scorecardresearch

സുബൈർ അഹമ്മദ്: ആൻഡമാനിലേക്കുള്ള വഴി, ലോകത്തേക്കുള്ള വാതിൽ

ദീപിന്‍റെ ‘ശബ്ദവും വെളിച്ചവും’ ആയിരുന്ന സുബൈർ അഹമ്മദിനെ കുറിച്ച് സുഹൃത്തും ദൂരദർശൻ മുൻ ഡയറക്ടറുമായ ജി സാജൻ

സുബൈർ അഹമ്മദ്: ആൻഡമാനിലേക്കുള്ള വഴി, ലോകത്തേക്കുള്ള വാതിൽ

ഇന്നലെ സുബൈർ അഹമ്മദ് നമ്മളെ വിട്ടു പോയി.

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലെ ഏറ്റവും നിർഭയനായ പത്രപ്രവർത്തകനായിരുന്നു സുബൈർ.

ലൈറ്റ് ഓഫ് ആൻഡമാൻ എന്ന പത്രത്തിന്‍റെ എഡിറ്റർ.

ദ്വീപിലെ പത്ര മാധ്യമ രംഗത്തെ സവിശേഷ വ്യക്തിത്വമായിരുന്നു സുബൈർ. ആൻഡമാനിൽ ഏറ്റവും ബഹുമാനിക്കപ്പെട്ട പത്രാധിപരായിരുന്ന രാജാ ആന്ഡമാനി എന്ന ഗോവിന്ദ രാജുവിലൂടെയാണ് സുബൈർ പത്രപ്രവർത്തന രംഗത്തേക്ക് വന്നത്. 2010 ൽ അപ്രതീക്ഷിതമായി ഗോവിന്ദ രാജു മരിച്ചു. പിന്നീട് പത്രത്തിന്‍റെ പൂർണ ചുമതല അതേ വരെ ബാംഗളൂരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകനായിരുന്ന സുബൈറിന്‍റെ കയ്യിലായി.

‘ആന്ഡമാനിലെ സാംസ്കാരികാന്തരീക്ഷത്തിൽ നിലനിൽക്കുന്ന കാഫ്കെയ്സ്ക് അധികാര ഘടനക്കു എതിരെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്,’ സുബൈർ പറയും. തുടർച്ചയായ അന്വേഷണാത്മക പരമ്പരകൾ, പഠനങ്ങൾ, അഴിമതി തുറന്നു കാണിക്കുന്ന റിപോർട്ടുകൾ. ഇന്ത്യയിലെ ഏതു മുഖ്യധാരാ പത്രങ്ങളും തയ്യാറാക്കുന്ന റിപ്പോർട്ടുകളോട് കിടപിടിക്കുന്നവയായിരുന്നു ഈ റിപ്പോർട്ടുകൾ. സത്യസന്ധരായ ധാരാളം ഉദ്യോഗസ്ഥർ സുബൈറിനെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്തു. എന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഇവ അസ്വസ്ഥമാക്കി. ഈ റിപ്പോർട്ടുകൾ ലോകം മുഴുവൻ ശ്രദ്ധിച്ചു. സമീർ ആചാര്യ അടക്കം ആൻഡമാനിലെ പരിസ്ഥിതി പ്രവർത്തകർ സുബൈറിന് ഒപ്പം നിന്നു. ലോകമെമ്പാടുമുള്ള ഗവേഷകർ ദ്വീപിൽ ആദ്യം അന്വേഷിച്ച പേര് സുബൈറിന്‍റെ ആയിരുന്നു. പങ്കജ് സക്സേറിയ, മനീഷ് ചാണ്ടി, മധുശ്രീ മുഖർജി എന്നിങ്ങനെ ലോകപ്രശസ്തരായ ഗവേഷകർക്കൊപ്പം സുബൈർ പ്രവർത്തിച്ചു. സലിം അലി സെന്ററിലെ പ്രമോദ് അടക്കമുള്ള ഗവേഷകർക്കൊപ്പവും സുബൈർ പ്രവർത്തിച്ചു.

ക്രമേണ സുബൈർ അഡ്മിനിസ്‌ട്രേഷന്‍റെ കണ്ണിലെ കരടായി മാറി. എന്നാൽ സുബൈറിനെ അവർക്കു തൊടാൻ വയ്യ. സർക്കാരിൽ നിന്ന് പരസ്യം വാങ്ങിയല്ല ഈ പത്രം നിൽക്കുന്നത്. കൃത്യമായി ഇറങ്ങുകയുമില്ല. പലപ്പോഴും ആഴ്ചയിൽ ഒരിക്കൽ. എന്നാൽ ഓരോ ലക്കവും നമുക്ക് ഒരു പഠന സാമഗ്രി പോലെ സൂക്ഷിച്ചു വക്കാം.

‘റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ കൊണ്ടല്ല, റിപ്പോർട്ട് ചെയ്യാത്തവ കൊണ്ടാണ് ഇവിടെ പത്രങ്ങൾ നിലനിൽക്കുന്നത്,’ ലൈറ്റ് ഓഫ് ആൻഡമാൻ എന്ന പത്രത്തിന്‍റെ പത്രാധിപർ സുബൈർ അഹമ്മദ് പറയുമായിരുന്നു.

‘ഇത് വെറുമൊരു ദ്വീപല്ല. ദ്വീപുകളുടെ ഒരു സംഘാതമാണ്,’ സുബൈർ അഹമ്മദ് എഴുതി: ‘ലെഫ്റ്റനന്റ് ഗവർണർ ഒരു ദ്വീപാണ്. സെക്രട്ടറിയറ്റ് മറ്റൊരു ദ്വീപ്. പാർലമെന്റംഗം ഒറ്റപ്പെട്ട നിരാശ്രയമായ ഒരു ദ്വീപ്. അന്യദേശ വാസികൾക്ക് ആന്ഡമാനിലെത്താൻ വിമാനവും കപ്പലുമുണ്ട്. എന്നാൽ ആന്ഡമാനികൾക്ക് ഇതിനുള്ളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്‍റെ കൃത്രിമ ദ്വീപുകളിലെത്താൻ ഒരു വഴിയുമില്ല.’

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സങ്കീർണമായ അധികാര ഘടനയെ ഇതിനേക്കാൾ കൃത്യമായി വിവരിക്കാനാവില്ല.

ദൂരദർശനും ആകാശവാണിയും അല്ലാതെ ഒരു ദേശീയ മാധ്യമത്തിനും ഇവിടെ സാനിധ്യമില്ല. സുനാമി പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ മാത്രമാണ് ഈ ദ്വീപുകളുടെ സാന്നിധ്യത്തെക്കുറിച്ചു പുറംലോകം ഓർക്കുന്നത്. ഇവിടെനിന്നു ഇന്ത്യൻ മുഖ്യധാരയിലേക്ക് ഒരു വാർത്തയും ഒഴുകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ ഇവരെയും ബാധിക്കുന്നില്ല. ഇന്ത്യൻ ദേശീയത എന്ന സ്വത്വ സങ്കല്പനം ഇവർ ചർച്ചക്ക് വിധേയമാക്കുന്നില്ല. ഒരു സംവാദവും നടത്തുന്നില്ല. ശക്തമായ പൗരസമൂഹമില്ല. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളില്ല. സ്വതന്ത്ര മാധ്യമ സംസ്കാരമില്ല. രാഷ്ട്രീയ പ്രക്രിയ ഉപരിപ്ളവവും വ്യക്തികേന്ദ്രീകൃതവുമാണ്.

എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ വിരസവും നിരന്തരവുമായ ശാന്തതക്ക് കീഴെ ഭരണകൂടത്തിന്‍റെ അസുഖകരമായ സാന്നിധ്യം കാണാം. പ്രതിഷേധത്തിന്‍റെയോ പ്രതിരോധത്തിന്‍റെയോ ദുർബലമായ ചില ശബ്ദങ്ങൾ മാത്രം.

പ്രാദേശിക പത്രങ്ങളിൽ ആരെയും വിമർശിക്കാം ലെഫ്റ്റനന്റ് ഗവർണറെ ഒഴികെ.

എന്നാൽ, സാമൂഹിക സ്പന്ദനങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ചെറിയ ചില മാറ്റങ്ങൾ ശ്രദ്ധിക്കാതെ വയ്യ. ചില പത്രങ്ങൾ സാമൂഹിക പ്രശ്നങ്ങൾ ഗൗരവത്തോടെ പഠിക്കാനും റിപ്പോർട്ട് ചെയ്യാനും തുടങ്ങി. ഒരു ബ്യുറോക്രറ്റിക് അഡ്മിനിസ്ട്രേഷനെ മാത്രം ആശ്രയിച്ചുള്ള നിലനിൽപ് സ്ഥായിയല്ല എന്ന തോന്നൽ ശക്തമായി തുടങ്ങി. 2004 ലെ സുനാമിക്ക് ശേഷം വികസന സൂചികകൾ ക്രമാനുഗതമായി താഴേക്ക് നീങ്ങുന്നത് അവർ കണ്ടു. അവർ അത് റിപ്പോർട്ട് ചെയ്യാനും തുടങ്ങി. ആൻഡമാൻ ട്രങ്ക് റോഡും ജറാവ ഗോത്രവർഗവും അടക്കമുള്ള സവിശേഷ പഠനങ്ങൾക്ക് അവർ മുൻകൈ എടുത്തു.

ഈ മാറ്റത്തിന് നേതൃത്വം നൽകിയതിൽ പ്രമുഖനായിരുന്നു സുബൈർ അഹമ്മദ്. സുബൈർ തുടർച്ചയായി അഡ്മിനിസ്ട്രേഷനെയും ലെഫ്റ്റനന്റ് ഗവര്ണരെയും ദ്വീപുകളിൽ രണ്ടു വർഷത്തെ സുഖവാസത്തിനെത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു കൊണ്ടിരുന്നു. അഴിമതിക്കഥകൾ തുടർച്ചയായി പുറത്തു വന്നു. സുബൈറിനെ ഒറ്റപ്പെടുത്താനും ഭയപ്പെടുത്താനും ഭരണകൂടം നിരന്തരമായി ശ്രമിച്ചു.

അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്തു ഒരു ട്വീറ്റിന്‍റെ പേരിൽ ഭരണകൂടം സുബൈറിനെ അറസ്റ്റ് ചെയ്യുന്നത്. ഈ അറസ്റ്റ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ വലിയ വിവാദമായ വാർത്തയായിരുന്നു. ഒടുവിൽ അവർക്കു അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു. എന്നാൽ ഏറ്റവും അപമാനകരമായ രീതിയിൽ കുടുംബത്തിന്‍റെയും കുട്ടികളുടെയും മുൻപിൽ വച്ച് നടന്ന അറസ്റ്റ് സുബൈറിനെ മാനസികമായി തളർത്തി.

മാത്രമല്ല ഈ പത്രത്തിൽ നിന്ന് ഒരു വരുമാനവും സുബൈറിന് കിട്ടിയില്ല. സ്വന്തം പണം ഉപയോഗിച്ചാണ് അദ്ദേഹം ഓരോ തവണയും പത്രം ഇറക്കിയത്. ഇതേ വരെ ഇറക്കിയ എല്ലാ കോപ്പിയും നന്നായി ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അത് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ കുറിച്ച് പഠിക്കുന്നവർക്ക് അമൂല്യമായ ഖനിയാണ്.

മലബാറിലെ കലാപത്തിന് ശേഷം ആന്ഡമാനിലെ സെല്ലുലാർ ജയിലിൽ തടങ്കലിൽ കഴിഞ്ഞ പഴയ മാപ്പിളമാരുടെ പിന്തുടർച്ചാവകാശിയാണ് സുബൈർ. അനീതിക്കും കാപട്യത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പൊരുതി. പഴയ പ്രക്ഷോഭകാരിയായ പൂവക്കുന്നിൽ അലവിയുടെ രക്തമാണ് സുബൈറിന്‍റെ സിരകളിലൂടെ ഒഴുകുന്നത്.

ചിലപ്പോൾ ഒരു മടി സുബൈറിനെയും ബാധിക്കും. ഒരു പത്തു ദിവസമായിട്ടും പുതിയ ലക്കം കാണാഞ്ഞപ്പോൾ ഞാൻ കാരണമന്വേഷിച്ചു. സുബൈർ ഒരല്പം ഖിന്നനായിരുന്നു.

‘ഇനി എന്താണ് എഴുതാൻ ബാക്കിയുള്ളത്? എല്ലാ മേഖലകളെക്കുറിച്ചും വിശദമായി എഴുതി കഴിഞ്ഞു. എന്നിട്ടും എന്ത് മാറ്റമാണ് ഉണ്ടായത്?’

സുബൈറിനെ വല്ലാത്തൊരു നിരാശ ബാധിച്ചുവെന്ന് തോന്നി: ‘ഞാൻ തന്നെയാണ് പത്രാധിപരും റിപോർട്ടറും ഫോട്ടോഗ്രാഫറും പബ്ലിഷറും പ്രിന്ററും. എന്‍റെ പത്രം, എനിക്ക് തോന്നുമ്പോൾ ഞാൻ ഇറക്കും.’

പൊതുവെ ഗൗരവ പ്രകൃതിയായ സുബൈറിന്‍റെ നര്‍മത്തിലും നിരാശയുടെ ചായം പുരണ്ട പോലെ തോന്നി.

ഒരുപക്ഷെ, സജീവമായ ജനാധിപത്യ പ്രക്രിയയുടെ അഭാവത്തിൽ എത്ര ശക്തമായ മാധ്യമ പ്രവർത്തനത്തിനും വലിയ പരിമിതിയുണ്ട് എന്നാവാം സുബൈറിന്‍റെ അനുഭവം കാണിക്കുന്നത്. ആന്ഡമാന് സംസ്ഥാന പദവി നൽകണം എന്നൊരു ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. സംസ്ഥാന പദവി, അസ്സംബ്ലി, രാഷ്ട്രീയ ധാരകളുടെ ആവിർഭാവം, പങ്കാളിത്ത ജനാധിപത്യം എന്നിവയുടെ പശ്ചാത്തലത്തിൽ വേണം മാധ്യമ പ്രവർത്തനത്തെയും കാണാൻ. അത്രയും കാലം സുബൈറും ലൈറ്റ് ഓഫ് ആന്ഡമാനും ഒരുക്കുന്ന മാധ്യമ പാതകൾ ഒരു സമാന്തര ധാരയായി മാത്രം നിലകൊള്ളും. കൃത്യമായ രാഷ്ട്രീയാവശ്യങ്ങളുമായി ഒരു ജനാധിപത്യ പ്രസ്ഥാനം രൂപം കൊള്ളുകയും അതിത്തിൽ എത്ര ശക്തമായ മാധ്യമ പ്രവർത്തനത്തിനും വലിയ പരിമിതിയുണ്ട് എന്നാവാം സുബൈറിന്‍റെ അനുഭവം കാണിക്കുന്നത് ചാലക ശക്തിയായി മാധ്യമങ്ങൾ മാറുകയും ചെയ്യുന്നത് വരെ.

ജനാധിപത്യ പങ്കാളിത്തമില്ലാത്ത വികസന പ്രക്രിയയുടെ സ്വഭാവം പഠിക്കാനുള്ള ഒരു സ്വാഭാവിക പരീക്ഷണ ശാലയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

അവിടെ സുബൈർ നടത്തിയ സ്വതന്ത്രമായ മാധ്യമ പോരാട്ടം ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ ഏറ്റവും അപൂർവമായ മാതൃകകളിൽ ഒന്നാണ്. നിർഭാഗ്യവശാൽ ദ്വീപുകൾക്ക് പുറത്തു ഈ പ്രവർത്തനവും പോരാട്ടവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മുഖ്യധാര പത്രപ്രവർത്തനത്തെക്കാൾ സമൂഹത്തിൽ മാറ്റമുണ്ടാക്കുന്നത് ഇത്തരം പ്രൊവിൻഷ്യൽ പത്രപ്രവർത്തകരാണ്. സുബൈർ അകാലത്തിൽ നമ്മെ വിട്ടുപോയി. എന്നാൽ സുബൈർ സൃഷ്ടിച്ച മാതൃകകൾ നമുക്ക് പ്രചോദനമായി തുടരും.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Remembering andaman journalist zubair ahmed g sajan