മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ എല്ലാവരും രമണി ടീച്ചറോടു പറഞ്ഞു ‘ടീച്ചറൊരു പുലിയാണ് കേട്ടൊ’ എന്ന്. എന്നാല്‍ പിന്നെ അപ്പറഞ്ഞത് നേരില്‍ കാണിച്ചുകൊടുക്കാമെന്ന് ടീച്ചറും കരുതി. അങ്ങനെയാണ് രമണി ടീച്ചര്‍ ഓണാഘോഷ സമാപന ചടങ്ങിന്റെ ഭാഗമായി തൃശൂരില്‍ നടത്തിയ പുലിക്കളിയില്‍ പുലിവേഷം കെട്ടുന്നത്.

Ramani Teacher

‘വല്ലാത്തൊരു അനുഭവമായിരുന്നു. സത്യത്തില്‍ വേറെ ലോകത്ത് എത്തിയതു പോലെയായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ മുമ്പ് പുലിക്കളി നേരില്‍ കണ്ടിട്ടില്ല. ടിവിയില്‍ ലൈവ് കാണിക്കുമ്പോള്‍ കാണാറുണ്ട് എന്നേയുള്ളൂ. പക്ഷെ കഴിഞ്ഞ വര്‍ഷം മൂന്നു സ്ത്രീകള്‍ ആദ്യമായി പുലിവേഷം കെട്ടി എന്നു കേട്ടപ്പോള്‍ സന്തോഷവും, ഒപ്പം എനിക്കു സാധിച്ചില്ലല്ലോ എന്ന നിരാശയുമായിരുന്നു. അവര്‍ മൂന്നു പേരും വിങ്‌സ് എന്ന സ്ത്രീ സംഘടനയിലെ അംഗങ്ങളാണ്. ഇത്തവണ പുലിക്കളിക്ക് താത്പര്യമുള്ള സ്ത്രീളെ അന്വേഷിച്ചപ്പോള്‍ ആദ്യം ‘യെസ്’ പറഞ്ഞത് ഞാനാണെന്നു തോന്നുന്നു.’ വിങ്‌സ് എന്ന വനിതാ സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് കൂടിയാണ് രമണി ടീച്ചര്‍.

കോട്ടായി പരുത്തിപ്പുള്ളി ബൊമ്മണ്ണൂര്‍ യുപി സ്‌കൂളിലെ പ്രധാനാധ്യാപിക സ്ഥാനത്തു നിന്ന് വിരമിച്ചതേയുള്ളൂ. 33 വര്‍ഷത്തെ സേവനത്തിനൊടുവില്‍ വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അന്ന് ടീച്ചറെ തേടി ദേശീയ അധ്യാപക പുരസ്‌കാരം എത്തുന്നത്. 56 വയസുണ്ട് രമണി ടീച്ചര്‍ക്ക്. പക്ഷെ പ്രായം വെറുമൊരു അക്കം മാത്രമാണെന്നാണ് ടീച്ചര്‍ പറയുന്നത്.

തൃശൂരിലെ ഓണാഘോഷത്തിന്റെ അവസാനവാക്കാണ് ഈ പുലികളും പുലിക്കൊട്ടും. ഇത്തവണ കോട്ടപ്പുറം ദേശം പുലിക്കൊട്ടിനും സ്ത്രീകള്‍ രംഗത്തിറങ്ങിയിരുന്നു. കേരളത്തിന്റെ 200 വര്‍ഷത്തെ പുലിക്കളിയുടെ ചരിത്രമാണ് ഈ പെണ്‍പുലികള്‍ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ തവണ വിനയ, സക്കീന, ദിവ്യ ദിവാകരന്‍ എന്നീ മൂന്നു പെണ്‍പുലികളായിരുന്നെങ്കില്‍ ഇക്കുറി 10 പെണ്‍പുലികളായിരുന്നു ഉണ്ടായിരുന്നത്. അതിലെ സീനിയര്‍ പുലി രമണി ടീച്ചറും.

Ramani Teacher

പുലിവേഷം കെട്ടി മണിക്കൂറുകളോളം നിൽക്കുക എന്നത് കുറച്ച് ആയാസകരമാണെന്നാണ് രമണി ടീച്ചർ പറയുന്നത്. രാവിലെ എട്ടുമണിക്കാണ് വേഷം കെട്ടലൊക്കെ തുടങ്ങിയത്. ആദ്യം മെയ്യഴക്. പിന്നെ ഷോർട്സും ദേഹത്തോട് ചേർന്നു കിടക്കുന്ന വസ്ത്രവും തരും. അതിനു പുറത്താണ് പെയിന്റടിക്കുന്നത്. പെയിന്റ് വലിയുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടു തോന്നുമെങ്കിലും ഇതൊക്കെ ആസ്വദിച്ചെന്നു രമണി ടീച്ചർ പറയുന്നു.

എന്തിനാണ് നമ്മള്‍ സ്ത്രീകള്‍ ഇതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നത് എന്നാണ് രമണി ടീച്ചര്‍ ചോദിക്കുന്നത്. ‘തന്റേടത്തോടെ തന്റെ ഇടം കണ്ടെത്തുക. പുലിക്കളിയിലൂടെ പെണ്‍പുലികള്‍ രംഗത്തെത്തിയത് ഒരു തരം സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. ഒരു രംഗത്തു നിന്നും സ്ത്രീകള്‍ മാറി നില്‍ക്കേണ്ട ആവശ്യമില്ല. നമുക്കെന്താ ആരോഗ്യമില്ലേ? പുരുഷനെക്കാള്‍ കഴിവുണ്ട് നമുക്കെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവസരങ്ങളുടെ അഭാവമാണ് സ്ത്രീകളെ പുറകിലേക്ക് മാറ്റി നിര്‍ത്തുന്നത്. അപ്പോള്‍ നമ്മള്‍ നമ്മുടെ ഇടം പിടിച്ചെടുക്കുക തന്നെ വേണം. മറ്റുള്ളവര്‍ എന്തു പറയും സമൂഹം എന്തു കരുതും എന്നൊന്നും ചിന്തിക്കാതെ സ്ത്രീകള്‍ മുന്നോട്ടു വരണം. അതിന് കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്.’ രമണി ടീച്ചര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും രണ്ടു പെണ്‍മക്കളും കൂടെ തന്നെയുണ്ട്. പുലിക്കളി കാണാന്‍ പോയെങ്കിലും മഴ കാരണം ഭര്‍ത്താവിന് പകുതിക്ക് വച്ച് തിരിച്ചു പോരേണ്ടി വന്നെന്ന് ടീച്ചര്‍.

Ramani Teacher, Pulikkali

രമണി ടീച്ചറെ കൂടാതെ വിങ്‌സിന്റെ മറ്റൊരു സാരഥി കമലം രാജനും പുലി വേഷം കെട്ടിയിരുന്നു. രണ്ടു പുലികളും പാലക്കാട്ടുകാരാണ്. പുരുഷന്മാര്‍ മാത്രം വിഹരിച്ചിരുന്ന ആഘോഷയിടങ്ങളും പൊതു സ്ഥലങ്ങളും തങ്ങളുടേതു കൂടിയാണെന്നു വിളിച്ചു പറയുകയാണിവര്‍ ചെയ്യുന്നത്. പുലികളാകാനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ ഒരുമാസം മുമ്പേ തുടങ്ങിയിരുന്നു. പുലികളുടെ താളവും വേഗവും മനസിലാക്കാന്‍ തൃശൂരില്‍ നടന്ന ക്ലാസില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പുലിക്കളിയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടു വരിക എന്നത് വിങ്സിൻറെ ആശമായിരുന്നു. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്ത്രീകൾ ഈ മേഖലയിലേക്ക് വരുന്നത്. പൊതു ഇടങ്ങളും പൊതു ആഘോഷങ്ങളും സ്ത്രീകളുടേതുകൂടി ആണെന്ന് വിളിച്ചു പറയുക എന്നതു തന്നെയാണ് ഇതിൻറെ ഉദ്ദേശമെന്ന് കഴിഞ്ഞ വർഷത്തെ പുലി ദിവ്യ ദിവാകരൻ പറയുന്നു. ‘2015ൽ ടിവിയിൽ പുലിക്കളി കണ്ടു കൊണ്ടിരിന്നപ്പോഴാണ് അക്കാര്യം ശ്രദ്ധയിൽ പെട്ടത്. കളിക്കുന്നവരിലും കണ്ടു നിൽക്കുന്നവരിലും സ്ത്രീകളില്ല. അപ്പോൾ തന്നെ വിങ്സിൻറെ സംസ്ഥാന പ്രസിഡൻറ് വിനയയെ വിളിച്ചു വിഷയം അവതരിപ്പിച്ചു. അടുത്ത വർഷം മുതൽ സ്ത്രീകളും ഇറങ്ങുമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. എന്നാൽ വിഷയത്തോടടുത്തപ്പോൾ പലർക്കും കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. എല്ലാവരും സാധാരണക്കാരായ സ്ത്രീകളാണ്. ഒടുവിൽ ഞാനും സക്കീനയും വിനയയും ഇറങ്ങാമെന്നു തീരുമാനിച്ചു.’

അടുത്ത വർഷം മുതൽ ഈ രംഗത്ത് കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നാണ് ദിവ്യ പറയുന്നത്. ‘തൃശൂർ സ്വദേശികളായ കുറേ സ്ത്രീകൾ ഇത്തവണ ഞങ്ങളോട് പറഞ്ഞിരുന്നു അടുത്ത വർഷം അവരും പുലിവേഷം കെട്ടുമെന്ന്. അതുതന്നെയാണ് ഇതിൻറെ പ്രധാന നേട്ടം. സ്ത്രീകൾ എല്ലാ രംഗത്തും എത്തണം. കഴിഞ്ഞ വർഷം ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ വലിയ പിന്തുണയാണ് ഞങ്ങൾക്ക് ലഭിച്ചത്. രെഹനാ ഫാത്തിമയുമുണ്ടായിരുന്നു പുലിവേഷം കെട്ടാൻ. 250 വർഷത്തെ ചരിത്രമാണ് അന്നു ഞങ്ങൾ തിരുത്തിയത്.’ അഭിമാനത്തിൻറെ സ്വരമായിരുന്നു അത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ