കാലം ചെറുതാക്കിക്കളയുന്ന ചില അനുഭവങ്ങളുണ്ട്. പഠിച്ച വിദ്യാലയത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പോകുമ്പോള്‍ ഓര്‍മ്മകളില്‍ വല്ലാതെ നീണ്ടുകിടന്നിരുന്ന അതിന്റെ ഇടനാഴികള്‍ ഇത്രയും ചെറുതായിരുന്നുവോ എന്നു സംശയം തോന്നും. മാനംമുട്ടെ ഉയര്‍ന്നുനിന്നിരുന്ന കുന്നുകള്‍ വാമനന്മാരായി തല താഴ്ത്തിനിൽക്കുന്നു. പുഴകള്‍ മെലിയുന്നു. അതിന്റെ കരകള്‍ കൂടുതല്‍ അടുത്തു വരുന്നു. പഴയ ശബ്ദങ്ങളുടെ മുഴക്കം കുറയുന്നു. നാം കടന്നുപോയ ജീവിതത്തിന്റെ തോതുകള്‍ മാറിയതു കൊണ്ടാവാം. നടന്നുവന്ന ചുവടുകള്‍ വലുതായതു കൊണ്ടാവാം.
സാങ്കേതിക വിദ്യയുടെ വികാസം ജീവിതചിത്രീകരണങ്ങളില് എത്ര വേഗമാണ് വലിയ മാറ്റം വരുത്തുന്നത്! കെ.പി. എ.സി യുടെ ഭൂതകാല ത്തെ പരാമര്‍ശിച്ചുകൊണ്ട് മുമ്പ് സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘പങ്കെടുത്തവരും കഥാപാത്രങ്ങളും’ എന്ന കഥയില്‍ ‘പേജര്‍’ എന്ന ഉപകരണമുണ്ടായിരുന്നു. അന്നെഴുതപ്പെട്ട അതിലെ സന്ദര്‍ഭങ്ങള്‍ ഒരു പക്ഷേ, അതിനടുത്ത വര്‍ഷം തന്നെ മാറി. ‘പേജര്‍’ വളരെ കുറച്ചു കാലമേ നമ്മുടെയിടയില്‍ നിലനിന്നിരുന്നുള്ളൂ. അന്നുപയോഗിച്ചിരുന്നവര് പോലും ഇന്ന് അതിനെക്കുറിച്ചോര്ക്കുന്നുണ്ടാവുമോ എന്നറിഞ്ഞുകൂടാ.
ഭൂതകാലത്തെക്കുറിച്ചെഴുതുമ്പോള് പലപ്പോഴും നമുക്കാശ്രയിക്കാവുന്നത് പ്രകൃതിയെയും അതിന്റെ പ്രതിഭാസങ്ങളെയുമാണ്. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ഇതുവരെ. വെയിലും വേനലും മഴയും മഞ്ഞുമൊക്കെ ഏറെക്കുറെ മാാറ്റമില്ലാതെ തുടര്‍ന്നതുകൊണ്ട് പോയ കാലത്തെ ചിത്രീകരിക്കാന്‍ എഴുത്തുകാര്‍ ബുദ്ധിമുട്ടിയിരുന്നില്ല. ഇപ്പോള്‍ പൊടുന്നനെ പ്രകൃതിയിലും വലിയ മാറ്റങ്ങള്‍ വരുന്നു. അതു ക്ഷിപ്രകോപം കാണിക്കുന്നു. അസാധാരണമായി പെരുമാറുന്നു. അത്തരമൊരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു വേണം ഈ കുറിപ്പിനെ കാണുവാന്‍.
ഇക്കഴിഞ്ഞ ജൂലൈ 29 ന് ഈ ചെറിയ ലേഖനം എഴുതുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ, തീവ്രമായിട്ടല്ല; ഒരു കുറിപ്പിലേക്കും അതില്‍ നിന്നുള്ള ഓര്‍മ്മകളിലേക്കും പ്രവേശിക്കാന്‍ മാത്രം പോന്ന മഴ മാത്രം. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ‘Gained in Translation‘ എന്ന കോളത്തിന് വേണ്ടിയാണ് അപ്പോള്‍ മഴയെക്കുറിച്ചെഴുതിയത്. പ്രാദേശികഭാഷയിലെ എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റി പുറത്തുള്ള വായനക്കാര്‍ക്ക് അവരെ പരിചയപ്പെടുത്തുന്ന കോളമാണത്. മുംബെയിലെ മഴക്കാലത്തെപ്പറ്റിയുള്ള ഒരു കേള്‍വിയും എന്റെ ഗ്രാമത്തില്‍ പണ്ടെനിക്കുണ്ടായ പഴയൊരു മഴക്കാല അനുഭവവുമായിരുന്നു ലേഖനത്തിന്റെ വിഷയം.
ലേഖനം അയച്ചതിനു ശേഷം നാട്ടില്‍ മഴ കൂടുതല്‍ പെയ്യാന്‍ തുടങ്ങി. അയച്ചുകൊടുത്ത ലേഖനത്തില്‍ തിരുത്തലുകള്‍ വേണ്ടിവന്നു. ഓരോ ആഴ്ച പിന്നിടുമ്പോഴും മഴ കൂടിവന്നു, ഏറെക്കുറെ ഒരു എഡിറ്ററുടെ ജോലി കൂടി അതു ചെയ്യുന്നുണ്ടെന്നു തോന്നി. ഒടുവില്‍ തിരുത്തുകള്‍ മതിയാക്കി ലേഖനം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. ഒട്ടും മൊഴിമാറ്റം ചെയ്യപ്പെടാത്ത കൊടുംമഴ കേരളത്തിനുമുകളില്‍ ആര്ത്തുപെയ്യുകയായിരുന്നു അപ്പോള്‍. എല്ലാ എഴുത്തുകള്‍ക്കും മുകളില്‍ അതു പെയ്തു. അതിന്റെ പെരുവെള്ളപ്പാച്ചിലില്‍ ജീവിതവും തുച്ഛമായ അതിന്റെ ചിത്രീകരണങ്ങളുമെല്ലാം അപ്രസക്തമാണെന്നു തോന്നി.
എന്നാലും ഇപ്പോള്‍ എളിയ ചെറിയ ചില തിരുത്തുകളോടെ വീണ്ടും ഈ പഴയ മഴക്കുറിപ്പുമായി വായനക്കാരെ സമീപിക്കുന്നു. എഴുതപ്പെട്ടതിനും പ്രസിദ്ധീകരണത്തിനും ഇടയില്‍ ഒട്ടേറെ വെള്ളം ഒലിച്ചുപോയ്ക്കഴിഞ്ഞിരിക്കുന്നു എന്ന ധാരണയോടെത്തന്നെ.
*****
ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയപ്പോള്‍ പണ്ടു കൂടെപ്പഠിച്ചിരുന്ന ഒരു ചങ്ങാതി ചോദിച്ചു: ഇപ്പോള്‍ എവിടെയാണ്? കണ്ടിട്ടു കുറച്ചായല്ലോ. ശരിയാണ്, ഞാന്‍ പറഞ്ഞു. നാട്ടില്‍ നിന്നും സ്ഥലംമാറ്റമായി പോന്നു. മുംബൈയിലായിരുന്നു, പിന്നെ പൂനയ്ക്കു മാറി. എത്ര നാളായി, അയാള്‍ തിരക്കി. കൊല്ലവും തിയ്യതിയും ഓര്‍മ്മിക്കുന്നതിനേക്കാള്‍ എളുപ്പത്തിലുള്ള ഒരു കണക്കു ഞാനപ്പോള്‍ പറഞ്ഞു: മൂന്നു മഴക്കാലം.
അതു കൃത്യവുമായിരുന്നു. പുറംനാട്ടിലാവുമ്പോഴും നാട്ടിലെ മഴകളെ നമ്മള് മനസ്സുകൊണ്ടു പുന്തുടരുന്നുണ്ട്. ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പലേടത്തും കൊടുംമഴ പെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം അണക്കെട്ടുകള്‍ നിറയുകയും ഷട്ടറുകള്‍ തുറക്കുകയുമുണ്ടായി. ഭാരതപ്പുഴയിലെ വെള്ളം, കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ കവിഞ്ഞ് വാഹനങ്ങളെച്ചെന്നു തൊട്ടു വെല്ലുവിളിക്കുന്നതിന്റെ ഒരു വീഡിയോ യൂറ്റിയൂബില്‍ ആരോ പോസ്റ്റു ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആയതുകൊണ്ട് വ്യാജനാണോ എന്നറിഞ്ഞുകൂടാ. ചിലപ്പോള്‍ വെള്ളം, അല്ലെങ്കില്‍ പാലം, അതുമല്ലെങ്കില്‍ വാഹനങ്ങള്‍: ഇവയിലേതെങ്കി ലുമൊരേടത്ത് എഡിറ്റിംഗിനു സാദ്ധ്യതയില്ലാതില്ല. എന്നാലും ദിവസങ്ങളോളം ഒടുങ്ങാത്ത മഴയായിരുന്നു. മണ്ണിടിച്ചലും ഉരുള്‍പൊട്ടലും അനുബന്ധമായുള്ള മരണങ്ങളുമൊക്കെ ഒപ്പം വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരക്കെ അവധി പ്രഖ്യാപിച്ചു കൊണ്ടിരുന്നു. മറ്റെല്ലാ ജില്ലകളിലുമുള്ള അതേ മഴ തന്നെയല്ലേ ഇവിടെയും പെയ്യുന്നത്? എന്നിട്ടും ഇവിടെ മാത്രം എന്തുകൊണ്ട് മുടക്കു പ്രഖ്യാപിക്കുന്നില്ലെന്ന് തൃശ്ശൂരിലെ കുട്ടികള്‍ ചോദിക്കുന്നു. അവധി പ്രഖ്യാപിക്കാന്‍ കരളുറപ്പുള്ള ഒരു കലക്ടറെ തൃശ്ശൂരില്‍ നിയമിക്കണം എന്ന് ഒരധ്യാപകന് തന്നെ തന്റെ ഫേസ്ബുക്കില്‍ എഴുതി.
മുംബൈയിലും അതികഠിനമായിരുന്നു ഇക്കൊല്ലത്തെ മഴ. അതു തീര്‍ന്നിട്ടില്ല. ചില ദിവസങ്ങളില്‍ പെട്ടെന്നു മഴ വന്നുകൂടിയാല്‍ ഗതാഗതം മൊത്തം നിലയ്ക്കും. ഫോര്‍ട്ട് ഭാഗത്തുള്ള ഓഫീസുകളില്‍ത്തന്നെ ജീവനക്കാര്‍ക്കു രാത്രി താമസിക്കേണ്ടി വരും. അവര്‍ക്ക് അതത്ര അപരിചിതമായ കാര്യമല്ല. മുമ്പൊരിക്കല്‍ യാത്രക്കിടയില്‍ തീവണ്ടി ഗതാഗതം പെട്ടെന്നു നിര്‍ത്തിയതും പുറത്തിറങ്ങിയപ്പോള്‍ തോരാമഴയില്പ്പെട്ടു പോയതും സഹപ്രവര്‍ത്തകയായിരുന്ന ഒരു സ്ത്രീ വിവരിച്ചു. അവര്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചു. ഗോരഗാവിലെത്തിയപ്പോഴാണ് തീവണ്ടികള്‍ നിലച്ചത്. അവിടെ നിന്നും മലാഡ് വരെ പോകണം. അടുത്ത സ്റ്റേഷനാണ്, രണ്ടോ മൂന്നോ കിലോമീറ്ററെയുള്ളൂ. പക്ഷേ, വരൂ കാണൂ, തെരുവുകളിലെ വെള്ളം എന്നു പറഞ്ഞതു പോലെ നിവൃത്തിയില്ലാതായി. ഇറങ്ങിയപ്പോള്‍ അരയ്ക്കൊപ്പം വെള്ളമുണ്ട്. തുഴയുന്നതു പോലെ നീങ്ങണം. എങ്ങോട്ടു പോകും? ഒടുവില്‍ ഒരല്പം ദുരത്തേക്കു ചെന്നപ്പോള്‍ ഒരു പരിചയക്കാരന് താമസിക്കുന്ന അപാര്ട്മെന്റു കണ്ടു. അതിന്റെ താഴത്തെ പാര്‍ക്കിംഗ് ഏരിയയിലെല്ലാം വെള്ളം നിറഞ്ഞു കഴിഞ്ഞു. അവര്‍ നടന്നു മുകളിലേക്കു കയറി. കറന്റു നിലച്ചിരുന്നു. മഴ പെയ്തുകൊ ണ്ടേയിരിക്കുന്നു. സമയം ചെല്ലുന്തോറും വെള്ളം പതുക്കെ പ്പതുക്കെ ഉയര്‍ന്നു വന്നു. അത് മേലോട്ട് പൊങ്ങിവരുന്നതോടൊപ്പം അവിടത്തെ താമസക്കാരെല്ലാം തൊട്ടുമുകളിലേക്കു കയറും. അപ്പോള്‍ ഇര തേടി വരുന്ന ഒരു കൂറ്റന്‍ പാമ്പിനെപ്പോലെ വെള്ളം അതേ പടവുകള്‍ ഇഴഞ്ഞുകയറി സാവധാനം ആ നിലയിലേക്കു വരും. പ്രാണഭയം മനുഷ്യരെ അടുത്ത നിലയിലേക്കു പായിക്കും. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു. രക്ഷപ്പെ ടാനുള്ള എല്ലാ വഴികളും അടച്ച് ഇരകളെ ശരിക്കും ഒരിടത്തേക്കു കൊണ്ടുനിര്‍ത്തി പിടികൂടാനെന്നവണ്ണം ജലത്തിന്റെ വിതാനങ്ങള്‍ പിന്നേയും ഉയര്‍ന്നു. മുഴുവന്‍ ജനലുകളിലൂടെയും വാതിലുകളിലൂടെയും അതു കയറിയിറങ്ങി, അകത്തളങ്ങളില്‍ സ്വയം നിറഞ്ഞു, നിര്‍വൃതി കൊണ്ടു. മലയാളി ഈ സന്ദര്‍ഭത്തില്‍ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ (1924) ഓര്‍മ്മിക്കും. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെ ഓര്‍മ്മിക്കും. അവര്‍ കഥ (?) പറയുന്നതു തുടര്‍ന്നപ്പോള്‍, ഒരിക്കലും രക്ഷപ്പെടാന്‍ വഴി തരാത്ത വിധം നാനാദിശകളില് നിന്നും തനിക്കു നേര്‍ക്കു മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ജലസൈന്യത്തിനു മുന്നില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന തകഴിയുടെ കഥയിലെ സാധുമൃഗത്തിന്റെ നിസ്സഹായത എന്റെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. അപാര്‍ട്മെന്റിലെ താമസക്കാരെല്ലാം ടെറസ്സിനു മുകളിലേക്കു പോയി, ബാധ പോലെ കൂടിയ മഴയില്‍ നനഞ്ഞു വിറച്ചു. മരണഭയത്തോടൊപ്പം തന്നെ ഇത്രയും നാള് കൊണ്ട് ഈ നഗരത്തിന്റെ കെണിയില്‍പ്പെട്ടു തങ്ങള്‍ സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചുപോയല്ലോ എന്ന സങ്കടവും എമ്പാടും നിറഞ്ഞു നിന്നു. അന്നേക്കു മൂന്നാം ദിവസമാണ് മഴ പടിയിറങ്ങിപ്പോയത്. തിരിച്ചുപോകുന്നവരെ എതിരേറ്റുകൊണ്ട് തെരുവുകളില്‍ പട്ടികളുടെയും പാമ്പുകളുടെയും ശവങ്ങള് അനാഥമായി കിടന്നു. മലബാര്‍ ഹില്‍സിലെ പാഴ്സി ശ്മശാനത്തിനു മുകളിലെ ആകാശത്തു നിന്നും കഴുകുകള്‍ നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കു പറന്നു വന്നു.
പൂനയില്‍ അങ്ങനെ തീരാമഴയില്ല. ഒന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അത് അനുസരിച്ചേക്കും, വേണമെങ്കില്‍ സ്വല്പം മാറിനില്‍ക്കും. രാത്രി പൂന-ബാംഗ്ലൂര്‍ ദേശീയ പാതയിലൂടെ പോകുന്ന വലിയ ലോറികള്‍ക്കു മുകളില്‍ മഴ ചാഞ്ഞുപെയ്യുന്നതു കാണാം. അതു കാണുമ്പോള്‍ വര്‍ഷക്കാലത്ത് എന്റെ ഗ്രാമത്തിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളെ ഓര്‍മ്മ വരും. പാതയ്ക്കു തൊട്ടുമുന്നിലായി അക്കാലത്തു നെല്‍പാടങ്ങളുണ്ടായിരുന്നു. മഴമാസങ്ങളില്‍ നിറഞ്ഞ വയലുകള്‍ക്കരികിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ ശിരോവെളിച്ചം വെള്ളത്തില്‍ പ്രതിഫലിക്കും. മേഘങ്ങള്‍ വന്നുമൂടി കൂരിരുട്ടാക്കിയ ആകാശത്തിനു കീഴെ, ഒന്നിനു പിറകേ മറ്റൊന്നായി നിശാചാരികളായ പ്രേതങ്ങളുടെ ഘോഷയാത്രയിലെന്ന പോലെ അനേകം വെളിച്ചങ്ങള്‍. കാറ്റടിക്കുമ്പോള്‍ തിരകള്‍ കണക്ക് അവ ഇളകുന്നു. നിഗൂഢമായി ഒച്ച വയ്ക്കുന്നു. പകല്‍ പോകുന്ന വാഹനങ്ങളേയല്ല, രാത്രിയില്‍. രാത്രിക്ക് ഏതൊരു വസ്തുവിനെയും പുതുക്കിപ്പണിയാനുള്ള മാന്ത്രികശേഷിയുണ്ടെന്നു തോന്നും.
മൂന്നു കുന്നുകള്‍ക്കു താഴെയാണ് ഞങ്ങളുടെ നാട്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നതു വരെ ആ കുന്നുകള്‍ക്കു തൊട്ടുതാഴെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നതും. അക്കൊല്ലം മഴയില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടായി. അത്രയും കാലമുണ്ടായിരുന്ന നിലപാടുകളില്‍ നിന്നും മാറിയ വലിയ പാറക്കല്ലുകള്‍ താഴേക്കു പതിച്ചു. അവ വീടുകളെ കടപുഴക്കി മുന്നോട്ടു പോയി. ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂളില്‍ത്തന്നെ നാലു കുട്ടികള്‍ മരിച്ചു പോയിരുന്നു. അടുത്ത മഴയ്ക്ക് ഇനിയും പിടിച്ചു നില്ക്കുന്ന കല്ലുകള്‍ക്കു കൂടി നിലതെറ്റും, അവ നമ്മുടെ വീടുകളെക്കൂടി എടുത്തുകൊണ്ടുപോകും: പേടി കൊണ്ട് ആളുകള്‍ കുന്നിന്റെ താഴ്വാരത്തു നിന്നും കുറേക്കൂടി സമതലത്തിലേക്കിറങ്ങി താമസിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ നമ്മള് കുന്നുകളോടു കുറെക്കൂടി ദൂരം പാലിക്കുന്നു. അവിടെ നിന്നും നോക്കിയാല്‍, കുന്നുകളില്‍ കാറ്റു ബാധിച്ച മരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു കാണാം. മഴ അവയ്ക്കുമേല്‍ ചെരിഞ്ഞു പെയ്യുന്നു. പകല്‍ ചിലപ്പോള്‍ മഴയും വെയിലും ഒരുമിച്ചു വരും, കുറുക്കന്റെ കല്ല്യാണമാണെന്ന് മുമ്പേത്തന്നെ കുട്ടികള്‍ക്കറിയാം. ലോകം മുഴുവനുമുള്ള കുട്ടികള്‍ക്കും കുറുക്കന്മാര്ക്കും ഈ അറിവുണ്ടെന്നുള്ളത് പില്ക്കാലത്ത് കുറോസാവയുടെ ‘ഡ്രീംസ് ‘ കണ്ടപ്പോള്‍ മനസ്സിലായി.
കുന്നുകള്‍ക്കു താഴെത്തന്നെയായിരുന്നു ഞാന്‍ പഠിച്ച സ്കൂളും. ഒരല്പം നീണ്ട ഇടവേള കിട്ടിയാല്‍ ഒരു കുന്നിന്റെയെങ്കിലും മുകളില്പ്പോയി മടങ്ങിവരാം. ആ ഉയരത്തില്‍ ചെന്നുനില്ക്കുമ്പോള് കൂടുതല്‍ ദൂരങ്ങള്‍ കാണാം; ആഴങ്ങളും. നമ്മുടെ നാടും സ്കൂളും വീടുകളും വയലും മനുഷ്യരും റോഡിലൂടെ പോകുന്ന വാഹനങ്ങളുമെല്ലാം എത്രമേല്‍ ചെറുതാണെന്നു മനസ്സിലാക്കാം. ഒക്കെയും വിസ്മയകരമായ കാഴ്ചകളായിരുന്നു. അപ്പോഴെല്ലാം കുന്നിന്റെ തോളിലിരുന്നു ഉത്സവം കാണുന്ന തീരെച്ചെറിയ കുട്ടികളായി മാറുമായിരുന്നു, ഞങ്ങള്‍.
ഒരുപാട് പാവപ്പെട്ട കുട്ടികള്‍ കൂടി പഠിച്ചിരുന്ന സ്കൂളായിരുന്നു അത്. ചിലരെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിനായിട്ടാണ് കുന്നുകയറിയിരുന്നത് എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. ഒരു പക്ഷേ, ദൂരക്കാഴ്ചകള്‍ അവരുടെ വിശപ്പു ശമിപ്പിക്കുന്നുണ്ടാവണം. അടുത്തടുത്ത പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചില പണികള്‍ക്കും കാവലിനുമൊക്കെയായി പോയി നിത്യവൃത്തി കഴിച്ചിരുന്ന കുടുംബങ്ങളില്‍ നിന്നായിരുന്നു ആ കുട്ടികള്‍ വന്നിരുന്നത്. പലപ്പോഴും അവരെല്ലാം പല കാലങ്ങളില്‍ മാറിമാറിവരുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടു. വേനലില്‍ കിണറുപണിക്കു പോകുന്നവന് തന്നെയായിരിക്കും മഴക്കാലത്ത് പാടത്തോ പറമ്പിലോ പണി ചെയ്തിരുന്നത്. ഋതുക്കള്‍ അവരുടെ തൊഴിലിനെ നിര്‍ണയിച്ചു. അത്തരമൊരാള്‍ മഴക്കാലത്ത് കുട നന്നാക്കാനായി വരുമായിരുന്നു. സാമാന്യം ഉയരമുള്ള കറുത്തു മെലിഞ്ഞ മനുഷ്യന്. ജന്മം കൊണ്ടേ വയസ്സനായിത്തീര്ന്നതു പോലെ തോന്നിക്കുന്ന മുഖം. ഒരു തുന്നല്‍ക്കടയുടെ പുറത്ത്, റോഡിനോടു ചേര്‍ന്നാണ് അയാള്‍ ഇരുന്നിരുന്നത്. കടയുടെ മേച്ചില്‍ പുറത്തേക്കു നീണ്ടു നിന്നിരുന്നത് അയാളെ മഴയില്‍ നിന്നും സംരക്ഷിച്ചു. കടയിലെ വെളിച്ചം അയാള്‍ രഹസ്യമായി പങ്കിട്ടു. നിലത്തിരുന്നുകൊണ്ട് കുനിഞ്ഞ്, മറ്റാരേയും നോക്കാതെയാണ് അയാള്‍ പണിയെടുത്തുകൊണ്ടിരുന്നത്. ചുറ്റുപാടും കുടകളും കുടക്കമ്പികളും നരച്ച തുണിയുമെല്ലാം ചിതറിക്കിടന്നു. അയാളുടെ മകള്‍ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്നു.
അല്ലി എന്നായിരുന്നു അവളുടെ പേര്. സ്കൂള്‍ വിട്ടതിനു ശേഷം ഒരിക്കലും അവളെ കണ്ടിട്ടേയില്ല. അതോ സ്കൂള്‍ കാലത്തു തന്നെ അവള് ഒഴിഞ്ഞു പോയിരുന്നുവോ? ഒരു മഴക്കാലത്ത് വില്ലൊടിഞ്ഞതും തുണി കീറിയതുമൊക്കെയായ രണ്ടോ മൂന്നോ കുടകള്‍ നേരെയാക്കുന്നതിനായി ഞാന്‍ ഈ മനുഷ്യനെ സമീപിച്ചിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞിട്ട് കുറെ നേരമായിരുന്നു. പക്ഷേ, അല്ലി വീട്ടില്‍പ്പോകാതെ അയാളുടെ അടുത്തുതന്നെ നില്പുണ്ടായിരുന്നു. അവള് എന്റെ നേര്‍ക്കു നോക്കിയില്ല. അവളുടെ ദൃഷ്ടിയില് അപ്പോള്‍ പുറത്തെ പെയ്തൊഴിയാത്ത മഴ മാത്രമായിരുന്നൂ.
അയാള്‍ കുടകള്‍ പരിശോധിച്ചു. അവയിലൊന്നു വിടര്‍ത്തി നോക്കിയപ്പോള്‍ ചെറിയ തുളകളിലൂടെ നരച്ച ആകാശത്തിന്റെ വെളിച്ചം വീണ്ടും തെളിഞ്ഞു. കൈയ്യൊടിഞ്ഞ കമ്പികള്‍ക്കു മുകളില്‍ ശീല തൂങ്ങിപ്പറ്റി. മൂന്നും നേരെയാക്കാന്‍ കുറെ നേരമെടുത്തു. കുടകള്‍ മടക്കിത്തന്ന ശേഷം അയാള്‍ ചുറ്റും ചിതറിക്കിടക്കുന്ന കമ്പികളും ശീലകളും പെറുക്കി ഒരു പൊതിപോലെ കെട്ടി, താന്‍ ഇരുന്നിരുന്ന കടയുടെ ചായ്ച്ചിറക്കിനു മുകളിലായി എടുത്തുവച്ചു. അതാവും ഒരു പക്ഷേ, അയാളുടെ അത്രയും കാലത്തെ സമ്പാദ്യം എന്നു തോന്നി.
അല്ലിയും അവളുടെ അച്ഛനും സാമാന്യം വലിയൊരു കുടയില്‍ നിന്നുകൊണ്ട് മഴയിലേക്കിറങ്ങി. സ്വന്തമായി കുടയില്ലാത്തതുകൊണ്ടാണോ അവള് അച്ഛനെ കാത്തുനിന്നത്? അക്കാലത്ത് കുടയില്ലാത്ത കുട്ടികള്‍ അസാധാരണമായിരുന്നില്ല. എങ്കിലും, അച്ഛന് എല്ലാ കുടകളും നേരെയാക്കുന്ന ഒരാളായിരുന്നിട്ടും അവള്‍ക്കൊരു കുടയില്ലായിരുന്നുവെങ്കില്‍ അത് അസാധാരണം തന്നെയെന്നു തോന്നി. വില്ലുകെട്ടിയ കുട നിവര്‍ത്തിപ്പിടിച്ച് ഞാന്‍ അവരുടെ പിറകേ നടന്നു. കാലത്തേ തുടങ്ങിയ മഴ ശമിക്കുന്നില്ല. റോഡുകളെല്ലാം നനഞ്ഞുകിടന്നു. അരികില്‍ ചാലുകളിലൂടെ മണ്‍നിറമുള്ള മലവെള്ളം പാഞ്ഞുപോയി. തെരുവുകളെ നേരിയ ഇരുട്ടു ബാധിച്ചു.
അവര്‍ കുറച്ചു ദൂരെയാണ് താമസിച്ചിരുന്നതെന്നു തോന്നുന്നു. പാടങ്ങള്‍ കടന്ന് ദേശീയപാതയുടെ ഓരത്തുകൂടെ നടന്നുപോകണം. അവര്‍ പാടത്തിന്റെ വരമ്പുകളിലേക്കു നടക്കുമ്പോള്‍ ഞങ്ങള്‍ വഴി പിരിയുകയായി. വെള്ളം വന്നു മൂടിയതുകൊണ്ട് വരമ്പുകള്‍ ഇപ്പോള്‍ കാണാനില്ല. ശീലം വച്ചാവും അവരുടെ നടത്തം. ചെരിപ്പിടാത്ത കാലുകള്‍ കൊണ്ട് വെള്ളം മാടിയൊതുക്കി ഒറ്റക്കുടയില്‍ മുന്നിലും പിന്നിലുമായി രണ്ടു നിഴലുകള്‍ ആ വീതി കുറഞ്ഞ വരമ്പിലൂടെ നടന്നുപോകുന്നത് എനിക്കപ്പോള്‍ ഊഹിക്കാം. പാതയിലൂടെ പോകുന്ന വലിയ ലോറികളുടെ വെളിച്ചം അവരെ ഇടയ്ക്കിടെ കാഴ്ചയിലേക്കു കൊണ്ടുവരുന്നു. പിന്നെ മായ്ക്കുന്നു. കാറ്റടിക്കുമ്പോള്‍ വെള്ളത്തില്‍ വാഹനങ്ങളുടെ വെളിച്ചം ഇളകിക്കൊണ്ടിരുന്നു. ആ വെളിച്ചത്തില്‍ ചാറ്റല്മഴയുടെതുള്ളികള് നൃത്തം വയ്ക്കുന്നു.
അല്പനേരം കഴിഞ്ഞപ്പോള്‍ അവരെ ഒട്ടും കാണാതായി. തിരിഞ്ഞു നോക്കിയപ്പോള്‍ ദൂരെ കുന്നുകളുടെ ആകൃതി കണ്ടു. കുന്നുകളെപ്പോലെത്തന്നെ വളര്‍ന്നു വലുതായി വരുന്ന രാത്രിയെ കണ്ടു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook