നാം നന്ദിയോടെ, അഭിമാനത്തോടെ ഓര്‍ക്കേണ്ട ഒരാള്‍ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിര്യാതനായി. സി.പി.നാരായണ ഭട്ടതിരി. കോളേജ് അധ്യാപകനും സഹൃദയനും ആയ അദ്ദേഹം 1960, ’70കളില്‍ തലസ്ഥാന നഗരത്തിലെ കലാ വേദികളില്‍ പരിചിത സാന്നിദ്ധ്യം ആയിരുന്നു.
കേള്‍വി, കാഴ്ച, സംവാദം, വിവാദം ഒക്കെ ചേര്‍ന്ന അന്നത്തെ സമ്പന്നമായ കൂട്ടായ്മക്കകത്ത് പലരും സ്വന്തം സര്‍ഗ്ഗ സൃഷ്ടിക്കു ഇടം കണ്ടെത്തി. ഇതിനൊക്കെ അപ്പുറം ഭട്ടതിരി കാരകന്‍റെ ശ്രമകരമായ ജോലി ഏറ്റെടുത്തു. ശ്രീവരാഹം ബാലകൃഷ്ണന്‍, സുഭാഷ് ചന്ദ്ര ബോസ്, ബി.വിജയകുമാര്‍ എന്നീ മൂന്നു സ്നേഹിതരോടൊപ്പം ചേര്‍ന്ന് ബീസ് ബുക്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം ഉണ്ടാക്കി.
അച്ചടിക്കു കെട്ടി ഒരുക്കിയ എത്രയോ കയ്യെഴുത്ത് പ്രതികള്‍ സുഹൃത്തുക്കളുടെ തന്നെ കിട്ടുമായിരുന്നു. ബീസ് പക്ഷെ ഏറ്റെടുത്തത് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂണ്‍ പരമ്പരയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1961 മുതല്‍ പതിമൂന്നു വർഷം തുടര്‍ച്ചയായി വന്ന ഈ രചനകള്‍ ആഴ്ചതോറും വായിച്ച വായനക്കാര്‍ ഒരു നോവല്‍ കണ്ടെടുത്തിരുന്നു. പുതിയ വായനക്കാർക്കു ഈ ദീര്‍ഘ വായനാനുഭവം കൈമാറാനാണ് ഭട്ടതിരിയും കൂട്ടരും ശ്രമിച്ചത്. കാർട്ടൂണിനെ കഥപറയിച്ചത് അരവിന്ദനാണെങ്കില്‍ അതിനു ചട്ടകൂടുണ്ടാക്കിയത് ഈ നാല്‍വരാണ്.
ജൈവ പരിണാമം സംഭവിച്ച കഥാപാത്രങ്ങളെയാണ് അരവിന്ദന്‍ അവതരിപ്പിച്ചത്. പരമ്പരയുടെ ഒപ്പം നീങ്ങിയ വായനക്കാര്‍ കലണ്ടറിന്റെ നിഷ്ഠയോടെ കാലത്തെ രേഖപ്പെടുത്തുന്ന ഒരു കോമിക് കലാ രൂപം ആദ്യമായി കണ്ടു. ആനുകാലികങ്ങളില്‍ ഖണ്ഡശ തുടര്‍ക്കഥ വായിക്കുന്ന ഇവര്‍ ഇതിനെയും കൂട്ടിവായിച്ചു നോവല്‍ ആക്കി. ഈ അനുഭവം നില നിര്‍ത്താനുള്ള സ്വാഭാവിക മാര്‍ഗ്ഗം എന്ന മട്ടിലാവണം ഭട്ടതിരിയും കൂട്ടരും പുസ്തക പ്രസാധനത്തെ കണ്ടത്.
പതിമൂന്നു വര്‍ഷത്തെ, ഏതാണ്ട് 650 ആഴ്ചകളുടെ കാര്‍ട്ടൂണുകളിൽ മൂന്നില്‍ രണ്ടു ഭാഗമേ പുസ്തകത്തില്‍ ഉള്ളൂ. അത് മതി കൃതിയുടെ സമഗ്രത വെളിവാക്കാന്‍. ഈ ജനുസ്സില്‍ പെട്ട രചനകളുടെ ആസ്വാദ്യതയുടെ കാതല്‍ ‘പേജ് മറിക്കുന്ന അനുഭവം’ ആണ്. തുടര്‍ന്നു വായിക്കാനുള്ള പ്രേരണ ചോരാതെ നിലനിര്‍ത്തുക എന്നത്. മുന്നൊരുക്കം ഇല്ലാതെ ആഴ്ച തോറും ചെയ്ത ഈ കാർട്ടൂണ്‍ താളുകള്‍ ‘ബീസി’ന്റെ പുസ്തകത്തില്‍ പരസ്പര പൂരകമായി നില്‍ക്കുന്നു. എം.വി.ദേവന്റെ അവതാരികയും നമ്പൂതിരിയുടെ മുഖ ചിത്രവും പുസ്തകരൂപം പൂര്‍ത്തിയാക്കുന്നു.
പ്രസിദ്ധീകരിച്ചു നാല്‍പതു വര്‍ഷത്തിനിപ്പുറം ഇന്നത്തെ ഗ്രാഫിക് നോവല്‍ വായനയുടെ ഒപ്പം പോകുന്നു ഈ ഗ്രന്ഥം. 1978 ഓഗസ്റ്റു മാസത്തില്‍ ന്യൂയോർക്കില്‍ ഇറങ്ങിയ വില്‍ ഐസ്നെരുടെ ‘കോണ്ട്രാക്റ്റ് വിത്ത് ഗോഡ്’ എന്ന ആദ്യ ഗ്രാഫിക് നോവലിനു തൊട്ടു പിന്‍പേ ആഴ്ചകളുടെ അകലത്തില്‍ ഒക്ടോബറില്‍ പേരിട്ടു വിളിക്കാത്ത ഈ കാര്‍ട്ടൂണ്‍ കഥാ പുസ്തകം പ്രൊഫ. ഭട്ടതിരിയും കൂട്ടരും ഇവിടെ ഇറക്കി. നിശ്ശബ്ദരായി ചരിത്രത്തില്‍ ഇടം നേടുന്നത് ഇങ്ങനെയാണ്.