/indian-express-malayalam/media/media_files/uploads/2017/06/vayana-jayakrishnan-1.jpg)
എല്ലാവർക്കുമെന്ന പോലെ, കുട്ടിക്കാലത്ത് എനിക്കും ഒരു ചെപ്പടിവിദ്യക്കാരനുണ്ടായിരുന്നു. സ്കൂളിൽ വന്ന് അയാൾ, ഞങ്ങൾ കുട്ടികളെ പേടിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. ഒരു വലിയ കറുത്ത തൊപ്പിയുണ്ടായിരുന്നു അയാൾക്ക്. അതിന്‍റെ ആഴങ്ങളിൽ നിന്ന് അയാൾ എന്തൊക്കെയാണ് പുറത്തെടുത്തത്? പാണ്ടൻ മുയൽ, കറുത്ത വവ്വാൽ; പിന്നെ ഒരു വെളുത്ത പന്തും. പന്ത്, ക്ലാസ്സിലെ ഏറ്റവും നല്ല പഠിപ്പുകാരിക്കോ ഏറ്റവും വലിയ വികൃതിക്കോ കൊടുക്കാതെ എനിക്കു തന്നെ തന്നപ്പോൾ അയാളെ എനിക്ക് ഒരുപാടിഷ്ടമായി. അങ്ങനെയാണ്, ജാലവിദ്യ കഴിഞ്ഞ് സ്കൂളിൽ നിന്ന് പിരിവെടുത്തു കൊടുത്ത ചില്ലറക്കാശും വാങ്ങി അയാൾ പോയപ്പോൾ ഞാൻ പിന്നാലെ കൂടിയത്.
ഏതോ ചിന്തയിൽ മുഴുകി തല കുമ്പിട്ട് നടക്കുകയായിരുന്നു അയാൾ. ഏറെദൂരം ചെന്നപ്പോഴാണ് ഞാൻ പിന്നിലുണ്ടെന്ന കാര്യം അയാളറിഞ്ഞത്. അയാൾ തിരിഞ്ഞു നോക്കി. എനിക്കും ജാലവിദ്യ പഠിക്കണം - ഞാൻ മടിച്ചുമടിച്ചു പറഞ്ഞു. അയാളെന്നെ തുറിച്ചു നോക്കി പിന്നെ തലയിൽ നിന്ന് കറുത്ത തൊപ്പിയെടുത്ത് അതിന്‍റെ വാവട്ടം എന്‍റെ നേർക്ക് വീശിക്കാണിച്ചു.
'ഗുളികനുണ്ട് ഇതിനകത്ത്: ' അയാൾ പേടിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു: 'ചെറിയ കുട്ടികളെ കണ്ടാൽ അവൻ പിടിച്ചു തിന്നും. '
എന്നിട്ട്, പേടിച്ചരണ്ടു പോയ എന്നെ വലിയ പാടത്തിനു നടുവിൽ തനിച്ചാക്കി അയാൾ നടന്നു മറഞ്ഞു.
Read More: എന്റെ വായനയാണ് ഞാന്‍
വീട്ടിലെത്തി, പന്തൊളിപ്പിച്ചു വെച്ചിട്ട് ഞാൻ ഗുളികനെപ്പറ്റി തിരക്കി. മുതിർന്നവർ എന്‍റെ വാപൊത്തി : ഗുളികനെപ്പറ്റി മിണ്ടിക്കൂടാ: അവൻ ഭയങ്കരനാണ്. ഏതായാലും പിറ്റേന്നു മുതൽ ഞാൻ പനിച്ചുകിടന്നു. ചികിത്സ ഫലിക്കാതെ വന്നപ്പോൾ വീട്ടുകാർ പ്രശ്നംവെപ്പുകാരനെ കൊണ്ടുവന്നു. എന്നെ ഗുളികൻ ബാധിച്ചതാണെന്ന് അയാൾ ഗണിച്ചുപറഞ്ഞു. ഒരു പന്തിന്‍റെ രൂപത്തിലാണത്രേ അവനെന്നെ ആവേശിച്ചിരിക്കുന്നത്. പരിഹാരക്രിയകളിലൊന്ന് എന്‍റെ മുടി മുറിച്ച് ഗുളികൻതറയിൽവെക്കുക എന്നതായിരുന്നു.
പനി മാറിയപ്പോൾ ജാലവിദ്യക്കാരൻ തന്ന പന്തിനെയായിരുന്നു ഞാനാദ്യം തിരഞ്ഞെത്. അതുപക്ഷേ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു: ഏതായാലും അതിൽ പിന്നെ ഞാൻ ഗുളികനെ കണ്ടതേയില്ല - ഏറെക്കാലം കഴിഞ്ഞ് മിഗെൽ ആൻഹേൽ അസ്തൂറ്യാസിന്റെ (Miguel Ángel Asturias) Legends of Guatemala വായിക്കുന്നതു വരെ. മാർക്കേസ് പറഞ്ഞിട്ടുണ്ട് അസ്തൂറ്യാസിന്റെ മാസ്റ്റർപീസ് ഈ പുസ്തകമാണെന്ന്. Legends നെപ്പറ്റി അന്വേഷണം തുടങ്ങിയത് അങ്ങനെയാണ്.. പക്ഷേ, 2011 'ൽ മാത്രമാണ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യപ്പെട്ടത്. പുസ്തകം തുറന്നപാടെ കണ്ണിൽപ്പെട്ട കഥ അതായിരുന്നു: The Legend of el Sombreron - തൊപ്പിക്കാരനെപ്പറ്റിയുള്ള ഐതിഹ്യം.
ലോകത്തിന്‍റെ അറ്റത്തുള്ള ഒരു രാജ്യത്തെ പള്ളിയിൽ ഒരു പാതിരിയുണ്ടായി രുന്നു.. മറ്റെല്ലാ പാതിരിമാരെയും പോലെ ധ്യാനത്തിലും ദൈവികചിന്തയിലും മുഴുകിയാണ് അദ്ദേഹവും കഴിഞ്ഞിരുന്നത്. അങ്ങനെ, ഒരു ദിവസം വിശുദ്ധപുസ്തകം വായിക്കുന്നതിനിടയിൽ കിളിവാതിലിലൂടെ ഒരു പന്ത് അദ്ദേഹത്തിന്റെയടുത്ത് വന്നു വീണു. തെല്ലരിശത്തോടെ അദ്ദേഹം അതെടുത്ത് പുറത്തേക്കെറിയാനാഞ്ഞു. പക്ഷേ പന്തിൽ തൊട്ടമാത്രയിൽ അതദ്ദേഹത്തെ വശീകരിച്ചുകഴിഞ്ഞിരുന്നു. അന്നു മുതൽ മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് പാതിരി പന്തുകളിയിലേർപ്പെട്ടു. പന്ത് നിലത്തടിക്കുന്നതിലും ഉയർന്നു വരുമ്പോൾ പിടിക്കുന്നതിലും മാത്രമായി അദ്ദേഹത്തിന്‍റെ ആനന്ദം.
Read More: "മോക്ഷ"ത്തിലേയ്ക്കുളള​ വഴികൾ
ദിവസങ്ങൾ കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു മുട്ടു കേട്ടു .ഒരു സ്ത്രീ യായിരുന്നു വെളിയിൽ. അവൾ പറഞ്ഞു: "ഫാദർ ,എന്‍റെ മകൻ വല്ലാത്തൊരു അവസ്ഥയിലാണ്. പള്ളിക്കടുത്ത് കളിക്കുന്നതിനിടയിൽ അവന്‍റെ പന്ത് നഷ്ടപ്പെട്ടു. അവനിപ്പോൾ കരച്ചിൽ നിർത്തുന്നതേയില്ല." ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു: "പക്ഷേ, അയൽക്കാർ പറയുന്നു, ആ പന്ത് ചെകുത്താന്റെ പ്രതിരൂപമാണെന്ന്."
ഭയചകിതനായ പാതിരി തന്‍റെ അറയിലേക്ക് പാഞ്ഞു പന്തെടുത്ത് കിളിവാതിലിലൂടെ വലിച്ചെറിയുന്നതിനിടയിൽ അദ്ദേഹം വിളിച്ചു പറഞ്ഞു: ''ചെകുത്താനെ പോ പുറത്ത്!" പിന്നെ അദ്ദേഹം കിളിവാതിലിലൂടെ എത്തി നോക്കി. പന്ത് തുള്ളിത്തുള്ളി അകന്നു പോകുന്നതും ഒരു കുട്ടി അതിന്‍റെ പുറകിലോടുന്നതും അദ്ദേഹം കണ്ടു. ഏതോ ഒരു നിമിഷത്തിൽ ആ പന്ത് ഒരു വലിയ കറുത്ത തൊപ്പിയായിമാറി കുട്ടിയുടെ തലയിൽ ചെന്നിരുന്നു...
അങ്ങനെയാണത്രേ el Sombreron (തൊപ്പിക്കാരൻ) ജനിച്ചത്.
സത്യത്തിൽ el Sombreronനെപ്പറ്റി ഗ്വോട്ടിമാലയിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെയാണ്:
വലിയ കറുത്ത തൊപ്പി വെച്ച ഒരു കുള്ളന്‍റെ രൂപമാണ് സോംബ്രെറോണിന്. ഒരു സംഗീതോപകരണവുമുണ്ടാകും അവന്റെ കൈയിൽ. സന്ധ്യമയങ്ങുമ്പോൾ കഴുതകളെയും തെളിച്ച് അവന്‍റെ രൂപം തെരുവോരങ്ങളിൽ പ്രത്യക്ഷപ്പെടും. ഏതെങ്കിലും സുന്ദരിയായ പെൺകുട്ടി അവന്‍റെ കണ്ണിൽപ്പെട്ടെന്നിരിക്കട്ടെ, അവനുടനെ അവളിൽ അനുരക്തനാകും. തുടർന്ന് അവൻ തന്‍റെ സംഗീതോപകരണം മീട്ടാൻ തുടങ്ങും.
Read More:എഴവകളിൽ​ നിന്നും രക്ഷിച്ച വെളിച്ചം
അവിടുന്നങ്ങോട്ട് പെൺകുട്ടിയിൽ അത്ഭുതകരമായ മാറ്റങ്ങളാണുണ്ടാവുക: അവൾക്ക് ഉറക്കം നഷ്ടപ്പെടും. എപ്പോഴും അവൾ സോംബ്രെറോണിന്റെ മധുരസംഗീതം കേൾക്കാൻ തുടങ്ങും: അവളുടെ ഭക്ഷണത്തിൽ മണ്ണും ചെളിയും കലർന്നിട്ടുണ്ടാകും. . മാത്രമല്ല അവളുടെ തലമുടി താനെ മെടഞ്ഞിട്ടതായും കാണപ്പെടും; ആരും കാണാതെ സോംബ്രെറോൺ മെടഞ്ഞിട്ടു കൊടുക്കുന്നതാണ് അവളുടെ മുടി.
ഒരു പെൺകുട്ടിയിൽ ഇത്രയും മാറ്റങ്ങളുണ്ടായാൽ പിന്നെ ഒരേയൊരു വഴിയേയുള്ളൂ. അവളുടെ മുടി മുറിച്ചെടുത്ത് പാതിരിയുടെയടുത്ത് കൊണ്ടുപോവുക. പാതിരി പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ മുടി കൊണ്ടുപോയി. പെൺകുട്ടിയുടെ മുറിയുടെ ജാലകത്തിനടുത്തുവെക്കുക. തൊപ്പിക്കാരൻ ആ വഴി പിന്നെ വരികയേയില്ല.
ഈ ഐതിഹ്യത്തിലെ തൊപ്പിക്കാരന്‍റെ ജനനത്തെപ്പറ്റിയുള്ള ഐതിഹ്യം മെനഞ്ഞെടുക്കുകയാണ് അസ്തൂറ്യാസ് ചെയ്തത്.
ഗുളികനെ എനിക്കറിയാമായിരുന്നു. എന്നാൽ അവനെങ്ങനെയാണ് ഉണ്ടായതെന്ന് അറിയുകയുമില്ലായിരുന്നു. തൊപ്പി വെച്ച ഗുളികൻറെ ജനനകഥ അസ്തൂറ്യാസ് എനിക്ക് പറഞ്ഞു തന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.