scorecardresearch
Latest News

സുന്ദർലാൽ ബഹുഗുണ: ഇന്ത്യൻ പരിസ്ഥിതി ചിന്തയുടെ തായ്‌വേര്

വികസനത്തിന്റെയും ഇക്കണോമിക് ഗ്രാഫുകളുടെ കുതിപ്പുകളുടെയും കണക്കുകൾക്കപ്പുറം മനുഷ്യജീവൻ കുടിയിരിക്കുന്നത് ഇക്കോളജിയിലാണ് എന്ന് പഠിപ്പിച്ച മഹാഗുരുവായ സുന്ദർലാൽ ബഹുഗുണയെ കുറിച്ച് കൃഷി മന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ പി പ്രസാദ് എഴുതുന്നു

Sunderlal bahuguna , P Prasad, IE Malayalam

ലോകത്തെ തന്നെ ഇന്ത്യയിലേക്ക് നോക്കാൻ പ്രേരിപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും ചിന്തകൾക്കും വിത്തിട്ടതിൽ പ്രമുഖനായിരുന്നു സുന്ദർലാൽ ബഹുഗുണ. ഇന്ത്യയിൽ പരിസ്ഥിതി എന്ന വിഷയത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ജനങ്ങളുടെ ജീവിതവും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് ബോധവൽക്കരിച്ച വ്യക്തിത്വം. പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത് സുന്ദർലാൽ ബഹുഗുണ എന്ന മഹാപ്രതിഭയുടെ നേതൃത്വത്തിലാണ്. ഇന്ത്യയിലെമ്പാടും ഇന്ന് വേര് പടർത്തിയ പരിസ്ഥിതി ചിന്തയുടെ തായ്‌വേരാണ് സുന്ദർലാൽ ബഹുഗുണ.

ഇക്കോളജി എന്ന വാക്ക് ഇന്ന് വ്യാപകമായി കേൾക്കുകയും എല്ലായിടത്തും ചർച്ച ചെയ്യുകയും ചെയ്യുന്ന പദമാണ്. എന്നാൽ, ഈ വാക്ക് ഒട്ടും പരിചിതമില്ലാതിരുന്ന, അത്യപൂർവ്വമായി ഉപയോഗിച്ചിരുന്ന, ഡിക്ഷ്ണറയിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലത്ത് ഇക്കോണമിയേക്കാൾ പ്രാധാന്യം ഇക്കോളജിക്ക് ഉണ്ട് എന്ന് സുന്ദർലാൽ ബഹുഗുണ പ്രഖ്യാപിക്കുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, ഭരണകൂടത്തിന്റെ അധികാര വ്യവഹാരങ്ങളിലും ഇക്കോളജിയുടെ പ്രധാന്യത്തെ കുറിച്ച് ജീവന്റെ അച്ചുതണ്ടായ പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് വിശദീകരിച്ചു.

ഹിമാലയത്തിന് മേൽ ഏൽപ്പിക്കുന്ന ഓരോ പോറലും വികസനത്തിലേക്കല്ല, വിനാശത്തിലേക്കായിരിക്കും വാതിൽ തുറക്കുക എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഹിമാലയത്തെ സംരക്ഷിച്ചില്ലെങ്കിൽ നിരവധി സംസ്ഥാനങ്ങൾ അനവധിയായ ദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് ആദ്യം മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇതേ കുറിച്ച് അഭിപ്രായം പറഞ്ഞ് ഒഴിയുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഹിമാലയത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങുകയും ചെയ്തു ആ ഗാന്ധിയൻ.

സാധാരണക്കാരുടെ വേഷം ധരിച്ച് അവരുടെ ഭാഷയിൽ, അവരിലൊരാളിയി നിന്ന് അദ്ദേഹം നാട് നേരിടാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി. തങ്ങളോട് ചേർന്ന് നിന്ന് തങ്ങളുടെ ഹൃദയത്തിൽ തൊട്ട് പറയുന്ന വാക്കുകളുടെ ആഴവും ആർജ്ജവവും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജനങ്ങൾ ആ വാക്കിനെ മുഖവിലയ്ക്ക് എടുത്തു. തെഹ്‌രി ഡാം നിർമ്മിച്ചാലുണ്ടാകാവുന്ന ദുരിതങ്ങളും ദുരന്തങ്ങളും അദ്ദേഹം വിശദീകരിച്ചു. വൻകിട ജലവൈദ്യുത പദ്ധതികൾ അതും ഹിമാലയത്തിന്റെ മണ്ണിൽ സ്ഥാപിച്ചാലുണ്ടാകാവുന്ന അപകടത്തിന്റെ വ്യാപ്തിയെ കുറിച്ച് സുന്ദർലാൽ ബഹുഗുണ മുന്നറിയിപ്പ് നൽകി. ഇത് അധികാര വർഗത്തിന് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നത്തെ തൊട്ടറിഞ്ഞ സുതാര്യനായ ആ മനുഷ്യന്റെ നിലപാടിനൊപ്പം സാധാരണക്കാർ ചേർന്ന് നിന്നു.

‘ചിപ്കോ’ പ്രസ്ഥാനം എന്ന പേരിൽ സുന്ദർലാൽ ബഹുഗുണ രൂപീകരിച്ച്, നേതൃത്വം നൽകിയ പ്രസ്ഥാനം ആ പ്രദേശത്തിന്റെ പൂർണമായ സംരക്ഷണം ഉറപ്പാക്കി. മരങ്ങളെ കെട്ടിപ്പെടിച്ച് നിന്ന് മക്കളേക്കാൾ വാത്സല്യവും സ്നേഹംവും കരുതലും മരങ്ങൾക്ക് കൊടുത്ത് ചിപ്കോ പ്രസ്ഥാനം മുന്നേറയിപ്പോൾ, ഇന്ത്യയ്ക്കും ലോകത്തിനും അത് വേറിട്ട കാഴ്ചയായി. ‘കെട്ടിപ്പിടിക്കുക’ എന്ന അർത്ഥമുള്ള ‘ചിപ്കോ’ എന്ന വാക്ക് ഒരു പ്രസ്ഥാനത്തിന്റെ പേരായി മാറി. ഈ പ്രസ്ഥാനത്തിലൂടെ ആയിരക്കണക്കായ ആളുകൾ, ലക്ഷക്കണക്കായ മരങ്ങളുടെ ജീവിതത്തിന് സുരക്ഷാ കവചം തീർത്തതാണ് ഹിമാലയൻ മലനിരകൾ കണ്ടത്. മരങ്ങളുടെ സുരക്ഷാ കവചം തീർത്ത ജനത യഥാർത്ഥത്തിൽ കെട്ടിപ്പിടച്ചത് വരും തലമുറകളുടെ ജീവിതത്തെയായിരുന്നു. മരങ്ങളെ കെട്ടിപ്പിടിച്ച മനുഷ്യന് ജീവൻ നൽകിയ പ്രസ്ഥാനം. അതായിരുന്നു ആ ചിപ്കോ മൂവ്മെന്റ്.

ഇതിന് അദ്ദേഹത്തിന് ഏറ്റവും സഹായകമായി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരന്നു. സാധാരണക്കാരിൽ സാധാരാണക്കാരനായി എളിമയും തെളിമയും ഉള്ള ജീവിതം നയിച്ച് സുന്ദർലാൽ ബഹുഗുണ നടത്തിയ പ്രവർത്തനം ഇന്ത്യയിൽ സമാനതകളില്ലാത്ത ഒരു മുന്നേറ്റത്തെ സൃഷ്ടിച്ചു. വികസനത്തിന്റെയും മറ്റും പേരിൽ വൻകിട അണക്കെട്ടുകളും മറ്റും സ്ഥാപിച്ചെടുക്കാൻ നിലയുറപ്പിച്ച് നിന്നവർ അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ആവോളം ചൊരിഞ്ഞു. അതൊന്നും അദ്ദേഹത്തെ തളർത്തയിതേയില്ല. ചെടികൾക്ക് വെള്ളവും വളവും എന്ന പോലെ പരിസ്ഥിതി ചിന്തകൾക്കും പ്രക്ഷോഭങ്ങൾക്കും അറിവും ദർശനവും നൽകി അദ്ദേഹം വളർത്തി.

ഇന്ന് പരിസ്ഥിതി ചിന്ത, പരിസ്ഥിതി പ്രസ്ഥാനം, പരിസ്ഥി പ്രവർത്തകർ, പരിസ്ഥിതി വിദ്യാഭ്യാസം എല്ലാം വ്യാപകമായിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. . അരനൂറ്റാണ്ട് മുമ്പ് അതുവരെയും മറ്റാരും പറയാത്ത ഒരു കാര്യം പറഞ്ഞ് ജനങ്ങളിൽ പരിസ്ഥിതി ചിന്ത നട്ടുവളർത്തിയ സുന്ദർലാൽ ബഹഗുണ സൃഷ്ടിച്ചത് ചരിത്രമായിരുന്നു. അദ്ദേഹം മരങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ, ആ ചിന്തയുടെ വരാൻ പോകുന്ന നിരവധി തലമുറകളുടെ സുരക്ഷിത ജീവിതത്തിന് വേര് പിടിപ്പിക്കുക കൂടെയായിരുന്നു.

സുന്ദർലാൽ ബഹുഗുണയുടെ ജീവിതവും പ്രവർത്തനവും ഇന്ത്യയിലെയും ലോകത്തിലെയും ലക്ഷക്കണക്കായ മനുഷ്യരെ സ്വാധീനിച്ചു. നമ്മുടെ രാജ്യത്ത് തന്നെ നിരവധി പരിസ്ഥിതി സമരങ്ങൾക്ക് അത് ഊർജം പകർന്ന് നൽകി. നർമ്മദ മുതൽ പൂയംകുട്ടിയും അതിരപ്പള്ളിയും വരെയുള്ള നിരവധി പോരാട്ടങ്ങൾക്ക് സുന്ദർലാൽ ബഹുഗുണയുടെ ജീവിതവും പ്രവർത്തനവും പകർന്ന് നൽകിയ ആവേശവും ഊർജ്ജവും ചെറുതായിരുന്നില്ല. എന്നെ പോലെയുള്ള ലക്ഷകണക്കായ ആളുകൾക്ക് അദ്ദേഹം എന്നും ഒരു ഊർജ സ്രോതസ്സ് ആയിരുന്നു.

അത്ഭുതം കൊണ്ട് വിടരുന്ന മിഴികളോടെ മാത്രമേ ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും നോക്കി കണ്ടിട്ടുള്ളൂ. അദ്ദേഹം കേരളത്തിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്. അവിടെയുണ്ടായിരുന്നവർക്ക് വലിയ ആവേശമായിരുന്നു അദ്ദേഹം പകർന്ന് നൽകിയത്. ചുറ്റും കൂടി നിൽക്കുന്നവരിലേക്ക് വാക്കുകളിലും നേട്ടത്തിലും സ്നേഹം കൊണ്ട് പോസിറ്റീവ് എനർജി സന്നിവേശിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പരിസ്ഥതി എന്നാൽ ജീവിതമാണ് എന്ന് ഉറക്കെ പറഞ്ഞ ആ മഹാഗുരുവിന്റെ, ഋഷിവര്യന്റെ ഓർമ്മകൾ പരിസ്ഥിതി കേന്ദ്രീകൃതമായി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഊർജപ്രവാഹമായി നിലകൊള്ളും.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering chipko movement leader sundarlal bahuguna agriculture minister p prasad