ആരാണ്ടാ അത് .. ?
വഴിയരികിലെ കിങ്ങിണിപുല്ലിനെ ചിലപ്പിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം എന്‍റെ മുന്നിലേക്ക് വന്ന് മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു.

പുളിമൂട്ടിലെ വിഷ്ണുവാണ് … പങ്കാഷിയോട് അത് പറയുമ്പോ ടോര്‍ച്ചിന്റെ മഞ്ഞ വെളിച്ചത്തില്‍ എന്‍റെ കണ്ണ് മഞ്ഞളിച്ചു. കാര്യമൊക്കെ ശരി ഇത് പൊതുവഴിയാണ്. അവരുടെ വീടിനടുത്താണു എന്ന് വെച്ചു വഴിത്തടഞ്ഞു ചോദ്യം ചെയ്യാന്‍ എന്തു കാര്യം. എനിക്കു ദേഷ്യം വന്നു.

എവിടെ പോയി ഈ രാത്രിക്ക്… സദാ ചോദ്യചിഹ്നം ഉള്ളില്‍ ഒളിപ്പിക്കുന്ന പങ്കാഷിയുടെ കണ്ണുകള്‍ ഇത്തിരിവെട്ടത്തില്‍ എനിക്കു കാണാം. മിന്നിയണഞ്ഞ മൂക്കുത്തി കല്ലും.

ലൈബ്രറീല് .. ഞാന്‍ പറഞ്ഞു.
” ലൈപറിയാ … ? ” വീണ്ടും ചോദ്യം.
വായനശാല ..പഞ്ചായത്തിലെ .. ഞാന്‍ മലയാളത്തില്‍ വിശദീകരിച്ചു.

“നേരത്തെ പോകാന്‍ പാടില്ലെ ..ഇനി മേലാ വെട്ടമില്ലാതെ ഇവിടെ കണ്ടു പോകരുത്.. എഴവകള്‍ ഒള്ള വഴിയാണ് … ആ പൊയ്ക്കൊ ..”.

Read More:എന്റെ വായനയാണ് ഞാന്‍

കറുകപ്പുല്ലുകള്‍ക്കിടയ്ക്ക് നാട്ടുകാര്‍ നടന്നു വെളുത്ത വഴിയിലേക്ക് ഞാന്‍ നടന്നു തുടങ്ങിയപ്പോള്‍ എന്‍റെ പാദങ്ങള്‍ക്കൊത്ത് പങ്കാഷിയുടെ ടോര്‍ച്ച് വെളിച്ചം വീശി പുറകെ വന്നു. അതില്‍ മുയല്‍ ചെവിയന്‍മാരുടെ നിഴല്‍ വീഴുന്നത് നോക്കി ഞാന്‍ നടത്തയ്ക്ക് വേഗം കൂട്ടി. അവരോടു ആദ്യം തോന്നിയ ദേഷ്യം ഇപ്പോള്‍ അലിഞ്ഞു സ്നേഹമായി രൂപാന്തരം പ്രാപിച്ചു. എന്നെ ഇഴവകള്‍ കടിക്കാതിരിക്കാനല്ലേ അവര്‍ അങ്ങനെയൊക്കെ പറഞ്ഞത്. പങ്കാഷി ചിരിക്കാത്തവള്‍ ആണെങ്കിലും നല്ലവള്‍ ആണ്.. ഞാന്‍ നിലാവ് കേള്‍ക്കാന്‍ മാത്രം പറഞ്ഞു. കപ്പലുമാവുകളുടെ കീഴിലൂടെ
നടക്കുമ്പോ നിലത്തെ ഇരുട്ടില്‍ മാവിലകള്‍ക്കിടയിലൂടെ വീണു ചിതറിയ നിലാ കഷണങ്ങള്‍ എന്നെ ഒഎന്‍വിയെ ഓര്‍മ്മിപ്പിച്ചു. ആ ഭാവന കണ്ടറിഞ്ഞ അത്ഭുതത്തില്‍ ആ വരികള്‍ മനസില്‍ പാടി ”പിന്‍ നിലാവിന്‍റെ പിച്ചകപ്പൂക്കള്‍ ..ചിന്നിയ ശയ്യാ തലത്തില്‍”. ഇരുട്ടില്‍ ഉതിര്‍ന്നു കിടക്കുന്ന പിച്ചകപ്പൂക്കളേ പിന്നിട്ട് വീട്ടിലെത്തുമ്പോ രണ്ട് പേര്‍ എന്‍റെ കയ്യിലെ പുസ്തകങ്ങളും വാരികകളും ആര്‍ത്തിയോടെ വാങ്ങിച്ചു. മാതൃഭൂമിയും മലയാളവും വനിതയും എല്ലാമുണ്ട്. എന്‍റെ വായനയോടുള്ള ആര്‍ത്തി കൊണ്ടാവും ലൈബ്രറിയിലെ സാര്‍ എല്ലാ ശനിയാഴ്ചകളിലും ആ ആഴ്ചയില്‍ ഇറങ്ങിയ എല്ലാ വാരികകളും വീട്ടില്‍ കൊണ്ട് പോയി വായിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി തന്നിരുന്നു. അത് മാത്രമല്ല ലൈബ്രറിയുടെ ഒരു സ്പെയര്‍ താക്കോലും ഞാന്‍ അഭിമാനത്തോടെ കീശയില്‍ കൊണ്ട് നടക്കുമായിരുന്നു.

സാറിന് ചില ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ പ്രസംഗിക്കാനൊക്കെ പോകേണ്ടി വരും. എന്നും ലൈബ്രറിയിലെ ബഞ്ചില്‍ വന്നിരിക്കാറുള്ള എനിക്കു അങ്ങനെ ഒരു ജോലി സാര്‍ ശരിയാക്കി. സാര്‍ ഇല്ലാത്ത ദിവസങ്ങളില്‍ ലൈബ്രറി അടയ്ക്കുക തുറക്കുക്ക.. ആനുകാലികങ്ങള്‍ അടുക്കുക. ഞാന്‍ വലിയ സന്തോഷത്തോടെ അത് ഏറ്റെടുത്തു. അവിടത്തെ പുസ്തകങ്ങള്‍ നിറഞ്ഞ അലമാരകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോ ഭക്ഷണം കിട്ടാത്ത ഒരാള്‍ക്ക് ബിരിയാണി കിട്ടിയതു പോലെയുള്ള ഒരു നെഞ്ചിടിപ്പും സന്തോഷവും ആര്‍ത്തിയും ഒക്കെ എന്നെ വന്നു മൂടുമായിരുന്നു. അതാണ് എന്നെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന വെളിച്ചം. അവിടെയുളള പുസ്തകങ്ങള്‍ ഏറെക്കുറെ വായിച്ചു തീര്‍ത്തപ്പോഴാണ് പുസ്തകങ്ങളെക്കാള്‍ എനിക്കിഷ്ടം വാരികകള്‍ വായിക്കാനാണ് എന്നു തിരിച്ചറിഞ്ഞത്. അതില്‍ നമ്പൂതിരിയും മദനനനും പ്രദീപ് കുമാറും വരക്കുന്നുണ്ട്.. പിന്നെ ഭംഗിയുള്ള ഫോട്ടോകളുണ്ട്. ഫ്രണ്ട് ലൈന്‍ മാഗസിന്‍റെ മിനുപ്പുള്ള പേജുകളിലെ ഹിമാലയന്‍ ചിത്രങ്ങളില്‍ മണിക്കൂറുകള്‍ നോക്കിയിരുന്നു. എനിക്കു ചുറ്റും പുക പോലെ മേഘങ്ങള്‍ നിറഞ്ഞു. അവയ്ക്കിടയില്‍ ദേവതാരു വൃക്ഷങ്ങള്‍ തല പൊക്കി. ഹിമാലയത്തില്‍ മാത്രം വിരിയുന്ന പൂക്കള്‍ മൂക്കുകളെ സുഗന്ധത്തില്‍ വിടര്‍ത്തി. ഇതൊന്നും ഞാന്‍ ചുമ്മാ എഴുതുന്നതല്ല. ഇത്തരം ഒരുപാട് ഫാന്‍റസികള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അത് പറഞ്ഞപ്പോഴൊക്കെ കേട്ടവര്‍ എനിക്കു വട്ടാണ് എന്ന് പറഞ്ഞു. പിന്നെ ഞാന്‍ എല്ലാം ഉള്ളില്‍ ഒതുക്കി. അത് എനിക്കു മാത്രം ഉള്ളതാണ് എന്ന്  ചിരിച്ചു.

കമാല്‍ വിഴുങ്ങിയ ദിവസം
വായനശാലയുടെ പടിഞ്ഞാറേ ജനാലചില്ലുകള്‍ ചുവന്ന്‍ തിളങ്ങിയ അസ്തമയ നേരത്ത് എഞ്ചിനീയറായ കമാല്‍ എന്ന്‍ ഞാന്‍ പരിചയപ്പെട്ട സുരേഷ്ഗോപി മുഖക്കാരന്‍ പേരക്ക ചവച്ചു കൊണ്ട് എന്‍റെ അടുത്തെത്തി.
നീ എന്നതാണു ഈ വായിച്ചു കൂട്ടുന്നത് .. ?
ഞാന്‍ ചിരിച്ചു.
ഒരു ജീവശാസ്ത്രം ബുക്കുണ്ട് ഇവിടെ.. അത് വായിക്കണം.. ലൈബ്രറി ചൂണ്ടി അയാള്‍ ഉറക്കെ ചിരിച്ചു.

ഏതാണ് ആ ബുക്ക്.. ഞാന്‍ ഇവിടത്തെ മിക്കതും വായിച്ചിട്ടുണ്ട്,,,

ആ അത് നീ വായിച്ചു കാണില്ല.. പിള്ളേര്‍ക്ക് അത് തരില്ല.. അയാള്‍ അര്‍ത്ഥം വെച്ചു തലയിളക്കി വീണ്ടും ഉറക്കെ ഉറക്കെ ചിരിച്ചു. ഞാന്‍ ഒരു ദിവസം അതെടുത്ത് തരാം… ചിരിക്കിടയില്‍ പറഞ്ഞു കൊണ്ട് കമാല്‍ പേരക്കയുടെ പിങ്ക് നിറമുള്ള ഉള്‍ക്കാമ്പു കടിച്ചെടുത്തു.

Read More:ഗുളികനും  തൊപ്പിക്കാരനും

ഒരെണ്ണമേ കിട്ടിയുള്ളൂ… ഒരാളെ നോക്കിയിരുത്തി തിന്നുന്നതിലെ മര്യാദകേട് അപ്പോള്‍ ഓര്‍ത്തത് കൊണ്ടാവും അങ്ങനെ കൂടി പറഞ്ഞുകൊണ്ട് അയാള്‍ പുറത്തേക്ക് നടന്നു. ഞാന്‍ വീണ്ടും വായന തുടര്‍ന്നു.

മനൂ ..ഒരു ഹെല്‍പ്പ് ചെയ്യുമോ .. കമാല്‍ വീണ്ടും വാതില്‍ക്കല്‍.
ഞാന്‍ മനുവല്ല ..വിഷ്ണുവാണ് .. ഞാന്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. പുറത്തെ മേശയില്‍ രണ്ട് അടുക്കുകളായി കുറെ ഫയലുകള്‍ കെട്ടി വെച്ചിരുന്നു. ഇതൊരെണ്ണം എടുത്തു മുകളിലെ മുറിയില്‍ കൊണ്ട് പോയി വെക്കാമോ .. ? കമാല്‍ ചോദിച്ചു. ഞാന്‍ തലയിളക്കി. ഒരു കെട്ടുമെടുത്ത് ഗോവണി കയറിയ അയാള്‍ക്ക് പിന്നാലേ ഞാനും ഫയല്‍ കെട്ട് ചുമന്നു. അത്യാവശ്യം ഭാരം ഉണ്ടായിരുന്നു. മുകളിലത്തെ പൂട്ടിയ മുറിക്ക് മുന്നില്‍ കയ്യിലെ കെട്ട് നിലത്തു വെച്ചു അയാള്‍ താഴേക്കും ചുറ്റിലുമൊക്കെ ഒന്നോടിച്ചു നോക്കിയിട്ട് വാതില്‍ തുറന്നു.

ഞാന്‍ അകത്തു കയറിയപ്പോള്‍ കമാല്‍ വാതിലടച്ചു. ഒരു പ്രത്യേക രീതിയില്‍ ചിരിച്ചുകൊണ്ടു എന്നെ കെട്ടി പിടിച്ചു. പേരക്ക ചവയ്ക്കുന്ന വായില്‍ നിന്നും സിഗരറ്റിന്റെ മണം എനിക്കു ചുറ്റും നിറഞ്ഞു .ഞാന്‍ ഫയല്‍ കെട്ട് താഴെയിട്ടു.
എന്താണിത് .. ?
മനൂ .. പ്ലീസ് എന്‍റെ ഒരു വലിയ ആഗ്രഹമാണ്..
ഞാന്‍ മനുവല്ല .. വാതിലിന് നേര്‍ക്ക് നടന്ന പത്താംക്ലാസുകാരനെ കമാല്‍ തടഞ്ഞു. എനിക്കു ചില സ്ഥാനപേരുകളില്‍ ഉള്ള ആളുകളില്‍ ഒരു ധാരണ ഉണ്ടായിരുന്നു. എഞ്ചിനീയര്‍മാര്‍ ഇങ്ങനെയല്ല. അവര്‍ വലിയ ആളുകളാണ്. കമാല്‍ കിതയ്ക്കാന്‍ തുടങ്ങി. എന്‍റെ ഉള്ളം കൈ വിയര്‍ത്തു. നെഞ്ചിടിപ്പ് കൂടി. എന്‍റെ രണ്ടു കയ്യിലും ബലമായി പിടിച്ച് കമാല്‍ പള്ളിയില്‍ യേശുവിന് മുന്നില്‍ ആളുകള്‍ മുട്ട് കുത്തും പോലെ എനിക്കു മുന്നില്‍ മുട്ടുകുത്തി. ശരിക്കും കുരിശില്‍ തറക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നു ഞാന്‍. ആണികള്‍ക്ക് പകരം വലിയ രണ്ട് കൈകള്‍ എന്‍റെ കൈകളെ മറച്ചു. പേരക്കയ്ക്കൊപ്പം കമാല്‍ എന്നെ ചവച്ചു തുടങ്ങി. എനിക്കു ശ്വാസം മുട്ടി. അയാള്‍ എന്‍റെ കൈകളെ സ്വതന്ത്രമാക്കി പാദങ്ങളില്‍ തൊട്ടു. തെറ്റല്ലേ ചെയ്തത്.. മാപ്പ് ചോദിച്ചതാവുമോ … ? എന്‍റെ കൈകള്‍ അയാളുടെ തലയില്‍ ആഴ്ന്നു. അനുഗ്രഹിച്ചതാവുമോ.. ?

വരുമ്പോ പറയണ്ടേ … ? പെട്ടെന്നയാള്‍ ചുവന്ന കാര്‍പ്പെറ്റിലേക്ക് ആഞ്ഞു തുപ്പി.

”മനൂ ..ഇനീം ഞാന്‍ വിളിക്കാം ..സ്വര്‍ഗ്ഗം കാണിക്കാം ”

Read More:”മോക്ഷ”ത്തിലേയ്ക്കുളള​  വഴികൾ

ഞാന്‍ വാതില്‍ തുറന്ന് ഗോവണി ഇറങ്ങുമ്പോ മുകളില്‍ നിന്ന് കമാല്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ മനുവല്ല .. ഇനി വിളിക്കണ്ട .. ആദ്യ തെറ്റിന്‍റെ പാപഭാരമേറി നടക്കുമ്പോ ഞാന്‍ ഉറക്കെ പറഞ്ഞു. അറിവില്ലായ്മയുടെയും അജ്ഞതയുടെയും പടികളിലായിരുന്ന എന്നെ,
പുസ്തക അലമാരകള്‍ക്കുള്ളില്‍ നിന്നും  തീക്ഷ്ണമായ  ചില കണ്ണുകള്‍ നോക്കി, ബഷീര്‍, മാധവിക്കുട്ടി, ഓഷോ, ഗാന്ധിജി …

പുസ്തകം ,പൂക്കള്‍ ,പ്രണയം
ലൈബ്രറിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. പുതിയ അലമാരകള്‍, വാര്‍ണീഷ് അടിച്ച ടെസ്ക്കുകള്‍, ബെഞ്ചുകള്‍, പുറത്തു മനോഹരമായ പൂന്തോട്ടം. ചെത്തികള്‍, ചെമ്പരത്തികള്‍, ബഷീര്‍ എഴുതിയ നനവിറ്റുന്ന പനിനീര്‍ പൂക്കള്‍ എല്ലാം വിരിഞ്ഞു നിന്ന മുറ്റത്തേക്ക് ഞാന്‍ ഇരുപ്പ് മാറ്റി. അപ്പോഴാണ് അവളെ കാണുന്നത്. അവള്‍ ചിരിച്ചു. ഞാനും. അവള്‍ മുടി മാടിയൊതുക്കി. ഞാന്‍ വീക്കിലി എടുത്ത് വീശി ചൂടാറ്റി. പിന്നെ പിന്നെ അഞ്ചു മണിയാകാന്‍ തിടുക്കമായി. സ്കൂള്‍ വിട്ടു വായനശാലയില്‍ എത്തണം വായിക്കണം. മതിലിനപ്പുറം അവളെ കാണണം. തുടര്‍ന്നുള്ള ഒരു ദിവസം അവള്‍ എന്നെ കൈ വീശി കാണിച്ചു. ഞാന്‍ ഏതോ സിനിമയിലെ കാമുകനെ അനുകരിച്ച് ആദ്യം ചൂണ്ടുവിരലും പിന്നെ നാലു വിരലുകളും പിന്നെ ചെറു വിരല്‍ മടക്കി മൂൻ വിരലുകളും പൊക്കി കാട്ടി. അതിന്‍റെ അര്‍ത്ഥം വണ്‍ ..ഫോര്‍ ത്രീ … അതായത് ഐ ..ലവ് ..യൂ .. അക്ഷരങ്ങള്‍ എണ്ണി പ്രണയം പറയുന്ന വിധം. അതിനു മറുപടിയായി അവള്‍ ചൂണ്ടു വിരല്‍ കുലുക്കി കാട്ടി പറഞ്ഞു കൊടുക്കും എന്ന് ആംഗ്യം കാട്ടി. ഞാന്‍ ചിരിച്ചു. കാമുകന്‍മാര്‍ക്ക് പേടിയില്ല. നാലു കണ്ണുകളുടെ ആംഗ്യവിക്ഷേപങ്ങള്‍ക്ക് ഇടയില്‍ വിരിഞ്ഞു നിന്ന ചുവന്ന റോസാപ്പൂവ് എന്നെ സുല്‍ത്താന്‍റെ വരികള്‍ ഓർമിപ്പിച്ചു.

രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ് നീ എന്തു ചെയ്തു .. ?
മറുപടി കിട്ടാത്ത മനസിലെ ചോദ്യത്തിന് ” അതെന്‍റെ ഹൃദയമായിരുന്നു ” എന്ന് കാമുകന്‍ വെറുതെ പറഞ്ഞു രസിച്ചു. കയ്യും കലാശവും കുറെ നാള്‍ തുടര്‍ന്നു. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം മതിലുകള്‍ ഇടയ്ക്കില്ലാതെ അവളെ അടുത്തു കണ്ടു. കൂടെ കുടുംബവും. അവള്‍ വിയര്‍ത്തു. മുഖം കുനിച്ചു. ഞാന്‍ നോട്ടം മാറ്റി ചിരിച്ചൊഴിഞ്ഞു. അപ്പോഴേക്കും ഞാന്‍ കുറെ മുതിര്‍ന്നിരുന്നു. നിലനില്‍പ്പിനായി കാലിടം തിരയുന്ന എനിക്കന്നു പഴയ ആ പ്രേമരംഗങ്ങള്‍ ഓര്‍ക്കാനുള്ള സാവകാശം കിട്ടിയില്ല. ഞാന്‍ വെയിലിലേക്കിറങ്ങി നടന്നു. തിരിഞു നോക്കാനും മുടി കോതി ഒന്നുകൂടി ചിരിക്കാനും അവസരമുള്ള ആ സീനില്‍ പക്ഷേ നായകന്‍ കുനിഞ്ഞു നടന്നു. അയാള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook