scorecardresearch

ഗുരു വൃക്ഷം

 "പ്രസാദ് മാഷിന്റെ വിയോഗം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ സമയമായതിനാൽ ഒന്നു കാണാൻ കൂടി കഴിഞ്ഞല്ലല്ലോ എന്ന വ്യസനം എപ്പോഴും തോന്നിയിരുന്നു". ഡോ. എം കെ പ്രസാദിനെ കുറിച്ച് ശിഷ്യയായ ഷീല രഹിൻ എഴുതുന്നു

 "പ്രസാദ് മാഷിന്റെ വിയോഗം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ സമയമായതിനാൽ ഒന്നു കാണാൻ കൂടി കഴിഞ്ഞല്ലല്ലോ എന്ന വ്യസനം എപ്പോഴും തോന്നിയിരുന്നു". ഡോ. എം കെ പ്രസാദിനെ കുറിച്ച് ശിഷ്യയായ ഷീല രഹിൻ എഴുതുന്നു

author-image
WebDesk
New Update
M K Prasad

കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിലെ വടവൃക്ഷമായിരുന്ന എം കെ പ്രസാദ് എന്ന പ്രസാദ് മാഷ് ഓർമ്മകളിൽ ഇന്നുമൊരു തണലായി നിലകൊള്ളുന്നു. സ്നേഹത്തിന്റെയും അറിവിന്റെയും പച്ചപ്പ് പടർത്തിയ വൻമരമായിരന്നു അദ്ദേഹം. 

പ്രസാദ് മാഷിന്റെ വിയോഗം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ സമയമായതിനാൽ ഒന്നു കാണാൻ കൂടി കഴിഞ്ഞല്ലല്ലോ എന്ന വ്യസനം എപ്പോഴും തോന്നിയിരുന്നു. അങ്ങിനെയിരിക്കെയാണ് മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (MCOSA) കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്.  ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ അരികു ചേർന്ന്  ജി എൻ ആർ ഹാളിലേക്ക് നടക്കുമ്പോൾ തെല്ലിട നേരത്തേക്ക്  ഞാൻ ആ പഴയ വിദ്യാർത്ഥിനിയായി മാറി. പണ്ട് പ്രീഡ്രിഗ്രിയുടെ അപേക്ഷയുമായി നടന്നു പോകുമ്പോൾ ത്രസിപ്പിച്ച ആ ക്യാമ്പസിന്  അനുയോജ്യമല്ലാത്ത  നിർമ്മാണങ്ങളും പരിസ്ഥിതിക്ക് ഒട്ടും ചേരാത്ത പ്രവർത്തനങ്ങൾ കൊണ്ടും ക്യാമ്പസിന്റെ സൗന്ദര്യത്തിനുണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു.

Advertisment

 അകത്ത് മാഷിന്റെ സഹധർമ്മിണിയും എന്റെ പ്രിയപ്പെട്ട അധ്യാപികയുമായ ഷേർളി ടീച്ചറെ കണ്ടപ്പോൾ മനസ്സ് കൂടുതൽ ആർദ്രമായി . ടീച്ചറെ കൂടാതെ അരവിന്ദാക്ഷൻ സാറും മറ്റു പ്രമുഖരേയും കാണാൻ കഴിഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം ആ ക്ലാസ്സ് മുറിയിലെ മരബെഞ്ചിലിരുന്നപ്പോൾ എന്റെ ഏഴ് വർഷത്തെ  പഠന കാലത്തുണ്ടായ പല ഓർമ്മകളിലായിരുന്നു മനസ്സ് .

പ്രീഡിഗ്രി മുതൽ ബി എസ് സി യും , എം എസ്  സി യും  അടക്കം ബോട്ടണി ഐശ്ചിക വിഷയമായി എടുത്ത് പ്രസാദ് മാഷും ഷേർളി ടീച്ചറിനെ പോലുള്ളവരുടെ  ശിക്ഷണത്തിൽ  മഹാരാജാസിൽ തുടരാൻ സാധിച്ചത് ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ്.  ഫിസിയോളജി ക്ലാസ്സിൽ  ഓസ്മോസിസ് പഠിപ്പിക്കുമ്പോൾ സെമിപെർമിയബിൾ മെമ്പ്രേനും അതിന്റെ പ്രവർത്തന ശൈലിയും നമ്മുടെ ജീവ ഭാഗമാകുന്നത് എങ്ങിനെയാണെന്ന  മാഷിന്റെ ഗംഭീരമായ ക്ലാസ്സുകൾ  വീണ്ടും ഓർമ്മ വന്നു. മാഷ്  ചൊല്ലിതന്ന പാഠങ്ങൾ അത്രയും ഹൃദിസ്ഥമാക്കിയ എത്രയെത്ര വിശദീകരണങ്ങൾ ...

ഡിഗ്രി അവസാന വർഷങ്ങളിൽ സ്പെസിമെൻ കളക്ഷനായി ഒരുനാൾ ഭൂതത്താൻ കെട്ടിലേക്ക് പോയി. അന്ന് പ്രസാദ് മാഷിന്റെ നിർദേശാനുസരണം ധാരാളം സ്പെസിമെൻ ഞങ്ങൾക്ക് ശേഖരിക്കാൻ കഴിഞ്ഞു. തിരികെ ബസ്സിലേക്ക് നടക്കുമ്പോൾ ഒരു ബാഗ് നിറയെ ഞാൻ  ശേഖരിച്ച ഫേൺ എന്ന പന്നൽച്ചെടി പ്രസാദ്  മാഷിന്റെ ശ്രദ്ധയിൽ പെട്ടു.

Advertisment

മാഷ്, അന്നെന്നെ ആദ്യമായ് അരികിലേക്ക് വിളിച്ചു ചോദിച്ചു  "ഷീലയുടെ വീട്ടിൽ ഗാർഡൻ ഉണ്ടോ? ഇതെല്ലാം എവിടെ കൊണ്ടു പോകുന്നു?"

"സാർ എനിക്ക് ചെടികളെ വളരെ ഇഷ്ടമാണ്.നല്ലൊരു കളക്ഷൻ വീട്ടിലുണ്ട്. അവിടെയില്ലാത്തത് ഞാൻ എടുത്തതാണ്."

"അപ്പൊ ചെടികളെ ഇഷ്ടപ്പെട്ടുതന്നെയാണ് ബോട്ടണി തെരഞ്ഞെടുത്തത്". മാഷ് സന്തോഷത്തോടെ ചോദിച്ചു.

മാഷ്   ഒരു വലിയ വൃക്ഷമായിരുന്നു. അനേകം വേരുകളടങ്ങിയ  അനുഭവങ്ങൾ അറിവുകൾ .അതിൽ നിന്ന് ഉൾക്കൊണ്ടു പടർന്നു പന്തലിച്ച അതിന്റെ അനേകം പ്രവർത്തന ശിഖരങ്ങൾ .മഹാരാജാസിനെ കൂടാതെ  ഇന്ത്യയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ബിറ്റ്സ്  പിലാനിയിലെ വിദ്യാർത്ഥി, മികച്ച അധ്യാപകൻ, പ്രിൻസിപ്പൽ, പിവിസി, ഐക്യരാഷ്ട്ര സഭയുടെ (United Nations’ Millennium Ecosystem Assessment Board) പ്രവർത്തകൻ, ഡബ്ല്യു ഡബ്ല്യൂ എഫ്  ( World Wide Fund for Nature) ,ഇന്റർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN-CEC) തുടങ്ങിയ അന്താരാഷ്ട്ര സംഘടനയിലെ അംഗത്വവും അതിലെ പ്രവർത്തനങ്ങളും. ഇന്ത്യ കണ്ട  മികച്ച പരിസ്ഥിതി പ്രവർത്തകൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, സൈലന്റ് വാലി പോരാട്ടത്തിന്റെ നെടും തൂൺ, ഭൂതത്താൻ കെട്ടിനടുത്തായ ആണവനിലയം വരുന്നതിനെതിരായ പ്രക്ഷോഭം, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറി, മാധവ് ഗാഡ്ഗിൽ തുടങ്ങിയ വ്യക്തികളുമായുള്ള സുഹൃത്ത് ബന്ധം, പെരിയാറിലെ മാലിന്യ പ്രശ്നം ജനമധ്യത്തിൽ കൊണ്ടു വന്ന കർമോത്സുകൻ .കലാകാരൻ എന്നിങ്ങനെ പറയാനേറെയുണ്ട്  സവിശേഷതകൾ . അന്താരാഷ്ട്ര സംഘടനകളുമായി  ബന്ധപ്പെട്ടു നടത്തിയ അനേകം രാജ്യങ്ങളിലെ യാത്രകളും അതിലെ രസകരമായ അനുഭവങ്ങൾ. 

വളരെ മുമ്പ് സംസ്ഥാനത്തെ  ഓരോ  ജില്ലകൾ തിരിച്ച്  ബയോളജിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ  സർക്കാരിന്റെ നിർദ്ദേശമുണ്ടായി. എറണാകുളം ജില്ലയ്ക്കു വേണ്ടി അങ്ങേയറ്റത്തെ ശ്രമകരമായ ദൗത്യം മാഷ് ഏറ്റെടുത്തു.മറ്റൊരു ജില്ലയിലും ആ ദൗത്യം ഒട്ടു  നടന്നുമില്ല. ഒരു വാല്യം തന്നെ ആയിരത്തി  ഇരുന്നുറ്  പേജുകൾ വരും. അതിന്റെ അഞ്ച് വാള്യങ്ങളടങ്ങുന്ന സ്പെസിമെൻ ശേഖരമടങ്ങിയ ആ ബൃഹത്‌ റിപ്പോർട്ട്   തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ഏൽപ്പിച്ചു. ഇന്നത്തെ പോലെ വിപുലമായ  ഫോട്ടോ കോപ്പി സംവിധാനമില്ലാത്ത അന്നാളിൽ, അതിന്റെ മൂല്യം തിരിച്ചറിയാത്തവർ തിരിച്ചെടുക്കാൻ കഴിയാത്ത വിധം എവിടേയോ നഷ്ടപ്പെടുത്തിയെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

 ചെറുതും വലുതുമായ  ഏതൊരു കാര്യം ചെയ്യുമ്പോഴുമുള്ള മാഷിന്റെ ആത്മ സമർപ്പണം അത്ഭുതകരമായിരുന്നു. ഞങ്ങൾ  എം എസ് സിക്ക് പഠിക്കുമ്പോൾ ബോട്ടണി ലാബിൽ  വളരെ കടുപ്പമേറിയ ഒരു മരത്തിന്റെ സെക്ഷൻ എടുക്കുന്ന ക്ലേശകരമായ ജോലിയിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുകയാണ്. മാഷ് ഇത് കാണാനിടയായി  സാധാരണ   ലാബ് അസിസ്റ്റന്റ്മാർ ചെയ്യേണ്ട ജോലിയായിട്ട് കൂടി മാഷ് സസൂക്ഷ്മം അതിന്റെ വിവിധ ആകൃതിയിലുള്ള സെക്ഷനുകൾ ഞങ്ങൾക്ക്  എടുത്തു തന്നു. തുടർന്ന് മരത്തിന്റെ വാർഷിക വലയങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തരികയും ചെയ്തു.

മറ്റൊരിക്കൽ  വൈവ പരീക്ഷയുടെ തയ്യാറെടുപ്പിനായി  കാമ്പസ്സിനകത്തുള്ള സ്പെസിമെൻ ഞങ്ങൾ ശേഖരിക്കുന്ന നേരം ആരും ശ്രദ്ധിക്കാനിടയില്ലാത്തയിടത്ത് നിന്നും ഏറ്റവും അപൂർവ്വമായതും അതി സൂക്ഷ്മമായതുമായ ഒരു ചെടിയുമായി മാഷ് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളിൽ പലർക്കും അത് വേണമെന്നായി. എന്നാൽ ശരിയുത്തരം നല്കുന്നവർക്ക് അത് നല്കാമെന്ന ചെറു ചിരിയോടെ  കൈകളിൽ അത് ഉയർത്തി പിടിച്ച് മാഷും .ഭാഗ്യത്തിന് എന്റെ ഉത്തരം ശരിയായി. വാൽസല്യ നിധിയായ ഒരു പിതാവിന്റെ കുസൃതി അന്നേരം മാഷിൽ ഞങ്ങൾക്ക്  കാണാൻ കഴിഞ്ഞു.

മഹാരാജാസിൽ പണ്ട് നാടകം നടക്കുമ്പോൾ അതിന്റെ  സംവിധാനവും അഭിനയവുയൊക്കെയായി അമരത്ത്  മാഷുണ്ടാകും. അന്നാളിൽ സ്ത്രീകൾക്ക് നാടകത്തിൽ അഭിനയിക്കാൻ വിമുഖതയുള്ള സമയമാണ്. ആളെ കിട്ടാതെ വരുമ്പോൾ മാഷിന്റെ ശ്രമഫലമായി പത്നി ഷേർളി ടീച്ചറായിരിക്കും ആ റോൾ ഏറ്റെടുക്കുക.

എം എസ് സി കഴിയുന്ന സമയം എന്തോ ഭാവി കണ്ട പോലെ മാഷ് എന്നോട് പറഞ്ഞു "ഷീല റിസർച്ചിന് ചേരണം."

അന്ന് ടിഷ്യു കൾച്ചർ ഇൻവെൻഷൻ നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. അതിന്റെ അപാര സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ടാണ് മാഷ് എന്നോട് പറഞ്ഞത്.

ജനറ്റിക്സ് പഠിപ്പിക്കുമ്പോൾ അതിന്റെ അനന്തര സാധ്യതകളെക്കുറിച്ച് മുൻ കാഴ്ചയോടെ പറയുമായിരുന്ന മാഷ് അതിലേക്ക് കയറ്റിവിടാൻ തക്ക എന്തോ ഒന്ന് എന്നിൽ കണ്ടിരുന്നോ എന്തോ? വിഷമത്തോടെ പറയട്ടേ ആ വഴി അടഞ്ഞിരുന്നു. എന്തുകൊണ്ടോ മാഷ് കൈപിടിച്ച വഴിയേ പിന്നെ പോകുകയുണ്ടായില്ല.

പിന്നീട് ഞാൻ  മാഷിനെ കാണുന്നത് എന്റെ വിവാഹ ദിവസം വൈകുന്നേരത്തെ ചായ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു. മാഷ് തനിയെ വന്നതായാണ് ഓർമ. ടീച്ചറിനെ കണ്ടില്ല. തെല്ലൊരു നാണത്തോടെ നിന്ന എന്നെ അച്ഛൻ (ഭർതൃ പിതാവ്,  വി. കെ. പവിത്രൻ) പരിചയപ്പെടുത്തിയതിങ്ങനെ 'ദാ... നിൽക്കുന്നു മാഷിന്റെ ശിഷ്യ.' 

മനസ്സ് കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ടാകണം. അച്ഛന് ചെറായിലെ മാഷിന്റെ കുടുംബമായ പെരുമന തറവാട്ടുമായി നേരത്തേ പരിചയമുള്ളതാണ്. സഹോദര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മാഷും സഹോദരൻ തമ്പിയും അച്ഛനോടൊത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. 

പഠിച്ച പാഠങ്ങളും നേടിയ വിദ്യകളും കൈവിട്ട് ജീവിത യാത്രയിൽ ഭർത്താവ് രഹിൻ പവിത്രനെ ഒരു കൈ സഹായിക്കാൻ ഒന്ന് മാറ്റി ചവിട്ടേണ്ടി വന്നു.എത്തിപ്പെട്ടത് എഞ്ചിനീയറിങ്ങ് തലത്തിലേക്ക്. രഹിനൊപ്പം ഡിസൈൻ രംഗത്ത്  വളരെ സംതൃപ്തിയോടെ പ്രവർത്തിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ കർമ്മ രംഗത്തെ മികവിന്റെ സാക്ഷാത്കാരങ്ങളിലൊന്നായ  ഇടപ്പള്ളി പള്ളി കാണാൻ സാനു മാഷും അരവിന്ദാക്ഷൻ മാഷും ഡോ. കെ. ആർ.വിശ്വംഭരൻ സാറും അടങ്ങുന്ന  മഹാരാജാസുകാരുടെ സംഘത്തോടൊപ്പം മാഷും ടീച്ചറും വന്നു.മാഷിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടായിരുന്നുവെന്നു ആ സംതൃപ്തമായ ചിരിയിൽ എനിക്ക്  തോന്നി. എന്റെ മകളുടെ കല്യാണത്തിനും  മാഷിന്റെ അനുഗ്രഹ സാന്നിദ്ധ്യമുണ്ടായിരുന്നതും മറ്റൊരു സൗഭാഗ്യം.

ഇക്കാലത്ത് പരിസ്ഥിതി അവബോധവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാം കൂടുതലായി കേൾക്കുന്നുണ്ട്.എന്നാൽ പതിറ്റാണ്ടുകൾക്ക് മുന്നേ  നമ്മെ ആ ചിന്തയിലേക്ക് നയിച്ച മാഷിനോടുള്ള കൃതഞ്ജത  നമ്മളിൽ എത്ര പേർക്കുണ്ട്. നമ്മുടെ മഹാരാജാസ് കോളജിൽ പോലും  വേണ്ട പ്രാധാന്യത്തോടെ കാമ്പസിന്റെ സൗന്ദര്യത്തിനും  അതിലെ അപൂർവ്വ സസ്യദലാദികൾക്കും സംരക്ഷണം ഒരുക്കുന്നുണ്ടോ.

നാഗലിംഗപുഷ്പം, രുദ്രാക്ഷം, ബദാം  എന്നിങ്ങനെ അപൂർവ്വ സസ്യദലാദികളെ മറ്റുള്ളവർക്ക്  മനസ്സിലാക്കാനായി  അവയുടെ പേരുകൾ വ്യക്തമാക്കുന്ന ബോർഡ് വച്ചാൽ നന്നായിരുന്നുവെന്ന് തോന്നി. മാഷ് നേതൃത്വം കൊടുത്തു നട്ട പല മരങ്ങളുണ്ട് ക്യാമ്പസിൽ .അവയെല്ലാം മാഷിന്റെ സാന്നിധ്യമറിയിച്ചു കൊണ്ട്  തണൽ പാകി നിൽക്കുന്നു.

Features Memories Environmentalist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: