/indian-express-malayalam/media/media_files/uploads/2017/09/praveen-1.jpg)
എന്റെ മകന്‍ ജനിച്ച അതേ കാലത്ത് തന്നെയാണ് വീടിന് മുകളിലെ വരാന്തയില്‍ ഇരട്ടത്തലച്ചി ബുള്‍ബുള്‍ കൂട് വെച്ചതും മുട്ടയിട്ടതും കുഞ്ഞുങ്ങള്‍ വിരിഞ്ഞതും. മോനെ കാണാന്‍ ബന്ധുക്കളും പരിചയക്കാരും സമ്മാനങ്ങളുമായി വിരുന്ന് വരുന്നതുപോലെ കിളക്കുഞ്ഞുങ്ങളെ കാണാന്‍ വിരുന്നുകാര്‍ വന്നിരുന്നു. വിരുന്നുകാര്‍ മകനെ കൊഞ്ചിക്കുന്നതുപോലെ കിളിയുടെ വിരുന്നുകാരും കുട്ടികളെ കൊഞ്ചിച്ചിരുന്നു. അക്കാലത്ത് വീട്ടില്‍ അതിഥികളുടെ തിരക്കായിരുന്നു, ബഹളവും.
ഭാര്യയുടെ പ്രസവമുടത്തപ്പോള്‍ വീട് ഉല്‍കണ്ഠ നിറഞ്ഞ കാത്തിരിപ്പിനെ ഗര്‍ഭം ധരിച്ചിരുന്നു. ഡോക്ടര്‍ കുറിച്ചു തന്ന ദിവസവുമായുള്ള ഏറ്റുമുട്ടിലിലായിരുന്നു വീട്ടുകാരെല്ലാം. അതിന് മുമ്പേ ആശുപത്രിയില്‍ പോകേണ്ടിവരുമോ എന്ന ആശങ്കയില്‍ അവളുടെ അമ്മ തുണികളും മറ്റും ഒരുക്കി വെച്ചിരുന്നു. എല്ലാവരുടേയും ശ്രദ്ധ ഭാര്യയില്‍ കേന്ദ്രീകരിക്കുകയും വീടിന്റെ മുകള്‍നില ഏറെക്കുറെ ആള്‍പ്പെരുമാറ്റം തീരെ ഇല്ലാത്ത ഒരിടമായി മാറുകയും ചെയ്തു. വീട്ടിലെ സ്ഥിരതാമസക്കാരായ മൂന്ന് പൂച്ചകൾ വീട്ടിലെ ഉൽകണ്ഠ സ്വാംശീകരിച്ച് തുടങ്ങിയിരുന്നു. പ്രധാനപ്പെട്ടോ എന്തോ സംഭവിക്കാനിരിക്കുന്നു എന്ന ബോധ്യത്തില്‍ അവര്‍ എപ്പോഴും വീട്ടികാരുടെ കണ്‍വെട്ടത്ത് ചുറ്റിപ്പറ്റി നടന്നു.
സാധാരണപോലെ വീടിന്റെ മുക്കിലും മൂലയിലും പല്ലി, പാറ്റ, പുഴുക്കള്‍, ചീവിട് തുടങ്ങിയ ജീവികളെയെല്ലാം തുരത്തിയോടിക്കുന്ന പരിപാടി നിര്‍ത്തിവെച്ച് അവരും കാത്തിരിപ്പിന്റെ ഭാഗമായി. പൂച്ചകളുടെ കണ്ണുകളില്‍ ഞങ്ങളിടപെടേണ്ട വല്ല കാര്യവുമുണ്ടോ എന്ന ചോദ്യം മുനയൂന്നിയിരുന്നു. ആരും ഒന്നും പറയാത്തതിനാല്‍ അവര്‍ മറുപടി കിട്ടും വരെ മറ്റെല്ലാം മാറ്റിവെച്ച് ഭാര്യയോടൊപ്പം കൂടി. അവള്‍ കിടക്കുമ്പോള്‍ അവളുടെ കട്ടിലിലെവിടെയെങ്കിലും ചുരുണ്ടുകൂടാന്‍ ആവുന്നത്ര ശ്രമിച്ചു. അവള്‍ നടക്കുമ്പോള്‍ കാലിന് പിന്നില്‍ പറ്റിക്കൂടി. ഇടക്ക് ചുരിദാറില്‍ പിടിച്ച് അവളെ മുന്നോട്ടുപോകുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചു. ആ സമയത്തെപ്പൊഴോ ആയിരിക്കണം ഇരട്ടത്തലച്ചി ബുള്‍ബുള്‍ മുകളിലത്തെ നിലയിലെ വരാന്തയിലെ ലൈറ്റ് ഫിറ്റിങ്‌സിനു മുകളില്‍ കമ്പുകളും ഇലകളും ചകിരിനാരും മറ്റും ചേര്‍ത്ത് ഒരു കൂട് നിര്‍മ്മിച്ചത്.
മകന്‍ ജനിച്ച് കഴിഞ്ഞ് കാര്യങ്ങളെല്ലാം ഒരു അടുക്കും ചിട്ടയിലുമായപ്പോഴാണ് മുകള്‍നിലയിലെ കൂട് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കൂട്ടിനുള്ളില്‍ കിളികളായി മാറാനിരിക്കുന്ന മനോഹരമായ മൂന്ന് മുട്ടകള്‍. മുട്ടകള്‍ക്ക് ഇളം ചൂട് നല്കിക്കൊണ്ട് അമ്മക്കിളി. കൗതുകത്തോടെ കൂടിനടുത്തേക്ക് വന്നവരെ കണ്ട് കിളി ഒട്ടും ഭയന്നില്ല. കിളികളും ഞങ്ങളും ഒരേ വീട്ടുകാരാണല്ലോ? വീട് കാത്തിരിപ്പിന്റെ നിസ്സംഗതയില്‍ നിന്ന് മോചിതനായതിന്‌റെ സന്തോഷത്തില്‍ ശബ്ദമുഖരിതമായിത്തുടങ്ങിയിരുന്നു. എങ്കിലും വീടിന്റെ മുകള്‍നില നിശ്ശബ്ദമായിരുന്നു. എന്നാല്‍ മകന്റെ ജനനത്തിന്റെ ആറാം ദിവസം മുകള്‍നില താഴെത്തേക്കാള്‍ ബഹളമയമായി. കൂട്ടിനുള്ളില്‍ ആകെ ബഹളം. കിളിക്കുഞ്ഞുങ്ങള്‍ തോടിനുള്ളില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. കുട്ടികള്‍ക്ക് ഭക്ഷണത്തിനായി അച്ഛന്‍ കിളി പുറത്ത് പോവുകയും തിരിച്ചുവരികയും ചെയ്യുന്നുണ്ട്. വേറെയും ഇരട്ടത്തലച്ചികളുടെ വരവും പോക്കും നടക്കുന്നുണ്ട്. കാര്യങ്ങള്‍
ഇത്രയുമായപ്പോഴേക്കും വീട്ടുകാരായ പൂച്ചകള്‍ വിവരമറിഞ്ഞു. അവര്‍ കിളിക്കൂടിന് കീഴെ പരിശോധനകള്‍ തുടങ്ങി. ഇടക്ക് ജനല്‍ക്കമ്പിയിലൂടെ കയറാന്‍ ഒരു ശ്രമവും നടത്തി. എങ്കിലും കൂട്ടിലേക്കെത്താന്‍ പ്രയാസമായിരുന്നു. പൂച്ചകള്‍ ചില്ലറക്കാരല്ല. അവര്‍ മനസ്സുവെച്ചാല്‍ താഴെനിന്ന് നോക്കിപ്പേടിപ്പിച്ച് കിളിക്കുഞ്ഞുങ്ങളെ നിലത്ത് വീഴത്തും. കാര്യങ്ങള്‍ പന്തിയെല്ലെന്ന് കണ്ട് വരാന്തിയിലേക്കുള്ള വാതിൽ പൂച്ച കയറാത്ത വിധം അടച്ചിടാന്‍ തീരുമാനമായി. രാത്രി ജനലുകളും അടച്ചിടും. അല്ലെങ്കില്‍ പൂച്ചകള്‍ ചുമരില്‍ പറ്റിപ്പിടിച്ചാണെങ്കിലും അകത്ത് കയറും.
പിറ്റേന്ന് കാലത്ത് വരാന്തയിലെ ജനലില്‍ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടു. ജനല്‍പ്പാളികളില്‍ പ്രതിഫലിക്കുന്ന കിളികളോട് യുദ്ധം ചെയ്യുന്നത് പല കിളികളുടേയും പതിവാണ്. പ്രതിബിബത്തോടുള്ള യുദ്ധമാണെന്ന് കരുതി ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ കിളികള്‍ ആഞ്ഞ് കൊത്തുന്നുണ്ടായിരുന്നു. അവര്‍ ജനല്‍ച്ചില്ല് തകര്‍ക്കുമെന്ന് തോന്നിപോയി. അച്ഛന്‍ കിളി കൂടാതെ മൂന്നാല് പേര്‍ വേറെയുമുണ്ട്. ജനല്‍ തുറന്നു കൊടുത്തപ്പോള്‍ അകത്തേക്ക് കിളികളുടെ പ്രവാഹമായിരുന്നു. അപ്പോഴാണ് മകനെ കാണാന്‍ അതിഥികള്‍ വരുന്നതുപോലെ കിളിക്കുഞ്ഞുങ്ങളെക്കാണാന്‍ കിളികള്‍ വരുന്ന കാര്യം ശ്രദ്ധിച്ചത്. അന്നാട്ടിലെ ഇരട്ടത്തലച്ചികള്‍ മുഴുവന്‍ ഒന്നിനു പിറകെ മറ്റൊന്നായി അവിടെ അതിഥികളായി എത്തിരിയിരിക്കണം. അവര്‍ നിത്യസന്ദര്‍ശകരായിരുന്നു, കിളക്കുഞ്ഞുങ്ങള്‍ പറന്നു പോകും വരെ.
കൂട്ടില്‍ നിന്ന് പുറത്തുവരാനുള്ള പാകമായപ്പോള്‍ കിളിക്കുഞ്ഞുങ്ങള്‍ ഒന്നാം നിലയില്‍ നിന്ന് പടികളിറങ്ങി തുള്ളിള്ളി താഴത്തെ നിലയിലേക്ക് വരാന്‍ തുടങ്ങി. സ്വീകരണമുറിയില്‍ അങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കും. തിരിച്ച് പോകാനറിയാത്ത കിളിക്കുഞ്ഞുങ്ങളെ ആരെങ്കിലും കൈയ്യിലെടുത്ത് കൂട്ടിലെത്തിക്കണം. അവര്‍ക്ക് ആരെയും പേടിയില്ലായിരുന്നു. കിളികള്‍ വിരുന്നകാരായെത്തുകയും പൂച്ചയും നായകളും വീട്ടുകാരോടൊത്ത് ജീവിക്കുയും ചെയ്തുകൊണ്ടിരുന്ന വീട്, ജെറാള്‍ഡ് ഡ്യൂറല്‍ എന്ന ബ്രീട്ടീഷ് എഴുത്തുകാരന്റെ "എന്റെ കുടുംബവും മറ്റ് ജീവികളും" എന്ന പുസ്തകത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഡ്യൂറല്‍ തന്റെ വീട് ഒരു മൃഗശാലയാക്കി മാറ്റുകയായിരുന്നു. വീടിനും പരിസരത്തുമുള്ള ജീവികളെ വീട്ടുകാരാക്കി മാറ്റുകയായിരുന്നു. മനുഷ്യനെ മറ്റൊരു ജീവിയായി കാണാന്‍ സാധിക്കുന്നതോടെ അവര്‍ നമ്മെ ഭയക്കാതാകുന്നു. മാത്രമല്ല സുരക്ഷിതത്വം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജീവികളുമായി പെരുമാറുമ്പോള്‍ നാം അവരോട് അറിയാതെ സംസാരിക്കാന്‍ തുടങ്ങും. അവര്‍ അത് കേള്‍ക്കുന്ന മട്ടില്‍ പെരുമാറാനും പ്രതികരിക്കാനും തുടങ്ങും. ഒന്നും മനസ്സിലാകുന്നുണ്ടാവില്ല. എങ്കിലും അവര്‍ കേട്ടിരിക്കും.
വീട്ടില്‍ തനിച്ചാവുമ്പോള്‍ ഭാര്യയുടെ അമ്മയ്ക്ക് കൂട്ട് പൂച്ചകളാണ്. അമ്മ പരാതികളും പരിഭവങ്ങളുമെല്ലാം അവരോടാണ് പറയുക. അവരത് ശ്രദ്ധയോടെ കേട്ടിരിക്കും. അവരെ വഴക്കു പറയുന്നതായി തോന്നിയാല്‍ തിരിച്ച് മുരളാന്‍ തുടങ്ങും. ഏതോ അജ്ഞാത ഭാഷയില്‍ അവരും സംസാരിക്കും. ഇതെല്ലാം കണ്ടു നിൽക്കുന്ന ഒരാള്‍ക്ക് തോന്നുക അമ്മയും പൂച്ചകളും തമ്മില്‍ സംസാരം നടക്കുന്നുണ്ട് എന്നാണ്. ഒരു പക്ഷെ, അമ്മയും വീട്ടിലെ ജീവികളും തമ്മില്‍ അവര്‍ക്ക് മാത്രമായി ഒരു ഭാഷ രൂപപ്പെടുത്തിയിട്ടുണ്ടാവണം. അല്ലെങ്കില്‍ എങ്ങനെയാണ് മണിക്കൂറുകളോളം അവര്‍ക്ക് ഒന്നിച്ച് ഇടപെടാൻ സാധിക്കുന്നത്, വീട് സമാധാനത്തോടെ പുലരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.