നമ്മുടെ സര്‍ക്കാരും അതിനും കീഴിലും അല്ലാതെയുമുള്ള അസംഖ്യം സ്ഥാപനങ്ങളും വായനാദിനമായി ആഘോഷിക്കുന്ന ജൂണ്‍ 19-ഉം അതിനെത്തുടര്‍ന്നുള്ള വായനാവാരവും ഇപ്പോള്‍ മിക്ക എഴുത്തുകാര്‍ക്കും പേടിസ്വപ്‌നങ്ങള്‍ സമ്മാനിക്കുന്ന സംഭവമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആ ദിവസം അടുക്കുന്തോറും നമ്മുടെ ആധികള്‍ കൂടിവരുന്നു.
കേരളത്തിലുള്ള എഴുത്തുകാരെല്ലാവരും വായനയെക്കുറിച്ചുള്ള സന്ദേശകാവ്യങ്ങള്‍ രചിക്കുന്നതിനായി നിര്‍ബ്ബന്ധിക്കപ്പെടുകയാണ്. അവര്‍ അത്തരം സുവിശേഷങ്ങളിലൂടെ സകലമനുഷ്യരോടും വായന കൊണ്ടുള്ള ഗുണങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു.
അതിപ്പോള്‍ വിജ്ഞാനസമ്പാദനമാവാം, ജീവിതസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കലാവാം, വിളിപ്പാടകലെ നമ്മെക്കാത്ത് നിശ്ശബ്ദം നിൽക്കുന്ന സ്മൃതിനാശംപോലുള്ള രോഗങ്ങളെ ആട്ടിപ്പായിക്കലാവാം. ഏതായാലും വായനയെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ എമ്പാടും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
സുഹൃത്തുക്കള്‍ വിളിച്ചുപറയുമ്പോള്‍ ഒഴിയുകവയ്യല്ലോ. അവരെയും പറഞ്ഞിട്ടു കാര്യമില്ല. ഇത്തരം ചടങ്ങുകള്‍ മുറയ്ക്ക് നടത്തേണ്ടതുണ്ട്. ഒപ്പം തന്നെ, ‘ഒന്നെടുത്താല്‍ മറ്റൊന്നു സൗജന്യം’ എന്ന മട്ടിലുള്ള പരസ്യങ്ങളുമായി പുസ്തകവിപണി ഉണര്‍ന്നെണീക്കുന്ന കാലവുമാണ്.
ഉദ്യോഗസ്ഥതലത്തിലുള്ള ചടങ്ങുകളായതുകൊണ്ട് പലപ്പോഴും ഇവയെല്ലാം മറ്റെല്ലാ ചടങ്ങുകളെയും പോലെത്തന്നെ കുറെ ഒച്ചകള്‍ അവശേഷിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ആ ആഴ്ചയില്‍ വായന തുടങ്ങുന്നവരുണ്ടെങ്കില്‍, തുടര്‍ന്നുപോരുന്നവരുണ്ടെങ്കില്‍ നല്ലത്. അവരെക്കുറിച്ചല്ല ഈ കുറിപ്പ്.
കുറച്ചുകാലം മുമ്പ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വി. ആര്‍. രാഗേഷ് ഈ ഹ്രസ്വകാല നിര്‍ബ്ബന്ധിതവായനയുമായി ബന്ധപ്പെട്ട് രസകരമായ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. വായനാവാരക്കാലത്ത് മുറപോലെ വായിച്ചു കൊണ്ടിരിക്കുന്ന മൂന്നംഗ സന്തുഷ്ടകുടുംബമാണ് ചിത്രത്തില്‍. ഭാര്യയും ഭര്‍ത്താവും മകനും. അക്കാല ത്ത് പ്രചാരത്തിലുണ്ടായിരുന്ന ടെലിഫോണ്‍ ഡയറക്ടറിയാണ് അച്ഛന്റെ വായന. ഭര്‍ത്താവിനോട് ഭാര്യ ഒരൽപ്പം ദുഃഖത്തോടെ പറയുന്നു: ‘കഴിഞ്ഞ വര്‍ഷം വായനാദിനം തീര്‍ന്നതറിയാതെ പിന്നേയും കുറേ വായിച്ചു.’ ഇത്തവണ അങ്ങനെ അബദ്ധം പറ്റാനിടയില്ലെന്ന് ഭര്‍ത്താവ് ആശ്വസിപ്പിക്കുന്നു. കാരണം മുന്നേക്കൂട്ടി അലാറം വച്ചിട്ടുണ്ട്!

വായനയുടെ കുറവിനെക്കുറിച്ചല്ല, അതിന്റെ ആധിക്യത്തെക്കുറിച്ചാണ് ഇവിടെ എഴുതാന്‍ ശ്രമിക്കുന്നത്. പുതിയ തലമുറ തീരെ വായിക്കുന്നില്ലെന്ന് പറയുന്നത് വെറുതെയാണ്. അവര്‍ സകലസമയവും വായിച്ചു കൊണ്ടിരി ക്കുക തന്നെയാണ്. സെല്‍ ഫോണില്‍, ടാബുകളില്‍, ലാപ്‌ടോപ്പിലും അതുപോലുള്ള ഉപകരണങ്ങളിലുമെല്ലാം ഈ വായന തഴയ്ക്കുന്നു.
ടെലഗ്രാമിലും ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ വായനയല്ലാതെ മറ്റെന്താണ് നടക്കുന്നത്? ഏതൊരാള്‍ക്കൂട്ടത്തിലും സ്വയം സൃഷ്ടിച്ചെടുക്കുന്ന ഏകാന്ത ലോകങ്ങളിലിരുന്ന് അവര്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഏതുതരത്തിലുള്ള വായനയാണ് അവിടെ സംഭവിക്കുന്നത് എന്ന്, ഏതു വിഷയത്തിലാണ് അവരുടെ അഭിനിവേശം എന്ന് ഊഹിക്കാന്‍ എളുപ്പമല്ലെന്ന് മാത്രം. നാം വായന എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നുതന്നെ ആലോചിക്കാനിടയുള്ള സാഹിത്യവായനയാവണമെന്നില്ല എന്നുണ്ട്.
മുമ്പ്, പുരാതനമായ നമ്മുടെ ചെറുപ്പകാലങ്ങളില്‍ ഒരു പുസ്തകം കിട്ടാന്‍ എത്രയോ ദൂരം പോകണമായിരുന്നു. ലൈബ്രറികളില്‍ ചെല്ലുമ്പോള്‍ അതു പുറപ്പെട്ടുപോയിരിക്കുകയാണെന്ന് അറിവുകിട്ടും. പിന്നെ അത് തിരിച്ചു വരുന്നതുവരെ കാത്തിരിക്കണം. വന്നാല്‍ത്തന്നെ മറ്റാരെങ്കിലും അത് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം.
പലപ്പോഴും പുസ്തകങ്ങള്‍ കൊണ്ടുപോയവര്‍ അതുകൊണ്ടുപോയി എന്ന കാര്യം തന്നെ മറന്നു പോയെന്നിരിക്കും. കാത്തിരിക്കാതെ തരമില്ലല്ലോ. രക്ഷകനായ ഗോദോ വരും, വരാതിരിക്കില്ല എന്ന ഒരു വിശ്വാസം മാത്രം. കാലം മാറിയപ്പോള്‍ പുസ്തകങ്ങള്‍ കിട്ടാന്‍ ഒരു പ്രയാസവുമില്ലെന്നുവന്നു. ‘Brick and Mortar’ (കല്ലും കട്ടയും എന്നു പറയാമെന്നു തോന്നുന്നു) പുസ്തകക്കടകള്‍ കൂടി. ഓഫീസിലോ, തീവണ്ടിയിലോ, ബസ്സുകളിലോ ഒക്കെ പുസ്തകങ്ങള്‍ കൊണ്ടുവന്നുതരുന്നവരായി. അല്ലെങ്കില്‍ ഓണ്‍ലൈനില്‍ പുസ്തകം വരുത്താം. അതുമല്ലെങ്കില്‍ ആഗ്രഹിക്കുന്ന അതേനിമിഷം കിൻഡില്‍ പോലുള്ള ഇലക്ട്രോണിക് സാമഗ്രികളില്‍ അവ എത്തിച്ചേരുന്നതുകണ്ടു. അതിനാല്‍ വിരല്‍ത്തുമ്പിലാണ് അവയുടെ ലഭ്യത. പക്ഷേ, വിരലുകളുടെ നിയന്ത്രണം സര്‍വ്വനിയന്താക്കളായ അല്‍ഗോരിതങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നുമാത്രം.

എന്തായാലും, എവിടെ നിന്നും എല്ലായ്‌പോഴും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. നമ്മുടെ വീടുകള്‍ ശരിക്കും ഗ്രന്ഥപ്പുരകളായി മാറുകയായിരുന്നു. വായിക്കാത്ത, പാതിവഴി വായിച്ച പുസ്തകങ്ങളുടെ വന്മലകള്‍ നമ്മുടെ മേശപ്പുറങ്ങളില്‍ ഉണ്ടായിവന്നു. പോകെപ്പോകെ അവയുടെ ഉയരവും ഭാരവും കൂടിക്കൊണ്ടേയിരുന്നു.
വേണ്ടതിലധികം വായിക്കുന്നതാണ് നമ്മുടെ കുഴപ്പം എന്ന് ചിലപ്പോള്‍ സംശയിക്കും. തര്‍ക്കത്തിനില്ല; എത്രത്തോളമാണ് ഒരാള്‍ക്ക് വേണ്ടത് എന്നുള്ളതു വ്യക്തിപരമായ തിരഞ്ഞെടുപ്പാണല്ലോ. എന്നാലും പലപ്പോഴും ഈ നിറഞ്ഞുതൂവുന്ന വായന, ഒരു പുസ്തകത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നതായി തോന്നാറുണ്ട്. ഒന്നല്ല, അനേകം പുസ്തകങ്ങളില്‍ അഭിരമിക്കുന്നവരാണ് പല വായനക്കാരും. അവര്‍ അനേകം ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരെപ്പോലെയാണ്. ഒരിക്കലും അര്‍പ്പിത മനസ്‌ക്കരായ ഭക്തരായിത്തീരുന്നില്ല, അവര്‍.
എല്ലാം വായിക്കുന്നതുകൊണ്ട് ഒന്നും വായിക്കുന്നില്ല എന്നു പറയാവുന്നതു പോലെ. അല്ലെങ്കില്‍ വലിയ സമൃദ്ധിയില്‍ കഴിയുമ്പോഴും ദരിദ്രരായി ജീവിക്കുന്നവരെപ്പോലെ. എല്ലാം സമ്പാദിച്ചു കൂട്ടണം എന്നുള്ളതാണല്ലോ ഓരോ ധനികന്റെയും ആഗ്രഹം. അതുപോലെ ഓരോ ദിവസവും ഇറങ്ങു ന്ന പുതിയ പുതിയ പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ പുസ്തക പ്രണയികള്‍ മത്സരിക്കുന്നു. ദിനംപ്രതി പ്രഖ്യാപിക്കപ്പെടുന്ന പുരസ്‌കാരങ്ങള്‍, ‘ഗ്രന്ഥകാരന്റെ മരണം,’ വിവാദങ്ങളും വാര്‍ത്തകളും – ഏതിനും എന്തിനും അവയുമായും അവരുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍, പുത്തന്‍ പതിപ്പുകള്‍ എല്ലാം വിപണി വായനക്കര്‍ക്കായി കൊണ്ടുവരുന്നു.
എങ്ങനെ വഴിമാറി നടക്കും? അങ്ങനെ വായന സ്വയംകൽപ്പിതമായ ഉത്തരവാദിത്തമായി മാറുകയാണ്. എല്ലാം വായിക്കുന്നുണ്ട്, ഒന്നും ആസ്വദിക്കുന്നില്ല. തിന്നുന്നുണ്ട്, രുചി അറിയുന്നില്ല എന്നതുപോലെ. തൊലിപ്പുറത്താണ് ഈ പ്രണയങ്ങളെല്ലാം. ആഴങ്ങള്‍ വായനയില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു.
ഈ ബഹളങ്ങളില്‍ നിന്നും കുറച്ചുമാറി നിൽക്കുകയാണെങ്കില്‍ കുറച്ചെ ങ്കിലും ആശ്വാസം കിട്ടുമെന്നു തോന്നുന്നു. ലോകത്തിലിറങ്ങുന്ന എല്ലാ പുസ്തകങ്ങളും നിങ്ങള്‍ക്ക് വായിക്കാനാവില്ല. പുരസ്‌കൃതമാവുന്ന പുസ്തകങ്ങ ള്‍ മാത്രമാണെങ്കില്‍പോലും അസാധ്യമാണത്. അതുകൊണ്ട്, ഈ വായനാ വാരത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്: ഈ ഗ്രന്ഥപര്‍വ്വതങ്ങളുടെ ആള്‍ത്തിരക്കേറിയ പരിസരങ്ങളില്‍ നിന്നും തെല്ലിട മാറിത്താമസിക്കുക. ഇതുവരെ ഉണ്ടായിരുന്നിട്ടില്ലാത്തൊരു ശാന്തി നിങ്ങള്‍ അനുഭവിച്ചേക്കും.
എല്ലാം മറന്ന്, മാറിനിന്നുകൊണ്ടുള്ള ഒരു തരം ശീതനിദ്ര. പേടിക്കാനൊന്നുമില്ല. കുറച്ചുകാലം കഴിഞ്ഞ് അതില്‍ നിന്നും പുറത്തുവരുമ്പോള്‍ ശരിക്കും ചൂടുപകരുന്ന ഒരു പുസ്തകം നിങ്ങളെ തേടിവരുക തന്നെ ചെയ്യും. അതു വായിക്കുന്നതിലൂടെ പൊയ്‌പോയ രുചിയും മണവും തിരിച്ചുകിട്ടും. അപ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. കൂടുതല്‍ പ്രണയമുള്ള, കരുതലുള്ള ഒരാളായിരിക്കും. നമ്മുടെ ചെറിയ ജീവിതത്തില്‍ അതുതന്നെ ധാരാളമല്ലേ?