സ്വന്തന്ത്ര ഇന്ത്യയുടെ ശ്രേഷ്ഠനായ നേതാവെന്ന നിലയിലേക്ക് ജോർജ് ഫെർണാണ്ടസ് നടന്നു കയറിയ ചരിത്രപഥങ്ങളിലെ മൂന്ന് സന്ദർഭങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹത്തിനു ആദരാഞ്ജലി അർപ്പിക്കാം. എഴുപതുകളുടെ മധ്യത്തിൽ, ജെ എൻ യുവിൽ പിച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ എന്റെ ഗുരുജി ആയിരുന്നു അദ്ദേഹം.
ആദ്യത്തേത്, ജോര്‍ജ്ജിന് അറുപതു വയസ്സ് തികയുന്ന കാലഘട്ടമാണ്. 1990, ജൂൺ മൂന്നിന് അറുപതു വയസ്സ് തികയാൻ പോകുന്ന ജോർജിനു ആശംസകൾ നേരാനെന്നവണ്ണം സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റേയും സിദ്ധാന്തവും പ്രയോഗവുമെന്ന (Theory and Practice of Socialism and Democracy) വിഷയത്തിൽ പ്രമുഖരായവർ സംഭാവന ചെയ്ത ലേഖനങ്ങളുടെ ഒരു വാല്യം സമ്മാനിക്കാമോ എന്ന് ജോർജിന്റെ ആരാധകനായിരുന്ന, യൂണിവേഴ്സിറ്റി ഓഫ് ഹവായിയിലെ പീസ് സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറായ ജോൺ ഗാൽതുങ്ങുമായി ആലോചിക്കുകയുണ്ടായി. എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടു അദ്ദേഹം ഒരു തലക്കെട്ടും പറഞ്ഞു തന്നു, ‘ഡിഗ്നിറ്റി ഫോർ ഓള്‍’. ‘എല്ലാവര്‍ക്കും അന്തസ്സ്’ എന്ന പരമപ്രധാനമായ ആ കാരണത്തിന് വേണ്ടിയാണ് ജോർജ് തന്റെ ജീവിതം മുഴുവനും നിലകൊണ്ടത്. പക്ഷേ ഞാൻ ജോർജിനെ കണ്ട് ഈ പുസ്തകത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ തന്റെ അറുപതാം പിറന്നാളിന് ഒരു ആഘോഷവും വേണ്ടയെന്നു അദ്ദേഹം വിനീതമായി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാതെ ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്തു. പിന്നീട് ഞാൻ കോട്ടയത്തെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, ജോർജിന്റെ ‘സ്വന്തം’ സഖാവുമായിരുന്ന യു.ആർ. അനന്തമൂർത്തിയെ കണ്ടപ്പോൾ, ജോർജിന്റെ തന്നെ പല ലേഖനങ്ങളും പ്രസംഗങ്ങളും ചരിത്രപ്രാധാന്യം ഉള്ളതാണെന്നും അതും ‘ഡിഗ്നിറ്റി ഫോർ ഓളിൽ’ ഉൾപ്പെടുത്താവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തിനായി പഠിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ഏറ്റെടുത്ത ദൗത്യം എത്ര വലുതാണെന്നും എനിക്ക് മനസിലായത്. ജോർജ് തന്റെ എഴുത്തുകളോ, പ്രഭാഷണങ്ങളോ ഒന്നും കൃത്യമായി സൂക്ഷിച്ചു വെച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ അനവധി സുഹൃത്തുക്കൾ മുന്നോട്ടു വന്നു സഹായിക്കുകയും , അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചു വർഷത്തെ (1965-’90) പ്രഭാഷണങ്ങളും, എഴുത്തുകളും ഉൾപ്പെടുത്തി ‘ജോർജ് ഫെർണാണ്ടസ് സ്പീക്സ്’ എന്ന മെഗാ വാല്യം യാഥാർഥ്യമാവുകയും ചെയ്തു.
Read More: എന്‍റെ ജോര്‍ജ് മൂന്നാമന്: കെ ആര്‍ മീര എഴുതുന്നു
ഇതിനിടയിൽ എപ്പോഴോ മധു ലിമായെയെ കണ്ടുമുട്ടിയപ്പോൾ ‘ഡിഗ്നിറ്റി ഫോർ ഓളിന്’ വേണ്ടി ഒരു ലേഖനം നൽകണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. അദ്ദേഹം ഉടൻ തന്നെ സമ്മതിക്കുകയും അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്ത ‘സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ഇൻററാക്ഷൻ ഇൻ ഇന്ത്യാ’ എന്ന വിഷയത്തിൽ എഴുതാനും ആരംഭിച്ചു. എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ടു അതൊരു പുസ്‌തകമായി രൂപാന്തരപ്പെട്ടു. അങ്ങനെ ജോർജിന്റെ അറുപതാം പിറന്നാളിന് എക്കാലെത്തും നിലനില്കുന്ന മൂല്യങ്ങള്‍ ഉള്ള മൂന്ന് വാല്യം പുസ്തകങ്ങൾ പുറത്തു കൊണ്ടു വരാൻ എനിക്ക് സാധിച്ചു. ന്യൂഡൽഹിയിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ, 1991 ഏപ്രിൽ 12 ന്, എസ്.ആർ.ബൊമ്മയ്, റാബി റായ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ആ മൂന്ന് വാള്യങ്ങൾ അടങ്ങിയ ‘ഡിഗ്നിറ്റി ഫോർ ഓൾ’ മുൻ പ്രധാനമന്ത്രി വി.പി.സിംഗ് പ്രകാശനം ചെയ്തത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്.
രണ്ടാമതായി, 2010ല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഒരു പരിപാടിയാണ്. ബർമീസ് കലാകാരനായ സിറ്റ് നൈയിൻ എയ്, ജോർജിന്റെ ഒരു ഛായാചിത്രം വരച്ചു തരാമെന്നേറ്റു. ജോർജിനോടുള്ള മാനസിക അടുപ്പം കാരണം അദ്ദേഹമത് ചെയ്തു. ജോർജിന്റെ വസതിയായ ‘3, കൃഷ്ണ മേനോന്‍ മാർഗ്’, ബർമീസ് അഭയാർഥികളുടെ അഭയകേന്ദ്രമായിരുന്നു. ജോർജിന്റെ ഹീറോയായ, ഹിസ് ഹോളിനസ്സ് ദലൈ ലാമയെ ജോർജിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം സന്തോഷത്തോടെ വരാമെന്ന് സമ്മതിച്ചു.

ഈ അവസരത്തിൽ ‘Human Approach to World Peace’ (ലോകസമാധാനത്തിലേക്കുള്ള മനുഷ്യന്റെ സമീപനം) എന്ന വിഷയത്തിൽ അദ്ദേഹമൊരു പ്രചോദനകരമായ പ്രഭാഷണം നൽകുകയുണ്ടായി. സ്വന്തത്ര ഇന്ത്യ കണ്ട ഏറ്റവും ശക്തനും ഊർജസ്വലനുമായ, തൊഴിലാളി വർഗ്ഗത്തിന്റെ നേതാവായ ജോർജ് ഫെർണാണ്ടസിന്റെ ഛായാചിത്രം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഹിസ് ഹോളിനസ് അനാച്ഛാദനം ചെയ്തത് അഭിമാനമായി കരുതുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ സഹോദരങ്ങളായ മൈക്കിൾ, പോൾ, അലോഷ്യസ് എന്നിവരും അദ്ദേഹത്തിന്റെ എക്കാലത്തെയും ആത്മമിത്രങ്ങളായ രവി നായരും ഫ്രെഡി ഡിസയുമുണ്ടായിരുന്നത് ഏറെ സന്തോഷം നൽകി.
മൂന്നാമതായി, 2015 മാർച്ചില്‍ ന്യൂഡൽഹിയിൽ ജോർജിന്റെ ‘ലെഗസി’യുടെ സ്മരണയ്ക്ക് വേണ്ടി, ഇന്ത്യയിലേയും മറ്റു ഇരുപതു രാജ്യങ്ങളിലെയും അദ്ദേഹത്തിന്റെ ആരാധകരെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു അന്തരാഷ്ട്ര കോൺഫെറൻസ് നടത്താൻ സാധിച്ചു. ഹിസ് ഹോളിനസ് ദലൈ ലാമാ ആ കോൺഫെറൻസിന്റെ മുഖ്യാതിഥിയായി എത്തിയത് വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷം നൽകി. ടെംപ സെറിങ് എന്ന ഞങ്ങളുടെ സുഹൃത് ക്ഷണം അറിയിച്ചപ്പോൾ, മാർച്ച് മാസം 23-നു ഞങ്ങളോടൊപ്പം കൂടാമെന്നു അദ്ദേഹം പറഞ്ഞു. മാർച്ച് മാസം 23-നു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. നമ്മുടെ നാഷണൽ ഹീറോ, ശഹീദ് ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമാണ്, നമ്മുടെ സോഷ്യലിസ്റ്റ് നേതാവ് രാംമനോഹർ ലോഹ്യയുടെ പിറന്നാളാണ്, കൂടാതെ 1977 ൽ ഇന്ത്യയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ച ദിവസവുമാണ്.
Read More: ഐതിഹാസിക റെയില്‍വേ സമരത്തിന്റെ നായകന്‍, ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഓര്‍ത്ത് പി വി രാം ദാസ്
ഉത്‌ഘാടന പ്രസംഗത്തിൽ ദലൈ ലാമ ജോർജ്ജിനെ പ്രകീർത്തിച്ചു സംസാരിച്ചത് ഞാനിന്നും ഓർക്കുന്നു. “ഇത് വളരെ പ്രത്യേകതകൾ ഉള്ളൊരു ഒത്തുചേരലാണ്. നിങ്ങൾ ഓരോരുത്തരും വക്തിഗത സുഖങ്ങൾക്ക് പുറമെ മറ്റുള്ളവരുടെ സുഖത്തിനു വേണ്ടിയും ഒത്തുചേർന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഈ അവസരത്തിൽ ഞാൻ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ജോർജ് ഫെർണാണ്ടസിനെ ഓർക്കുന്നു, പ്രതിരോധ മന്ത്രിയായപ്പോഴും അദ്ദേഹം സ്വാശ്രയശീലമുള്ള, തികച്ചും സാധാരണവും ലളിതവുമായ ജീവിതം നയിച്ചു. അദ്ദേഹം ആദ്യം മുതൽ തന്നെ ടിബറ്റിനു വേണ്ടിയും അവിടത്തെ പ്രശ്നങ്ങൾക്ക് വേണ്ടിയും നിലകൊള്ളുകയും, അവർക്കു വേണ്ടി സംസാരിക്കാൻ സാധിച്ചപ്പോഴെല്ലാം ശബ്ദം ഉന്നയിക്കുകയും ചെയ്‌തു. ജോർജ് ഫെർണാണ്ടസ് അസാമാന്യനായൊരു മനുഷ്യനാണ്. കാരണം തന്റെ പ്രവർത്തനത്തിലും വിശ്വാസങ്ങളിലും അടിയുറച്ചു കൊണ്ട് അദ്ദേഹം സർക്കാരിന് ഉള്ളിലും പുറത്തും ഒരേ നിലപാടുകളെടുത്തു. അദ്ദേഹത്തിന്റെ മുഖം മരണം വരെയും എന്റെ മനസ്സിൽ നിലനിൽക്കും, എന്റെ അടുത്ത ജന്മത്തിലും ഞാൻ അദ്ദേഹത്തെ ഓർക്കും.”
ഇന്ത്യയിലെ മതനിരപേക്ഷതയെക്കുറിച്ചും മനുഷ്യന്റെ സർഗാത്മകതയെ വളർത്തുന്നതിനു അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യത്തെ കുറിച്ചും ദലൈ ലാമ സംസാരിച്ചു.
ജോർജിന്റെ ഒരുപാട് കാലത്തേ സുഹൃത്തായിരുന്ന കാള്‍ ഗ്രെഷ്മാൻ അമേരിക്കയിൽ നിന്നും മറ്റു ട്രേഡ് യൂണിയൻ നേതാക്കളോടൊപ്പം എത്തിയിരുന്നു. കാളിന്റെ സഹായം കാരണമാണ് ഈ അന്താരാഷ്ട്ര കോൺഫറൻസ് ‘Strengthening Democracy in Asia: Participation, Inclusion and Rights’ (ഏഷ്യയിൽ ജനാധിപത്യം ശക്തിപ്പെടുത്തൽ : പങ്കാളിത്തം, ഉൾപ്പെടുത്തൽ, അവകാശങ്ങൾ) ജോർജിന്റെ ‘ലെഗസി’യോട് ചേര്‍ത്ത് സംഘടിപ്പിക്കാൻ സാധിച്ചത്.

ഒരു കാര്യവും കൂടെ പറഞ്ഞു നിര്‍ത്താം. 1984 ഡിസംബറിൽ ജോർജ് തുടങ്ങിയ ‘പീപ്പിൾസ് റിലീഫ് കമ്മിറ്റി’ വഴി രാത്രിയും പകലുമില്ലാതെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളെ രക്ഷിക്കുന്ന സന്ദർഭത്തിൽ, ഡൽഹിയിൽ ഒരു സ്ഥാപനം തുടങ്ങുന്ന കാര്യത്തിനെ പറ്റി ഞാന്‍ സംസാരിച്ചിരുന്നു. സമകാലിക സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളും വിഷയങ്ങളും ചർച്ച ചെയ്യാനായി ആക്ടിവിസ്റ്റുകൾക്കും ബുദ്ധിജീവികൾക്കും ഒത്തുചേരാന്‍ സാധിക്കുന്നൊരിടം. അദ്ദേഹം ഉത്സാഹത്തോടെ അതിനു സമ്മതിച്ചു. ന്യൂഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ ഒരു ഓഫീസിൽ മുറി വാടകയ്ക്ക് എടുക്കാനായി അദ്ദേഹം ബോംബയിലെ അഞ്ചു ട്രേഡ് യൂണിയനുകളിൽ നിന്നും കടം വാങ്ങുകയുണ്ടായി. അവിടെയാണ് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ’ അടിത്തറ ഉണ്ടായത്. അന്നു മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ഫിലോസഫറും, വഴികാട്ടിയും, ഒരു നല്ല സുഹൃത്തുമായിരുന്നു ജോര്‍ജ്.
ജോർജ് ഫെർണാണ്ടസിന്റെ ‘ലെഗസി’ ഇനി വരും തലമുറകളെ സ്വാധീനിച്ചു കൊണ്ടേയിരിക്കും.
ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ചെയര്‍മാനും
ജോർജ് ഫെർണാണ്ടസിന്റെ സുഹൃത്തുമാണ് ലേഖകന്‍