scorecardresearch
Latest News

കത്തുന്ന പന-കെ വി പ്രവീൺ എഴുതുന്നു

“എത്ര പെട്ടെന്നാണ് ജലം സകല പദ്ധതികളേയും, ജീവിതത്തെ തന്നെയും കടപുഴക്കിക്കൊണ്ട് ഇരമ്പിയകലുന്നത്?” കഥാകൃത്തായ കെ.വി പ്രവീൺ എഴുതുന്നു

കഴിഞ്ഞ വര്‍ഷം മേയില്‍ റോക്ക് പോട്ട് എന്ന ടെക്സസിലെ ഒരു തുറമുഖ പട്ടണത്തില്‍ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ കുടുംബസമേതം ഒരു വീക്കെന്‍ഡ് ചെലവഴിച്ചിരുന്നു. കറിവേപ്പിലയും പേരയും ഒക്കെ തോട്ടത്തില്‍ വളര്‍ത്തിയിരുന്ന ഗുജറാത്തികള്‍ നടത്തി വരുന്ന ഒരു കോട്ടേജില്‍ താമസം. തിരക്കു കുറവുളള സ്ഥലം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ കടലു കണ്ടിരിക്കുക മാത്രമായിരുന്നു ലക്ഷ്യം.

അത്രയൊന്നും പ്രശസ്തമല്ലാത്ത ആ ബീച്ചില്‍ പകല്‍ മുഴുവന്‍ കുട്ടികള്‍ ശക്തി കുറഞ്ഞ തിരമാലകളില്‍ തിമിര്‍ത്തു. മുതിർന്നവര്‍ കുട്ടികളെ കാണാവുന്ന അകലത്തിലുളള ഗസീബോയില്‍ ഹാര്‍ബറില്‍ നിന്നു കൈയോടെ വാങ്ങിയ കൊഞ്ചിനെ മുളക് തേച്ച് ഗ്രില്ലില്‍ ചുട്ടെടുക്കുകയായിരുന്നു. ഇളം വെയിലും, കാറ്റും, തിരകളും, കൊഞ്ചു തിന്നാന്‍ വന്ന കടല്‍‌പക്ഷികളും, മണല്‍ പുരണ്ട കുടികളും, ചിരിയും സംസരവുമൊക്കെയായി ആ പകല്‍ ആയാസരഹിതമായി കഴിഞ്ഞു പോയി.

രാത്രി ഞങ്ങളുടെ കോട്ടേജിന്റെ ടെറസില്‍ കടലിന്റെ ശബ്ദവും സാന്നിധ്യവും അനുഭവിച്ച് ഞങ്ങള്‍ മദ്യപിച്ചു കൊണ്ടിരുന്നു. ബീച്ചിന് സമാന്തരമായി നീളുന്ന റോഡിലെ നിയോണ്‍ വിളക്കുകള്‍ ചൊരിയുന്ന മഞ്ഞ. ബീച്ചില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജില്‍ ഏതോ സ്പാനിഷ് മതപ്രഭാഷണവും ഹലേലുയ വിളികളും ഇടയ്ക്കുയര്‍ന്നു. എപ്പോഴോ മദ്യവും, കാറ്റും, കടലും, തിളങ്ങുന്ന തിരകളും ദൈവ വചനവും ഒക്കെക്കൂടി അലൗകികമായ ഒരു അനുഭൂതി നിറയുന്നതു പോലെ എനിക്കു തോന്നി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്: ഞങ്ങളുടെ കോട്ടേജിനപ്പുറത്ത് ഹോട്ടലിന്റെ മുന്‍‌വശത്തുളള കൂറ്റന്‍ പനകളിലൊന്നിന്റെ തലക്ക് തീ പിടിച്ചിരിക്കുന്നു. കാറ്റില്‍ ചിതറി വീഴുന്ന തീപ്പൊരികള്‍. ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് കണ്ണു തിരുമ്മി ഒന്നു കൂടി നോക്കി. അതെ. കത്തുന്നുണ്ട്. രാത്രിയിലേക്ക് തീപ്പൊരി പറക്കുന്നുണ്ട്.

ഞാന്‍ മിനിയെ വിളിച്ച് പന കത്തുന്നത് കാണിച്ചു കൊടുത്തു. “അതെ, ശരിക്കും കത്തുന്നുണ്ട്,” അവള്‍ ഗൗരവത്തില്‍ പറഞ്ഞു. ഒന്നു രണ്ടു തവണ നോക്കിയതിനു ശേഷം ജെറി ക്യാമറ എടുക്കാന്‍ അകത്തേക്കോടി. ബിനോയിയേയും അല്‍ജിലിനേയും കാറിന്റെ കീ അന്വേഷിച്ചു വന്ന മനോജിനേയും വിളിച്ചു കാണിച്ചു. എന്നാല്‍ അടുത്തു പോയി നോക്കിക്കളയാം എന്നായി. കോട്ടെജിനെ ചുറ്റിയുളള ഇരുട്ടു പുതച്ച ഇടവഴിയിലൂടെ നടക്കുമ്പോള്‍ നാട്ടിലെവിടെയോ ആണെന്നു തോന്നുന്നു എന്ന് ആരോ പറഞ്ഞു. കാറ്റില്‍ പനകളുടെ ഇലകള്‍ ഇളകുന്ന ശബ്ദം കേട്ടു കൊണ്ട് ഞങ്ങള്‍ ഹോട്ടലിന്റെ മുന്‍‌വശത്തെത്തി. പനക്ക് ഞാന്‍ വിചാരിച്ചതിലും അധികം ഉയരം ഉണ്ടായിരുന്നു. അതിന്റെ താഴെ നിന്നപ്പോല്‍ ഞങ്ങള്‍ വെറും ശിശുക്കളാണെന്ന് തോന്നിപ്പോയി. മുകളിലേയ്ക്ക് നോക്കിയപ്പോള്‍ അതിനു ആകാശത്തോളം ഉയരം. തീപ്പൊരികള്‍ നൃത്തം ചെയ്യുന്ന തല കാണാനില്ല. മാത്രവുമല്ല ചുറ്റും വേറെയും പനകളുണ്ട്. ഇതില്‍ ഏതിനാണ് തീ പിടിച്ചത്?

k.v. praveen,malayalam writer,memories

തീ കാണാതെ നിരാശരായി ഞങ്ങള്‍ ടെറസില്‍ തിരിച്ചെത്തി. അവിടെ നിന്ന് നോക്കിയപ്പോള്‍ അതാ, കത്തിക്കൊണ്ടിരിക്കുന്ന ആ പന വീണ്ടും.

“ഹോട്ടലു തന്നെ കത്തിക്കൊണ്ടിരിക്കുകയാണെന്ന് തോന്നാതിരുന്നത് ഭാഗ്യം!” ജിന്‍സി മിനിയോട് പറഞ്ഞ് ചിരിക്കുന്നത് ഞാന്‍ കേട്ടു.

“ഹാലേലുയ, ഹാലേലുയ” ബീച്ചിലെ മത സമ്മേളന വേദിയില്‍ നിന്ന് വീണ്ടും ദൈവ വചനമുയര്‍ന്നു. “ഇതിനാണ് cosmic bliss എന്നു പറയുന്നത്. ചിദാനന്ദ ലഹരി,” ഞാന്‍ പറഞ്ഞു. ലഹരി എന്നു കേട്ട ജെറി അടുത്ത റൗണ്ടോടെ എല്ലാം ശരിയായിക്കോളും എന്ന മട്ടില്‍ ഗ്ലാസുകള്‍ നിറയ്ക്കാന്‍ തുടങ്ങി…

രാവിലെ എഴുന്നേറ്റ് ഞാന്‍ ടെറസില്‍ വന്ന് എന്റെ പന ഇപ്പോഴും കത്തുന്നുണ്ടോ എന്നു നോക്കി. കാറ്റില്‍ ചെവികള്‍ ആട്ടിക്കൊണ്ട് പനകള്‍ എന്നെ കളിയാക്കി ചിരിച്ചു.

മടക്കയാത്രയില്‍ ചിദാനന്ദ ലഹരിയില്‍ ഞാന്‍ പന കത്തുന്നതു കണ്ടതിന്റെ വിഡിയോ ജെറി എല്ലവരേയും കാണിച്ചത് വന്‍ നേരമ്പോക്കുണ്ടാക്കി. സാധാരണക്കാര്‍ കാണാത്തതൊക്കെ എഴുത്തുകാര്‍ക്കു ചിലപ്പോള്‍ കാണാന്‍ കഴിയും എന്ന് ഞാന്‍ പറഞ്ഞത് കുട്ടികള്‍ പോലും വിശ്വസിച്ചില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ യാദൃശ്ചികമായി ഞാന്‍ ‘നൈറ്റ് ക്രോളര്‍’ എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍ കാണാന്‍ ഇടയായി. ടൈറ്റിലുകള്‍ എഴുതിക്കാണിക്കുന്നതിനിടയിലുളള ഒരു സീനില്‍ താഴ്ന്നു പറന്നിറങ്ങുന്ന വിമാനം. മിന്നിക്കളിക്കുന്ന വിമാന വിളക്കുകള്‍ക്കനുസരിച്ച് താഴെയുളള പനയോലകളില്‍ തീ പിടിക്കുകയും അണയുകയും ചെയ്യുന്നു… ഞാന്‍ ഒരു ചിരിയോടെ ലാപ്ടോപ്പ് അടച്ചു വച്ചു.

ഓഗസ്റ്റ് അവസാനം ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് വെളളപ്പൊക്കമായി രൂപം മാറിയ ദിവസങ്ങളിലൊന്നില്‍ റോക്ക്പോട്ടിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടു. ആ ചെറിയ ടൗണ്‍ഷിപ്പിന്റെ രൂപം തന്നെ മാറിപ്പോയിരുന്നു. തകര്‍ന്നടിഞ്ഞ ഹാര്‍ബറിന്റെ അവശിഷ്ടങ്ങള്‍, നിലം പൊത്തിയ വീടുകള്‍, മീന്‍‌കടകള്‍, മൂക്കു കുത്തിക്കിടക്കുന്ന ബോട്ടുകള്‍. പ്രതികാര ബുദ്ധിയോടെയെന്നോണം പ്രകൃതി നടത്തിയ താണ്ഡവത്തിന്റെ ബാക്കി പത്രം.

പനകളും, ഹോട്ടലും റോഡുകളും ഹാര്‍ബറും ഒന്നും കാണുന്നില്ല. അനന്തമായ ജലരാശി സകലതും മുക്കിയിരിക്കുന്നു. ഞങ്ങള്‍ സന്തോഷത്തോടെ ഒരു വാരാന്ത്യം ചെലവഴിച്ച ആ തുറമുഖ നഗരത്തെ വിഴുങ്ങി വെളളം അതിന്റെ സംഹാരം തുടരുന്നു. എത്ര പെട്ടെന്നാണ് ജലം സകല പദ്ധതികളേയും, ജീവിതത്തെ തന്നെയും കടപുഴക്കിക്കൊണ്ട് ഇരമ്പിയകലുന്നത്?

k.v praveen, malayalam writer,memories

 

‘Wave’ എന്നു പേരുളള സൊണാലി ദെരാനിയാഗലയുടെ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് തേജു കോള്‍ എഴുതിയത് ഞാന്‍ ഓര്‍ത്തു പോയി. (1). സൊണാലിയുടെ ഭര്‍ത്താവിനേയും, അച്ഛനമ്മമാരേയും, ഏഴും അഞ്ചും വയസ്സുളള മക്കളേയും 2004-ല്‍ ഒരു രാവിലെ ശ്രീലങ്കയില്‍ അവര്‍ അവധിക്കാലം ചെലവഴിച്ചിരുന്ന റിസോര്‍ട്ടില്‍ വച്ച് സുനാമി കൊണ്ടു പോകുന്നതും അതിനെ തുടര്‍ന്നുളള അതീവ പീഡനാകരമായ ദിവസങ്ങളെക്കുറിച്ചും ആണ് ആ ഓര്‍മ്മക്കുറിപ്പ്. താന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും വേദനാജനകമായ പുസ്തകം എന്നാണ് തേജു കോള്‍ അതിനെക്കുറിച്ച് എഴുതുന്നത്. ആ രാവിലെ സൊണാലിയോട് അവരോടൊന്നിച്ചുണ്ടായിരുന്ന സുഹൃത്ത് ബീച്ചില്‍ ഉല്ലസിച്ചു കൊണ്ട് നില്‍ക്കുന്ന സൊണാലിയുടെ രണ്ടു മക്കളെയും സന്തുഷ്ടി നിറഞ്ഞ കുടുംബത്തെയും കണ്ട് പറയുന്നുണ്ട്: “What you guys have is a dream.” അടുത്ത നിമിഷം കടല്‍ ആകശം മുട്ടിക്കൊണ്ട് കയറി വരുന്നത് അവര്‍ കാണുന്നു. ‘Oh my God, the sea’s coming in,” സോണാലിയുടെ സുഹൃത്ത് പറയുന്നു. ആ സുഹൃത്തും സുനാമിയില്‍ കൊല്ലപ്പെട്ടു. നിമിഷങ്ങക്കുളളില്‍ തന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും നഷ്ടപ്പെട്ട സൊണാലിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തില്‍ താന്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഒരു മാസ് മര്‍ഡറായിരുന്നിരിക്കണം എന്നാണ്. ആത്മഹത്യ ചെയ്യാതിരിക്കാന്‍ തന്റെ ജീവിത കഥ അക്ഷരങ്ങളാക്കി ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടാനുളള സൊണാലിയുടെ തീവ്രശ്രമമാണ് ‘Wave’.

ഗ്രഹങ്ങള്‍ അവയുടെ ഗതി അല്പം മാറി പരസ്പരം കൂട്ടിയിടിച്ചാല്‍, അന്തരീക്ഷോഷ്മാവ് കുറച്ചൊന്നുയര്‍ന്നാല്‍ തീരവുന്നതെയുളളൂ എല്ലാം എന്ന് ഈ ഭൂമി മനുഷ്യാവസത്തിനു വേണ്ടി വിശിഷ്ടമായി നിര്‍മ്മിക്കപ്പെട്ടതാണെന്ന വാദത്തെ ചിന്തകനായ ഷോപ്പനോവര്‍ (Arthur Schopenhauer) ചോദ്യം ചെയ്യുന്നുണ്ട് (2). ഏതു ദൗര്‍ഭാഗ്യത്തിലും ഏറ്റവും കരണീയമായിട്ടുളളത് അതിനേക്കാള്‍ കൊടിയ ദുര്‍ദശയിലൂടെ കടന്നു പോയവരെക്കുറിച്ച് ഓര്‍ക്കലാണ്; പക്ഷെ, ഏതു വേദനയിലും അതിലും വലിയ ദുരന്തങ്ങള്‍ അനുഭവിച്ചവര്‍ ചുറ്റും തന്നെ ഉണ്ടെന്നത് മനുഷ്യരാശിയുടെ മൊത്തം വിധിയെക്കുറിച്ച് പറയുന്നതെന്താണ് എന്ന് ഷോപ്പനോവര്‍ ചോദിക്കുന്നു.

4600 മില്ല്യണ്‍ വര്‍ഷം പ്രായമുളള ഭൂമിയെ 46 വയസ്സുളള ഒരു സ്ത്രീയായി കണക്കാക്കിയാല്‍ മനുഷ്യ സംസ്കാരം തുടങ്ങിയിട്ട് രണ്ടു മണിക്കൂറുകളെ ആയിട്ടുളളൂ എന്നും ഓര്‍ക്കാം (3).

സ്വപ്നങ്ങള്‍ ദുഃസ്വപ്നങ്ങളായി മാറ്റാന്‍ പ്രകൃതിക്ക് വെറും നിമിഷങ്ങളെ വേണ്ടൂ എന്ന് ഓരോ പ്രകൃതി ദുരന്തവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം കാലു വെച്ചു നടക്കുന്ന ഭൂമിയുടെ പാളികള്‍ ദുര്‍ബലമായി ഒന്നു തെന്നിയാല്‍ തീരുന്ന കളികളേ മനുഷ്യര്‍ക്കുളളൂ. അത് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. മറ്റും പലതും പോലെ അതും നാം സൗകര്യപൂര്‍വ്വം മറക്കുന്നു എന്നേയുളളൂ.

ജീവിതം ഒരു കിനാവാണെന്ന് ചിന്താശീലനായ മനുഷ്യന്‍ തിരിച്ചറിഞ്ഞതിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കം ഉണ്ടാകണം. രാത്രി വെളിച്ചത്തില്‍ കത്തുന്നതായി തോന്നുന്ന പനയല്ലാതെ മറ്റെന്താണത്?.

 

1. A Better Quality of Agony – Teju Cole (New Yorker, March 27, 2013)
2. On the Vanity and Suffering of Life (The Will to Live: Selected writings of Arthur Schopenhauer)
3. God of Small Things (Arundathi Roy)

Read More: കെ വി പ്രവീൺ എഴുതിയവയിൽ ചിലത് ഇവിടെ വായിക്കാം

ജലം പോലെ ജീവിതം

ഇരുളിനും മീതെ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Rememberance of a seaside vacation cosmic bliss kv praveen

Best of Express