scorecardresearch
Latest News

ഇ എം എസിനെ ‘ആനുകാലിക’നാക്കിയ യേശുദാസൻ

“പുരോഗമന രാഷ്ട്രീയം മുന്നോട്ടുവച്ച നേതാവിനെ ഒന്നൊന്നര നൂറ്റാണ്ട് പുറകോട്ടു വലിച്ചുകൊണ്ടുപോയി പഴഞ്ചനാക്കുന്നതില്‍ കാർട്ടൂണിസ്റ്റുകൾ മത്സരിക്കുമ്പോഴാണ് പ്രബല ജാതീയ കാര്‍ട്ടൂണ്‍ ബിംബത്തെ വിസ്മൃതിയിലാക്കി ഇ എം എസിനെ യേശുദാസൻ കാലാനുസൃതനാക്കിയത്.” നിര്യാതനായ കാർട്ടൂണിസ്റ്റ് യേശുദാസനെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി എഴുതുന്നു

ഇ എം എസിനെ ‘ആനുകാലിക’നാക്കിയ യേശുദാസൻ

കാർട്ടൂണിസ്റ്റ് യേശുദാസനെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോള്‍ ആദ്യം ഓര്‍മ വരിക ഇ എം എസിന്റെ മുഖമാണ്. കാർട്ടൂണിസ്റ്റുകള്‍ക്ക് വേണ്ട സര്‍വ വിഭവങ്ങളും ആ രൂപത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു. അൻപതുകളിലും അറുപതുകളിലും കണ്ട കാരികേച്ചറുകളില്‍ ഒരു നമ്പൂതിരി രൂപം ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടായിരുന്നു. ഫലിതമായി കലാശിക്കുന്ന അബദ്ധം പറയിപ്പിക്കയും കൂടി ചെയ്തപ്പോള്‍ നിര്‍മിതി പൂര്‍ത്തിയായി.

പുരോഗമന രാഷ്ട്രീയം സ്ഥിരമായി മുന്നോട്ടുവച്ച നേതാവിനെ ഒന്നൊന്നര നൂറ്റാണ്ട് പുറകോട്ടു വലിച്ചു കൊണ്ടുപോയി പഴഞ്ചനാക്കുന്നതില്‍ കാർട്ടൂണിസ്റ്റുകൾ മത്സരിച്ചിരുന്നു. തിരുമേനിയെന്ന സംബോധനയോട് ഒത്തുപോവുന്ന കെട്ടിലും മട്ടിലുമാണ് സഖാവ് മിക്കവാറും കാർട്ടൂണുകളിലും പ്രത്യക്ഷപ്പെട്ടത്. പൂണൂല്‍, മെതിയടി തുടങ്ങി സര്‍വ ഉന്നതകുല പൗരാണിക ചിഹ്നങ്ങളോടും കൂടി.

ഈ പ്രബല ജാതീയ കാര്‍ട്ടൂണ്‍ ബിംബത്തെ വിസ്മൃതിയിലാക്കി ഇ എം എസിനെ ആനുകാലികനാക്കിയത് യേശുദാസനാണ്. മനസ്സിരുത്തി മുഖച്ഛായ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുന്ന ഈ കാരിക്കേച്ചറിസ്റ്റ് പതിവിനു വിപരീതമായി സ്വാതന്ത്ര്യമെടുത്താണ് സഖാവിന്റെ മുഖം മാറ്റിപ്പണിതത്. യാഥാർത്ഥ രൂപത്തില്‍നിന്ന് ആകാവുന്ന അകലത്തിലെത്തി വികലമാവുന്നതിനു തൊട്ടുമുൻപ് വക്രീകരണം നിര്‍ത്തി.

Cartoonist Yesudasan, Cartoonist Yesudasan passes away, Cartoonist Yesudasan Kunju Kurup, Cartoonist Yesudasan Mrs. Nair, Cartoonist EP Unni, latest news, kerala news, indian express malayalam, ie malayalam

വ്യാഖ്യാനിച്ചു വരയ്ക്കുകയെന്ന കാരിക്കേച്ചറിന്റെ അടിസ്ഥാന ധര്‍മം ശരിക്കും പാലിച്ചു. പെരുപ്പിച്ച നെറ്റിത്തടവും വിടര്‍ന്ന കണ്ണുകളും ഒക്കെയായി ആകെപ്പാടെ ഒരു ധൈഷണിക പരിവേഷം ഇ എം എസിനു നൽകി. ആംഗ്യഭാഷയും മൊത്തത്തില്‍ പരിഷ്കരിച്ചു. ഒരല്പം നമ്പൂരിത്തം ചെറുവിരലില്‍ മാത്രമായി നിലനിര്‍ത്തി. ശിഷ്ടം രൂപം ചടുലമായും സൂക്ഷ്മമായും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയ ഇ എം എസായി. ഈ പുത്തന്‍ അവതാരം വായനക്കാര്‍ അനായാസേന സ്വീകരിച്ചു. പുറകെ വന്ന മിക്ക ഇളമുറക്കാരും ഈ മൂശയില്‍ വരച്ചു തുടങ്ങി. ഒരു കാർട്ടൂണിസ്റ്റിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.

ഇത്രയും പ്രകടമല്ലാത്ത അല്‍പ്പം സാങ്കേതികമായ ഒരു അതിശയം കൂടി യേശുദാസന്റെ കലാ ജീവിതത്തിലുണ്ട്. വരയുടെ തുടക്കകാലത്ത് വീണുകിട്ടിയ ശൈലി പ്രൊഫഷണല്‍ കാർട്ടൂണിസ്റ്റുകള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കില്ല. ബ്രഷും പേനയും വച്ച് തുടങ്ങിയ ചിത്രണത്തില്‍നിന്ന് ഒരേ കനത്തില്‍ ഒഴുകുന്ന വരകളിലേക്ക് പാടേ മാറി ഈ കാർട്ടൂണിസ്റ്റ്‌. ആവേശത്തോടെയുള്ള ബ്രഷിന്റെ കോറലുകളില്‍ തുടങ്ങി വഴിയെ ഭൂപടം വരയ്ക്കുന്ന മട്ടില്‍ അളന്നെടുത്ത രേഖകളിലേക്കു ജപ്പാനിലെ കാർട്ടൂണുകള്‍ മാറിയ കാര്യം അവിടുത്തെ കാര്‍ട്ടൂണ്‍ ചരിത്രകാരന്മാര്‍ ചൂണ്ടികാണിക്കാറുണ്ട്. പല തലമുറകള്‍ കൈ മാറിയാണ് ഈ പരിണാമം പൂര്‍ത്തിയായത്. ഇവിടെ ഈ കാർട്ടൂണിസ്റ്റ്‌ ഒരു ആയുഷ്കാലം കൊണ്ട് ഇത് സാധിച്ചെടുത്തു.

Also Read: വി കെ എസ്: സ്വരസ്ഥാനം തെറ്റാത്ത സ്നേഹഗായകൻ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering cartoonist yesudasan ep unny