scorecardresearch
Latest News

Reading Day: കഥകളെക്കാൾ എത്രയേറെ കൗതുകകരമാണ് ചരിത്രം

Reading Day in Kerala: തന്റെ കഥകൾ രൂപ്പെടുന്നതിൽ ഇടപെട്ട ചരിത്രത്തിന്റെ ഇഴകളെ കുറിച്ച് എഴുതുകയാണ് കഥാകൃത്തായ ലേഖകൻ

Reading Day: കഥകളെക്കാൾ എത്രയേറെ കൗതുകകരമാണ് ചരിത്രം

കണ്ടശ്ശാംകടവും   കനോലിയുടെ കുടുംബചരിത്രവും

‘കണ്ടശ്ശാംകടവ്’ എന്ന ചെറുകഥയിലെ പ്രധാനപരിസരമായ കനോലി കനാലിന്റെ ചരിത്രം ചികയുന്നതിന്റെ ഭാഗമായാണ് ഹെൻറി വലന്റൈൻ എന്ന ‘കനോലി സായിപ്പി’ന്റെ കുടുംബപശ്ചാത്തലം ചികഞ്ഞുനോക്കിയത്. ഒരേ സമയം കൗതുകരവും ഉദ്വേഗജനകവുമായ ഒന്നായിരുന്നു അത്. ബ്രിട്ടീഷ് സർക്കാറിന്റെയും ഈസ്റ്റ്-ഇന്ത്യാകമ്പനിയുടെയും ഉദ്യോഗസ്ഥന്മാരായിരുന്ന എഡ്‌വേർഡ്, ആർതർ, ജോൺ, ഹെൻറി എന്നീ നാല് സഹോദരന്മാരും ജോലിയിലിരിക്കെ അപകടത്തിൽ ‌പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നു. മധ്യേഷ്യയിലെ ആധിപത്യത്തിനായി സാമ്രാജ്യങ്ങൾ തമ്മിലുള്ള സ്പർദ്ധയിലാണ് കനോലി സഹോദരന്മാരിൽ മൂന്നുപേർ കൊല്ലപ്പെടുന്നത്.

“The Great Game” എന്ന പേരിലറിയപ്പെട്ടിരുന്ന ബ്രിട്ടീഷ്-റഷ്യൻ പോരാട്ടങ്ങളെ ആധാരമാക്കി ‘കിം’ എന്നൊരു നോവൽ റുഡ്‌‌യാഡ്‌ കിപ്ലിങ് എഴുതിയിട്ടുണ്ട്‌. ബംഗാൾ കുതിരപ്പടയെ നയിച്ചിരുന്ന ക്യാപ്‌റ്റൻ എഡ്വേഡ് കനോലി അഫ്‌ഗാനിസ്താനിൽ വച്ചുണ്ടായൊരു യുദ്ധത്തിൽ ഒളിപ്പോരാളിയുടെ വെടിയേറ്റായിരുന്നു കൊല്ലപ്പെട്ടത്. ഇന്നത്തെ ഉസ്‌ബൈക്കിസ്താന്റെ ഭാഗമായ ബുഖാറയിൽ ‌വച്ച് ബ്രിട്ടീഷ് ഇന്റലിജെൻസ് ഓഫീസറായിരുന്ന ക്യാപ്റ്റൻ ആർതർ കനോലിയെ എതിരാളികൾ തട്ടിക്കൊണ്ട് പോകുകയും, ശേഷം അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. അതിനുശേഷമാണ് കാബൂളിൽവച്ചു യുദ്ധത്തടവുകാരനായി പിടികൂടപ്പെട്ട ക്യാപ്റ്റൻ ജോൺ കനോലി കൊല്ലപ്പെടുന്നത്.devadas v. m, writer, story writer,

മൂന്ന് കനോലി സഹോദരന്മാർ പട്ടാളവിഭാഗങ്ങളാണ് തിരഞ്ഞെടുത്തതെങ്കിൽ ഹെൻറി വാലന്റൈൻ സ്വീകരിച്ചത് സിവിൽ സർവ്വീസായിരുന്നു. ബെല്ലാരിയിലും ‌തഞ്ചാവൂരിലും അസിസ്റ്റന്റ് കളക്ടറായും, പിന്നീട് ട്രഷറി അസിസ്റ്റന്റായും, ‌ഗവൺമെന്റ് കമ്മീഷണറായുമൊക്കെ സേവനപരിചയം നേടിയ ശേഷമാണ് ഹെൻറി വാലന്റൈൻ മലബാറിന്റെ കളക്ടറാകുന്നത്. നീണ്ട പതിനാലു വർഷത്തെ സേവനത്തിനിടയിൽ മലബാറിന്റെ സംബന്ധിച്ച ചരിത്രപ്രധാനമായ പല പദ്ധതികളിലും കലക്ടർ കനോലി സായിപ്പിന്റെ കൈയ്യൊപ്പു പതിഞ്ഞിരുന്നു. കോഴിക്കോടു മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ജലഗതാഗതത്തിനു നിർമ്മിച്ച കനാൽ ഇന്നും അറിയപ്പെടുന്നത് കലക്ടർ കനോലി സായിപ്പിന്റെ പേരിലാണ്.

Read More: വായനയുടെ വാതായനങ്ങൾ

devadas v.m, malayalam writer
ചിത്രം കടപ്പാട് : alchetron.com

നിലമ്പൂരിലെ മനുഷ്യനിർമ്മിത തേക്കിൻ തോട്ടം, നിലമ്പൂർ- ഷൊർണ്ണൂർ റെയിൽ‌പാത എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. വിശ്വസ്ഥനായ കമ്പനിയുദ്യോഗസ്ഥൻ ആയിരിക്കെ തന്നെ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും കനാൽ പണി സംബന്ധിച്ച തർക്കങ്ങൾ, അതുകൂടാതെ കൊളത്തൂരിലും മട്ടന്നൂരിലുമുണ്ടായ കലാപങ്ങളെ അടിച്ചമർത്തൽ, അതിനെ തുടർന്ന് മമ്പുറം തങ്ങളെയും കുടുംബത്തെയും മലബാറിൽനിന്ന് നാടുകടത്തിയ തീരുമാനം എന്നിവയെല്ലാം ജനവികാരം കലക്ടർ സായിപ്പിനെതിരെയാകാൻ ‌‌കാരണമായി. അതിനെതുടർന്നാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ഒരു രാത്രിയിൽ തന്റെ ഭാര്യയുമായി സംസാരിച്ചുകൊണ്ട് ബംഗ്ലാവിന്റെ വരാന്തയിലിരിക്കുന്ന കനോലി സായിപ്പിനെ കലാപകാരികൾ വെട്ടിക്കൊല്ലുകയായിരുന്നു. പുലിയൻകുന്നത്ത് തേനു, വളാശേരി എമാലു, ഒസ്സാൻ ഹൈദ്രമാൻ എന്നിവരായിരുന്നു ആ കൊലപാതകത്തിലെ പ്രതികളെന്നാണ് മറ്റൊരു മലബാർ കലക്ടറായിരുന്ന വില്ല്യം ലോഗൻ ‌ ‘മലബാർ മാനുവലി’ൽ സൂചിപ്പിച്ചിരിക്കുന്നത്. മലബാറിന്റെ സൂക്ഷ്മമായ ചരിത്രവും ‌സ്ഥിതിവിവരക്കണക്കുകളും മാനുവലിൽ അടയാളപ്പെടുത്തിയ വില്ല്യം ലോഗന്, മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി സൗഹൃദവും കത്തിടപാടുകളുമുണ്ടായിരുന്നു എന്നതാണ് ഈ ചരിത്രം പരതുന്നതിനിടയിൽ ശ്രദ്ധിച്ച കൗതുകകരമായ മറ്റൊരു കാര്യം.

ചാച്ച: ഒന്നാം സാക്ഷി പ്രധാനമന്ത്രി

devadas v. m, writer, story writer,

Read More: സ്വന്തം മരണം, അന്യന്‍റെ മരണം

‘ചാച്ചാ’ എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് ബാബുറാവു ലക്ഷ്മൺ. 1955 മാർച്ച് പന്ത്രണ്ടിന് അക്കാലത്ത് മധ്യപ്രദേശിന്റെ തലസ്ഥാനമായിരുന്ന നാഗ്പൂരിലെ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്കിടയിൽ റോഡിന് ഇരുവശവുത്തുമായി തിങ്ങി നിറഞ്ഞു നിൽക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് മുന്നിൽ തന്റെ റിക്ഷാവണ്ടി തള്ളിക്കൊണ്ടു വന്നിട്ട് ഗതാഗത തടസ്സമുണ്ടാക്കുകയും, ശേഷം നീട്ടിപ്പിടിച്ച കത്തിയുമായി കാറിനു മുകളിലേയ്ക്ക് കുതിച്ചു ചാടിക്കയറുകയും, നെഹ്രുവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബാബുറാവു. ആ വധശ്രമത്തിൽ നിന്ന് പരിക്കുകളൊന്നുമില്ലാതെ നെഹ്രു അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. തുടർന്ന് പൊലീസിന്റെ പിടിയിലായ ബാബുറാവുവിന് പൊലീസിന്റെ ചോദ്യം ചെയ്യലുകൾക്കും, മനോരോഗാശുപത്രിയിലെ പരിശോധനകൾക്കും, വിചാരണത്തടവിനുമൊക്കെ വിധേയനാകേണ്ടി വന്നു. പൊലീസിന്റെ ചോദ്യം ചെയ്യലുകൾക്കിടെയോ, മനോരോഗ നിർണ്ണയ വേളയിലോ, കോടതിയിലെ വിചാരണ കാലയളവിലോ ഒന്നും എന്തു കാരണത്താലാണ് പ്രധാന മന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്ന് ബാബുറാവു വ്യക്തമായി വിശദീകരിക്കുകയുണ്ടായില്ല. മുമ്പ് ജോലി ചെയ്തിരുന്ന തുണി മില്ലിൽ നിന്ന് അകാരണമായി പിരിച്ചു വിടുകയും, ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് ഒരു വാടകവണ്ടിയിൽ റിക്ഷാവാലയാകേണ്ടി വന്ന തന്നെ ഗതാഗത നിയമലംഘനം, ലഹള എന്നീ കുറ്റങ്ങൾ അകാരണമായി ചുമത്തി പൊലീസും കോടതിയും ചേർന്നു തുടർച്ചയായി ബുദ്ധിമുട്ടിക്കുന്ന വിഷയത്തിലേയ്ക്ക് ശ്രദ്ധയാകർഷിക്കാൻ ഈയൊരു മാർഗ്ഗം മാത്രമാണ് തന്റെ മുന്നിലുണ്ടായിരുന്നതെന്നും നെഹ്രുവിനെ വധിക്കാൻ താൻ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നില്ലെന്നുമായിരുന്നു ബാബുറാവുവിന്റെ മൊഴി. തനിക്ക് അനുകൂലമായി സാക്ഷി പറയാൻ സാക്ഷാൽ നെഹ്രു മാത്രമേ ഉള്ളൂവെന്നും, അദ്ദേഹം കോടതിയിലെത്തണമെന്നും വിചാരണവേളയിൽ ബാബുറാവു അഭിപ്രായപ്പെട്ടു. മാനസിക പ്രശ്നങ്ങളുള്ള ഒരു വ്യക്തിയുടെ ചാപല്യപ്രകടനമായി മാത്രം ഈ സംഭവത്തെ കണ്ടാൽ മതിയെന്നും, ഇക്കാര്യത്തെ ഊതിപ്പെരുപ്പിക്കേണ്ടതില്ലെന്നും, ജനങ്ങൾ ഇതെല്ലാം മറന്നു കളയണമെന്നുമായിരുന്നു തനിക്ക് നേരിട്ട ആക്രമണത്തോടുള്ള നെഹ്രുവിന്റെ പ്രതികരണം. നാല് മാസത്തെ വിചാരണയ്ക്കൊടുവിൽ പ്രതിയായ ബാബുറാവുവിന് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് ആറ് വർഷത്തെ കഠിന തടവും, നെഹ്രുവിനെ കാണാനായി വഴിയോരത്ത് നിരന്നു നിന്ന സ്കൂൾ വിദ്യാർത്ഥികളെ തള്ളിമറിച്ചിട്ടു പരിക്കേൽപ്പിച്ചതിന് ആറുമാസത്തെ അധിക തടവുമായിരുന്നു ശിക്ഷ.

എഴുതാതെ പോയ കഥയിലെ ചരിത്രമുഹൂർത്തം: വിയന്നയിലെ കാപ്പികുടിക്കാർ

devadas v. m, writer, story writer,

Read More: കഥയും കാലവും

എഴുതാതെ പോയൊരു കഥയിലെ ചരിത്രമുഹൂർത്തത്തെക്കുറിച്ചാണിനി സൂചിപ്പിക്കുന്നത്. ഈയടുത്ത് ‌വായിച്ചൊരു ബി.ബി.സി ലേഖനത്തിലെ സൂചനയനുസ്സരിച്ച് ഒരുസമയത്ത് ‌ഓസ്ട്രിയയിലെ വിയന്ന നഗരത്തിൽ അഡോൾഫ് ഹിറ്റ്‌ലറും, ജോസഫ് സ്റ്റാലിനും,  ട്രോട്‌സ്‌കിയും, ജോസിപ് ടിറ്റോയും, ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡും, സിഗ്‌മണ്ട് ഫ്രോയിഡുമൊക്കെ ഒരുമിച്ചുണ്ടായിരുന്നത്രെ. അക്കാലത്തു തന്നെ പ്രശസ്തിയിലേയ്ക്ക് കുതിക്കുന്ന മനോരോഗവിദഗ്ദ്ധനായിരുന്നു ഫ്രോയിഡ്. വടക്കുപടിഞ്ഞാറൻ ഓസ്ട്രിയയിൽ നിന്ന് ചിത്രകല പഠിക്കാനായെത്തിയ ഹിറ്റ്‌ലറാകട്ടെ അരാജകജീവിതം നയിക്കുന്ന പരാജയപ്പെട്ടൊരു ചിത്രകാരനും. കമ്മ്യൂണിസ്റ്റ് മുഖപത്രമായിരുന്ന പ്രവ്ദയുടെ പത്രാധിപ ചുമതലയുള്ളയാളായിരുന്നു ട്രോട്‌സ്‌കി. ലെനിന്റെ നിർദ്ദേശപ്രകാരം വിയന്നയിൽ സ്റ്റാലിനെത്തുന്നത് ട്രോട്‌സ്‌കിയുടെ വിരുന്നുകാരനായാണ്. ടിറ്റോയാകട്ടെ ഒരു ഫാക്ടറി തൊഴിലാളിയായാണ് അക്കാലത്ത് ജീവിതം പുലർത്തിയിരുന്നത്. ഇവരെല്ലാവരും ഏതാണ്ട് അടുത്തടുത്തു തന്നെയായിരുന്നത്രെ താമസവും. കൗതുകകരമായ ‌മറ്റൊരുകാര്യം ഇവരിൽ മിക്കവരും വിയന്നയിലെ കഫെ ‌സെൻട്രൽ, കഫെ ലാന്റ്മാൻ എന്ന കോഫീ ഷോപ്പുകളിലെ സന്ദർശകരായിരുന്നു. ‌ചരിത്രമിത്രയും വായിച്ചപ്പോൾ ഒരു തമാശക്കഥയായി ആലോചിച്ചത് തൊള്ളായിരത്തിപ്പത്തുകളിൽ ഈ കോഫീഷോപ്പുകളിൽ ജോലി ചെയ്‌തിരുന്ന വിളമ്പുകാരിലൊരാൾ കുറെ കൊല്ലങ്ങൾക്കുശേഷം തന്റെ മകളുടെ കല്ല്യാണം വിളിക്കാനായി പണ്ടത്തെ പതിവുസന്ദർശകരെ തേടിച്ചെല്ലുന്ന കാര്യമാണ്. അവരിൽ ഒരാൾ ലോകപ്രശസ്ത മനശാസ്ത്രജ്ഞനായ ഫ്രോയിഡ്, മറ്റൊരാൾ ചിന്തകനും സോവിയറ്റ് ചെമ്പടയുടെ നേതാവുമായ ട്രോ‌ട്‌സ്‌കി, മറ്റേയാൾ വിപ്ലവകാരിയും സോവിയറ്റ് ‌യൂണിയന്റെ തലവനുമായ സ്റ്റാലിൻ, അടുത്തയാൾ ജർമ്മൻ ചാൻസലറായ ഹിറ്റ്‌ലർ, ഇനിയൊരാൾ യുഗോസ്ലാവിയൻ പ്രസിഡന്റും ചേരിചേരാനയത്തിന്റെ മുഖ്യപ്രചാരകനുമായ മാർഷൽ ടിറ്റോ. എങ്ങനെയുണ്ടായിരിക്കും ആ വിവാഹക്ഷണങ്ങൾ?

Read More: വി എം ദേവദാസ് എഴുതുന്നു: സിംഹക്കൂട്ടിലകപ്പെട്ട അഭയാർത്ഥികൾ

Read More: ഏദൻ: മരണങ്ങളുടെയും ആസക്തികളുടെയും ഉദ്യാനം

Read More: അതിരുകള്‍ തേടുന്ന അവനവന്‍ തുരുത്തുകള്‍ : വിഎം ദേവദാസിന്റെ കഥകളെ കുറിച്ച് സ്മിതാവിനീത്

Read More: വി എം ദേവദാസിന്റെ ഡിൽഡോയെ കുറിച്ച് രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു: ലൈംഗികതയുടെ കമ്പോളനിയമങ്ങൾ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Reading day 2018 in kerala india story behind the stories vm devadas