അന്റോണിയോണിക്ക്, ജൂലിയാനയെ കാണാനെങ്കിലുമായി. അതിനുമപ്പുറം കടക്കേണ്ടത് നമ്മളാണ്. ഒറ്റയ്ക്കിരിക്കുന്ന പെണ്ണുങ്ങൾക്ക് സ്തുതി. ഈ തുരങ്കത്തിനപ്പുറത്ത് നിങ്ങളുടെ ശബ്ദത്തിന്റെ താളം പിടിച്ച് ഓരിയിടുന്ന വേറെയും കുറുക്കന്മാരുണ്ട്. ഇത് കടന്നാൽ, നമ്മുടെ ശബ്ദങ്ങൾ അതിന്റെ താളക്രമം കാരണം ഒന്നാവുകയും, ഒന്നാവുമ്പോൾ തന്നെയും വേറിട്ടറിയുകയും ചെയ്യും. ആയത്തിൽ നടന്നു തുടങ്ങുക, ഇനിയുമുറക്കെയുറക്കെ ഓരിയിടുക. ക്ഷീണിക്കുമ്പോൾ നിർത്തുക, അങ്ങനെയങ്ങനെ ഈ തുരങ്കം കടക്കുക.

തലയിൽ തുണിയിട്ട് ഒറ്റക്ക് തിയറ്ററിൽ പോയിരുന്ന കാലത്ത്, ടിക്കറ്റിനുള്ള വരിയിൽ അനിയന്മാരാൽ പിടിക്കപ്പെടുന്പോൾ വീട്ടിലറിയാതിരിക്കാൻ പാരീസിലെ ബിരിയാണി മേടിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അന്ന് തിയറ്ററിൽ പോകാനും ബിരിയാണി മേടിച്ചു കൊടുക്കാനുമുള്ള അവസ്ഥ എനിക്കുണ്ടായിരുന്നു. എന്റെ പ്രിവിലേജ് എന്താണെന്ന് നല്ല ബോധ്യമുണ്ട്. സിനിമ സ്വപ്നം പോലും കാണാൻ പറ്റാതിരുന്ന ഒരു കാലത്ത്, ആൾക്കാരെ വെട്ടിച്ച് പോയി കണ്ട ജൊവാന്റെ പീഡാനുഭവം! യുദ്ധക്കപ്പലായ പൊട്ടേംകിനിലെ വിപ്ലവത്തിനുള്ള പടയൊരുക്കം കണ്ടിട്ടോ റേ യുടെ മാസ്റ്ററി കണ്ടിട്ടോ അല്ല, മറിച്ച് ജൊവാന്റെ പീഡാനുഭവം കണ്ടിട്ടാണ് ഞാൻ സിനിമ പഠിക്കാനിറങ്ങിയത്. പിന്നീടങ്ങോട്ട് അകത്തും പുറത്തുമായി എത്രയോ പെണ്ണുങ്ങൾ… ഒരുപാട് ലേബലുകൾ. അവസാനം ഇൻസ്റ്റിറ്റ്യൂട്ട് വിട്ടിറങ്ങുന്പോൾ ഹൈദരാബാദുകാരി സുഹൃത്ത് പറഞ്ഞത്, ജീവിതത്തിൽ ജൊവാൻ ആവാതിരിക്കാനാണ്.

Michelangelo Antonioni,red desert, shini jk, film, ftii pune,

എനിക്കിപ്പോൾ പെണ്ണുങ്ങളെക്കുറിച്ചെഴുതാനാണ് തോന്നുന്നത്. രക്തവും മൂത്രവും വിയർപ്പും തുപ്പലും വറ്റിയ നമ്മുടെ സിനിമകളുടെ അകത്തളങ്ങളിൽ നിന്നിറങ്ങിവരുന്ന കുലീനകളായ ആത്തോലമ്മമാരെപ്പറ്റിയല്ല. പൊട്ടിച്ചിരിച്ച്, പൊട്ടിക്കരഞ്, പൊട്ടിച്ചിതറിപ്പോകുന്നവരെപ്പറ്റി. നിങ്ങൾക്ക് കാണാനും മനസ്സിലാക്കാനും സങ്കല്പിക്കാനും പറ്റുന്ന രണ്ടറ്റങ്ങൾക്കിടയിൽ തങ്ങളുടേതായ ഒരുപാടിടങ്ങൾ ഉണ്ടാക്കിത്തീർക്കുന്നവരെപ്പറ്റി.. നിങ്ങളുടെ ഭൂപടങ്ങൾക്ക് വരച്ചിടാൻ കഴിയുന്നവരെയല്ല, ഒരു ഭൂപടങ്ങളിലും സ്ഥാനമില്ലാത്തവരെയും സ്വന്തം വൻകരകൾ കണ്ടെത്തുന്നവരെയും പറ്റി.

രാധയും ക്ലാരയും അന്നയും ടെസ്സയുമല്ല എനിക്ക് പെണ്ണുങ്ങൾ. ചുവന്ന വട്ടപ്പൊട്ടുകളോ വലിയ മൂക്കുത്തികളോ തീർക്കുന്നൊരു കൂടിന്റെ വിശാലതയാണ് സ്വാതന്ത്ര്യം എന്ന് കരുതാനും വയ്യ. ഫാബ് ഇന്ത്യാ കുപ്പായത്തിന്റെ വടിവുകൾക്കപ്പുറത്ത് നിങ്ങൾക്കു കാണാനൊക്കാത്ത കാഴ്ച്ചകളുണ്ട്; ചിലപ്പോൾ കണ്ടാലറയ്ക്കുന്നതും! കാലത്ത് കെട്ടിവച്ച നനഞ്ഞ മുടിയിൽ നിന്ന് അസഹ്യമായ കായമണം വമിപ്പിച്ചു കൊണ്ട്, ചുളുങ്ങുന്ന നെറ്റികൾ കണ്ടില്ലെന്നു നടിക്കുന്നവർ, വെളുത്തുള്ളി മണക്കുന്ന കൈത്തലങ്ങളുള്ളവർ, കുളിച്ചൊരുങ്ങിയിറങ്ങിയാലും വൈകുന്നേരങ്ങളിൽ മുറിവിൽ വെച്ച് കെട്ടിയ പഞ്ഞി കണക്കാക്കെയാകുന്നവർ, ചുവന്ന ചെന്പരത്തി ചെവിയിൽ തിരുകി പൊട്ടിച്ചിരിച്ച് ക്യാമറയിലേക്ക് കണ്ണ് മിഴിക്കുന്നവർ, അവനവനെ ഒരിക്കൽ പോലും സ്നേഹത്തോടെയൊന്ന് തൊട്ടു തലോടുക പോലും ചെയ്യാത്തവർ, ഒരു നിലക്കണ്ണാടിക്ക് മുൻപിൽ സ്വന്തം നഗ്നതയിലേക്കൊന്നു നോക്കി നിൽക്കാൻ പോലുമുള്ള ധൈര്യമില്ലാത്തവർ! ഇനിയും ചിലപ്പോൾ സ്വന്തം വടിവഴകുകളിൽ സ്വയം അഭിരമിക്കുന്നവരും, അകത്തി വച്ച കാലുകൾക്കിടയിൽ സ്വന്തമായി വസന്തങ്ങൾ തീർക്കുന്നവരും. നിങ്ങളിൽ നിന്നുണർന്നെഴുന്നേൽക്കുന്പോഴും സ്വന്തം ലോകത്തേക്ക് ഒറ്റയ്ക്ക് തിരിച്ചു നടക്കുവാൻ സാധിക്കുന്നവർ. അങ്ങനെ പലലോകങ്ങൾ കൂട്ടിച്ചേർക്കുന്നവരും, അവനവനിലേക്ക് വാതിലുകൾ കൊട്ടിയടയ്ക്കുന്നവരും.. ചിലപ്പോൾ, മറ്റാർക്കും വേണ്ടിയല്ലാതെ, അവനവനു വേണ്ടി മാത്രമായി സ്വയം അലങ്കരിക്കുന്നവർ. താന്തോന്നികളായ ഹോർമോണുകൾ തന്നിഷ്ടം കാട്ടി തലങ്ങും വിലങ്ങും പായുന്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുന്തിച്ചിരിക്കുന്നവർ…

michelangelo antonioni, red desert, annayum rassolum, padmarajan, clara, shini jk,

നിങ്ങൾക്കവർ വൃത്തികെട്ടവരും, ഭ്രാന്തുള്ളവരും തന്നിഷ്ടക്കാരികളും വഴി പിഴച്ചവരും മടിച്ചികളുമൊക്കെയായിരിക്കാം. അപ്പോഴുമവർ, കറിക്കരിയുകയും കുട്ടികളെ നോക്കുകയും വിഴുപ്പലക്കുകയും പൂന്തോട്ടമൊരുക്കുകയും തന്നെത്തന്നെ അലങ്കരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാവണം. ചിലർ പൊതുബോധത്തിന് സ്വീകാര്യമായ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞു അലഞ്ഞു തിരിയുകയും യാത്ര ചെയ്യുകയും പാട്ടുകേൾക്കുകയും നൃത്തം ചെയ്യുകയും സിനിമ കാണുകയും പടം വരയ്ക്കുകയും കുത്തിക്കുറിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാവണം. ചിലർ ഇത് രണ്ടുമായിരിക്കും. ഇനിയുമുണ്ട് വൈവിധ്യങ്ങൾ; മെരുങ്ങാത്ത ശരീരത്തെ, ഹോർമോണുകളെ, ആർത്തവകാല വ്യഥകളെ ഒക്കെ അതിന്റെ പാട്ടിനു വിട്ട്, ആയത്തിലൊരു പുകയെടുത്തോ, പതിയെ തനിക്കു മാത്രമായൊരു കാപ്പിയനത്തിയോ അവർ സ്വന്തം തലയണയിലേക്ക് മറിയുന്നു. മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ച്ചകൾ, മാസങ്ങൾ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നു. നിങ്ങളുടെ തലച്ചോറിലെ കറുപ്പും വെളുപ്പും കൊണ്ട് മനസ്സിലാക്കാൻ പറ്റാത്തത് പലതും ഈ പെണ്ണുങ്ങൾക്കുണ്ട്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അബ്യുസിവ് ആയ വ്യക്തി-കുടുംബ-സാമൂഹ്യബന്ധങ്ങളിലൂടെ അവരോരോരുത്തരും ഒരിക്കെലെങ്കിലും കടന്നു പോയിട്ടുണ്ടാകും. വിഷാദത്തിലകപ്പെടുകയും ഉൽക്കണ്ഠാകുലരാവുകയും സ്വയം വേദനിപ്പിക്കുകയും ചെയ്യുന്പോഴും അവർ ഏറ്റവും എംപതിയോടു കൂടി ഇനിയും പലരേയും ചേർത്ത് പിടിക്കുന്നുണ്ടാവണം. പോസ്സിബിലിറ്റി എന്ന വാക്ക് അവർക്കു വേണ്ടി മാത്രമുള്ളതാണ്; ഈ പെണ്ണുങ്ങൾക്ക്.

shini j k , film red desert, film review,

ഞാനിനി ചില പെണ്ണുങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ്;

ജൂലിയാന/ റെഡ് ഡെസേർട്ട്/ മൈക്കലാഞ്ജലോ അന്റോണിയോണി

അസ്വസ്ഥതയുണ്ടാക്കുന്ന ഭംഗിയുള്ള ഫ്രയിമുകളിൽ, ശബ്ദങ്ങളിൽ, നിറങ്ങളിൽ അന്റോണിയോണി വരച്ച റെഡ് ഡെസേർട്ട്. ജൂലിയാനയോളം എംപതി തോന്നിയ മറ്റൊരു സ്ത്രീയില്ല. എന്ത് കാണുവാനാണ് എന്റെയീ കണ്ണുകളെന്നു കൊറാഡോയോട് ചോദിക്കുന്ന ജൂലിയാനയെ ചേർത്തുപിടിക്കണം എന്ന് തോന്നിയിട്ടുണ്ട്. മനുഷ്യരിൽ നിന്നും ചുറ്റുപാടിൽ നിന്നും അന്യവൽക്കരിക്കപ്പെട്ട ജൂലിയാന എനിക്ക് അവനവനു നേർക്ക് പിടിച്ച കണ്ണാടിയാണ്. പിന്നെ ഒരുപാട് സ്ത്രീകൾക്കും.

ക്യാംപസിലെ മെയിൻ തിയറ്ററിൽ, സീറ്സ്‌പോട്ടിലിരുന്നാണ് ഞാൻ ആദ്യമായി ജൂലിയാനയെ കാണുന്നത്. പതിവില്ലാത്ത ആൾക്കൂട്ടമുണ്ടായിരുന്നു അന്റോണിയോണിയെ കാണാൻ. ആ ഒരൊറ്റ സിനിമയോട് കൂടി മധ്യനിരയിൽ നിന്ന്, ഞാൻ എന്റെ സ്ഥാനം സ്ഥിരമായി മുനിരയിലേക്കു മാറ്റി. സ്‌ക്രീനിലേക്കുളള അകലം പോലും അന്യവൽക്കരണവും അരക്ഷിതത്വവുമാണുണ്ടാക്കിയതെനിക്ക്. സമരാനന്തരം പാരനോയകളുടെ കാലഘട്ടത്തിലാണ് ഞാൻ റെഡ് ഡെസേർട്ട് കണ്ടത്. പരസ്പരം നോക്കിയാൽ ഞങ്ങൾക്കോരോരുത്തർക്കും ആത്മാവ് വരെ കാണാനൊക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നയാവും റെഡ് ഡെസേർട്ട് ഇത്രയേറെ ചേർന്നുനിന്നത്. ഇറ്റാലിയൻ ചലച്ചിത്രകാരനായ മൈക്കലാഞ്ജലോ അന്റോണിയോണിയുടെ ആദ്യത്തെ കളർ ചിത്രമായിരുന്നു റെഡ് ഡെസേർട്ട്. ചിത്രീകരണം നടന്ന ലാൻഡ്സ്കേപ്പിനു സംവദിക്കാൻ ഒരുപാടുണ്ടായിരുന്നത് കൊണ്ടാവണം 1.85:1 വൈഡ്‌സ്‌ക്രീൻ ആസ്പെക്ട് റേഷ്യോയിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. 1964ലാണ് ചിത്രം പുറത്ത് വന്നത്.

michelangelo antonioni, shini jk, ftii pune, red desert, film review,

ഭർത്താവായ യുഗോ മാനേജരായിട്ടുള്ള പെട്രോകെമിക്കൽ ഫാക്ടറിയിലേക്ക് മകനായ വലേറിയോയുമായി വരുന്ന ജൂലിയാനയിൽ നിന്നാണ് റെഡ് ഡെസേർട്ട് തുടങ്ങുന്നത്. അവളെ മനസ്സിലാക്കാൻ ആദ്യത്തെ ഏതാനും നിമിഷങ്ങൾ മതി. അവളുടെ അവസ്ഥയിൽ സങ്കീർണതകളുണ്ടാകാം, പക്ഷേ മനസ്സിലാക്കൽ അത്ര ദുഷ്ക്കരമല്ല. ആദ്യാവസാനം ആർക്കും അത് സാധിക്കുന്നില്ലെന്ന് മാത്രം. അവൾ അവിടെ കണ്ട തൊഴിലാളികളിൽ നിന്ന് പകുതി കഴിച്ച ഒരു ബർഗർ വാങ്ങിക്കുന്നു. വ്യാവസായികവൽക്കരണത്തിന്റെ ഭീമൻ സ്ട്രക്ച്ചറുകൾക്കും കുപ്പയ്ക്കും ശബ്ദത്തിനുമിടയിൽ ആടിയുലഞ്ഞ്, ഏതാണ്ട് ചിതറിത്തെറിച്ചാണ് അവൾ നിൽക്കുന്നത്. ഒന്ന് തൊട്ടാൽ പൊട്ടിത്തെറിക്കുമെന്ന മട്ടിൽ… അവിടെ വച്ചാണവൾ തൊഴിലാളികളെ പാറ്റഗോണിയയിലേക്ക് റിക്രൂട്ട് ചെയ്യാനെത്തിയ കൊറാഡോയെ കാണുന്നത്. ഒരു വാഹനാപകടത്തിനു ശേഷം അവൾക്കുണ്ടായ ഷോക്കിനെ പറ്റി യുഗോ കൊറാഡോയോട് പറയുന്നുണ്ട്. നരച്ചതും ഇരുണ്ടതുമായ നിറങ്ങളിൽ വലിയ ക്യാൻവാസിലെന്ന പോലെയാണ് അന്റോണിയോണി റെഡ് ഡെസേർട്ട് വരച്ചെടുത്തത്. ഇടയ്ക്ക് കടും പച്ചയും നീലയും ചുവപ്പും ചാലിച്ചിരിക്കുന്നു. ഭംഗിയുള്ള ഫ്രെയിമുകളാണ് അന്റോണിയോണിയുടേത്. ഭംഗി എന്ന് പറയുന്പോൾ സംശയിക്കണം. അസ്വസ്ഥജനകമാണവ. പക്ഷേ, ഓരോന്നും ഒരോ പെയിന്റിങ്ങുകൾ പോലെ!

ജൂലിയാന പിന്നീടൊരിക്കൽ കൊറാഡോയോട് തന്റെ അവസ്ഥയെ കുറിച്ച് പറയാൻ ശ്രമിക്കുന്നുണ്ട്. അവൾക്കു കാൽച്ചുവട്ടിൽ ഒന്നുമില്ലാത്ത പോലെയാണ്, മുങ്ങിപ്പോകുന്നത് പോലെ, ഒലിച്ചു പോകുന്നത് പോലെ, എവിടേക്കോ താഴ്ന്നുപോകുന്നത് പോലെ. ആരെയെങ്കിലുമൊക്കെ സ്നേഹിക്കാൻ, ആരോടെങ്കിലുമൊന്നു താദാത്മ്യപ്പെടാനൊക്കെ, അവൾക്ക് സ്വാഭാവികതയ്ക്കപ്പുറം ബോധപൂർവ്വമായ ഒരു ശ്രമം ആവശ്യമുണ്ട്. മനസ്സിലാവുന്നുണ്ടെന്ന് അയാൾ ഭാവിക്കുന്നുണ്ട്, സഹതപിക്കുന്നുമുണ്ട്. അവൾ അതിൽ ആശ്വാസം കണ്ടെത്താൻ ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുമുണ്ട്, ബോധപൂർവ്വമാണെന്ന് ഉറപ്പാണ്. അതൊരു പ്രതീക്ഷയിൽ നിന്നും വരുന്നതാവണം. അവളിലെ അന്യതാബോധം പൂർണ്ണമാകുന്നത് മകനായ വലേറിയോ തളർന്നു കിടക്കുന്നതായി നടിക്കുന്നത് കണ്ടെത്തുന്പോഴാണ്. അല്ലെങ്കിലും ആദ്യ ഫ്രെയിം മുതൽ, അങ്ങനെ ഒന്നും, ആരും അവളോട് ചേർന്ന് നിന്നിട്ടില്ലല്ലോ?! പാതിരാസ്വപ്നങ്ങളിൽ മണൽച്ചുഴിയിലേക്കു ആഴ്ന്നാഴ്ന്നു പോകുന്ന അവളെ ആശ്വസിപ്പിക്കുന്ന യുഗോ മുതൽ, അവളുമായി സ്നേഹത്തിലാകുന്ന കൊറാഡോ വരെ, ആരും! അതാകും കൊറാഡോയുടെ കിടക്കയിൽ നിന്നുണർന്നെണീറ്റ അവൾ തുറമുഖത്തെ ഏതോ ഒരു തൊഴിലാളിയോട് എന്തെല്ലാമോ പറയാൻ ശ്രമിച്ചത്. അവളുടെ ശരീരത്തിന്റെ നിശ്ചലതകളിൽ മാറ്റങ്ങളുണ്ടാക്കാൻ ആ കിടക്കയിൽ കൊറാഡോയ്ക്കു കഴിഞ്ഞിട്ടുണ്ടാകണം. പക്ഷേ, അത്ര മാത്രമേ അയാൾക്ക് കഴിഞ്ഞിട്ടുള്ളൂ.

michelangelo antonioni, red desert, film review, women in film, shini jk,

കടലിലേക്ക് കണ്ണ് നട്ടിരുന്നാൽ കരയിൽ നടക്കുന്നതിലെല്ലാം താല്പര്യം നഷ്ടമാകുന്ന, മണൽച്ചുഴികളിൽ ആഴ്ന്നു പോകുന്ന, പുതപ്പിനടിയിലേക്ക് അവനവനെ ഒളിപ്പിക്കുന്ന ജൂലിയാനയെ ഞാൻ എങ്ങനെ മറക്കാനാണ്. റെഡ് ഡെസേർട്ട് അവസാനിക്കുന്നത് ആദ്യത്തേതിന് സമാനമായ ഒരു ലാൻഡ്സ്കേപ്പിലാണ്. ലോഹക്കെട്ടിടങ്ങൾ, പുകവമിക്കുന്ന നിലങ്ങൾ, ആവിക്കുഴലുകൾ… പുകക്കുഴലുകളിലെ വിഷപ്പുകയേറ്റ് ആകാശത്ത് പറക്കുന്ന പക്ഷികൾ കൊല്ലപ്പെടില്ലേയെന്ന് വലേറിയോ സംശയിക്കുന്നു. അവർ ഇതിനകം അതിൽ നിന്നൊഴിഞ്ഞു പറന്ന്, അതിജീവിക്കാൻ പഠിച്ചെന്നായിരുന്നു ജൂലിയാനയുടെ മറുപടി. അവൾ താരതമ്യേന ശാന്തയാണ്. അതൊരു താൽക്കാലികമായ ശാന്തതയാണെന്ന് ഇപ്പോഴെനിക്കറിയാം. അർത്ഥശൂന്യവും വിചിത്രവുമായ ജീവിതത്തിൽ, അപരത്വത്തിലും മനുഷ്യർ ഇങ്ങനെയൊക്കെയായിരിക്കും അതിജീവിക്കുന്നതും സമരസപ്പെടുന്നതും.

അകാരണമായ പേടികളുള്ള, തന്റെ വൾനറബിലിറ്റികൾ ഒളിപ്പിക്കാനാവാത്ത, ‘അടുപ്പിക്കാൻ തോന്നാത്തത്ര’ വൈചിത്ര്യങ്ങളുള്ള, ജൂലിയാനയെ കണ്ട, സങ്കൽപ്പിച്ച, അന്റോണിയോണിയുടെ കണ്ണുകളോടാണ് എനിക്ക് പ്രിയം. മനുഷ്യരാശിയുടെ നിലനില്പിന്റെ സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് അതോർമ്മിപ്പിക്കുന്നു. തലയുയർത്തി നേരെ നോക്കിയാൽ, അപ്പുറത്ത് നിൽക്കുന്ന മനുഷ്യന്റെ കണ്ണിലേക്കു നോക്കിയാൽ, തന്റെ ആത്മാവ് നഗ്നമാകുമെന്നു ഭയന്ന് അവനവനിലേക്ക് വലിഞ്ഞു പോകുന്ന പെണ്ണുങ്ങളെ എത്ര പേർക്കറിയാം? ചുറ്റുപാടിന്റെ ശബ്ദങ്ങളിൽ നിന്ന് ഓടിപ്പോകുന്നവർ, അവസ്ഥാന്തരങ്ങളെ ഒബ്ജക്റ്റീവ് ആയി കാണാനും വിശകലനം ചെയ്യാനും വിശദീകരിക്കാനും കഴിയാത്തവർ, ചിലപ്പോഴൊക്കെ തിരിച്ചറിവുകളെ ആർട്ടിക്കുലേറ്റ് ചെയ്യാതെ നിശബ്ദമായി സമരസപ്പെട്ടു പോകുന്നവർ. സ്ത്രീകളുടെ യുക്തി കറുപ്പിനും വെളുപ്പിനുമിടയിലെവിടെയോ കിടക്കുന്നതു കൊണ്ടാകാം, ആധുനികതയോടും, അതിന്റെ സാമൂഹ്യമാറ്റങ്ങളോടുമുളള സംവേദനക്ഷമത അവർക്കു കൂടുന്നത്. അന്റോണിയോണിയുടെ ജൂലിയാനയെ വിവരിക്കുവാൻ കഴിയില്ല. അങ്ങേയറ്റം എംപതിയോടെ കണ്ടിരിക്കാൻ മാത്രമേ കഴിയൂ. മോണിക്കാ വിറ്റിയും ജൂലിയാനയും രണ്ടാണെന്ന് തോന്നാത്ത വിധം അവർ പരസ്പരം ചേർന്ന് നിന്ന് എന്നെ കൊതിപ്പിക്കുന്നു.

‘വ്യക്തി’കളെ(individuals) തള്ളിപ്പറയാതെ, അവരുടെ അരക്ഷിതാവസ്ഥകളെ, പ്രത്യേകിച്ച് സ്വത്വപരവും, അങ്ങനെ വൈകാരികവും ബൗദ്ധികവും സാമൂഹികവുമായിത്തീരുന്ന അരക്ഷിതബോധത്തെ, അതിൽ നിന്നുണ്ടാകുന്ന സങ്കീർണ്ണതകളെ അഭിസംബോധന ചെയ്യാതെ കൂട്ടായ്മകളെക്കുറിച്ചോ സംഘടിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുക പോലും സാധ്യമല്ലെന്ന് പഠിപ്പിച്ചത് സിനിമയും സമരവും ഇൻസ്റ്റിറ്റ്യൂട്ട് കാലഘട്ടവുമാണ്. അത് സാധിച്ചില്ലെങ്കിൽ പിന്നെന്ത് സിനിമ?, എന്ത് രാഷ്ട്രീയം? ഒന്നിച്ച് നിന്നല്ലാതെ മനുഷ്യർക്ക് സിനിമ ചെയ്യാൻ കഴിയുമോ, സമരം ചെയ്യാനൊക്കുമോ, എന്തിനു സിനിമ കാണാനൊക്കുമോ? ഒന്നിച്ച് നില്കുന്പോഴും ഒറ്റയായിരിക്കാതെ, മനുഷ്യർ ആത്യന്തികമായി വ്യക്തികളാണെന്നറിയാതെ, നമ്മുടെ അനിവാര്യമായ ഏകാന്തതകളെ ഭയത്തോടെയല്ലാതെ-സമാധാനപരമായി സ്വീകരിക്കാതെ, എന്ത് കല?, എന്ത് സിനിമ?!

michelangelo antonioni, red desert, shini jk, pune,

ജൂലിയാനയിൽ തീരുന്നില്ല. ഇനിയങ്ങോട്ട് പറയാൻ തുടങ്ങുന്ന പെണ്ണുങ്ങളാരും തന്നെ അത്ഭുതങ്ങളല്ല. എന്റെ കാഴ്ച്ചാനുഭവങ്ങളിൽ നിന്ന്, ഓർമ്മകളിൽ നിന്ന് അവിടെ നിന്നും, ഇവിടെ നിന്നും ഒക്കെ ഞാൻ പെറുക്കിയെടുത്തതാണവരെ. ബുനുവലിന്റെ അന്താര, കിരോസ്താമിയുടെ സൈനബ്, കുറെ കൊച്ചു പർദ്ധക്കാരികൾ, ഉംബെർത്തോ സൊളാസിന്റെ ലൂസിയമാർ, സാബോയുടെ കഥ, യാങ്‌ചോയുടെ ഇലക്ട്ര, പനാഹിയുടെ ഒരു കൂട്ടം പെണ്ണുങ്ങൾ, വയ്‌ദയുടെ അഗ്നീഷ്ക, തോമാസ് ഗുതിയരിസ് അലെയ്യുടെ എലേന… പല തരക്കാർ, പല ഭാഷകൾ പറയുന്നവർ, പലതരം സ്വത്വങ്ങളെ പ്രതിനിധീകരിക്കുന്നവർ.. പിന്നെയുമുണ്ട് പലരും; ഇതിലേറെ വൈവിധ്യങ്ങളുള്ളവർ. അവരെയൊക്കെ എഴുതാനിരിക്കുന്നേ ഉള്ളൂ. ഞാനിതുവരെ മിറാൻഡാ ജൂലായ്യെയോ നദീൻ ലാബാക്കിയെയോ മാർത്താ മെസാറോസിനെയോ എഴുതിത്തുടങ്ങിയിട്ടില്ല. എന്തിന്, കെ ജി ജോർജ്ജിന്റെ പെണ്ണുങ്ങളെക്കുറിച്ച് മിണ്ടിയിട്ട് കൂടിയില്ല. ഒരു വിശദീകരണം ബാക്കിയുണ്ട്, കിരോസ്താമിയുടെ സൈനബും സാധാരണക്കാരായായ കഥയും, വിവരമില്ലാത്ത ബുദ്ധികുറഞ്ഞ എലേനയും ലൂസിയമാരും, ഒരു കിളിയുമില്ലാത്ത, തന്നെത്തന്നെയൊന്നു ‘ഒളിപ്പിക്കാൻ കഴിയാത്ത’ ജൂലിയാനയും, എന്തിനു അഗ്നീഷ്കയും അന്താരയും വരെ ആരും പ്രതിരോധിക്കുന്ന സ്ത്രീ കഥാപാത്രങ്ങളല്ല; അവർ നമ്മുടെ ചുറ്റുപാടിന്റെ തന്നെ കാഴ്ച്ചയാണ്. അതുകൊണ്ടു തന്നെ പലതിലും ഒരു തരത്തിൽ നോക്കിയാൽ സ്ത്രീവിരുദ്ധത കാണാനുമാകും. ഇവരെ എഴുതുന്നതിനു എനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്; അമ്മ പരിവേഷമുള്ള ഉത്തമസ്ത്രീകൾക്കും പടപൊരുതുന്ന മാസ്കുലിനായ ധൈര്യശാലിനികൾക്കുമിടയിൽ നിലനിൽപ്പിന് വേറെയും ഒരുപാട് സാധ്യതകളുണ്ട്. അവരെ കാണാനും അറിയാനും അംഗീകരിക്കുവാനുമാണ് ഏറ്റവും പാട്. അതുകൊണ്ടു തന്നെ അവരെ എഴുതുവാനാണ് ഞാൻ ശ്രമിക്കുന്നത്.

അന്റോണിയോണിക്ക്, ജൂലിയാനയെ കാണാനെങ്കിലുമായി. അതിനുമപ്പുറം കടക്കേണ്ടത് നമ്മളാണ്. ഒറ്റയ്ക്കിരിക്കുന്ന പെണ്ണുങ്ങൾക്ക് സ്തുതി. ഈ തുരങ്കത്തിനപ്പുറത്ത് നിങ്ങളുടെ ശബ്ദത്തിന്റെ താളം പിടിച്ച് ഓരിയിടുന്ന വേറെയും കുറുക്കന്മാരുണ്ട്. ഇത് കടന്നാൽ, നമ്മുടെ ശബ്ദങ്ങൾ അതിന്റെ താളക്രമം കാരണം ഒന്നാവുകയും, ഒന്നാവുമ്പോൾ തന്നെയും വേറിട്ടറിയുകയും ചെയ്യും. ആയത്തിൽ നടന്നു തുടങ്ങുക, ഇനിയുമുറക്കെയുറക്കെ ഓരിയിടുക. ക്ഷീണിക്കുമ്പോൾ നിർത്തുക, അങ്ങനെയങ്ങനെ ഈ തുരങ്കം കടക്കുക.


പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലേഖിക എഡിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook