ശ്വാസമടക്കിപ്പിടിച്ചാണ് പായയിൽ നിന്നെണീറ്റ് തട്ടിൻപുറത്തേക്കുള്ള ഗോവണി ലക്ഷ്യമാക്കി നീങ്ങിയത്. ഉമ്മറത്ത് കത്തിച്ചു വെച്ച റാന്തലിൽനിന്നുള്ള വെളിച്ചത്തിന്റെ ഒരോഹരി വാതിൽവിടവിലൂടെ നടുത്തളത്തിൽ വന്നുവീഴുന്നുണ്ട്.  ഇത്തിരിപോലും ഒച്ചയുണ്ടാവരുതെന്നു കരുതി, വളരെ പതുക്കെയാണ് പടികളിലേക്കുള്ള ഓരോ കാൽവെപ്പും. എന്നിട്ടും മൂന്നാമത്തെ പടിയിലിരുന്ന മുറുക്കാൻചെല്ലത്തിൽ കാലുതട്ടി; ഭാഗ്യത്തിനത് താഴെ വീണില്ല.

എങ്കിലും രാത്രിയുടെ നിശ്ശബ്ദതയിൽ, ഓരോ ചുവടിലും, പടികളുടെ കിരുകിരുപ്പിൽ നിന്ന് ഭയപ്പെടുത്തുന്നത്രയും ശബ്ദമുണ്ടാകുന്നുണ്ട്. പിറകിലെ ചുമരിൽ തൂങ്ങുന്ന ക്ലോക്കിലേക്ക്‌ പാളിനോക്കിയതും, ഓന്തിനോളം വലുപ്പത്തിലൊരു പല്ലി അതിനടിയിലേക്ക് കേറിപ്പോയി.
ഗോവണിപ്പടികൾക്കിടയിലായി ചിലന്തികൾ നിർത്താതെ വലകൾ നെയ്തു കൊണ്ടിരിക്കുന്നു. ഇന്നലെ കേറുമ്പോൾ ഇത്ര പടികൾ ഇല്ലായിരുന്നല്ലോ എന്ന് നിനച്ചതും, ഒരു ചുമരുപതിയൻ തവള കഴുത്തിലൂടെ ചാടി മറുചുമർ പറ്റി. ചങ്കിലേക്കിരച്ചു വന്ന ഭയം വിഴുങ്ങി, അടുത്ത പടിയിലേക്ക് കാൽവെച്ചു.

rahna thalib, memory,childhood,

പടികൾ കയറുന്തോറും ചീവീടുകളുടെ കരച്ചിൽ ഉച്ചത്തിലാവുന്നുണ്ട്. മുറിയിലകപ്പെട്ട വവ്വാലുകളുടെ ചിറകടിയൊച്ചകൾ പ്രാണന്റെ പിടച്ചിലുകളായി കേൾക്കാം. ഉത്തരത്തിലാകെ നീലിച്ച പല്ലികളിരുന്നു ചിലയ്ക്കുന്നുണ്ട്.
നടുത്തളത്തിലെ കട്ടിലിലും, ഗോവണിച്ചുവട്ടിൽ കൈതോലപ്പായ വിരിച്ചും ആരൊക്കെയോ ഉറങ്ങുന്നുണ്ട്. അവരെ ഉണർത്താതിരിക്കാൻ പാടുപെട്ടും, ഇത്രയേറെ ഭയപ്പെട്ടും എന്തിനാണീ കോണിപ്പടികൾ കയറുന്നത്? എന്തായാലും ഇനി അധികം പടികളില്ല കയറാൻ. തട്ടിൻപുറത്തെ പഴകിയ മാറാലമണം വന്നുതുടങ്ങി.

ഇടവഴിക്കറ്റത്തായി പൂത്ത് നിൽക്കുന്ന ഇലഞ്ഞിയുടെ മദിപ്പിക്കുന്ന മണത്തിന്റെ ഒരിറ്റ്, തുറന്നിട്ട ജാലകപ്പഴുതിലൂടെ അരിച്ചരിച്ച്, മുറിയിലെ ഇരുണ്ട മൗനത്തിൽ കലരുന്നതറിയാനാവുന്നുണ്ട്. ഇതെത്ര പടികളാണ്? ഇതെല്ലാം കയറിയങ്ങെത്തുമ്പോഴേക്കും, രാത്രിസഞ്ചാരം മതിയാക്കി അവർ ഇരുട്ടിലൊളിക്കുമോ? ഇന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു.

തട്ടിൻപുറത്തെത്തിയെന്ന് ചാന്തിട്ട നിലത്തിന്റെ മിനുസമാർന്ന തണുപ്പ് അറിയിച്ചതും ആശ്വാസം തോന്നി.

rahna thalib, feature, memories

എങ്കിലും തപ്പിത്തടഞ്ഞ് നിലാക്കീറു വീണു പതയുന്ന ജനാലപ്പടിയിലെത്താൻ സമയമെടുത്തു. ആളനക്കം അറിഞ്ഞിട്ടാകാം, വവ്വാലുകൾ മറ്റൊരു മുറിയിലേക്ക് കൂട്ടത്തോടെ പറന്നു പോയി. ഇപ്പോൾ, രാപ്രാണങ്ങളുടെ ഉന്മാദശീൽക്കാരങ്ങൾക്കൊപ്പം ആരുടെയോ ഞെരക്കവും കേൾക്കുന്നില്ലേ?

മരച്ചില്ലകൾക്കിടയിലൂടെ പാത്തുണ്ണിയുടെ വീടും മുറ്റത്തെ മൂവാണ്ടൻമാവും തെളിഞ്ഞു കാണുന്നുണ്ട്. നിലാവിൽ, പുളിമരത്തിന്റെ നിഴലിനെന്തൊരഴകാണ്! മതിലോരത്ത് ചെറുകാറ്റിലാടുന്ന കാക്കാചെണ്ടുമല്ലികൾക്ക് മീതെ തുമ്പികൾ പാറുന്നതായ് തോന്നുന്നുണ്ടോ? അമരപ്പന്തലിങ്ങനെ മുഴുക്കെ കടുംവയലറ്റ് നിറമാകാൻ, അവയിലത്രയ്ക്കധികം പൂക്കൾ വിരിഞ്ഞുവോ? നിലാവിന്റെ മദഗന്ധത്തിൽ സിരകളുണർന്ന സർപ്പങ്ങൾ, കയ്യാലയ്ക്കപ്പുറത്തെ മാളങ്ങളിൽ നിന്നിറങ്ങി ആകാശത്തേക്ക് നാവ് നീട്ടുന്നുണ്ടാകുമോ ?
രാത്രികളിൽ, അതും നിലാവുള്ള രാത്രികളിൽ പാത്തുണ്ണി പുറത്തിറങ്ങാറുണ്ടെന്ന് ആമിറാണ് പറഞ്ഞത്. അവരുടെ കാര്യം പറയുമ്പോഴൊക്കെ, ദുർമന്ത്രവാദിനിയോടെന്ന പോലെയുള്ളൊരു പേടിയോ ഇഷ്ടക്കേടോ വെറുപ്പോ ഒക്കെയാണ് എല്ലാവരിലും. തൊട്ടപ്പുറത്തെ വീടായിരുന്നിട്ടും, ഏഴയലത്തു പോലും പോകാൻ അനുവാദമില്ല. പാത്തുണ്ണിയെ കണ്ടു, പേടിച്ചു, പനിച്ചു, ബോധം കെട്ടു എന്നൊക്കെയുള്ള കഥകൾ പലതും കേട്ടിരുന്നു. എത്രയോവർഷങ്ങളായി അവരെ അധികമാരും കണ്ടിട്ടുമില്ല. ഇന്നിനി പാത്തുണ്ണിയെ കണ്ടിട്ടേ ഉള്ളൂ. അതോ ഇനിയവൻ നുണ പറഞ്ഞതാകുമോ, രാത്രിസഞ്ചാരത്തിന്റെ കാര്യം ?

ഒരൊറ്റത്തവണയേ അവരുടെ രൂപം നേരിൽ കണ്ടിട്ടുള്ളൂ. അതും ഒരു ഞൊടിനേരം. കളിക്കാൻ വരാറുള്ള നേരം കഴിഞ്ഞിട്ടും ആമിറിനെ കാണാതായപ്പോൾ, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അവനെ അന്വേഷിച്ചു പോയതായിരുന്നു അന്ന്. ഉമ്മറത്തെ വാതിൽ അടഞ്ഞുകിടന്നപ്പോൾ നേരെ വടക്കേപ്പുറത്തേക്ക് ചെന്നു. അവിടെയും ആരെയും കാണാതായപ്പോൾ, ഇനിയെന്ത് ചെയ്യുമെന്ന് ശങ്കിച്ചു നിൽക്കുന്ന നേരത്താണ് ഇടനാഴികയിൽ തെളിഞ്ഞ വെയിൽച്ചാലിലേയ്ക്ക് ‘എന്താ’ എന്ന ഇടറിയ ചോദ്യത്തോടെ പുള്ളിലുങ്കിയും തത്തമ്മപ്പച്ച ജമ്പറുമിട്ട ഒരു വിസ്മയരൂപമിറങ്ങി നിന്നത്. തട്ടമുണ്ടായിരുന്നോ? ഓർമയില്ല. എന്നാൽ ആ അതിസുന്ദരമുഖവും രൂപവും അത്രയുമാഴത്തിൽ മനസ്സിൽ പതിഞ്ഞു. നഗ്നമായ കാൽവണ്ണകൾക്ക് തിളങ്ങുന്ന സ്വർണനിറം. കാൽപ്പാദങ്ങൾ മുഴുക്കെ മൈലാഞ്ചിയിട്ട് ചുവപ്പിച്ചിരുന്നു. മാറിലേക്ക്‌ ഊർന്നുവീണ നീളൻ ചുരുൾമുടികൾ. നീലക്കണ്ണുകൾ ഏതോ രാക്കിളിയുടേതെന്ന പോലെ. ചോരത്തുടിപ്പില്ലാത്ത കൂർത്ത ചുണ്ടുകൾ. പകൽ വെളിച്ചത്തിൽ പെട്ടുപോയ വിളറി വെളുത്തൊരു നിലാവ് പോലെ തോന്നി, അന്നവരെ.

ഒന്നേ നോക്കിയുള്ളൂ. പിന്നെ ഒരോട്ടമായിരുന്നു. ആ രൂപം ഏറെ ആകർഷണീയമായിരുന്നെങ്കിലും, നോട്ടവും ശബ്ദവും ഭാവവും വല്ലാതെ പേടിപ്പെടുത്തി. മൈലാഞ്ചിയും നീറോലിയും പച്ചത്തഴപ്പിച്ച മുൾവേലിയുടെ വിടവിലൂടെ ചാടി, ഒരുവിധമാണ് വീട്ടിലെത്തിയത്.

ആ ഓട്ടത്തിൽ കാലുംകയ്യുമൊക്കെ കല്ലും മുള്ളും കൊണ്ട് തരക്കേടില്ലാത്ത വിധം ഉരഞ്ഞ് പൊട്ടിയിരുന്നുവെന്നത് മോന്തിക്ക് കിണറ്റിൻ കരയിൽ മേല് കഴുകുമ്പോഴാണ് മനസ്സിലായത്. പാത്തുണ്ണിയെ കണ്ട വിവരം നിഗൂഢരഹസ്യമായ് മനസ്സിൽ കൊണ്ടുനടക്കാനാണ് ആഗ്രഹിച്ചതെങ്കിലും, ഉമ്മാടെ ചോദ്യം ചെയ്യലിൽ എല്ലാം പറയേണ്ടി വന്നു. അന്ന് സന്ധ്യക്ക്‌, മണ്ണാൻ വാസുവോ കുമാരനോ ഉമ്മാടെ ആവശ്യപ്രകാരം വീട്ടിൽ വന്നിട്ടുണ്ടാവണം. നെല്ലും പൂവും മഞ്ഞളും കൈവെള്ളയ്ക്കുള്ളിലാക്കി നെഞ്ചോട്‌ ചേർത്ത് ജപിച്ച് നെറുകയിലേക്ക് എറിഞ്ഞിട്ടുണ്ടാകണം. പാത്തുണ്ണിയെ കണ്ട പേടിയേക്കാൾ പരിഭ്രമത്തോടെയാവാം ആ ചടങ്ങിലേക്ക് കണ്ണു നട്ടത്. അതൊന്നും പോരാതെ, ആ രാത്രി, പുത്തൻപള്ളിക്കലെ വെളിച്ചെണ്ണ കുടിപ്പിച്ച്, മേലാകെ സ്വലാത്തും ദിക്‌റും ചൊല്ലിയൂതി, ഉമ്മാടൊപ്പം തന്നെ കിടത്തിയുറക്കിയിരിക്കണം.

ആമിർ ഒരിക്കലും പറഞ്ഞിരുന്നില്ല, ഇങ്ങനൊരിത്താത്ത അവനുള്ള കാര്യം. ആ കാഴ്ചയ്ക്ക് ശേഷം പിന്നെയെപ്പോഴോ, കളികൾക്കിടയിൽ അവരെക്കുറിച്ച് ചോദിച്ചതും അവന്റെ മുഖം വാടി.

മറ്റൊരു ദിവസമാണ്, അവൻ ഇത്താത്തയെക്കുറിച്ച് കൂടുതലായി പറഞ്ഞത്. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നത്രെ അവർ. ആ നാട്ടിൽ നിന്നാദ്യമായ് കോളേജിൽ ചേരുന്ന മുസ്ലിം പെൺകുട്ടി. ബാപ്പ അകാലത്തിൽ മരിച്ചതോടെ, ബന്ധുക്കളുടെ അനാവശ്യ ഇടപെടലിൽ പഠിപ്പ് മുടങ്ങി. തുടർന്നു പഠിക്കാനുള്ള വക്കാലത്തുമായി ഉമ്മയെ സമീപിച്ചെങ്കിലും, വെച്ചുനീട്ടുന്ന ഒന്നിനും തികയാത്ത ഇത്തിരി കനിവിന്റെ ബലത്തിൽ, സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാനാവാത്ത വിധം വൈകാരികമായി അവരെ തളർത്തിയിരുന്നു ബന്ധുക്കൾ. നിരാശയും സങ്കടവും കാരണം മുറിയടച്ചിരുന്നു പിന്നീടങ്ങോട്ട് പാത്തുണ്ണി. പതിയെപ്പതിയെ എല്ലാവരും അവരെ മാനസികരോഗിയാക്കി. പോരാത്തതിന്, സ്വഭാവത്തെക്കുറിച്ചുള്ള നുണക്കഥകളും പ്രചരിപ്പിച്ചത്രെ.

rahna thalib, childhood memories, dreams,

എന്നാൽ ഇത്താത്തയെ ആമിറിന് ഏറെ ഇഷ്ടമായിരുന്നു, ഒരുപക്ഷേ ഉമ്മയേക്കാളും. മച്ചിന്റകത്തെ മുറിയിൽ, എന്തെങ്കിലുമൊക്കെ വായിച്ചും ഉറങ്ങിയും പകൽ സമയം ചെലവിടുന്ന അവർ നിലാവുള്ള രാത്രികളിൽ പുറത്തിറങ്ങാറുണ്ടെന്നും, അവർ നട്ടു നനച്ചു വലുതാക്കിയ മരങ്ങളോട് സംസാരിക്കാറുണ്ടെന്നും, ഇലഞ്ഞിപ്പൂക്കളും ചെമ്പകവും മുല്ലയുമൊക്കെ കോന്തലയിൽ പെറുക്കിക്കൂട്ടാറുണ്ടെന്നും ആമിർ പറഞ്ഞു. ഇടയ്ക്കൊക്കെ കുളത്തിൽ മുങ്ങിക്കുളിക്കാറുണ്ടെന്നും, മൂവാണ്ടൻകൊമ്പിലിട്ട ഊഞ്ഞാലിൽ ഏറെ സമയമിരിക്കാറുണ്ടെന്നും കൂടി അവൻ പറഞ്ഞതോടെ അവരോടുള്ള ഭയം സ്നേഹത്തിന് വഴിമാറി. അന്നവരെ കണ്ട് ഓടിയതിൽ വല്ലാത്ത നിരാശ തോന്നുകയും ചെയ്തു.

കഴിഞ്ഞ പിറന്നാളിന് ആമിർ സമ്മാനിച്ച പാവക്കുട്ടിക്ക് – കുന്നിക്കുരുക്കൾ ചട്ടയിൽ ഒട്ടിച്ചുണ്ടാക്കിയത് – എന്തൊരു ചന്തമായിരുന്നു! അവൻ ശേഖരിച്ചു കൊടുത്ത കുന്നിക്കുരുക്കളാൽ പാത്തുണ്ണി ഉണ്ടാക്കിക്കൊടുത്തതാണത്രെ അത്. അതോടെയാണ് അവരെ ഒരിക്കൽക്കൂടി കാണാനുള്ള പൂതി വല്ലാതെ പെരുത്തത്. അത്കൊണ്ടാണ് ഇത്ര പാടുപെട്ട് ഈ രാത്രിയിലിങ്ങനെ അവരെ കാണാനിരിക്കുന്നത്. ആരെങ്കിലും ഉണരുന്നതിന് മുന്നേ അവർ ഒന്ന് പുറത്തിറങ്ങിയാൽ മതിയായിരുന്നു.
അടഞ്ഞുപോകുന്ന കൺപോളകൾ വിടർത്തിപ്പിടിച്ച് കൺപീലികൾ വേദനിച്ചുതുടങ്ങി.

rahna thalib, memories, feature

മാവിൻചില്ലയിലെ ഊഞ്ഞാലിപ്പോ തെളിഞ്ഞുകാണുന്നുണ്ട്. അതിലൊരു രൂപമിരുന്നാടുന്നുണ്ടോ ?

ഇല്ല, അത് കടപ്ലാവിന്റെ നിഴലാണ്.

അവർ വരാതിരിക്കില്ല.

ഏത് നിമിഷവും വരും.

കണ്ണ് ചിമ്മിത്തുറന്നതും, പെട്ടെന്ന് നിലാവ് മങ്ങിത്തുടങ്ങിയ പോലെ.

കരിമേഘം ചന്ദ്രനെ മറച്ചുവോ ?

കാറ്റിന്റെ ശക്തി ഏറുന്നുണ്ടോ ?

തുമ്പികൾ പാറുന്നതിപ്പോൾ കാണാനില്ല.

ആരോ പടികൾ കയറിവരുന്നതു പോലെ.

ഒരു നിഴൽ അടുത്തേക്ക്‌ നീങ്ങിവരുന്നുണ്ടോ ?

ആരുടെയോ ശ്വാസം പുറംകഴുത്തിൽ വീഴുന്നില്ലേ ?

ആരോ തള്ളിയിടാൻ കയ്യോങ്ങുന്ന പോലെ..

നിറയെ ഇരുട്ട് !

ഒരു മിന്നാമിനുങ്ങ് പോലുമില്ല വെളിച്ചമേകാൻ…

നിലതെറ്റി ആഴങ്ങളിലേക്ക്‌ വീണുകൊണ്ടിരിക്കുകയാണ്..

അത്രയും ഭീതിയിലും ഉച്ചത്തിലും കരയുന്നത് കൊണ്ടാവാം, ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തുവരാത്തത്.

ഹൃദയം വലിഞ്ഞുമുറുകി സകലഞെരമ്പുകളും പൊട്ടി ചോരവാർന്നൊഴുകാൻ തുടങ്ങിയിരിക്കുന്നു.

എത്ര വീണിട്ടും നിലംപതിക്കാതെ…
വീണു വീണ്…
ഒരിക്കലും താഴെയെത്താത്ത ആഴങ്ങളോ…?
ഉമിനീരു വറ്റി,
കണ്ണുകൾ തുറിച്ച്,
ചെവികളടഞ്ഞ്
ശരീരം കുടഞ്ഞ്‌…
വീണുകൊണ്ടേയിരിക്കുകയാണ്, കരിനീല നിറമുള്ള ആഴങ്ങളിലേക്ക്…

മഴക്കുളിരിൽ മുങ്ങിനിവർന്ന നന്ദ്യാർവട്ടപടർപ്പിലേക്ക് മിഴികൾ പൂകി ചാരുകസേരയിൽ കിടക്കവേ, ഉമ്മ അരികെ വന്നുനിന്നതറിഞ്ഞില്ല. ഇന്നലെ രാത്രി എപ്പോഴാണ് തട്ടിൻപ്പുറത്തെ മുറിയിൽ ചെന്നു കിടന്നത് എന്നുമ്മ ചോദിച്ചതും ഞെട്ടിയെണീറ്റു. കരിനീല നിറം പൂണ്ട ചൊരിമണലിലേക്ക്‌ കാലുകൾ ആഴ്ന്നുപോകുന്നത് പോലെ. ചുറ്റും നിലാവിന്റെ മദഗന്ധം പരക്കുന്നത് പോലെ. പാത്തുണ്ണി മരിച്ചിട്ടെത്ര നാളായി എന്ന് മടിച്ചുമടിച്ച് ചോദിച്ചപ്പോഴേക്കും ഉമ്മ നടന്നകന്നിരുന്നു. തിരിഞ്ഞുനിന്ന്, നിനക്കിപ്പോഴും അതൊന്നും മറക്കാറായിട്ടില്ലേ എന്ന് ദേഷ്യപ്പെട്ടതായി ഭാവിച്ചെങ്കിലും, ഉമ്മാടെ കണ്ണുകളിൽ നിന്നും ഉൾഭയത്തിന്റെ തിരികളിലേക്ക്‌ തീ പടരുന്നത് ഞാനറിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ