എം സുകുമാരൻ എന്ന ഏകാകിയെ ഞാൻ കാണുന്നത് ‘പിതൃതർപ്പണം’ എന്ന അദ്ദേഹത്തിന്‍റെ രചനയെ അടിസ്ഥാനപ്പെടുത്തിയുളള എന്‍റെ  സിനിമാ സ്വപ്നങ്ങളുമായിട്ടായിരുന്നു. ആ രചനയുടെ അടിസ്ഥാനത്തിലാണ് ‘മാർഗം’ എന്ന ഞങ്ങളുടെ സിനിമ രൂപം കൊണ്ടത്. എന്‍റെ  കൂട്ടുകാരനായ ചന്ദ്രസേനൻ വഴിയാണ് ഞാൻ അദ്ദേഹത്തിനടുത്തേയ്ക്ക് എത്തുന്നത്. അത് ഏതാണ്ട് 24 വർഷം മുമ്പ് 1994ലാണ്. അതായത് ‘പിൃതർപ്പണം’ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് രണ്ട് വർഷത്തോളമായിട്ടുണ്ടാകും. അന്ന് തുടങ്ങിയ ബന്ധമാണ് സുകുമാരനുമായി എനിക്കുളളത്.

മാര്‍ഗം

സിനിമ കഴിഞ്ഞാണ് ബന്ധം കൂടുതൽ ശക്തമായത്. അദ്ദേഹം അധികം സംസാരിക്കില്ല. എന്നാൽ,  സിനിമാ രംഗത്തെ കുറിച്ച്  എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം: മുറിയിൽ നിന്ന് അധികം ഇറങ്ങില്ലെങ്കിൽ പോലും മാധ്യങ്ങളിൽ കൂടി. നമ്മളേക്കാൾ കൂടുതൽ​ സിനിമകൾ​ കാണുമായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം തിയേറ്ററുകളിൽ പോയി സിനിമ കണ്ടാലും ആർക്കും അദ്ദേഹത്തെ അറിയാനാകില്ലായിരുന്നു. കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങൾ​ സുലഭമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മുഖം പരിചിതമായിരുന്നില്ല.  എനിക്ക് വളരെയധികം സ്നേഹബന്ധം ഉളള വ്യക്തിയാണ് അദ്ദേഹം. നെതർലൻഡസില്‍ നിന്നു വരുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ പോയി കാണാറുണ്ട്. ഇത്തവണ ഡിസംബറിൽ ഞാൻ നാട്ടിൽ വന്നു. എന്നാൽ മാർച്ച് 13 വരെ അദ്ദേഹത്തെ കാണാൻ പോകാൻ പറ്റിയില്ല. പല വിധ ആവശ്യങ്ങളാൽ ഞാൻ ഓട്ടത്തിലായിരുന്നു. അതിനിടിയിൽ അദ്ദേഹം ആശുപത്രിയിലായി. പിന്നീട് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി.  അദ്ദേഹത്തിന്റെ അയൽവാസിയും സന്തതസഹചാരിയും  ചെറുകഥാകൃത്ത് കൂടിയായ സി അനൂപ് പറഞ്ഞ് വിവരം അറിഞ്ഞിരുന്നു.

ആ നിലാപ്പൂച്ചിരി നാല് രാവുകൾക്ക് മുന്പ് നേരിട്ട് ഉൾക്കൊള്ളാനുള്ള ഭാഗ്യം കിട്ടി.

നാല് ദിവസം മുമ്പ് അദ്ദേഹത്തിന്‍റെ  ഫ്ലാറ്റിൽ ഞാനെത്തിയപ്പോൾ​ രാത്രിയായി. ഏഴര മണിയായിരിക്കും. വെറുതെ ഒന്ന് കയറി നോക്കാം എന്ന് കരുതി ഓട്ടോയിൽ പോയി, ഓട്ടോക്കാരനെ നിർത്തി വീട്ടിൽ കയറി. സ്ഥലത്തുണ്ട്, ഓട്ടമാണ്, ഇനി വടക്കോട്ട് പോയി വന്നിട്ട് വിശദമായി കണ്ടു കൊള്ളാമെന്നു് അദ്ദേഹത്തിന്‍റെ  ഭാര്യയോടും മകളോടും പറയാൻ പോയതാണ്. തിരുവനന്തപുരം കിഴക്കേകോട്ട പ്രശാന്ത് നഗറിലെ ഫ്ലാറ്റിലെത്തി ഡോർ ബെല്ലടിച്ച്  സഹധർമ്മിണി വാതിൽ തുറന്നപ്പോൾ സ്വീകരണമുറിയിൽ ഒരു കട്ടിലിൽ അദ്ദേഹം തന്നെ.

ആംഗ്യ ഭാഷയിൽ അകത്തേക്ക് ക്ഷണിച്ച് ഇരിക്കാൻ പറഞ്ഞു. സഹധർമ്മിണി രോഗവിവരങ്ങൾ പറഞ്ഞു. വെന്റിലേറ്ററിൽ ആറ് ദിവസം കിടന്നതടക്കം.

കണ്ഠനാള congestion കാരണം അദ്ദേഹം മൗനിയായിരുന്നു. ഇടക്ക് മകളും കൊച്ചു മകനും വന്ന് അഭിവാദ്യം. പിന്നെ അവർ മൂവരും അകത്തേയ്ക്ക് എന്തിനോ പോയപ്പോൾ ഞാനായി മൗനി. അപ്പോൾ വീണ്ടും ആംഗ്യ ഭാഷ, dubbing ആവശ്യപ്പെടുന്ന അധര ചലനം.എന്റെ നിശബ്ദത മുറിച്ചുകൊണ്ട്   “സംസാരിക്കാനേ ബുദ്ധിമുട്ടുളളൂ, കേൾക്കാനില്ല”, എന്ന് ചിരിയോടെ ചുണ്ടനക്കി, ആംഗ്യം കൊണ്ട് എന്നോട് പറഞ്ഞു. എപ്പോഴും ആ മുഖത്ത് ചിരികാണും, ഏത്ര വേദനയിലും മായാത്ത ഒരു ചിരി. ആരോടും പരാതിയില്ല.

തുടർന്ന് ഏതാണ്ട് മുക്കാൽ മണിക്കൂർ ഞാൻ സംസാരിച്ചു!

ചില കാര്യങ്ങളൊക്കെ ചുണ്ടനക്കി ചോദിച്ചു. നമ്മുടെ ‘മാർഗ’ത്തിൽ​ വർക്ക് ചെയ്ത വരെ പറ്റിയും മറ്റുമൊക്കെ. അതെല്ലാം ആസ്വദിച്ച് വീണ്ടും കാര്യങ്ങളെ കുറിച്ചും, ആളുകളെ കുറിച്ചുമുള്ള അധരചലനം. അവയ്ക്കുത്തരമായി തമ്പ് 40 നെ പറ്റിയും പറയാനിടയായി. വാർത്താമാദ്ധ്യമ കുതുകി ആയിരുന്ന അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു.

ഞാൻ കണ്ടിട്ടിട്ടുളളതിൽ വച്ചതിൽ ഏറ്റവും വലിയ മനുഷ്യരിലൊരാളാണ് സുകുമാരൻ. അരവിന്ദൻ ചേട്ടൻ, ഡോ. എസ് പി രമേഷ് എന്നിവരെപ്പോലെ ഒരു മനുഷ്യൻ.

എസ് പി. രമേഷും അൻവറും ഞാനും കൂടെ ചേർന്നാണ് ‘പിതൃതർപ്പണ’ത്തിനെ ‘മാർഗ’മാക്കിയ തിരക്കഥയെഴുതിയത്. ആ കഥയിൽ എന്തുവേണമെങ്കിലും ചെയ്തോളൂ എന്ന് സുകുമാരൻ പറഞ്ഞിരുന്നു. യാതൊരു ഈഗോയും അദ്ദേഹത്തിനെ തൊട്ടു തീണ്ടിയിട്ടില്ല. തിരക്കഥയും സിനിമയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ  കിട്ടിയെങ്കിലും ‘വളരെ നന്നായി’ എന്ന് അദ്ദേഹം പറഞ്ഞതാണ് എനിക്കുളള ഏറ്റവും വലിയ അവാർഡ്. വലിയ മനുഷ്യൻ. അരവിന്ദൻ ചേട്ടനോടൊപ്പം  പോക്കുവെയിൽ മുതൽ വാസ്തുഹാര വരെ  ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഡോ. എസ് പി രമേഷും അരവിന്ദൻ ചേട്ടനും എനിക്ക് പിതൃതുല്യരും സുഹൃത്തുക്കളെപ്പോലെയുമായിരുന്നു. അവരുടെ മരണത്തിന് ശേഷം പിതൃതുല്യനും, ഗുരുസ്ഥാനീയനും സുഹൃത്തുമായ മറ്റൊരാളുടെ മരണം.

ഇനി അതുപോലെ വിശേഷം ചോദിക്കാനും അതുപോലെ എനിക്ക് തോന്ന്യാസം കീറാനും സാധിക്കുന്ന വിശാലഹൃദയർ വിരളമായിരിക്കാം. അരവിന്ദൻ ചേട്ടന്‍റെയും, ഡോ രമേഷിന്‍റെ യും തുടർന്ന് മറ്റ് ഒരുപാടു് കൂട്ടുകാരുടെയും ഭൗതിക വേർപാടുകൾക്ക് ശേഷം എന്നെ അതുപോലെ തളർത്തിയ ഒരു രാത്രി.

‘പിതൃതർപ്പണം’ പ്രസിദ്ധീകരിച്ച് രണ്ടുകൊല്ലത്തിനകം പോയി കണ്ടു സിനിമ എടുത്താൽ കൊളളാം എന്ന് പറഞ്ഞ്, പത്തു കൊല്ലം കഴിഞ്ഞാണ് സിനിമയാക്കുന്നത്.

അതിനിടയിൽ ഈ​ കഥ സീരിയൽ ആക്കാനൊക്കെ ചിലർ ശ്രമിച്ചു. സിനിമ വൈകുമ്പോൾ എന്നെ സമാധാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്ത്. “രാജീവ്, വിഷമിക്കേണ്ട സിനിമ ചെയ്തില്ലേലും കുഴപ്പമില്ല,” എന്നായിരുന്നു അദ്ദേഹം എന്നെ സമാധാനിപ്പിച്ചിരുന്നത്.

‘എന്തു പ്രശ്നമുണ്ടേലും ചിരിക്കുകയേയുളളൂ ആ മനുഷ്യൻ. എൻ എഫ് ഡി സി വായ്പ കൊണ്ടാണ് ‘മാര്‍ഗം’ നിര്‍മ്മിച്ചത്‌.

മതവും മതവൽക്കരിക്കപ്പെട്ട രാഷ്ട്രീയ ധാരണകളുമെല്ലാം  പരാമർശിക്കപ്പെടുകയും  വിചിന്തനം ചെയ്യപ്പെടുന്ന കഥയും ചലച്ചിത്രവുമാണത്. വേണുകുമാര മേനോൻ എന്ന റോൾ നെടുമുടി വേണുവിന് സ്റ്റേറ്റ് അവാർഡ്,  ദേശീയതലത്തിൽ പ്രത്യേക പരാമർശം, ക്യൂബയിലെ ഫിലിം ഫെസ്റിവലില്‍ ബെസ്റ്റ് ആക്ടർ അവാർഡ് എന്നിവ നേടികൊടുത്തു.

വ്യവസ്ഥാപിതമാക്കപ്പെട്ട കമ്മ്യൂണിസത്തിന്‍റെ  ക്രൈസിസ് കാണിച്ച ചിത്രം. ആചാരങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയത്തിന്‍റെ യും ഒക്കെ വിമർശനം ആയ കഥയും സിനിമയും. സുകുമാരൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല, ഒരുപക്ഷേ, വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ വിരുദ്ധനായിരിക്കാം.

ഞാൻ പുതിയ സിനിമ എടുക്കാൻ ആലോചിക്കുന്ന കാര്യം അദ്ദേഹത്തിന് അറിയാം. അതിനാൽ​ കൈ കൊണ്ട് “എഴുത്ത് ഏത് വരെയായി” എന്ന് ചോദിച്ചു. യൂറോപ്പിലെ കഥയാണ് എഴുതിയിരിക്കുന്നത്, അങ്ങ് തന്നെ  നിർദേശിച്ചിട്ടാണ് പ്രവാസി അനുഭവകഥകളെഴുതിയത്. അല്ലേ.   പക്ഷേ, കൂടുതൽ പൈസ കിട്ടിയാലേ ആ പടം എടുക്കാനാവൂ. ഇപ്പോഴത്തെ അവസ്ഥയിൽ അത് സിനിമയാക്കാൻ സാധിക്കില്ല എന്ന്  ഞാൻ കുറച്ച് പരിഭവത്തോടെ അദ്ദേഹത്തോട് പറഞ്ഞു.  തലയാട്ടി തുറന്ന ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  അദ്ദേഹത്തിന്  വ്യാഴാഴ്ച ചെക്ക്പ്പിന് പോകേണ്ടതുണ്ട് എന്ന് പറഞ്ഞു.

കൊമേഴ്സ്യൽ സിനിമ ഉൾപ്പടെ എല്ലാം അദ്ദേഹത്തിനറിയമായിരുന്നു. മിക്ക സിനിമകളും  തിയേറ്ററിൽ പോയി കാണുമായിരുന്നു. അദ്ദേഹത്തിന്റെ തിത്തുണ്ണി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് കഴകം എന്ന സംസ്ഥാന അവാർഡ് നേടിയ  ചിത്രമെടുത്ത എം പി സുകുമാരൻനായരെ വന്നിട്ട് കണ്ടിരുന്നോ എന്ന് ചോദിച്ചു. ഏറ്റവും അടുത്ത് കണ്ടത്   ക്യാമറാമാൻ മോഹനൻ​  ഒരു പുതിയ പടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു സുകുമാരൻ നായരെ കണ്ടതെന്ന് പറഞ്ഞു. സുകുമാരൻ നായരുടെ ശയനം എന്ന ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം മോഹനനായിരന്നു.  വേണുവിന്‍റെ  ‘കാർബണി’ന്‍റെ  ക്യാമറ ചെയ്തത് മോഹനനാണ്. അതെല്ലാം എം സുകുമാരന് അറിയാമായിരുന്നു.  ‘ആട് ജീവിതം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് മോഹനൻ എത്തിയെന്ന കാര്യം  അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്. താൽപര്യമുളള ​കാര്യങ്ങളും വിഷയങ്ങളും അനുനിമിഷം പഠിച്ചുകൊണ്ടേയിരുന്നു അദ്ദേഹം. യാതൊരു മോഹങ്ങളുമില്ലാത്ത, ആരോടും പരിഭവവുമില്ലാത്ത വലിയ മനുഷ്യൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ