/indian-express-malayalam/media/media_files/uploads/2017/06/vinaya1.jpg)
ഒരു പുസ്തകം ഒരു സുഹൃത്തും, ഉപദേശകനും , അധ്യാപകനും, ആണെന്ന് എന്ന് എന്റെ അച്ചെ എപ്പോഴും പറയുമായിരുന്നു. ഇന്നും അച്ചെ പുസ്തകങ്ങളെ പറ്റി സംസാരിക്കുമ്പോൾ ഞാൻ പണ്ടത്തെ പോലെ ആകാംഷയോടെ ഒരു കൊച്ചു കുട്ടിയെ പോലെ കേട്ടിരിക്കും. പുസ്തകങ്ങൾ - അവയ്ക്ക് ജീവൻ ഉണ്ട്, അവ നമ്മുടെ മനസ്സിനെ കീഴടക്കും, ഞാനും പുസ്തകവും മാത്രമുള്ള ഒരു ലോകം. വായന ചിലപ്പോൾ ഒരു രക്ഷപ്പെടൽ ആണ് , ചിലപ്പോൾ ഒരു ആഘോഷവും. എന്റെ ഏകാന്തതയിൽ ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് നിശബ്ദമായി നമ്മൾ എത്തിപെടുന്നു, ചിലപ്പോൾ നിങ്ങൾ ആ കഥാപാത്രങ്ങൾ ആയി മാറുകയും അവരുടെ കഥകൾ അനുഭവിക്കുകയും ചെയ്യുന്നു. നമ്മൾ നമ്മളെ നമ്മളായി അറിയുന്നത് മനസ്സിലൂടെയും ചിന്തകളിലൂടെയും മാത്രമാണ്. ആദിമമായ ഒരു പ്രപഞ്ചസത്യം അല്ല ഞാൻ എന്ന വ്യക്തി. പിന്നെ എങ്ങനെ ഒരു പുസ്തകം അനുഭവിക്കുന്നത് അയഥാർത്ഥമായ ഒന്നാണ് എന്ന് എങ്ങനെ പറയാൻ പറ്റും ?
എനിക്ക് വായിച്ച പുസ്തകങ്ങളുടെ കഥാപാത്രങ്ങൾ യഥാർഥമാണ്, എനിക്ക് അറിയാവുന്നവരും അവരുടെ വികാരങ്ങൾ അനുഭവിച്ചവരുമാണ്. കവിതകൾ കവിതയായി മാറിയത്, കവി ഞാൻ എന്റെ മനസ്സിൽ ഓർത്തു. നാം ജീവിക്കുന്ന ലോകം പോലെ ഒരു പുതിയ ലോകം.
എനിക്ക് വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ മനസ്സിൽ ജീവനും വികാരവും ഉള്ള മരണമില്ലാത്ത എന്റിറ്റിസ് ആണ്. ഞാൻ നേരിട്ട് അറിഞ്ഞ വ്യക്തികളെ പോലെ, അറിഞ്ഞ വേദനകൾ പോലെ, ഭ്രാന്തമായ പ്രണയം പോലെ, പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ അനുഭവിച്ചത് ഞാൻ അറിയുകയും, എന്നെന്നേക്കുമായി ഓർമ്മകളായി അവ മാറുകയും ചെയുന്നു . വായിച്ച പുസ്തകവും അനുഭവങ്ങളും എനിക്ക് ഓർമകളാണ്. മരണമില്ലാത്ത ഓർമ്മകൾ. വായിച്ച കവിതകൾ കവി എൻറെ കാതിൽ മന്ത്രിക്കുന്നത് പോലെ. നാം ജീവിക്കുന്ന ലോകം പോലെ പുസ്തകം നമുക്ക് തരുന്ന ലോകവും ഖരമുള്ള ഒരു ലോകം തന്നെ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാൻ വായിച്ച പുസ്തകങ്ങൾ എന്റെ കഥയും പറയുന്നു , എന്റെ ജീവിത യാത്രയെക്കുറിച്ച്, പുസ്തകം വായിച്ചപ്പോൾ ഞാൻ എന്ന വ്യക്തിയുടെ സ്വത്വം എന്തായിരുന്നു എന്ന് അലമാരയിലെ പുസ്തകങ്ങൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. ചിലപ്പോൾ എന്റെ പ്രിയങ്കരമായ അധ്യായങ്ങൾ അല്ലെങ്കിൽ ഖണ്ഡികകളും വീണ്ടും വീണ്ടും വായിക്കുകയും, അവ എന്നെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. വികാരങ്ങളുടെ വിരോധാഭാസം അലമാരയിലെ പഴയ പുസ്തകങ്ങളിൽ വിരലോടിക്കുമ്പോൾ അനുഭവപ്പെടാറുണ്ട്. ഓർമ്മകൾ അയവിറക്കുമ്പോൾ എന്റെ ഉള്ളിൽ രചിക്കപ്പെട്ട രചയിതാവിന്റെ വാക്കുകൾ ചിലപ്പോൾ ചുഴലിക്കാറ്റ് പോലെ ആഞ്ഞടിക്കും ചിലപ്പോൾ ഒരു തണുത്ത മഴ പോലെ പെയ്യും ചിലപ്പോൾ എന്നെ ഏകാന്തതതയിലേക്ക് തള്ളിവിടും.
പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ ജീവിച്ച എത്രയോ സുന്ദരവും ദുഃഖപൂരിതവും ആയ നിമിഷങ്ങൾ. പ്രണയവും വെറുപ്പും തോന്നിയ കഥാപാത്രങ്ങൾ. കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കഥകൾ. ആർത്തവരക്തവും രതിയും കൗമാര ആശയക്കുഴപ്പങ്ങളും പുസ്തകങ്ങളിലൂടെ അറിഞ്ഞ നാളുകൾ . വാക്കുകളിലൂടെ ഒരു എട്ടുകാലിയുടെ വലയിൽ അകപ്പെട്ട ഇരയെ പോലെ ഞാൻ പുസ്തകം എന്ന വേട്ടക്കാരന്റെ അടിമയാകുന്നു. വാക്കുകളിലും പേജുകളിലും ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഇര.
മദ്യത്തേക്കാൾ ലഹരി ഒരു നല്ല കവിതയ്ക്ക് തരാനാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . വായിച്ച കവിതകളിലൂടെ രൂപം കൊണ്ട ഭാവനയുടെ ഒരു അംശം മാത്രം ആണ് എന്റെ ഉള്ളിലെ പ്രണയം.
Web
Sucked into the web
that you had woven
Me a mere powerless butterfly
Mesmerised then
life turned into you
now wings broken
Predators can love
part of the cycle of life
but their gift to you
is that final adventure
those passionate moments
eternal captivity
And slow death in their arms
ഞങ്ങളുടെ വീട്ടിലെ ഒരു ചെറിയ ലൈബ്രറി ഉണ്ട്. വർഷങ്ങളായി അച്ചെ സമാഹരിച്ച നിധി. അച്ചെ എല്ലാ പുസ്തകങ്ങളെയും ഇൻഡക്സ് ചെയ്തിരുന്നു. ഒരു പ്രത്യേക പുസ്തകം കണ്ടെത്താൻ ഷെൽഫിന്റെ ഏത് ഭാഗമാണ് തിരയേണ്ടത് എന്ന് ഇൻഡക്സ് കൃത്യമായി പറഞ്ഞു തരും. അച്ചെയുടെ മനസ്സിനെ വികസിപ്പിക്കാനും പട്ടിണിയിൽ പ്രതീക്ഷ നൽകാനും , സ്വപ്നം കാണാനും വായന സഹായിച്ചു എന്നാണ് അച്ചെ എപ്പോഴും പറയാറുള്ളത്. ലോകത്തേയും അതിലെ ആളുകളേയും കൂടുതൽ ആഴത്തിൽ നിരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് പുസ്തകങ്ങളാണ് . ഞാൻ എന്റെ മനസ്സിൽ ഒരു ലോകം സൃഷ്ടിച്ചു, ജീവിക്കാനുള്ള കരുത്തിനു വേണ്ടി.
/indian-express-malayalam/media/media_files/uploads/2017/06/vinay-sister-and-ache.jpg)
എന്റെ സഹോദരി അഞ്ച് വയസുള്ള അമലിക്ക്, കഥകൾ വായിച്ചു കൊടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കാറുണ്ട്. അച്ചെ പണ്ട് എനിക്കും വാവയ്ക്കും ഈസ്സോപ്പ് കഥകളും , മിക്കി മൗസ് സോറോ കാർട്ടൂൺ കഥകളും, മിഷാ മാഗസിനിൽ നിന്നുള്ള പല കഥകളും വായിച്ചു തരുന്നത് സ്‌നേഹത്തോടെ ഓർമ്മിക്കും. എനിക്ക് ആദ്യമായി കിട്ടിയ ബുക്ക് എന്റെ ഓർമയിൽ സ്നോ വൈറ്റും ഏഴ് കുള്ളന്മാരുടെയും കഥ ആണ്. എനിക്കന്ന് അഞ്ചു വയസായിരുന്നു. എനിക്ക് 12 വയസ്സായപ്പോഴാണ് അച്ചെയുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ ഞാൻ വായിക്കാൻ തുടങ്ങിയത് എന്നാണ് ഓർമ്മ . നീലാകാശത്തിന്റെ നിറമുള്ള അലമാര, സ്വർണ്ണ നിറമുള്ള വാതിൽപ്പിടി. പുസ്തകങ്ങളുടെ ഉള്ളിൽ ജീവിച്ചിരുന്ന പുസ്തകപ്പുഴുക്കളോട് കൗതുകവും അസൂയയും തോന്നിയിട്ടുണ്ട്. അവർക്ക് കഥാപാത്രങ്ങളെ നേരിട്ട് കാണാൻ പറ്റുമോ ? കൂടെ കളിക്കാൻ പറ്റുമോ? ഞാനും വാവയും പുസ്തകങ്ങളുടെ നടുവിൽ വളർന്നു. പുസ്തകങ്ങളെ കുറിച്ചു അച്ചെയുമായുള്ള ചർച്ചകൾ എനിക്കും വാവയ്ക്കും വളരെ പ്രധാനപ്പെട്ടതായിരുന്നു. വളരെ കുഞ്ഞു നാളുകളിൽ തന്നെ തന്നെ നമ്മുടെ കുട്ടികളിൽ വായന ശീലം വളർത്തേണ്ടത് പ്രധാനമാണ്. വായിച്ചു കൊടുത്തും , വായിപ്പിച്ചും കുഞ്ഞു മനസുകളെ ഉത്തേജിപ്പിക്കണം , ചിന്തിപ്പിക്കണം , ഭാവന വളർത്തണം . കൗമാരപ്രായക്കാരെ ആകർഷിക്കുന്ന പുസ്തകങ്ങൾ അവർ ആരാണെന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ വേണ്ടി ലഭ്യമാക്കണം.
സീരിയസ് ആയിട്ട് വായിച്ചു തുടങ്ങിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് മനസ്സിനെ വല്ലാതെ കുഴച്ചു മറിച്ച പുസ്തങ്ങൾ ആണ് മാധവിക്കുട്ടിയുടെ എന്റെ കഥയും അലക്സാണ്ടർ ഡ്യൂമസിന്റെ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയും . കറങ്ങുന്ന ഫാനിൽ തട്ടി മരിച്ച് വീഴുന്ന ഒരു കുരുവിയെ പോലെയാണ് നിസ്സാരമായ നമ്മുടെ ജീവിതം. "എന്റെ കഥ " തുടങ്ങുന്നത് അങ്ങനെയാണ്. നിസ്സാരമായ ജീവിതത്തിലെ തീവ്രമായ നിമിഷങ്ങൾ കവിത മുത്തുകൾ പോലെ കോർത്തിണക്കിയ അധ്യായങ്ങൾ. മരണഭയത്തെ അതിജീവിക്കുമ്പോൾ ഒരാൾ ജീവിക്കാൻ തുടങ്ങുന്നു . "എന്റെ കഥ" വായിച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ശൂന്യത തോന്നി. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ഒരു ശൂന്യത. The Count of Monte Cristo എന്ന നോവിലിലെ എഡ്‌മണ്ട് ദാന്തേ എന്ന കഥാപാത്രത്തിന്റെ സാധാരണമായ ജീവിത യാത്ര. യുവത്വത്തിന്റെ ഭ്രാന്തമായ പ്രണയവും നിഷ്കളങ്കതയും ശുഭാപ്തിവിശ്വാസവും , പിന്നീട് അനുഭവിച്ച ദണ്ഡനവും , പ്രണയനൈരാശ്യവും, സൂക്ഷ്മതയോടെ കണക്കുകൂട്ടിയ ആത്യന്തിക പ്രതികാരവും, അവസാനം ജീവിതം ഒരു അന്തിമ സമാധാനത്തിന്റെ ബിന്ദുവിലേക്ക് നായകൻ എത്തിച്ചേരുന്നു. കഥ അവസാനിക്കുന്നത് ഇങ്ങനെ - ”....all human wisdom is contained in these two words, 'Wait and Hope.' ” എന്നെ ജീവിതത്തിലെ പല ഘട്ടങ്ങളിലും എഴുന്നേറ്റ് നിൽക്കാൻ പ്രേരിപ്പിച്ച രണ്ടു വാക്കുകളാണിവ.. ചെറുപ്പത്തിൽ തന്നെ ഞാൻ എന്റെ മനസിനെ പഠിപ്പിച്ച ശകുനം പേറുന്ന വാക്കുകൾ എന്ന് പറയാം. ഈ കഥയിലെ കൗണ്ടിനോട് എനിക്കെന്നും പ്രണയമായിരുന്നു. കൗണ്ടിനെ പറ്റിയ പണ്ട് എഴുതിയവരികൾ താഴെ..
Count 's wisdom
Happiness seems to be a heart beat away,
But when I grab it, seems like there is nothing there
I have waited for a long time defying normality
For something I have never known
It's been too long a wait,
Sleepless nights, tears and uncertainty
Like Dantes and Mercedes in love
Waiting for a life to begin
I've broken my promise once
Maybe there is more to endure
After all,
My beloved Count once told me
To be wise
To wait and hope...
അരുന്ധതി റോയിയുടെ The God of Small Things വായിച്ചു തുടങ്ങിയത് ഒരു നീണ്ട പ്ലെയിൻ യാത്രയിലാണ് . ബാംഗളൂരിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്കായിരുന്നു യാത്ര. അച്ചെയുടെ പുസ്തകം കടം വാങ്ങിച്ചു വായിക്കാൻ തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായി ആണ് പ്ലെയിനിൽ കയറുന്നത് അതും ഒറ്റയ്ക്ക് . അന്ന് എനിക്ക് ഇരുപത്തിമൂന്ന് വയസ്സ്. അയ്‌മനവും എസ്തയും റാഹേലും അവരുടെ കുട്ടിക്കാലവും എന്റെ യാത്രയിൽ നിറഞ്ഞു നിന്നു. സ്വതന്ത്ര മനോഭാവിയായാ ശക്തമായ സ്ത്രീ കഥാപാത്രമായ അമ്മുവും നിഗൂഢവും ആകർഷകവുമായ വ്യക്തിത്വം ഉള്ള കറുത്ത ശരീരം ഉള്ള വെളുത്തയും തമ്മിലുള്ള മനോഹരവും ഇരുണ്ടതുമായ രഹസ്യം പ്രണയത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നത് ഒരു ചെറിയ കാര്യം മാത്രം ആണെന്നും ദൈവം ചെറുതകളുടെ ദൈവം ആണെന്നും വായനക്കാർക്ക് തോന്നും. അരുന്ധതി റോയിയെ കാണാൻ കാറിൽ പോയി കൊണ്ടിരിക്കുമ്പോൾ എൻറെ സുഹൃത്ത് പറഞ്ഞത് ഞാൻ ഓർക്കുന്നു . റാഹേലും എസ്തയും അരുന്ധതി എന്ന എഴുത്തുകാരിയുടെ രണ്ടു മുഖങ്ങൾ മാത്രം ആണ്. വെളുത്തയെ ഒറ്റി കൊടുത്തുകൊണ്ട് എസ്ത എന്നെന്നേക്കുമായി റാഹേലിനെ പിരിയുന്നു . ഒന്നായിരുന്ന മനസ്സ് ഇനിയുള്ള കാലം സംഘർഷം നിറഞ്ഞ രണ്ടു മനസ്സുകളാകുന്നു. ഓരോ കഥാപാത്രങ്ങളും നേരിടുന്ന ആത്മസംഘർഷങ്ങളും സാമൂഹ്യനീതികളുടെ സമ്മർദവും വേട്ടയാടുന്ന ജീവിതങ്ങളുടെ കഥ.
/indian-express-malayalam/media/media_files/uploads/2017/06/vinaya-arundhathi-shanmukha-das2.jpg)
ഞാൻ വളരെ അധികം ആരാധിക്കുന്ന ഇംഗ്ലീഷ് സാഹിത്യ അധ്യാപകനും സിനിമാ സ്നേഹിയുമായ ഐ. ഷണ്മുഖദാസ് സാർ എഴുതിയ പുസ്തക പ്രകാശനത്തിനാണ് എനിക്ക് അരുന്ധതി റോയി എന്ന മഹത്തായ എഴുത്തുകാരിയയെ കാണാൻ സാധിച്ചത്. The God of Small Things എന്ന പുസ്തകത്തിലെ കഥാപാത്രങ്ങുളുടെ വിശകലനം ആയിരുന്നു ദാസ് സാറിന്റെ "ശരീരം നദി നക്ഷത്രം" എന്ന പുസ്തകം . സാറിന്റെ കൂടെ നിന്ന് അരുന്ധതി റോയിയുടെയും സാറിന്റെയും ഓട്ടോഗ്രാഫ് വാങ്ങിക്കുമ്പോൾ ഞാൻ മറ്റേതോ ലോകത്ത് ആയിരുന്നു. ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ട എനിയ്ക്ക് മാത്രം അറിയാവുന്ന ഞാൻ എഴുതി ചിട്ടപ്പെടുത്തിയ ഒരു നാടകത്തിന്റെ പ്രകടനം പോലെ . അരുന്ധതി റോയ് , സാറിന്റെ വീട്ടിലെ സോഫയിൽ ഇരുന്നു ഞങ്ങളോട് സംസാരിക്കുന്നത് ഒരു സ്വപ്നമായി തോന്നി . അവരുടെ കണ്ണുകളിലെയും , മൂക്കുത്തിയുടെയും തിളക്കം എന്നെ വശീകരിച്ചു. എസ്തയെയും റാഹേലിനെയും ഞാൻ അവരിൽ കാണാൻ ശ്രമിച്ചു . ദാസ് സാർ പറഞ്ഞ ഒരു കാര്യം ഞാൻ എന്നും ഓർക്കുന്നു . അരുന്ധതിയുടെ The God of small things എന്ന പുസ്തകത്തിലെ പ്രധാന കഥാപാത്രം പുഴയാണ് . വിലക്കപ്പെട്ട പുഴ . എസ്തയും റാഹേലും വെളുത്തയും അമ്മുവും എല്ലാം ലയിക്കുന്നത് ആ പുഴയിലാണ് . "It was a time when the unthinkable became the thinkable and the impossible really happened”
UK-യിൽ വന്നിട്ടാണ് സുഹൃത്തുക്കൾ വഴി നോൺ - ഫിക്ഷൻ വായിച്ചു തുടങ്ങിയത്. വായിച്ചവയിൽ വളരെ ആരാധനയും ബഹുമാനാവും തോന്നിയത് അമേരിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞനും , ഭൂമിശാസ്ത്രജ്ഞനും , ജീവശാസ്ത്രജ്ഞനും , നരവംശശാസ്ത്രജ്ഞനും ആയ പ്രൊഫെസ്സർ ജറാഡ് ഡയമണ്ടിന്റെ എഴുത്തുകളോടാണ്.. പുലിറ്സർ അവാർഡ് കിട്ടിയ അദ്ദേഹത്തിന്റെ Guns, Germs, and Steel എന്ന പുസ്തകം എല്ലാ മനുഷ്യരും ഒരേ കഴിവുകൾ ആയാണ് ജനിക്കുന്നത് എന്ന ആശയം ഉയർത്തി കാണിക്കുകയും , fertile crescent എന്ന് അദ്ദേഹം വിളിക്കുന്ന പടിഞ്ഞാറൻ ഏഷ്യയിലെ ഒരു ചെറിയ ഭൂമിപ്രദേശം കൃഷി,വികസനം കാരണം വളരുകയും , അങ്ങനെ ചരിത്രത്തിൽ അസമത്വം രൂപപ്പെടുകയും ചെയ്തു എന്ന് അദ്ദേഹം വാദിക്കുന്നു. ലോകം കറുത്ത തൊലിയുള്ള മനുഷ്യരെ താണതായി കാണുമ്പോൾ , നമ്മൾ എല്ലാവരും ആഫ്രിക്കയിൽ നിന്നും വന്നവരുടെ സന്തതികൾ ആണെന്ന് അദ്ദേഹം തെളിവുകൾ സഹിതം പറയുന്നു. കൃഷിവികസനം ഉണ്ടാക്കിയ മിച്ചം യൂറോപ്പിനെയും അറബ് രാജ്യങ്ങളെയും കൂടുതൽ സമ്പന്നരാക്കുകയും നാഗരികത അവിടെ വളരുകയും ചെയ്തു. മനുഷ്യരെ ജന്മനാ തിന്മയുമായി ജനിക്കുന്നു എന്നത് ശരിയല്ല എന്നും നിലനിൽപ്പിനു വേണ്ടി സമൂഹങ്ങൾ ചെയ്ത കാര്യങ്ങൾ ചരിത്രപരമായ പ്രകൃതിദത്തമായ പ്രതിഭാസങ്ങൾ ആണെന്നും ഈ പുസ്തകത്തിൽ സമർത്ഥിക്കാൻ രചയിതാവ് ശ്രമിക്കുന്നുണ്ട് . ചരിത്രം നമ്മെ പലതും പഠിപ്പിക്കുന്നു . അഹം ഇല്ലാതെ ചിന്തിക്കാനും, മനുഷ്യരെ ഒരേ പോലെ കാണാനും ചരിത്രത്തെയും ബയളോജിക്കൽ തെളിവികളെയും നിരത്തി പ്രൊഫെസ്സർ ജറാഡ് ഡയമണ്ടിന്റെ വളരെ അധികം ചിന്തിപ്പിക്കുന്ന പുസ്തകം ആണ് Guns, Germs, and Steel.
വായിക്കുക , വായനയിലൂടെ ചരിത്രത്തെ അറിയുക , ദേശങ്ങളെ അറിയുക , മനുഷ്യ മനസ്സുകളെയും , സ്വയം തന്നെയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.