാമനകളും എല്ലാം ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളുടെ പ്രമേയസ്വഭാവങ്ങളായിരുന്നു.

i v sasi , memories, films, suneesh k, iemalayalam
ടി ദാമോദരന്‍

കോഴിക്കോടിന്റെ നാടകലോകത്തുനിന്നുമാണ് ടി.ദാമോദരന്‍ ശശിയുടെ എഴുത്തുകാരനാവുന്നത്. കഥാപാത്രബാഹുല്യം കൊണ്ട് അമ്പരപ്പിച്ചവയായിരുന്നു ശശി-ടി.ദാമോദരന്‍ സിനിമകള്‍. ഒരു കാലഘട്ടത്തിന്റെ സാമൂഹികപ്രതിഫലനം നിര്‍വഹിച്ച ആ സിനിമകളുടെ രാഷ്ട്രീയഭാഷ അതിവൈകാരികമായിരുന്നുവെങ്കിലും ജനപ്രിയമായിരുന്നു. ചൂഷണത്തിനും അടിമത്വത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ വിരല്‍ചൂണ്ടിയവരായിരുന്നു അവയിലെ കഥാപാത്രങ്ങള്‍. രാഷ്ട്രീയനേതാക്കളും അധികാരിലോകവും പോലീസും ചേര്‍ന്ന ഒരു മേലാളലോകവും തൊഴിലാളിവിഭാഗങ്ങളുടെയും സാധാരണക്കാരുടെതുമായ ഒരു കീഴാളലോകവും തമ്മിലുള്ള കലഹവും സംഘര്‍ഷവുമായിരുന്നു ഈ കൂട്ടുകെട്ടിന്റെ സിനിമകളുടെ പൊതുസ്വഭാവം. ശക്തമായ സ്ത്രീപ്രാതിനിധ്യവും ഈ സിനിമകളുടെ ഭാഗമായിരുന്നു. ‘അങ്ങാടി,’ ‘ഈനാട്,’ ‘വാര്‍ത്ത,’ ‘ആവനാഴി,’ ‘അടിമകള്‍ ഉടമകള്‍’ എന്നിവ പ്രമേയപരമായ കരുത്തു കൊണ്ടും ചടുലമായ ആവിഷ്‌ക്കാരഭംഗി കൊണ്ടും മികവു പുലര്‍ത്തുകയും പ്രദര്‍ശനവിജയം നേടുകയുമുണ്ടായി. ഐ.വി.ശശിക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകളൊരുക്കിയിട്ടുള്ളത് ടി.ദാമോദരനാണ്. ‘1921’ എന്ന ചരിത്രസിനിമയും ഈ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ്. മലബാറിലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ ചരിത്രപുരുഷന്മാരുടെ വലിയൊരു കാന്‍വാസാണ് ശശി ഇതിനായി ഒരുക്കിയത്. ജയന്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ് തുടങ്ങിയ അക്കാലത്തെ താരമൂല്യങ്ങളെയെല്ലാം ഈ കൂട്ടുകെട്ട് സമര്‍ത്ഥമായി ഉപയോഗിക്കുകയുണ്ടായി.

iv sasi , iemalayalam, k suneesh

ഏകാകികളുടെയും ആത്മസംഘര്‍ഷങ്ങളുടെയും കഥാകാരനായ എം.ടി.യുടെ പത്തില്‍പരം തിരക്കഥകള്‍ക്കാണ് ഐ.വി.ശശി സിനിമാഭാഷ്യം രചിച്ചത്. മോഹന്‍ലാല്‍ ആദ്യമായി മുഴുനീള കഥകളിനടനാകുന്ന ‘രംഗം’ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്. കാമുകിക്കു വേണ്ടി തന്റെ ജീവിതസാഫല്യമായ കഥകളിയും ജീവിതം തന്നെയും ത്യജിക്കേണ്ടി വരുന്ന അപ്പുണ്ണിയുടെ ദുരന്തജീവിതമാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. സമൂഹത്തില്‍ എല്ലാ നിലയിലും ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള ശ്രമങ്ങളും തോറ്റുപോകുന്ന ദൈന്യത നിറഞ്ഞ അവളുടെ ജീവിതവുമാണ് ‘അനുബന്ധ’ത്തിന്റെ ഇതിവൃത്തം. മലയാളത്തിലെ മികച്ച സ്ത്രീകഥാപാത്രങ്ങളിലൊന്നായ സുനന്ദയെ ഈ സിനിമയില്‍ സീമ അനശ്വരമാക്കി. മനുഷ്യവികാരങ്ങളുടെ ചുഴിയില്‍പെട്ടുഴലുന്ന നിസ്സഹായരുടെ കഥ പറയുന്ന ‘തൃഷ്ണ’യും കുടുംബബന്ധങ്ങളുടെ സംഘര്‍ഷങ്ങളില്‍ ജീവിതം നഷ്ടപ്പെടുന്നവരുടെ കഥയായ ‘ആരൂഢ’വും ഈ കൂട്ടുകെട്ടിലെ മികച്ച സൃഷ്ടികളായിരുന്നു. സ്വന്തം ജീവിതം തന്നെ പകുത്തുനല്‍കി, ജയദേവന്‍ എന്ന എഴുത്തുകാരന്റെ ജീവിതത്തെ ജ്ഞാനപീഠത്തോളം ഉയര്‍ത്തിയ ഗീതയെന്ന നാടകക്കാരിയുടെ കഥ പറഞ്ഞ ‘അക്ഷരങ്ങളും’ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്. പ്രതിനായകവേഷത്തെ നായകസ്ഥാനത്താക്കി ശശി-എം.ടി.കൂട്ടുകെട്ട് സാക്ഷാത്ക്കരിച്ച ‘ഉയരങ്ങളില്‍’ അനുകരണങ്ങളുണ്ടാവാത്തവിധം ധീരമായൊരു പരീക്ഷണമായിരുന്നു. ജയരാജന്‍ എന്ന കൊടുംക്രിമിനല്‍ മോഹന്‍ലാലിന്റെ വ്യത്യസ്ത വേഷങ്ങളില്‍ ഒന്നാണ്.

എഴുത്തുകാരനും നാടകകൃത്തുമായ എസ്.എല്‍.പുരം സദാനന്ദന്‍ (അനുഭവങ്ങളേ നന്ദി), തോപ്പില്‍ ഭാസി (ഞാന്‍ ഞാന്‍ മാത്രം, ഇവര്‍, അനുമോദനം) ഏകലവ്യന്‍ (മനസാവാചാകര്‍മ്മണാ), പാറപ്പുറത്ത് (ഈ മനോഹരതീരം), രഘുനാഥ് പലേരി (അര്‍ത്ഥന) ഇവരെല്ലാം ഐ.വി.ശശിക്കു വേണ്ടി രചന നടത്തിയിട്ടുണ്ട്. അന്നത്തെ മികച്ച സംവിധായകനും തിരക്കഥാകാരനും അതിലുപരി ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും ശശിക്കു വേണ്ടി എഴുതിയിട്ടുണ്ട്. വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ വഴിതെറ്റിപ്പോയ ജീവിതങ്ങളുടെ കഥയായ ‘അക്ഷരത്തെറ്റും’ കുടുംബബന്ധങ്ങളിലെ ഇടര്‍ച്ചകളും പതര്‍ച്ചകളും ആവിഷ്‌കരിച്ച ‘അപാരതയും’ മികച്ച തിരക്കഥയില്‍ പിറന്ന മികച്ച സിനിമകളായിരുന്നു. ‘അശ്വരഥം’ എന്ന സിനിമയില്‍ വി.ടി.നന്ദകുമാറും ‘ഒരിക്കല്‍കൂടിയില്‍’ വിലാസിനിയും രചനാദൗത്യത്തില്‍ പങ്കു ചേര്‍ന്നിരുന്നു.i v sasi , memories, films, suneesh k, iemalayalam

പകയും കാമവും പ്രതികാരവും അതിന്റെ തീക്ഷ്ണമാനങ്ങളില്‍ ആടിത്തീര്‍ത്ത കഥാപാത്രങ്ങളെ അഭ്രപാളികളിലേക്കാവാഹിച്ച പി.പത്മരാജന്റെ തിരക്കഥകള്‍ക്കും ഐ.വി.ശശി സംവിധാനം നിര്‍വഹിക്കുകയുണ്ടായി. പത്മരാജന്റെ മികച്ച നോവലുകളായ ‘ഇതാ ഇവിടെ വരെ’യും ‘വാടകക്കൊരു ഹൃദയ’വും അസാമാന്യമായ കൈയൊതുക്കത്തോടെയാണ് ശശി ദൃശ്യവത്ക്കരിച്ചത്. ‘കൈകേയി’യും ‘കരിമ്പിന്‍പൂവിന്നക്കരെ’യും ‘കാണാമറയത്തും’ തീക്ഷ്ണവികാരങ്ങളുടെ ആവിഷ്‌കാരങ്ങളായിരുന്നു. മലയാള സിനിമക്ക് അപരിചിതമായ അനുഭവഭൂമികകളെയാണ് ഈ സിനിമകളിലൂടെ ഇവര്‍ പരിചയപ്പെടുത്തിയത്.

രഞ്ജിത്തിന്റെ ‘നീലഗിരി’ ഊട്ടിയുടെ പശ്ചാത്തലത്തില്‍ നിരവധി കഥാപാത്രങ്ങളെ ചേര്‍ത്തു വെച്ച് കഥ പറഞ്ഞു. ചുരം കയറിയെത്തുന്ന ശിവനും അയാള്‍ അകപ്പെട്ടു പോകുന്ന സംഭവവികാസങ്ങളും ചേര്‍ന്ന് ‘നീലഗിരി’യെ വ്യത്യസ്തമായ ഒരു രഞ്ജിത്ത് തിരക്കഥയാക്കിമാറ്റി. രഞ്ജിത്തിന്റെ തന്നെ ‘ദേവാസുരം’ കഥാപാത്രസൃഷ്ടിയില്‍ പുതിയൊരു ശൈലിയെ അടയാളപ്പെടുത്തി. ജന്മിത്വത്തിന്റെ ധാരാളിത്തത്തില്‍ ജീവിതം ആഘോഷമാക്കിമാറ്റിയ മംഗലശ്ശേരി നീലകണ്ഠനും പിന്നീടുള്ള അയാളുടെ തകര്‍ച്ചയും ഒടുവില്‍ പ്രതികാരനിര്‍വഹണത്തോടെയുള്ള തിരിച്ചുവരവും പ്രേക്ഷകസമൂഹം ഉത്സവാരവങ്ങളോടെ ഏറ്റെടുത്ത ഐ.വി.ശശിസിനിമയായിരുന്നു. പതികാലത്തില്‍ തുടങ്ങി ഇരട്ടിച്ചു കുതിക്കുന്ന ഒരു വാദ്യവിസ്മയത്തിന്റെ രൗദ്രഭംഗിയായിരുന്നു ഐ.വി.ശശി ഈ സിനിമയുടെ അവതരണത്തില്‍ പുലര്‍ത്തിയത്.i v sasi , memories, films, suneesh k, iemalayalam

കഥാപാത്രസൃഷ്ടിയിലെ സൂക്ഷ്മതയും അനുഭവപാഠങ്ങളുടെ പിന്തുണയും സ്വാഭാവികതയോടെയുള്ള കഥപറച്ചിലും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിന്റെ ‘മൃഗയ’യും ‘മുക്തി’യും ഐ.വി.ശശി സിനിമകളില്‍ മികച്ചുനില്‍ക്കുന്നവ തന്നെ. ഗ്രാമത്തിന്റെ പുലിപ്പേടി തീര്‍ക്കാനെത്തുന്ന വാറുണ്ണിയും അയാളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘മൃഗയ’യുടെ പ്രമേയമെങ്കില്‍, ‘മുക്തി’ കുടുംബബന്ധങ്ങളിലുണ്ടാകുന്ന ആകസ്മികപരിണാമങ്ങളാണ്.

സമ്മിശ്രമായ പ്രമേയാവിഷ്‌ക്കാരങ്ങളിലൂടെ മലയാളത്തിലെ തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ജോണ്‍ പോളും ഐ.വി.ശശിയുമായി ഒത്തുചേര്‍ന്നിട്ടുണ്ട്. ‘ഞാന്‍ ഞാന്‍ മാത്രം,’ ‘ഭൂമിക’ എന്നീ സിനിമകളില്‍ പാതി തിരക്കഥാപങ്കാളിത്തവും ‘വെള്ളത്തൂവല്‍,’ ‘കൂടണയും കാറ്റ്’ എന്നിവയുടെ പൂര്‍ണ്ണമായ പങ്കാളിത്തവും ജോണ്‍ പോളിനുണ്ടായിരുന്നു. ഇളംമനസ്സുകളുടെ പ്രണയചാപല്യങ്ങളെ ആവിഷ്‌കരിച്ച ‘ ഇണ’ ഈ കൂട്ടുകെട്ടിലെ ജനപ്രീതി നേടിയ സിനിമയായിരുന്നു.

ഇങ്ങനെ അനേകം പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ സാന്നിധ്യത്തിലാണ് ഐ.വി.ശശി തന്റെ സിനിമപ്രപഞ്ചത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. നല്ല കഥയും കരുത്തുറ്റ കഥാപാത്രങ്ങളും തന്റെ സിനിമകള്‍ക്കുണ്ടായിരിക്കണമെന്നുമുള്ള ശാഠ്യമായിരിക്കാം എക്കാലത്തെയും മികച്ച എഴുത്തുകാരെ തന്റെ രചയിതാക്കളാക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മുഖ്യധാരാസിനിമയുടെ വഴിയില്‍ സഞ്ചരിക്കുമ്പോഴും അതില്‍ ഒത്തുതീര്‍പ്പുകളില്ലാതെ മുന്നോട്ടു പോകുവാനുള്ള ഒരു നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ജനപ്രിയകഥാബീജങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും അത്തരം പ്രമേയങ്ങളോട് സത്യസന്ധമായ ആഖ്യാനസമീപനം പുലര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് സര്‍ഗ്ഗധനരായ ഈ എഴുത്തുകാരുടെ പിന്തുണയാണ്. സ്വന്തമായി ഒരു കഥയും എഴുതിയില്ലെങ്കിലും നല്ല കഥകള്‍ തേടിപ്പോകുന്ന ഒരു ആസ്വാദകമനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ പല സിനിമകളും കാലാതിവര്‍ത്തിയായി ഇന്നും ആസ്വദിക്കപ്പെടുന്നത്.

ഇന്ന് ന്യൂജനറേഷന്‍ നിര്‍വചനങ്ങള്‍ക്കകത്ത് പരിഗണിക്കപ്പെടുന്ന പല ചിത്രങ്ങളുടെയും പൂര്‍വമാതൃകയെന്ന് എണ്ണപ്പെടേണ്ടവയാണ് ചില ശശി-സിനിമകളെങ്കിലും. ജീവിതഗന്ധിയും സമൂഹസ്പര്‍ശിയുമായ ഇവയിലെ ഭൂരിഭാഗവും ഒരു കാലഘട്ടത്തിന്റെ സാമൂഹികചലനങ്ങളെയും സ്പന്ദനങ്ങളെയും കൃത്യമായി അടയാളപ്പെടുത്താന്‍ മുതിര്‍ന്നവയായിരുന്നു. അക്കാദമിക് സിനിമകളുടെ പരിവൃത്തങ്ങളില്‍ നിന്നും ബഹുദൂരം മാറിനില്‍ക്കുന്ന ഈ ജനപ്രിയസിനിമകളുടെ സാമൂഹ്യപാഠത്തെ ഒരിക്കലും അവഗണിക്കാനാവുന്നതല്ല. മാത്രമല്ല, സിനിമയെന്ന പരീക്ഷണശാലയില്‍ ഒരു സംവിധായകന്‍ എത്രമാത്രം സര്‍ഗ്ഗാത്മകമായി ജാഗ്രത പുലര്‍ത്തണമെന്നും കാലോചിതമായി നവീകരിക്കപ്പെടണമെന്നും ഉള്ളതിന് ഐ.വി.ശശിയെന്ന സംവിധായകന്‍ വലിയൊരു മാതൃകയാണ്. അതു കൊണ്ടു തന്നെ ഈ സിനിമക്കാരന്‍ അമരനാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering i v sasi master craftsman and trendsetter