രാമായണം, മഹാഭാരതം എന്നിവ എനിക്ക് ബാലരമയും അമര്‍ചിത്രകഥകളുമാണ്. ബൈബിള്‍, കസാന്‍ദിസാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങളും. രാമായണവും മഹാഭാരതവും ബൈബിളുമൊന്നും ഞാന്‍ കമ്പോട് കമ്പ് വായിച്ചിട്ടില്ല അഥവാ ഏറെ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്റെ ബാല്യകാലത്തെ അമർ ചിത്രകഥകൾ അത്രമേൽ വശീകരിച്ചു കഴിഞ്ഞിരുന്നു. പ്രീഡിഗ്രിക്കാരന്റെ ഒഴിവുവേള വായനയില്‍ ആകസ്മികമായി വന്നുപ്പെട്ടതാണ് നിക്കോസ് കസാന്‍ദിസാക്കിന്റെ “The Last Temptation of Christ ” എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ. പുരുഷനാകാന്‍ നിവര്‍ന്നു തുടങ്ങിയ കാലത്ത് കൈയ്യില്‍ വന്നുപ്പെട്ട ബൈബിളിന്റെ പുനര്‍വായന മനുഷ്യാസക്തികളെ അഥവാ പെണ്ണിനെ പ്രതിയുള്ള എന്റെ കാമനകളെ പൊളിച്ചെഴുതി. സ്ത്രീയില്‍ ഞാന്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് വായിച്ചു, ഒന്നില്‍ നിന്നും ഒളിച്ചോട്ടമല്ല അതിലൂടെയുള്ള കടന്നു പോക്കാണ് ജീവിതം എന്ന “ദര്‍ശനം” പ്രിയന്‍ എന്‍ തോഴന്‍ ക്രിസ്തു കസാന്‍ദ് സാക്കിസിലൂടെ വെളിപ്പെടുത്തി തന്നു.

short story, book day, reading day
ഉറങ്ങാന്‍ 11 വയസ്സുകാരിയായ എന്റെ മകള്‍ക്ക് കഥകളുടെ കൂട്ട് വേണം. അതു ഞാന്‍ പറയുക തന്നെ വേണം. ‘ഉണ്ടാക്കി കഥകള്‍ക്കൊടുവില്‍’ ആദ്യമുറങ്ങുന്നത് ഞാനാണ്, കഥകള്‍ക്കിടയില്‍ എനിയ്ക്ക് വഴി തെറ്റുന്നു. കഥയെന്ന ഉറക്കത്തിലേയ്ക്കല്ല മറു ലോകത്തേയ്ക്ക് ഉണര്‍ത്തി കൊണ്ടുപോകുന്നു.

ലോകത്തുള്ള സര്‍വ്വ മനുഷ്യരും പുസ്തകങ്ങള്‍ വായിക്കുന്നവരായിരുന്നുവെങ്കില്‍ എന്ന് എന്റെ ‘ഇഷ്ടനിമിഷങ്ങളില്‍ ‘ ആഗ്രഹിച്ചുപോവാറുണ്ട് എങ്കില്‍ ഇനിമേല്‍ ലോകം ഇങ്ങനെയേ ആയിരിക്കില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാന്‍ നിരന്തരം വായനയിലേയ്ക്ക് ക്ഷണിക്കുന്നു. ‘ഓ; വായിക്കുമ്പം ആലോചിക്കണം അതിനുവയ്യ’ ഞാന്‍ നിശ്ശബ്ദനാവുന്നു, വായിക്കുമ്പോള്‍ ആലോചിക്കാം എന്നതാണെന്റെ വായനയുടെ ഉപലബ്ധി. അഹങ്കാരത്തോളം പോന്ന എന്റെ ‘സ്വകാര്യ ആനന്ദം’ എന്ന് ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

നല്ലൊരു പുസ്തകം വായിച്ചുകഴിയുമ്പോള്‍ എന്നില്‍ സന്തോഷം തിക്കുമുട്ടുന്നു. സകലതിനോടുമുള്ള സ്നേഹം കൊണ്ടു ഞാന്‍ നിറഞ്ഞുതൂവുന്നു. ആരും എനിക്ക് അന്യരല്ല എല്ലാത്തിലും അപാരമായ സ്നേഹവും, കാരുണ്യവും , ആനന്ദവും, ഭംഗിയും കാണുന്നു. സകലതിനെയും ആശ്ലേഷിക്കാനുള്ള സ്നേഹത്താല്‍ ഞാന്‍ തുളുമ്പി നില്‍ക്കുന്നു, തഥാഗതന്‍ പറഞ്ഞ ‘മോക്ഷം’ ഇതു തന്നെയോ?

Read More: എന്റെ വായനയാണ് ഞാന്‍

മാതൃഭൂമി ആഴ്ചപതിപ്പിലെ ‘എന്റെ പുസ്തകം’ എന്ന കോളത്തില്‍ അരാജവാദികളെന്ന് ‘പുതുപരിഷ്കാരി’കളായ നമ്മള്‍ മാറ്റി നിര്‍ത്തിയ മൂന്നുപേര്‍ ദസ്തയവിസ്കിയെ വായിച്ചത്, നമ്മുടെ പ്രിയന്‍ ജോണ്‍ എബ്രഹാമിന്റെ ദസ്തയവോസ്കിയുടെ പുനര്‍വായന, ഉണര്‍വിന്റെ നേരങ്ങളില്‍ ദസ്തയവോസ്ക്കിയുടെ വചനങ്ങളുടെ ഉരുവിടല്‍ ഇവ ദസ്തയവോസ്കി വായനയുമായി അത്ഭുതകരമായ സാദൃശ്യം പുലര്‍ത്തി എന്നത് വായന കൊണ്ടു മാത്രം എനിക്ക് സിദ്ധിച്ച വലിയ ഉപഹാരം. ഈ മൂന്നു പേരും എനിയ്ക്ക് അരാജവാദികളോ, മനുഷ്യരോ അല്ല ക്രിസ്തുസദൃശ്യര്‍.

vishnu ram, r jayachandran, books
ദസ്തയോവിസ്ക്കി ‘കാരമസോവ് സഹോദരങ്ങള്‍’ കൊണ്ടെന്നെ ജ്ഞാന സ്നാനം ചെയ്യിച്ചു. മനുഷ്യജീവിതത്തിന്റെ ചുഴികളും, മലരികളും കൊണ്ടെന്നെ വിഭ്രമിപ്പിച്ചു. മനുഷ്യന്‍ എന്നാല്‍ അന്നു മുതല്‍ വെറും മനുഷ്യരല്ല ധാരണകളുടെ വ്യതിയാനങ്ങള്‍ കൊണ്ട് വൈകാരികതയെ പല രീതിയില്‍ ഉള്‍ക്കൊണ്ട് ജീവിതത്തെ കലുഷമാക്കുന്നവരെന്ന്, ഒറ്റ നിമിഷം ആകാശത്തിലേയ്ക്കും, ചവിട്ടി നില്‍ക്കുന്ന ഇടത്തിലേയ്ക്കും ഉള്ളിലേയ്ക്കും നോക്കിയാല്‍ വിഴിഞ്ഞു കിട്ടുന്ന അപാരമായ കാരുണ്യം അതുകൊണ്ട് ജീവിതത്തെ അതിവര്‍ത്തിക്കാമെന്ന് എന്നെ പഠിപ്പിച്ച മഹാഗുരുവേ നിനക്കെന്റെ സ്തോത്രം .
വായന കൊണ്ട് ഇതിന്റെ തുടര്‍ച്ചകള്‍ യോസയിലും മാര്‍ക്വേസിലും ക്യുറ്റ്സേയിലും ഹാവിയര്‍മരിയാസിലും കാര്‍ലോസ് ഫ്യുവന്തസിലും ഞാന്‍ അന്വേഷിക്കുന്നു.
ലോകമിന്നും അത്ഭുതത്തോടെ ആദരവോടെ വിശുദ്ധഗ്രന്ഥങ്ങളിലെ വചനങ്ങള്‍ പോലെ ‘കാരമസോവ് സഹാദരങ്ങളി’ലെ മതദ്രോഹവിചാരകന്‍ എന്ന ഭാഗം വായിച്ച് വെളിപ്പെട്ട് നില്‍ക്കുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം, അതെന്റെ വായനയുടെ ഏറ്റവും സാര്‍ത്ഥകമായ നിമിഷങ്ങള്‍. വായിച്ചിട്ടും, വായിച്ചിട്ടും തിരിയാതെ ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍ അതെന്നെ ശിശുസമാനനാക്കുന്നു. അതെനിക്ക് ദൈവശാസ്ത്രമല്ല, മനുഷ്യനെ പ്രതിയുള്ള എക്കാലത്തെയും ഉത്കണ്ഠകളുടെ പരാവര്‍ത്തനം.
യോസയും, മാര്‍ക്വേസും, കാര്‍ലോസ് ഫ്യുവന്തസും അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരെ വായിച്ചില്ലായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യം എന്നതിന്റെ പൊരുള്‍ തിരിഞ്ഞു കിട്ടാതെ പൊട്ടനായേനെ, സൂക്ഷ്മ രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്‍ എന്നില്‍ കലരാതെ പോയേനെ. പ്രത്യേകിച്ച് പുതുകാല ഭരണകൂടനിഷ്ഠൂരതയില്‍.

Read More: ഗുളികനും തൊപ്പിക്കാരനും

ക്യുറ്റ്സേയെയും, ഹാവിയര്‍ മാരിയോസിനെയും വായിക്കുകയായിരുന്നില്ല ദസ്തയവോസ്കിയുടെ എഴുത്തിന്റെ തുടര്‍ച്ചകള്‍ തേടുകയായിരുന്നു ആധുനിക മനുഷ്യന്റെ ആന്തരിക ജീവിതം എന്ന സമസ്യ ഈ വായനയുടെ വെളിച്ചത്തില്‍ നിര്‍മ്മമനായി നോക്കി കാണാന്‍ അതെന്നില്‍ കരുത്താകുന്നു.

Read More:എഴവകളിൽ​ നിന്നും രക്ഷിച്ച  വെളിച്ചം

അത്യന്തികമായി മനുഷ്യരുമായുള്ള സംസര്‍ഗ്ഗത്തിലൂടെ മാത്രമേ ഉള്‍വെളിച്ചമുണ്ടാകൂ എന്ന ബോധമുള്ളപ്പോഴും നിര്‍ഭാഗ്യവശാല്‍ അവനവന്‍ കടമ്പകളില്‍ തട്ടി നിലച്ച് പോകുമ്പോള്‍ പ്രപഞ്ചത്തിലെ ഒരണു എന്ന ബോധത്തില്‍ മനുഷ്യദര്‍ശനത്തിന് അതിന്റെ ഭാഗഭാക്കാകുവാന്‍ ലോകത്തെ നിവര്‍ത്തി വായിക്കാന്‍ പുസ്തകവായന എനിക്ക് അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്,ഞാന്‍ എനിക്ക് വേണ്ടി ചെയ്യുന്ന വിശിഷ്ട കര്‍മ്മമാണ്, എന്റെ നില നില്‍പ്പിന്റെ മൂലാധാരം.

മലപ്പുറം ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥനാണ്  ആലപ്പുഴ സ്വദേശിയായ ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook