മൂന്നു ദശാബ്ദങ്ങളിലായി ചെയ്ത മൂന്നു പ്രൊജക്റ്റുകളുടെ ഭാഗമായാണ് ക്ലിന്റിന്റെ ‘പപ്പു’ ജോസഫിനെ കണ്ടിട്ടുള്ളത്. ആദ്യം കോളേജ് മാഗസിന്റെ കവര്‍ ചിത്രത്തിന് വേണ്ടി, പിന്നീട് ഒരു ദൂരദര്‍ശന്‍ പ്രോഗ്രാം ഷൂട്ടിംഗിനായി, ഏറ്റവും ഒടുവില്‍ ക്ലിന്റിന്റെ ജീവിതം ആധാരമാക്കി ഒരു സിനിമയെടുക്കാനുള്ള അനുവാദവുമായി ബന്ധപ്പെട്ട്. മകന്‍ നഷ്ടപ്പെട്ട സങ്കടം തന്നെയായിരുന്നു എല്ലാക്കാലത്തും ജോസഫിന്റെയും ഭാര്യ ചിന്നമ്മയുടേയും സ്ഥായീഭാവം. ക്ലിന്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രം തെളിയുന്ന മുഖങ്ങള്‍. അവന്‍ വരച്ച ചിത്രങ്ങളുടേയും അവന്റെ ഓര്‍മ്മകളുടേയും കൂട്ടുപിടിച്ച്, അവന്റെ അഭാവത്തെ മറികടക്കാന്‍ ശ്രമിച്ചിരുന്നവര്‍.
മകന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ അച്ഛനമ്മമാര്‍ക്ക് മ്യൂസിയം ആവശ്യമില്ല, പക്ഷേ അവന്‍ വരച്ച ചിത്രങ്ങള്‍ക്ക് അത് അത്യാവശ്യമുണ്ട് താനും. അഞ്ചോ പത്തോ അല്ല, ആയിരക്കണക്കിന് ചിത്രങ്ങളുടെ സൂക്ഷിപ്പിന്റെ ഉത്തരവാദിത്തമാണ് ക്ലിന്റിന്റെ വിയോഗത്തോടെ ജോസഫിന്റെയും ചിന്നമ്മയുടെയും മുകളില്‍ വന്നു ചേര്‍ന്നത്. ‘ഹുമിഡിറ്റി’ കൂടിയ കൊച്ചിയിലെ വീട്ടില്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സാധാരണക്കാരന്‍ അച്ഛന്‍ എങ്ങനെ സൂക്ഷിക്കാനാണ് ഇക്കണ്ട നിധിയൊക്കെ? കണ്ടിരുന്ന കാലത്തെല്ലാം അവരുടെ ഏറ്റവും വലിയ പരിദേവനം അതായിരുന്നു.
ക്ലിന്റിനെക്കുറിച്ച് അറിയാനും റിപ്പോര്‍ട്ട് ചെയ്യാനും ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ വന്നിരുന്നു. അവരുമായിയുള്ള ഇടപെടലുകളായിരുന്നു ജോസഫിന്റെയും ചിന്നമ്മയുടെയും ഏക സന്തോഷം. ‘റീഡേര്‍സ് ഡൈജസ്റ്റി’ന്റെ എഡിറ്റര്‍ വന്നതും, ശിവകുമാറിന്റെ ഡോകുമെന്ററിയും, ഹോളിവുഡ് സംവിധായകനും താരവുമായ ക്ലിന്റ് ഈസ്റ്റ്‌വുഡ് കത്തെഴുതിയതുമൊക്കെ അവരുടെ ഇരുളടഞ്ഞ ജീവിതത്തിലെ ആഘോഷങ്ങളായി.

1986
ക്ലിന്റ് എന്ന ‘ചൈല്‍ഡ് പ്രോഡിജി’യുടെ വരകളെക്കുറിച്ചും പ്രതിഭയെക്കുറിച്ചുമെല്ലാം ലോകം അറിഞ്ഞു തുടങ്ങുന്ന കാലം. കലാകൗമുദി വാരികയില്‍ സുന്ദര്‍, സദാശിവന്‍ എന്നിവര്‍ എഴുതിയ ‘മഴവില്ലിന്റെ കരളില്‍ പിറന്ന കുട്ടി’ എന്ന മനോഹര ലേഖനം വായിച്ചു ആവേശം കൊണ്ട ഞങ്ങള്‍ മഹാരാജാസ് വിദ്യാര്‍ഥികള്‍, ആ വര്‍ഷത്തെ കോളേജ് മാഗസിന്‍ കവറില്‍ ക്ലിന്റിന്റെ ഒരു ചിത്രം കൊടുക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടത്തി.
ഇതിനായി ക്ലിന്റിന്റെ അച്ഛനമ്മമാരുടെ അനുവാദം വേണം. ക്ലിന്റ് മരിച്ചു മൂന്നാമത്തെ വര്‍ഷമായിരുന്നു അത്. മകന്റെ ആയിരക്കണക്കിന് വരുന്ന ചിത്രങ്ങളും അതിലേറെ ഓര്‍മ്മകളും ചേര്‍ത്ത് പിടിച്ച്, മുന്നില്‍ നീണ്ടു കിടക്കുന്ന ശൂന്യ ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയായിരുന്നു ജോസഫും ചിന്നമ്മയും. പൊതു സുഹൃത്തുക്കളായ സുന്ദറിന്റെയും ഗിരിജയുടേയും വീട്ടില്‍ വച്ചും, ‘ക്ലിന്റ് മെമ്മോറിയല്‍ മ്യൂസിയം’ എന്ന ആശയത്തിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന മഹാരാജാസിലെ ഇംഗ്ലീഷ് അധ്യാപിക പ്രൊഫ. സുജാതാ ദേവിയുടെ വീട്ടില്‍ വച്ചുമൊക്കെ അവരെ കണ്ടിട്ടുണ്ട്.
ക്ലിന്റിനെക്കുറിച്ച് ഏറെ കേട്ടതും ഇവിടങ്ങളില്‍ നിന്ന് തന്നെയാണ്. ഇഷ്ടനായകന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പേര് മകന് നല്കിയതും, അവര്‍ അപ്പോള്‍ താമസിച്ചിരുന്ന തേവരയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ് ടി) ക്വാര്‍ട്ടേര്‍സിലെ ചുമരില്‍ മകന്‍ വരച്ചിരുന്നതുമൊക്കെ ജോസഫിന്റെ വാക്കുകളില്‍ നിറയും. കുഞ്ഞു ക്ലിന്റിന്റെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞ ആളുകളില്‍ ഒരാള്‍ ജോസഫിന്റെ സഹപ്രവര്‍ത്തകന്‍ മോഹനായിരുന്നു. ജോസഫ് ഓഫീസില്‍ നിന്നും കൊണ്ട് വന്നിരുന്ന, സൈക്ലോസ്റ്റൈലിംഗ് (ഫോട്ടോസ്റ്റാറ്റിന്റെ അന്നത്തെ വേര്‍ഷന്‍) കഴിഞ്ഞു ബാക്കിയാവുന്ന വണ്‍ സൈഡ് പേപ്പറുകളില്‍, മോഹന്‍ വാങ്ങിക്കൊടുത്ത ക്രയോണ്‍സ് ഉപയോഗിച്ചാണ് ക്ലിന്റ് വരച്ചിരുന്നത്.
അത്തരം പേപ്പറുകളിലും അല്ലാതെയും ക്ലിന്റ് വരച്ച 30,000ത്തോളം ചിത്രങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്നറിയാതെ കുഴങ്ങുകയായിരുന്നു ജോസഫും ചിന്നമ്മയും. ക്ലിന്റിന്റെ പേരില്‍ ഗാലറി, മ്യൂസിയം എന്നിവയൊക്കെ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായി ഒന്നും നടന്നില്ല. ജോസഫിന് വലിയ വിഷമം ഉണ്ടായിരുന്നു അതില്‍. സുന്ദറിനോട് ഇടയ്ക്കിടെ പറയും, “ഒന്നും മുന്നോട്ട് പോകുന്നില്ലല്ലോ മാഷേ, എന്തെങ്കിലും ഒന്നെഴുതൂ.”
കൊച്ചിയില്‍ സുജാത ടീച്ചറുടെ വീടിനടുത്ത്, ഫോര്‍ഷോര്‍ റോഡില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു പ്ലോട്ട് ഉണ്ടായിരുന്നു അക്കാലത്ത്. ‘ക്ലിന്റ് മ്യൂസിയത്തിനു പറ്റിയ ഇടമാണിത്’ എന്ന് ആ വഴി പോകുമ്പോഴെല്ലാം ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മ്യൂസിയം പ്രൊപ്പോസല്‍ കാര്യമായി മുന്നോട്ട് പോയില്ല. ഞങ്ങള്‍ പല വഴിക്ക് പോവുകയും ചെയ്തു. കൊച്ചിയില്‍ തന്നെ താമസിച്ചിരുന്ന ക്ലിന്റിന്റെ അച്ഛനമ്മാര്‍ ഫോര്‍ഷോര്‍ റോഡിലെ ആ പ്ലോട്ട് പിന്നീട് കാണുമ്പോള്‍ ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നോര്‍ത്ത് കാണും.
മകന്റെ വര്‍ണ്ണലോകങ്ങളെ പല ട്രങ്കുകളിലാക്കിയാണ് അവര്‍ സൂക്ഷിച്ചിരുന്നത്. ജോലിക്കയറ്റം കിട്ടി, വലിയ ക്വാട്ടേര്‍സിലേക്ക് മാറാനുള്ള സാധ്യതകള്‍ ഉണ്ടായിട്ടും, മകന്‍ പിച്ച വച്ച് നടന്ന ആ ചെറിയ വീട്ടില്‍ തന്നെ അവര്‍ താമസം തുടര്‍ന്നു. ചുമരുകളിലെ ക്ലിന്റിന്റെ വരകള്‍ നിലനിര്‍ത്താനായി വര്‍ഷം തോറും നടക്കുന്ന വൈറ്റ്-വാഷിംഗ് പോലും നടത്തിയില്ല.
ഇടയ്ക്കൊക്കെ സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം വാചാലനാകുമായിരുന്ന ജോസഫ് ഒരിക്കല്‍ പറഞ്ഞു, “കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം ബാനര്‍ജീ റോഡില്‍ കറങ്ങി നടക്കും. റാം മോഹന്‍ പാലസ് (കേരള ഹൈക്കോടതിയുടെ അന്നത്തെ ആസ്ഥാനമായിരുന്ന) ലോണ്‍സില്‍ ധാരാളം മാര്‍ബിള്‍ പ്രതിമകള്‍ ഉണ്ടായിരുന്നു. അവയുടെ ജനനേന്ദ്രിയങ്ങളൊക്കെ ഉടച്ചുകളയുമായിരുന്നു ഞങ്ങള്‍.” സി ഐ എഫ് ടിയില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന ഗീതാ റാണിയുടെ ബന്ധു എന്നതിനാല്‍ എന്നോട് ഒരിത്തിരി ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു ജോസഫിന്.
അതും കണക്കിലെടുത്ത് മാഗസിന്‍ എഡിറ്ററായ അഭയകുമാറും ഞാനും ചെന്ന് കവര്‍ ചിത്രത്തിന്റെ കാര്യം അവതരിപ്പിച്ചു. പക്ഷേ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരുപാട് സ്നേഹനിര്‍ബന്ധങ്ങള്‍ വേണ്ടി വന്നു, ജോസഫിനെ കൊണ്ട് സമ്മതിപ്പിക്കാന്‍. ഒറിജിനല്‍ ചിത്രത്തിന്റെ കളര്‍ ട്രാന്‍സ്പരന്‍സിയാണ് കൊണ്ട് തന്നത്. അക്കാലത്ത് പ്രിന്റിംഗിന് ഉപയോഗിച്ചിരുന്നത് അതാണ്.
എല്ലാ വര്‍ഷത്തെ മാഗസിനിലും കോളേജിന്റെ പേരും വര്‍ഷവും (ഉദാ. മഹാരാജാസ്, 1985) കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആ വര്‍ഷം അത് വേണ്ട, ക്ലിന്റിന്റെ ചിത്രം മാത്രം മതി എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചു. അങ്ങനെ കറുപ്പിന്റെയും വെളുപ്പിന്റെയും പാശ്ചാത്തലത്തില്‍ വര്‍ണ്ണങ്ങള്‍ കോറിയിട്ട ‘തിരനോട്ടം’ എന്ന കഥകളിച്ചിത്രം മഹാരാജാസ് കോളേജ് മാഗസിന്റെ കവറില്‍ പതിഞ്ഞു.
രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ് ആ വര്‍ഷം അത് കൈപ്പറ്റിയത്. എങ്കിലും എന്റെ അറിവില്‍, അതിന്റെ ഒരു കോപ്പി പോലും ഇപ്പോള്‍ ഇല്ല. ചിത്രം അവിടേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ എന്റെയും അഭയന്റെയും കൈയ്യില്‍ പോലും ഇല്ല. ജോസഫിന്റെ പക്കല്‍ ഉണ്ടോ എന്ന് ചോദിക്കണം എന്ന് പല വട്ടം കരുതിയിരുന്നു. മകന്റെ ‘മെമ്മറബിലിയ’ ഒന്നൊഴിയാതെ സൂക്ഷിക്കുന്ന അച്ഛനാണ്, അവിടെ എന്തായാലും കാണും.
1995
ദൂരദര്‍ശന് വേണ്ടി ശ്രീദേവിയുമായി ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദൈവത്തിന്റെ നാട്ടില്‍’ എന്ന സീരീസിന്റെ ഷൂട്ടിംഗിനായാണ് പിന്നീട് ജോസഫിനേയും ചിന്നമ്മയേയും കാണുന്നത്. സാംസ്‌കാരിക കേരളത്തിന്റെ തുടിപ്പുകള്‍ തേടിയുള്ള യാത്രയില്‍ ക്ലിന്റിന്റെ വീട്ടില്‍ കയറാതെ തരമില്ലല്ലോ. പത്തു വര്‍ഷത്തിലേറെ പരിചയം ഉണ്ടായിട്ടും അന്നായിരുന്നു ആദ്യമായി അവരുടെ വീട്ടിലേക്ക് പോകുന്നത്. സുജാത ടീച്ചറിന്റെ ചേച്ചി പ്രൊഫ. ഹൃദയകുമാരിയുടെ മകള്‍ എന്നത് കൊണ്ട് ശ്രീദേവിയോട് വലിയ വാത്സ്യല്യമായിരുന്നു അവര്‍ക്ക്. ക്ലിന്റുള്ള കാലത്ത് തന്നെയുള്ള അടുപ്പമായിരുന്നു അവര്‍ക്ക് ടീച്ചറുമായി. അവനു അസുഖമായിരുന്ന കാലത്ത് ആ കുടുംബത്തിനു വലിയ താങ്ങായിരുന്നു സുജാത ടീച്ചര്‍.
നിധി പോലെ സൂക്ഷിച്ചിരുന്ന ക്ലിന്റ് ചിത്രങ്ങളുടെ പെട്ടികള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ തുറന്നു വച്ചു. ചിത്രങ്ങള്‍ അവര്‍ തീം പ്രകാരം തരംതിരിച്ചു തുടങ്ങിയ സമയമായിരുന്നു അത്. നിലത്ത് ചമ്രം പടിഞ്ഞിരുന്നു, ഓരോന്നും സൂക്ഷിച്ചെടുത്തു, ക്യാമറയ്ക്ക് മുന്നിലേക്ക് പിടിച്ചു തന്നു. ചെറിയ ജനാലയിലൂടെ വരുന്ന വെളിച്ചം, അല്ലെങ്കില്‍ ഒരു സണ്‍ഗണ്ണിന്റെ വെട്ടം – അതിലായിരുന്നു ഛായാഗ്രാഹകന്‍ പി. ജെ. ചെറിയാന്‍ ആ രംഗങ്ങള്‍ പകര്‍ത്തിയത്. അതിമനോഹരമായിരുന്നു ഓരോ ഫ്രെയിമും. ദൂരദര്‍ശനുമായുള്ള കരാറിന്റെ ഭാഗമായി, അന്ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ അവര്‍ക്ക് കൈമാറി. അവരുടെ ലൈബ്രറിയില്‍ ഇപ്പോഴും അതുണ്ടാവണം.
പത്തു മിനുട്ടുള്ള ഒരു സെഗ്മന്റ്റ് ആയിരുന്നു വേണ്ടത്. പക്ഷേ അതിലും എത്രയോ കൂടുതലാണ് ഷൂട്ട് ചെയ്തത്. കണ്ട കാഴ്ചകള്‍ ഞങ്ങളില്‍ ഉണ്ടാക്കിയ ആവേശവും, ‘ഇതെടുക്ക് മാഷേ, ഇതെടുക്ക് മാഷേ’ എന്നൊക്കെ പറഞ്ഞു വിടാതെ കൂടിയിരുന്ന ജോസഫിന്റെ നിര്‍ബന്ധവും കൂടി ചേര്‍ന്ന് വലിയൊരു ‘റഷ്സ്’ ആണ് അന്നത്തെ ഷൂട്ടിംഗില്‍ നിന്നും കിട്ടിയത്. അത് കഴിഞ്ഞു മറ്റൊരിടത്ത് പോകേണ്ടതുണ്ടായിരുന്നു അന്ന് തന്നെ. പക്ഷേ ജോസഫുണ്ടോ വിടുന്നു… ഷൂട്ട് കഴിഞ്ഞു താഴേക്കിറങ്ങുമ്പോള്‍ ജോസഫും ചിന്നമ്മയും കൂടെ ഇറങ്ങി വന്നു. കാറില്‍ കയറാന്‍ നേരത്തും വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു.
മണിക്കൂറുകള്‍ എടുത്തു ആ സെഗ്മന്റ്റ് എഡിറ്റ് ചെയ്യാന്‍. ദൃശ്യങ്ങളുടെ ബാഹുല്യം തന്നെ കാരണം. രാജശ്രീ വാര്യരും രമേശ് വര്‍മ്മയും ചേര്‍ന്നാണ് ആ സീരീസ് അവതരിപ്പിച്ചിരുന്നത്. ഒരുപാട് തവണ, ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും എണ്ണം നഷ്ടപ്പെടുന്ന തരത്തില്‍, ദൂരദര്‍ശന്‍ അത് ടെലികാസറ്റ് ചെയ്തിട്ടുമുണ്ട്. അതിലൂടെ ക്ലിന്റിന്റെ ജീവിതത്തേയും ചിത്രങ്ങളേയും പരിചയപ്പെട്ട എത്രയോ പേരെ പിന്നീട് കണ്ടു. ആദ്യ ടെലികാസറ്റ് കഴിഞ്ഞ് ജോസഫും ചിന്നമ്മയും ഫോണ്‍ ചെയ്തതും ഓര്‍ക്കുന്നു.
കൊച്ചി കോര്‍പ്പറേഷന്‍ മറൈന്‍ ഡ്രൈവില്‍ ‘ക്ലിന്റ് മ്യൂസിയം’ ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്ന സമയമായിരുന്നു അത്. അതിലൊക്കെ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു ക്ലിന്റിന്റെ അച്ഛനമ്മമാര്‍ക്ക്. പത്തു വര്‍ഷം മുന്‍പ് കേട്ട സങ്കടം അന്നത്തെ ഷൂട്ടിംഗിനിടയില്‍ ഒരിക്കല്‍ കൂടി കേട്ടു, “ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിക്കും, സഞ്ജയ്?”
2015
ഡല്‍ഹിയില്‍ വച്ച് സുഹൃത്ത് അനില്‍ നായരാണ് ഒരു ദിവസം അപ്രതീക്ഷിതമായി ചോദിച്ചത്, “നിങ്ങള്‍ക്ക് ക്ലിന്റിനെ കുറിച്ച് ഒരു ഫീച്ചര്‍ ഫിലിം ചെയ്തു കൂടേ?” അനില്‍ ജോലി ചെയ്തിരുന്ന രാജ്യസഭാ ടിവി ഫീച്ചര്‍ ഫിലിം പ്രോജെറ്റുകള്‍ കമ്മിഷന്‍ ചെയ്യുന്നുണ്ടായിരുന്നു അപ്പോള്‍. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലായി അത് ചെയ്യാന്‍ സംഗീത പദ്മനാഭനും അനിലും ഞാനും അടങ്ങുന്ന സംഘം ആലോചന തുടങ്ങി. ജോസഫിനേയും ചിന്നമ്മയേയും കണ്ടു സംസാരിക്കാനായി ഞാന്‍ കൊച്ചിയില്‍ എത്തി.
പതിനഞ്ചു വര്‍ഷം മുന്‍പ് കണ്ട ‘അത്ലെറ്റിക്ക്’ ആയ മനുഷ്യന് പകരം മെലിഞ്ഞുണങ്ങിയ ഒരു ജോസഫായിരുന്നു മുന്നില്‍. മുടി മുറിച്ച ചിന്നമ്മയും കാഴ്ചയില്‍ മാറിപ്പോയിരുന്നു. വന്ന കാര്യം അവതരിപ്പിച്ചപ്പോള്‍, ഒരു മാസം മുന്‍പ് ‘ക്ലിന്റ് ജീവിത’ത്തിന്റെ ഫിലിമിംഗ് റൈറ്റ്സ് സംവിധായകന്‍ ഹരികുമാറിന് കൊടുത്തതായി ജോസഫ് പറഞ്ഞു. മാതൃഭൂമിയില്‍ കെ എന്‍ ഷാജി എഴുതിയ ഫീച്ചര്‍ കണ്ടിട്ടാണ് ഹരികുമാര്‍ ക്ലിന്റ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത് എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. “നേരത്തേ വന്നിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ തന്നേനെയല്ലോ, ഇതിപ്പോള്‍ കൊടുത്തു പോയില്ലേ,” എന്ന് സങ്കടപ്പെട്ടു. സാരമില്ല എന്ന് സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും, “ഹരികുമാറിനോട് സംസാരിക്കണം സഞ്ജയ്, അദ്ദേഹം മലയാളത്തില്‍ എടുത്തോട്ടെ, നിങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എടുക്കൂ,” എന്ന് ജോസഫ് നിര്‍ബന്ധം പറഞ്ഞു. അതനുസരിച്ച് ഹരികുമാറിനോട് സംസാരിച്ചു, ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലും ചേര്‍ത്താണ് താനും ചിത്രം എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഹരികുമാര്‍ അറിയിച്ചതോടെ ഞങ്ങള്‍ ആ പ്രൊജക്റ്റ് മാറ്റി വച്ചു.
ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, ജോസഫ് വിളിച്ചു, “ഹരികുമാറിന്റെ സിനിമ നടക്കുന്ന ലക്ഷണമില്ല, നിങ്ങള്‍ക്ക് അത് ചെയ്തു കൂടേ?” എന്ന് ചോദിച്ചു കൊണ്ട്. ഈ തിടുക്കം ജോസഫിന്റെ സ്വഭാവത്തിന്റെ ഭാഗമാണ് എന്ന് അറിയുന്നത് കൊണ്ടും, സിനിമയുടെ തയ്യാറെടുപ്പുകള്‍ക്ക് ജോസഫ് വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണം എന്ന് തിരിച്ചറിയുന്നത് കൊണ്ടും “കുറച്ചു കൂടി സമയം നോക്കാം, എന്നിട്ടും നടന്നില്ലെങ്കില്‍ ആലോചിക്കാം,” എന്ന് മറുപടി പറഞ്ഞു. അതായിരുന്നു അവസാനം സംസാരിച്ചത്.

ഇന്നലെ ചിന്നമ്മയുടെ വീട്ടില്‍, ക്ലിന്റ് കളിച്ച്, വരച്ചു നടന്ന മുറ്റത്ത്, ചില്ലു പെട്ടിയില്‍ കിടക്കുന്ന ജോസഫിനെ വീണ്ടും കണ്ടു. മഞ്ഞുമ്മല്‍ പള്ളിയില്‍ ക്ലിന്റിനെ അടക്കിയ കല്ലറയില്‍ തന്നെയാണ് ആചാരപ്രകാരം ജോസഫിനേയും അടക്കേണ്ടത്. “അവന്റെ മുകളില്‍ കയറിക്കിടക്കാന്‍ വയ്യാ, എന്റെ ശരീരം മെഡിക്കല്‍ കോളേജിനു കൊടുത്താല്‍ മതി,” എന്ന് പറഞ്ഞു ആംബുലന്‍സ് കാത്തു കിടക്കുകയായിരുന്നു ജോസഫ്. എന്നെ ക്ലിന്റിന്റെയും അവന്റെ പപ്പുവിന്റെയും ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോയ സുഹൃത്തുക്കളില്‍ ഒരാളായ സദാശിവന്‍, കലാധരന്‍ മാഷ് എന്നിവരെ അവിടെ കണ്ടു. വീണ്ടും ഒരിക്കല്‍ കൂടി, ഞങ്ങള്‍ മ്യൂസിയത്തിന്റെ കാര്യം സംസാരിച്ചു.
Read Also: ജോസഫിന്റെ ആറടി മണ്ണും ക്ലിന്റിന്; മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക്
തിരിച്ചു കാറിലേക്ക് നടക്കുമ്പോള്‍, കവലയില്‍ ജോസഫിന്റെ മുഖം പതിച്ച, മരണം അറിയിക്കുന്ന ഒരു ‘സ്റ്റാന്‍ഡീ’ വച്ചിരിക്കുന്നത് കണ്ടു. കറുത്ത കൊടിയ്ക്ക് താഴെയുള്ള ആ ‘സ്റ്റാന്‍ഡീ’യില്‍, കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നു -Announcing the Demise of M T Joseph, Father of Clint.