scorecardresearch

ആ കടവിൽ ഒറ്റയ്ക്കൊരാൾ

എം ടി എന്ന വാക്കെഴുതിയ എന്തുകണ്ടാലും ഞാൻ വായിക്കുന്നു. കാലത്തിനു സൂക്ഷിക്കാൻ വേണ്ടിയുള്ളവയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ആ വാക്കുകളുടെ വിസ്മയം അവസാനിക്കുകയില്ല

mt vasudevan nair, rahna thalib, vishnu ram

കാലം: തൊണ്ണൂറുകളുടെ അവസാനം. പൊരുത്തപ്പെടാനാവില്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞ ഭൗതികശാസ്ത്ര ഡിഗ്രി കോഴ്സ് എങ്ങനെയെങ്കിലും പഠിച്ചെത്തിക്കാൻ തൃശൂർ വിമലാ കോളേജിൽ ഞാൻ പാടുപെടുന്നു. അക്കൊല്ലത്തെ യൂണിയൻ ഉദ്ഘാടനത്തിന് എം.ടിയാണ് എത്തിയത്. തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിൽ, നീണ്ട കരഘോഷത്തിനും പിന്നീടുള്ള നിശ്ശബ്ദതയ്ക്കും ശേഷം, പതിഞ്ഞ ശബ്ദത്തിൽ എം.ടി. സംസാരിച്ചു തുടങ്ങി. വായനയുടെ ലോകത്തേക്ക് ഞാൻ പിച്ച വെയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കോളേജ് ലൈബ്രറിയിൽ നിന്ന് വല്ലപ്പോഴും ചില പുസ്തകങ്ങൾ എടുത്തു വായിക്കാറുണ്ടായിരുന്നു. അത്ര തന്നെ. അതുകൊണ്ടാവാം, മലയാളസാഹിത്യത്തിലെ ഇതിഹാസത്തെ നേരിൽ കാണാനായി എന്ന വലിയ സന്തോഷത്തിനപ്പുറം ആ കൂടിക്കാഴ്ച എന്റെ മനസ്സിൽ അത്രയൊന്നുമാഴത്തിൽ പതിഞ്ഞില്ല.

പിന്നീട് ഷാർജയിലെ മരുഭൂമിക്കാലത്താണ് സ്ഥലവും കാലവും പുണർന്നു നിൽക്കുന്ന എം.ടിയുടെ രചനകളുടെ നൈർമല്യവും മനോഹാരിതയും, മൗലികമായ സംവേദനക്ഷമത കൊണ്ട് നേടിയെടുത്ത ജനപ്രീതിയുടെ നേരും വായിച്ചറിയുന്നത്. അയല്പക്കത്തെ എഴുത്തുകാരൻ എന്നേ എപ്പോഴും തോന്നിയുള്ളൂ. തെളിനീരൊഴുകുന്ന പോലെയുള്ള ഭാഷയിലും, കഥാന്തരീക്ഷം ചിത്രങ്ങൾ പോലെ മനസ്സിൽ തെളിഞ്ഞു വരുന്ന ശൈലിയിലും, അത്രയും അയത്‌നലളിതമായി അദ്ദേഹം എഴുതുമ്പോൾ, ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും എനിക്കേറെ പരിചിതമായിരുന്നു. കഥകളിലെ നാടും എന്റേത് തന്നെ. അവയിലെ മനുഷ്യർ, ബാല്യത്തിലെപ്പോഴോ എനിക്ക് ചുറ്റുമുണ്ടായിരുന്നവർ. അങ്ങനെ ഞാനറിയാതെ ആ കഥകളിലേയ്ക്കും പരിസരങ്ങളിലേയ്ക്കും ഇറങ്ങി നിന്നപ്പോൾ, കാലവും ദേശവുമൊന്നും വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതേയില്ല.
rahana thalib, mt vasudevan nair, vishnuram

ഒരിക്കലും ഒരു പുഴക്കരയിൽ ജീവിച്ചിട്ടില്ലാത്ത എനിക്ക്, നിറഞ്ഞൊഴുകുന്ന പുഴയും, പുഴയുടെ പിറുപിറുപ്പും, കടവും, കടത്തുതോണിയും, ഒന്നിനുപുറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടിക്കുന്ന ഓളങ്ങളും, വേദനയുടെ മന്ദഹാസം പോലെ നദീജലത്തിൽ അലിഞ്ഞുചേരുന്ന നിലാവും ഏറെ പരിചിതമായി. വേലിപ്പൂക്കൾ വിരിഞ്ഞ ഇടവഴികളും, ചെമ്മൺപാതകളും, വഴിവക്കിലെ പച്ചത്തഴപ്പും, മുക്കുറ്റിപ്പൂക്കളും മന്ദാരപ്പടർപ്പുകളും നിറഞ്ഞു നിൽക്കുന്ന മുറ്റങ്ങളും എന്റേതെന്നേ തോന്നിയുള്ളൂ.

Read More : ജീവിതമെന്ന വലിയ നുണ മരണമെന്ന മഹാസത്യം

കർക്കിടകമാസത്തിലെ മഴയിൽ കുതിർന്ന മണ്ണിന്റെയും, നരച്ച ഇരുട്ടിന്റെയും, പുഴുങ്ങിയ നെല്ലിന്റെയും, മഴക്കാലത്തു മുഴുവനുണങ്ങാതെ കരിമ്പനടിക്കുന്ന തുണികളുടെയും ഗന്ധമുളള കഥകൾ വായിച്ച് ഞാൻ ആർദ്രയായി.
ബാല്യത്തിൽ ജീവിതത്തിന്റെ ഭാഗമായിരുന്ന നെൽക്കൃഷിയുടെയും കമുകിൻതോട്ടങ്ങളുടെയും ഓർമകൾ ഒരിക്കൽക്കൂടി എന്നിലേക്കെത്തി. കതിരിട്ട പാടങ്ങളുടെ സമൃദ്ധിയും, നെൽത്തലപ്പിലെ മഞ്ഞിൻപടലവും, വൃശ്ചികക്കാറ്റിന്റെ ഈറൻതണുപ്പും, ധനുമാസക്കുളിരും, മരുഭൂമിയിലിരുന്നും ഞാനറിഞ്ഞു. കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞ കുന്നിൻമുകളിലെ പാറക്കെട്ടുകളിലിരുന്ന്, പുഴയിലേയ്ക്ക് നോക്കി അസ്തമയം കണ്ടു. കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകളെ കണ്ടു. തിറയും പൂതനും പറയൻകാളിയും കൊയ്ത്തുകഴിഞ്ഞ പാടവരമ്പുകളിലൂടെ കാൽചിലമ്പുകളും അരമണികളും കിലുക്കി നടന്നകന്നു. വേദന നിറഞ്ഞ മനസ്സോടെ, ചിലമ്പണിഞ്ഞ്, വാളുമേന്തി, വിളറിയ ചിരിയുമായി വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി.

പ്രിയപ്പെട്ട എംടി ശതാഭിഷിക്തനാവുന്ന ഈ അവസരത്തിൽ സാഹിത്യത്തിലും സിനിമയിലും അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനകളെ കുറിച്ചുള്ള വിലയിരുത്തലിനോ പഠനത്തിനോ മുതിരുന്നില്ല. ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കൃതികളെ കുറിച്ച് വായനക്കാർക്ക് അറിയാവുന്നതിനപ്പുറം ഒന്നുമെനിക്കറിയില്ല. എങ്കിലും എക്കാലത്തും എനിക്കേറെ പ്രിയങ്കരനായ എഴുത്തുകാരൻ എന്ന നിലയിൽ, ചില വിചാരങ്ങളും അനുഭവങ്ങളും കുറിക്കുന്നുവെന്ന് മാത്രം.

കൂട്ടു കുടുംബവ്യവസ്ഥിതിയിൽ ഒരു കാലഘട്ടത്തിന്റെ യൗവ്വനം അനുഭവിച്ച തീവ്രമായ അനുഭവങ്ങളാണ് എം.ടിയുടെ പല കഥകളുടെയും അടിസ്ഥാനം. ദുരിതങ്ങളിലും ദാരിദ്ര്യത്തിലും പെട്ടുഴറിയ ഒരുകാലത്തെ മനുഷ്യരുടെ ഹൃദയമിടിപ്പുകൾ അവയിലൂടെ നമുക്കറിയാനാവുന്നു. ഇടിഞ്ഞുപൊളിയാറായ നാലുകെട്ടുകളിലും തറവാടുകളിലും അകപ്പെട്ട സ്ത്രീകളുടെ വേദനകൾ. കണ്ണീരിന്റെ നനവുള്ള അകത്തളങ്ങൾ. ഇരുട്ടു മൂടി കിടക്കുന്ന തെക്കിനി.
തകർച്ചയിലായിപ്പോയ കാർഷികകുടുംബങ്ങളുടെ നേരുള്ള കഥകൾ. കുടുംബം അടക്കി വാണിരുന്ന കാരണവൻമാരോടും, തൊഴിലവസരങ്ങളില്ലാത്ത സാമൂഹിക വ്യവസ്ഥിതിയോടും, ചെറുപ്പക്കാർക്കുണ്ടായിരുന്ന രോഷത്തിന്റെ കഥകൾ. അതിനിടയിലെ വിഷാദമധുരമായ പ്രണയങ്ങൾ. ചതിയുടെയും പ്രതികാരത്തിന്റെയും കഥകൾ. ഒടുങ്ങാത്ത യാത്രകൾ. നിശ്ചലത. കാത്തിരിപ്പ്.

കാലത്തിന്റെയും, ദേശത്തിന്റെയും, സമൂഹത്തിന്റെയും കഥകൾ എന്നതിനുമുപരി, വ്യക്തിയുടെ ഏകാന്തതയും ഒറ്റപ്പെടലും ശൂന്യതയും നിസ്സഹായതയും ആത്മദുഃഖങ്ങളും അന്തർമുഖത്വവുമാണ് എം.ടി. കഥകളെ വൈയക്തികമായി എന്നിലേക്കടുപ്പിച്ചത്‌. അത്തരം കഥാപാത്രങ്ങളുടെ വിചാരങ്ങളോടും പ്രവൃത്തികളോടും അറിയാതെ ഒരു ഐക്യദാർഢ്യം. അവരുടെ സ്വകാര്യദുഃഖങ്ങളിലും നൊമ്പരങ്ങളിലും ദുഃഖം.

എന്തെല്ലാമോ നേടിയെന്ന് വന്നപ്പോഴും, എം.ടിയുടെ ഏറിയ കഥാപാത്രങ്ങളും പരാജിതരായിരുന്നു. ദുരിതങ്ങളും ദാരിദ്ര്യവും അപമാനങ്ങളും അങ്ങേയറ്റത്തെ ആത്മബലത്താലും ലക്ഷ്യബോധത്താലും അതിജീവിച്ച് ഉയർച്ചയിലെത്തിയിട്ടും, ജീവിതവഴികളിൽ വിലപ്പെട്ട പലതും നഷ്ടപ്പെട്ടവർ. ദുഖത്തിന്റെ ആരോഹണങ്ങളായിരുന്നു പല കഥാപാത്രങ്ങളും. ഭൗതികവിജയങ്ങളുണ്ടെന്ന് തോന്നുമ്പോഴും ആത്യന്തികമായി ഒന്നും നേടാതെ പരാജിതരാകുന്ന മനുഷ്യരെ കുറിച്ച് വായിക്കുമ്പോഴൊക്കെ എം ടി യുടെ എഴുത്ത് എന്നെ വല്ലാതെ ബാധിച്ചു.

Read More : അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകൻ

പിന്നീടെപ്പോഴോക്കെയോ എം ടി യുടെ ലേഖനങ്ങളും കുറിപ്പുകളും വായിക്കാനിടയായി. നിർമലമായ ഭാഷയിൽ എഴുതപ്പെട്ട കഥകളെ വെല്ലുന്ന ഭാവരൂപങ്ങളായിരുന്നു അവ. സ്വന്തം ബാല്യകൗമാരങ്ങളിലെയും യൗവ്വനത്തിലെയും ജീവിതപരിസരങ്ങളെക്കുറിച്ചും, മാനസികസംഘർഷങ്ങളും പ്രയാസങ്ങളും നിറഞ്ഞ ജീവിതയാത്രകളെക്കുറിച്ചുമുളള അത്രമേൽ സത്യസന്ധവും ലളിതവും ഗഹനവുമായ കുറിപ്പുകൾ.

പുന്നയൂർക്കുളത്തിനടുത്തുള്ള വടക്കേക്കാടാണ് ഞാൻ ജനിച്ചുവളർന്നത്. പുന്നയൂർക്കുളത്തെ അച്ഛന്റെ വീട്ടിലേക്കുള്ള വരവിനെ കുറിച്ചും അവിടുത്തെ വിശേഷങ്ങളെ കുറിച്ചും എം.ടി. എഴുതിയത് ഒരിക്കൽ വായിക്കാനിടയായി. തേർഡ് ഫോമിൽ പഠിക്കുന്ന കാലത്ത്, മാസത്തിലൊരിക്കൽ ഏട്ടനോടൊപ്പം ഒരു പീരിയഡ് നേരത്തെ ഒഴിവു വാങ്ങി പുന്നയൂർക്കുളത്തേക്ക് നടന്നുവന്നിരുന്നുവത്രെ എം.ടി. ചങ്ങരംകുളത്ത് നിന്ന് ചായ കുടിച്ച് ഉപ്പിങ്ങൽ കടവ് കടന്ന് ആറ്റുപുറത്തെത്തുമ്പോൾ സന്ധ്യയായിരിക്കും എന്ന് എം.ടി. എഴുതിയത് വായിച്ചതിന് ശേഷം, പിന്നീടെപ്പോൾ ആ വഴികളിലൂടെ പോകുമ്പോഴും ഞാനോർക്കാറുണ്ട്, എം.ടി. പണ്ട് നടന്ന ഇടവഴികളായിരിക്കില്ലേ ഇവയെന്നൊക്കെ, പഴയ ഭൂമിശാസ്ത്രം നഷ്ടപ്പെട്ടെങ്കിലും.

mt vasudevan nair, rahna, malayalam writer,
എംടിയുടെ കൈയൊപ്പ്

പാശ്ചാത്യമാതൃകയിലുള്ള ആധുനികതയുടെ പ്രവണതകൾ, മലയാളസാഹിത്യത്തിൽ ആഞ്ഞടിച്ചപ്പോഴും എം ടി യുടെ രചനകളിൽ അത്തരം പരീക്ഷണങ്ങൾ കാണാതിരുന്നത്‌ എന്നെ സന്തോഷിപ്പിച്ചു. അത്രയേറെ പാശ്ചാത്യ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചിട്ടും, അവയുടെ സ്വാധീനം എം.ടിയുടെ രചനകളിലെവിടെയും കാണാനായില്ല എന്നതും.

ബഷീറും എം.ടിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം വായിച്ചറിഞ്ഞതിനാലാവണം, ഭാഷയിലും ശൈലിയിലും വിഷയത്തിലും അങ്ങേയറ്റം വ്യത്യസ്തരായിരുന്നിട്ടുകൂടി, എനിക്ക് എം.ടിയെ വായിക്കുമ്പോഴൊക്കെ ബഷീറിനെയും, ബഷീറിനെ വായിക്കുമ്പോഴൊക്കെ എം.ടിയെയും ഓർമ വന്നു. അപ്പോഴൊക്കെ രക്തനക്ഷത്രം പോലെ ചുവന്നുതുടുത്ത റോസാപ്പൂക്കളുടെയും, ഉപേക്ഷിക്കപ്പെട്ട നിലയിൽ വഴിയിലെ മണ്ണിൽ കിടന്ന തണ്ടോടുകൂടിയ സൗഗന്ധികപ്പൂക്കളുടെയും സുഗന്ധം എന്റെയുള്ളിൽ നൊമ്പരമായി.

എം.ടി. സാഹിത്യം മലയാളസംസ്‌കൃതിയുടെ ഉപമകളില്ലാത്ത സാന്നിധ്യവും സ്വാധീനവുമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. എഴുത്തുകാരനെന്നതിനുപരി, വായനക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വായനയുടെ ആഴവും പരപ്പും ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും അനുഭവിച്ചറിയാൻ കഴിഞ്ഞപ്പോൾ, എം.ടിയോടെനിക്കുള്ള സ്നേഹത്തിനും ആദരവിനും അതിരുകളില്ലാതാവുകയായിരുന്നു. അഭിമുഖങ്ങളിൽ സന്ദർഭോചിതമായി അദ്ദേഹം വിഖ്യാതരചയിതാക്കളെ ഉദ്ധരിച്ചും ഏറ്റവും പുതിയ പാശ്ചാത്യകൃതികളെ പരിചയപ്പെടുത്തിയും സംസാരിക്കുമ്പോൾ എത്രയോ തവണ സ്തബ്ധയായി ഞാനിരുന്നുപോയിട്ടുണ്ട്.

കാത്തിരിക്കുകയായിരുന്നു ഞാൻ, വായിച്ചറിഞ്ഞ എം.ടിയെ ഒന്നുകൂടി കാണാൻ. കോളേജിൽ പഠിക്കുന്ന കാലത്ത്, എം.ടിയെ അത്രയൊന്നും വായിക്കാതെ കണ്ടപ്പോഴുള്ള നിർവികാരതയോർത്ത് എനിക്ക് എല്ലായ്പ്പോഴും ദുഃഖം തോന്നിയിരുന്നു. അങ്ങനെ വർഷങ്ങൾക്കു ശേഷം, രണ്ടുതവണ കൂടി എം.ടിയെ നേരിൽ കാണാൻ അവസരമുണ്ടായി. 2010 ൽ ദുബായിലെ ഓൾ കേരള കോളേജ് അലുംനി ഫോറം ഒരുക്കിയ ഓണാഘോഷത്തിന്റെ മുഖ്യാതിഥി എം.ടി. ആയിരുന്നു.

mt vasudevan nair, rahna thalib, malayalam writer
എം ടിയുടെ സമീപം രഹ്ന ഷാർജയിലെ ഓണാഘോഷത്തിൽ

അൽ നാസർ ലിഷർലാൻഡിന്റെ ഓഡിറ്റോറിയത്തിലേക്ക്‌, സംഘാടകരോടൊപ്പം ഓണസദ്യയുണ്ണാൻ എം.ടി. എത്തി. ‘രണ്ടാമൂഴ’ത്തിൽ ഒപ്പിട്ടു വാങ്ങണമെന്നും, കൂടെ നിന്നൊരു ചിത്രമെടുക്കണമെന്നുമുള്ള പൂതിയുമായി തിരക്കൊഴിയുന്നതും നോക്കി ഞാൻ ഗാലറിയിൽ കാത്തിരുന്നു. വലിയ ജനത്തിരക്കുണ്ടായിരുന്ന ആ സദസ്സിൽ, കാത്തുനിന്നാൽ അതിനുള്ള അവസരം നഷ്ടപ്പെട്ടേക്കുമോയെന്ന് പെട്ടെന്നെനിക്ക് പേടി തോന്നി. പൊടുന്നനെ പുസ്തകവും ക്യാമറയുമായി ഞാൻ എം.ടിയുടെ അടുത്തേക്ക് ചെന്നു.

Read More : കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എം.ടി

ആൾക്കൂട്ടത്തിൽ തനിയെ, നിശ്ശബ്ദതയെ ധ്യാനിച്ച് എം ടി ഇരിക്കുന്നു. സ്നേഹിക്കാൻ അടുപ്പം വേണ്ടെന്നും അകലങ്ങൾ തടസ്സമല്ലെന്നും രചനകളിലൂടെ കാണിച്ചുതന്ന എം.ടി. പ്രണയവും പണവുമാണ് ലോകത്തിലുള്ള രണ്ടേ രണ്ടു വിഷയങ്ങൾ എന്ന് കഥകളിലൂടെ ബോധ്യപ്പെടുത്തിത്തന്ന എം.ടി. എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിക്കലർന്നു താളമുണ്ടാവുമ്പോഴാണ് നിശ്ശബ്ദത തോന്നുന്നത് എന്ന് എഴുതിയ എം.ടി.

അടുത്തെത്തിയതും മൗനത്തിന്റെ മായികവലയത്തിൽ ഞാനും അകപ്പെട്ട പോലെ. ഒന്നും പറയാനാവാതെ പുസ്തകം അദ്ദേഹത്തിന് മുന്നിൽ വെച്ചു. ആശംസകൾ എന്നെഴുതി ഒപ്പിടുന്നത് നോക്കിനിന്നു. അപ്പൊഴെന്തോ, പുഴയിലേക്ക് നോക്കി കടത്തുതോണി കാത്തു നിൽക്കുന്ന എം.ടിയുടെ ചിത്രം എന്റെയുള്ളിൽ തെളിഞ്ഞു. ഒപ്പം ‘ഓർക്കാനാവുന്ന യാത്രകളുടെ തുടക്കങ്ങളിലെല്ലാം തോണി മറുകരയിലാണ്’ എന്ന വാക്കുകളും. അപ്പോഴേക്കും ഒരു ചെറു പുഞ്ചിരിയോടെ, ഒപ്പിട്ട പുസ്തകം അദ്ദേഹമെന്റെ നേർക്ക്‌ നീട്ടി. ആ കണ്ണുകളിൽ നിഗൂഢമായി മിന്നുന്ന ഭാവമെന്താണെന്ന് വായിക്കാൻ ശ്രമിച്ചുനില്ക്കെ, പെട്ടെന്നുള്ള ഉൾവിളിയിൽ, ഇനിയൊരിക്കലും ഇങ്ങനെയൊരു അവസരമുണ്ടായില്ലെങ്കിലോ എന്ന തോന്നലിൽ ഞാനാ കയ്യിൽ ഉമ്മ വെച്ചു. സ്വപ്നം പോലൊരു നിമിഷം!ആ മഹാപ്രതിഭയോട് എനിക്കുള്ള അങ്ങേയറ്റത്തെ സ്നേഹവും ആദരവും അങ്ങനെയറിയിച്ച് തിരികെ നടന്നപ്പോൾ, ചെയ്തത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലേയെന്ന് ഞാനൊരു നിമിഷം വിഷമിച്ചു. അത്രയും ആർദ്രമായ വാക്കുകൾ കൊണ്ട് വായനക്കാരുടെ മനസ്സ് കവരുന്ന അദ്ദേഹത്തിന്, അത്തരമൊരു സ്നേഹോപഹാരം അർപ്പിക്കാൻ എന്നെ പ്രേരിപ്പിച്ച മനോവിചാരം മനസ്സിലാവാതിരിക്കില്ല എന്ന് പിന്നീട് സമാധാനിച്ചു. അവിസ്മരണീയമായിരുന്നു ആ ദിനം!

പിന്നീടൊരിക്കൽക്കൂടെ എം.ടിയെ കാണാനിടയായി, ഷാർജ ബുക്ക്‌ ഫെസ്റ്റിവലിന്റെ വേദിയിൽ. അന്നും വലിയൊരു പുരുഷാരത്തിന്റെ നടുവിലായിരുന്നു എം.ടി. തന്റെ ഉള്ളിലെ അലകളുടെ ഒരു സൂചന പോലും മുഖത്ത് പ്രകടിപ്പിക്കാതെ, മൗനത്തിന്റെ മേലാപ്പിട്ടിരിക്കുന്ന എം.ടിയെ ഞാനന്ന് അകലെയിരുന്നു കണ്ടു, കേട്ടു, ഒരിക്കൽക്കൂടെ കാണാനായതിൽ അങ്ങേയറ്റം സന്തോഷിച്ചു. നാട്ടിൽ സ്ഥിരതാമസമാക്കിയതിന് ശേഷം 2013 ൽ പുന്നയൂർക്കുളത്ത് സംഘടിപ്പിച്ച സാഹിത്യസദസ്സിൽ എം ടി എത്തുന്നുവെന്നറിഞ്ഞപ്പോൾ, കാണാൻ ആഗ്രഹിച്ചെങ്കിലും സാധിക്കാതെ പോയി.

ഇപ്പോഴും എം.ടി എന്ന വാക്കെഴുതിയ എന്തു കണ്ടാലും ഞാൻ വായിക്കുന്നു. ഇനിയും എഴുതാനുള്ള ചിലതൊക്കെ ആ മനസ്സിലുണ്ടെന്ന് അഭിമുഖങ്ങളിൽ വായിച്ച് സന്തോഷിക്കുന്നു. കാലത്തിനു സൂക്ഷിക്കാൻ വേണ്ടിയുള്ളവയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ആ വാക്കുകളുടെ വിസ്മയം അവസാനിക്കുകയില്ല.

“വളരും.. വളർന്നു വലിയ ആളാകും.” വളർന്നു വലിയ ആളായി ഇപ്പോൾ ശതാഭിഷിക്തനാകുന്ന എം.ടിക്ക്, എഴുത്തിലെ സൂര്യതേജസ്സിന്, പ്രാർഥനകൾ!

Read More : മലയാളിയുടെ മനസില്‍ എംടി പ്രകാശഗോപുരമായി നിലകൊളളുന്നു: മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Rahna thalib reminisces about her interaction with mt vasudevan nair

Best of Express