/indian-express-malayalam/media/media_files/uploads/2017/06/raj-1.jpg)
കണ്ണൂരിലെ ഒരു നാട്ടിന്‍ പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ചെറുപ്പത്തില്‍, സ്കൂള്‍ വിട്ടു വന്നാല്‍, ആഴ്ചയിലൊരിക്കല്‍ വൈകിട്ട് റേഷന്‍ വാങ്ങാന്‍ പോകേണ്ടിവരും. അയല്‍വക്കത്തെ വീട്ടിലേക്ക് അന്നിറങ്ങുന്ന മംഗളമോ മനോരമയോ മനോരാജ്യമോ വാങ്ങിവരാന്‍ പൈസ തന്നു വിടും. തിരികെ വരുമ്പോള്‍ സഞ്ചി തലയില്‍ വച്ചോ തൂക്കിപ്പിടിച്ചോ, പേജുകളില്‍ ഇരുട്ട് പരക്കും മുന്‍പ്, വാരിക വായിച്ചു തീര്‍ക്കണം. അപ്പര്‍ പ്രൈമറി മുതല്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കിട്ടിത്തുടങ്ങി; മഹച്ചരിതമാല പോലുള്ള സീരീസുകളൊക്കെ. പഠനത്തില്‍ വിട്ടുവീഴ്ച കാട്ടാന്‍ ഇടയില്ലെന്നും പരന്ന വായന നല്ലതെന്നും ബോദ്ധ്യമുള്ള അമ്മ, പതിയെ, അരികത്തെ ജനകീയ വായനശാലയില്‍ ചെന്ന് മാതൃഭൂമിയും കലാകൗമുദിയും വായിക്കാന്‍ അനുവാദം തന്നു. അങ്ങനെ സാഹിത്യ വാരഫലത്തിന്റെ പേജിനായി കാത്തിരിപ്പായി. ക്രമേണ ലൈബ്രറി അംഗത്വമെടുത്തു. പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ താല്പര്യം കൊണ്ട് ഒരിക്കല്‍ ലൈബ്രേറിയന്‍ ജോലി കിട്ടിപ്പോയ ഒഴിവില്‍ പുസ്തകങ്ങളുടെ താല്‍ക്കാലിക കാവല്‍ക്കാരനാക്കി. ഒറ്റ വെക്കേഷന് മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്തതില്‍ പാതിയും എണ്‍പതുകളിലെ, പഴയ, സോവിയറ്റ് പ്രസാധനമായിരുന്ന റാഗുദയുടെയും ചിന്ത പബ്ലിക്കേഷന്റേയുമൊക്കെ ആയിരുന്നുവെന്നു മാത്രം. ബാക്കി കോട്ടയം പുഷ്പനാഥ്. അഗതാ ക്രിസ്റ്റി, പൊറ്റക്കാട്, തകഴി ഒക്കെത്തന്നെ.
പ്രീഡിഗ്രിക്ക് പയ്യന്നൂര്‍ കോളേജില്‍ അഡ്മിഷന്‍ എടുത്ത്, ക്ലാസ് തുടങ്ങുന്നതുവരെ ഏതാണ്ട് ഒരുമാസക്കാലം, ഞാനും സുഹൃത്ത് പ്രമോദും ലൈബ്രറിയില്‍ പോയി ഇരിക്കുമായിരുന്നു. വെക്കേഷന്‍ സമയമായതുകൊണ്ട് വേറേ അധികം കുട്ടികളില്ല, ക്യാമ്പസില്‍. ലൈബ്രേറിയനുമായുള്ള ചങ്ങാത്തം സ്ഥാപിച്ച് ആദ്യം വായിക്കുന്ന 'വാരഫലം റെക്കമെന്‍ഡഡ് ബുക്കാ'യിരുന്നു ഹുആന്‍ റൂള്‍ഫോയുടെ 'പേദ്രൊ പാരാമൊ' പരിഭാഷ. രണ്ടുദിവസം കൊണ്ട് അത് വായിച്ചു തീര്‍ത്തതുകൊണ്ട് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ' കൈയില്‍ കിട്ടി. വിലാസിനിയുടെ വിലക്ഷണമായ വിവര്‍ത്തനത്തില്‍ തുടങ്ങിയതെങ്കിലും, കണ്‍ഡെംഡ് എന്ന പോലെ, ഇന്നും വായിക്കുകയോ ഓഡിയോ ബുക്കിലെ ഒരു ഭാഗം കാറില്‍ കേള്‍ക്കുകയോ ചെയ്യുന്നു. ഒറിജിനല്‍ സ്പാനിഷില്‍ വായിക്കണമെന്ന് ബക്കറ്റ് ലിസ്റ്റിലെ ഒന്നാമത്തെ കാര്യം. അതിനായി 'സിയെന്‍ ആഞ്യോസ് ദെ സൊളിദാദ്' വര്‍ഷങ്ങള്‍ക്കു മുന്നേ വാങ്ങി വച്ചിരിക്കുന്നു.
Read More: എം.കൃഷ്ണന്‍ നായര്‍, വായിക്കാതെ പോയ പുസ്‌തകം
അന്നൊക്കെ എന്നെങ്കിലും തിരുവനന്തപുരത്തു പോകാനുള്ളപ്പോള്‍ ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഡേണ്‍ ബുക്ക് ഹൗസില്‍ വൈകീട്ട് ചെല്ലാന്‍ പാകത്തിനുള്ള ഐറ്റിനെററി ആയിരുന്നു; കൃഷ്ണന്‍ നായര്‍ സാറിനെക്കാണാന്‍. വാരികയിലും നേരിട്ടും നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍, പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട്, തപ്പിപ്പിടിക്കാനൊക്കെ ശ്രമിക്കുമായിരുന്നു.
1991ൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍, വീട്ടില്‍ പറയാതെ, മെസ് ഫീയെടുത്ത് പുസ്തകം വാങ്ങിത്തുടങ്ങി. പരീക്ഷയാവുമ്പോള്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ എഴുതാനൊക്കില്ലെന്നതുകൊണ്ട് എങ്ങനെയെങ്കിലുമൊക്കെയാണ് അടച്ചു തീര്‍ക്കുക. അമേരിക്കയില്‍ ജോലിചെയ്യുന്ന സുഹൃത്ത് അഭിലാഷ് നാട്ടില്‍ വരുമ്പോള്‍, എന്നോ അയച്ചുകൊടുത്ത ലിസ്റ്റില്‍ നിന്നും ഒരു കെട്ട് പുസ്തകം കൊണ്ടുവരും. ഈവൊ ആന്ദ്രിച്ചിന്റെ 'ദ ബ്രിജ് ഓണ്‍ ദ ദ്രീന' ബാസ്റ്റോസിന്റെ 'ഐ ദ സുപ്രീം', അസ്തൂറിയാസിന്റെ 'ദ പ്രെസിഡെന്റ്' ഒക്കെ അങ്ങനെ കിട്ടിയതാണ്. പ്രതികള്‍ ലഭ്യമല്ലാത്തവയില്‍ അപൂര്‍വ്വങ്ങളിലൊന്നായ ജൊയാംകി മറഈഷ് ഹോസ (Joao Guimaraes Rosa)യുടെ 'ദ ഡെവിള്‍ റ്റു പേ ഇന്‍ ദ ബാക്ക്‌ലാന്‍ഡ്സ്' എന്ന പുസ്തകം കൈയില്‍ കിട്ടിയെങ്കിലും അരസിക വിവര്‍ത്തനമായതുകൊണ്ട് വായന ക്ലേശകരമായിരുന്നു.
സോഷ്യല്‍ മീഡിയ സമാനമനസ്കരായ വായനക്കാരെ കണ്ടെത്താന്‍ സഹായകരമാണ്. ജോലിത്തിരക്കുകളുടേയും റുട്ടീനുകളുടേയും നൈരന്തര്യത്തില്‍ നിന്നു പുറത്തു കടന്ന്‍ വായന സജീവമാക്കാന്‍ അത് സാഹചര്യമൊരൊക്കുന്നുണ്ട്. വാട്ട്സാപ്പിലുള്ള ചെറിയൊരു കൂട്ടായ്മയില്‍ മൂന്നുനാലുപേരുള്ളതില്‍ ആരെങ്കിലും പുതിയ പുസ്തകങ്ങളോ റിവ്യുവോ കണ്ടെത്തുകയും ഏറെക്കുറെ ഒന്നിച്ചു തന്നെ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നുമുണ്ട്.
Read More:എഴവകളിൽ നിന്നും രക്ഷിച്ച വെളിച്ചം
അടുത്തിടെ വായിച്ചതില്‍ ശ്രദ്ധേയരായിത്തോന്നിയത് എല്‍ സല്‍വദോറില്‍ നിന്നുമുള്ള ഒറാസിയോ കാസ്റ്റെയാന്നോഷ് മോജ (Horacio Castellanos Moya), ചിലിയനായ അലെഹാന്‍ദ്രോ സാംബ്‌ര (Alejandro Zambra) എന്നിവരാണ്.
'മൈ ഡോക്യുമെന്റ്സ്' എന്ന കഥാസമാഹാരത്തിലൂടെയും 'ദ പ്രൈവറ്റ് ലൈവ്സ് ഓഫ് ട്രീസ്, വേയ്സ് ഓഫ് ഗോയിങ് ഹോം, ബോണ്‍സായ്' (സിനിമയായിട്ടുണ്ട്) എന്നീ നോവലുകളിലൂടെയുംപ്രശസ്തനായ സാംബ്‌രയുടെ പുതിയ പുസ്തകമായ 'മള്‍ട്ടിപ്പ്ള്‍ ചോയ്സ്' പരമ്പരാഗത നോവല്‍ ഘടനയില്‍ നിന്നു മാറി ചോദ്യോത്തര രൂപത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് ചിലിയില്‍ യൂനിവേഴ്സിറ്റിയിലേക്ക് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ഒരു പരീക്ഷ ജയിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. പിനോഷെയുടെ ഫാഷിസ്റ്റ് ഭരണകാലത്ത് യുവാവായ താന്‍ നേരിട്ട ആ പരീക്ഷയുടെ ചോദ്യപ്പേപ്പറിന്റെ ഘടനയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്.
Read More: "മോക്ഷ"ത്തിലേയ്ക്കുളള വഴികൾ
വേറിട്ട വാക്ക് ഒഴിവാക്കല്‍, വാക്യങ്ങളുടെ ഘടന, വിട്ടുപോയത് പൂരിപ്പിക്കുക, ചേരാത്ത വാക്യമേത്, ഖണ്ഡികാ പാരായണം എന്നീ അഞ്ച് സെക്ഷനുകളായിട്ടാണ് 90 ചോദ്യങ്ങളുള്ള പുസ്തകം വിഭജിക്കപ്പെട്ടിരിക്കുന്നത്. വെറും വായനയില്‍ ഓടിച്ചു നോക്കി വിടാമെങ്കിലും പുസ്തകം ആവശ്യപ്പെടുന്നത് ഉത്തരങ്ങളുടെ സെന്‍സറിങ്ങ് ആണ് എന്ന് മനസ്സിലാവും. സത്യമെന്ന് നമുക്കു ബോദ്ധ്യമുള്ള ഉത്തരമെഴുതണോ അതോ അധികാരികള്‍ കാംക്ഷിക്കുന്നതും മുഖ്യധാരയിലേക്ക് പ്രൊജെക്റ്റ് ചെയ്യപ്പെടുന്നതുമായ തെറ്റ് തെരഞ്ഞെടുത്ത് പരീക്ഷ പാസാകണോ എന്നതാണ് ശങ്കയുണ്ടാക്കുക. ഏകാധിപത്യ വ്യവസ്ഥിതിയില്‍ പരീക്ഷകള്‍ മാത്രമല്ല ചരിത്രമെന്നതും സത്യമെന്നതും, കലയും സാഹിത്യവും സിനിമയുമൊക്കെയും എങ്ങനെയിരിക്കണമെന്നാണ് ഭരണകൂടം നിഷ്കര്‍ഷിക്കുന്നത് എന്നത് വ്യംഗ്യം. തനിക്കു നേരിട്ടു ബോദ്ധ്യമുള്ള ശരികളുടെ വീര്‍പ്പുമുട്ടിക്കലുകളില്‍നിന്നൊഴിഞ്ഞ്, ഭരണകൂടത്തിന് അനഭിമതമാവാന്‍ സാധ്യതയുള്ള തന്റെ നേരുകളെ, ഉത്തരമെഴുതുന്നയാള്‍ സെന്‍സര്‍ ചെയ്യണം; പരീക്ഷ ജയിക്കുകയും ഉപരിപഠനത്തിനു യോഗ്യത നേടുകയും വേണം.
നോവലില്‍ മിക്കപ്പോഴും ചോദ്യങ്ങളാണ് ഉത്തരം; ഉത്തരങ്ങള്‍ മനസ്സാക്ഷിയോടുള്ള ചോദ്യങ്ങളും. അനുസരണയുള്ളവരും ചരിത്രത്തെ തമസ്കരിക്കാന്‍ തയ്യാറുള്ളവരും മാത്രം ഉപരിപഠനം നടത്തിയാല്‍ മതിയെന്ന രീതിയിലാണ് പരീക്ഷ. രസകരങ്ങളും ആക്ഷേപഹാസ്യ മേമ്പടിയുള്ളവയുമായ ചോദ്യോത്തരങ്ങളുണ്ട്; ഭീതിദവും നൊസ്റ്റാള്‍ജിയ നിറഞ്ഞവയുമായ വിവരണങ്ങളുമുണ്ട്‍. ഭരണകൂടം ഒളിപ്പിച്ചു വച്ച കൗശലം നിറഞ്ഞ കുടില ബുദ്ധിയുമുണ്ട്. മരണമോ കാരാഗൃഹമോ അതോ ജീവിതമോ തെരഞ്ഞെടുക്കേണ്ടതെന്ന അസന്നിഗ്ധതയുടെ സന്ദേഹവുമുണ്ട്. ജീവിതം കലയേക്കാള്‍, കഥകളെക്കാള്‍ അബ്സേര്‍ഡ് ആവുന്ന സാഹചര്യം!
ഓര്‍മ്മകളെ മായ്ച്ചുകളയുന്നതിനെക്കുറിച്ച്, മകനോടുള്ള ഒരച്ഛന്റെ ഏറ്റു പറച്ചില്‍ പോലെ, ഒരു ഖണ്ഡമുണ്ട്. മാതാപിതാക്കളെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, സംഭവങ്ങളെ, ബാല്യത്തെ, വേദനകളെ, മരിച്ചുപോയവരെ, സ്നേഹിച്ചവരെ, സ്നേഹിക്കാത്തവരെ- ആരെയൊക്കെയാണ് മായ്ച്ച് ഇല്ലാതാക്കാനാവുക? ജീവിതത്തെ ഒരു സിനിമയുടെ റീല്‍ ഓടിക്കുന്നതു പോലെ സന്തോഷങ്ങളിലേക്ക് റിവൈന്‍ഡ് ചെയ്യാനും ദു:ഖങ്ങളെയും വേദനകളെയും ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്യാനും, മായ്ക്കാന്‍ പറ്റാത്തവയെ സ്ലോ മോഷനില്‍ കാണുവാനോ, ഫ്രീസു ചെയ്യാനോ, സ്പീഡില്‍ ഓടിച്ചുവിടുവാനോ സാധിക്കുമോ?
Read More: ഗുളികനും തൊപ്പിക്കാരനും
ബഹുദൂരമകലെ, മറ്റൊരിടത്ത്, കസേരയുടെ സുഖസുഷുപ്തിയിലിരുന്ന്, രാഷ്ട്രീയ- ഭൂമിശാസ്ത്രപരങ്ങളായ വ്യത്യസ്തകളുള്ള, ചരിത്രമറിയാത്തതോ അറിയാമെങ്കിലും അകന്നുനില്‍ക്കുന്നവരോ ആയ, നമ്മെപ്പോലുള്ള വായനക്കാരന് തനിക്കിഷ്ടമുള്ള രീതിയില്‍ ഈ നോവലിന്റെ വായന പൂര്‍ത്തിയാക്കാം. സ്വയം രചയിതാവാവാം. ചരിത്രത്തില്‍ നിന്നും ഭൂതകാലം നല്‍കുന്ന സുരക്ഷിതമായ അകലം പാലിച്ച് നിശബ്ദനുമാവാം. നോവലിലെ സംഗതികളോട് താദാത്മ്യം പ്രാപിച്ച്, ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റയുത്തരം മാത്രം മതിയെന്നു തീരുമാനിക്കുന്ന ഭരണകൂടം പതിറ്റാണ്ടുകളോളം ചിലിയിലെ ജനതയോടു ചെയ്ത കാര്യങ്ങളെയോര്‍ത്ത്, വിറങ്ങലിക്കാം.
ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെ ജനങ്ങളെ കണ്ടീഷന്‍ ചെയ്യുന്നതിനെക്കുറിച്ചും സ്വേഛാധിപത്യം സത്യങ്ങള്‍ നിര്‍മ്മിച്ച് ചരിത്ര രചന നടത്തുന്നതിനെക്കുറിച്ചുമുള്ള ഗാഢമായ ധ്യാനമാണ് ഈ കൃതി. കഴിഞ്ഞവര്‍ഷം വായിച്ചതില്‍ ഏറ്റവും മികച്ച പുസ്തകം.
കടുത്ത ഗാര്‍സിഅ മാര്‍ക്കേസ് ഫാനായ ലേഖകൻ വയനാട് വൈത്തിരിയില്‍ ക്ലിനിക് നടത്തുന്നു. സ്പാനിഷ് സാഹിത്യം, സിനിമ, റഷീദ് ഖാന്‍, ലോങ് ഡ്രൈവുകള്‍, എഴുത്ത് എന്നിവയിൽ താൽപര്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.